”ക്രിയാത്മകമായ രാത്രികൾ ഇനി നമുക്കുണ്ടാവണം. മോളുണരില്ല
എന്നുറപ്പാക്കിയുള്ള ശബ്ദമാനങ്ങൾ മാത്രം സൃഷ്ടിച്ച്
ധൃതിവച്ച് രതികർമം നിർവഹിച്ചശേഷം കുളിമുറീ ചെന്ന് കഴുകി
വന്ന് മാണ്ടുറങ്ങുന്ന പതിവ് ഇനിമേൽ നമുക്കു വേണ്ട”
വാണിയുടെ വാക്കുകൾ കേട്ട് സൂരജ് മേനോൻ ഞെട്ടിത്തരി
ച്ചു.
അയാൾ പ്രജ്ഞയുടെ ഒരു പകുതിയിൽ ഹിന്ദു പത്രവും മറ്റേ
പകുതിയിൽ മിക്കിമൗസിന്റെ ചിത്രമുള്ള കപ്പു നിറയെ ഗ്രീൻ ടീയുമായി
ഒരു നല്ല സായാഹ്നത്തിന് തുടക്കമിടുകയായിരുന്നു. അതി
നിടയിൽ ഭാര്യയിൽ നിന്ന് ഇത്തരത്തിൽ ഒരു കടന്നാക്രമണം തീ
രെ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും പത്രത്തിൽ നിന്നും ചായയിൽ
നിന്നും പിൻവലിയാതെ അയാൾ നൂൽപ്പാലത്തിൽ ആടി നിലകൊണ്ടു.
രാത്രികൾ തങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് എന്നുപറഞ്ഞ്
കഴിഞ്ഞ ദിവസം ഏതോ സൗഹൃദക്കൂട്ടം ഒരുക്കിയ നൈറ്റ്
അസംബ്‌ളി കഴിഞ്ഞെത്തിയ ശേഷം വാണി ഇങ്ങനെയൊക്കെ
യാണ്. കുനിഞ്ഞിരുന്ന് ചിത്രം നിറം ചെയ്തുകൊണ്ടിരുന്ന മകളെ
സൂരജ്‌മേനോൻ പരിഭ്രമത്തോടെ നോക്കി. കുഞ്ഞ് ഇതൊക്കെ
കേൾക്കുന്നില്ലേ…?
‘
‘നഗര ചത്വരത്തിൽ ഞങ്ങളേതാണ്ട് മുപ്പത് പേർ ഉണ്ടായിരുന്നു.
കുറേ ന്യൂസ് ചാനലുകാരും പിന്നെ മൊബൈൽഫോണിലെ
ക്യാമറ ഉയർത്തിപ്പിടിച്ച് നടക്കുന്ന ചില വായ്‌നോക്കി കാഴ്ചക്കാരും.
പിടക്കോഴികൾ കൂവുന്നു എന്ന ലഘുചിത്രം ഡയറക്ട് ചെ
യ്ത ഊർമിള മാത്തൻ ആയിരുന്നു ഉദ്ഘാടനം. ആയമ്മ പറഞ്ഞ
തൊക്കെ കാര്യാണ്. ഇരുട്ടിന്റെ ശരിക്കൊള്ള മിനുസം എത്ര പെണ്ണുങ്ങള്
കണ്ടിട്ടൊണ്ടാവും.. അതൊക്കെ നിങ്ങള് ആണുങ്ങൾ കുത്തകയാക്കീരിക്കുന്നു.
അതൊക്കെ ഇനി മാറും”.
പെരുക്കപ്പെട്ടുവരുന്ന രാത്രിയുടെ നിരോധിത മേഖലകളിലേക്ക്
കണ്ണോടിച്ച് വീണ്ടും അയാൾ ഭാര്യയെ നോക്കി. മകൾ കറുത്ത
ചായമെടുത്ത് ചിത്രത്തിലെ ആകാശത്തെ കറുപ്പിക്കുകയായിരുന്നു.
അവളതിൽ വെളുത്ത പൊട്ടുകൾ വിതറി നക്ഷത്രഖചിതമാക്കിയിരുന്നെങ്കിൽ
എന്ന് അയാൾ വെറുതെ ആഗ്രഹിച്ചു.
