ഡോംഗ്രിത്തെരുവിൽ
പായൽച്ഛവി ബാധിച്ച
ഒരു വയസ്സിക്കെട്ടിടത്തിന്റെ
നാലാം നിലയുടെ
സൺഷെയ്ഡിൽ,
മുഷിഞ്ഞുനാറിയ
ഇലകളുമായി
ഒരു ആൽമരം
നാമം ജപിക്കുന്നു.
പൊട്ടിയൊഴുകുന്ന
സെപ്റ്റിക് പൈപ്പിനെ
ചുറ്റിവരിഞ്ഞിരിക്കുന്നു
വേരുകൾ.
നാലുപാടും പുകയിട്ട
ഗന്ധകത്തെരുവിൽ,
പഴുത്തുവീഴുന്നു
കോമരംതുള്ളിത്തിരിഞ്ഞ്
ഇലകൾ.
ആകാശത്തേക്ക്
പച്ചത്തുമ്പുകൾ നീട്ടി
ചില ശിഖരങ്ങൾ
എപ്പോഴും പ്രാർത്ഥനയിലാണ്.
ഇരുളു വീഴവെ
നനഞ്ഞ തടിയിലെ
പായൽക്കച്ചയിൽ
മിന്നലലുക്കുകൾ തുന്നുന്നു
മെർക്കുറിവിളക്കുകൾ.
നുരയ്ക്കുന്നു ലഹരിയുടെ
മിന്നൽപ്പതകൾ.
ജന്മജന്മാന്തരങ്ങൾക്കപ്പുറ-
മേതോ ഓർമ്മശ്ശീവേലി കണ്ട്
ഉറങ്ങിപ്പോയതായിരുന്നു
ആൽമരം.
ഉഷപ്പൂജയ്ക്കും മുന്നേ
തൂപ്പൂകാരൻ വന്ന്
ചക്രബക്കറ്റുരുട്ടുന്നു.
പുലർകാലം!
വയസ്സിക്കെട്ടിടത്തിൽ
ജീവിതം കുളമ്പടിക്കവെ
പൊട്ടുന്നു അസ്ഥികൾ;
ഗോവണികളുടെ
നിലവിളിയിൽ,
ഒഴിയാൻ തിട്ടൂരം കിട്ടിയ ഫ്‌ളാറ്റിൽ
ഞെട്ടിയുണരുന്നുണ്ടാം ഒരു അച്ഛൻ,
എന്നും കാവിലമ്മയെ
വിളിച്ചു കരയുന്ന ഒരമ്മ,
പിന്നെ
നാട്ടുപച്ചകളിൽ സ്വപ്‌നം കൊരുത്ത്
തളർന്നുറങ്ങുന്ന
അഞ്ചുവയസ്സുള്ള
ഒരു പാവം പോതിയും.