പലതരം കാലങ്ങളുടെ ആവാഹനങ്ങളാണ് പുതിയ കഥകൾ.
അത് ഒരേസമയം കഥയുടെ തസ്തികനിർമാണവും കാലത്തിന്റെ
മന:ശാസ്ര്തവുമാണ്. പുതിയ കഥ അനേകം സൂര്യന്മാരുടെ വെട്ടി
ത്തിളങ്ങുന്ന വെളിച്ചത്തെ വഹിച്ചുകൊണ്ടുവരുന്നുവെന്ന് ഞാൻ
വിശ്വസിക്കുന്നില്ല. ‘വിശേഷാൽ’കഥകൾ പലപ്പോഴും മാസമെത്തും
മുമ്പേ ‘പ്രസവിപ്പിക്ക’പ്പെടുന്ന കഥകളാണ്. അവ വെറും
ആശയാധിഷ്ഠിത ഉല്പന്നങ്ങളായി മാത്രം നിലനിൽക്കുന്നു. ദർശനങ്ങളുടെയും
ദാർശനികതയുടെയും കുറവുകൾ അത്തരം കഥകൾക്കു
മേൽ തെളിച്ചുവയ്ക്കപ്പെട്ട മുറിവുകളും മുഴകളുമാണ്.
അവ ഇന്ദ്രിയാധിഷ്ഠിതമായ ഒരു കാലത്തിൽ കൊണ്ടുവയ്ക്കപ്പെട്ട
കഥകളാണ്. അത്തരം കഥകൾക്ക് നൽകപ്പെട്ടിരിക്കുന്ന പുതിയ
ബ്രാന്റ് നെയിം അതിനെ കൂടുതൽ തെളിച്ച് മനസ്സിലാക്കിത്തരും
– ‘ഞെക്കിപ്പഴുപ്പിക്കപ്പെട്ട കഥകൾ’ എന്ന വിശേഷണം കഥയുടെ
യോഗ്യതയ്ക്കനുസരിച്ച് ചാർത്തിക്കൊടുക്കപ്പെടുകയാണ്. ഇവിടെ
ദിനംപ്രതി നടക്കുന്ന സംഭവങ്ങളെ ഒരു പക്ഷിയെപ്പോലെ പത്ര
ത്താളുകളിൽ നിന്നും കൊത്തിയെടുക്കുന്ന കഥാകാരന്മാരാണി
ന്നുള്ളത്. അതിഭ്രാന്തമായി പ്രവർത്തിക്കുന്ന ജേർണലിസ
ത്തിന്റെ ഇരകളാണ് കഥാകാരന്മാർ. അങ്ങനെ വരുമ്പോൾ ഒരേ
യാഥാർത്ഥ്യങ്ങൾക്ക് പലതരം പരിഭാഷകൾ തീർക്കാൻ പുതിയ
കഥാകാരൻ നിർബന്ധിതനാകുന്നു. ഇത് ദുർഗ്രഹതയാണോ
എന്നത് ഒരു വില കുറഞ്ഞ ചോദ്യമാണ്. നമ്മുടെ കഥാകാരന്മാ
ർക്ക് പ്രതിഭയുടെ നിശിതാഗ്രം കൊണ്ട് പത്രത്താളുകളിലെ യാഥാ
ർത്ഥ്യങ്ങളെ അതർഹിക്കുന്ന രീതിയിൽ കീറിമുറിക്കാനാവു
ന്നുണ്ടോ എന്നത് സംശയമാണ്. അങ്ങനെ വരുമ്പോൾ ദാർശനി
കമായ അശാന്തിയുടെ ഉല്പന്നമായി കഥ ജനിക്കുകയും മരിക്കുകയും
ചെയ്യുന്നു. ‘വിശേഷാൽ കഥകൾ’ പലപ്പോഴും വായനക്കാരനെ
പിന്തുടരാത്ത ഭാവനയായി ഒടുങ്ങുന്നതതുകൊണ്ടാണ്.
നമ്മുടെ സാഹിത്യ സംസ്കാരത്തെ കശാപ്പു ചെയ്യുന്ന കടലായി
വിശേഷാൽപ്രതികൾ മാറുകയാണ്. പുതിയ കഥകളിൽ ഭാവന
മിന്നലിന്റെ വേഗത്തിൽ മാത്രം പ്രത്യക്ഷപ്പെടുകയും പെട്ടെന്ന്
പിൻവാങ്ങുകയും ചെയ്യുന്നു. അങ്ങനെ കഥ അതിൽതന്നെ
ബുദ്ധിപരമായ ജീവചരിത്രങ്ങളായി ഒടുങ്ങുന്നു. കാലത്തിന്റെ
പ്രസാദാത്മകത്വം തുളുമ്പാത്ത കഥകൾ കൊണ്ട് എന്താണ്
പ്രയോജനം? സമകാലിക കാലത്തിന്റെ നീണ്ടുപോകുന്ന ജീവി
തപരിണാമങ്ങളെ വിവരിക്കാനുള്ള എല്ലുബലം നമ്മുടെ പല
കഥാകാരന്മാർക്കും നഷ്ടമാകുന്നു. കഥയെ കാലോചിതമായി
പ്രതാപപൂർണമാക്കാൻ കഴിയാത്തത് പ്രതിഭയുടെ പരിമിതിതന്നെയാണ്.