”പിന്നെ… ഒരു കാര്യം പറഞ്ഞാൽ പെണങ്ങരുത്…” അവൾ
കാപ്പിക്കപ്പ് കയ്യിലേന്തി അടുത്തു വന്നു. ”ഇനിമുതൽ ഞാൻ സൂരജെന്നേ
വിളിക്കു. ഈ ചേട്ടാവിളി ഞങ്ങൾ നിർത്തുകയാണ്. അതും
നൈറ്റ് അസംബ്‌ളീലെ തീരുമാനമാണ്”.
സൂരജ് കൗതുകത്തോടെ അവളെ നോക്കി. അയാൾക്ക് ചെറുതായി
ചിരി വന്നു. ”ആദ്യം കൊറച്ചുദിവസം അത് കേൾക്കുമ്പോൽ
വല്ലാതെ തോന്നും… പിന്നെ ശീലമാവുമ്പോൾ ശരിയാവും…
കേട്ടോ…” അവൾ അയാളുടെ മൂക്കിന്റെ തുമ്പിൽ പിടിച്ച് ഉലച്ചു.
പുറത്ത് വഴിയിലൂടെ ഒരു ആംബുലൻസ് നിലവിളിയോടെ പാഞ്ഞുപോയി.
അതിന്റെ ഉച്ചിയിൽ മിന്നിയ നീലയും ചുവപ്പും വെട്ടം
ഏതോ ആപൽസന്ധിയുടെ നിറക്കാഴ്ച നൽകി മറഞ്ഞു.
”പിന്നെ ഇന്നുമുതൽ ഞാൻ ശരീരം കൊണ്ടും മനസ്സുകൊണ്ടും
ഉണർന്നിരിക്കുമ്പോൾ മാത്രമേ എന്റടുത്ത് ശൃംഗരിക്കാവു. അല്ലാതെ
പണിയൊക്കെ കഴിഞ്ഞ് തളർവാതം പിടിച്ച മട്ടിൽ കെടക്കുന്ന
നേരത്ത്…”
”ഒന്ന് നിർത്തെടീ… മോള് കേൾക്കുന്നുണ്ട്…”
”അതും ഊർമിള മാഡം പറഞ്ഞതാണ്. കുഞ്ഞുങ്ങൾ ഇതൊക്കെ
കേൾക്കണം. അവരീന്ന് ഒന്നും ഒളിച്ചുപിടിക്കരുത്. ലൈംഗി
ക വിദ്യാഭ്യാസത്തിന്റെ ബാലപാഠങ്ങൾ അവർക്ക് മാതാപിതാക്ക
ളിൽ നിന്നുതന്നെ ലഭിക്കണം. അല്ലാത്ത പക്ഷം അവർ അവിടുന്നും
ഇവിടുന്നുമൊക്കെ കിട്ടുന്ന മുറിഞ്ഞ അറിവുകളിൽ നിന്ന് തെറ്റായ
ചില കൺക്ലൂഷനുകളിൽ എത്തും. അതൊക്കെ നമ്മൾ ഇപ്പോൾ
മുതൽ ശ്രദ്ധിക്കണം. ഇനിമുതൽ അവൾ മുമ്പിലത്തെ മുറിയിൽ
ഒറ്റയ്ക്ക് കിടക്കട്ടെ. അവളോട് ഞാൻ പറയും അമ്മയും
അച്ഛനും മാത്രമാണ് കട്ടിലിൽ ഒരുമിച്ചു കിടക്കേണ്ടത് എന്ന്”.
