കഠിനമായി ചിന്തിച്ചപ്പോൾ വെളിപ്പെട്ടതാണ്.
മേജർ കാക്കനാടന്മാർ ഒരു പ്രത്യേക ജനുസ്സിലുള്ള അമൂല്യതകളാണ്.
അതായത് കാക്കനാടൻ എന്ന കുലം ലോകത്തുറപ്പിച്ച
മേജർ ജനറൽ ജോർജ് വർഗീസ്, ചേട്ടൻ ഇഗ്നീഷ്യസ്, മേജർ ജനറലിനു
താഴെ തമ്പി, ഏറ്റവും താഴത്ത് രാജൻ.
ഈ പട്ടാളങ്ങൾ പ്രചരിപ്പിച്ചത് നിഷ്കളങ്കമായ സ്നേഹവും
സാഹോദര്യവുമായിരുന്നു. ദൈവം ഇഷ്ടംപോലെ ഇവരിൽ പ്രസാദിച്ചിരുന്നതുകൊണ്ട്
ഇവർ അതീവസമ്പന്നന്മാരായിരുന്നു സരസ്വ
തിയെക്കൊണ്ട്. ചേട്ടത്തി ലക്ഷ്മിയെ ഈ പട്ടാളങ്ങൾ നമ്പാനേ
പോയില്ല. അക്കാരണത്താൽ ചില വലച്ചിലുകളുണ്ടാവുമ്പോഴും
സരസ്വതി കേറിയങ്ങു പ്രസാദിപ്പിച്ചു പൊലിപ്പിച്ചുനിർത്തും പട്ടാളത്തെ.
പ്രിയപ്പെട്ട രണ്ടുപേരെ മരണം കൊണ്ടുപോയി പാർപ്പിക്കുന്നു.
സഞ്ചാരിയും ചിത്രകാരനുമായിരുന്ന രാജൻ കാക്കനാടനെയാണ്
ആദ്യം കൊണ്ടുപോയത്. ഇപ്പോ ഇതാ തമ്പി കാക്കനാടനെയും.
എഴുപതുകളിലെ ഒരു ഓർമയിൽനിന്ന് തമ്പി കാക്കനാടനെ
പ്പറ്റി തുടങ്ങാം. ഒന്നാം പാഠം കഴിഞ്ഞു രണ്ടാം പാഠം പഠിക്കാൻ തുട
ങ്ങുമ്പോഴാണ് രാഷ്ട്രീയവും വായിനോട്ടവും എനിക്ക് വന്നുപെട്ടത്.
പാർട്ടി ഓഫീസുകളിലും വായനശാലകളുടെ തിണ്ണകളിലുമായി
രുന്നു വായിനോട്ടം.
നാട്ടിലെ ജ്ഞാനോദയം വായനശാലക്കാരുമായി അടുപ്പത്തി
ലാണ്. എഴുതി ഒന്നും അച്ചടിച്ചുവന്നിട്ടില്ലെങ്കിലും നാട്ടിൽ സ്വയം
പ്രഖ്യാപിതനായ ഒരു എഴുത്തുകാരനാണ് ഞാൻ. കെ.പി. നിർമ
ൽകുമാറിനെവരെ അരച്ചുകലക്കി കുടിച്ചുനടക്കുന്നവൻ. മുടിയുമൊക്കെ
വളർത്തി ഭയങ്കര ഗമയിലാണ്.
രണ്ടുരൂപ ചോദിച്ചതിന് തന്ത, നാണവും മാനവും കളഞ്ഞിരു
ത്തിയിരിക്കുന്ന എന്റെ വീടിന്റെ മുറ്റത്ത് സൈക്കിളിൽ വായനശാലയിലേക്കു
വിളിക്കുന്ന ദൂതുമായി ഒരുത്തൻ വന്നു. വിയർപ്പുനാറുന്ന
ഒരു ഉടുപ്പുമെടുത്തിട്ട് ആ സൈക്കിളിന്റെ പിന്നിലിരുന്ന്
ജ്ഞാനോദയം വായനശാലയിലേക്ക് പറന്നു.