ക്രൂരതയിൽ ആഹ്ലാദിക്കുന്ന ഭാവനയാണ് പുതിയ
കഥയിൽ പ്രവർത്തിക്കുന്നത്. ഇപ്പോൾ കഥയുടെ വാക്കിൽ ചോര
പൊടിഞ്ഞിരിക്കുന്നത് നമുക്കു കാണാനാവില്ല. മനുഷ്യജീവി
തത്തെ വ്യാകുലപ്പെടുത്തുന്നതെന്തൊക്കെയാണ് എന്നറിയണമെ
ങ്കിൽ നാം നമ്മുടെ വായനാഗ്രന്ഥികളെ ആഫ്രിക്കയിലേക്ക് തിരി
ച്ചുവയ്ക്കണം. ബെൻ ഓക്രിയെപ്പോലുള്ളവർ കഥയെ ബുദ്ധിപരമായിട്ടല്ല
സമീപിക്കുന്നത്. അവ ഞെക്കിപ്പഴുപ്പിച്ച കഥകളുമല്ല.
അവർ വിശപ്പിനെക്കുറിച്ചൊക്കെയാണ് എഴുതുന്നത്. വിശേഷാ
ൽപ്രതികൾക്ക് എഴുതാൻ ആവശ്യപ്പെട്ടാൽ അവർക്ക് പറയാനാവില്ല,
ബുദ്ധിയുടെ ചൂളയിലാണ്, രണ്ടുനാൾക്കുള്ളിൽ തരാമെന്ന്.
യാഥാർത്ഥ്യത്തെയും ഭാവനയെയും പടിപടിയായി ദ്രവിപ്പിക്കുന്ന
കഥാനിർമാണമാണിപ്പോൾ നടക്കുന്നത്. ഭാവനയുടെ കയ്പുള്ള
പാനീയം നിർമിക്കുന്ന കഥാകാരന്മാരെ വിശേഷാൽപ്രതികളിൽ
നിന്ന് അരിച്ചെടുക്കാനുള്ള ഒരു ശ്രമമാണിത്. യാഥാർത്ഥ്യത്തിന്റെ
അറ്റംതേടലോ ഭാവനയുടെ അരികുനിർമാണമോ അല്ല കഥയെഴുത്ത്
എന്ന് സമർത്ഥിക്കുന്ന ചില കഥകൾ ഉണ്ടായിട്ടുണ്ട്.
കഥകൾക്ക് തങ്ങിനിൽക്കാൻ യാഥാർത്ഥ്യവും ഭാവനയും
ആവശ്യമാണ്. പഴയ കാലത്തിന്റെ മുദ്രകൾ ചരിത്രത്തിന്റെ തെളി
വുകൾ എന്നതിനപ്പുറം ഭാഷയുടെ സൗന്ദര്യവുമാണെന്ന് തെളി
യിക്കുന്ന കഥകളുടെ കാലം അസ്തമിച്ചിട്ടില്ല. കാലപ്പഴക്കത്തിന്റെ
ചാരുതകൾ കൊണ്ട് പുതിയ കാലത്തിന്റെ ശ്ലഥഭാവങ്ങളെ സ്മരണകളുടെ
വലിയ മന്ദിരങ്ങളാക്കാൻ ചില കഥാകൃത്തുക്കളെ
ങ്കിലും ശ്രമിക്കുന്നുണ്ട്. കഥയിലെ ഭാവനയും യാഥാർത്ഥ്യവും
സ്വാഭാവികധാരകളായി മാറുന്നത് ചുരുക്കം ചില കഥകളിലാണ്.
സമകാലിക ജീവിതത്തെ ഗൂഢാക്ഷരങ്ങളിൽ നിർമിക്കാനല്ല
അത്തരം കഥാകൃത്തുക്കൾ ശ്രമിക്കുന്നത്. കാലത്തെ ഒരു വിദഗ്ദ്ധ
ഘടികാരത്തിൽ വച്ച് പരിശോധിക്കുന്ന രീതി ചില കഥാകൃത്തു
ക്കളെങ്കിലും അവലംബിക്കുന്നുണ്ട്. സമകാലിക ജീവിതത്തിന്റെ
ക്രമവിരുദ്ധതയെ അടയാളപ്പെടുത്താനാണ് സേതുവും ഗ്രേസിയും
ശിഹാബുദീൻ പൊയ്ത്തുംകടവും അർഷാദ് ബത്തേരിയും
വിനോയ് തോമസും ലാസർ ഷൈനും ഒക്കെ കഥയിൽ ഇടപെടു
ന്നത്. നാം ജീവിക്കുന്ന കാലത്തിന്റെ ശാസ്ര്തീയമായ കാരണങ്ങൾ
പോലും ഇവരുടെ കഥയിൽ ഇടം പിടിക്കുന്നു. അവരുടെ ഭാവനകളിൽ
അനേകായിരം സന്ദേഹങ്ങൾ നിറഞ്ഞിരിക്കുന്നു. അതുകൊണ്ടവ
ഒരേ സമയം പ്രവചനങ്ങളും താക്കീതുകളുമായി മാറു
ന്നു. ഈ കഥാകാരന്മാർ നിർവഹിക്കുന്ന സാമൂഹികമായ പങ്കാണ്
അവരുടെ കഥകൾ. ഇവിടെ കാലത്തിന്റെ ആധിപത്യം സങ്കോ
ചിക്കുകയും വ്യക്തിയുടെ കാലത്തെ നിർണയിക്കുന്ന ആത്മീയത,
ധാർമികത, സ്വത്വബോധം തുടങ്ങിയ ദൃഢനിയമങ്ങൾ പ്രബലപ്പെടുകയും
ചെയ്യുന്നു.
