‘കാൻ ഐ ഹാവ് സെക്സ് വിത്ത് യു’ എന്നു വരെയൊക്കെ
ചോദിക്കാവുന്ന ഒരു പെൺകൂട്ട് ഓഫീസിലുണ്ടാവുന്നതെല്ലാം
കൊള്ളാം. പ്രത്യേകിച്ച് ഒരു സെയിൽസ് മാനേജരുടെ തിരക്കുകൾ
ക്കിടയിൽ, മടുത്തും മുഷിഞ്ഞുമുള്ള അനേകം കാത്തിരിപ്പുകൾ
ക്കിടയിൽ വാട്സ്ആപ്പിൽ തിരക്കിട്ടു ടൈപ്പു ചെയ്തയയ്ക്കൽ, മറുപടിക്കു
വേണ്ടി അല്പം വെപ്രാളത്തോടെ കാത്തിരിക്കൽ അതൊക്കെ
ഒരു രസംതന്നെയാണ്. മമ്തയും മോശക്കാരിയല്ല. കുപിതയായതിന്റെ
സ്മൈലി അയച്ച ഉടനെ അവൾ എന്താ നിന്റെ പ്ലാനെന്ന്
അടുത്ത മെസേജും അയയ്ക്കും. സ്ക്രീൻഷോട്ടെടുത്ത്
നിമ്മിക്കയയ്ക്കട്ടെ എന്ന് ചോദിച്ചതിനു പുറകെ എവിടെ, എങ്ങ
നെ എന്നൊക്കെ കണ്ണു മിഴിക്കും. അത്രയൊക്കെയേ വേണ്ടൂ, അതിൽക്കൂടുതൽ
റിസ്കൊന്നും എടുക്കാൻ ഞങ്ങൾക്ക് രണ്ടു പേർ
ക്കും താത്പര്യവുമില്ല. പക്ഷേ ഇത്തരം ചെറിയ രസങ്ങൾ ജീവി
തത്തിനു ലഹരി പകരുന്നുണ്ട്. മമ്ത എന്നവൾ ഉച്ചരിക്കുന്നതു
കാണുമ്പോൾ ആ ചുണ്ടുകൾ ഒന്നിച്ചു കൂടി മെല്ലെയൊന്നു വിടരുമ്പോൾ
ചിലപ്പോഴൊക്കെ വല്ലാത്തൊരു ഫീൽ തോന്നുമെന്നതു
സത്യമാണ്. വേറൊന്നും ചെയ്യാനില്ല, ഫോണെടുത്ത് ഒരു ഹോട്ട്
മെസേജ്, ഒരു ചൂടുചുംബനം.
അവൾ ഉറപ്പായും മറുപടി തരും. ഇതൊക്കെക്കൊണ്ടാണ് ഏപ്രിലിലെ
പതിവു ബിൽഡേഴ്സ് എക്സ്പോയിൽ അവൾ കൂടി
ഉണ്ടെങ്കിലെന്ന് ആഗ്രഹിച്ചത്. ഒരാഴ്ച ഓട്ടങ്ങളില്ല. പറ്റുമെങ്കിൽ
ഇക്കാര്യത്തിൽ ഒരല്പം കൂടി മുന്നേറാനും ശ്രമിക്കാം. അവൾക്കും
മടിയില്ലെങ്കിൽ മാത്രം.
”ഒരാഴ്ച അവിടെ ഓഫീസിൽ ചുമ്മാ ഇരുന്നാൽ മതിയല്ലോ,
വലിയൊരു വലയും വീശി” എന്നു മമ്ത പരിഹസിച്ചപ്പോൾ ഒരാഴ്ച
നീ കൂടെ വന്നിരുന്നു നോക്ക് എന്നവളോട് ദേഷ്യപ്പെട്ടു. ഒരൊറ്റ
സ്വർണ മീൻ മാത്രം ആ വലയിൽ കുടുങ്ങിയാൽ മതിയായിരുന്നു
എന്നു സെന്റിയടിച്ചു. അവളയച്ച ഒരു പ്രണയ സ്മൈലിക്ക്
പത്തെണ്ണം തിരിച്ചുമയച്ചു.
ആ ഒരാഴ്ച കടുത്ത സമ്മർദങ്ങളുടേതാണ്. ഫ്രണ്ട് ഓഫീസി
ലിരിക്കുന്ന അവൾക്കൂഹിക്കാൻ പറ്റാത്തത്ര. ടാർജറ്റ് വായും പി
ളർത്തി കാൽക്കീഴിൽ ചുരുണ്ടു കിടക്കുന്നുണ്ടാവും. അനങ്ങാൻ പേടിയാവും.
പ്ലാൻ ചെയ്തതിന്റെ ഇരട്ടിയാവണം വില്പന. എങ്കിലേ
ഗുഡ് ലിസ്റ്റിൽ സ്ഥാനം നിലനിർത്താൻ പറ്റൂ. നിലനിർത്തിയാലും
പോരാ, മുകളിലേക്കു കയറണം. യു ട്യൂബിലെ ട്രെയിനിങ്
സോണുകളിൽ നിത്യവും പോയി, സമയം കിട്ടുമ്പോഴൊക്കെ സ്വ
യം പരിശീലിച്ചു. കൂടുതൽ ഭംഗിയായി, കൂടുതൽ വശ്യമായി സംസാരിക്കുക.
മമ്തയ്ക്കയയ്ക്കുന്ന മെസേജുകൾ പോലെയാണത്.
ഓരോ നിമിഷവും കൂടുതൽ മെച്ചപ്പെടണം. അവൾ ഇംപ്രസ്ഡ്
ആവണം. ആത്മാർത്ഥതയൊന്നും വേണ്ട, പക്ഷേ ആവശ്യമാണ്.
രാത്രി ഫ്രീയാണേൽ വിളിക്കട്ടെ എന്നെങ്ങാൻ ചോദിച്ചാൽ അവൾ
തലയിൽ കൈ വയ്ക്കുന്ന സ്മൈലിക്കൊപ്പം, എന്നിട്ടു വേണം
നമ്മുടെ നെടുവീർപ്പുകളും പുന്നാരങ്ങളും നാളെ ഓഡിയോ ക്ലി
പ്പുകളായി നാട്ടിൽ പരക്കാൻ എന്നു തമാശ പറയും.
”അയ്യേ അതിനൊന്നുമല്ല വെറുതെ വല്ലോമൊക്കെ സ്വീറ്റ് നത്തിങ്സ്”.
”യേസ്, അതെല്ലാം സ്വീറ്റ്, ബട്ട് ഗുഡ് ഫോർ നത്തിങ്”.
അവൾ ദാർശനികയാവും,അവൾക്കു ചേരാത്തത്ര.
അല്ലെങ്കിലും ചുമ്മാ ചോദിക്കാമെന്നേയുള്ളു. രാത്രി അങ്ങനെ
വിളിക്കാനൊക്കെ പറ്റുമോ, വീട് അതിന്റെ മുഴുവൻ നീരാളിക്കയ്യുകളും
കൊണ്ട് പിടിച്ചു താഴ്ത്തുന്ന സമയം. പിന്നെ ടൂറിന്റെടേലൊക്കെ
ഒരു ലാർജിന്റെ പുറത്ത് രാത്രി വൈകിയൊന്നു വിളിക്കാൻ
പറ്റിയാൽ, മുൻകൂട്ടി ഒന്നു ചോദിച്ചുവച്ചേയ്ക്കുന്നതു നല്ലതല്ലേന്നു
കരുതിയിട്ടാണ്. അവളുടെ രാത്രികളെങ്ങനാന്ന് എനിക്കൊരു പി
ടിയുമില്ലതാനും. എന്തായാലും ഈ ഒരാഴ്ച മമ്ത കൂടെയുണ്ടെ
ങ്കിൽ കുറച്ചൊക്കെ രസകരമാവും, ചെറിയൊരു ടെൻഷൻ റിലീ
ഫ്. പിന്നെ വരുന്നതെല്ലാം ഫാമിലികളാണ്, അവർക്കാണല്ലോ
കൂടുകളാവശ്യം. അവരോട് സംസാരിക്കുന്നതും ഒരു ഹസ്ബൻ
ഡ് ആൻഡ് വൈഫ് ആണെന്ന തോന്നലുണ്ടാക്കുന്നത് എത്ര ഇഫക്ടീവാണ്.
പക്ഷേ അതൊന്നും നടന്നില്ല. ഓഫീസും ബിസി, രണ്ടു
സ്റ്റാഫിന്റെയൊക്കെ ആവശ്യമേയുള്ളു, അതു മെയിൽ സ്റ്റാഫാവുന്നതു
നല്ലത്. സ്ത്രീകളായിരിക്കും കൂടുതൽ താത്പര്യത്തോടെ
വരിക, നൂറായിരം തീരാത്ത സംശയങ്ങളുമായി. അവർക്ക് പുരുഷന്മാരോട്
സംസാരിക്കാനായിരിക്കും ഇഷ്ടവും. ഹാൻഡ്സം
ആൻഡ് സ്മാർട്ട് ജെൻറ്സ് ലൈക്ക് യു. സീനിയർ മാനേജർ കണ്ണിറുക്കിച്ചിരിച്ച്
അടക്കം പറഞ്ഞു.
