ഇടപ്പള്ളിക്കുശേഷം ഇത്രയേറെ വിഷാദം കൊണ്ട് നമ്മെ പൊള്ളിച്ചുണർത്തുന്നൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചത് കുരീപ്പുഴ ശ്രീകുമാർ തന്നെയാണ്. ഇടപ്പള്ളിയെ നമിച്ചുകൊണ്ട് ഒരു മാനസഗീതം ശ്രീകുമാർ എഴുതിയിട്ടുണ്ടെങ്കിലും ഇടപ്പള്ളിയുടെ വൈയക്തിക വിഷാദത്തേക്കാൾ, സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും ചരിത്രപരവുമായ ഘടനകളിലെ പ്രതിലോമഘടകങ്ങളാണ് കുരീപ്പുഴയുടെ വിഷാദ വൃക്ഷങ്ങളുടെ കാതൽ. ബ്രഹ്മമൗഢ്യം തന്നോമനിക്കുന്ന കറുത്ത ശല്യങ്ങൾ ജീവിതത്തിനു മേൽ വീഴ്ത്തുന്ന നിഴലുകളാണ് ഈ കവിയുടെ വിഷാദത്തിന് ആഴം നൽകുന്നത്. വ്യക്തിപരമായൊരു പ്രണയത്തകർച്ചയിൽ നിന്നും കര പറ്റാതെ പോയൊരു കവിയിൽ നിന്ന് കുരീപ്പുഴ വ്യത്യസ്തനായി നിൽക്കുന്നത് അദ്ദേഹത്തിന്റെ കവിതകളിൽ തുളുമ്പിക്കവിയുന്ന അഗാധമായ മാനവികബോധ്യങ്ങളാണ്.
ലോകത്തിൽ ഭയങ്കരമായി പെരുകുന്ന തിന്മകൾക്കു മുൻപിൽ ദു:ഖിതനാകാതെ നിൽക്കുവാൻ ഒരു നല്ല കവിക്കും കഴിയില്ല. വേദന പടരുന്ന ഭൂമിയുടെ നിലവിളികളും കനത്ത ഇരുട്ടിലൂടെ ഇഴയുന്ന മാനവികതയും സാധുക്കളും നിസ്സഹായരുമായ മനുഷ്യർ നേരിടുന്ന നിരന്തരമായ ദുരിതങ്ങളും രോഗങ്ങളും നിരക്ഷരതയും പട്ടിണിയും ക്ലേശിതരാക്കുന്ന മനുഷ്യജന്മങ്ങളുടെ ദുരന്തങ്ങളും കൊലയിലും പലായനത്തിലും പ്രകൃതിക്ഷോഭത്തിലും അകപ്പെട്ടുഴലുന്ന മനുഷ്യരുടെ മഹാദുരന്തങ്ങളും ചൂഷണവും
അധികാരവും വർഗീയഭ്രാന്തും ചേർന്ന് തരിപ്പണമാക്കുന്ന ജീവിതത്തിന്റെ ചിതറിപ്പോയ തുമ്പുകളും നല്ല കവികളെ ദു:ഖാത്മാക്കളാക്കുന്നു. ആശയറ്റ മനുഷ്യരുടെ പിടച്ചിലുകൾ അവരിൽ വ്യഥയായി പടരുന്നു. ഈ ലോകം ഇത്രമേൽ അഴലിലാണ്ടുപോയതെന്തെന്ന ചോദ്യത്തിൽ അവർ നിന്ന് പൊള്ളുന്നു. പാതാളഭീതികൾ പൂക്കുന്ന പാതകളിലേക്ക് ഒടിഞ്ഞ നട്ടെല്ലുകളുമായി വീണുപോകുന്ന മനുഷ്യന്റെ രോദനം കവികളിൽ അസ്വസ്ഥതയും ഭ്രാന്തും സൃഷ്ടിക്കുന്നു.
സംഭ്രമകരമായ ഈ വിശേഷാവസ്ഥയിൽ നിന്നും പുറത്തുവരുന്ന അവരുടെ കവിതകൾ ദു:ഖത്തിന്റെ തീമഴയായി പെയ്തിറങ്ങുന്നു. മലയാളകവിതയിൽ ഈ പെരുംദു:ഖത്തിന്റെ തോരാമഴയാണ് കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകൾ.