ഒന്ന്
സേതു
അപ്പോൾ പ്രസിഡന്റ് ഒരു അറ്റകൈ പ്രയോഗിച്ചു. ”എന്നാ
പ്പിന്നെ എലയിടാം, അല്ലേ? ഊണ് കഴിഞ്ഞിട്ടാവാം കണക്കുക
ൾ”.
കുന്നുകരയിലെ ഉത്സവവും കുട്ടിശ്ശങ്കരനും
മതത്തിന്റെ അച്ചുതണ്ട് ഭക്തിയാണ്. ഈ അച്ചുതണ്ടിനെ
സേതു പൊള്ളിക്കുന്നത് മതത്തെ വ്രണപ്പെടുത്താതെയാണ്.
എല്ലാ ക്ഷേത്രങ്ങൾക്കും ഉത്സവങ്ങൾക്കും പഴക്കം പറ്റിയ ഒരു ഘടനയുണ്ട്.
അതിലെ എപ്പോൾ വേണമെങ്കിലും ഇളകാവുന്ന കുറ്റി
കളാണ് – പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി. ഇത് സ്ഥിരപഥമല്ല.
അപ്പോൾ ഓരോരുത്തരുടെയും കാലം ഓരോ പ്രായോഗിക
കാലമാണ്. ഈ പ്രായോഗികകാലത്തെയാണ് സേതുവിന്റെ ‘കു
ന്നുകരയിലെ ഉത്സവവും കുട്ടിശങ്കരനും’ എന്ന കഥ അഭിസംബോധന
ചെയ്യുന്നത്. ഈശ്വരന്റെ പേരിലുള്ള തട്ടിപ്പുകളെക്കുറി
ച്ചാണ് മുഖ്യമായും സേതു ഈ കഥയിൽ പറയാൻ ഉദ്യമിക്കുന്നത്.
അദ്ധ്യാത്മികതയുടെ അനുഗ്രഹങ്ങൾ ഉപേക്ഷിച്ചുകൊണ്ടല്ല
സേതു ഭക്തിക്കു പിന്നിലെ കൊടിയ നുണകളെ അവതരിപ്പിക്കു
ന്നത്. ‘രക്ഷാധികാരി ബൈജു (ഒപ്പ്)’, ‘തൊണ്ടിമുതലും ദൃക്സാ
ക്ഷിയും’ എന്നീ സിനിമകൾ ഗ്രാമങ്ങൾക്കുള്ളിലെ നഗരജീവി
തത്തെ വെളിപ്പെടുത്തുന്നതുപോലെ തന്നെയാണ് സമകാലിക
വർത്തമാനങ്ങളെ/ഗ്രാമീണ ഉത്സവങ്ങളുടെ പിന്നാമ്പുറങ്ങളെ
ഒക്കെ സേതു അടയാളപ്പെടുത്തുന്നത്. മതപരമായ അനുഭൂതി
കൾ ഒന്നുംതന്നെ കൂടിക്കലർന്നിട്ടില്ലാത്ത ഈ കഥ നമ്മുടെ
ഗ്രാമീണ ഉത്സവങ്ങളെ വൈകാരിക ജിജ്ഞാസകൾ കൊണ്ട്
എങ്ങനെ പരിചിതമാക്കുന്നുവെന്നും, നമ്മുടെ ബോധശൃംഖല
കളെ ഭക്തി ഉത്സവാനന്തരം എങ്ങനെ കുഴയ്ക്കുന്നുവെന്നും ഒക്കെ
യുള്ള അന്വേഷണമാണിവിടെ നടക്കുന്നത്. ഉത്സവാനന്തര കണ
ക്കവതരണത്തിലെ പിഴവുകളെ പൊതുയോഗം ചൂണ്ടിക്കാണിക്കു
ന്നതും അതിനെ തുടർന്നുണ്ടാകുന്ന കലഹങ്ങളുമാണ് കഥയുടെ
പൊതുവായ ഒരു ഇതിവൃത്തം. ഒരാളെ നേതൃസ്ഥാനത്തേക്ക്
നയിക്കുന്ന കാന്തശക്തി ഭക്തിയല്ല, പണമാണെന്ന് സ്ഥാപി
ക്കാൻ ഈ കഥയ്ക്കാവുന്നു. ഭക്തി ഒരേസമയം മനുഷ്യരെ വിശുദ്ധ
രായി സൃഷ്ടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. പണത്തിന്റെ
പ്രേരണ കൊണ്ടാണ് ഇവിടെ ഇവരുടെ ഭക്തി ഉദിക്കുന്നത്. ഇവരുടെ
പ്രതാപത്തെ അസ്തമിപ്പിക്കുന്നതും കപടമായ ഭക്തിയാണ്.
