പ്രാന്തവത്കരിക്കപ്പെട്ടവരുടെ ജീവിതാഖ്യാനങ്ങൾ ചരിത്ര
ത്തിന്റെ ഭിന്നപാഠങ്ങളായും മാനകീകരിക്കപ്പെട്ട സാമാന്യപാഠങ്ങ
ളുടെ പൊളിച്ചെഴുത്തുകളായും പരിണമിക്കുന്നു. ”കീഴാളത്തത്തെ
സംബന്ധിച്ച് ബൗദ്ധികമായൊരു ചരിത്രം ഉണ്ടായിട്ടില്ല. ഒരിക്കലും
ഉണ്ടാവുകയുമില്ല. കാരണം അസദൃശ്യമായ വായനകളുടെ പ്രാദേശികമായ
ഭൂമികയിലാണത് ജീവിക്കുന്നത് (ഡേവിഡ് ലൂഡൻ,
2007: 27). പ്രാദേശികമായ ഭൂമികയിൽ രൂപം കൊള്ളുന്ന പാഠഭേദ
ങ്ങൾ പുലർത്തുന്ന ബഹുസ്വരതയുടെ പശ്ചാത്തലത്തിലാണ്
2011-ൽ പ്രസിദ്ധീകരിച്ച രാജു കെ. വാസുവിന്റെ ‘ചാവുതുള്ളൽ’
എന്ന നോവൽ പ്രസക്തമാകുന്നത്.
മധ്യതിരുവിതാംകൂർ പ്രദേശങ്ങളിൽ നിന്ന് കാഞ്ഞിരപ്പള്ളി
മുതലുള്ള കിഴക്കൻമേഖലകളിലേക്ക് കുടിയേറിയ പുലയന്മാരുടെ
ജീവിതമാണ് ‘ചാവുതുള്ളൽ’ എന്ന നോവലിൽ ആവിഷ്കരിച്ചി
രിക്കുന്നത്. ഏറ്റുമാനൂർ, അതിരമ്പുഴ, നീണ്ടൂർ പ്രദേശങ്ങളിലെ
പാടശേഖരങ്ങളിൽ പണിയെടുത്തിരുന്ന കർഷകർ തോട്ടംപണി
ക്കായി കിഴക്കൻ മേഖലകളിലേക്ക് പുറപ്പെടുന്നു. കാഞ്ഞിരപ്പള്ളി
യിലെ മുതലാളിമാരുടെ റബർത്തോട്ടങ്ങളിലും കിഴക്കൻമേഖലകളിലെ
സായ്പൻമാരുടെ തോട്ടങ്ങളിലും പണി തേടിച്ചെല്ലുകയും
അവിടെ കുടിയേറുകയും ചെയ്യുന്നു. പുലയന്മാരുടെ മൂപ്പനായ
കറുമ്പന്റെയും മക്കളായ നീലന്റെയും കൊമ്പന്റെയും നാട്ടിലെ
ജീവിതവും നീലന്റെയും കൂട്ടുകാരുടെയും കുടുംബങ്ങളുടെ
കാഞ്ഞിരപ്പള്ളിയിലെ വാസവും നീലന്റെ മകൻ പൊടിയന്റെ
കിഴക്കുള്ള സായ്പിന്റെ തോട്ടത്തിലെ ജീവിതവും ആവിഷ്കരി
ക്കുന്ന രീതിയിലാണ് ‘ചാവുതുള്ളൽ’ എന്ന നോവലിന്റെ പ്രമേയം
രൂപപ്പെടുന്നത്. ഇതിനോട് ചേർന്ന് നിരവധി അടരുകളായി
നിലകൊള്ളുന്ന മിത്തും ചരിത്രവും ഉപകഥകളുമൊക്കെയാണ്
നോവലിന്റെ ആഖ്യാനത്തിന് മിഴിവ് പകരുന്നത്.
കീഴാളജീവിതത്തിന്റെ സംഘർഷാത്മകവും വ്യത്യസ്തവുമായ
മാനങ്ങളെ അടയാളപ്പെടുത്തുവാൻ നോവലിന് സാധിക്കുന്നുണ്ട്.
മധ്യതിരുവിതാംകൂർ പ്രദേശത്തെ പുലയരുടെ ആചാരം, അനുഷ്ഠാനം,
വിശ്വാസം, ഭക്ഷണം, വസ്ത്രം, ഭാഷ തുടങ്ങിയവയെ
സംബന്ധിച്ച സാംസ്കാരികചിഹ്നങ്ങൾ നോവലിൽ പതിഞ്ഞുകി
ടപ്പുണ്ട്. ‘ചാവുതുള്ളൽ’ എന്ന നോവൽ ശീർഷകം തന്നെ പുലയരുടെ
മരണാനന്തര കർമങ്ങളുമായി ബന്ധപ്പെട്ട ആചാരത്തെയാണ്
പ്രതിനിധാനം ചെയ്യുന്നത്. മരിച്ചതിന്റെ പതിനാറാം നാൾ വേലത്താന്റെ
നേതൃത്വത്തിൽ മരിച്ചുപോയവരെ ‘വെട്ടത്തുവരു
ത്തുന്ന’ ചടങ്ങാണ് ‘ചാവുതുള്ളൽ’. മരിച്ചുപോയയാളിന്റെ ചാവ്
ഇഷ്ടമുള്ളയാളിന്റെ ദേഹത്തുകൂടുകയും അയാളിലൂടെ സംസാരി
ക്കുകയും അങ്ങനെ സംസാരിക്കുന്നവർക്ക് മേൽഗതിയുണ്ടാവുകയും
ചെയ്യുമെന്ന വിശ്വാസമാണ് ചാവുതുള്ളലിലുള്ളത്.