മുകളിൽ നിരന്നു തൂങ്ങുന്ന വാൾത്തലപ്പുകൾ,
താഴെ പുകയുന്ന തീക്കനൽപ്പാലം,
തെക്ക് സ്വപ്നങ്ങളുടെ ശവക്കാഴ്ച,
വടക്ക് വന്ധ്യത പൂത്ത വരമ്പുകൾ,
പടിഞ്ഞാറ് ഭഗ്‌നമോഹത്തിന്റെ തിടമ്പ്,
കിഴക്ക് കാത്തിരിപ്പിന്റെ കണ്ണുനീർ,
ഇതിനു നടുവിൽ നെഞ്ചിൽ പൂക്കുന്ന മുറിപ്പാടുകളോടെ ശ്രീകുമാർ നിന്നു കുഴയുന്നു.
ഒറ്റയ്ക്കിരുന്ന് തന്റെ ദു:ഖങ്ങളെ പന്തങ്ങളാക്കി ചുറ്റും നിർത്തി മോഹഭംഗത്തിന്റെ
ശില്പങ്ങൾ കൊത്തുകയാണ് ഈ കവി. തൃഷ്ണകളും സ്വപ്നങ്ങളും പൂക്കാത്ത, പ്രജ്ഞയിൽ പാപക്കൊലുസുകൾ തുള്ളാത്ത, പൊള്ളുന്ന വ്യഥ കൊണ്ട് തന്റെ കവിതകളെ ശ്രീകുമാർ ദൃഢഭദ്രമാക്കുന്നു. ഈ കവിതകളുടെ ആന്തരികതയിൽ സങ്കടത്തിന്റെ
തുള്ളുന്ന ഒരു സരോവരമുണ്ട്. ഏറെ നാളുകളായി വിട്ടൊഴിയാതെ ഈ കവിയുടെ ഉള്ളിൽ ഒറ്റക്കസേരയിലിരുന്ന് ദു:ഖം പാടിക്കൊണ്ടേയിരിക്കുന്നു.
നാശപ്രഭാതം, വരണ്ട മദ്ധ്യാഹ്നം
ഒറ്റക്കസേരയനങ്ങുന്നു ദു:ഖമെൻ
സ്വത്വത്തിലേക്കു മുലക്കണ്ണമർത്തുന്നു
(കസേര)
ദു:ഖിതന്റെയും തോറ്റവന്റെയും സ്വപ്നങ്ങളാണ് കുരീപ്പുഴ തന്റെ കവിതയിലേക്ക് പകർത്തുന്നത്. വർത്തമാനകാലം സൃഷ്ടിച്ച കുടിലതയുടെ പത്മവ്യൂഹത്തിലകപ്പെട്ട ഈ കവി തന്റെ നേരിനും സ്വപ്നങ്ങൾക്കുമൊപ്പം വിഷാദിച്ചു നിൽക്കുന്നു.
മിഴിയിലെണ്ണയും ഓട്ടുവിളക്കിന്റെ
തിരിയണഞ്ഞ വിഷാദവുമായി ഞാൻ
പടിയിറങ്ങവേ പാവകൾ പാർക്കുന്ന
വളവിൽ വീഴുന്ന സങ്കടപ്പട്ടിക
(കരിമ്പുപാടം)
ദു:ഖത്തിന്റെ മൂത്ത മകളാണ് വിഷാദം. നിസ്സഹായത അവളുടെ അനിയത്തിയും. അതിനാൽ കുരീപ്പുഴയുടെ ദു:ഖസമൃദ്ധമായ കവിതകളിൽ നിന്നും നിസ്സഹായതയും വിഷാദവും കുങ്കുമത്തുമ്പികളെപ്പോലെ പാറിയിറങ്ങുന്നു. അവ ഇല പോയ ഗ്രീഷ്മത്തിന്റെ വന്ധ്യകാലങ്ങളിലേക്ക് മൂകം വന്നിരിക്കുന്നു. വരാത്ത വസന്തത്തിന്റെ സമൃദ്ധിയെക്കുറിച്ച ് അവ ഉരുകുന്നു. പടർന്ന പാഴ്പുല്ലിന്റെ തണലിൽ മരിക്കാത്ത
ദു:സ്വപ്നമായി അവ വിങ്ങുന്നു. നിശപോലെയും നിഴൽ പോലെയും ഈ കവിയെ നിറവിഷാദങ്ങൾ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇടപ്പള്ളിക്കുശേഷം ഇത്രയേറെ വിഷാദം കൊണ്ട് നമ്മെ പൊള്ളിച്ചുണർത്തുന്നൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ചത് ശ്രീകുമാർ തന്നെയാണ്. ഇടപ്പള്ളിയെ നമിച്ചുകൊണ്ട് ഒരു
