സത്യമാണല്ലോ
കാഴ്ചയില്ലാത്തവളുടെ വീട്
അയഞ്ഞു തൂങ്ങിയ മണങ്ങളിൽ
മുറുകെ പിടിച്ച്
അടുക്കള, വരാന്ത, കിടപ്പുമുറി
എന്ന്
വെളിപ്പെടാൻ തുടങ്ങുന്നുവല്ലോ.
മഞ്ഞിന്റെ പാടകളെ
തുടച്ചുമാറ്റി
മുറ്റത്ത് വെയിൽകൊള്ളികൾ
നിരത്തിവച്ച്
പകൽ
ഇരുട്ടിനെ ഉരുവിട്ടുകൊണ്ടേ-
യിരിക്കുന്നുവല്ലോ.
മഴവെള്ളം പറ്റിപ്പിടിച്ച
ജനൽക്കമ്പികളുടെ
ഒരുമാതിരി തിളക്കം
പഞ്ചാരപ്പാത്രത്തിലേയ്ക്ക്
വെപ്രാളപ്പെട്ട്
വരി വച്ച് നീങ്ങുന്ന
ഉറുമ്പുകളുടെ
തമ്മിൽ മിണ്ടിയുള്ള മടക്കം.
ഭർത്താവിന്റെ വീട്ടിലേയ്ക്ക്
മടങ്ങിപ്പോകുന്ന
ഇളയവളുടെ
തിരിഞ്ഞു നോട്ടത്തിലെ നനവ്.
ഒക്കെ
അടച്ചിട്ട മുറിയിലെ
മണംപോലെ
വെറുതെ കെട്ടുപോകുന്നുവല്ലോ…
ജനിച്ച അന്നു മുതൽ
കാഴ്ചയിൽ കുരുങ്ങിക്കിടക്കുന്നതു-
കൊണ്ടായിരിക്കും
മേശയ്ക്കും കസേരയ്ക്കും
സ്പൂണിനും ഉലുവാ ടിന്നിനും
ഒക്കെ
ഈ ആകൃതി തോന്നിക്കുന്നത്.
കാഴ്ചയില്ലാത്തവളുടെ വീട്ടിലെ
കസേരയുടെ ചതുരത്തെ
ചതുരമെന്നുതന്നെ
എന്തിനു വിളിക്കണം…