കറുമ്പൻ മൂപ്പന്റെ ചാവ് കൊച്ചുമകൻ പൊടിയനിലൂടെയാണ്
സംസാരിക്കുന്നത്. നോവലിന്റെ അന്ത്യത്തിൽ പുലയസമുദായ
ത്തിലെ പുതുതലമുറയുടെ പ്രതിനിധിയായി വിദ്യാസമ്പന്നനായ
പൊടിയൻ പ്രത്യക്ഷനാകുന്നതോടെ ഈ വിശ്വാസം നോവലിൽ
ഫലവത്താകുന്നു. പരേതാത്മാക്കളെ കുറിച്ചുള്ള ദൃഢമായ
വിശ്വാസം ഈ നോവലിന്റെ അടിത്തറയാണ്. ജീവിതത്തിന്റെ
പ്രതിസന്ധിഘട്ടങ്ങളിൽ പിതാവായ കറുമ്പന്റെ അദൃശ്യസാ
ന്നിദ്ധ്യം നീലൻ അനുഭവിച്ചറിയുന്നുണ്ട്. നീലൻ കാളിയുമായി
പുലർത്തുന്ന അവിഹിത ബന്ധം വിസ്മയകരമാംവണ്ണം ആഴമു
ള്ളതായി നോവലിൽ ആവിഷ്കരിക്കുന്നുണ്ട്. എന്നാൽ പണ്ടു
ജീവിച്ചിരുന്ന കാളിയെന്ന പെണ്ണിന്റെ പ്രേതാത്മാവാണ് നോവലിൽ
പ്രത്യക്ഷമാകുന്നതെന്ന് അവസാനം വ്യക്തമാകുന്നു.
കോന്നൻതമ്പ്രാൻ അപ്പനേയും കാമുകനേയും കൊന്നതിൽ പ്രതി
ഷേധിച്ച് അയാളെ കൊടുവാളെടുത്ത് വെട്ടിക്കൊല്ലുന്ന പെണ്ണാണ്
പൂർവജന്മത്തിലെ കാളി. പിന്നീട് നിരവധി സന്ദർഭങ്ങളിൽ
പ്രേമിക്കുന്നവർക്ക് (കണ്ടൻ, മാണി) തുണയാകുന്നവളായും
പ്രേമിക്കുന്നവനെ തേടിയലയുന്നവളായും (കുഞ്ഞുലക്ഷ്മി)
കാളി നോവലിൽ പ്രത്യക്ഷമാകുന്നു. ‘ആത്മാക്കളുടെ സഞ്ചാരം’
എന്ന വിശ്വാസത്തെ മുഖ്യധാരാ ആവിഷ്കരണങ്ങളിലെ ആസുരഭാവത്തെ
പൂർണമായും വെടിഞ്ഞ്, ഒരു ജനതയുടെ ഭൂതകാലോ
ർജമായി ഈ നോവലിൽ ആഖ്യാനം ചെയ്യുന്നു. പൂതം, മാടൻ,
മറുത, തെയ്യം തുടങ്ങിയവയിലുള്ള വിശ്വാസം തങ്ങളുടെ വേരുകളാണെന്നു
കരുതുന്ന ജനത, തങ്ങളുടെ കുടിയേറ്റങ്ങളിൽ അതു
കൈമോശം വരാതെ സൂക്ഷിക്കുന്നു. മാടൻകല്ലും പതികല്ലുമൊക്കെ
ജീവിതത്തിന്റെ ഭാഗമാക്കുന്ന മനുഷ്യരുടെ കഥയാണ്
‘ചാവുതുള്ളൽ’.
വസ്ത്രം ഒരു സാംസ്കാരിക പ്രതിനിധാനമായി നോവലിൽ
കടന്നുവരുന്നുണ്ട്. മാറുമറയ്ക്കാത്ത കീഴാള സ്ത്രീകളുടെ ചിത്രമാണ്
മധ്യതിരുവിതാംകൂറിലെ പാടശേഖരങ്ങളിൽ നിറയുന്നത്.
‘തന്റെ പ്രായമുള്ള കുഞ്ഞു തമ്പ്രാട്ടിമാർ പളപളാ മിന്നുന്ന കുപ്പായോം
മാലേം കമ്മലും വളയുമിട്ടോണ്ടു നടക്കുന്നു. പുലേന്മാർക്ക്
ഇതൊന്നും പറഞ്ഞിട്ടില്ല. മാടനും മറുതയും കാളനും കൂളനും
എല്ലാം കോപിക്കും. പല്ലിളിയൻ ഇളിച്ചു കാണിച്ചു പേടിപ്പിക്കും’
(50) എന്നു മൈലന്റെ മകൾ ചിരുതയുടെ വിചാരങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്.
അതേ കാലഘട്ടത്തിൽത്തന്നെ കാഞ്ഞിരപ്പള്ളി
യിൽ പണിക്കുപോകുന്ന നീലനും ചിന്നനുമൊക്കെ തങ്ങളുടെ
സ്ത്രീകൾക്കായി ബ്ലൗസ് തയ്ക്കാനുള്ള തുണിയും കൊണ്ടാണ്
നാട്ടിലേക്ക് വരുന്നത്. ഇതേ സന്ദർഭത്തിൽ നാട്ടിലെ നായർ
സ്ര്തീകൾ ബ്ലൗസ് ധരിച്ചിരുന്നതായി ചിരുതയുടെ വിചാരത്തിലുണ്ട്.
എരണയ്ക്കാട്ടു മനയിലെ കൊച്ചെമ്പ്രാന്റെ ഭാര്യ തേതി മറക്കുടയും
ഘോഷയും ബഹിഷ്കരിച്ച് മുണ്ടും ജംബറുമിട്ട് സ്വതന്ത്രസ്ര്തീ
യുടെ പ്രതിനിധാനമായി നോവലിന്റെ അവസാനത്തിൽ കടന്നുവരുന്നു.
പുരുഷന്റെ വേഷം നോവലിൽ പ്രാധാന്യമുള്ള പരാമർ
ശത്തിന് വിധേയമാകുന്നില്ല എന്നതും വസ്ത്രപരിണാമത്തിലെ
ലൈംഗികതയുടെ രാഷ്ട്രീയത്തെയാണ് സൂചിതമാക്കുന്നത്.