ഒരു കമ്മിറ്റി കൂടിക്കൊണ്ടിരിക്കുകയാണ് അവിടെ. വാർഷികമാണ്
വിഷയം. ഓണത്തിന്റെയന്നാണ് പരിപാടി. ഈ പ്രതിഭാശാലിയെ
വിളിപ്പിച്ചിരിക്കുന്നത് പ്രസംഗിക്കാൻ ഒരു എഴുത്തുകാരന്റെ
പേര് നിർദേശിക്കണം. നിങ്ങൾക്ക് ഇപ്പോൾ പിടികിട്ടിയില്ലേ
എന്റെ വില?
ഗുരുതരമായി ആലോചിക്കുന്നുവെന്നു ഭാവിച്ചുകൊണ്ട് പറ
ഞ്ഞു: ”കാക്കനാടനെ വിളിക്കാം”.
ജ്ഞാനോദയം വായനശാലാഭാരവാഹികൾ കോൾമയിർകൊ
ണ്ടുവെന്നു തോന്നി. അവന്റെയൊക്കെ ചുണ്ടത്ത് നാണിച്ചു
നാണിച്ച് ഒരു പുഞ്ചിരിയുണ്ട്.
”ഇയാക്ക് അയാളെ പരിചയമുണ്ടോ?” ചോദ്യം എന്നോടാണ്.
സത്യത്തിൽ ആ ചോദ്യത്തിൽ ഒരല്പം ഇരുന്നുപോയി. സ്കൂൾവാ
ർഷികത്തിന് കാക്കനാടനെ ക്ഷണിച്ചുകൊണ്ടുപോയി പങ്കെടുപ്പി
ച്ചിട്ടുണ്ടെന്നുള്ളതു ശരിയാണെങ്കിലും മറ്റൊരു പരിചയമില്ല.
പക്ഷേ സംഗതി പിടിവിടരുതല്ലോ. ”ഞാൻ പോയി കണ്ട് കാര്യം
പറയാം” എന്നങ്ങു ബലത്തിലടിച്ചു.
ഉടൻതന്നെ കമ്മിറ്റി അഞ്ചു രൂപ അനുവദിച്ചു, കാക്കനാടനെ
കാണാനായി. എന്റെയത്ര സാഹിത്യകാരനല്ലാത്ത ഒരു വിക്രമനെയും
അതിലേക്കായി നിയമിച്ചു. എന്നാൽ വിക്രമനെ വെട്ടിച്ചു
ഞാൻ തേവള്ളിയിൽ പോയി. ദൈവാധീനത്താൽ ആ മഹാപുരുഷൻ
സമ്മതിച്ചു: ”തിരുവോണദിവസം വൈകീട്ട് ഏഴുമണിക്കാണ്
സമ്മേളനമെങ്കിൽ ആറുമണിക്ക് ഒരു കാറുമായി വന്നോ”. വളർ
ന്നുവരാൻ വെമ്പുന്ന ഒരു യുവസാഹിത്യകാരനെ ബഹുമാനിക്കുന്നോണം
ഒരു ഗ്ലാസ് നാരങ്ങാവെള്ളവും തന്നിട്ടാണ് സംഭവം ഉറ
പ്പിച്ചത്.
തേവള്ളിയിൽനിന്ന് താലൂക്ക്കച്ചേരിവരെ നടന്ന്, ഒന്നര രൂപ
കൊടുത്ത് ഉഡുപ്പിയിൽനിന്ന് ഒരു മസാലദോശയും തിന്നിട്ടാണ്,
മടങ്ങിവന്ന് കാക്കനാടന്റെ സമ്മതം പ്രഖ്യാപിച്ചത്.
‘കണ്ടിപ്പു ബാബു’ എന്നൊരു ദുഷ്ടന്റെ അംബാസിഡറാണ്
കാക്കനാടനെ തേവള്ളിയിൽനിന്നു കൊണ്ടുവരാൻ തരപ്പെടുത്തി
യത്. വൈകീട്ട് അഞ്ചുമണിക്കുതന്നെ മറ്റു രണ്ടു ഭാരവാഹികളെയും
കൂട്ടി ഞങ്ങൾ തേവള്ളിക്കു വിട്ടു.