ഇവളെക്കൊണ്ട് തോറ്റു എന്നുപറഞ്ഞ് സൂരജ് മേനോൻ പത്രം
ടീപ്പോയിൽ എറിഞ്ഞിട്ട് എഴുന്നേറ്റുപോയി. പോർട്ടിക്കോയിൽ
പിന്നാലെ ചെന്ന വാണി തുടർന്നു – ”ഇതാണ് ആണുങ്ങളുടെ മറ്റൊരു
കൊഴപ്പം. സ്ത്രീകൾ തൊറന്ന് സംസാരിക്കുന്നതുപോലും
ഇഷ്ടമല്ല. കണ്ടോ… ഞാൻ വല്ലതും പറഞ്ഞു തുടങ്ങുമ്പോൾ ഇറങ്ങിയോടുന്നത്…
പെണ്ണുങ്ങൾ ഒരുമിക്കുകയാണ് സൂരജേട്ടാ… അല്ല…
സൂരജ്… പിന്തിരിപ്പൻ പുരുഷമ്മാരെ മുഴുവൻ എന്താണ്
പെൺശക്തി എന്ന് ഞങ്ങൾ കാട്ടിത്തരും…” ഒരു മുദ്രാവാക്യം പോലെയാണ്
അവൾ അവസാന വാചകം പറഞ്ഞത്.
സൂരജ് തൊടിയുടെ അതിരിൽ നിന്ന മുരിങ്ങമരത്തിൽ ഇരുട്ടും
വെളിച്ചവും കലർന്നിരിക്കുന്നത് നോക്കി കുറച്ചുനേരം അനങ്ങാതെ
നിന്നു. ഒരു രാക്കിളി ചിറകനക്കിയപ്പോൾ മാങ്കോസ്റ്റിൻ ചെറുങ്ങനെ
കുലുങ്ങി ഇരുട്ട് പൊഴിച്ചു. അകാശത്തിന്റെ നീലക്കായലിൽ
ഇരുട്ട് ലയിച്ചിറങ്ങിക്കഴിഞ്ഞു. രാത്രിക്ക് ഈ പെണ്ണുങ്ങൾ പറയുന്നത്ര
ഭംഗിയുണ്ടോ ? അയാൾക്ക് ഒരു പെഗ്ഗ് വിസ്‌കി വിഴുങ്ങിയാൽ
കൊള്ളാമെന്ന് തോന്നി. സെൽഫോണെടുത്ത് സുഹൃത്തിനെ വി
ളിച്ചു.
”നീ പെെട്ടന്ന് വാ… ഞാനും അതോർത്തോണ്ട് ഇരിക്കുവാരുന്നു.
ഇപ്പോൾ വീടിന് വെളീലുണ്ട്” രണ്ടു വീട് അപ്പുറത്തെ തൊടിയിൽ
നിന്ന് ജയിംസ് പറഞ്ഞു.
സൂരജ് ചെല്ലുന്ന സമയം കൊണ്ട് അയാൾ തൊടിയിലെ ചെറി
യ ഇടത്തിൽ ടീപ്പോയ് ഇട്ട് ഒരുക്കങ്ങൾ നടത്തി. കാര്യങ്ങൾ ചുരുക്കി
വിവരിച്ച സുഹൃത്തിനോട് ജയിംസ് മനസ്സ് തുറന്നു.
”എന്റെ ഭാര്യയും ഇതൊക്കെത്തന്നെ സംസാരിക്കുന്നു. ഈ
പെണ്ണുങ്ങളെല്ലാം ചേർന്ന് എന്തൊക്കെയോ വലിയ വലിയ കാര്യങ്ങൾ
പറയുവാണ്. പലതും നമുക്ക് മനസ്സിലാകുന്നതുപോലും
അല്ല…”
”ഒക്കെ പുരോഗമനപരമായ ആശയങ്ങളാണത്രെ…”
”നാളെ ഇവർ പ്രസവിക്കാൻ പറ്റില്ല എന്നൊക്കെ തീരുമാനി
ച്ചാൽ…!”
”തീരുമാനിക്കുമോ ? അങ്ങനെ തീരുമാനിച്ചാൽ…” ജയിംസ്
സംശയത്തോടെ നോക്കി.
”മനുഷ്യകുലം കുറ്റിയറ്റുപോകില്ലേ ജയിംസേ…”
”പോകട്ടെന്നേ… മനുഷ്യരില്ലാത്ത ലോകം വരട്ടെ. അപ്പോപ്പി
ന്നെ ജാതീം മതോം യുദ്ധോം ഒന്നും ഒണ്ടാവില്ലല്ലോ… ബാക്കീള്ള
ജീവികൾക്ക് സുഖമായി കഴിയാനും പറ്റും…”
മടങ്ങുമ്പോൾ ഇരുട്ടിലൂടെ രണ്ടുപേർ ദൂരെനിന്ന് നടന്നുവരുന്നു.