‘വേല ചെയ്യാതെ പെലേനു ജീവിക്കാൻ പറ്റില്ല മിഞ്ചം
തിന്നാനും കാലാപെറുക്കാനും അവനെ കിട്ടില്ല’ (128) എന്ന
അദ്ധ്വാനത്തിന്റെ ആപ്തവാക്യം നിരന്തരം ഓർമിപ്പിക്കുന്ന
‘ചാവുതുള്ളൽ’ അദ്ധ്വാനിക്കുന്നവന്റെ ഭക്ഷണസംസ്കാരത്തെ
വ്യത്യസ്തതയോടെ ആവിഷ്കരിക്കുന്നു. ജോലി ചെയ്തു കൂലിയായി
കിട്ടുന്ന ‘പടിനെല്ല്’ കൊടുത്ത് കപ്പയും കള്ളും വാങ്ങി കൂരയി
ലേക്കു പോകുന്ന വള്ളിയെ (കറുമ്പന്റെ രണ്ടാം ഭാര്യ) അവതരി
പ്പിച്ചുകൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. നെൽപാടത്ത്
അദ്ധ്വാനിക്കുകയും കൂലി നെല്ലായി കിട്ടുകയും ചെയ്ത കർഷക
ർക്ക് മതിയാവോളം കഴിക്കുവാൻ കിഴങ്ങുവർഗങ്ങൾതന്നെയാണ്
ഉണ്ടായിരുന്നത്. ‘തൊണ്ടിട്ട് അനത്തിയ കാപ്പിയും’, ‘ചക്കക്കുരുവും
ഉണക്കുകപ്പയും മീനും ചേർത്തു മുളകിട്ടു വേവിച്ചെടുത്ത
പുഴുക്കും’ (55), ‘ചെറുമീൻ ഉപ്പും മുളകും പുളിയും ചേർത്ത്
വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിലെ ചുടു ചാരത്തിനടിയിലിട്ട്
വേവിച്ചെടുത്തതും’, ‘കാന്താരി ഞെട്ടുകളഞ്ഞ് അടപ്പുചട്ടിയിലിട്ട്
ഉപ്പുകല്ലും കൂട്ടി തവിച്ചിരട്ടകൊണ്ടരച്ച് രണ്ടുതുള്ളി എണ്ണ വീഴ്ത്തി
വടിച്ചുകൂട്ടി ഞെരുടി’ കള്ളിന്റെ കൂടെ തൊട്ടുനക്കുന്നതും
വിവരിച്ചുകൊണ്ട് നാട്ടുഭക്ഷണത്തിന്റെ രുചികളെ സംസ്കാരിക
ചിഹ്നങ്ങളായി പരിണമിപ്പിക്കുന്നു.
അന്യം നിന്നുപോയ കീഴാളഭാഷയുടെ സാദ്ധ്യതകളെ തിരിച്ചുപിടിക്കുവാനുള്ള
ശ്രമം നോവലിലുടനീളമുണ്ട്. ‘ഞാൻ’ എന്ന
ഉത്തമപുരുഷ സർവനാമത്തിന് ഏൻ എന്ന പൂർവരൂപമാണ്
സ്വീകരിച്ചിരിക്കുന്നത്. ദ്രാവിഡാക്ഷരങ്ങൾ മാത്രം ഉപയോഗിച്ചു
ള്ള പ്രയോഗങ്ങൾ രണ്ട് തലമുറയുടെ സംഭാഷണത്തിൽ ധാരാളമായി
കടന്നുവരുന്നുണ്ട്. ഇതിൽ ഭൂരിപക്ഷം വാക്കുകളുടെയും
അർത്ഥം അതാതുപേജിന്റെ അടിക്കുറിപ്പിൽ ചേർത്തിട്ടുണ്ട്. ഉദാ:
വാള (വാഴ), മീച (മീശ), തൊത്തം (സ്വസ്ഥം), ചീണം (ക്ഷീണം),
രാശാവ് (രാജാവ്), ആകായം (ആകാശം), പൂമി (ഭൂമി), മനതി
(മനസി). സംബോധനാശബ്ദങ്ങളിലും ഇത്തരം സവിശേഷ
പ്രയോഗങ്ങൾ കാണാം. അമ്മൻ (അപ്പൻ), അമ്മി (അമ്മ),
പൊഞ്ചാനി (ഭാര്യ) തുടങ്ങിയ പദങ്ങൾ നോവലിൽ കടന്നുവരു
ന്നു. ദളിത് ജീവിതത്തിന്റെ അടിത്തറയിലേക്ക് കടന്നുചെല്ലാൻ
സഹായിക്കുന്ന പദസൂചകങ്ങൾ ധാരാളമായി നോവലിലെ
സംഭാഷണത്തിൽ ചിതറിക്കിടപ്പുണ്ട്. മിഞ്ചംതീനി, കാലാപെറു
ക്കി, എച്ചിലുതീനി എന്നു നീളുന്ന പരിഹാസ സൂചനകൾ പൊലയന്റെ
ആത്മാഭിമാനമുള്ള ജീവിതത്തിൽനിന്ന് മറ്റുള്ളവർക്കു
നേരെ ഉയരുന്നതാണ്. കീഴാളജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുവാൻ
സഹായിക്കുന്ന നാട്ടുചൊല്ലുകളുടെ ഒരു സഞ്ചയം തന്നെ
ഈ നോവലിലുണ്ട്. ‘തീക്കുവന്നവൻ തീ കെടുത്തിപ്പോയി’,
‘മണ്ണാത്തി കീച്ചി വായി പൊറിച്ചെന്നു പറഞ്ഞാമതി’, ‘മട്ടാൻ
പറഞ്ഞാൽ മരാലു കേൾക്കുമോ’, ‘തമ്പ്രാൻ മരത്തിക്കണ്ടാ ഏൻ
മാനത്തു കാണും’, ‘മുന്നാഴി നെല്ലിനു മൂഞ്ചാൻ പോയി മുപ്പറ
നെല്ലു പന്നി കൊണ്ടോയി’, ‘കുഞ്ചൻ നായരും കുരുത്തോലച്ചൂട്ടും
എടയ്ക്കിട്ട് ചതിക്കും’ തുടങ്ങിയ ചൊല്ലുകൾ കീഴാളജീവിതത്തി
ന്റെ പ്രതിനിധാനങ്ങളായും അവരുടെ മേലാളജീവിത നിരീക്ഷണ
ങ്ങളും മുന്നറിയിപ്പുകളുമായും നിലകൊള്ളുന്നവയാണ്. ചാവ്
(ഒന്ന്), തോവ് (രണ്ട്), തിലവ് (മൂന്ന്), പാത്ത് (നാല്), തട്ടൽ
(അഞ്ച്), തടവൽ (ആറ്), ഞൊളയ്ക്കുൻ (ഏഴ്), തായാൻ
(ഒമ്പത്) പൊലിവ് (പത്ത്) പൊലിചാവ് (പതിനൊന്ന്) എന്ന
ക്രമത്തിൽ പാത്തുപൊലി തായാൻ (നാൽപത്തി ഒമ്പത്) എന്ന്
ദളിത് ഭാഷയിലെ അക്കങ്ങളെ അദ്ധ്യായങ്ങളുടെ ശീർഷകമായി
നോവലിൽ ചേർക്കുന്നു. കൈമോശം വന്നുപോയ സാംസ്കാരി
ക ചിഹ്നങ്ങളെ തിരിച്ചുപിടിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാനുള്ള
വാഞ്ഛയുടെ തെളിച്ചം ചാവുതുള്ളലിലെ ഭാഷയെ
പ്രതീകാത്മകമാക്കുന്നു.