ഈ നിരീക്ഷണങ്ങൾ കഥയിലെ പ്രാചീനഭാവനയിൽ ഭക്തി
ഏകവും അനന്തവും സർവവ്യാപിയുമാണെന്ന് വ്യക്തമാക്കുന്നു.
അതിനെ ഒരു താർക്കികജ്ഞാനത്തിൽ തളച്ചിടുന്നത് അമിത ധനമോഹങ്ങളാണ്.
ഉത്സവകമ്മിറ്റിയെ ചോദ്യം ചെയ്യുന്ന സദസ്സ് ഒരു
പ്രതീകമാണ്. ഭരണകൂടം തോൽക്കുന്നിടത്ത് മോബ് ശക്തി പ്രാപി
ക്കും. പലതരം കല്പനകൾ സൃഷ്ടിച്ച് അതിന്റെ ധ്യാനശക്തിയിലൂടെ
നമ്മുടെ കാലത്തെ നമുക്ക് മനസ്സിലാക്കിത്തരുകയാണ് സേതു.
കാലത്തിന്റെ സത്യവിശദീകരണങ്ങളാണ് ഈ കഥയിലുള്ളത്.
എത്ര ഭക്തി കോരിയൊഴിച്ചാലും വിശപ്പടങ്ങാത്ത സത്തയാണ്
മതം. ആ ശക്തിയെയാണ് ഈ കഥയിലെ മനുഷ്യർ വിഴുങ്ങിക്കളയുന്നത്.
ഭക്തിപ്രസ്ഥാനങ്ങളുടെ അമരക്കാർ മുറ്റത്തിട്ടു തട്ടിക്കളി
ക്കുന്ന രണ്ടു പന്തുകളാണ് മതവും ഭക്തിയും. ഇതിനെ രണ്ടി
നെയും ദൈവത്തിലേക്ക് എറിഞ്ഞുകളിച്ചുകൊണ്ടിരിക്കുന്ന പ്രവണതകളെയാണ്
സേതു ചോദ്യം ചെയ്യുന്നത്. ഭക്തി പല്ലു
കൊഴിഞ്ഞ കടുവയാണെന്ന് നാം തിരിച്ചറിയുകയാണ്. വിശ്വാസി
ഒരു വലിയ നടനാണ്. ഭക്തി കാലത്തിന്റെ കണ്ണായി മാറാൻ വിസ
മ്മതിക്കുന്നതിനെയാണ് സേതു ചൂണ്ടിക്കാണിക്കുന്നത്.
രണ്ട്
ഗ്രേസി
‘കുറച്ചു ചരിത്രം പഠിക്കുന്നതു നന്നായിരിക്കും. പുലത്തിൽ
പണിയുന്നവരാണ് പുലയന്മാരായത്. അവരിലെ നായകന്മാരാണ്
പിന്നെ നായന്മാരായത്. അല്ലാതെ നൂലിൽ കെട്ടിയിറക്കിയതൊന്നുമല്ല’.
– ലളിത സങ്കീർണം
റിയലിസത്തിന്റെ പുതിയൊരു സത്താവിശേഷത്തിലേക്കാണ്
ഗ്രേസിയുടെ ‘ലളിതസങ്കീർണം’ എന്ന കഥ നമ്മെ നയിക്കുന്നത്.
ഈ കഥ ഒരു പുതിയ ദളിത് സങ്കല്പത്തിന്റെയും സ്ര്തീവാദ കാഴ്ച
പ്പാടിന്റെയും ജാതിയുദ്ധങ്ങളുടെയും വര കറുപ്പിച്ചു കാണിക്കുകയാണ്.
അവിശുദ്ധമായ ഒരു ലോകം രണ്ടു മനുഷ്യർക്കിടയിൽ
എപ്പോഴും പ്രബലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജാതി ഒരു മനുഷ്യന്റെ
ഒന്നാം ലോകമായി മാറിക്കൊണ്ടിരിക്കുന്നതിനെയാണ്
ഗ്രേസി ആശങ്കയോടെ നിരീക്ഷിക്കുന്നത്. സവർണരുടെ കോളേ
ജിലേക്ക് വരുന്ന എ. ബിന്ദു എന്ന ദളിത് അദ്ധ്യാപിക അനുഭവി
ക്കുന്ന ലോകം വർത്തമാനകാല ഇന്ത്യൻ പരിസരംതന്നെയാണ്.