”ഇങ്ങേരൊന്നു വന്ന് സംസാരിക്കട്ടെ, അപ്പോ അറിയാം അതിന്റെ
സുഖം. ഈ പെണ്ണുങ്ങടെ ഒടുക്കത്തെ സംശയം തീർത്ത്
തീർത്ത് ജന്മം തീരും, നെക്സ്റ്റ് ഇയർ ഞാനുണ്ടാവില്ലേ” എന്നു
ദേഷ്യപ്പെട്ടു കൊണ്ടാണെങ്കിലും അവസാനം മഹേഷ് മാത്രം കൂടെ
വന്നു. ആൾത്തിരക്കുണ്ടായാലും പെെട്ടന്ന് ഒരു പാട് ബിസിനസ്സൊന്നും
നടക്കാനിടയില്ലെന്ന് എനിക്കു നന്നായറിയാം.
ഉച്ചവെയിലിൽ നിന്നു രക്ഷ നേടാൻ ചെറിയ തുകയ്ക്കു ടിക്ക
റ്റെടുത്ത് എ സി പ്രദർശനശാലയിൽ കയറുന്നവരാണധികവും.
ട്രെയിനിന്റെ സമയമെത്തുന്നതു വരെയോ ഡോക്ടർ തന്ന അപ്പോയിന്റ്മെന്റ്
ടൈം വരെയോ അവർക്ക് സമയം കളയണം. ഇത്തരക്കാരെയാണ്
എക്സിബിഷൻ തുടങ്ങിയതു മുതൽ കൂടുതൽ കാണുന്നത്.
പക്ഷേ നിരാശപ്പെടാനും പാടില്ല. ഫ്ളാറ്റ് വാങ്ങാനൊന്നും
ഉദ്ദേശ്യമില്ലെങ്കിലും അവരിൽ അത്തരമൊരു മോഹത്തിന്റെ വി
ത്തെങ്കിലും വിതയ്ക്കണം. ഈ വർഷമല്ലെങ്കിൽ അടുത്ത വർ
ഷം, ഈ പ്രൊജക്ടല്ലെങ്കിൽ അടുത്ത പ്രൊജക്ട്. പക്ഷേ അവർ
ഞങ്ങളെത്തന്നെ തേടി വരണം.
എക്സ്പോ തുടങ്ങി മൂന്നാമത്തെ ദിവസമായിരുന്നു, തിരക്കു
പൊതുവേ കുറഞ്ഞ ഉച്ചനേരത്ത് എതിർവശത്തെ ബാത്റൂം ഫി
റ്റിങ്സിന്റെ സ്റ്റാളിൽ ഒച്ച വച്ചുകൊണ്ടിരുന്ന കോളേജ് പിള്ളാരെ
നോക്കിയിരിക്കുകയായിരുന്നു ഞാൻ. സാധാരണ ഇത്തരം പാർ
പ്പിട പ്രദർശനങ്ങൾക്കു വരുന്നത് വർഷങ്ങളുടെ കാലുഷ്യം മുഖത്തു
തെളിഞ്ഞു കാണുന്ന മധ്യവയസ്കരോ, പരസ്പരം കണ്ടു
തീരാത്തവരെന്നു തോന്നിപ്പിക്കുന്ന നവദമ്പതികളോ ആയിരി
ക്കും. രണ്ടിനുമിടയിലുള്ളവരുമുണ്ട്. പക്ഷേ എല്ലാവരും പ്രോഫി
റ്റ്, ലോൺഎലിജിബിലിറ്റി, ഇ എം ഐ, സൂപ്പർ ഏരിയ തുടങ്ങി
യ സാങ്കേതിക പദങ്ങൾ മാത്രം സംസാരിക്കുന്നു. ഈ കുട്ടികൾ
എന്തായിരിക്കും മിണ്ടിക്കൊണ്ടിരിക്കുന്നത്? സ്വന്തമായൊരു വീടുണ്ടാക്കാൻ
മാത്രം മുതിരണമെങ്കിൽ അവർക്ക് ഇനിയുമെത്ര കാലം
കഴിയണം. കൗതുകമുള്ള മുഖങ്ങൾ, മറ്റാരുറിയാതെ പരസ്പരം
കോർത്തു വലിക്കുന്ന നോട്ടങ്ങൾ, തെല്ലസൂയയോടെ അവരെത്തന്നെ
നോക്കി കസേരയിൽ അലസമായി ചാഞ്ഞിരിക്കുമ്പോൾ
മഹേഷ് പെട്ടന്നെന്തോ പറഞ്ഞു. പറഞ്ഞത് ആ കുട്ടികളെപ്പറ്റി
ത്തന്നെയായിരുന്നു, അതത്ര നല്ല കാര്യവുമായിരുന്നില്ല. ചെറുപ്പം
എല്ലാവരെയും അസ്വസ്ഥരാക്കുന്നു. നമ്മളൊക്കെ പഠിക്കുന്ന കാലത്തൊന്നും
ഇത്തരം എക്സിബിഷൻസ് ഒന്നുമില്ലാതെ പോയല്ലോ
എന്നവൻ പിന്നെയും പിറുപിറുത്തു. അപ്പോൾ രണ്ടു കുട്ടി
കൾ ആകർഷകമായ രൂപഭംഗിയുള്ള വാൾ ഹങ് ക്ലോസറ്റിലിരു
ന്നു സെൽഫി എടുക്കുകയും കൂടെയുള്ളവർ പൊട്ടിച്ചിരിക്കുകയും.
അറിയാതെ എനിക്കും ചിരി വന്നു.
”ഇത്രയൊക്കെയേ ഉള്ളൂ. ഷോറൂമിലിരിക്കുമ്പോൾ ഭംഗി കൊണ്ട്
കൊതിപ്പിക്കും. വീട്ടിൽ കൊണ്ടോയി ഫിറ്റു ചെയ്ത് ഉപയോഗിക്കാൻ
തുടങ്ങിയാൽ തീർന്നു എല്ലാം, പിന്നെ അറപ്പും വെറുപ്പും
മാത്രം”.
മഹേഷ് ചിരിയമർത്തുമ്പോൾ ആ പെൺകുട്ടിയും ആൺകുട്ടിയും
കൈകോർത്തു പിടിച്ച് അവരുടെ സുഹൃത്തുക്കളുടെ ചിരി
ക്കൂട്ടത്തിലേക്ക് നിറഞ്ഞൊരു ചിരിയായി ഇഴുകിച്ചേർന്നു. നിറങ്ങ
ളുടെ ആ വിസ്മയകലർപ്പുകൾ വളവു തിരിഞ്ഞു മറയുന്നതു വരെ
ഞങ്ങൾ അവരെത്തന്നെ നോക്കിയിരുന്നു.
ആ നിമിഷങ്ങളിലെപ്പോഴെങ്കിലുമാവണം മുമ്പിലെ കസേരയി
ലേക്ക് അവർ ഒഴുകി വന്നിരുന്നത്. ഒട്ടും ഒച്ചയില്ലാതെ. അവർ ഇരുന്നതിനു
ശേഷമാണ് ഞാനവരെ കണ്ടതുതന്നെ. വല്ലാതെ വിളറി
വെളുത്ത ഒരു സ്ത്രീ. വലിയ കണ്ണുകൾ ഒന്നുകൂടെ വിടർത്തി
യപ്പോൾ അവരുടെ മുഖത്തു കണ്ണുകൾ മാത്രമേയുള്ളുവെന്നു തോന്നിപ്പോയി.
”ഹലോ മാഡം” ഞാനവരോടു വശ്യമായി ചിരിച്ചു. പക്ഷേ
എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ ചുവരിലൊട്ടിച്ച
പുതിയ ഫ്ളാറ്റ് പ്രൊജക്ടിനെക്കുറിച്ചും വിലയെക്കുറിച്ചുമാണ് അവരന്വേഷിച്ചത്.
അവരുടെ ഭർത്താവാകണം, അല്പം കഴിഞ്ഞാണയാൾ
വന്നതും. ഞാൻ നീട്ടിക്കാണിച്ച കസേരയിലിരിക്കാതെ
ചുവരിലെ ചിത്രങ്ങൾക്കടുത്തേക്കയാൾ നീങ്ങി.
”സർ ഇതാ ബ്രോഷറുണ്ട്, ഇവിടിരുന്ന് നോക്കാമല്ലോ”.
എന്റെ ക്ഷണം പിന്നെയുമയാൾ അവഗണിച്ചു. മഹേഷ് ചിരി
യമർത്തുന്നത് ശ്രദ്ധിക്കാതെ ഞാൻ പെട്ടെന്ന് കമ്പനിയുടെ വിദഗ്ദ്ധനായ
സെയിൽസ് എക്സിക്യൂട്ടീവായി അവരോടു സംസാരി
ക്കാനാരംഭിച്ചു. ഫ്ളാറ്റുകൾ അത്രയൊന്നും സാധാരണമല്ലാത്ത, പക്ഷേ
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരത്തിന്റെ ഹൃദയഭാഗത്ത്
അഞ്ചേക്കറിലായി ഇരുപതു നിലകളുള്ള സമുച്ചയം.
