മഞ്ഞു പെയ്യുന്ന പ്രഭാതങ്ങൾ മഴയുറങ്ങാത്ത മാസങ്ങൾ
മുളകളുലയുന്ന ഗ്രീഷ്മ സീൽക്കാരങ്ങൾ
നാട് മണക്കുന്ന നാൽക്കവലകൾ
ഞാറ്റുപാട്ടുകൾ ഏറ്റിവീശുന്ന നാട്യങ്ങൾ ഇല്ലാത്ത കാറ്റ്!
ഇന്നീ നഗരവേഗങ്ങൾ മുന്നോട്ടു കുതിക്കുമ്പോൾ
പിന്നിലാകുന്നു മനുഷ്യർ, മറഞ്ഞു പോകുന്നു ഗ്രാമങ്ങൾ,
പിന്നെ ജീവനുള്ളോരാ ഭംഗികൾ.
ജീവനുപേക്ഷിച്ച യജമാനന്റെ കാൽക്കലോ ബാക്കിയാകുന്നു,
എല്ലുന്തിയ ഉഴവുകാളകളുടെ വിഷാദം.
അതിവേഗമെൻ വീണക്കമ്പികളിൽ
നഗരത്തിൻ പുളിയുറുമ്പുകൾ കൂടുകൂട്ടുമ്പോൾ
വയലിന്റെ ഗിറ്റാർ കമ്പികളിലൂടെ
തീവണ്ടിരാഗം പായുന്നെന്ന് ആധുനികനൊരുവൻ
ഉടൽകുലുക്കി ചുണ്ട് നുണയുന്നു.
ചടച്ചുപോയെന്റെ ഗ്രാമമെന്ന്
പതിനാലാം നിലയിലെ യന്ത്രത്തണുപ്പിലൊരു
ലഹരിയുടെ മുത്തപ്പൻ, കുനുകുനെ കടലാസ് കീറുന്നു.
ഇന്നിതാ പെരുകുന്നു
മനുഷ്യരെ കറുപ്പ് തീറ്റിക്കുന്ന
കാവിയും വെളുപ്പും പച്ചയും നിറമുള്ള
കൈക്കരുത്തുകൾ,
ചതിച്ചതുരംഗയനക്കങ്ങൾ.
ഒരു പുറം,
പ്രണയത്തിന്റെ വെണ്ണക്കൽ മിനുപ്പുകളിൽ
നഗരത്തിരക്കിൻ കറുപ്പേറുന്നു.
കൊഴുത്ത പുണ്യങ്ങളെ ചുമന്നു കിടക്കുന്നു ഗംഗ,
ഇരുകരകളിൽ ഇരുന്നു
ശാന്തിമന്ത്രം ജപിക്കുന്നവരുടെ നീണ്ട നിര.
പാപനാശച്ചെളിനീരിലോ തിമിർക്കുന്നു
അയിത്തമില്ലാ കൂത്താടിക്കൂട്ടങ്ങൾ.
നാം പിന്നെയും അരുതുകളുടെ കടുംകെട്ടിൽ പിടയുന്നു.
മറുപുറം,
ഇന്നിന്റെ ദേശസ്നേഹത്തിൻ കുങ്കുമത്തളികയിൽ
ചോരയിറ്റുന്ന വാൾമൂർച്ചയിൽ
കൊടുംവേനൽ മുഖം നോക്കുന്ന നട്ടുച്ചയുടെ ചിരി,
മനുഷ്യമണമില്ലാത്തവരുടെ പെരുകുന്ന തെരുവുകൾ.
‘സഹിഷ്ണുത’ വിശുദ്ധപദമെന്ന് പിറുപിറുക്കുന്ന
പാതിരാ സൂര്യന്മാർ.
രാജ്യസ്നേഹമിന്ന് അസഹിഷ്ണുത വിഴുങ്ങിയ പെരുമ്പാമ്പ്,
മനുഷ്യസ്നേഹമിന്നു മഷിയിട്ടു നോക്കേണ്ട നാഗമാണിക്യം.
സ്നേഹത്തിന്റെ കാലമിങ്ങനെ കടന്നുപോകുമ്പോൾ, നാം
പാളങ്ങൾക്കിടയിൽ സ്വാതന്ത്ര്യചിന്തകൾ
അറ്റുപോയൊരാ ജഡങ്ങളാകുന്നു.
സ്നേഹിതാ
നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ ദേശവാക്യത്തിൽ
ആരോ വിഷം കലർത്തുന്നുണ്ട്, ജാഗ്രത!