തേവള്ളി മാർക്കറ്റിനടുത്ത് ‘ഷാജിനിവാസ്’ എന്ന വീട്ടിലാണ്
അന്ന് കാക്കനാടൻ ജീവിക്കുന്നത്. ഞങ്ങൾ ചെല്ലുമ്പോൾ പുള്ളി
വീട്ടിലില്ല. എനിക്ക് നെഞ്ചിടിപ്പു തുടങ്ങി.
കാക്കനാടന്റെ അമ്മ പറഞ്ഞു: ”ഇന്ന് ഓണമല്ലേ മോനേ… ഒരുപാട്
സൽക്കാരങ്ങളുണ്ടാവും. അവനിവിടെയെത്തുമ്പോ ഒരു പരുവമായിരിക്കും.
നിങ്ങള് ആ കാറിന്റെ വടക കൂട്ടാതെ അങ്ങു
പൊയ്ക്കോ. അതാ നല്ലത്”.
വായനശാലാഭാരവാഹികൾ കുപിതരായി എന്നെയൊന്നു
നോക്കി. ഇടനെഞ്ചിൽ തീയുമായി ഞാനതിനെ എതിരേറ്റു.
ഷാജിനിവാസിന്റെ തിണ്ണയിലിരുന്ന് മൂടു പെരുത്തപ്പോൾ ഇടറോഡിലേക്ക്
ഇറങ്ങി കാത്തുനില്പായി. ‘കണ്ടിപ്പു ബാബു’ എന്ന
ഡ്രൈവർ മുറിവിലേക്ക് മുളകു പുരട്ടി. ”വെയ്റ്റിംഗ് ചാർജ് കൂടു
ന്നത് ബഹുമാനപ്പെട്ടവർ ശ്രദ്ധിച്ചാൽ കൊള്ളാമായിരുന്നു”.
ആറര കഴിഞ്ഞപ്പോൾ കറുപ്പും മഞ്ഞയുമടിച്ച ഒരു ടാക്സിയിൽ
മഹാത്മനും കുറച്ചാളുകളുമായി വന്നെത്തി. പ്രപഞ്ചത്തെ
ഇപ്പോൾ അടിച്ചുപൊളിക്കുന്ന മട്ടിലാണ് കാക്കനാടൻ കാറിൽനി
ന്നിറങ്ങിയത്. അലറുന്നുണ്ട്. കലക്കുന്നുണ്ട്.
അടിച്ചു ഫിറ്റാണ്. കൂടെ തിരുനല്ലൂർ വാസുദേവനുണ്ട്. പെരിനാ
ട്ടുള്ള രണ്ടു ചള്ളകളും. ഭദ്രപുരുഷനായി ഒരാൾ മാത്രമാണ് കൂട്ടത്തി
ൽ. അറ്റം പിരിച്ചുവച്ച പൊടിമീശ. ദൃഢമായ കണ്ണുകൾ. അയാൾ
ആരാണെന്ന് തിരുനല്ലൂർ വാസുദേവനാണ് പറഞ്ഞുതന്നത്.
സാക്ഷാൽ തമ്പി കാക്കനാടനായിരുന്നു അത്. കാക്കനാടന്റെ
നേരെ ഇളയത്. ഇപ്പൊ നമ്മളെ വിട്ടുപോയവൻ.
ഫിറ്റാവാത്ത തമ്പി കാക്കനാടനോട് കരയുന്ന വാക്കുകളോടെ
ഞാൻ കാര്യം അവതരിപ്പിച്ചു. ആ ദയനീയത കണ്ടു ശോകമൂകമായിപ്പോയി
അദ്ദേഹം. കാക്കനാടനെ സമ്മേളനത്തിന് എത്തിച്ചി
ല്ലെങ്കിൽ ഞാൻ നാടുവിടേണ്ടിവരുമെന്നൊക്കെ കരഞ്ഞപ്പോൾ
എന്നെ അദ്ദേഹം ആശ്ലേഷിച്ചുകൊണ്ടു പറഞ്ഞു. ”ബേബിച്ചായൻ
ഒന്നു കിടന്നാൽ സംഭവം നമുക്ക് ഒപ്പിക്കാം. അതുമല്ലെങ്കിൽ ഞാൻ
കാക്കനാടനായി വന്ന് പ്രസംഗിക്കാം. സ്റ്റാർവാല്യുവിന്റെ ഒരു പ്രശ്ന
മതിലുണ്ടെങ്കിലും”.
