ഉള്ളംകൈയിൽ മുഖമമർത്തി
പാതിമയങ്ങിക്കിടക്കുമ്പോൾ
പ്രതീക്ഷിച്ചു കാണില്ല നീ
പിൻകഴുത്തിൽ
കൂർത്തൊരു മുനയുടെ-
യാഴ്ന്നിറക്കം.
ഒറ്റ നിമിഷം!
എല്ലാം ഭദ്രം.
അപ്പോഴും കരുതിയിരിക്കില്ല,
നെഞ്ചു പൊളിച്ച്
വിടരാത്ത പൂമൊട്ടുപോലെ
തുടിക്കുന്ന ഹൃദയം
എല്ലാവരും കാൺകെ
തുറന്നു വയ്ക്കുമെന്ന്.
ഗ്രാഫിൽ കൊളുത്തിയിട്ട
പാവം ഹൃദയം
ഉരുളും കരിച്ചുരുളിൽ
ചിത്രങ്ങളെഴുതുന്നു…
മലകൾ,
താഴ്‌വാരങ്ങൾ,
പുൽനാമ്പുകൾ,
കുഞ്ഞോളങ്ങൾ,
ജലരേഖകൾ…
(മരിച്ചിട്ടും മരിക്കാത്തവനേ,
ഇനിയും ബാക്കിയെന്നോ
സ്വപ്നസഞ്ചാരങ്ങളുടെ
കലങ്ങാത്ത ഓർമകൾ!)
ഇനിയില്ലെന്ന്
തോറ്റുവീഴുമ്പോൾ
രാസലായനിച്ചൂടിൽ
മുങ്ങിനിവരുമൊരു പായ്ക്കപ്പൽ!
അനശ്വരമാക്കപ്പെട്ട
നിന്റെ ഹൃദയരേഖകൾ
എന്റെ ശേഖരത്തിലേക്ക്.
പുറത്തേക്കിറങ്ങുമ്പോൾ
ആവശ്യം കഴിഞ്ഞുപേക്ഷിക്കപ്പെട്ട
നിന്റെ ഹൃദയമിപ്പോഴും
മിടിക്കുന്നുണ്ടാവുമോയെന്നോർക്കാൻ
ഞാൻ മറന്നേ പോകുന്നു.
കൈമോഗ്രാഫ് = ‘പിത്ത്’ ചെയ്ത് നിശ്ചലമാക്കിയ തവളകളുടെ
പേശികളുടെ പ്രവർത്തനം ‘സ്‌മോക്ക്’ ചെയ്ത കടലാസിൽ രേഖപ്പെടുത്തി
പഠനം നടത്തുന്ന ഉപകരണം.