കൗമാരകാലത്തോടെ ഓരോ പെൺകുട്ടിയും സ്വന്തവും സ്വതന്ത്രവുമായ
ഒരു ലോകം നിർമിക്കുന്നു. അനേകം നിയന്ത്രണങ്ങ
ളാലും ഉപദേശങ്ങളാലും തന്നെ സദാ ഉപദ്രവിക്കുന്ന ബാഹ്യസമൂഹത്തിൽനിന്നുള്ള
ഒരു മോചനമാണ് ഈ സ്വകാര്യ ലോക നിർ
മിതി. അവിടെ നിറയെ അതീവ സുന്ദരങ്ങളായ സ്വപ്നങ്ങളാൽ
നിറച്ച് ചില കഥാപാത്രങ്ങളോടൊപ്പം അങ്ങനെ നിർഭയം അവൾ
വാഴുന്നു. അതേകാലത്താണ് ഭാവന അതിരുവിട്ട് പറക്കാൻ തുട
ങ്ങുന്നതും. അത്തരം ഭാവനാവിലാസങ്ങൾ ചെറിയ കുറിപ്പുകളുടെ
രൂപത്തിലേക്കു മാറുമ്പോൾ അവ ഒളിപ്പിച്ചുവയ്ക്കാനുള്ള
വെപ്രാളങ്ങളും തുടങ്ങുന്നു. ഈ കുറിപ്പുകൾക്ക് ഒരു കള്ളമുതലിന്റെ
സ്വഭാവമുള്ളതിനാൽ അവ കയ്യിലിരിക്കുന്നതിന്റെ ഭയവും
പരുങ്ങലും സൂക്ഷിക്കുന്ന പെൺകുട്ടികൾ ഇവയ്ക്കായി സൂക്ഷി
പ്പിന്റെ പുത്തൻ ഇടങ്ങൾ നിർമിക്കുന്നു. അച്ഛൻ, അമ്മ, ഏട്ടൻ,
അദ്ധ്യാപകർ എന്നിങ്ങനെ സദാചാരത്തിന്റെ കാവലാളുകളായ
അനേകരുടെ നോട്ടങ്ങളിൽനിന്ന് അവൾക്ക് ഈ വാക്കുകളെ വരി
കളെ സ്വപ്നങ്ങളെ സൂക്ഷിച്ചുവയ്ക്കേണ്ടതുണ്ട്. അവസാനം അവയൊക്കെ
അടുപ്പിൽ തീനാളങ്ങൾക്ക് സമർപ്പിച്ച് നിൽക്കുമ്പോഴത്തെ
നിസ്സഹായത ഉള്ള് പിളരുന്ന വേദന ഇവയൊക്കെ വീണ്ടും
വീണ്ടും ഓർമയുടെ സജീവതയിലേക്ക് കൊണ്ടുവന്നത് സച്ചിദാനന്ദന്റെ
‘തഥാഗതം’ എന്ന കാവ്യസമാഹാരത്തിലെ ‘കരിഞ്ഞ
കവിത’യെക്കുറിച്ചുള്ള പരാമർശമാണ്. പുസ്തകത്തിന്റെ പൊതിക
ൾക്കടിയിൽ ഒളിപ്പിച്ച ചില കൗമാര കുറിപ്പുകൾ പെട്ടെന്ന് കയ്യിലും
ഓർമകളിലും തട്ടിനിന്നു.
എല്ലാവരുടെയും തീയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടികളുടെ
കവിതകൾ അവ എങ്ങനെ രക്ഷപ്പെട്ടു എന്ന നിരീക്ഷണം മനോഹരമായിട്ടുണ്ട്.
”അപൂർവമായി, അത്യപൂർവമായി
ഒരു പെൺകുട്ടി ലോകത്തെ നോക്കി
ചിരിക്കാൻ പ്രാപ്തി നേടുന്നു”
ലോകം ഒരു പെൺകുട്ടിയെ സംശയത്തോടെ മാത്രം നോക്കുമ്പോൾ
അവൾ അതിനെ നോക്കി ചിരിക്കുന്നത് അത്യപൂർവമായ
ധൈര്യമുണ്ടെങ്കിൽ മാത്രമാണ്. അത്യപൂർവമായി എന്ന വാക്കി
ലൂടെ അത്തരമൊരു പ്രതിഭാസത്തെ കവി അവതരിപ്പിക്കുന്നു.