”ചേട്ടാ, ഞാൻ പൊതിരെ അടി മേടിച്ചുപിടിക്കേണ്ടിവരും.
മാത്രവുമല്ല, നാട്ടിലെ കുറച്ചു പ്രമാണിമാർക്കെങ്കിലും കാക്കനാടൻ
സാറിനെ നന്നായി അറിയാം”.
തമ്പി കാക്കനാടൻ ആ നിസ്സഹായതയിൽ ഉള്ളുതുറന്നു
ചിരിച്ചു രസിക്കുകയും ചെയ്തു. ആ സീനിലേക്ക് കാക്കനാടന്മാരുടെ
അമ്മ വന്നു പറഞ്ഞു: ”എടാ മോനേ, നിങ്ങളീ കോലത്തെ എന്തി
നാടാ അവിടെ കൊണ്ടുപോകുന്നത്?”
”അമ്മച്ചീ, സാറിനെ കൊണ്ടുപോയില്ലെങ്കിൽ എന്റെ കഥ കഴി
ഞ്ഞതുതന്നെ. പൊന്നമ്മച്ചി അങ്ങനെ പറയരുത്”.
ഉടനെ തന്തയില്ലാത്ത ഡ്രൈവർ ബാബു ഇടപെട്ടു: ”ഇപ്പൊ
ത്തന്നെ പൈസ ഒരുപാടായി. വെയ്റ്റിംഗ് ചാർജ് അത്രയൊന്നും
നിസ്സാരമാണെന്നു വിചാരിക്കല്ലേ?”
കൊല്ലംഭാഗത്ത് നടക്കാത്ത കാര്യങ്ങൾ നടന്നുകിട്ടാനായി
ഉള്ളുരുകി പ്രാർത്ഥിച്ചു സമർപ്പിക്കുന്ന രണ്ടുമൂന്നു സ്ഥലങ്ങളുണ്ട്.
അമ്മച്ചിവീട്ടിൽ ദേവിയും, കോട്ടയത്തുകടവു പള്ളിയിലെ പാമ്പു
ചുറ്റിനിൽക്കുന്ന പുണ്യാളനും, തട്ടാമല പള്ളിയിലെ തങ്ങളുതമ്പുരാനും.
മൂന്നിടങ്ങളിലും മൂന്നു നേർച്ചകൾ നേർന്നുകൊണ്ട് ഷാജിനിവാസിന്റെ
മുറ്റത്തു കുത്തിയിരുന്നു. അപ്പോൾ തമ്പിസാറ് എന്റെ ദു:ഖം
ഏറ്റെടുത്തുകൊണ്ടുപറയുകയാണ്: ”പരിപാടി കഴിയുമ്പോഴേക്കും
നിനക്കു രണ്ടു സെന്റ് സ്ഥലമെങ്കിലും എഴുതിവിൽക്കേണ്ടിവരുമോടേ?”
ഒരു മണിക്കൂറിനകം എന്റെ നേർച്ചകൾ ഫലിച്ചെന്നു തോന്നുംവിധം
കാക്കനാടൻസാറ് ഉറങ്ങിയെണീറ്റു. ഈ തക്കത്തിൽ തമ്പി
സാറ് കയറിക്കൂടി ദയനീയാവസ്ഥ അവതരിപ്പിച്ചു.
”ആ പയ്യനെന്തിയേടേ?” കാക്കനാടൻ ആക്രോശിച്ചു.
പയ്യൻ ഓടിച്ചെന്ന് തൊഴുകയ്യോടെ നിന്നു.
