ആ പെൺകുട്ടിയുടെ കണ്ണുകളിലൊരു രാത്രിയിലെ ഉറക്കം
ബാക്കിനിൽക്കുന്നില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ആമി അതുവരെ തുടർന്ന നിശബ്ദതയിൽ നിന്ന് ഉണർന്നത്.
ഞങ്ങളപ്പോൾ നഗരത്തിലെ പ്രശസ്തമായ ഒരു റെസ്റ്റോറന്റിൽ
ഇരുന്ന് ഡിന്നർ കഴിക്കുകയായിരുന്നു.
ഞങ്ങൾക്ക് എതിരെയുള്ള ടേബിളിൽ ഒരു ചെറുപ്പക്കാരനുമൊരുമിച്ചിരുന്ന പെൺകുട്ടിയെ നോക്കാതെ ഞാൻ ആമിയോട് പറ
ഞ്ഞു:
”നിന്റെ കണ്ണുകളെപ്പോഴും മറ്റുള്ളവരിലേക്ക് ഫോക്കസ് ചെയ്ത
ക്യാമറ പോലെയാണ്, എന്നിട്ടവ പകർത്തുന്നതോ അനാവശ്യ
മായതും…”
”നിന്റെ കണ്ണുകളും അങ്ങനെയല്ലേ?”
”അതെന്റെ എഴുത്തിന് ആവശ്യമാണ്…”
”നിന്നെപ്പോലെ മാഗസിനുകളിലൊന്നും കഥകൾ എഴുതാറി
ല്ലെങ്കിലും ഞാനും കഥകൾ എഴുതാറുണ്ട്…”
ആമിയുമായി വർഷങ്ങൾ നീണ്ട സൗഹൃദമുണ്ടെങ്കിലും ഇങ്ങ
നെയൊരു അറിവെനിക്ക് ആദ്യമാണ്. അതുകൊണ്ടുതന്നെ ഞാൻ
ചോദിച്ചു:
”എവിടെ?”
മനസ്സിലാണ് എഴുതുന്നതെന്ന് ആമി.
അങ്ങനെയെങ്കിൽ അത് നിനക്ക് കടലാസിലേക്ക് പകർത്തി
ക്കൂടേ?
പുതിയതായൊന്ന് കിട്ടിയാൽ പഴയതിനെ മനസ്സിൽ നിന്ന്
മായ്ച്ചു കളയുമെന്ന് ആമി…
നിനക്കപ്പോൾ കെ.ആർ. മീരയോ രേഖ കെ.യോ പ്രിയ
എ.എസ്സോ സി.എസ്. ചന്ദ്രികയോ ആകേണ്ടേ….
അങ്ങനെ ആരുടെയും നിഴലാകേണ്ടെന്ന് ആമി.
ഇനി എഴുതിയാലും അവൾക്ക് അവളായാൽ മതിയെന്ന്.
ധൈര്യമില്ലാത്തതുകൊണ്ടാണ് മനസ്സു വിട്ട് തനിക്കൊരു എഴു
ത്ത് സാദ്ധ്യമാകാത്തതെന്നും ആമി.
ചിലപ്പോഴൊക്കെ ബീച്ചിൽ ഇരിക്കുമ്പോൾ അവൾ പറയാറുണ്ട്. മനോഹരമായ സന്ധ്യ. ഒരു പകലിന്റെ ശവദാഹം. അനാഥരായ കാക്കകൾ ആകാശത്തിന്റെ വിശാലതയിൽ അലക്ഷ്യരായി
എന്നൊക്കെ….
ഇങ്ങനെ പറയുമ്പോൾ അവൾ മനസ്സിൽ കഥ കുറിക്കുകയാണോ?
എനിക്ക് വിശ്വസിക്കാനാവുന്നില്ല.
ഒരു പുസ്തകം പോലും അവൾ വായിക്കുന്നത് ഇതുവരെ കണ്ടി
ട്ടില്ല.
എഴുത്തിനെക്കുറിച്ചൊരു ചർച്ചപോലും ഞങ്ങൾ പരിചിതരായിട്ടിതുവരെ നടന്നിട്ടില്ല.
പിന്നെ ആമി എഴുതുന്നുവെന്ന് പറഞ്ഞാൽ ഞാനെങ്ങനെയാണ് വിശ്വസിക്കുക?
മറ്റൊന്നു കൂടെ ആമിയിൽ ഈയിടെയായി സംഭവിക്കുന്നുണ്ട്.
അത് മൗനത്തിന്റെ തടവിലാണ് അവളെന്നുള്ളതാണ്.
എന്ത് ചോദിച്ചാലും ബധിരരെയും മൂകരെയും പോലെ ആംഗ്യ
ഭാഷയിലാണ് സംവേദനം.
ഇതെന്നെ വല്ലാതെ വ്യസനപ്പെടുത്തുന്നുണ്ട്.
ആമിയെ മിണ്ടിക്കാൻ ഞാനെത്ര സൈക്ക്യാട്രിസ്റ്റുകളെയായെന്നോ കാണുന്നു.
പണച്ചെലവും സമയനഷ്ടവും ഉണ്ടായതല്ലാതെ അവർക്കൊന്നും ആമിയെ മിണ്ടലുകാരിയാക്കാനായിട്ടില്ല.
നിങ്ങളാണിങ്ങനെയൊരു സാഹചര്യത്തിൽപെട്ടുപോകുന്നതെങ്കിൽ ഉണ്ടാകാവുന്ന പൊല്ലാപ്പുകൾ ഒന്നോർത്തുനോക്കി
ക്കേ…
എവിടുന്ന്…
ആരാന്റെ വേദനകളൊക്കെ അവനോന്റേതായിരുന്ന നാളുകളൊക്കെ നാട് നീങ്ങിയില്ലേ…
ഇപ്പൊ എനിക്കുണ്ടാകുന്ന വേദനകൾ ഞാൻതന്നെ അനുഭവിച്ചു തീർക്കുക. അതാണല്ലോ നടക്കുന്നത്.
പിന്നെ നിങ്ങളുടെ ആമിയിൽ മാത്രം അതിന് വിരുദ്ധമായത്
സംഭവിക്കണമെന്ന് പറയുന്നത് യുക്തിക്ക് ചേർന്നതല്ല.
അതുകൊണ്ട് ആമി സംസാരിക്കുംവരെ കാത്തിരിക്കുക.
ഒരുപക്ഷെ നിശബ്ദതയെയും ആമിയൊരു സംഗീതമായാകുമോ അനുഭവിക്കുന്നത്.