മലയാള നാടകത്തെ ജനകീയമാക്കുക എന്ന ഉദ്ദേശ്യലക്ഷ്യവുമായി കേരളത്തില്‍ കായംകുളം ആസ്ഥാനമായി രൂപംകൊണ്ട സംഘടനയാണ് കേരള പീപ്പ്ള്‍സ് ആര്‍ട്സ് ക്ലബ്സ് എന്ന കെപിഎസി. സമൂഹത്തോട് അടുത്തു നിന്നുകൊണ്ട് അര്‍ത്ഥപൂര്‍ണമായി സംവദിക്കുക എന്ന ആന്തരിക പ്രേരണയായിരുന്നു ആ സംഘടനയുടെ രൂപീകരണത്തിനു പിന്നില്‍. കെപിഎസി 1951ല്‍ ആദ്യമായി അവതരിപ്പിച്ച നാടകമാണ് ‘എന്റെ മകനാണ് ശരി’. എന്തുകൊണ്ടോ അരങ്ങില്‍ ആ നാടകം ഒരു പരാജയമായി. പക്ഷേ, കെപിഎസിക്ക് രൂപം നല്കിയവര് പിന്മാറിയില്ല. അടുത്ത കൊല്ലം, അതായത് 1952 ഡിസംബര്‍ ആറിന്, തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന മറ്റൊരു നാടകം അവര്‍ ചവറ സുദര്ശന് തിയേറ്ററില്‍ അവതരിപ്പിച്ചു. ആ നാടകം കെപിഎസിയുടെ ചരിത്രപരമായ ജൈത്രയാത്രയ്ക്ക് നാന്ദിയായി. എന്നാല്‍ അതിലും മുമ്പു തന്നെ വി.ടി.യുടെ ‘അടുക്കളയില്‍നിന്നും അരങ്ങത്തേക്ക്'(1929) മുതല്‍ ഇടശ്ശേരി ഗോവിന്ദന് നായരുടെ ‘കൂട്ടുകൃഷി'(1950) തുടങ്ങിയ ചില നാടകങ്ങ ള്‍ കേരളത്തില്‍ അല്ലെങ്കില്‍ മലയാളത്തില്‍ ഒരു ജനകീയ നാടകപ്രസ്ഥാനത്തിലേക്കുള്ള വഴി തുറന്നു കൊടുത്തിരുന്ന വസ്തുതയും വിസ്മരിക്കാനാവില്ല.
കെപിഎസി രൂപംകൊള്ളുന്നതിന് ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് നാടകത്തെ മാത്രമല്ല, നൃത്തം, സംഗീതം, സിനിമ തുടങ്ങിയ എല്ലാ കലാരൂപങ്ങളേയും ജനകീയമാക്കുക, ജനങ്ങളില്‍ സാംസ്കാരിക ബോധമുണര്‍ത്തുക എന്നീ ലക്ഷ്യങ്ങളുടെ പ്രതിജ്ഞാബദ്ധതയുമായി കലയും കലാകാരനും ആസ്വാദകനും തമ്മിലുള്ള ബന്ധത്തിന് പുതിയൊരു വ്യാഖ്യാനം നല്‍കിക്കൊണ്ട് മുംബൈയില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ മുന്നോട്ടു വരികയുണ്ടായി. കെ.എ. അബ്ബാസ്, ഡോ. ഹോമി ജഹാംഗീര്‍ ഭാഭ, അനില്‍ ഡിസില്‍വ, അലി സര്‍ദാര്‍ ജാഫ്രി, എന്‍.എം. ജോഷി , ദാദ ഷര്മാല്കര്, പൃഥ്വിരാജ് കപൂര്‍ എന്നിവര്‍ അവരില്‍ ചിലരാണ്. അന്നവര്‍ രൂപം നല്കിയ സംഘടനയ്ക്ക് ഇന്ത്യന്‍ പീപ്പ്ള്‍സ് തിയേറ്റര്‍ അസോസിയേഷന് എന്ന പേരിട്ടത് ഇന്ത്യന്‍ ആണവ പദ്ധതിയുടെ പിതാവും ലോകപ്രശസ്ത ശാസ്ര്തജ്ഞനും കൂടിയായ ഡോ. ഹോമി ജഹാംഗീര്‍ ഭാഭയായിരുന്നു.