നോവലിലെ ആലങ്കാരിക ഭാഷയിൽ പ്രകടമാകുന്ന വരേണ്യ
വിരുദ്ധമായ സൗന്ദര്യബോധം ശ്രദ്ധേയമാണ്. വള്ളിയും ചീരനും
തമ്മിലുള്ള രഹസ്യസംയോഗം വിവരിക്കുന്ന ഘട്ടത്തിൽ കീഴാള
ലാവണ്യ ശാസ്ത്രത്തിന്റെ സൂക്ഷ്മവിന്യാസം സാദ്ധ്യമാക്കുന്നു
ണ്ട്. ‘വരാലിനെ പോലെ വഴുതുകയും പരൽമീനിനെ പോലെ
നീന്തുകയും നെറ്റിപ്പൊട്ടനെ പോലെ പതയ്ക്കുകയും നീർക്കോലിയെപോലെ
പുളയുകയും’ എന്നാണ് വള്ളിയെ സാമ്യപ്പെടുത്തി
യിരിക്കുന്നത്. ‘കാക്കിരി പൂക്കിരി പിള്ളാരു ചിക്കീം ചെക്ഞ്ഞും
നടന്നു’ എന്ന കോഴിക്കുഞ്ഞുങ്ങളെ ഓർമിപ്പിച്ചുകൊണ്ടാണ്
കുഞ്ഞുങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നീലന്റെ അന്ത:സംഘ
ർഷത്തെ ദ്യോതിപ്പിക്കാൻ ‘മനകൊളവി മൂളിപ്പറക്കുന്നു’ എന്ന്
നിരവധി തവണ പരാമർശിക്കുന്നുണ്ട്. നീർക്കോലിയും നെറ്റി
പ്പൊട്ടനും, കൊളവിയും കോഴിക്കുഞ്ഞുങ്ങളുമുൾക്കൊള്ളുന്ന
തിര്യക് ബിംബങ്ങൾ ദളിത് ജീവിതാനുഭവങ്ങളുടെ കഠിനതകളെ
ആവിഷ്കരിക്കുന്നതിനു പര്യാപ്തമാകുന്നു.
കീഴാള സൗന്ദര്യസങ്കല്പനം വരേണ്യവഴക്കങ്ങളെ കീഴ്മേൽ
മറിച്ചുകൊണ്ട് നോവലിൽ പ്രസ്ഫുരിക്കുന്നുണ്ട്. ‘എണ്ണക്കറു
പ്പിന്റെ വശ്യചർമം, കരിങ്കല്ലിൽ കൊത്തിയെടുത്ത മുലകൾ,
ഇത്തിരി കൂറയിലേയ്ക്ക് ഒഴുകി ഒളിക്കുന്ന വയറ്, കൂറയ്ക്കുള്ളിൽ
വിരിഞ്ഞിറങ്ങുന്ന അരക്കെട്ട്, കടഞ്ഞെടുത്ത കൈകാലുകൾ’
(196) എന്ന കാളിയുടെ വിവരണത്തിലും ദ്വന്ദ്വാത്മക വൈരു
ദ്ധ്യത്തെ വിനിർമിതിക്കു വിധേയമാക്കുന്ന ലാവണ്യബോധത്തേ
യാണ് ആവിഷ്കരിക്കുന്നത്. എന്നാൽ ശരീരം മാത്രമായി
പെണ്ണിനെ അടയാളപ്പെടുത്തുന്ന നിരവധി ഘട്ടങ്ങൾ നോവലിൽ
സ്ഥാനം പിടിക്കുന്നുണ്ട്.
കീഴാളജീവിതത്തിലെ സ്ത്രീപുരുഷബന്ധങ്ങളുടെ വ്യത്യസ്തതയെ
നോവൽ കൃത്യമായി കോറിയിടുന്നുണ്ട്. മുഖ്യധാരാജീവിത
ത്തിലെ സദാചാരസങ്കല്പനങ്ങളിൽ നിന്ന് തികച്ചും ഭിന്നമായൊരു
മൂല്യസങ്കല്പനമാണ് അവർ പുലർത്തുന്നത്. വള്ളി ചീരനോടൊപ്പം
ഒളിച്ചോടുന്നെങ്കിൽ ആകട്ടെ എന്നു കരുതുന്ന ചിന്തയാണ്
ഭർത്താവായ കറുമ്പൻമൂപ്പനിലുള്ളത്. ”ഇഷ്ടത്തിലായവർ
വേറെ വഴിയില്ലെങ്കിൽ ഒളിച്ചോടും. നാടുവിടുന്നത് നാട്ടുനടപ്പാണ്.
