ഭൂമിയിലെ മുഴുവൻ ചലനങ്ങളും
നിശ്ചലമാകുന്ന നേരത്ത്
മേഘങ്ങൾ എനിക്കായൊരുക്കിവയ്ക്കുന്ന ഒരിടമുണ്ട്
എങ്ങിരുന്നാലും
എനിക്കു മാത്രം കേൾക്കാൻ കഴിയുന്ന നിന്റെ ശബ്ദം
എനിക്കു മാത്രം മനസ്സിലാകുന്ന ആ ഭാഷ
എനിക്കു മാത്രം തിരിച്ചറിയാനാവുന്ന ഗന്ധം
നീഎഴുതുന്ന കവിതകളിലെ പ്രണയത്തെക്കാൾ
ശക്തമായ അനുരാഗത്തോടെ,
മറ്റാരും നിൽക്കാത്തതുപോലെ,
നിന്റെയടുത്ത്,
അത്രയ്ക്കടുത്തു നില്പുണ്ടു ഞാൻ.
കുന്നുകൾക്കു മുകളിലും
നഗരങ്ങൾക്കുള്ളിലും
അശരീരിയായി
നിന്നു പെയ്യുന്നുണ്ട്
അദൃശ്യമായി
വന്നുപോകുന്നുണ്ട്
ഒരു പ്രണയകാലമേഘം
എന്നെയും കൊണ്ട്.
അതുകൊണ്ട്
നീസുഖമായുറങ്ങൂ
ഭയപ്പെടുത്തുകയില്ല
ഒരു രാത്രിയും നിന്നെ
ഇനി.