ചരിത്രത്തിന്റെ അനിവാര്യ മുഹൂർത്തങ്ങളെ സ്പർശിച്ചുകൊ
ണ്ടാണ് ഗ്രേസി എന്ന കഥാകാരി ഇവിടുത്തെ ജാതിവ്യവസ്ഥയെ
ആക്ഷേപിക്കുന്നത്. ഇന്ത്യയിലെ ജാതിവ്യവസ്ഥകളുടെ വിരുദ്ധ
ധ്വനികൾക്കുള്ളിൽ അസഭ്യതയും തരംതാഴ്ത്തലും ഒക്കെ വർദ്ധി
ച്ചുവരുമ്പോൾ, അതിലേക്ക് കൺമിഴിച്ചു മാത്രം നിൽക്കാതെ,
സൗന്ദര്യശാസ്ര്തപരമായ ആ ചതിയിൽ നിന്നും ഓടി രക്ഷപ്പെടാൻ
‘ലളിത സങ്കീർണം’ നമ്മെ ക്ഷണിക്കുന്നു. പൂർണമനുഷ്യനാവുക
എന്ന അസംതൃപ്തിയിലേക്കു ചായുവാൻ നിലനിൽക്കുന്ന
ജാതിപ്രമാണങ്ങൾ തടസ്സമാണെന്ന ഓർമപ്പെടുത്തലാണിത്.
ഇന്ത്യയിലെ മനുഷ്യർ(കീഴ്ത്തട്ടുകാർ)ക്ക് നീതി നിഷേധിക്കപ്പെ
ടുമ്പോൾ ലളിതമായി സ്വയം വഞ്ചിതരാകുകയാണ്. ജാതിയുടെ
പാഠങ്ങളിലൂടെ ചരിത്രത്തിൽ പ്രവേശിക്കാൻ താത്പര്യം കാണി
ക്കുന്ന ഗ്രേസി, സ്വയം പ്രതിബിംബിക്കാൻ കരുത്തുള്ള രൂപഘടനയാണ്
ചരിത്രമെന്ന് നമ്മെ ഓർമിപ്പിക്കുകയാണിവിടെ. ഇവി
ടുത്തെ ജാതിവ്യവസ്ഥകളെക്കുറിച്ചുള്ള തെളിഞ്ഞ ബോധങ്ങൾ
ഈ കഥ പ്രകടിപ്പിക്കുന്നു – ”എന്റെയും തന്റെയുമൊക്കെ ഉള്ളിൽ
ജാതിയുണ്ട്. എല്ലാവരുടെയും ഉള്ളിലുണ്ട്. ഇനിയുമത് ഏറിവരി
കയേയുള്ളൂ. കാപട്യമുള്ളവർക്കു മാത്രമേ അങ്ങനെയൊന്നുമല്ലെന്നു
ഭാവിക്കാൻ കഴിയൂ. എന്നെപ്പോലെയുള്ളവർ ചിലപ്പോൾ
ജാതിക്കു പകരം കൾച്ചറിലുള്ള വ്യത്യാസം എന്നൊക്കെ പറഞ്ഞേ
ക്കും. അതും ഒന്നാന്തരം കാപട്യമാണെടോ”. ഇങ്ങനെയുള്ള കഠി
നമായ യാഥാർത്ഥ്യത്തെ നമുക്കു മുമ്പിൽ വച്ചിട്ട് ആ മനുഷ്യൻ
എന്ന സത്തയെ ഒന്നു പൊട്ടിച്ചുനോക്കുക; അവിടെ ജാതിയുടെ
രക്തം കട്ടപിടിച്ചിരിപ്പുണ്ടാവും എന്നു തറപ്പിച്ചുപറയുകയാണ്
ഗ്രേസി. രോഗപൂർണമായ ആകർഷകത്വമുള്ള ഒരു ചട്ടക്കൂടാണി
തെന്നും അതിന്റെ വിപണിവത്കരണമാണ് ജനാധിപത്യമെന്നും
ഇതിൽ കൂടുതൽ തെളിച്ചെങ്ങനെ ഒരു കഥയിൽ ആവിഷ്കരി
ക്കും. ജാതിയുടെ ആരവങ്ങൾ സൃഷ്ടിക്കുന്ന ഒരുതരം ഭാഷയും
വേഷവും ഭക്ഷണവും സിനിമയും ഇപ്പോൾ മലയാളത്തിൽ
പ്രചാരം നേടി വരുന്നുണ്ട്. അതിന്റെ മേൽക്കോയ്കളെ കുറിച്ചു
ള്ള ഗ്രേസിയുടെ ആകുലതകൾ നമ്മുടേതു കൂടിയാണ്. ജാതി
ജീവിതത്തിലേക്കുള്ള തെറ്റിയ വഴിയാണെന്നു മാത്രമല്ല, വരാനി
രിക്കുന്നത് ജാതികലാപങ്ങളാണെന്നും ഈ കഥ പ്രവചിക്കുന്നു.
മൂന്ന്
ശിഹാബുദീൻ പൊയ്ത്തുംകടവ്
”അവൾ ആ ജോലിക്ക് അപേക്ഷിക്കാനുള്ള മുഖ്യ കാരണം
ഒരു പെണ്ണിന്റെ റിസപ്ഷൻ ജീവിതമാണ്. അവൾക്ക് മുറിയിലേക്ക്
പോകേണ്ടിവരില്ല എന്ന ആകർഷക ഘടകമാണ്”.