ലോകത്തെ നോക്കി പുഞ്ചിരിക്കുന്ന അപൂർവം പെൺകുട്ടി
കളെ വെറുതെ വിടുമെങ്കിലും ചെന്നായസ്വഭാവത്തോടെ പെൺ
കുട്ടികളുടെ മേൽ ചാടിവീഴുന്ന പൊതുസമൂഹത്തിന്റെ ഭാഗമാണ്
നമ്മൾ എന്നുള്ള വലിയ ബോദ്ധ്യങ്ങളും നൊമ്പരങ്ങളും ഈ കവി
തകളുടെ ഭാഗമാണ്. ആരെയും കുറ്റപ്പെടുത്തുവാനോ ചൂണ്ടിക്കാണിച്ച്
രക്ഷപ്പെടാനോ കവി ശ്രമിക്കുന്നുമില്ല. ‘ആ കല്ല്’ എന്ന കവി
തയിൽ പാപം ചെയ്യാത്തവൻ കല്ലെറിയട്ടെ എന്ന ക്രിസ്തുവച
നത്തെ കൂട്ടുപിടിച്ചുകൊണ്ട് താനും ആ പാപത്തിൽ പങ്കാളിയാണെന്ന
ഉത്തമബോദ്ധ്യത്തോടെ സ്വയം കല്ലെറിയപ്പെടാനായി
തലകുനിച്ചുപോവുന്നു. താനൊഴികെ എല്ലാവരും പാപികളാണ്
എന്ന ചിന്തയിലൂടെ, ഇന്നത്തെ സാധാരണ ചിന്തയുടെ മറുപുറമാണ്
ഈ വാക്കുകൾ. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ
നാം ഓരോരുത്തരും അതിന്റെ ഭാഗമാണ് എന്ന തിരിച്ച
റിവ് കുറഞ്ഞുപോവുന്ന സ്വയം വിശുദ്ധരായി നടിക്കുന്ന ഓരോരുത്തർക്കുമുള്ള
താക്കീതാണ് ഡൽഹിയിലെ ബലാത്സംഗത്തെ
ഓർത്ത് നെഞ്ചുപൊട്ടിയെഴുതിയ ഈ കവിത. അന്ന് രാത്രി
പെൺകുട്ടി സിനിമ കാണാൻ പോയതുകൊണ്ടല്ലേ ഇങ്ങനെ
സംഭവിച്ചത് എന്നൊരു എതിർചോദ്യത്താൽ ആ സംഭവത്തെ
നിസ്സാരവത്കരിച്ചവർ അഞ്ചുവയസ്സുള്ള ഒരു പെൺകുട്ടിക്കു
നേരെ നടന്ന അതിക്രമങ്ങൾ കണ്ട് എന്തു പറയും? എന്തു പറയാ
ൻ? സാർത്ഥകമായ മൗനംകൊണ്ട് രക്ഷപ്പെടും. അതുതന്നെ പതി
വുപോലെ സംഭവിച്ചു. അവളെ ആശുപത്രിയിലേക്കു കൊണ്ടുപോയ
ചിത്രം വർത്തമാനപത്രങ്ങളിൽ വന്നത് കണ് മന:സാക്ഷി
യുള്ളവർ ഞെട്ടിപ്പോയതാണ്. ഒരു പുതപ്പുകൊണ്ട് മൂടിയ പിഞ്ഞി
പ്പോയ ആ ശരീരത്തിനുമേൽ പാവക്കുട്ടികളെ വച്ചിരുന്നു. ആ ദൃശ്യ
ത്തിൽനിന്നാണ് ‘പാവക്കുട്ടികൾ’ എന്ന കവിതയുണ്ടാവുന്നത്.
താൻ കണ്ടിട്ടുള്ള പാവക്കുട്ടികളിൽനിന്ന് എത്രയോ വ്യത്യസ്തമായ
പാവക്കുട്ടികളാണിവ എന്ന് തിരിച്ചറിയുന്ന കവിക്ക് പക്ഷേ അധി
കനേരം അവിടെ നിൽക്കാൻ സമയമില്ലായിരുന്നു. മൃത്യുവിനും
കീഴ്പെടുത്താനാവാത്ത മനുഷ്യനുള്ള സ്തുതിഗീതം എഴുതി മുഴുമി
ക്കാനുള്ളതിനാൽ വളരെ വേഗം പോകേണ്ടിവരുന്നു.
