റെയിൽവേ പ്ലാറ്റ്ഫോമിലെ ബഞ്ചുകൾ
പരസ്പരം സ്ഥലംമാറിക്കളിക്കുന്ന
നല്ലൊരു നാലുമണിനേരം,
ടിക്കറ്റെടുക്കാതെ
തന്റെ പരിധിക്കുള്ളിൽ
നുഴഞ്ഞുകയറിയവനെയൊക്കെ
പാത്തുനിന്നു പിടിച്ച്
കടിച്ചുകുടഞ്ഞ്
തൂക്കിയെടുത്ത്
തന്റെ ഓഫീസിലെ
ഫയൽക്കെട്ടുകൾക്കു പിന്നിലെ
കുടുസ്സുമുറിയിൽ
സുരക്ഷിതമായി കൊണ്ടുവച്ച്
അവൻ അടുത്ത ഇരയെ-
തേടിയിറങ്ങി,
പിഴയടച്ചുപോവാൻ
കെല്പില്ലാത്തവർ,
ഓരോരുത്തരായി മുറിക്കുള്ളിലേക്ക്
വന്നുകൊണ്ടിരുന്നു,
ഇരിക്കാൻ തരപ്പെടാത്തവർ
ഒറ്റക്കാലിൽ നിന്നു,
നിലത്തു പടിഞ്ഞിരുന്നു,
ഇസ്തിരി ചുളിയാത്ത, പൊടി പുരളാത്ത
ഒരു വേഷം, ഇടയ്ക്കിടയ്ക്കു കയറിവന്ന്
ഇരകളുടെ ദീനനോട്ടങ്ങളെ
അലസമായി ചവച്ചു രസിച്ച്
നടന്നുപോയി,
റെയിൽവേ പ്ലാറ്റ്ഫോമിലെ
ബഞ്ചുകൾ പരസ്പരം
സ്ഥലംമാറിക്കളിക്കുന്ന
നല്ലൊരു നാലുമണി നേരം.