മാനസഗീതം ശ്രീകുമാർ എഴുതിയിട്ടുണ്ടെങ്കിലും ഇടപ്പള്ളിയുടെ വൈയക്തിക
വിഷാദത്തേക്കാൾ, സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവും ചരിത്രപരവുമായ ഘടനകളിലെ പ്രതിലോമ ഘടകങ്ങളാണ് കുരീപ്പുഴയുടെ വിഷാദ വൃക്ഷങ്ങളുടെ കാതൽ. ബ്രഹ്മമൗഢ്യം തന്നോമനിക്കുന്ന കറുത്ത ശല്യങ്ങൾ ജീവിതത്തിനു മേൽ വീഴ്ത്തുന്ന നിഴലുകളാണ് ഈ കവിയുടെ വിഷാദത്തിന് ആഴം നൽകുന്നത്.
വ്യക്തിപരമായൊരു പ്രണയത്തകർച്ചയിൽ നിന്നും കര പറ്റാതെപോയൊരു കവിയിൽ നിന്ന് കുരീപ്പുഴ വ്യത്യസ്തനായി നിൽക്കുന്നത് അദ്ദേഹത്തിന്റെ കവിതകളിൽ തുളുമ്പിക്കവിയുന്ന അഗാധമായ മാനവികബോധ്യങ്ങളാണ്.
ആധുനികതയുടെ രൂപകങ്ങളും കാവ്യബിംബങ്ങളും പ്രകമ്പനഭരിതമായ വാങ്മയങ്ങളും നിർലോഭമായിനിറഞ്ഞാട ുമ്പോഴ ും കവിയ ുടെ ദു:ഖങ്ങൾ വ്യക്തിപരമാവുന്നില്ല; മറിച്ച് സമൂഹം അഭിമുഖീകരിക്കുന്ന കഠിനതരങ്ങളായ ഇരുണ്ട യാഥാർത്ഥ്യങ്ങൾ ദു:ഖത്തിനു ഹേതുവാകുന്നു. ആധുനികതയുടെ ഭാവുകത്വത്തിൽ നിന്നും ഈ കവിയെ വേറിട്ടുനിർത്തുന്നത് മഹാദു:ഖത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാനങ്ങളാണ്. അടിയേറ്റവന്റെ വേദനയെ സ്വന്തം നോവുകളായനുഭവിക്കുന്ന സഹജീവിസ്‌നേഹവും അനുതാപവുമാണ്.
എൻ.വി. കൃഷ്ണവാര്യർ എഴുതിയതുപോലെ എവിടെയാണോ മനുഷ്യന്റെകൈക ളിൽ വിലങ്ങുകൾ, അവിടെ എന്റെ കൈകൾ നൊന്തിടുകയാണെന്ന് ഈ കവിയും നമ്മെ
അനുസ്മരിപ്പിക്കുന്നു. നിരർത്ഥകമായ സന്ദേഹങ്ങളോ ആശാരഹിതമായ നിശ്വാസങ്ങളോ തുരുമ്പിച്ച താരകങ്ങളോ കവിയിൽ ചിരസ്ഥായിയല്ല. റദ്ദായ മുദ്ര പോലുള്ള ജീവിതത്തെ കവികവിതയിലൂടെ മറികടക്കുന്നു. മനുഷ്യസമൂഹത്തിനേറ്റ ഗുരുതരമായ ക്ഷതങ്ങളെക്കണ്ടുള്ള വിശുദ്ധമായൊരു ആധിയാണ് കുരീപ്പുഴ ശ്രീകുമാറിന്റെ കാവ്യാസ്തിത്വത്തിൽ നിറഞ്ഞുനിൽക്കുന്നത്. ജീവനെ ചൂഴുന്ന ദുർഗതിയുടെ അമാവാസികളുടെ പീഡകളിൽ നിന്ന് ഈ കവി ഒരിക്കലും സ്വതന്ത്രനാവുന്നില്ല.