പെലേർക്ക് അത് തെറ്റായി തോന്നില്ല……. ആണും പെണ്ണുമായി
കെട്ടീം പെണഞ്ഞും പെറ്റും പെരുകീം ജീവിക്കാൻ പറ്റില്ലെങ്കിൽ
അതിനു പാങ്ങുള്ളവർ തമ്മിൽ ഇഷ്ടത്തിലാകും, ഒളിച്ചോടും.
അതു നീതിക്കു നിരക്കുന്നതാണ് നീതി തന്നെയാണ്” (27). ചീരന്റെയും
വള്ളിയുടെയും ഒളിച്ചോട്ടത്തെ നാട്ടുകാർ ഇപ്രകാരമാണ്
കാണുന്നത്. നീലന്റെ ഭാര്യ അഴകിയെ കൊച്ചാലൻ കീഴടക്കിയ
സംഭവത്തെക്കുറിച്ചുള്ള ആലോചനയിലും സ്ര്തീപുരുഷബ
ന്ധത്തെ സംബന്ധിച്ച് ഭിന്നമായ സങ്കല്പനം കടന്നുവരുന്നുണ്ട്.
”ആണുങ്ങളോടു കമ്പം തോന്നിയാൽ ബന്ധം വിട്ടുപോകുന്ന
തിൽ തടസ്സമൊന്നും ഇല്ല. പക്ഷെ ഒരാളെ തെരഞ്ഞെടുത്താൽ
വിശ്വസ്തത പുലർത്തണം. കഴിയില്ലെങ്കിൽ ബന്ധം പിരിയണം
എന്നതാണ് പുലയർക്കിടയിലെ നിയമം….. പെണ്ണുങ്ങളുടെ തെറ്റ്
ആണുങ്ങളുടേതിനെക്കാൾ കൂടുതലല്ല. കാർന്നോന്മാരും മൂപ്പന്മാരും
അതിന്റെ തൂക്കം നോക്കാൻ പോയാൽ പെണ്ണുങ്ങളുടെ വായി
ൽനിന്നു കേട്ടു തോറ്റു തുന്നം പാടും” (123). ലൈംഗികരാഷ്ട്രീ
യത്തെ തിരിച്ചറിയുന്ന ഇത്തരം പരാമർശം നോവലിലുണ്ട്.
എന്നാൽ വിവാഹിതനായ പുരുഷൻ പരസ്ത്രീയെ തേടുന്നത്
സർവസാധാരണമെന്ന നിലയിൽ നോവൽ അവതരിപ്പിക്കുമ്പോഴും
(നീലൻ – കാളി, ചിന്നൻ – ചീത, കത്രീന) അഴകിയെ
സൂത്രത്തിൽ കൊച്ചാലൻ കീഴടക്കിയ വാർത്ത അറിയുന്ന നീലൻ
ക്രുദ്ധനായാണ് പെരുമാറുന്നത്. അതിരമ്പുഴയിലെ കാളി,
പെണ്ണിന്റെ സ്വാശ്രയബോധത്തിന്റെയും സ്വതന്ത്രനിലപാടുകളുടെയും
പ്രതിരോധത്തിന്റെയും പ്രതീകമാകുന്നുവെങ്കിലും നോവലിന്റെ
അന്ത്യത്തിൽ കാളിയൊരു പ്രേതാത്മാവാണെന്നു സ്ഥാപി
ക്കുന്നതിൽ അതു ചുരുങ്ങിപ്പോകുന്നു. കീഴാള സ്ത്രീശക്തിയുടെ
പ്രതീകമായി വളർത്തിയെടുക്കാവുന്ന കഥാപാത്രമായിരുന്നു
കാളി. സ്ത്രൈണലൈംഗികതയുടെ സ്വച്ഛന്ദാവിഷ്കാരത്തോടുള്ള
ഭയം വള്ളിയുടെ മരണത്തിലും കാളിയുടെ ആത്മാവായുള്ള
തിരോധാനത്തിലും പ്രകടമാകുന്നുണ്ട്. സ്ത്രീയെ ശരീരമാത്രമായി,
കാമപൂർത്തിയുടെഅടയാളമായി അവതരിപ്പിക്കുമ്പോഴും
(അവളുടെ ലൈംഗികകർത്തൃത്വത്തെ സംബന്ധിച്ച നിയമാവലി
കൾ നിരത്തുന്നുവെങ്കിലും) നല്ല സ്ത്രീ / ചീത്ത സ്ത്രീ ദ്വന്ദ്വാത്മ
കതയുടെ അടിവേരുകൾ നോവലിൽ വേരു പടർത്തുന്നുണ്ട്.
കീഴാളസ്ത്രീയെ ഉപയോഗിക്കുന്ന മേൽവർഗത്തിനെതിരെയുള്ള
ശക്തമായ പ്രതിഷേധം ചിരുതയെ കൊച്ചമ്പ്രാൻ ബലാ
ത്സംഗം ചെയ്തതിനോടുള്ള രോഷാഗ്നിയായി നോവലിൽ ആളി
ക്കത്തുന്നുണ്ട്. ‘പെൺപണം’ എന്ന വ്യത്യസ്തമായ സമ്പ്രദായത്തെക്കുറിച്ചു
പരാമർശമുണ്ടെങ്കിലും കൂടുതൽ പെൺപണം
കൊടുത്തു വള്ളിയെ വൃദ്ധനായ കറുമ്പൻ സ്വന്തമാക്കുന്നതായി
‘ചാവുതുള്ളലി’ന്റെ ആരംഭത്തിൽ പരാമർശമുണ്ട്. കീഴാളസ്ത്രീ
അനുഭവിക്കുന്ന ഇരട്ട ചൂഷണത്തിന്റെ ആഴങ്ങളിലേക്കിറങ്ങുവാൻ
‘ചാവുതുള്ളലി’ൽ സാധിക്കുന്നില്ല.