”മനുഷ്യന്, അതായത്
അജയ്യനും ലജ്ജാശൂന്യനുമായ പുരുഷന്…”
എന്നെഴുതുമ്പോൾ അമർഷം കോപം ലജ്ജ അങ്ങനെ
എത്രയോ വികാരങ്ങൾ സച്ചിദാനന്ദൻ അതിൽ ചേർത്തുവയ്ക്കുന്നു.
ലോകം നിയന്ത്രിക്കുന്നവൻ എന്ന് സ്വയം വിശ്വസിക്കുകയും അജ
യ്യൻ എന്നു വീമ്പിളക്കുകയും ചെയ്യുന്ന പുരുഷനു നേരെ പ്രയോഗിക്കാവുന്ന
ഒരു ശരമായി ഒരു ചൂണ്ടുവിരലായി കവിത ഇവിടെ
മാറുന്നു.
പ്രജ്ഞതനെ ശാപമായ ഒരു കാലത്താണ് താൻ ജീവിക്കുന്ന
തെന്ന സകല ബോദ്ധ്യത്തോടും കൂടി ജീവിക്കുമ്പോൾ പ്രജ്ഞ
തന്നെ വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിപ്പോവുകയാണ്
കവി. ഏറ്റവും വൈയക്തികമായ ഇത്തരമൊരു തീരുമാനത്തി
ലേക്ക് എത്താനുണ്ടായ സാഹചര്യങ്ങൾ നിലവിളികൾ ഗദ്ഗദ
ങ്ങൾ മൗനങ്ങൾ മുഴക്കങ്ങൾ എന്നിവയാണ് ഈ കവിതയിലെല്ലാം
പ്രത്യക്ഷമായോ പരോക്ഷമായോ നിറയുന്നത്.
സ്വന്തം മകന്റെ ശരീരത്തിൽ അൻപത്തിയൊന്നു മുറിവുകൾ
കണ്ട് വിതുമ്പുന്ന പിതാവ് (ബലി).
”എവിടെൻ മകൻ എന്റെ
ശിഷ്യൻ എൻ സുഹൃത്തെന്നു’ – പുകയുന്ന ചോദ്യങ്ങൾക്കു
മുന്നിൽ ബാധിര്യം ബാധിച്ചവനെപ്പോലെ നിൽക്കേണ്ടിവന്ന
പ്പോൾ (‘ഇത്തിരി രക്തം കൂടി’), ദൈവത്തിന്റെ ചോരയിൽ ചവിട്ടി
മാവേലി നടന്നുപോവുന്നതു കണ്ടപ്പോൾ (‘ഇത്തിരി രക്തം
കൂടി’), നാം എന്നുച്ചരിക്കാൻ മറന്ന് ഉറയിൽ വാളെന്ന പോലെ
ഒളിച്ചിരിക്കേണ്ടിവരുമ്പോൾ (‘ഡയറിക്കുറിപ്പ്’), ഈ ലോകം
കാണുകയേ വേണ്ട എന്ന് തീരുമാനിച്ചുപോവുന്നു (‘ശീലം’), പൂക്ക
ളോട് വിടരുകയേ വേണ്ടെന്നു പറയുകയും സൂര്യനോട് വിടയോതുകയും
ചെയ്യുന്നു. വിപ്ലവങ്ങളും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും പുളി
ച്ചുപോവുന്നതിനു സാക്ഷികളായ ഒരു തലമുറയുടെ പ്രതിനി
ധികൾക്ക് ഒരു മാതൃക എന്ന നിലയിൽ ഒരു ആദർശബിംബം
പോലും ചൂണ്ടിക്കാണിക്കാനില്ലാത്തവർക്ക് എന്തിലാണ് പ്രതീ
ക്ഷ? എന്തിനും ഇംഗ്ലീഷുകാരെ അനുകരിച്ചുകൊണ്ട് മാപ്പ് എന്നു
പറയാമെങ്കിലും ആ വാക്കിന്റെ അർത്ഥശൂന്യത കവി തിരിച്ചറിയു
ന്നു.
ഇത്തരം അവസ്ഥാവിശേഷങ്ങളെല്ലാം നിലനിൽക്കുമ്പോഴും
സ്വന്തം ഭാഷയെപ്പറ്റി അതിലെ വാക്കുകളുടെ മരണത്തെപ്പറ്റി
കവി ബോധവാനാണ്. ഓരോ തലമുറ കഴിയുമ്പോഴും മരിച്ചു മണ്ണ
ടിയുന്ന വാക്കുകളുടെ ഒരു ‘നിഘണ്ടു’ ഈ സമാഹാരത്തിലുണ്ട്.