എല്ലാ അമിനിറ്റീസും.
”സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, പ്ലേ ഏരിയ, പാർട്ടി ഹാൾ
ഗാർഡൻ, ഗ്രീനറി… ആൻഡ് വാട്ട് നോട്ട് മാഡം…”
അവർ ഞാൻ പറയുന്നതൊന്നും ശ്രദ്ധിക്കുന്നില്ലെന്ന് എനി
ക്കു തോന്നി. നിവർത്തി വച്ച് വിരൽ ചൂണ്ടിക്കാണിച്ചു കൊടുത്ത
ചിത്രങ്ങളിലേക്ക് അവരൊന്നു നോക്കുന്നതു പോലുമില്ല. കൂടുതൽ
ആകർഷകമായി ഞാൻ വീണ്ടും തുടങ്ങി.
”സീ മാം… ബൈപാസ്, ഹൈവേ, ഷോപ്പിങ് മാൾസ്, കോളേജ്,
റെയിൽവേ സ്റ്റേഷൻ ഒക്കെ വളരെ അടുത്ത്. നിയർ ബൈ
ഹോസ്പിറ്റൽ വിത്തിൻ ടു കിലോമീറ്റേഴ്സ്. അതും മൾട്ടി സ്പെഷ്യാലിറ്റി.
ഇതുപോലൊരു ലൊക്കേഷൻ നിങ്ങൾക്ക് ഈ സ്ക്വ
യർ ഫീറ്റ് റേറ്റിൽ വേറെവിടേം കിട്ടില്ല”.
അവർ നേർത്ത വിരൽത്തുമ്പുകൾ കൊണ്ട് മേശയുടെ ചില്ലുപാളിക്കടിയിലുള്ള
ഫ്ളാറ്റിന്റെ ചിത്രത്തിൽ തൊടാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ചായമടർന്നുതുടങ്ങിയെങ്കിലും മുന കൂർപ്പിച്ച ഭംഗിയുള്ള
നഖങ്ങൾ. അവരുടെ കൂടെയുള്ളയാളാവട്ടെ അസ്വസ്ഥതയോടെ
തിരിച്ചു വന്നു കസേരയിലിരുന്നു. ഒരു ഹസ്തദാനത്തിനുള്ള
എന്റെ ശ്രമം ശ്രദ്ധിക്കുകയേ ചെയ്യാതെ അയാൾ കയ്യിലുള്ള ഫോണിലേക്കു
നോക്കാൻ തുടങ്ങി. പെട്ടന്നെനിക്കു മടുത്തു പോയി.
ഇതു വെറുതെയാണ്. ഈ ദിവസം രാവിലെ മുതൽ ഇത്തരം നാലഞ്ചു
പേരോട് ഞാൻ സംസാരിച്ചു കഴിഞ്ഞിരുന്നു. മുഴുവൻ എനർജിയുമെടുത്ത്
ഏറ്റവും ആകർഷകമായി എല്ലാം പറഞ്ഞു കഴിയുമ്പോൾ
അവർ ഉദാസീനമായി പറയും
‘ഓക്കെ… ഞാനൊന്ന് ആലോചിക്കട്ടെ. കാൾ യു സൂൺ. കാർ
ഡുണ്ടല്ലോ”.
വളവു തിരിഞ്ഞ് അപ്പുറത്തെ നിരയിലെത്തും മുമ്പ് അവരാ
വിസിറ്റിങ് കാർഡും ബ്രോഷറും ചുരുട്ടിക്കൂട്ടി കളയുമെന്നുറപ്പ്. എന്നാലും
ഫോൺ ചെയ്യണം. ആദ്യത്തെ തവണ ആളറിയാതെ
കാൾ അറ്റൻഡു ചെയ്യും.
”യെസ്. സീരിയസ്ലി തിങ്കിങ് എബൗട്ട് ഇറ്റ്. തിരിച്ചുവിളി
ക്കാം”.
തിരിച്ചുവിളിക്കില്ല. പിന്നെ കാളും എടുക്കില്ല. പക്ഷേ എനിക്കു
വിടാൻ പറ്റില്ലല്ലോ. ഒരുപക്ഷേ ഇവരൊരു കലഹത്തിനൊടുവി
ലാകണം വീട്ടിൽ നിന്നിറങ്ങിയത്. ഞാനങ്ങു സങ്കല്പിച്ചു. ഇവിടുന്നിറങ്ങുമ്പോഴേക്കും
ആ പിണക്കം അലിഞ്ഞു തീരണം. വാങ്ങാൻ
പോവുന്ന പുതിയ ഫ്ളാറ്റിനെക്കുറിച്ച് ആവേശത്തോടെ സംസാരി
ച്ചുകൊണ്ടാവണം അവർ തിരിച്ചു പോവേണ്ടത്. ഞാൻ മനോഹരമായി
ചിരിച്ചു കൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി.
”ഇതു നല്ലൊരു അസറ്റായിരിക്കും ഇപ്പോഴൊരു അപാർട്മെന്റ്
ബുക്ക് ചെയ്താൽ. ഓൺഗോയിങ് പ്രോജക്ട്. വിത്തിൻ ഒൺ ഇയർ
ഹാൻഡിങ് ഓവർ. ഇപ്പോഴത്തെ സ്ക്വയർ ഫീറ്റ് നിരക്ക് അന്നത്തേക്ക്
മേ ബി ഇരട്ടിയാവും. റീ സെയിൽ ചെയ്യണം ച്ചാൽ അതിനും
കമ്പനിതന്നെ ഹെൽപ് ചെയ്യും. പിന്നെ മോസ്റ്റ് അട്രാക്റ്റീ
വ് ആയ വേറൊരു കാര്യം കിഴക്കുവശത്തുകൂടി ഒരു പുഴ…”
”ഏറ്റവും മുകളിലുള്ള ഒരു അപാർട്മെന്റ്…”
എന്നെ മുഴുവൻ പറയാൻ സമ്മതിക്കാതെ അവർ ഇടയ്ക്കു കയറിപ്പറഞ്ഞു.
എന്റെ ഹൃദയം ഒന്നു കുതിച്ചു ചാടി. അപ്പോഴിത്
ഫേക്ക് കസ്റ്റമറല്ല. പക്ഷേ ഇരുപതാം നില! എനിക്ക് കൂടുതൽ
താത്പര്യമുള്ളത് അഞ്ചു മുതൽ പത്തു വരെയുള്ള നിലകളിലെ
അപാർട്മെന്റ്സിന്റെ വില്പനയാണ്. ഏറ്റവും വലുതും വിലപിടി
ച്ചതുമായ ഫ്ളാറ്റ്സ് അവിടെയാണുള്ളത്.
”മാഡം, ഇരുപതാം നില ഒരു നല്ല ചോയ്സ് അല്ല. ഉയരത്തി
ലേക്കു പോവുംതോറും വിലയും കൂടും. കമ്പനി എക്സിക്യൂട്ടീവ്
എന്ന നിലയിലല്ല, ഒരു സുഹൃത്തെന്ന നിലയിൽ ഞാൻ സജസ്റ്റ്
ചെയ്യുക 5 മുതൽ 10 വരെ നിലകളിലേതെങ്കിലുമാണ്. അതാണ്
ബെറ്റർ ഓപ്ഷൻ. സപ്പോസ് ഒരു പവർ ഫെയിലിയർ വന്ന് ലിഫ്റ്റ്
വർക്ക് ചെയ്യാണ്ടായാൽ?”
”അതിനു നിങ്ങൾ ജനറേറ്റർ ബാക്ക് അപ് പ്രൊവൈഡ് ചെ
യ്യണുണ്ടല്ലോ?”
ഞാൻ ഒരു നൊടി ഉത്തരം മുട്ടി നിന്നപ്പോൾ അവർ ലൊക്കേ
ഷനെക്കുറിച്ചും അവിടെത്താനുള്ള വഴികളെക്കുറിച്ചും ചോദിച്ചു.
എക്സ്പോ തീരുന്ന ദിവസംതന്നെ അവരെ വിളിക്കാമെന്നും
സൈറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകാമെന്നും പറഞ്ഞ് സ്ക്വയർ ഫീ
റ്റ് നിരക്കും മറ്റും കണക്കു കൂട്ടിയ കടലാസും ബ്രോഷറും വിസി
റ്റിങ് കാർഡും അല്പം ബലമായിത്തന്നെ അവരെ പിടിച്ചേല്പിച്ചു.
ചെറിയ ഫ്രിഡ്ജിനുള്ളിൽ നിന്ന് പുറത്തെടുത്തു വച്ച തണുപ്പു പുതഞ്ഞ
ഫ്രൂട്ടി മര്യാദയോടെ നിരസിച്ചു കൊണ്ട് അവർ ഒഴുകിമാഞ്ഞു.
അതുവരെയും ഒരു വാക്കു പോലും സംസാരിക്കാത്ത അവരുടെ
ഭർത്താവ് നേരത്തെതന്നെ നടന്നു ബാത്റൂമിന്റെ സ്റ്റാളിൽ
തങ്ങിനിൽക്കുന്നുണ്ടായിരുന്നു.
”വല്ലതും നടക്കുന്ന കേസാണോ?” എന്നോട് മഹേഷ് ചോദിച്ചു.
