കിതച്ചുകിടക്കും
തണുപ്പിന്റെയൊടുക്കത്തെ
ഒളിയിടങ്ങളിലൊന്നിൽ
വഴികൾ തീരുന്നൊരീ
നാട്ടിലിന്നൊത്തിരി
കാത്തിരിപ്പിന്നൊടുവിൽ
തിളങ്ങിയെത്തുന്നു-
ഈസിയേസീബസ് !
ഇപ്പൊഴും തണുപ്പുള്ളൊരീ
നാട്ടിലീയേസീയ്ക്കു പകരമായോരോ
നേരത്തുമായോരഞ്ചുബസുകൾ
വന്നിരുന്നെങ്കിലെന്നുറക്കെയോർത്തോരെ
തുറുകണ്ണാലിറുക്കുന്നു
സ്വീകരണസംഘം;-
നെറ്റിയിൽ നേട്ടങ്ങൾ
കുറിച്ചിട്ടവർ
ആദ്യമേയിരിപ്പുറപ്പിച്ചവർ.
എല്ലാർക്കും പാകത്തിൽ,
വലുപ്പത്തിൽ വാതിലുകളുണ്ടെന്ന്
പരസ്യത്തിൽ
പറഞ്ഞപോലെങ്കിലും
പിന്നെയും ചാഞ്ഞും ചെരിഞ്ഞും
ചതഞ്ഞും പകരം ചവിട്ടിയും
പാടുപെടുന്നവരൊക്കെയുമെന്നാൽ
ടാറുണങ്ങാത്ത റോഡിൽ ചിതറിയ
തേങ്ങാപ്പൂളുകൾക്കായൊരുമിച്ചു
നാവു നീട്ടുന്നു.
ഓടിച്ചാടിക്കയറിയോർക്കെല്ലാം
കണ്ടക്ടർസാറിന്റെ കയ്യിലെ കെട്ടും
ബസിന്റെ കളറും
പണ്ടേ പരിചയമെന്നല്ലേ
പണ്ടത്തെ ചുവപ്പിലന്നേയൊളിച്ചോരു
പരിചിത നിറമല്ലേ…
അച്ചടക്കമാണു ധനം
അച്ചിലിട്ടു പൊരിച്ച വാക്കുകളും
അതിമനോഹരമാമിരിപ്പിടങ്ങളും.
വിയർപ്പിൽ
നിലവിളികൾക്കിടയിൽ
തൂങ്ങിയാടിച്ചുവടുകൾ മാറ്റുമ്പോൾ
നാവുതാഴ്ത്തി കയ്പുനീരിറക്കുമ്പോൾ
തിളയ്ക്കുന്ന നിമിഷങ്ങൾ
മറന്നു മുങ്ങിത്താഴാൻ
ആയുരാരോഗ്യയോഗനിദ്രയിൽ
തികച്ചും സമാധാനകാംക്ഷിയും
പുരോഗമനേച്ഛുവും
സ്വപ്നഗോവണികളിൽ കൊടികൾ
നാട്ടിയ പകൽസഞ്ചാരിയും
സർവോപരി മാന്യതയിൽ വീർത്ത്
അതിമധുര ജയഗീതിയിൽ നിവർന്ന്
അമ്പട ഞാനേ അധിനായകനേയെന്നന്തമില്ലാതെ
പൂരിതമായിരിക്കുന്ന രംഗം.
അടക്കമുള്ള യാത്രക്കാരവർ
അടക്കത്തിൽ പൊതിഞ്ഞുപേക്ഷിയ്ക്കുമുറകളിൽ
ചീഞ്ഞുനാറുന്നു നാവുകൾ-
യാത്രയല്ലോ പ്രധാനം
സമയമല്ലോ ധനം.
വഴിയോരച്ചെരിവുകളിൽ
എന്തുവേഗമെന്നന്തം വിട്ടു
കാറ്റു പിടിച്ചാടുന്നു പിന്നെ
എന്താ വേഗമെന്നു
കൊതിപിടിച്ചു
കൂട്ടത്തിലെത്തുവാൻ
കണ്ണടച്ചോടുന്നൂ ചിലർ-
അങ്ങനെയതീവ വേഗം ;
വെട്ടിയെഴുതുന്നതും
വെട്ടിപ്പിടിക്കേണ്ടതുമായ
ഇരുതലവഴികളിൽ
നുരയുന്ന ചോരമണം നുണഞ്ഞ്
അമിതാനന്ദലഹരിയിൽ-
ഉറപ്പിനായൊട്ടേറെ ചരടുകൾ
കൂട്ടിക്കെട്ടിയ കൈത്തണ്ടകളിൽ
നിന്നും തുടങ്ങുന്ന
തൂക്കുകയറിന്റെയറ്റം
നെഞ്ചിടിച്ചു വീഴുന്ന
നിലവറയിൽ നിന്നുമിറങ്ങും
നിശ്ശബ്ദതയുടെ വിരലുകൾ
മുൻസീറ്റിലെ ചക്രപ്പല്ലുകൾ
കൂട്ടത്തിലൊരാളുടെ മടിയിൽ
ഓറഞ്ചുമിട്ടായിയുറുഞ്ചിക്കുടിച്ചുറങ്ങിയ
കുഞ്ഞിന്റെയുൾക്കണ്ണിൽ
ഓറഞ്ചല്ലികൾക്കുള്ളിൽ
വളർന്നു വാ പിളർക്കുന്ന
വെളുത്ത പുഴുവിനെക്കണ്ടു
വാവിട്ടു വിളിക്കുമ്പോൾ
കണ്ടക്ടർ സാറുറക്കെ പറയുന്നു
ബസ്സ്…!
ബസ് കരോ
ഛുപ് രഹോ
യഹാ ആവാജ് മനാഹേ!
ആകെയങ്ങ് ശാന്തമ്പാറയായിപ്പോകുന്ന ബസ്
ഉള്ളുരുകിയുരുൾ പൊട്ടി
ഒലിച്ചു പോകാനൊരുങ്ങുന്ന
വഴിയിലേക്ക്
വേഗത്തിലുരുളുകയാണ്…