അവരുടെ ചിരി കേട്ടപ്പോൾ സ്ത്രീകളാണ് എന്ന് മനസ്സിലായി.
അടുത്തുവന്നപ്പോൾ അവരിൽ ഒരാൾ ഇലക്ട്രിസിറ്റി ബോർ
ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ തോമസിന്റെ ഭാര്യയാണ് എന്ന്
സൂരജ് മേനോന് തിരിച്ചറിയാനായി.
”ആരാ… സൂരജാണോ…”
”അമ്മിണിച്ചേച്ചി ഈ രാത്രീല് എവിടെപ്പോയതാ…”
”ഓ.. ഞങ്ങള് കൊറച്ച് ഇരുട്ട് നൊണയാൻ ഇറങ്ങീതാ… ഇത്രേം
കാലം നിങ്ങളിതൊക്കെ കുത്തകയാക്കി വച്ചതല്ലേ? ഇനി
ഞങ്ങളാകട്ടെ കൊറച്ചുനാള്…”
സൂരജ് മറുപടിയൊന്നും പറഞ്ഞില്ല.
അത്താഴത്തിന് ഇരുന്നപ്പോഴും വാണി ഫെമിനിസ്റ്റ് മുന്നേറ്റങ്ങ
ളെ കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ഒന്നും മനസ്സിലായില്ല
എങ്കിലും മകൾ അമ്മയുടെ വാഗ്‌ധോരണി തുള്ളിപോലും
കളയാതെ ശ്രവിച്ചു. നാളെ അവൾക്കും ഫെമിനിസ്റ്റ് ആകേണ്ടതല്ലേ.
സൂരജ് മേനോന് തന്റെ അമ്മയെ ഓർമ വന്നു. മുണ്ടും നേരിയതും
ചുറ്റി അതിരാവിലെ കുളിച്ച് വിളക്കു കൊളുത്തി വീട്ടുപണി
കൾ തുടങ്ങുന്ന അമ്മ. ആദ്യം പട്ടാളക്കാരനും പിന്നെ കൃഷിക്കാരനുമായി
ജീവിച്ച അച്ഛനെ അമ്മയ്ക്ക് തീരെ ഭയമില്ലായിരുന്നു. എന്നാൽ
വലിയ ബഹുമാനവും. അച്ഛനും മക്കളും കഴിച്ചിട്ടാണ് അമ്മ
ഭക്ഷണം കഴിച്ചിരുന്നത്.
കുറച്ചു മുതിർന്നപ്പോൾ സൂരജ് അമ്മയോട് ചോദിച്ചു. ”അമ്മ
യ്ക്ക് ഞങ്ങൾക്കൊപ്പം ഉണ്ണാൻ ഇരുന്നുകൂടെ?” അവർ ചിരിയോടെ
പറഞ്ഞു. ”എനിക്ക് എപ്പോൾ വേണമെങ്കിലും ഉണ്ണാം. പക്ഷെ
നിങ്ങൾക്കുശേഷം കഴിക്കുമ്പോൾ കൂടുതൽ സ്വാദ് തോന്നും… അതെന്തിനാ
ഞാൻ വേണ്ടന്നുവയ്ക്കുന്നേ…”
അച്ഛനെ പരിചരിക്കുവാൻ അവർ ആരേയും അനുവദിച്ചില്ല.
ഇതൊക്കെ തനിക്ക് നിസ്സാരമായി ചെയ്യാവുന്ന പണികളാണെന്ന്
അവർ വാദിച്ചു. തന്റെ അവകാശങ്ങൾ മറ്റാർക്കും കൊടുക്കി
ല്ല എന്നുപറഞ്ഞ് അവർ വിധിയെ നേരിട്ടു. അച്ഛൻ മരിച്ചപ്പോൾ
അതേ വാശിയോടെ അവർ മക്കളെ പുലർത്തി. അമ്മ ഇരുട്ടിനെ
എങ്ങനെ നേരിട്ടു എന്ന് സൂരജ് മേനോൻ ഓർത്തെടുക്കുവാൻ ശ്രമിച്ചു.
