തനിക്ക് അങ്ങനെതന്നെ വേണം എന്നു പറയാനാണ്
അനിതയ്ക്ക് തോന്നിയത്.
പക്ഷേ ഒരു കൗൺസിലർക്ക് തന്റെ മുൻ
പിലിരിക്കുന്ന, സഹായം അഭ്യർത്ഥിച്ചു
വരുന്ന ഒരാളോട് അങ്ങനെ പറയാനും
വയ്യല്ലോ.
”എന്നാലും ഇന്റെ പാത്തു! ഓളിങ്ങ
നെ ചെയ്യുംന്ന്….”
”നിങ്ങൾ അവളോട് ചെയ്തതോ മുസ്തഫാ?”
അനിതയുടെ ചോദ്യത്തിന് മുസ്തഫ മുഖം കുനിച്ചിരുന്നു. ഈ ചോദ്യം അയാൾ തന്നോട് തന്നെ പല തവണ ചോദിച്ചു കഴിഞ്ഞിരിക്കുന്നു. ഇങ്ങനെയൊക്കെ വരുമെന്ന് ഓർത്തതല്ല, അന്നേരത്തെ കലിപ്പിന് ഓർക്കാതെ പറഞ്ഞു പോയതാണ്.
”ഉസ്താദേ എന്തെങ്കിലും ഒരു വഴി?”
”അനക്ക് ഒന്ന് ചൊല്ലിയാ പോരായിരുന്നോ മുസ്തഫാ?”
അന്നത്തെ ദിവസമേ ശരിയല്ലായിരുന്നു മുസ്തഫയ്ക്ക്. ഇളയ മോൻ ഫാസിലിന്റെ മൂത്രച്ചൂട് തട്ടിയാണ് ഉണർന്നത്. നജീസ് ആയതു കൊണ്ട് കുളിക്കാതെ പള്ളിയിൽ പോയി സുബ്ഹി നിസ്‌കരിക്കാനും വയ്യ. നിൽക്കാതെ പെയ്യുന്ന മഴയിൽ കിണറ്റിൽ നിന്ന് വെള്ളം കോരി കുളിക്കാൻ വയ്യ എന്നു തോന്നിയിട്ടാണ് പാത്തുനോട് അയാൾ വെള്ളം ചൂടാക്കാൻ പറഞ്ഞത്.
”ഇങ്ങള് കൊത്തിക്കീറി അടുക്കാക്കി വച്ചിരിക്കല്ലേ വിറക്. ഒരു ഗ്യാസ് അടുപ്പിന് പറഞ്ഞു പറഞ്ഞു ഇന്റെ വായിലെ വെള്ളം വറ്റി. ഈ ചുറ്റുവട്ടത്ത് തീയൂതുന്നത് ഞാൻ മാത്രേ ഉണ്ടാവൂ ഇക്കാലത്ത്”, പാത്തു തീചൂടുള്ള വാക്കുകൾ തുപ്പി.
മുസ്തഫ കുളിക്കാതെ മുണ്ട് മാറ്റി മക്കാനിയിലേക്ക് ഇറങ്ങി. പറ്റ് കുറെയായി എന്നോർമിപ്പിക്കുന്ന പുക ചുവയ്ക്കുന്ന ചായ. ഈയിടെയായി ഓട്ടവും കുറവാണ്, വണ്ടി എഞ്ചിൻ പണിക്ക് നിർത്താനും ആയിട്ടുണ്ട്. ഒരു അന്തവും കുന്തവുമില്ലാത്ത ചേലിൽ ഇരുന്നുപോയി അയാളപ്പോൾ.
വീട്ടിലേക്ക് ചെന്നു കയറുമ്പോൾ പാത്തുവും മോളും കൂടിയുള്ള ഗുസ്തിയാണ്, പുതിയ കുടയില്ലാതെ സ്‌കൂളിൽ പോവില്ല എന്നു പറഞ്ഞു കരയുന്ന മുത്തുവിന് ഒന്ന് കൊടുക്കാനാണ് മുസ്തഫയ്ക്ക് അന്നേരം തോന്നിയത്. അതിൽ തുടങ്ങിയ വഴക്കിലാണ് അയാൾ മൂന്നും ചൊല്ലിപ്പോയത്.
”ഒന്നേ ചൊല്ലിയുള്ളുവെങ്കിൽ അനക്ക് ഓളെ തിരിച്ചെടുക്കായിരുന്നു, ഇതിപ്പോ…” ഉസ്താദ് നീണ്ട വെള്ള താടി തടവി.
”എന്തെങ്കിലും ചെയ്യാൻ പറ്റൂലെ?
ഓളോട് ഞമ്മക്ക് പിരിസക്കുറവില്ലാന്ന് ഉസ്താദിന് അറിയാലോ. എന്റെ രണ്ടു മക്കളെ പെറ്റോളും അല്ലേ”.
”കിതാബിൽ പറഞ്ഞതിന് അപ്പുറത്തേക്ക് ഞമ്മക്ക് എന്തെങ്കിലും ചെയ്യാൻ പറ്റോ ന്റെ മുസ്‌തോ!”
”ന്നാലും…”
”ഇജ്ജ് ബേജാറാവണ്ടിരി. ഞമ്മക്ക് ആളുണ്ട്‌ന്നേ. ആ ഹസ്സൻ മൊല്ലനെ കൊണ്ട് പാത്തുനെ നി
ക്കാഹ് കഴിപ്പിക്കാ, പിറ്റേന്ന് തന്നെ മൊഴിയും ചൊല്ലിപ്പിക്കാം. പിന്നെ അനക്ക് ഓളെ തിരിച്ചെടുക്കലോ”.
പാത്തൂനെ ഹസ്സൻ മൊല്ല നിക്കാഹ് കഴിച്ച രാത്രി മുസ്തഫയ്ക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. അയാൾ എഴുന്നേറ്റ് അവളുടെ വീടിന്റെ ഓടിളക്കി അകത്തേക്ക് ഒളിഞ്ഞു നോക്കി. ഇംഗ്ലീഷ് സിനിമയിൽ
മാത്രേ അയാൾ അതിനു മുൻപ് ഇങ്ങനെ കണ്ടിട്ടുള്ളൂ. തന്റെ പാത്തുവാണ് ഇരുന്നും കിടന്നും പുളയ്ക്കുന്നതെന്ന് അയാൾക്ക് വിശ്വസിക്കാനായില്ല.
”ഓളെ ഞമ്മള് വീണ്ടും നിക്കാഹ് ചെയ്ത് തിരിച്ചെടുത്തു, ന്നാലും ആ രംഗം ഇന്റെ കണ്ണിൽ നിന്ന് മായുന്നില്ല”,അനിതയുടെ മുൻപിൽ അയാൾ വിങ്ങി.
അന്നേരം നഷ്ടപരിഹാരമായി കിട്ടിയ അഞ്ഞൂറ് രൂപയ്ക്ക് പുതിയ ഖുർആൻ വാങ്ങി വീട്ടിലേക്ക് തിരിച്ചു വരികയായിരുന്നു പാത്തു.
മൊബൈൽ: 94466 46363