”വണ്ടി കൊണ്ടുവന്നിട്ടുണ്ടോ?” എന്നോടായി അദ്ദേഹം.
”ഓ” ഞാൻ.
”ബേബിച്ചായാ വണ്ടിക്ക് ഒത്തിരി വെയ്റ്റിംഗ് ചാർജ് ആയി
ക്കാണും. ഒന്നെണീറ്റേ” തമ്പി കാക്കനാടൻ.
”ങാ, അല്പസ്വല്പം വെയ്റ്റിംഗ്ചാർജൊക്കെ ആയെന്നിരിക്കും.
ഞാനൊന്നു കുളിച്ചു റെഡിയാവാം. ഓണമല്ലേ, ഇവന് സ്വല്പം
പായസം കൊടുക്കാൻ പറ അമ്മിണിയോട്”.
”ഇപ്പത്തന്നെ അവൻ ഒരുപാടു പായസം കുടിച്ചുകാണും”
അമ്മിണി കാക്കനാടൻ അകത്തൂന്ന്.
അന്ന് തമ്പികാക്കനാടൻ ഉത്സാഹിച്ചില്ലെങ്കിൽ ഭാരവാഹികൾ
എന്നെ മയ്യത്താക്കി ഇത് എഴുതാൻ ഇന്ന് ഞാനുണ്ടാവുമായിരുന്നി
ല്ല. ഞാൻ ജീവിക്കുന്നതും ഇതൊക്കെ എഴുതാനായിട്ടായിരിക്കും.
വെറും അന്യനായി കാക്കനാടൻ കുടുംബത്തിൽ പ്രവേശിച്ച
എന്നെ പിൽക്കാലത്ത് മകനായും അനിയനായും ഒക്കെ ആ
കുടുംബം വാത്സല്യപൂർവം ഏറ്റെടുക്കുകയായിരുന്നു.
എന്റെ അനിയത്തിമാരുടെയും അനിയന്റെയും വിവാഹം
മേജർ കാക്കനാടന്മാർ നിന്നാണ് നടത്തിച്ചുതന്നത്. അന്ന് തമ്പി
ച്ചായൻ കണ്ണൂരിലെ ചെമ്പേരിയിലായതിനാൽ പങ്കെടുക്കാൻ കഴി
ഞ്ഞില്ല. എന്നാൽ കുറച്ചുനാൾ കുടുംബസമേതം ബോംബെയിൽ
കഴിയേണ്ടിവന്ന തമ്പിച്ചായൻ എന്നെത്തേടി വസായിയിൽ വന്നു.
അതായത് കാക്കനാടന്മാരുടെ ഒരു പട. തമ്പിച്ചായനും ചേച്ചിയും
മകൾ സൂര്യയും, ബേബിച്ചായന്റെ മകൻ രാജൻ, കാക്ക മോഹനന്റെ
സഹോദരൻ പൂനെയിൽ ഇന്ത്യൻ എക്സ്പ്രസ്സിൽ പത്രപ്രവർത്തകനായ
അജയൻ എന്നിവരടങ്ങുന്ന സംഘം നിന്നുതിരി
യാൻ സ്ഥലമില്ലാത്ത എന്റെ കൊച്ചുവീട്ടിൽ ആഹ്ലാദഭരിതരായി.
ഉള്ളുരുകി സ്നേഹിച്ചു.
പൂജാദികർമങ്ങളിൽ വിഘ്നം വരുത്താത്ത ഞങ്ങൾ ആണു
ങ്ങൾ രണ്ടു കുപ്പി ഓൾഡ്മങ്ക് നിവേദിച്ചു. തമ്പിച്ചായന് പൂജ തൃപ്തി
യാവാൻ ഒരു കുപ്പി സന്ത്രയും. മാടും ആടും മീനുമില്ലാത്ത പച്ചക്കറി
ആഹാരം സ്വയം വിളമ്പി ആറാടി.