”ഒരു ഐഡിയയും കിട്ടുന്നില്ല. ചിലപ്പോൾ…”
”പക്ഷേ അവരുടെ ഭാവം കണ്ടപ്പോൾ ഇപ്പോൾത്തന്നെ മുഴുവൻ
ക്യാഷും തന്ന് ഒരു അപാർട്മെന്റ് വാങ്ങിച്ചു കളയുമെന്നു
ഞാൻ വിചാരിച്ചു”.
മഹേഷ് ഊറിക്കൂടിയ ചിരിയോടെ മന്ത്രിച്ചു. അവരുടെ നമ്പർ
സേവു ചെയ്യുന്നതിനിടയിൽ ഞങ്ങൾ ക്ലയന്റ്സിനെക്കുറിച്ചു പറ
യാറുള്ള ചില സ്ഥിരം തമാശകളുരുവിടുകയും മസിലുകളയച്ച് ഉറക്കെച്ചിരിക്കുകയും
ചെയ്തു. എക്സ്പോ തുടങ്ങിയ ശേഷം രാത്രി
വീട്ടിലെത്തുമ്പോൾ എനിക്ക് ചുണ്ടുകൾ നീറിപ്പിടയാറുണ്ട്. കൃത്രിമമായി
ചിരിച്ചും വ്യാജമായി സംസാരിച്ചും എത്ര മണിക്കൂറുകളാണ്.
എന്നിട്ട് യഥാർത്ഥത്തിൽ ചിരിക്കാൻ മറന്നുപോവുകയും
ചെയ്യുന്നു. ഡൈനിങ് ടേബിളിൽ ഇതാ പാവയ്ക്കത്തോരൻ നി
ങ്ങൾക്കിഷ്ടമുള്ളത് എന്നു നിമ്മി വിളമ്പുമ്പോൾ അവളോടു മെനി
മെനി താങ്ക്സ് എന്നു യാന്ത്രികമായി പറഞ്ഞുപോവുന്നു. കുത്തി
വരച്ചു ചായം വാരിത്തേച്ച ഒരു ചിത്രവുമായി മോനടുത്തു വരുമ്പോൾ
ഓവ്സം, യു ആർ ഗ്രേറ്റ് എന്നവന്റെ കൈ പിടിച്ചുകുലുക്കുന്നു.
രണ്ടുപേരും ഒരപരിചിതനെ നോക്കുന്ന നോട്ടം കൊണ്ട്
എന്നെ താക്കീതു ചെയ്യും, ഇതു നിങ്ങളുടെ ഫ്ളാറ്റ് വില്പനശാലയല്ല,
നമ്മുടെ വീടാണ്.
പിറ്റേന്നുച്ചയ്ക്ക് സൈറ്റിൽ നിന്ന് സെക്യൂരിറ്റി ഗാർഡാണെന്നെ
വിളിച്ചത്.
”ഒരു ലേഡി, സാറിന്റെ ക്ലയന്റാണെന്നു പറയുന്നു. കാണണം
ത്രേ”.
അതവരാണെന്ന് പെട്ടന്നെനിക്കു മനസിലായി.
മഹേഷിനെ സ്റ്റാളിന്റെ ചുമതലയേല്പിച്ച് സത്യത്തിൽ അല്പം
വെപ്രാളപ്പെട്ടാണ് ഞാനവിടേക്കോടിയത്.
”അവർക്കെന്തിന്റെ കേടാ? പണി നടക്കുന്നേയുള്ളു. കാര്യമായ
വില്പനയൊക്കെ ഇനി വേണം. അപ്പോഴേക്ക് തിരക്കു പിടിച്ച്…
രണ്ടു ദിവസം കഴിഞ്ഞാലും എല്ലാം അവിടെത്തന്നെ കാണും”.
മഹേഷ് പിറുപിറുക്കുമ്പോൾ ഞാനവന്റെ തോളിൽത്തട്ടി.
”ഇതു കുറച്ച് എക്സ്ട്രീം കേസാന്നു തോന്നുന്നു. പക്ഷേ വി
ല്പന നടന്നേക്കും. കുറച്ചു നേരത്തേക്ക് നീയൊന്ന് അഡ്ജസ്റ്റ് ചെ
യ്യ്”.
ബൈക്കിൽ ഉച്ചവെയിൽ പുളയുന്ന കറുത്ത നിരത്തിലൂടെ പായുമ്പോൾ
എനിക്കു കുറച്ചു പേടിയാവുന്നുണ്ടായിരുന്നു. അവരുടെ
വെളുത്തു നീണ്ട ഭർത്താവിനെ ഒരിക്കൽ കൂടി കാണുന്നതി
നെക്കുറിച്ചോർക്കുമ്പോൾതന്നെ മനംപുരട്ടി. അയാൾ എന്നോടു
കാണിച്ച അവഗണന അത്രയെളുപ്പത്തിൽ മറക്കാവുന്നതല്ല.
അവരൊറ്റയ്ക്ക് സെക്യൂരിറ്റി ക്യാബിനടുത്തുള്ള മരത്തണലിൽ
കാത്തുനിൽക്കുകയായിരുന്നു. ഭാഗ്യം! അയാളില്ല. മാഡത്തിനി
രിക്കാൻ കസേര കൊടുക്കാത്തതിന് ഞാൻ ഗാർഡിനോടു ക്ഷുഭി
തനായി.
”ഞാൻ പറയാഞ്ഞല്ല സർ. മാഡം വേണ്ടാന്നു പറഞ്ഞു” അയാൾ
ഒച്ച താഴ്ത്തി.
”മാഡം, ഞാൻ ഇന്നു പ്രതീക്ഷിച്ചില്ല. പറഞ്ഞിരുന്നല്ലോ ഞാൻ
തന്നെ വന്നുകൊണ്ടുവരാം ന്ന്”.
”ഇറ്റ്സ് ഓൾ റൈറ്റ്. ഇതു വഴി വരേണ്ട ആവശ്യം വന്നു. നി
ങ്ങൾ പറയുന്ന ദിവസം എനിക്കു പറ്റീന്നു വരില്ലല്ലോ. അതു കൊണ്ട്
കയറിയതാണ്”.
അവരുടെ ശബ്ദത്തിലെ ധാർഷ്ട്യം മനസിലായില്ലെന്നു നടിച്ചു
കൊണ്ട് ഞാൻ ഉല്ലാസത്തോടെ പറഞ്ഞു.
”സോ, ഇതാണ് നമ്മുടെ സൈറ്റ്, എത്ര കാം ആൻഡ് ക്വയറ്റ്
ഏരിയ ആണെന്നു മാമിനു മനസിലാവുന്നില്ലേ! അതേ സമയം…”
”അതൊക്കെ ഇന്നലെ പറഞ്ഞതാണല്ലോ. എനിക്ക് ഉള്ളിൽ
കാണണം”.
അവർ എന്നെ മുഴുവൻ പറയാൻ സമ്മതിക്കുന്നേയില്ല.
ഫ്ളാറ്റിന്റെ അസ്ഥികൂടം ഇരുപതു നിലകളിലേക്ക് ബീഭത്സമായി
തലയുയർത്തി നിന്നു. മുകൾനിലകളിലേക്കുള്ള കയറ്റം അസാദ്ധ്യമായിരുന്നു.
ഇന്റീരിയറിന്റെ സ്വഭാവവും കാർപെറ്റ് ഏരിയയുടെ
വിസ്തീർണവുമൊക്കെ മനസിലാക്കാൻ താഴെ നിലകളി
ലുള്ള ഏതാണ്ടു പണി പൂർത്തിയായ അപാർട്മെൻറുകളിലേതി
ലെങ്കിലും കയറി നോക്കിയാൽ മതിയല്ലോ. പക്ഷേ അവർ ശഠി
ച്ചു.
”എനിക്കു കണ്ടേ തീരൂ, മുകളിൽ നിന്നുള്ള കാഴ്ചകൾ. അല്ലാതെ
നിങ്ങൾ പറയുന്നതു മാത്രം കേട്ട് ഇത്രേം ലക്ഷങ്ങൾ ഞാൻ
മുടക്കുമെന്നു കരുതുന്നുണ്ടോ?”
ഞാൻ നിസഹായനായി കൈമലർത്തിയപ്പോൾ അവർ പണിസാധനങ്ങൾ
കൊണ്ടുപോവാനുള്ള ലിഫ്റ്റിനു നേരെ കൈ ചൂണ്ടി.
അതിൽ പണിക്കാരും കയറിയിറങ്ങുന്നുണ്ട്. പക്ഷേ അവർ
അതൊക്കെ ശീലിച്ച തൊഴിലാളികളാണ്. ഈ മാഡമെങ്ങനെ?
പക്ഷേ അവർ വാശി പിടിച്ചു. ഗാർഡും ചില പണിക്കാരും അടുത്തുവന്നു
കൗതുകത്തോടെ ചുറ്റിപ്പറ്റി നിൽക്കുന്നു.
”ഒന്നും പേടിക്കാനില്ല സർ, ചേച്ചി കയറിക്കോട്ടെ” അതിലൊരുവൻ
പറയുകയും ചെയ്തു.
