എന്റെ ഇടവഴീ,
(അങ്ങനെ വിളിക്കാലോ? അതോ ആ കാലം നീയും മറന്നോ?)
ചവിട്ടാൻ പാകത്തിൽ
കിടന്ന് തന്നുവെന്നല്ലാതെ
ഒരു കുറ്റവും ചെയ്തിട്ടില്ല നീ…
പ്രിയ മരമേ,
കുട്ടിക്കാലത്തെങ്ങോ
ഉണ്ണിപ്പുര വെയ്ക്കാൻ
സ്ഥലം നൽകിയെന്നല്ലാതെ
മറ്റൊരു
തെറ്റും ചെയ്തിട്ടില്ല
നീയും
മഴേ,
നിന്റെ തുള്ളിക്കുടയിൽ
സ്‌കൂൾമുറ്റം വരെ
കൊണ്ടുവിട്ടിട്ടില്ലേ
അതാ നീയീ അനുഭവിക്കുന്നേ…
കാറ്റേ,
തറ പറ വായിക്കുമ്പോൾ
ചിമ്മിനിയൂതി
പേടിപ്പിച്ചിരുന്നത് ഓർക്കുന്നോ
അന്നേ കരുതിയതാ
നിനക്കിട്ടൊരു…
പ്രിയേ
തുളസിപ്പൂ ചൂടിയിരുന്നു
ചന്ദനം തൊട്ടിരുന്നു
ദിവസേന അമ്പലത്തിൽ വന്നിരുന്നു
എന്നല്ലാതെ,
ഒളി കണ്ണാൽ പോലും
നോക്കിയിട്ടില്ലെന്നറിയാം…
കിളിവാലൻ കുന്നേ,
കണ്ണാന്തളിപൂക്കളേ
തിരുതാളി വള്ളികളേ
കഥകളിൽ എവിടെയൊക്കയോ
വായിച്ചിട്ടുണ്ടെന്നല്ലാതെ
കണ്ടിട്ടുപോലുമില്ലല്ലേ നമ്മൾ തമ്മിൽ!!?
ഫ്‌ളാറ്റിലെ പുഴുക്കിൽനിന്നും
പുറത്തേക്കിറങ്ങിയപ്പോൾ
ഉദ്യാനത്തിലെ ചെമ്പരത്തികളിൽ
ചുവന്നവൾ ചോദിക്കുന്നു,
പ്രിയ കവീ,
പൂക്കളിൽ
ഒന്നിറുത്ത്
ചെവിയിൽ തിരുകി,
ഒരു വട്ടമെങ്കിലും ചുറ്റി കണ്ടുകൂടെ
നഗരത്തെ,
ഒരു നിമിഷമെങ്കിലും നോക്കി നിന്നു കൂടെ
ജീവിതങ്ങളെ,
ഹേയ്….
എന്റെ നാട്,
നാട്ടിടവഴികൾ, പാടവരമ്പുകൾ
നീർച്ചോലകൾ
നീളൻതെങ്ങിൽ കുലച്ചുനിൽക്കും
തേങ്ങാക്കുലകൾ…….. ഹാ!