അയാളും അനുജത്തിയും ഒരുനാൾ ഇരുട്ടിനെ ഭയന്ന് കരഞ്ഞപ്പോൾ
അമ്മ അവരെ ചേർത്തുപിടിച്ച് പറഞ്ഞു – ”മക്കളെ…
നിങ്ങളൊട്ടും പേടിക്കണ്ട. ഈ ഇരുട്ടിൽ നിങ്ങടെ അച്ഛനുണ്ട്. മാമൻമാരൊക്കെയുണ്ട്.
നമ്മെ സ്‌നേഹിച്ചിരുന്നവർ അലിഞ്ഞിരിക്കുന്ന
ഇടമാണ് ഇരുട്ട്. അവര് നമ്മളെ രക്ഷിക്കും”.
രാത്രി കനത്തു. മകൾ സോഫയിൽ കിടന്നുറങ്ങി. അവളെ എടുത്ത്
ഉൾമുറിയിലേക്ക് കൊണ്ടുപോകുമ്പോൾ അയാൾക്ക് നേരി
യ ഭയം തോന്നി. സുഹൃത്ത് ജയിംസിന്റെ തമാശ അയാൾക്ക് ഓർ
മ്മ വന്നു. ”സർക്കാർ മാവോയിസ്റ്റിനേയും ഭർത്താക്കന്മാർ ഫെമി
നിസ്റ്റുകളേയും ഭയന്ന് ഉറക്കം കളയുന്നു”.
നൈറ്റിയിലേക്ക് മാറാതെ ചുരീദാർ ധരിച്ചുതന്നെ വാണി മുറി
യിലെത്തി. അവളുടെ അടുത്ത ആയുധമെന്താകും എന്ന് ആലോചിച്ച്
സൂരജ് കട്ടിലിന്റെ വക്കിൽ ഇരുന്നു. കാഴ്ചയിൽ ഒരു വലിയ
കട്ടിലാണ്. സത്യത്തിൽ രണ്ട് ചെറിയ കട്ടിലുകൾ ചേർത്തിട്ട് അതിന്മേൽ
വലിപ്പമൊത്ത മെത്തകളിട്ട് വിരി വിരിച്ച് വലിയ കട്ടിലാക്കിയതാണ്.
കഴിഞ്ഞുപോയ കുറേ വർഷങ്ങൾ അവിടെ ഭാര്യയുമൊത്ത്
സുഖിച്ച് ഉറങ്ങിയതാണ്. അയാൾ ആണും അവൾ പെണ്ണുമായാണ്
ഉറങ്ങിയത്. ഇപ്പോൾ ഒരു ഫെമിനിസ്റ്റായി അവൾ
മാറിയിരിക്കുന്നു. അയാൾ ഒരു പിന്തിരിപ്പൻ പുരുഷനും.
”എന്തിനാ ഇരിക്കുന്നത്? കെടക്കുന്നില്ലേ?” അവൾ ചോദിച്ചു.
അയാൾ ഒന്നും മിണ്ടാതെ കിടക്കയിലേക്ക് തല ചായ്ച്ചു.
”അതേയ്… ഫെമിനിസ്റ്റ് എന്നു കേൾക്കുമ്പോൾ ഇങ്ങനെ പരിഭ്രമിക്കരുത്”.
മനസ്സ് വായിച്ചെടുത്ത പോലെ അവൾ പറഞ്ഞു.
സൂരജിന് ശത്രുരാജ്യത്ത് പിടിക്കപ്പെട്ട ഭടനേ പോലെ ഭയം തോന്നി.
അയാൾ കണ്ണ് ഇറുക്കിയടച്ചു. ”എന്നാൽ കെടന്നോളു…
ഞാൻ ഒന്ന് പുറത്തേക്ക് ഇറങ്ങിയിട്ട് വരാം. സജില വെയ്റ്റ് ചെ
യ്യും”.
ഈ രാത്രീല് നീ എങ്ങോട്ട് എന്ന് അയാൾ ചോദിക്കുവാൻ ആഞ്ഞതാണ്.