ഷെയിസ്പിയറെപ്പറ്റി തമ്പിച്ചായൻ ക്ലാസെടുത്തു. കരണക്കു
റ്റിക്കു വന്നുചേരുന്നു ചിന്തകൾ. അന്നൊരു പുതിയ ബന്ധത്തിനും
അദ്ദേഹം തുടക്കം കുറിച്ചു.
തമ്പിച്ചായന് എന്റെ വീട്ടിലൊരു പുതിയ കൂട്ടുകാരനുണ്ടായി.
വിവേക്. എന്റെ ഇളയ മോൻ. അവനും ബേബിച്ചായനെപ്പോലെയോ
അതിനെക്കാളേറെയോ ഈ ഫ്രണ്ടിനെ ഇഷ്ട
മായി. ഇടയ്ക്ക് എന്നെ വിളിക്കാതെതന്നെ തമ്പിച്ചായൻ മോനെ
വിളിക്കും. പഠിപ്പും ലോകകാര്യങ്ങളും പറയും. വിവേകമുള്ളവനായതുകൊണ്ട്
വിവേകമുള്ളവൻ അവനോട് സംസാരിക്കുന്നു.
അന്നു വന്നപ്പോൾ ഭാഷാപോഷിണിയിൽ വന്ന എന്റെയൊരു കഥ
‘ഗബ്രിയേൽ ഗാർസിയ മാർക്വസ്’ വായിക്കാൻ കൊണ്ടുപോയി.
സ്വന്തം ഇഷ്ടപ്രകാരം അത് ഇംഗ്ലീഷിലാക്കി മെയിലു ചെയ്തുതന്നു.
ഞാനതു സൂക്ഷിച്ചുവച്ചു. ഒരുനാൾ സച്ചിദാനന്ദൻ മാഷുമായി
സംസാരിക്കവേ അദ്ദേഹം പറയുന്നു, ” തമ്പി പറഞ്ഞു രാധാകൃഷ്ണന്റെ
കയ്യിലൊരു കഥയുണ്ടെന്ന്. അത് ഇന്ത്യൻ ലിറ്ററേച്ചറി
ലേക്ക് അയയ്ക്കരുതോ?”
പൊട്ടനായ എനിക്ക് ആ സാദ്ധ്യത അറിയില്ലായിരുന്നുവെന്ന
താണ് സത്യം. ഞാനത് അയച്ചപ്പോൾ വിവർത്തകന്റെ സമ്മതം
ആവശ്യമാണെന്നു കാണിച്ച് ഒരു കത്തുവന്നു. ഉടനെ വിവർത്ത
കനുമായി ഫോണിൽ ബന്ധപ്പെട്ടു. ”പ്രതിഫലം എന്തു കിട്ടുമെടേ?”
ഉടൻ ചോദ്യം വന്നു. ഞാൻ പറഞ്ഞു: ”കഥാകൃത്തിനു
കിട്ടുന്ന എല്ലാം അവിടേക്ക് തന്നുകൊള്ളാം”.
ചടപടാ ഒരു പൊട്ടിച്ചിരിയായിരുന്നു ഉത്തരം. കനത്ത മുരൾച്ച
യിലുള്ള ശ്വാസവും.
ചെമ്പേരിയിൽനിന്നു നെടുമ്പാശ്ശേരിയിലേക്കു താമസം മാറി
യപ്പോൾ എന്നെയും അദ്ദേഹത്തിന്റെ ഫ്രണ്ട് വിവേകിനെയും
വിളിച്ചു: ”നിങ്ങൾ നാട്ടിലേക്ക് ഫ്ളൈറ്റിൽ വരുവാണെങ്കിൽ അതേ
ന്നിറങ്ങിയാലുടനെ നിങ്ങക്കൊരു വീട് ഇവിടൊണ്ടെന്നു മറക്ക
ണ്ട”. ചടപടാന്നൊരു ചിരിയും കനത്ത മുരൾച്ചയിലുള്ള ശ്വാസവും.
ആരാണീ മേജർ കാക്കനാടന്മാർ?