ഓരോ തലമുറയുടെയും ജീവിതവുമായി അഭേദ്യമായ ബന്ധം
പുലർത്തിയിരുന്ന വാക്കുകളുടെ ഒരു സമാഹാരം കൂടിയാണ്
അത്. ഇപ്പോൾ തന്റെ മകൾ വാക്കുകളുടെ ശ്മശാനത്തിലും ഭാഷ
2013 നഴഫസ ബടളളണറ 16 2
യുടെ ഇരുട്ടിലുമിരുന്ന് മരിച്ച വാക്കുകളുടെ ഒരു നിഘണ്ടു നിർമി
ക്കുന്നതിനും അയാൾ സാക്ഷിയാവുന്നു. പ്രചാരത്തിൽനിന്നും
മാഞ്ഞുപോയ ദേശ്യഭേദങ്ങളും വാമൊഴികളും ചേർന്നാണ് ഓരോ
ഭാഷയുടെയും സ്വത്വം നിർണയിക്കുന്നതെന്ന് കവിക്കറിയാം.
എന്നാലും ഏതു ദുരവസ്ഥകൾക്ക് സാക്ഷിയായിരുന്നാലും കവിത
എന്നും എപ്പോഴും വിജയിക്കും എന്ന വിശ്വാസം കവി പുലർത്തു
ന്നുണ്ട്. അത് കവിക്കു മാത്രം സാദ്ധ്യമാവുന്ന ഒരു സിദ്ധിയാവാം.
‘+’ എന്ന കവിതയിലെ ഈ വരികൾ അത് വെളിപ്പെടുത്തുന്നു.
”ഭൂമിയിൽ സന്തോഷം ഇല്ലാതിരിക്കാൻ
വഴിയില്ല അത് കണ്ടുപിടിക്കണം എന്നാകാം
പ്രണയവും വിപ്ലവവും ജനിക്കുമ്പോഴേ
മരണം കൂടെയുണ്ടെന്നാകാം
അവ ഒറ്റയ്ക്കൊറ്റയ്ക്കു
ദുരന്തമാവുമ്പോൾ നമുക്ക്
കടലാസിൽ പേനകൊണ്ട്
പ്രണയം + വിപ്ലവം
എന്ന് എഴുതിനോക്കിയാലോ
ഒക്ടോവിയോ പ്ലാസിനെപ്പോലെ
‘പ്രേമിക്കൽ സമരമാണ്.
രണ്ടുപേർ ചുംബിച്ചാൽ ലോകം മാറുന്നു’.
നെരൂദയോട് ചോദിക്കണം”
സച്ചിദാനന്ദന്റെതന്നെ ആദ്യകാല കവിതയായ ‘നല്ല കവിത’
യിലും ഈ ശുഭാപ്തിവിശ്വാസം നിറഞ്ഞുനിൽക്കുന്നുണ്ട്. ലോകകവിതയുമായുള്ള
പരിചയം എന്നും അദ്ദേഹത്തിന് മുതൽക്കൂടായി
രുന്നു. വിശ്വസാഹിത്യത്തിലെ എത്രയോ ഭാഷകളിലെ കവികളെയും
കവിതകളെയും മലയാളി അറിഞ്ഞത് സച്ചിദാനന്ദനിലൂടെയായിരുന്നു.
വെൽഷ്-ഇന്ത്യാ കവിതാവിവർത്തനശില്പശാലയിൽ
പങ്കെടുത്ത അനുഭവത്തിൽനിന്നെഴുതിയ ‘ദൂരെ ചാരെ’
എന്ന കവിതയിൽ ‘നാം ഭാഷകളിൽ കുളിച്ചു’ എന്നൊരു പ്രയോഗമുണ്ട്.
അത് അദ്ദേഹത്തിന് ധൈര്യമായി പറയാനാവും. ഇന്ത്യൻ
കവിതകളെ വിവിധ ഭാഷകളിലേക്ക് എത്തിച്ചവരിൽ മുഖ്യസ്ഥാനവും
സച്ചിദാനന്ദനുതന്നെയാണ്. ഈ വരികൾ അത് വെളിപ്പെ
ടുത്തുന്നു.