ഒടുവിൽ എനിക്കവരെ അതിൽത്തന്നെ കയറ്റേണ്ടി വന്നു. ചേ
ച്ചിയെ മാത്രം കയറ്റി വിട്ടാൽ പോരല്ലോ. ഇന്നേവരെ ഇത്തരമൊന്നിൽ
ഞാൻ കയറിയിട്ടില്ല. ജീവിതത്തിലൊരിക്കലും ഒരു യന്ത്ര
ഊഞ്ഞാലിൽ പോലും കയറാൻ ധൈര്യം കിട്ടാത്തയാളാണ്
ഞാൻ. തുറന്ന ഒരു തൂക്കുപാത്രത്തിൽ മുകളിലേക്കുയരുന്നതുപോലെ.
വയറു കാളിയപ്പോൾ ഞാൻ പേടിച്ചു കണ്ണുകളിറുക്കിയടച്ചു.
മെലിഞ്ഞു വിളർത്ത ആ സ്ത്രീ കമ്പിക്കയറുകളിൽ മുറുകെപ്പിടി
ച്ച് യാത്ര ആസ്വദിക്കുകയാണെന്ന് തോന്നി. പാരപ്പെറ്റുകളും ചുവരുകളും
രൂപപ്പെട്ടു വരേണ്ട ഒരു തുറസിലേക്ക് ചാടിയിറങ്ങുമ്പോൾ
പിന്നെയും എന്റെ കൈകാലുകൾ വിറയാർന്നു. താഴേക്കു
നോക്കാൻ ഞാൻ ഭയന്നു.
അവരാകട്ടെ, കൈകൾ വിടർത്തി കാറ്റിനഭിമുഖമായി നിന്നു.
സാരിത്തലപ്പും നീളൻമുടിയിഴകളും വന്യമായി പാറിപ്പറന്നു. മമ്ത
കൂടിയുണ്ടായിരുന്നെങ്കിൽ, ഞാനറിയാതെ ആഗ്രഹിച്ചു പോയി. ഇതുപോലൊരു
സ്ത്രീയെ കൈകാര്യം ചെയ്യാൻ എനിക്കറിയില്ല. അവളുണ്ടായിരുന്നെങ്കിൽ
എളുപ്പമായേനെ. ഞാൻ അങ്ങേയറ്റം നി
സഹായനായി. മൊബൈലിനു റേഞ്ചും കിട്ടുന്നില്ല.
”ഇനീം മുകളിൽ?” അവരുടെ തണുത്ത ശബ്ദം എന്നെ ഞെട്ടി
ച്ചു.
”ഇല്ല മാഡം, അത് ഓപ്പൺ ടെറസ് ആണ്. പണി പൂർത്തിയായാൽ
നിങ്ങൾക്ക് നൈറ്റ് പാർട്ടീസ്, ഗെറ്റ് ടുഗതേഴ്സ് ഒക്കെ നടത്താം.
ഒഫ്കോഴ്സ്, അവിടെ റൂഫ് ഗാർഡനുമുണ്ട്. ബ്രോഷറിൽ
കാണിച്ചിരുന്നല്ലോ”.
”അവിടെ എനിക്ക് ഒരു ചെറിയ മുറി ഉണ്ടാക്കിത്തരുമോ? മേൽ
ക്കൂര, പിന്നെ പാതിച്ചുവരുകൾ. ഞാൻ ശംഖുപുഷ്പോം ഈശ്വ
രമുല്ലേം ഒക്കെ പടർത്തി ഒരു പച്ചച്ചുവരുണ്ടാക്കും. ഒരു വള്ളിക്കുടിൽ.
പേടിക്കണ്ട,ഒരു അപാർട്ട്മെന്റിന്റെ മുഴുവൻ വിലയും ഞാൻ
തരും”.
ഞാൻ അമ്പരന്നു. ഈ സ്ത്രീ ഇന്നലെ കണ്ടതു മുതൽ എന്നെ
അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനൊരു ക്ലയന്റിനെ കി
ട്ടേണ്ടിയിരുന്നില്ലെന്നു മടുപ്പിക്കുന്നു. മനം മയക്കുന്ന രീതിയിൽ ഒരുപാടു
സംസാരിച്ചിട്ടേ ഞങ്ങൾക്കൊരു ഫ്ളാറ്റ് വിൽക്കാൻ പറ്റാറുള്ളുവെന്നതു
സത്യം. പക്ഷേ അതൊക്കെ ശീലം കൊണ്ട് അനായാസമായി
കൈകാര്യം ചെയ്യാൻ പറ്റും. ഇവരാകട്ടെ വിചിത്രമായ
പെരുമാറ്റം കൊണ്ട് ഭ്രാന്തു പിടിപ്പിക്കുന്നു.
”നോ മാഡം, സോറി മാഡം, അവിടെ റൂഫിങ്ങോ കൺസ്ട്രക്ഷനോ
ഒന്നും പാടില്ല. അത് ഇല്ലീഗൽ ആണ്. ഞങ്ങളുടേത്
വാസ്തുവും നിയമവും ഒക്കെ ഒരേപോലെ നോക്കി മാത്രം നിർ
മാണം നടത്തുന്ന റെപ്യൂട്ടഡ് ഗ്രൂപ് ആണ്. മാഡത്തിനറിയാമല്ലോ,
കേരളത്തിലെ നമ്പർ വൺ ബിൽഡേഴ്സ്. മാഡം ഇരുപതാം നി
ലതന്നെ ചൂസു ചെയ്തോളൂ. നല്ല വ്യൂ, വായുസഞ്ചാരം…”
ഹീമോഗ്ലോബിൻ ലെവൽ നാലിലോ അഞ്ചിലോ നിൽക്കുന്ന
ഈ നാശം പിടിച്ച സ്ത്രീ കറന്റില്ലാത്ത, ജനറേറ്റർ പണിമുടക്കിയ
ഒരു ദിവസം ഈ ഇരുപതു നിലകളും ചവിട്ടിക്കയറുന്നതു സങ്കല്പി
ച്ചപ്പോൾ എനിക്ക് കുറച്ചൊന്നുമല്ല സന്തോഷം തോന്നിയത്. ഇവരിൽ
നിന്ന് മാസം തോറും ടാപ്പു തുറന്നിട്ടപോലെ രക്തമൊഴുകി
പ്പോവുന്നുണ്ടെന്നുറപ്പ്. അല്ലാതെയീ വിളർച്ച സ്വാഭാവികമല്ല. പക്ഷേ
ഇപ്പോൾ ഇവരെയെങ്ങനെ തിരിച്ചു കൊണ്ടുപോകും! വീ
ണ്ടും ആ തൂക്കുപാത്രത്തിൽ കയറുന്നതോർത്തപ്പോൾ പിന്നെയും
എന്റെ വയറ്റിൽ തീയാളി.
”നോ വേ അല്ലേ? ഞങ്ങൾ വർഷങ്ങളോളം കേരളത്തിനു പുറത്തായിരുന്നു.
ആദ്യമൊക്കെ എപ്പോഴും അപ്സ്റ്റെയർ വീടുകളി
ലേ താമസിക്കാനായിരുന്നുള്ളൂ. വാടക കുറഞ്ഞ ഒറ്റമുറിവീട്, ചെ
റിയ ടെറസ്. അകത്ത് വെന്തു പുഴുങ്ങുമ്പോൾ കട്ടിലെടുത്ത് പുറത്തിടും.
സ്റ്റൗവെടുത്ത് പുറത്തു വയ്ക്കും. തുറന്നആകാശത്തിനു
കീഴെ മാടിയിലെ ആ രാത്രികൾ…”
അവരുടെ വലിയ കണ്ണുകളിൽ എന്തൊക്കെയോ തിരകളിളകി.
തുറന്ന ടെറസിൽ, സദാ കോണിപ്പടികളിൽ ആരുടെയെങ്കിലും കാലൊച്ച
കേൾക്കുന്നുവോയെന്ന ശങ്കയോടെ ജീവിതം പങ്കിടുന്ന രണ്ടു
ചെറുപ്പക്കാരെ പെട്ടന്നെനിക്കു സങ്കല്പിക്കാനായി. ഈ ഇരുപതു
നില ഫ്ളാറ്റിന്റെ മുകളിൽ ആ പഴയ കാല ജീവിതം തിരിച്ചു
കൊണ്ടുവരാമെന്നാണോ ഇവർ പ്രതീക്ഷിക്കുന്നത്? ഇനി ഞാനവർക്കൊരു
പാതിച്ചുവരുള്ള മുറി ഉണ്ടാക്കിക്കൊടുത്താൽപ്പോലും
അതൊന്നും ഒരിക്കലും മടങ്ങി വരാൻ പോകുന്നില്ല. ഞാനവരോടടുത്തു
നിന്ന് അതിനെക്കുറിച്ചു പറയാൻ തുടങ്ങുകയായിരുന്നു.
അവർക്ക് നോവരുത്. പക്ഷേ പെട്ടെന്നാ സ്ത്രീ തല കുടഞ്ഞ് ഒട്ടും
താത്പര്യമില്ലാത്ത തണുത്ത ശബ്ദത്തിൽ സംസാരിച്ചു തുടങ്ങി.