ബദൽ ചരിത്രത്തിന്റെ സാദ്ധ്യതകളെ ആഖ്യാനത്തിന്റെ അടരുകളിലേക്ക്
സൂക്ഷ്മമായി വിന്യസിപ്പിക്കുന്ന നോവലാണ്
‘ചാവുതുള്ളൽ’. 18-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും 19-ാം
നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിലുമുള്ള കേരളചരിത്രത്തിന്റെ ഭിന്ന
പരിപ്രേക്ഷ്യത്തിലുള്ള വായന നോവലിന്റെ ആഖ്യാനത്തിൽ അടരുകളായി
പ്രത്യക്ഷമാകുന്നു. കാഞ്ഞിരപ്പള്ളിയുടെ പ്രാദേശിക
ചരിത്രത്തിന്റെ മറ്റൊരു മാനവും നോവലിൽ ആഖ്യാനം ചെയ്യു
ന്നു.
പൊതുധാരാവ്യവഹാരങ്ങളിൽ കടന്നുവരുന്ന കാഞ്ഞിരപ്പള്ളി
യുടെ സ്ഥലസങ്കല്പനങ്ങളെ തച്ചുടയ്ക്കുന്നൊരു ഭൂമികയാണ്
‘ചാവുതുള്ളലി’ൽ പ്രത്യക്ഷമാകുന്നത്. റബർമുതലാളിമാരുടെ
സമ്പന്നജീവിതത്തിന്റെ ഇടമായി തിരിച്ചറിഞ്ഞ പ്രദേശത്തെ,
അതിനു മറുപുറമായി നിലകൊണ്ട കുടിയേറ്റ പുലയന്മാരുടെ
ജീവിതത്തിലൂടെ ആവിഷ്കരിക്കുവാൻ നോവലിനു സാധിക്കു
ന്നു. ജാതിയിൽനിന്നുള്ള വിമോചനകാംക്ഷയിൽ ക്രിസ്തുമതത്തി
ലേക്കു പരിവർത്തനം ചെയ്ത കീഴാളവർഗത്തിന് അവിടെയും
അനുഭവിക്കേണ്ടിവന്ന അലിഖിത അയിത്തങ്ങളെ കുറിച്ചുള്ള
രേഖപ്പെടുത്തലുകൾ നോവലിലുണ്ട്. ‘തീണ്ടൽ ജാതിക്കാർ
ക്കായി മറ്റൊരു പള്ളി ഉണ്ടാക്കി അതു പെലപ്പള്ളി എന്നു വിളിക്ക
പ്പെട്ട’ എന്ന പരാമർശത്തിൽ ‘പുതുക്രിസ്ത്യാനി’കളുടെ മതത്തിലെ
ഇടമാണ് സൂചിതമാകുന്നത്. ഉദയംപേരൂർ സുന്നഹദോസിന്റെ
കാനോനിലെ സമത്വത്തെ കുറിക്കുന്ന ഭാഗത്തെ ആസ്പദമാക്കി
പാതിരി പള്ളിയിൽ പ്രസംഗിക്കുന്നതായി നോവലിൽ പരാമർശമുണ്ട്.
എന്നാൽ പ്രസംഗത്തിലെ സമത്വം എന്ന ആശയം ജീവിത
ത്തിലേക്ക് പ്രാവർത്തികമായി കടന്നുവരുന്നില്ല. ”സുറിയാനി
ക്രിസ്ത്യാനികൾ മറ്റൊരു പള്ളി വെച്ചു മാറിപ്പോയി. പിന്നെ അവശേഷിച്ചവർ
പെലേന്മാരും പറേരും മാത്രം. പുതുക്രിസ്ത്യാനികൾ”
(119). ഈ പരാമർശങ്ങളിലെല്ലാം ജാതിയുടെ അസാന്നിദ്ധ്യ
സാന്നിദ്ധ്യത്തെയാണ് പ്രകടമാക്കുന്നത്. സ്വന്തം നാട്ടിൽ എല്ലാ
തുറകളിലും ഉച്ചനീചത്വം അനുഭവിക്കേണ്ടിവന്ന (വഴിമാറി നടപ്പ്,
ഷാപ്പിലെ പെലച്ചട്ടി, പെലച്ചെരട്ട, വസ്ത്രധാരണത്തിലെ
വ്യത്യാസം) മനുഷ്യർക്ക് കുടിയേറിവന്ന കാഞ്ഞിരപ്പള്ളി താരതമ്യേന
സ്വാതന്ത്ര്യം നൽകുന്ന ഇടമായി മാറുന്നുണ്ട്.
കേരളത്തിന്റെ നവോത്ഥാന വഴിയിലെ കലാപങ്ങളുടെ
ഭിന്നമായൊരു മാനം നോവലിൽ ആവിഷ്കരിക്കപ്പെടുന്നു. അയ്യ
ങ്കാളിയുടെ നേതൃത്വത്തിലുള്ള സാധുജന പരിപാലനസംഘ
(ചങ്കം)ത്തിന്റെ പ്രവർത്തനങ്ങളിൽ ഒന്നുചേരുന്ന പുലയർക്കു
ണ്ടാകുന്ന വിമോചനബോധ്യങ്ങളുടെ ചരിത്രം നോവലിന്റെ
പ്രമേയത്തോടൊപ്പം ഇഴചേരുന്നു. സംഘത്തിന്റെ കൂട്ടായ്മകളി
ലൂടെ അയ്യങ്കാളിയുടെ സമരസന്നാഹങ്ങളെ ആവേശത്തോടെ
ദളിതർ സ്വീകരിക്കുന്നുണ്ട്. ”തെക്ക് ബാലരാമപുരം പട്ടണത്തിൽ
കത്തിയും എളിയിൽ തിരുകി ഒരു പെലേൻ വില്ലുവണ്ടി ഓട്ടിയെ
ന്ന്” എന്നു തുടങ്ങുന്ന അയ്യങ്കാളിയുടെ വില്ലുവണ്ടി സമരം ഉൾപ്പെ
ടെയുള്ള പ്രക്ഷോഭണ പരിപാടികൾ ദളിതരെ ആവേശം കൊള്ളി
ക്കുന്നു. രാത്രികാലങ്ങളിൽ കായൽ നടുവിൽ വള്ളത്തിലിരുന്ന്
സംഘക്കാർ യോഗം ചേരുന്നത് ഭിന്നമായൊരു സ്ഥലസങ്കല്പനത്തെ
ആവിഷ്കരിക്കുന്നു. ഇടം നഷ്ടപ്പെട്ടവർ കർത്തൃത്വം നേടി
യെടുക്കാൻ രൂപപ്പെടുത്തുന്ന നവമായ സ്ഥലസങ്കല്പനമാണിത്.