ഇരുട്ടിൽ നിന്ന് ആരോ അയാളെ തടഞ്ഞു. ഇരുട്ട് വെളിച്ചമില്ലാത്ത
അവസ്ഥയല്ല എന്നും മറിച്ച് നാളെ ഒരുകാലത്ത്
വെളിച്ചപ്പെടുവാനുള്ള ചില ഓർമകളെ ചുരുട്ടിവയ്ക്കുന്ന ഒരു രഹസ്യക്കൂടാണെന്നും
അയാൾ കണ്ടെത്തി.
പുറത്തേക്ക് തുറക്കുന്ന കവാടത്തിന്റെ അരികിൽ വരെ അയാൾ
വാണിയെ പിന്തുടർന്നു. അവൾ ഗേറ്റ് കടന്നിറങ്ങുമ്പോൾ
വഴിവക്കിൽ കാത്തിരുന്ന കൂട്ടുകാരിയുടെ അനക്കം കണ്ടു. കറുത്ത
മുടിയഴിച്ചിട്ട ഭ്രാന്തിയായ രാത്രി, നായകളുടെ നിർത്താതെയുള്ള
കുരയുടെ അകമ്പടിയോടെ അവരെ സ്വീകരിച്ചു.
കുറച്ചുനേരം മുള്ളാത്തയുടെ അരികുപറ്റി പറന്ന ഒരു മിന്നാമി
ന്നിയുടെ ഇത്തിരിവെട്ടം നോക്കിനിന്ന സൂരജ് മെല്ലെ തെരുവിലേക്ക്
ഇറങ്ങി. വഴിവിളക്കുകളുടെ പ്രകാശത്തിൽ ഒരായിരം പ്രാണി
കൾ നൃത്തം ചെയ്യുന്നു. ഭാര്യ ഇരുട്ടിലിറങ്ങി എങ്ങോട്ടാണ് പോയത്
എന്നറിയാതെ അയാൾ വിഷമിച്ചു. ഫോൺ എടുത്തിട്ടുണ്ടാവുമോ?
അതിൽ വിളിച്ചു ചോദിച്ചാലോ? അത് ഫെമിനിസത്തിന് എതിരാണെങ്കിലോ
എന്നോർത്ത് ആ തീരുമാനം ഉപേക്ഷിച്ചു. ഇരുളും
വെളിച്ചവും പകുത്തെടുത്ത വഴിയിലൂടെ അയാൾ കുറച്ചുദൂരം
നടന്നു. അത്ര വൈകിയ വേളയിൽ അയാൾ തെരുവിലൂടെ അധികം
നടന്നിട്ടില്ല. രാത്രി ഇരുട്ടിനേയും വെട്ടത്തേയും കൂട്ടിക്കുഴച്ച്
ഒരുക്കിയിടുന്ന നിഗൂഢതകൾ തിരിച്ചറിയുവാൻ കഴിയാതെ അയാൾ
കുഴങ്ങി.
മകൾ ഉണർന്നാൽ ആരേയും കാണാതെ പേടിച്ച് കരയും. സൂരജ്
തിരികെ വീട്ടിലേക്ക് മടങ്ങി. ഇരുൾ നുണയുവാൻ പോയ വാണി
തിരികെ വരുന്നതും കാത്ത് അയാൾ മുൻമുറിയുടെ ചവിട്ടുപടിയിൽ
ഭിത്തി ചാരിയിരുന്നു മയങ്ങിപ്പോയി. ഭാര്യ തട്ടിയുണർത്തി
യപ്പോൾ സൂരജ് നടുക്കത്തോടെ ഉണർന്നു.
”എന്താ… പേടിച്ചുപോയോ? കതക് തൊറന്നിട്ട് ഒറങ്ങുകയാരുന്നോ?”
അവൾ ചിരിച്ചു.
”ഞാനൊരു ദു:സ്വപ്‌നം കണ്ടു…” കതക് അടച്ചു കുറ്റിയിട്ടുകൊണ്ട്
അയാൾ പറഞ്ഞു: ”ഈ നാട്ടിലെ പെണ്ണുങ്ങൾ മുഴുവനും രാത്രി
കടൽത്തീരത്ത് കൂടിനിൽക്കുകയാണ്. അവരിൽ കൊച്ചു കുട്ടികൾ
മുതൽ വൃദ്ധകൾ വരെയുണ്ട്. എല്ലാവരും ആർത്തുചിരിച്ച്
ഉല്ലസിക്കുകയാണ്. ചിലർ കഥകൾ പറയുന്നു. ചിലർ പാടുന്നുണ്ട്.