– പ്രളയകാളി
കാലത്തിന്റെ സംഹാരസ്വഭാവം എന്ന ആശയത്തിന് പുതിയ
ശക്തി നൽകിക്കൊണ്ടുള്ള പുന:പ്രസ്താവനകളാണ് ശിഹാബുദീന്റെ
കഥകൾ. ഈ കഥാകാരന് ജീവിതം രഹസ്യവാദവിചാര
ങ്ങളുടെ നിർമിതിയാണ്. ഭൂമിയിലെ മനുഷ്യരുടെ ജീവിതം വിപരീ
തസ്വഭാവമുള്ള പല യാഥാർത്ഥ്യങ്ങളുടെ സമാഹാരമാണെന്ന്
വിശ്വസിക്കുന്ന ഒരാൾക്കേ ‘പ്രളയകാളി’ പോലൊരു കഥ എഴുതാനാകൂ.
‘പ്രളയകാളി’ ഒരു പെൺകുട്ടിയുടെ ആത്മഗതങ്ങളാണ്.
ഈ ഗ്രാഫ് അവളുടെ ഓരോ ഘട്ടത്തിലെയും ജീവിതം വരച്ചുകാണിക്കുന്നു.
പഠനം, തൊഴിലന്വേഷണം, പ്രണയം, രോഗം, ഏകാ
ന്തത, ഒറ്റപ്പെടൽ, സുരക്ഷിതത്വമില്ലായമ ഒക്കെ ഈ കഥ വിവരി
ക്കുന്നുണ്ട്. ഒരു സ്ര്തീയുടെ യാത്രയെ അലങ്കോലപ്പെടുത്തുന്നതും
പ്രതിസന്ധിയിലാക്കുന്നതും ആണുങ്ങളുടെ അവയവമല്ല, തന്റെ
തന്നെ അവയവമാണെന്ന് അവൾ മനസ്സിലാക്കിവച്ചിരുന്നു.
സ്ര്തീയുടെ ശരീരഭാഷ എപ്പോഴും സംഘർഷത്തിലാണ്. ശിഹാബുദീന്റെ
പ്രളയകാളി സദാചാരവും വലിയൊരു സംഘർഷത്തി
ലാണെന്ന് ധ്വനിപ്പിക്കുന്നു. വിശപ്പ്, തൊഴിൽ, സ്വാതന്ത്ര്യം,
ഭക്ഷണം എന്നിവയിലെല്ലാം ഒരു വികലീകരണത്തിന്റെ അസൗ
ന്ദര്യം സ്ര്തീയെ കാത്തിരിക്കുന്നു. ഇത് അസ്വാതന്ത്ര്യമാണ്. പുരുഷ
നെപ്പോലെ സ്ര്തീക്ക് പൊതുനിരത്തിനരുകിൽ മൂത്രമൊഴിക്കാനാവില്ല.
ഒരു സ്ര്തീയെ അധാർമികതയുടെ പ്രതിയാക്കാൻ അവളുടെ
ശരീരഭാഷ, വായന ഒരാളെ നിർബന്ധിക്കുകയോ അല്ലെങ്കിൽ
അതിനുവേണ്ടി മിനക്കെടുകയോ ചെയ്യുന്നു. ‘പ്രളയകാളി’യിൽ
നവകാല്പനികത ശകാരിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ കഥ
അവസാനിക്കുന്നത് ഇങ്ങനെയാണ് – ”ഞാൻ പ്രളയകാളിയാണ്.
ഇതും പറഞ്ഞ് അവൾ അടിവസ്ര്തമൂരി ആ മഹാനഗരത്തിലെ
നടുറോഡിലിരുന്നു മൂത്രമൊഴിക്കാൻ തുടങ്ങി. ആര് കേട്ടിട്ടും
അവൾ ചെവിക്കൊണ്ടില്ല. കൂറ്റൻ ബ്രിഡ്ജുകൾ, ഫ്ളൈ ഓവറുക
ൾ, കണ്ണാടിക്കെട്ടിടങ്ങൾ എല്ലാം തകർന്ന് പ്രളയത്തിലാറാടി. നഗരത്തിലെ
മൂന്നാംലിംഗക്കാർ ഒഴികെ”. ഒരു സ്ത്രീയിലേക്ക്
സമൂഹം കെട്ടിവയ്ക്കുന്ന ജീർണതകളെ രോഷത്തോടെ അവൾ
കുലിക്കിയെറിയുന്ന ഒരു കാലം ഇനിയും വരാനിരിക്കുന്നുവെന്ന്
‘പ്രളയകാളി’ ഓർമിപ്പിക്കുന്നു. സ്ര്തീത്വം ഒരു ശരീരം മാത്രമല്ലെന്നും
അത് ഭൂമിക്ക് വിശാലമായൊരു തീർത്ഥമാണെന്നും ഈ കഥ
നമുക്കു പറഞ്ഞുതരുന്നു. ശരീരത്തിലെ വിസർജന വസ്തുക്കളെപ്പോലെ
തള്ളിക്കളയാൻ സ്വാതന്ത്ര്യമില്ലാത്ത സ്ര്തീസ്വത്വത്തിന്റെ
പ്രശ്നങ്ങളെതന്നെയാണ് ശിഹാബുദീൻ നിരത്തിവയ്ക്കുന്നത്. മനുഷ്യരുടെ
പൊതുബോധത്തിൽ നിന്ന് ഈ കഥയിലെ പെൺകുട്ടി
വ്യക്തിയിലേക്ക് കടന്നപ്പോൾ കാലബോധം സർഗാത്മക സൗന്ദ
ര്യമുള്ള ഒരുതരം ഭ്രാന്തിലേക്ക് നീങ്ങുന്നതാണ് നാം കാണുന്നത്.