മുതിർന്ന പുലയന്മാരുടെ കഥകളിൽ ദേശനാമ ചരിത്രവും
വിരിയുന്നുണ്ട്. കടൽത്തുരുത്താണ് ‘കടുത്തുരുത്തിയായ’തെന്നും
തെക്കുംകൂറും വടക്കുംകൂറും ഒന്നായി കിടന്നിരുന്ന ദേശത്തെ
‘വെമ്പൊലിനാടെ’ന്നാണ് വിളിച്ചിരുന്നതെന്നുമുള്ള സ്ഥലനാമ
ചരിത്രം കഥകളിലൂടെ സൂചിതമാകുന്നു. ചാന്നാർ ലഹളയും,
കല്ലുമാല സമരവും, വൈക്കം സത്യാഗ്രഹവും, മലയാളി മെമ്മോറിയലും
സംഘത്തിന്റെ ചർച്ചകളിലൂടെ അവതരിപ്പിക്കുന്നു.
വൈക്കം ക്ഷേത്രത്തിന്റെ പൊതുവഴിയിലൂടെ നടന്ന ഈഴവരെ
വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തിലുള്ള വേലുത്തമ്പി
ദളവയുടെ കിങ്കരന്മാർ വെട്ടിയരിഞ്ഞു കുളത്തിലെറിഞ്ഞുവെന്ന
‘ദളവാക്കുളത്തെ’ക്കുറിച്ചുള്ള കഥയും നോവലിൽ കടന്നുവരുന്നു.
അയ്യങ്കാളിയുടെ പുതുചിന്തകൾ നൽകുന്ന ആവേശം നീലനെയും
പൊടിയനെയും അയിത്താചാരങ്ങൾക്കെതിരെ പോരാടാൻ
ശക്തമാക്കുന്ന സംഭവങ്ങൾ നോവലിലുണ്ട്.
കേരളത്തിന്റെ കിഴക്കൻ മേഖലകളിൽ റബർവ്യവസായം
പുരോഗമിക്കുന്നതിന്റെ ചിത്രം നോവലിൽ ചിതറിക്കിടക്കുന്നു.
യൂറോപ്യന്മാരുടെ തോട്ടത്തിലേക്കുള്ള ആവശ്യത്തിന് മഹാരാ
ജാവു വഴി നിർമിക്കുന്നതും കൊ.വ.1088-ൽ വാഹനങ്ങൾ ഓടാൻ
തുടങ്ങുന്നതുമുൾപ്പെടെയുള്ള റബർവ്യവസായത്തിന്റെ മാന
ങ്ങൾ ഇതിന്റെ കഥാഗതിയോട് ഇണക്കിച്ചേർക്കുന്നു. വ്യവസായ
വിപ്ലവത്തിന്റെ സാദ്ധ്യതകളും കമ്പോളത്തിന്റെ കയറ്റിറക്കങ്ങളും
പരാമർശിക്കുന്ന ഘട്ടത്തിൽ രൂപയുടെ വിനിമയമൂല്യവും പരാമ
ർശിക്കപ്പെടുന്നു. ‘പതിനാറു കാശ് – ഒരു ചക്രം, നാലു ചക്രം –
ഒരുപണം, ഏഴു ചക്രം – കാൽ രൂപ, പതിനാലു ചക്രം – അര രൂപ,
ഇരുപത്തി എട്ടു ചക്രം – ഒരു ബ്രിട്ടീഷ് രൂപ’ എന്ന കണക്ക് അന്ന
ന്നത്തേതുകൊണ്ടു ജീവിച്ചിരുന്ന പുലയന്മാരുടെ സാമ്പത്തിക
ജീവിതത്തിലെ മാറ്റങ്ങളെ കൂടി രേഖപ്പെടുത്താനുപയുക്തമാകുന്നു.
വിദ്യാഭ്യാസത്തിലൂടെ പുതുലോകം തിരിച്ചറിയുന്ന തലമുറയെ
ക്കുറിച്ചുള്ള പരാമർശം നോവലിലുണ്ട്. മതപരിവർത്തനം
കൊണ്ട് മകൾക്ക് വിദ്യാഭ്യാസം ലഭിക്കുമെന്നത് പുലയരായ
മതാപിതാക്കളെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചിരുന്നു. കറുമ്പ
ന്റെ കൊച്ചുമകനായ പൊടിയൻ കിഴക്കൻ മേഖലയിൽ തോട്ടപ്പ
ണിക്കു പോകുകയും നൈറ്റ് ക്ലാസുകളിലൂടെ ഇംഗ്ലീഷ് വിദ്യാഭ്യാസം
നേടുകയും ചെയ്യുന്നു. നോവലിന്റെ അന്ത്യത്തിൽ വിദ്യാഭ്യാസം
നേടിയ തേതി, അന്തർജനങ്ങളുടെ നവോത്ഥാനത്തിന്റെ
പ്രതീകമായി കടന്നുവരുന്നു. വി.ടി.യുടെ നാടകത്തിലൂടെയും
ഇ.എം.എസിന്റെ പ്രഭാഷണത്തിലൂടെയും പ്രചോദിതരാകുന്ന
നമ്പൂതിരി യുവജനങ്ങളെക്കുറിച്ചുള്ള പരാമർശം ഈ ഘട്ടത്തി
ലാണ് കടന്നുവരുന്നത്. പൊടിയനെയും എരണയ്ക്കാട്ടു മന
യ്ക്കലെ കൊച്ചുതമ്പുരാട്ടിയെയും സൗഹാർദത്തിലും സാഹോദര്യ
ത്തിലും വർത്തിക്കുവാൻ പ്രാപ്തരാക്കുന്നത് വിദ്യാഭ്യാസമാണ്.