അവരുടെ ശബ്ദത്തിലെ മരവിപ്പ് എന്നെ ഭയപ്പെടുത്തി. ഇനി
ഇവർ ഫ്ളാറ്റ്തന്നെ വേണ്ടെന്നുവയ്ക്കുമോ?
”അതെല്ലാം പോട്ടെ. പഴങ്കഥകൾ. ആക്ച്വലി എനിക്കൊരു
ഫ്ളാറ്റ് ആവശ്യമില്ല. ഞങ്ങൾക്ക് നഗരത്തിൽത്തന്നെ വീടുണ്ട്. പി
ന്നെ ഇതൊരു സമ്പാദ്യമായും ഞാൻ കരുതുന്നില്ല. ഫ്ളാറ്റുകളുടെ
റീസെയിൽ വാല്യുവിനെക്കുറിച്ചൊക്കെ അത്യാവശ്യം ധാരണയുള്ളയാളാണു
ഞാൻ. ഫോബ്സ് ഇന്ത്യ വീട്ടിൽ സ്ഥിരായി വരുന്നുണ്ട്.
ഞാൻ വായിക്കാറുമുണ്ട്”.
എനിക്ക് ഉത്തരം മുട്ടി. സെയിൽ നടത്തലാണല്ലോ ഞങ്ങളുടെ
ലക്ഷ്യം, റീസെയിൽ വാങ്ങുന്നവരുടെ മാത്രം ഉത്തരവാദിത്വം.
മറ്റേത് റിയൽ എസ്റേററ്റ് ഇൻവെസ്റ്റ്മെന്റിനേക്കാളും റീ സെയിൽ
വാല്യു കുറവാണ് ഫ്ളാറ്റുകൾക്കെന്ന് ഒരിക്കലും അവരോട് പറയാതിരിക്കുമെന്നു
മാത്രം. ഈ സ്ത്രീ അല്പമൊന്നയഞ്ഞ് അവരുടെ
ഫാമിലിയെക്കുറിച്ചോ അങ്ങനെയെന്തെങ്കിലും കാര്യത്തെക്കുറി
ച്ചോ കൂടുതൽ പറഞ്ഞിരുന്നെങ്കിൽ. ഇനി അവർക്കെന്തെങ്കിലും
കുടുംബ പ്രശ്നമുണ്ടെങ്കിൽ, ഉണ്ടായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്,
അതവരെന്നോടു പറയുകയാണെങ്കിൽ ഞാനതിൽ തീർച്ചയായും
കയറി ഇടപെട്ടു കളയും. ഒരു കൗൺസിലറോ വക്കീലോ മധ്യസ്ഥനോ
എന്തുമായി അനായാസം മാറാൻ മാത്രം ഫ്ളെക്സി
ബിൾ ആണ് ഒരു സെയിൽസ് മാനേജരുടെ ഐഡന്റിറ്റി. പക്ഷേ
എന്റെ ഇത്രയും സമയം, ഞാനുപയോഗിച്ച വാക്കുകൾ, നിങ്ങൾ
ക്കറിയുമോ ഞാനതൊക്കെ എത്ര കഷ്ടപ്പെട്ടു മിനുസപ്പെടുത്തിയും
മധുരിപ്പിച്ചുമെടുത്തതാണെന്ന്? അറിയണമെങ്കിൽ ജീവിതത്തി
ലൊരിക്കലെങ്കിലും നിങ്ങൾ എന്റെ ജോലി ചെയ്തിട്ടുണ്ടാവണം.
അതിനൊക്കെ പകരമായി ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും നി
ങ്ങൾ ഈ ഫ്ളാറ്റുകളിലൊന്ന് വാങ്ങിയേ തീരൂ. ഞാൻ വാശിയോടെ
മനസിൽ പിറുപിറുത്തു.
”നിങ്ങൾ പറഞ്ഞില്ലേ, കിഴക്കുവശത്തൊരു പുഴയൊഴുകുന്നുണ്ടെന്ന്?
എവിടേം കാണുന്നില്ലല്ലോ? സത്യത്തിൽ ഏറ്റവും മുകളിലത്തെ
ഫ്ളാറ്റ് ഞാനാഗ്രഹിക്കുന്നതുതന്നെ അതുകൊണ്ടാണ്”.
”യേസ് മാഡം, ഷുവർ. പുഴയുണ്ട്. അതുകൊണ്ടാണിത്രയും
കാറ്റ് ഇവിടെ. പണി കഴിഞ്ഞാൽ ലിവിങ്ങിനോടു ചേർന്നുള്ള കി
ഴക്കുവശത്തെ ബാൽക്കണിയിലിരുന്ന് മാഡത്തിനും ഹസ്ബൻ
ഡിനും പുഴ കാണാം. വൈകുന്നേരങ്ങൾ അവിടെ ചെലവഴിക്കുന്നത്
മനസിനും സന്തോഷകരമായിരിക്കും”.
ആവേശത്തോടെ ഞാൻ ബ്രോഷർ നിവർത്തി ബാൽക്കണി
യുടെ സ്ഥാനം അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
”നോക്കൂ, ഇവിടെ കിച്ചൺജനാലയിലൂടെയും പുഴയുടെ ദൂരക്കാഴ്ച
കിട്ടും. നല്ല തണുത്ത കാറ്റും. ഇടയ്ക്കിടക്ക് പാചകത്തി
നിടയിൽ മാഡത്തിന്…”
അവർ ബ്രോഷറിലേക്കു നോക്കിയതുപോലുമില്ല. എനിക്ക് അപമാനിതനായതുപോലെ
തോന്നി. ഈ സ്ത്രീ അവരുടെ മിണ്ടാപ്പൂച്ചയായ
ഭർത്താവുമൊത്ത് ഒരിക്കലും ഒരു ബാൽക്കണിയിലി
രിക്കാൻ പോണില്ല. അപ്പുറത്ത് പുഴയല്ല, കടലുണ്ടെങ്കിൽപ്പോലും.
ഞാൻ മനസിൽ പിന്നെയും പിറുപിറുത്തു.
”അതൊക്കെ പിന്നെയല്ലേ. ഇപ്പോഴെനിക്ക് നിങ്ങൾ പറഞ്ഞ
പുഴ കാണിച്ചു തരൂ. നമ്പർ വൺ ബിൽഡേഴ്സ് ഫ്ളാറ്റ് പൂർത്തി
യാക്കുന്നതിനൊപ്പം ഒരു പുഴയും കുഴിച്ചു തരുമെന്നൊന്നുമല്ലല്ലോ
പറഞ്ഞത്?”
അവർ പരിഹസിച്ചു. എന്റെ മുഖം ദേഷ്യം കൊണ്ട് ഇരുണ്ടു കറുത്തിട്ടുണ്ടാവും.
പക്ഷേ ക്ഷമിച്ചേ മതിയാവൂ.
”അല്ല, മാം. പുഴയുണ്ട്. ഇപ്പോൾ വേനൽക്കാലമായതുകൊണ്ട്
നീരൊഴുക്ക് കാണാൻ പറ്റില്ലായിരിക്കും. പക്ഷേ ഈ തണുത്ത
കാറ്റ്…”
സത്യത്തിൽ അവിടൊരു പുഴയുണ്ടോന്നൊന്നും ഞാനന്വേഷി
ക്കുകയോ നേരിൽ കണ്ട് ഉറപ്പു വരുത്തുകയോ ചെയ്തിട്ടില്ല. അതിന്റെ
ആവശ്യവുമില്ല. പക്ഷേ അതായിരുന്നു ഞങ്ങളുടെ ഈ
പ്രൊജക്ടിന്റെ ഹൈലൈറ്റ്. റിവർസൈഡ് അപ്പാർട്മെന്റ്സ്.
”തണുത്ത കാറ്റ്. നോൺസെൻസ്! ഈ ഉഷ്ണകാലത്തെ ഉച്ചസമയത്ത്
പുഴയിലെ മണൽപ്പരപ്പിൽ തട്ടി ചുട്ടു വരുന്ന തീക്കാറ്റ്…
അതിനെ നിങ്ങൾ ഇങ്ങനെ പറഞ്ഞു പറഞ്ഞ് വല്ലാതെ തണുപ്പിക്കരുത്”.
അവർ കനത്ത ശബ്ദത്തിൽ പറയുമ്പോൾ ഞാൻ പല്ലു ഞെരി
ച്ചു, അഹങ്കാരി.
‘ഓക്കെ മാഡം. പക്ഷേ പുഴയുണ്ട്. മണൽപ്പരപ്പുമുണ്ട്. മഴക്കാലത്ത്
നിങ്ങൾക്കതു കാണാം. ഇരുപതാം നിലയിൽ നിന്ന് അതൊരു
മനോഹരമായ കാഴ്ചയാവും. ഒൺ ലാക് തന്ന് മാഡം നെക്സ്റ്റ്
ഡേ തന്നെ പുഴയിലേക്ക് ഫേസു ചെയ്യുന്ന ഒരു അപാർട്മെന്റ് ബുക്ക്
ചെയ്തോളൂ. ഇരുപതാം നിലയിൽ ഇനി അത്തരമൊന്നേ ബാക്കിയുള്ളു.