ഒരു കൂട്ടർ അന്താക്ഷരി കളിക്കുന്നു. കടലിലേക്ക് മുട്ടറ്റം ഇറങ്ങി
ഉല്ലസിക്കുന്നവരും ഉണ്ട്”.
”പെട്ടന്ന് ഒരു കടൽഭൂതം വന്ന് ഞങ്ങളെ മുഴുവനും പിടിച്ചുകാണും.
അല്ലേ? ഒരു ആൺഭൂതം” വാണി താത്പര്യമില്ലാതെ കി
ടക്കയുടെ അരികിലേക്ക് നടന്നു. മാറിയുടുക്കുവാൻ നൈറ്റി പരതിയെടുത്തു.
സൂരജ് തുടർന്നു.
”അല്ല… അവിടെയുണ്ടായിരുന്ന ഒരു വനിത പൊടുന്നനെ എല്ലാവരോടും
തന്നെ ശ്രദ്ധിക്കുവാൻ ഉറക്കെ വിളിച്ചുപറഞ്ഞു. പക്ഷെ
കടപ്പുറം കൂടുതൽ ശബ്ദമുഖരിതമായി. എന്തോ പ്രധാനപ്പെട്ട
കാര്യം തനിക്കു പറയുവാൻ ഉണ്ട് എന്നൊക്കെ അവർ അലമുറയിട്ടു.
പക്ഷെ ആരു കേൾക്കാൻ… അവർ കൂടുതൽ ഉറക്കെ ശബ്ദമുണ്ടാക്കി…
ആ വനിത നിരാശയോടെ തന്റെ ചുറ്റും നിന്നവരെ
നോക്കി. ആരും തന്റെ വാക്കുകൾ കേൾക്കുവാൻ പോകുന്നി
ല്ല എന്ന് അവൾക്ക് ഉറപ്പായി. വിഷമം നിയന്ത്രിക്കുവാൻ കഴിയാതെ
അവൾ കടലിലേക്ക് ചാടി”.
”ങ്‌ഹേ…” ഒരു നടുക്കത്തോടെ വാണി സൂരജിനെ നോക്കി.
അയാൾ അവളെ ശ്രദ്ധിക്കാതെ സ്വപ്‌നം വിവരിക്കുന്നത് തുടർന്നു.
”അവൾ കടലിൽ വീണിട്ടും ആരും ശ്രദ്ധിച്ചില്ല. ഇതിനകം
മറ്റൊരുവൾ തന്റെ വിഷമം പറയുവാൻ തുടങ്ങി. ആരും അവൾ
ക്കും കാതുകൾ കൊടുത്തില്ല. അവളും കടലിൽ ചാടി… പിന്നെ
യും ഒരുവൾ… പിന്നെയും പിന്നെയും…”
”നിർത്ത്…” വാണി അയാളുടെ മുന്നിലേക്ക് ആഞ്ഞു.
”ഇത് സ്വപ്‌നമല്ല. നിങ്ങടെ വൃത്തികെട്ട പുരുഷാധിപത്യ മനസ്സി
ന്റെ ചില കാഴ്ചകളാണ്. ഭ്രമകല്പനകളാണ്. പെണ്ണിന്റെ മനസ്സ്
എന്നും ബലഹീനമെന്ന നിങ്ങളുടെ കാഴ്ചപ്പാടിൽ നിന്നും ഉരുത്തിരിയുന്നത്”.
പിന്നെ അവൾ കിടക്കയിൽ അവശയായി വീണു. വിളക്കണച്ച്
സൂരജ് കിടന്നു. എയർകണ്ടീഷണറിന്റെ ചെറിയ മുരളിച്ച മാത്രമല്ല
ഇപ്പോൾ മുറിയിൽ എന്ന് അയാൾക്ക് തോന്നി.