കാഞ്ഞിരപ്പള്ളിയുടെ ചരിത്രം വിദ്യാഭ്യാസം നേടിയ പുതുതലമുറയുടെ
പ്രതീകമായ കുഞ്ഞപ്പനിലൂടെയാണ് ആഖ്യാനം ചെയ്യുന്ന
ത്. പാട്ടക്കാശു കൂട്ടിക്കൊടുക്കാൻ തീരുമാനിക്കുന്ന പള്ളിക്കമ്മി
റ്റിയിൽ എതിരഭിപ്രായം പറയുന്ന കോത്താഴത്തുകാരൻ ദൊമ്മി
നിയെ (ഡി.സി. കിഴക്കേമുറി) പ്രമാണിമാർ പള്ളിയിൽനിന്നിറക്കി
വിടുന്ന ചരിത്രവും നോവലിൽ കടന്നുവരുന്നു. 20-ാം നൂറ്റാണ്ടിന്റെ
പ്രാരംഭഘട്ടത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ കുഞ്ഞപ്പ
ന്റെയും ദൊമ്മിനിയുടെയും സംഭാഷണത്തിലൂടെയാണ് ആഖ്യാനം
ചെയ്യുന്നത്. ദൊമ്മിനി നൽകിയ പുസ്തകങ്ങൾ ആവേശത്തോടെ
വായിച്ച കുഞ്ഞപ്പൻ വായനയിലൂടെ വളർന്ന കാഞ്ഞി
രപ്പള്ളിയുടെ പുതുതലമുറയെയാണ് പ്രതിനിധാനം ചെയ്യുന്നത്.
പാഠാന്തരതകൾ (എഭളണറ ളണഷളഴടഫധളസ) നിറയുന്ന ആഖ്യാനമാണ്
ചാവുതുള്ളലിലുള്ളത്. നോവലിന്റെ കഥാഗതിയോട് ഇണങ്ങി
ച്ചേർന്നുകൊണ്ടാണ് ഈ പാഠങ്ങൾ കടന്നുവരുന്നതെന്നത്
നോവലിന്റെ ആഖ്യാനതന്ത്രത്തെ മികവുറ്റതാക്കുന്നു. രാഷ്ട്രീയം,
ചരിത്രം, സാമ്പത്തികം, സാമൂഹികം എന്നിങ്ങനെ നിരവധി മാന
ങ്ങളിലൂടെ കീഴാളജനജീവിതത്തിന്റെയും ഒരു പ്രദേശത്തിന്റെയും
കഥ ഫലവത്തായി ആഖ്യാനം ചെയ്യുവാൻ നോവലിനു സാധിച്ചി
ട്ടുണ്ട്.
നായകത്വത്തെ സംബന്ധിച്ച വ്യവസ്ഥാപിത സങ്കല്പനങ്ങളെ
തകർത്തുകളയുന്ന നോവലാണിത്. മൂന്നു തലമുറയുടെ കഥ
പറയുന്ന നോവലിൽ കറുമ്പൻ, നീലൻ, മൈലൻ, പൊടിയൻ
എന്നീ കഥാപാത്രങ്ങളോടൊപ്പം കാളിയും ചിരുതയും ദൊമ്മി
നിയും കുഞ്ഞപ്പനും തേതിയുമൊക്കെ ആഖ്യാനത്തിൽ അവരുടേതായ
സ്ഥാനം നിലനിർത്തുന്നു. നായികാനായക സങ്കല്പന
ത്തിന്റെ വിനിർമിതി നോവലിന്റെ കഥാപാത്രസൃഷ്ടിയിൽ
സാദ്ധ്യമാകുന്നുണ്ട്.
ആധികാരികമെന്നു കരുതുന്ന വരമൊഴിവഴക്കങ്ങളെ നിരസി
ച്ചുകൊണ്ട് വാമൊഴിചരിതങ്ങളിലൂടെ ആഖ്യാനം നിർവഹിക്കുന്ന
‘ചാവുതുള്ളൽ’ കീഴാള ലാവണ്യശാസ്ത്രത്തിന്റെ ശക്തി ഉൾക്കൊ
ള്ളുന്ന ആഖ്യാനതന്ത്രത്തെയാണ് പ്രത്യക്ഷമാക്കുന്നത്. വ്യത്യസ്ത
മായ ഭൂമികയും പ്രാദേശികചരിത്രവും ‘ചാവുതുള്ളലി’ന് സവിശേഷമായൊരു
മാനം നൽകുന്നു. ഭൂതകാലം, കാല്പനിക കഥനത്തി
നുമപ്പുറം ചരിത്രത്തിന്റെ ഉൽഖനനങ്ങളായി മാറുന്ന രാസപ്രക്രി
യയാണ് ‘ചാവുതുള്ളലി’ന്റെ ആഖ്യാനത്തിന് ദൃഢത പകരുന്നത്.
ഗ്രന്ഥസൂചി
1. Ludden David, 2002, ‘A Brief History of Sbalternity’ Subaltern
Studies (Ed.), Wimbledon Publishing Company, London.
2. രാജു കെ. വാസു, 2011, ചാവുതുള്ളൽ, ഡി.സി.ബുക്സ്,
കോട്ടയം.