അതു ഞാൻ ബ്ലോക്ക് ചെയ്തു വയ്ക്കാം. ഇപ്പോൾ നമുക്ക്
പോകുകയല്ലേ മാഡം?”
ഇത്തരം കള്ളങ്ങൾ വളരെ സ്വാഭാവികമായാണു ഞാൻ പറയുക.
മാർക്കറ്റിങ്ങിന്റെ ആദ്യപാഠങ്ങൾ. ഡിമാന്റ് കൂടുതലെന്നു വ്യാജപ്രതീതി
സൃഷ്ടിക്കൽ. മൊബൈലെടുത്ത് ഗാർഡിനെ വിളിക്കാനൊരുങ്ങുമ്പോൾ,
ലിഫ്റ്റ് മുകളിലേക്കു വരുത്തണമല്ലോ, അവർ
തടഞ്ഞു.
”നിൽക്കൂ. തിരക്കുണ്ടോ? കുറച്ചു നേരം കൂടി കാത്താൽ മണൽ
പ്പരപ്പു തണുത്ത് നിങ്ങൾ പറഞ്ഞ തണുത്ത കാറ്റു ചിലപ്പോൾ വീ
ശാൻ തുടങ്ങും”.
ഞാൻ സത്യമായും ഭയന്നു. ഈ സ്ത്രീ എന്താണു വിചാരിച്ചി
രിക്കുന്നത്? രാത്രിയാവുന്നതുവരെ ഇവിടിങ്ങനെ നിൽക്കാനോ?
എനിക്ക് ഓടി രക്ഷപ്പെടണമെന്നു തോന്നി. അവരുടെ വിളർത്ത
നിറവും അഴിച്ചിട്ട നീളൻ മുടിയും പെട്ടെന്നെന്നെ കൂടുതൽ ഭയപ്പെ
ടുത്തി. അറിയാതെ തന്നെ ഷർട്ടിനു മുകളിലൂടെ ഞാനെന്റെ മാലയിലെ
സ്വർണക്കുരിശിൽ അമർത്തിത്തൊട്ടു.
”ഈ സ്ഥലം എനിക്കു നന്നായറിയാം. ഇവിടൊരു പാടമായി
രുന്നു. അതിനപ്പുറത്തു പുഴ. പുഴയിൽ വെള്ളമുയരുന്ന മഴക്കാലങ്ങളിൽ
പാടവും വെള്ളത്തിൽ മൂടും. എല്ലാ പച്ചപ്പും മൂടി, കലങ്ങിമറിഞ്ഞ്
നുര പൊന്തുന്ന വെള്ളം, നോക്കെത്താ ദൂരത്തോളം.
അതു കാണാൻ മാത്രം ഞാനൊറ്റയ്ക്കു റെയിൽപ്പാളം ക്രോസു
ചെയ്തു വരുമായിരുന്നു. അന്നീ വഴികളൊന്നുമില്ല. ഇടവഴികൾ
മാത്രം. അലിഞ്ഞു കൊണ്ടിരിക്കുന്ന തിട്ടിൽ നിന്നു പുഴയിലേക്കു
നോക്കി നിൽക്കുന്നത് ദാ ഈ ചുവരുകളില്ലാത്ത തറയിൽ നിന്ന്
താഴേക്കു നോക്കുന്ന പോലാണ്”.
അവർ താഴേയ്ക്ക് എത്തിവലിഞ്ഞു നോക്കുമ്പോൾ ഞാനും
അറിയാതെ നോക്കിപ്പോയി, താഴെ ഒരു പുഴ ഇരമ്പുന്നുണ്ടാവുമോയെന്ന
കൊതിയോടെ. എത്ര ഉയരെ. എനിക്ക് തല ചുറ്റി.
”അറിയാതെ കാലിടറി വെള്ളത്തിലേക്കു വീഴുന്നതും ഒഴുകി
പ്പോവുന്നതും സങ്കല്പിക്കും. അടിവയറു കാളും. ശരിക്കും കാലിടറുന്നതുപോലെത്തന്നെ
തോന്നും. പറഞ്ഞതു മനസിലായോ? നിലത്തു നിന്ന് പുഴ കണ്ടു വളർന്നവളാണു ഞാൻ. ഇപ്പോ ഈ ഇരുപതാം നിലയുടെ മേലെക്കയറി നിന്നു നോക്കിയിട്ടും കാണാത്ത
ആ പുഴ”.
ഒന്നും പറയാനില്ലാതെ ഞാൻ വെറുതെ തലയാട്ടി.
”പിന്നെ പുഴയ്ക്ക് വലിയ ബണ്ടു വന്നു. ബണ്ടിനു മേലെ ഒരി
ക്കലും വെള്ളമൊഴുകാത്ത കനാൽ വന്നു. പാതി വഴിയിൽ നിലച്ചുപോയ
മുനിസിപ്പാലിറ്റിയുടെ ഏതോ ജലസേചന പ്രൊജക്ട്.
എന്തായാലും പുഴയും പാടവും വേർപിരിഞ്ഞു. പിന്നൊരു മഴക്കാലത്തും
രണ്ടാൾ പൊക്കമുള്ള ബണ്ടിനെ മറികടക്കാൻ പുഴയുടെ
അഹന്തയ്ക്കായില്ല. എത്ര തിമിർത്തൊഴുകിയിട്ടും ഒന്നു കാണാൻ
പോലും പറ്റാതെ. അങ്ങനെയാണെനിക്കും മനസിലായത് ചിലതിനെയൊക്കെ
പിരിച്ചകറ്റാൻ അത്രയെളുപ്പമാണെന്ന്. പിന്നെപ്പി
ന്നെ കൃഷിയും നിലച്ചു. പാടം തരിശുകിടന്നു. അപ്പുറത്തു പുഴയും
തരിശായിക്കൊണ്ടിരുന്നു”.
‘ഓ! ഒരുപക്ഷേ പണ്ടിതു നിങ്ങൾടെ സ്ഥലമായിരുന്നിരിക്കും
അല്ലേ. എങ്കിലെത്ര നന്നായി. അവിടം വീണ്ടും നിങ്ങൾക്കു സ്വന്ത
മാകുന്നു. മുഴുവനായല്ലെങ്കിലും. ഇതാണു മാഡം നിങ്ങൾ ഞങ്ങ
ളുടെയടുത്തുതന്നെ, അതും ഈ പ്രൊജക്ടിന്റെ സമയത്തു തന്നെ,
വന്നതിൽ ദൈവത്തിന്റെ കൈകളുണ്ട്. ഇനി ഒന്നും ആലോചി
ക്കണ്ട മാഡം”.
എനിക്ക് പെട്ടന്നൊരു കച്ചിത്തുരുമ്പ് കിട്ടിയതുപോലായിരുന്നു
അവരുടെ വാക്കുകൾ.
”ഡോണ്ട് ബി സ്റ്റുപ്പിഡ്. ആരുടേം കയ്യും കാലുമൊന്നുമില്ല.
ഞാനൊരു ദൈവവിശ്വാസിയുമല്ല”.
അവർ കയർത്തു. മൂക്കിൻ തുമ്പ് വിറയ്ക്കുന്നതു കണ്ടപ്പോൾ
ആ ഒറ്റക്കൽ ചുവപ്പു മൂക്കുത്തി അവരുടെ മുഖത്തിനെത്ര ഭംഗി
കൊടുക്കുന്നുവെന്ന് പെെട്ടന്നു ശ്രദ്ധിച്ചു പോയി. ഇത്രയും മുകളിൽ
കൂടെയുണ്ടാവേണ്ടത് പക്ഷേ ഇങ്ങനൊരു സ്ത്രീയല്ല, മമ്തയെപ്പോലൊരുവളാണ്.
ഇവിടെ ഈ അതിരുകളിൽ നിന്ന് അവളോടു
പേരെന്തെന്നു ചോദിക്കണം, പിന്നെയും പിന്നെയും മമ്ത
എന്നു പറയിപ്പിക്കണം. പിന്നെ… ഉയരമത്ര ഭയപ്പെടുത്തുന്ന സംഗതിയൊന്നുമല്ല.
ആദ്യമായെനിക്കതു മനസിലായി.
”ഒരു കോയിൻസിഡൻസ് മാത്രം”.
പെെട്ടന്നു ഞാൻ ഞെട്ടിയുണർന്നു. എന്തൊക്കെ അസംബന്ധ
ങ്ങളാണു ഞാൻ ചിന്തിക്കുന്നത്! അതും, ഒരു അനിശ്ചിതമായ ബി
സിനസ് ഡീലിന്റെ നടുക്ക്, പണി തീരാത്ത ഒരിരുപതാം നിലയിൽ
വച്ച്.
”മാർക്കറ്റീന്നു വാങ്ങിയ മട്ടയരി കഴുകി വെളുപ്പിക്കുന്ന നേരത്ത്
വെറുതെ ഈ പാടത്തെക്കുറിച്ചോർത്തു. പുഴയെക്കുറിച്ചും.
കൃത്യം അതേ സമയത്ത് നിങ്ങളുടെ പരസ്യവും എഫ്എമ്മിൽ
കേട്ടു…”
”അതെ. അതു തന്നെയാണു ഞാനും പറഞ്ഞത്. ഏതോ അദൃശ്യശക്തി.