ക്വിറ്റിന്ത്യാ പ്രക്ഷോഭകാലത്ത് രൂപം കൊണ്ട ഈ സംഘടനയുടെ ഔപചാരിക ഉദ്ഘാടനം 1943ലാണ് നടന്നത്. 1943ല്‍ തന്നെ മുംബൈയില്‍ നടന്ന ഓള് ഇന്ത്യ പീപ്പ്ള്‍സ് തിയേറ്റര്‍ കോണ്‍ഫറന്‍സിലാണ് അതിന് രാജ്യത്തുടനീളം കമ്മിറ്റികള്‍ അഥവാ ശാഖകള്‍ രൂപീകരിക്കാന്‍ തീരുമാനമായത്. അധികം വൈകാതെ തന്നെ ആ സംഘടന ഇന്ത്യയിലുടനീളം 25ഓളം സംസ്ഥാനങ്ങളിലായി 600ല്‍പരം ശാഖകളും യൂണിറ്റുകളുമുള്ള ‘ഇപ്റ്റ’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഒരു മഹാപ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ചു. പ്രശസ്ത ചിത്രകാരന് ചിത്തപ്രസാദ് രൂപകല്പന ചെയ്ത പെരുമ്പറ കൊട്ടുകാരനാണ് ഇപ്റ്റയുടെ ലോഗോ.
ഇന്ത്യയില്‍ ജനകീയ നാടക പ്രസ്ഥാനത്തിന്റെ മര്‍മപ്രധാന ഭാഗമായി അറിയപ്പെടുന്ന ഇപ്റ്റ ആദ്യമായി അവതരിപ്പിച്ചത് ‘ഭാരത് കീ ആത്മ’, ‘അമ ഭാരത്’ എന്നീ നൃത്ത നാടകങ്ങളായിരുന്നു. പിന്നീട് നിരവധി വേദികളിലായി അവതരിപ്പിച്ച പ്രശസ്ത നാടകങ്ങളാണ് നബന്ന, ദേശാസാഠി, ജബാന്ബന്ധി എന്നിവ.
ഇപ്റ്റയ്ക്ക് രൂപം നല്‍കുേമ്പാള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വ്യക്തമായ ചില ധാരണകളും ഉദ്ദേശ്യലക്ഷ്യങ്ങളും ഉണ്ടായിരുന്നു. സാമൂഹിക പ്രതിബദ്ധതയുടേയും ദേശീയ അഖണ്ഡതയുടേയും ബോധവത്കരണത്തിനായി നാടകമെന്ന കലാരൂപത്തെ പ്രയോജനപ്പെടുത്തി അതുവഴി നാടകത്തെ ജനകീയമാക്കിത്തീര്ക്കുക എന്നതായിരുന്നു അതില്‍ പ്രധാനം. ആ ദൗത്യത്തിന്റെ വികാരതരംഗങ്ങള്‍ ഭാരതത്തിലുടനീളം വ്യാപിപ്പിച്ച് വിജയിക്കുകയും ചെയ്തു അവര്‍. അതോടൊപ്പംതന്നെ അതുവരെ ഇന്ത്യന്‍ നാടക സങ്കല്പത്തെക്കുറിച്ച് നിലവിലുണ്ടായിരുന്ന ധാരണകള്‍ തിരുത്തിയെഴുതാനും അവര്‍ക്ക് കഴിഞ്ഞു. അങ്ങനെ നാടകസംവേദനത്തിെന്റ പുതിയൊരു ശൈലി അല്ലെങ്കില്‍ അദ്ധ്യായം തന്നെ രചിക്കപ്പെട്ടപ്പോള്‍ സ്വാതന്ത്ര്യം, സാമൂഹിക-സാമ്പത്തിക നീതി, ജനാധിപത്യപരമായ സംസ്കാരം എന്നിവയ്ക്കായി ദാഹിച്ച ഒരു ജനതയുടെ വാക്കും നാക്കുമായി നാടകകല ഉയരുകയും ചെയ്തു. ബിജോന്‍ ചക്രവര്‍ത്തി, പണ്ഡിറ്റ് രവിശങ്കര്‍, ഉത്പല്‍ ദത്ത്, സലീല്‍ ചൗധരി, ഋത്വിക് ഘട്ടക്ക്, കേയ്ഫി ആസ്മി, ഭീഷ്മ സാഹ്നി, സഫ്ദര്‍ ഹാഷ്മി, ഹബീബ് തന്‍വീര്‍ തുടങ്ങിയ പ്രഗത്ഭരുടെ ഒരു വന്‍ നിര തന്നെ അഖിലേന്ത്യാ തലത്തില്‍ ഇപ്റ്റയുടെ ആദ്യകാല അംഗങ്ങളില്‍ ചിലരായിരുന്നു. എന്നാല്‍ 1947ല്‍ പലവിധ കാരണങ്ങളാല്‍ ഇപ്റ്റ പിരിച്ചുവിട്ടു. എങ്കിലും അതിന്റെ മുംബൈ ഘടകവും അതുപോലെ തന്നെ അന്യ സംസ്ഥാനങ്ങളിലെ പ്രതിബദ്ധതയുള്ള മറ്റു പല ഘടകങ്ങളും അവയുടെ ചരിത്രപരമായ ദൗത്യം തുടരുകതന്നെ ചെയ്തു. ഇപ്റ്റയാണ് കേരളത്തില്‍ കെപിഎസിയുടെ രൂപീകരണത്തിന് മാതൃകയോ പ്രചോദനമോ ആയതെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും പിന്നീട് കേരളത്തിലും ഇപ്റ്റയുടെ യൂണിറ്റ് അല്ലെങ്കില്‍ ശാഖയ്ക്ക് തുടക്കം കുറിക്കുകയാണ് ചെയ്തത്.
ഇങ്ങനെ രാജ്യത്തെ മൂല്യാധിഷ്ഠിത നാടക പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ നിന്നുകൊണ്ടുള്ള ഏഴര പതിറ്റാണ്ടു കാലത്തെ ജൈത്രയാത്രയ്ക്കിടയില്‍ നൂറില്‍പരം നാടകങ്ങളാണ് രാജ്യത്തിനകത്തും പുറത്തുമായുള്ള ഒട്ടനവധി വേദികളിലായി ഇപ്റ്റ അവതരിപ്പിച്ചിട്ടുള്ളത്. ദരിന്തെ… ദ വില്ലന്‍സ്, ഏക് ഥാ ഗധ്ധ, ആഖ്രി ഷമ, സഫേദ് കുണ്ഡലി, ബക്കരി, ആഫ്രിക്ക ജവാന് പരേശാന്‍, ഏക് ഔര്‍ ദ്രോണാചാര്യ, ഹോറി, ലോക് കഥ,ഷത്രജ്ഞ്ജ് കെ മൊഹ്രെ എന്നീ നാടകങ്ങള്‍ അവയില്‍ ചിലത് മാത്രം. രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് പുനരാഖ്യാനം നല്‍കാനുള്ള അന്വേഷണങ്ങള്‍ക്കൊപ്പം സമൂഹത്തിന്റെ സാംസ്കാരികമായ ഉണര്‍വിലും ഉന്മേഷത്തിലും ആ നാടക പ്രസ്ഥാനത്തിന്റെ വേരുകളാണ്ട് കിടക്കുന്നതായി അതിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ കാണാം. കേവലം നാടകാവതരണത്തില്‍ മാത്രം ഒതുങ്ങിനില്ക്കാതെ സിനിമ, സംഗീതം, നൃത്തം, ടെലിവിഷന്‍ തുടങ്ങിയ മറ്റ് മേഖലകളിലേക്കും ഇപ്റ്റയുടെ പ്രവര്‍ത്തനങ്ങള്‍ അധികം വൈകാതെ തന്നെ വ്യാപിച്ചു. അങ്ങനെയാണ് ഇപ്റ്റയുടെ ബാനറില്‍ ഇന്ത്യയിലെ ആദ്യത്തെ റിയലിസ്റ്റിക് സിനിമയായ ധര്‍ത്തീ കെ ലാല്‍(1946) പുറത്തിറങ്ങിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ ചിത്രത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം ഇപ്റ്റയുമായി ബന്ധമുള്ളവരായിരുന്നു. ഉദാഹരണമായി കെ.എ. അബ്ബാസ്, ബിജോന്‍ ചക്രവര്‍ത്തി, കൃഷന് ചന്ദര്‍, അലി സര്‍ദാര്‍ ജാഫ്രി, പ്രേം ധവന്, ജംനാദാസ് കപാഡിയ, ബല്‍രാജ് സാഹ്നി എന്നിവര്‍.