‘അർത്ഥം പൊലിഞ്ഞ പദങ്ങളെ
ചില്ലിട്ടുവച്ച ബംഗ്ലാവു കടന്നുവരുന്നു ഞാൻ
ദു:ഖം തിളച്ചു തുള്ളുന്ന മൗനത്തിന്റെ-
യുഷ്ണത്തിലേക്ക് കുതിച്ചുവീഴുന്നു ഞാൻ’
(ആവർത്തനം)
കദനങ്ങൾ ഒഴിയുമ്പോൾ മാത്രമേ തന്നിലെ കവിതയും നിലയ്ക്കുകയുള്ളൂ എന്ന് ഈ കവി തുറന്നെഴുതി; കരയുകയെന്നത് തന്റെ ജന്മാവകാശമാണെന്നും. ഈ കരച്ചിലിനുള്ളിൽ അമർഷവും കിടിലം കൊള്ളിക്കുന്ന അസ്വാസ്ഥ്യങ്ങളും സ്‌നേഹത്തീയും ജലവും പരന്നുകിടക്കുന്നു. ഈ കരച്ചിലിനുള്ളിൽ രോഷത്തിന്റെ മൃദംഗധ്വനികളുണ്ട്. കരച്ചിലിൽ സംഗീതം നിറയ്ക്കുന്ന ഈ കാവ്യപ്രതിഭ ‘ശീതരാത്രിയിൽ‘ എഴുതുന്നു:
‘ആലിലകളിൽ ദു:ഖസമ്പന്നമാം
കാലമേകിയ സ്‌തോത്രം ചിലമ്പുന്നു”
‘ഖേദപൂർവ‘ത്തിൽ ഇങ്ങനെയും:
‘നിലവിളിക്കുന്നു ഞാൻ, തീവ്രദു:ഖങ്ങ-
ളലറിയെത്തിക്കഴുത്തിൽ കടിക്കുന്നു’
ശിഥിലമദ്ദളത്തിൽ നിന്നുയരുന്ന ദ്രുതതാളം പോലെ കുരീപ്പുഴക്കവിതകളിലെ
സംഗീതം നമ്മെ അസ്വസ്ഥരാക്കുന്നു.
വ്യഥകളും ദുരിതങ്ങളുടെ തീക്കനലുകളുമാണ് ഈ കവിയുടെ ഭക്ഷണം. തന്റെ ജീവിതത്തെ പകുതി വെന്ത ഭൂപടമായി കവി അനാച്ഛാദനം ചെയ്യുന്നു. കവിതയുടെ കങ്കാരുക്കീശയിലിരുന്ന് എല്ലാ ദുരിതങ്ങൾക്കും സാക്ഷിയായി ഈ കവി സഞ്ചരിക്കുന്നു. കവിത മാതാവും കവി ശിശുവുമായി മാറുന്നു. കൗതുകകരമായൊരു വിരുദ്ധോക്തി! വസന്തത്തിന്റെ ഒരു ദ്വീപിലേക്കും ഈ അമ്മ മകനെ കൊണ്ടുപോവുന്നില്ല. ചില കണ്ണുകളുടെ വിധി അങ്ങിനെയാണ്. ദുരന്തങ്ങൾ മാത്രം കാണുവാൻ അവവിധിക്കപ്പെട്ടിരിക്കുന്നു. നിലവിളികളുടെ ചുഴിയിലകപ്പെട്ട, ഹൃദയബന്ധങ്ങളുടെ കനൽ വഴിയിലൂടെ കവിത കവിയെ മുൻനടത്തുന്നു.
ബാലചന്ദ്രന്റെയും കടമ്മനിട്ടയുടെയും നിഴലുകൾ വീണുകിടക്കുന്ന ബിംബാവലികളിൽ നിന്നും മുക്തമാവാത്തതിന്റെ പരിമിതികൾ എൺപതുകളിലെ
കുരീപ്പുഴക്കവിതകളെ സാരമായി ബാധിച്ചിട്ടുണ്ട്. കൃത്രിമത്വത്തിന്റെ ഞെരുക്കങ്ങളിൽപ്പെട്ട നൈസർഗികതയുടെ നിലവിളിക്കലായിരുന്നു അത്.