ഒരു സ്ര്തിയെ രക്ഷിക്കുന്നതും ശിക്ഷിക്കുന്നതും വ്യവസ്ഥാപിത
സമൂഹങ്ങളാണെന്ന് ‘പ്രളയകാളി’ നമ്മെ വീണ്ടും വീണ്ടും ഓർമി
പ്പിച്ചുകൊണ്ടേയിരിക്കും.
കാലം ആവശ്യപ്പെടുന്ന കൂട്ടിവായനകൾ
കഥയുടെ ബുദ്ധിപരമായ ജീവചരിത്രങ്ങളോടുള്ള വിയോജി
പ്പുകൾ സൂക്ഷിക്കുന്ന വലിയൊരു തലമുറ ഇനിയുമുണ്ട്. അവരുടെ
വിശേഷാൽ എഴുത്തുകൾ അനുഭവങ്ങളുടെ ദൈർഘ്യതകളാണ്.
കാലത്തിന്റെ ഗതിശീലത്തിൽ എല്ലാം എങ്ങനെയാണ് മാറിമറി
യുന്നതെന്നറിയണമെങ്കിൽ അത്തരം ചില കഥാകൃത്തുക്കളി
ലേക്ക് നാം ശ്രദ്ധയൂന്നേണ്ടിയിരിക്കുന്നു. ജീവിതത്തെ അതേപടി
ഹാജരാക്കുന്ന അത്തരം കഥാകൃത്തുക്കൾ കഥയിൽ ജീവിതം
ജീവിച്ചുതീർക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അവ ഭാവനയുടെ
വെറും കുഴഞ്ഞ ചരക്കുകളല്ല. നാം ആയിരിക്കുന്ന എല്ലാം (കാലം,
ഭൂമി, വ്യക്തിസത്ത) ഒരു എൻട്രോപ്പിയെ വിഭാവന ചെയ്യുന്നുണ്ട്.
ആ എൻട്രോപ്പിയുടെ മർദം കൂടുമ്പോൾ ക്രമരൂപങ്ങൾ അട്ടിമറി
ക്കപ്പെടും. അപ്പോൾ എല്ലാ ജീവിതങ്ങൾക്കും ഒരേ ഊഷ്മാവായി
രിക്കും ഉണ്ടായിരിക്കുക എന്ന് അവരുടെ കഥകൾ പ്രവചിക്കുന്നു.
ഗൃഹാതുരതയിലേക്കുള്ള മടങ്ങിപ്പോക്ക് ചില നവകഥാകൃത്തു
ക്കളെങ്കിലും ആഗ്രഹിക്കുന്നുണ്ട്. അതിന്റെ വലിയ തെളിവുകളാണ്
അർഷാദ് ബത്തേരിയുടെ ‘നിൽപ്പ്’ എന്ന കഥ. പഴയ
കാലത്തെ ഓർത്തെടുക്കുകയാണ് ഇതിലെ കഥാപാത്രം. കാറും
സംസ്കാരവും ഒക്കെ വരുന്നതിനു മുമ്പുള്ള കാലം, ദാരിദ്ര്യ
ത്തിന്റെ കാലം. അത്തരം കാലങ്ങളിൽ ഇല്ലാതിരുന്ന സൗഹൃദ
ങ്ങളെ ഉറച്ച ചങ്കോടെ സൗഭാഗ്യങ്ങളുടെ കാലത്തും നിരാകരിക്കു
ന്നതാണ് ‘നിൽപ്പി’ൽ നാം കാണുന്നത്. കൃഷിയും പറമ്പും കാർ
ഷിക സംസ്കാരവും വിത്തുസംരക്ഷണവും വിത്തുല്പാദനവും
ഒക്കെ പ്രമേയമായി വരുന്ന ‘നായ്ക്കുരണ’ എന്ന കഥ വിനോയ്
തോമസിന്റെ ഗൃഹാതുര അന്വേഷണങ്ങളുടെയും തിരിച്ചുപിടിക്ക
ലിന്റെയും കഥയാണ്. പ്രാർത്ഥനയോടെ കൃഷിപ്പണി ആരംഭിക്കു
ന്ന, ഭൂമിയോട് അനുവാദം വാങ്ങി നായ്ക്കുരണ എന്ന കള പറി
ക്കുന്ന ഇതിലെ സാബു എന്ന കഥാപാത്രം ഏറ്റവും പുതിയ തലമുറയ്ക്കുള്ള
പ്രതീകമാണ്. ഫ്ളെക്സിബിളിസ കാലത്തിന്റെ
അയഞ്ഞ കഥനരീതികൾ ഫലപ്രദമായി വിനിയോഗിക്കുന്ന കഥാകാരനാണ്
വി.എച്ച്. നിഷാദ്. നിഷാദ് എഴുതിയ ‘മാധവൻ വിഴു
ങ്ങിയ കഥ’യിലെ മാധവൻ എന്ന കഥാപാത്രം എഴുതിയ ‘മറ്റൊരാൾ’
എന്ന കഥയോടു കൂടിയാണ് കഥ അവസാനിക്കുന്നത്.
