ഉറുമ്പുകൾ
തിടുക്കത്തിലങ്ങനെ പോകുന്നുണ്ട്.
എല്ലാ യാത്രയും
അന്നം തേടിയാണെന്ന് പറയാനാവില്ല.
അവർക്കുമുണ്ടാകും
നിങ്ങൾക്കറിയാത്ത രഹസ്യനീക്കങ്ങൾ.
വിടവുകളിൽ മറഞ്ഞിരുന്ന്
അവർ ശ്രദ്ധിക്കുന്നുണ്ട്
നിങ്ങൾ പറയുന്നതൊക്കെയും.
കഴിക്കുന്ന പാത്രത്തിന്റെ വിളുമ്പിൽ കണ്ടില്ലേ അവരെ.
കഴുകിയുണക്കി മടക്കിയെടുത്ത
വസ്ത്രങ്ങൾക്കിടയിലും
അവർ കയറിപ്പറ്റിയിരിക്കുന്നു.
അവർക്കു ലക്ഷ്യങ്ങളുണ്ട്.
വേർപെടുത്താൻ
അവർക്കറിയാം
നിങ്ങളെക്കാൾ നന്നായി
പലതിനെയും
മണ്ണിൽ കലർന്ന മധുരത്തെ കണ്ടെത്തി
വേഗത്തിലത് വേർതിരിക്കുന്നവരാണവർ.
തുന്നിക്കൂട്ടാൻ അവർക്കറിയാം
ഇലകള് കൂട്ടിതുന്നി
ഒരൊറ്റശാഖയിൽ അസംഖ്യം
കൂടുകൾ നിർമ്മിക്കുന്നവരാണവർ.
ഒരു മരം ഒരു രാജ്യമാക്കി
അവർ നിങ്ങളുടെ നിർമ്മിതികൾക്കു
ബദലുകൾ പണിതേക്കും.
അവർക്കു ലക്ഷ്യങ്ങളുണ്ട്.
വെയിൽസ്പർശമേൽക്കാത്ത
ഇരുൾമൂലകളിൽ നൂണ്ടിറങ്ങി
നിങ്ങൾ കുഴിച്ചുമൂടിയ പലതും
വലിച്ചു പുറത്തിടാനുണ്ട്.
നിങ്ങളെ നിരീക്ഷിച്ച്
നിങ്ങളുടെ വിവരങ്ങൾ
പലയിടത്തേക്കും
കൈമാറ്റം ചെയ്യാനുണ്ട്.
ഉന്നം പിടിച്ച് മറവുകളിൽ
എയ്യാനാഞ്ഞു നിൽക്കുന്ന
വേടൻമാരെ ഒച്ചയില്ലാതെ ചെന്ന്
കടിക്കേണ്ടതുണ്ട്.
അവർക്കു ലക്ഷ്യങ്ങളുണ്ട്.
കാലെങ്ങാൻ വഴുതിയാൽ
ഇലയിട്ടു കൊടുത്തു രക്ഷിക്കാൻ
പ്രാവിന്റെ പിൻതലമുറക്കാർ
പിന്നാലെയുണ്ട്.
വറുതിക്കാലം വന്നാൽ
വേനലിൽ സ്വരുക്കൂട്ടിയ
കരുതൽ ശേഖരങ്ങൾ
അവരുടെ ഭൂഗർഭഅറകളിൽ ഭദ്രമായുണ്ട്.
ഉറുമ്പിൻ കൂട്ടത്തെ
ഇല്ലായ്മ ചെയ്യാനുള്ള
നിങ്ങളുടെ പയറ്റുകൾ
കാണുന്നുണ്ടവർ.
പക്ഷേ ഓരോ തിരിവിലും
അടയാളങ്ങൾ തിരിച്ചറിഞ്ഞ്
അവർ വീണ്ടും
വഴികണ്ടു പിടിച്ചു യാത്ര തുടരും.
അവർക്കു ലക്ഷ്യങ്ങളുണ്ട്.
ഇരുട്ട് പരന്ന് ചുറ്റുപാടുകൾ
നിശ്ശബ്ദമാകുമ്പോൾ ഒളികേന്ദ്രങ്ങളിൽ നിന്ന്
കൂട്ടമായി അവർ ഇറങ്ങും.
ഒരു കൺചിമ്മലിൽ
മനുഷ്യരായ് മാറി
അവർ നിങ്ങളെ
തടവിലാക്കുമോ?
സൂക്ഷിച്ചു വേണം ഇനിയുറങ്ങാൻ.
ഉറുമ്പനക്കത്തിനായി ഉറക്കത്തിലും
കാതു തുറന്നു വയ്ക്കണം.
Mobile: 9846331203