അപ്പോൾ മാഡം ഇനി നമുക്ക് പൊയ്ക്കൂടെ? വൈകിയാൽ
നമ്മൾ താഴെയിറങ്ങാൻ കഷ്ടപ്പെടും”.
അവരതു കേട്ടതേയില്ല.
”പുഴ കാണാൻ മാത്രമായിരുന്നില്ല മഴക്കാലങ്ങളിലൊക്കെ ഒരു
പാവാടക്കാരി ഈ വഴികളൊക്കെ നടന്നു വന്നിരുന്നതെന്ന് ഊഹിക്കാൻ
വീട്ടുകാർക്ക് ഒരു പ്രയാസവുമുണ്ടായില്ല. പിന്നെ സംഭവിക്കാനിടയുള്ളതൊക്കെത്തന്നെ
സംഭവിച്ചു. പഠിത്തം തീർന്നു.
ഓരോന്നോരോന്ന് പിന്നാലെ വന്നു. കൈക്കുമ്പിളിലെടുത്ത വെള്ളം
ചോർന്നുപോവുന്നതു കണ്ടിട്ടുണ്ടോ? എത്ര ചേർത്തു പിടി
ച്ചാലും ഏതോ കാണാപ്പഴുതുകളിലൂടെ അതിങ്ങനെ തുള്ളി തുള്ളി
യായി പൊയ്ക്കൊണ്ടിരിക്കും. ജീവിതവും അതുപോലെ ചോർന്നു
തീരുകയായിരുന്നു”.
”ഓ! സോ പിറ്റി” ഒരു ആത്മാർത്ഥതയുമില്ലാതെ ഞാൻ മന്ത്രി
ച്ചു.
”ഇപ്പോൾ ഒന്നും ബാക്കിയില്ല. മുഴുവൻ ചോർന്നു തീർന്നു.
എംപ്റ്റി ഹാൻഡ്സ്”. അവർ കൈകൾ കുടഞ്ഞു.
”എന്തെങ്കിലുമൊക്കെ കൈകളിലൊതുക്കണമെന്നു പക്ഷേ
വല്ലാത്ത ആഗ്രഹവും. വെറുതെ വന്നിരിക്കാനൊരിടം, പഴയ ഓർ
മകളിലേക്കു തുറക്കുന്ന എന്തെങ്കിലും ബാക്കിയുള്ളേടത്ത്”.
അവരുടെ വാക്കുകൾ നേർത്തുവരുന്നതിനനുസരിച്ച് എനിക്കുറപ്പായി.
ഇതു നടക്കില്ല. ഈ സ്ത്രീക്ക് എന്തെല്ലാമോ നൈരാശ്യ
ങ്ങൾ കൊണ്ട് പാതി വട്ടായതാണ്. ഫ്ളാറ്റ് വാങ്ങാൻ, കാണുമ്പോൾ
ത്തന്നെ ഒരു സ്കെയിൽ കൊണ്ട് അളന്നു മുറിച്ചതു പോലെ തോന്നിപ്പിക്കുന്ന
ആ മുഷ്കരൻ ഭർത്താവ് സമ്മതിക്കാനും പോണി
ല്ല. എന്റെ സമയവും അദ്ധ്വാനവും പാഴായി. എന്തു ധൈര്യത്തി
ലാണ് ഇവരുടെ കൂടെ ഇത്രയും മുകളിൽ നിൽക്കുന്നത്, കാലുകൾ
വിറച്ചു.
”നമുക്കു പോവാം. മാഡം സൈറ്റ് കണ്ടല്ലോ. മറ്റു ഡീ
ലിങ്സൊക്കെ ഓഫീസിൽ വച്ചാവാം”.
”യേസ്… പോകാം. എനിക്കും വൈകുന്നു” അവർ തല കുലുക്കി.
വിളിക്കാതെതന്നെ ലിഫ്റ്റ് മുകളിലേക്കു വരുന്നുണ്ടായിരുന്നു.
”മാഡം പ്ലീസ്”.
സാരിയൊതുക്കിപ്പിടിച്ച് വിദഗ്ദ്ധമായി അവർ അതിലേക്കു കയറി.
മടിച്ചും പേടിച്ചും നിന്ന എനിക്കു നേരെ കൈ നീട്ടിത്തന്നു.
അവരുടെ തണുത്തുറഞ്ഞ കൈകളിൽ പിടിച്ച് ഞാനതിലേക്കു കയറി.
പിന്നെ താഴേക്ക് മെല്ലെ ഊർന്നിറങ്ങുമ്പോൾ അവർ മന്ത്രി
ച്ചു.
‘ഇത്ര മുകളിൽ വന്നിട്ടും ഒന്നു കാണാൻ പോലും പറ്റിയില്ല”.
എനിക്കവരോടു സഹതാപമൊന്നും തോന്നിയില്ല. ഈ ഡീൽ
നടക്കുമെന്നെന്തെങ്കിലുമൊരു സൂചന അവരിൽ നിന്നു കിട്ടിയിരുന്നെങ്കിൽ,
കമ്പിക്കയറിൽ ചുറ്റിപ്പിടിച്ച തണുത്ത കൈകൾ എന്റെ
വിരലുകൾ കൊണ്ട് പൊതിഞ്ഞ് അവരോട് ഞാൻ പറഞ്ഞേനെ,
”സാരം ല്യ മാഡം, നമുക്ക് മഴക്കാലത്ത് ഇനീം വരാം. ഇതേപോലെ
മുകളിൽക്കയറാം, പുഴ കാണാം”.
അവരപ്പോൾ വലിയ കണ്ണുകൾ വിടർത്തി കൗതുകത്തോടെ
എന്നെത്തന്നെ നോക്കിനിൽക്കുമായിരിക്കും. പക്ഷേ ഞാൻ അ
നങ്ങാതെ നിന്നതേയുള്ളു.
താഴെയിറങ്ങിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നു നെറ്റ് കണക്റ്റായതു
കൊണ്ടാവാം എനിക്ക് ഒരുപാട് മെസേജുകൾ ആർത്തലച്ചു
കൊണ്ട് വാട്സ് ആപ്പിലേക്കു വന്നു. കമ്പിയിൽ ചുറ്റിപ്പിടിച്ച് ഞാൻ
ഫോൺ തുറന്നു. മമ്തയുടെയും നിമ്മിയുടെയും സന്ദേശങ്ങളുണ്ട്.
നിമ്മിയുടേത് പിന്നെ നോക്കിയാലും മതി. പാലു വാങ്ങണമെന്നോ
തക്കാളി തീർന്നെന്നോ ഒക്കെയുള്ള മെസേജ് പെെട്ടന്ന്
കണ്ടിട്ടുമെന്ത്? മമ്തയുടേത് ഒരു വീഡിയോ ആണ്. ഷോ മി ഓഫ്,
ആ പാട്ടിനൊപ്പം അർദ്ധനഗ്നകളായ സുന്ദരിമാർ. പലതരം
തുളുമ്പലുകൾ, തെറിക്കലുകൾ. മനോഹരമായ എഡിറ്റിങ്. ഇവൾക്കിതൊക്കെ
എവിടുന്നു കിട്ടുന്നു ആവോ!
”പ്ലീസ് ഷോ മി യുവേഴ്സ്”.
മുഴുവൻ കണ്ടു തീരുംമുമ്പേ തിടുക്കപ്പെട്ടു സന്ദേശമയച്ചു. അവരും
ശ്രദ്ധിക്കുന്നുണ്ടാവും, പാട്ട് പ്രശസ്തമാണ്, കേട്ടിട്ടുമുണ്ടാവും.
ഈ എഡിറ്റഡ് വീഡിയോ പക്ഷേ കാണാനിടയില്ല. കാണി
ച്ചു കൊടുക്കാനും പറ്റില്ല.
‘ഷുവർ” മമ്തയുടെ മറുപടിയും പെട്ടന്നെത്തി. എന്റെ ചുണ്ടിൽ
നനഞ്ഞൊരു ചിരി പുരണ്ടു, ഈ പെണ്ണ്!
തെല്ലൊരു ചമ്മലോടെ ഞാനവരെ ശ്രദ്ധിക്കുമ്പോൾ അവർ സാരിത്തലപ്പു കൊണ്ടു മൂടി
പ്പൊതിഞ്ഞ് എന്നെത്തന്നെ നോക്കുകയായിരുന്നു. ഈതൂക്കുപാത്രത്തിൽ
നിന്നിറങ്ങുക അവരുടെ കുട്ടിക്കാലത്തെ ആ നിറഞ്ഞൊഴുകുന്ന
പുഴയിലേക്കാണെന്ന് അവർ കരുതുന്നുണ്ടാവുമോ? അല്ലാതെ
അവരിങ്ങനെ തണുത്തു വിറയ്ക്കില്ലല്ലോ.
ചൂടുപിടിച്ചുണർന്നു തുടങ്ങിയ എന്റെ ശരീരവും അറിയാതെ കുളിരാൻ തുടങ്ങി. ശരിക്കും
ആ പുഴ താഴെയുണ്ടാവുമോ, അകാരണമായൊരു ഭീതിയിൽ
എന്റെ രോമങ്ങളെഴുന്നു നിന്നു.