ഫിക്ഷനുള്ളിൽ ഫ്ളാഷ് ഫിക്ഷൻ ഇൻബിൽറ്റ് ചെയ്യുന്ന രീതി
യൊക്കെ കാലത്തിന്റെ കൂട്ടിവായനകളായി നാം തിരിച്ചറിയേണ്ട
തുണ്ട്.
ലാസർ ഷൈൻ എഴുതിയ ‘വീരപ്പൻ ഈ വീടിന്റെ ഐശ്വര്യം’
എന്ന കഥ ശ്രദ്ധേയമാകുന്നത് അതിന്റെ അവതരണമികവുകൊ
ണ്ടാണ്. ഇത് ഫ്ളെക്സിബിളിസകാലം നൽകുന്ന സ്വാതന്ത്ര്യമാണ്.
ഇവിടെ ജെ. നാലുപറയിൽ എന്ന പുരോഹിതനും, ജോൺ
എബ്രഹാമും, കെ.എൻ. ഷാജിയും, കെ.ആർ. മീരയും, മോഹൻ
ലാലും ഒക്കെ പരാമർശവിധേയരാകുന്നു. മരിച്ചുപോയവരുടെ
ഓർമകൾ പങ്കുവയ്ക്കുകയാണീ കഥ. വീരപ്പന് കാട് കാവ്യവസ്തുവെ
ന്നതിനേക്കാൾ ജീവവസ്തുവായിരുന്നു. വീരപ്പനെ ആത്മീയതയുടെ
പച്ചപ്പുകൾ വച്ചു പിടിപ്പിച്ച് അവതരിപ്പിക്കുന്ന ഒരു കഥ എന്ന രീതി
യിലല്ല നാം ഇതു വായിച്ചുപോകുന്നത്, മറിച്ച് ഒരു ജീവചരിത്രം
പോലെയാണ്.
അനുബന്ധം
മനുഷ്യജീവിതത്തെക്കുറിച്ചുള്ള ദുരന്തബോധത്തിന്റെയും
ഫലിതബോധത്തിന്റെയും രസകരമായ കലർപ്പുകളാണ് മേൽവി
വരിച്ച കഥകൾ. നിലനില്പിന്റെ വിഷമാവസ്ഥകളെയാണ് ഓരോ
കഥാകൃത്തും അവതരിപ്പിച്ചത്. നാം കണ്ടു മറക്കുന്ന യാഥാർത്ഥ്യ
ങ്ങളുടെ സ്വപ്നദർശനങ്ങളാണീ കഥകൾ. അന്തമില്ലാത്തവരുടെ
സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അപകഥകളാണിവ ഓരോന്നും. ദൂരനാടുകളിലെ
ദർശനങ്ങൾ കണ്ടു പരിശീലിച്ച നമുക്ക് ഈ കഥകൾ
തുറന്നുവയ്ക്കുന്ന മൗനങ്ങൾ അശാന്തിയുടെ കാലത്തെ ഉത്തരങ്ങ
ളാണ്. കാരണം അവ കഥയുടെ ബുദ്ധിപരമായ ജീവചരിത്രങ്ങളല്ല.
മറിച്ച് ക്ലിനിക്കൽ വെളിപാടുകളാണ്.
കുറിപ്പുകൾ
1. കുന്നുകരയിലെ ഉത്സവവും കുട്ടിശ്ശങ്കരനും / സേതു (കലാകൗമുദി
ഓണപ്പതിപ്പ് 2017) പുറം 14-22
2. ലളിതസങ്കീർണം / ഗ്രേസി (മലയാള മനോരമ വാർഷിക
പ്പതിപ്പ് 2017), പുറം 172-180
3. പ്രളയകാളി / ശിഹാബുദീൻ പൊയ്ത്തുംകടവ് (പ്രസാധകൻ
ഓണപ്പതിപ്പ് 2017) പുറം 26-28
4. നിൽപ്പ് / അർഷാദ് ബത്തേരി (എതിർദിശ വാർഷികപ്പതിപ്പ്
2017) പുറം 34-35
5. മാധവൻ വിഴുങ്ങിയ കഥ / വി.എച്ച്. നിഷാദ് (കലാപൂർണ്ണ
ഓണപ്പതിപ്പ് 2017) പുറം 174-176
6. നായ്ക്കുരണ / വിനോയ് തോമസ് (പടയാളി സമയം ഓണ
പ്പതിപ്പ് 2017) പുറം 43-48
7. വീരപ്പൻ ഈ വീടിന്റെ ഐശ്വര്യം / ലാസർ ഷൈൻ (സമകാലിക
മലയാളം ഓണപ്പതിപ്പ്) പുറം 138-15ക്