സ്നേഹത്തിന്റെയും ആത്മാർത്ഥതയുടെയും അവസാനി
ക്കാത്ത പൊന്നമ്പലങ്ങളാണ് അവർ. നന്മ നശിച്ചുകൊണ്ടിരി
ക്കുന്ന ലോകത്ത് പിതാക്കളും പ്രഭുക്കളുമായി നിന്നവർ. ആരാണ്
ഇതിൽ വലിയവനെന്നു പറയാൻ കഴിയാത്ത അമ്പരപ്പു തരുന്ന
വർ.
പണവും പ്രതാപവും പദവികളും വിട്ടെറിഞ്ഞ് മനുഷ്യനന്മ
യുടെ മഹാസഹോദരന്മാരായവരാണ് അവർ. സ്വതന്ത്രബുദ്ധി
യുടെ ആൽത്തറകൾ. ഋഷികളുടെ വാസനയാണ് അവരുടെ ജീവി
തത്തിന്. സരസ്വതിയെ മാത്രം നമ്പിയ വമ്പന്മാർ.
അവർ എഴുതിയതും പറഞ്ഞതും ജീവിതത്തിൽ അക്ഷരംപ്രതി
പാലിച്ചു. നഷ്ടവും ഇല്ലായ്മയും അവരുടെ ജീവിതസത്യങ്ങളെ
വ്യതിചലിപ്പിച്ചില്ല. അവർക്കു സമ്പത്ത് പണമായിരുന്നില്ല. അവരുടെ
സമ്പത്ത് അവർ ഉയർത്തിപ്പിടിച്ച ജീവിതമൂല്യങ്ങൾതന്നെ
യായിരുന്നു. ഒരുപാടു കഷ്ടപ്പെട്ടിട്ടും അവർ അതൊക്കെ കാത്തുസൂ
ക്ഷിച്ചു.
പത്തുരൂപകൊണ്ടും പതിനായിരങ്ങൾകൊണ്ടും അവർ ജീവി
ച്ചത് ആനന്ദത്തോടെതന്നെയായിരുന്നു. കാശിനുവേണ്ടി അവർ
സ്വയം വിറ്റുതുലച്ചില്ല.
തമ്പിച്ചായനും ബേബിച്ചായനും മാറിമാറി ആശുപത്രിയിൽ
കിടന്നപ്പോൾ ഒന്നു പോയി കാണാൻ ലക്ഷ്മി എന്നെ അനുവദി
ച്ചില്ല. പക്ഷേ സരസ്വതിയിലൂടെ ഞാനവരെ തൊട്ടുകൊണ്ടേയിരു
ന്നു. അദ്ദേഹത്തിന്റെ മരണം മോഹനനാണ് അറിയിക്കുന്നത്. പിട
ഞ്ഞുവീഴുന്ന മനസ്സിന്റെ സന്താപങ്ങളുമായി ഞാനത് തമ്പിച്ചായന്റെ
ഫ്രണ്ട് വിവേകിനെ അറിയിച്ചു. എന്റെ ഇളയ മോനെ.
അവൻ വെറും നിലത്ത് പെട്ടെന്ന് കിടന്നു. എന്തോ ഓർക്കുന്ന
പോലെ. ഞാനവന്റെ അരികിലിരുന്ന് പുറവും ശിരസ്സും തലോടി
ക്കൊടുത്തു. നാളെ നിന്റച്ഛന്റെ മരണവും ഏറ്റുവാങ്ങേണ്ടവനേല്ല
മോനേ. നൊമ്പരപ്പെടരുത്. തമ്പിച്ചായനെ നമുക്കിനി കാണാനാവില്ലെന്നേയുള്ളൂ.
ഓർമകളുണ്ടല്ലോ ഇഷ്ടംപോലൊക്കെ വിചാരി
ക്കാൻ.
ഇടിമിന്നൽപോലെ ഞാൻ തേങ്ങാൻ തുടങ്ങി. അപ്പോൾ
എന്നെ എന്റെ മകൻ സാന്ത്വനിപ്പിക്കാനെന്നോണം നെഞ്ചു തടവുകയായി.
ഈ നെഞ്ചിൽ എന്തൊക്കെയാണ് ഞാൻ താങ്ങേണ്ടത്.