”ആശാൻ, കബീർ, ടാഗൂർ
വെൽഷിനു ഞാൻ നല്കി
മലയാളത്തിന്റെ ഈണം
ബംഗാളിയുടെ രക്തം
നീയോ ഹിന്ദുസ്ഥാനിയുടെ മാംസം
നമ്മുടെ വാക്കുകളും പുനർജനിച്ചു
അവ വെൽഷ് ഉടുപ്പുകളിട്ട് തുള്ളിച്ചാടി”
ഇതും കവിതയുടെ അനശ്വരതതന്നെയാണ് കാണിക്കുന്നത്.
കവിതാരചനയുടെ ആദ്യകാലം മുതൽ സ്വന്തം പരിതോവസ്ഥ
കളോട് ശക്തമായി, അതിശക്തമായി പ്രതികരിച്ചിരുന്ന കവി
യാണ് സച്ചിദാനന്ദൻ.
”ഇവിടെ ചുടലച്ചാരം പൂശി
നൃത്തം വയ്ക്കുന്ന ഒരെരിൻ
ചെടി നടുക ഓരോ നിമിഷവും
ശ്മശാനമാകുന്ന നമ്മുടെ ഭൂമിക്ക്
നമ്മുടെ മനസ്സിന്”
(‘നീതിയുടെ വൃക്ഷം’)
ഈ വരികൾപോലെ നമ്മുടെ മനസ്സിൽ തറഞ്ഞുനിന്ന
എത്രയോ വരികൾ ചൂണ്ടിക്കാണിക്കാനുണ്ട്. 1994 ഏപ്രിൽ 15-ന്
ഗാട്ട് കരാർ ഒപ്പിട്ട ദിവസം എഴുതിയ ‘ഇക്കുറി വസന്തം വന്നതെ
ങ്ങനെ?’ എന്ന കവിത ഇതേപോലെയൊരു പ്രതികരണമാണ്.
”ഇനി നമ്മുടെ വിചാരങ്ങൾക്ക്
നികുതി ചുമത്തപ്പെടും
നമ്മുടെ ഓരോ ശ്വാസവും
അക്രമിക്കുള്ള സ്തോത്രമാവും
നമ്മുടെ കിടപ്പുമുറിക്കുള്ളിൽ
അന്യഭാഷകൾ മുഴങ്ങും” – ഇതൊന്നും ഒരു കവിയുടെ ഉത്കണ്ഠകൾ
മാത്രം ആയിരുന്നില്ലെന്ന് ഇപ്പോൾ നമുക്കറിയാം. ‘തഥാഗതം’
എന്ന സമാഹാരത്തിലും ഇത്തരം പ്രതികരണങ്ങൾ
കാണാം. ടി.പി. ചന്ദ്രശേഖരൻ വധത്തിൽ മനം നൊന്തെഴുതിയ
‘ബലി’, ഡൽഹിയിലെ കൂട്ടബലാത്സംഗങ്ങളോട് പ്രതികരിച്ചുകൊണ്ടെഴുതിയ
‘ആ കല്ല്’, ‘പാവക്കുട്ടികൾ’, സത്നാംസിങ് എന്ന
നിരപരാധിയുടെ കൊലയുടെ ഓർമയിൽനിന്നെഴുതിയ ‘ഇത്തിരി
രക്തം കൂടി’ എന്നിവയൊക്കെ ഉദാഹരിക്കാം. ഭാരതീയ കാവ്യസി
ദ്ധാന്തപ്രകാരം കവി ഋഷിയോ പ്രജാപതിയോ ആയിരുന്നെങ്കിൽ
ഇന്ന് കണ്ണും കാതും തുറന്ന് ലോകത്തെ അറിഞ്ഞ് തന്റെ പ്രതികരണം
ലോകത്തോട് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരാളാണ് ആ
നിർവചനത്തിന് അർഹൻ. വള്രെ വ്യക്തിപരമായ ഒരു നഷ്ടത്തെ
സാർവലൗകികമായ മാനം നൽകി അവതരിപ്പിക്കുന്ന ‘തഥാഗതം’
ചിന്ത രവിയുടെ സ്മരണ പുതുക്കുന്നു.
”ഭാവി എന്ന ഒരു കാലം ഉള്ളയിടത്തോളം
എനിക്കു ഭാഷയെ ഭയമില്ല
എന്നെങ്കിലും ഞാൻ എന്റെ
വാക്കുകൾ കണ്ടെത്തും” – ഇതേ പ്രത്യാശയാണ് ഈ കവിതകളുടെയും
അടിസ്ഥാനം. അതിൽ ഊന്നിനിൽക്കുന്നതിനാൽ
അത് കാലത്തെ അതിജീവിക്കും.