ജനങ്ങൾ എന്ത് എഴുതണം അല്ലെങ്കിൽ എന്ത് കഴിക്കണം എന്ന് ഭരണകൂടം തീരുമാനിക്കുന്ന ഒരവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്. തമിഴ്നാട്ടിൽ പെരുമാൾ മുരുകൻ ഭരണകൂടത്തിനോട് പ്രതിഷേധിച്ച് എഴുത്തുതന്നെ നിർത്തി. അദ്ദേഹം എന്തെഴുതി എന്ന് പോലും നോക്കാതെയാണ് ചുരുക്കം ചില വർഗീയവാദികൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയത്. വരണാധികാരിയായ കലക്ടറോട് താൻ എഴുത്തു നിർത്തുന്നുവെന്ന് മുരുകൻ പറഞ്ഞത് ഒരു രീതിയിൽ നോക്കിയാൽ നമ്മുടെ രാജ്യത്ത് ഇന്ന് നടക്കുന്ന ഭരണത്തിനെതിരെയുള്ള ഒരു സമരംതന്നെയാണ്. അതുപോലെതന്നെ നമ്മളോടുള്ള ഒരു വെല്ലുവിളി കൂടിയാണത്: നിങ്ങൾ എന്നെ അർഹിക്കുന്നില്ലയെന്നതാണ് അദ്ദേഹം അവിടെ അടിവരയിടുന്നത്.
മുംബയിൽ ഉർദു പത്രമായ അവധ്നാമയുടെ പത്രാധിപർ ഷിറിൻ ദൽവിയെ (Shirin Dalvi) ജോലിയിൽ നിന്ന് പിരിച്ചുവിടുകയും പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തത്
വിവാദ കാർട്ടൂൺ വന്ന ഷാർലി ഹെബ്ദോയുടെ മുഖചിത്രം പുന:പ്രസിദ്ധീകരിച്ചതിനാണ്. (എന്നാൽ ഹിന്ദുസ്ഥാൻ മിന്റ് അത് പ്രസിദ്ധീകരിച്ചതിന് ആർക്കും പ്രശ്നമുണ്ടായില്ല). ഇവിടെയും ഹനിക്കപ്പെട്ടത് അഭിപ്രായസ്വാതന്ത്ര്യമാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്നു കൊട്ടിഘോഷിക്കാറുള്ള ഇന്ത്യയിലാണ് ഈ രീതിയിൽ അഭിപ്രായസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നാക്രമണങ്ങൾ ഉണ്ടാകുന്നത്; അതും ഭരണയന്ത്രത്തിന്റെ ഒത്താശയോടുകൂടി.
ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് അഭിപ്രായസ്വാതന്ത്ര്യത്തിൽ ഇന്ത്യ ലോകരാഷ്ട്രങ്ങളിൽ 136-ാം സ്ഥാനത്താണ്.
എത്ര ഭീകരമാണ് ഈ അധ:പതനമെന്ന് നോക്കൂ. അതിനു സമാനമായ മറ്റൊരു സ്വാതന്ത്ര്യലംഘനമായി രുന്നു മഹാരാഷ്ട്രയിലെ ഗോമാംസ നിരോധനം. ലക്ഷക്കണക്കിന് ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒരു നിയമനിർമാണം! സാധാരണ ജനതയുടെ ഭക്ഷണമെന്നതു പോകട്ടെ, തുകൽ, ചപ്പൽ വ്യവസായങ്ങളെയൊക്കെ അവലംബിച്ച് കഴിയുന്ന ഒരു വലിയ വിഭാഗത്തെയാണ് ഈ
നിയമം പെരുവഴിയിലാക്കിയത്. നാം എന്ത് കഴിക്കണമെന്ന് പോലും നമ്മളെ ഭരിക്കുന്നവർ തീരുമാനമെടുത്തു തുടങ്ങിയാൽ നമ്മൾ നേടിയെടുത്തു എന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യത്തിനു പിന്നെ എന്ത് അർത്ഥമാണുള്ളത്?
ഇതിനേക്കാളൊക്കെയും ഭീകരമാണ് ബൗദ്ധികതലത്തിൽ നാം ഇപ്പോൾ നേരിടുന്ന വെല്ലുവിളികൾ. നാഷണൽ ബുക് ട്രസ്റ്റിൽ നിന്ന് സേതുവിനെ പടിയിറക്കി. ആർ.എസ്.എസ്. ജിഹ്വയായ പാഞ്ചജന്യത്തിന്റെ മുൻ എഡിറ്റർ ബൽദേവ് ശർമയാണ് പുതിയ ചെയർമാൻ. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക് റിസർച്ചിൽ അഴിച്ചുപണി
നടത്തിയപ്പോൾ അധികാരത്തിലെത്തിയവരിൽ പലരും ഹിന്ദുത്വചിന്തകളുമായി അടുത്തിടപഴകുന്നവരാണ്. എല്ലാതരത്തിലും ഭരണം കാവിവത്കൃതമായിക്കഴിഞ്ഞു.
ചുരുക്കത്തിൽ കരിനിയമങ്ങൾ നമ്മളെ സാവകാശം നിർജീവരാക്കുകയാണ്. ഇതിനെതിരെ നമ്മുടെ ഉൾക്കണ്ണുകൾ തുറക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു.