കാക്ക, പ്രസിദ്ധീകരണത്തിന്റെ ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. ഒരു ആനുകാലിക പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളം ഒരു വർഷം വളരെ ചുരുങ്ങിയ ഒരു കാലയളവാണെന്നറിയാം. അക്ഷരങ്ങളിലൂടെ ഈ ലോകത്തെ മാറ്റങ്ങൾ വായനക്കാരിലെത്തിക്കുന്ന ദൗത്യം പ്രശംസാവഹമായി നിർവഹിക്കുന്ന,
വലുതും ചെറുതുമായ ഒട്ടനവധി പ്രസിദ്ധീകരണങ്ങൾ നമ്മുടെ ഭാഷയിലുമുണ്ട്. ഇവയിൽ ചിലതൊക്കെ നൂറ്റാണ്ടുകൾ പിന്നിട്ടവയുമാണ്. മലയാളിയുടെ മനസ്സിനെ സമ്പന്നമാക്കുന്ന, നമ്മുടെ വിചാരധാരകളെ സമ്പുഷ്ടമാക്കുന്ന ഇത്തരം പ്രസിദ്ധീകരണങ്ങളാണ് മലയാളഭാഷയുടെയും സംസ്‌കാരത്തിന്റെയും മൂലധനമെന്ന്
പറയേണ്ടതില്ലല്ലോ. ഈ മാസം പ്രസിദ്ധീകരിച്ച ഇന്ത്യൻ റീഡർഷിപ്പ് സർവെ പ്രകാരം ഭാഷയിലെ അച്ചടിമാധ്യമങ്ങളുടെ പ്രചാരം കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് കാണാനാവും. ദൃശ്യമാധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനിടയിലും മനസ്സിന്റെ ഇരുളടഞ്ഞ കോണുകളിൽ അല്പം വെളിച്ചം പകരുന്ന അക്ഷരങ്ങളെ മലയാളികൾ സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം അഭിനന്ദിക്കപ്പെടേണ്ടതാണ്. പ്രത്യേകിച്ചും നാണയപ്പെരുപ്പവും മറ്റും മനുഷ്യന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തുന്ന ഈ സാഹചര്യത്തിൽ.
പിന്നിട്ട ഒരു വർഷ കാലത്തേക്ക് തിരിഞ്ഞുനോക്കുമ്പോൾ കാക്കയ്ക്ക് അഭിമാനിക്കാനായി പലതുമുണ്ട്. മുംബയ്മലയാളികൾക്കിടയിൽ മാത്രമല്ല, കേരളത്തിലും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കാക്കയ്ക്കു കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല. മുംബയിലെ വായനക്കാർക്ക് കേരളത്തിലെ പ്രമുഖരായ എഴുത്തുകാരുടെയും അതോടൊപ്പംതന്നെ യുവതലമുറയുടെയും രചനകൾ
വായിക്കാനൊരു അവസരം കാക്കയിലൂടെ കൈവന്നപ്പോൾ, മുംബയിലെ കലാ-സാഹിത്യ-സാംസ്‌കാരിക രംഗത്തെ ചലനങ്ങൾ കേരളത്തിലുള്ളവർക്ക് കാക്കയുടെ താളുകളിലൂടെ മനസ്സിലാക്കാൻ സാധിച്ചു. മറാഠി നാടകം, സിനിമ, കഥ, കവിത തുടങ്ങി
മുംബയ് സാംസ്‌കാരിക രംഗത്തെ വിശേഷങ്ങൾ മലയാളികൾക്ക് പരിചയപ്പെടുത്താനായതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. കേരളത്തിലെ യുവപ്രതിഭകൾ നിർമിക്കുന്ന ഹ്രസ്വചിത്രങ്ങളുടെ തിരക്കഥകൾ, മുംബയിലും കേരളത്തിലുമുള്ള ചിത്രകാരന്മാരുമായുള്ള നീണ്ട അഭിമുഖ സംഭാഷണങ്ങൾ എന്നിവയ്ക്കും കാക്ക തുടക്കംമുതൽക്കേ പ്രാധാന്യം നൽകിപ്പോരുന്നുണ്ട്. ഇതിനെല്ലാമപ്പുറം, വളർന്നുവരുന്ന എഴുത്തുകാർക്ക് ഒരു വേദികൂടിയാണ് കാക്ക.
എന്നാൽ, ഇനിയും കടമ്പകൾ ഏറെ കടക്കാനുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. ആദ്യദശയിലെ പോരായ്മകൾ മറികടന്ന് മികവുറ്റ രചനകളുമായി വായനക്കാരുടെ മുന്നിലെത്തുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഈ ആദ്യഘട്ടത്തിൽ ഞങ്ങളോട് സഹകരിച്ച എല്ലാ എഴുത്തുകാർക്കും പരസ്യങ്ങൾ തന്ന് ഈ പ്രസിദ്ധീകരണം മുന്നോട്ടുപോകാൻ ഞങ്ങൾക്ക് പ്രചോദനം നൽകിയ കച്ചവടപ്രമുഖർക്കും നന്ദി..