ആധുനികതയുടെ ധൂസര പ്രഭാവം സ്വന്തം വഴികൾ നിർമിക്കുന്നതിൽ നിന്ന്
യുവകവികളെ അദൃശ്യമായി വിലക്കുന്നതിനെ ഭേദിക്കാനുള്ള ശ്രമം തൊണ്ണൂറുകളിലാണ് സജീവമാകുന്നത്. ‘ബംഗാളിൽ’ നിന്നും ‘കൊച്ചിയിലെ വൃക്ഷ’ങ്ങ
ളിലേക്കുള്ള കൂടുമാറ്റത്തിന് നേതൃത്വം കൊടുത്തുകൊണ്ട് കെ.ജി.എസ്സിനെപ്പോലുള്ള ചുവന്ന വാലുടുത്ത ആധുനികർ തന്നെയാണ് ഈ ഭാവവ്യതിയാനത്തിന് കുതിപ്പേകിയത്.
ആധുനികതയുടെ തോൾ ചാരി സഞ്ചരിച്ചിട്ടും വ്യക്തമായ രാഷ്ട്രീയബോദ്ധ്യങ്ങൾ സൂക്ഷിച്ച കവിയാണ് കുരീപ്പുഴ. അത് കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യക്കളരിയിൽ ശുശ്രൂഷവേല ചെയ്തില്ല. ഭരണകൂടത്തിന്റെ വാത്സല്യഭാജനങ്ങളായില്ല. പതിതരുടെയും പ്രാന്തവത്കരിക്കപ്പെട്ട വരുടെയും ഉയർപ്പുകാലത്തിന്റെ രാഷ്ട്രീയമാണ് ഈ കവി ഉയർത്തിപ്പിടിച്ചത്. നന്മ മാത്രം അഭിലഷിച്ച റിയലിസകാലത്തെ വലിയ എഴുത്തുകാരുടെ പാരമ്പര്യത്തിന്റെ രക്തസഞ്ചാരമാണ് ഈ കവിയുടെ സിരകളിൽ. ആദർശത്തിന്റെയും സത്യത്തിന്റെയും ചൂഷണരാഹിത്യത്തിന്റെയും സാമൂഹ്യനിർമിതിയെ ലക്ഷ്യമാക്കുന്ന പവിത്രരാഷ്ട്രീയത്തിന്റെ മിന്നൽപ്പിണരുകൾക്ക് സ്തുതി പാടാനായി പിറന്ന ജന്മമാണ് ഈ കവിയുടേത്.
നായ്ക്കുട്ടി തട്ടിയുടച്ച കുടം പോലെ വീണു കിടക്കുന്ന കീഴാളജീവിതത്തിന്
നൽകിയ സ്‌തോത്രഗീതമാണ് കുരീപ്പുഴക്കവിതകൾ. ദു:ഖത്തിന്റെ എണ്ണമറ്റ രൂപകങ്ങൾ
നിരന്തരം നിർമിച്ചുകൊണ്ട് ആർ.രാമചന്ദ്രനെപ്പോലെ കുരീപ്പുഴയും ദു:ഖത്തിന്റെ ദാർശനിക മാനങ്ങൾ വിപുലപ്പെടുത്തുന്നു. ദു:ഖത്തെ അതിന്റെ ലളിതമായ അർത്ഥത്തിൽനിന്നും വേർപെടുത്തി ഉന്നതമായൊരു രാഷ്ട്രീയ ഇടപെടലിനുള്ള
സാദ്ധ്യതകളായി പരിവർത്തിപ്പിക്കുന്നു കുരീപ്പുഴയുടെ കാവ്യകല. അങ്ങനെ ഈ കവി തന്റെ കാവ്യധർമത്തോടും രാഷ്ട്രീയധർമത്തോടും നിർവ്യാജമായ പ്രതിബദ്ധത കാട്ടുന്നു. ജീവിതത്തെയും കവിയെയും സത്യസന്ധതയിൽ എക്കാലവും ഉറപ്പിച്ചുനിർത്തിയ കവി എന്ന നിലയിൽ കുരീപ്പുഴ നമ്മുടെ കാവ്യലോകത്ത്
ഉറച്ചുനിൽക്കുന്നു.