പൊട്ടിപ്പൊളിഞ്ഞ വീടുകൾ
ആരും കരിയും മൺപൊടിയും
പഴമ വരുത്താൻ തേച്ച് പിടിപ്പിച്ചവ ഒന്നുമല്ല
ശരിക്കുള്ളവ.
ചോർച്ച മോന്തുന്ന പാത്രങ്ങളും
കുഴിയാനക്കുഴിമൺകൂനകളും ഉള്ളത്.
അമ്മയ്ക്ക് അഴിച്ചിട്ട മുടി കെട്ടിവയ്ക്കാൻ നേരല്യായിരുന്നു
അതല്ലേ അന്നത്തിൽ മുടി തടഞ്ഞ് അച്ഛൻ വീട് വിട്ടത്?
അല്ല; അച്ഛന്റെ
നിഴലിൽപ്പെട്ട് അമ്മ ഇലകൊഴിക്കയല്ലെ ചെയ്തത്?
കല്ലും മുള്ളും കാഞ്ഞിരക്കുറ്റീം ചവിട്ടി
നടക്കാനറിയുന്ന കാലുകൾ,
രുചിക്കാനറിയുന്ന നാവ്,
വിശപ്പെന്തെന്നറിയുന്ന വയറ്,
സ്കൂൾ മുറ്റത്തെ തലചുറ്റിവീഴൽ,
നനഞ്ഞ കണ്ണുകളുടെ ആദ്യനോട്ടങ്ങൾ,
നിലാവ് പരന്ന പാടങ്ങൾക്കരികിൽ കൈത പൂക്കും തോട്
ആദ്യത്തെ സൈക്കിൾ
ആദ്യത്തെ സിനിമ
ആദ്യത്തെ ആദ്യത്തെ ആദ്യത്തെ… അതും ഇതും.
ഒരു പ്ലാവ്, മാവ്, തെങ്ങ്,
കറുക, പശു, സ്കൂൾ
പട്ടിക കഴുക്കോൽ തൊഴുത്ത്
ആട്ടുംകൂട്, പാട്ട്, കളി, ഉമ്മ,
വേദന, ചോര, അടി തിണർത്ത അടിമ
തീണ്ടലുള്ള വഴികൾ!
എന്നാൽ കണ്ണാടിയില്ലാതിരുന്ന
ആ വീടുകളെ
ആത്മകഥ ഒരു മാന്ത്രികക്കണ്ണാടിയിലൂടെ
വലുതാക്കും
പുതുതാക്കും.
നട്ടാ മുളയ്ക്കാത്ത നുണകൾ സത്യമാവും
കാശ്മീർ രാജാവിന്റെ നെറ്റിയിലെ
ചളിയും കസ്തൂരി
എന്നപോലെ
എരി കളഞ്ഞ മൊളകുപോലെ
എറച്ചി മാറ്റി സ്റ്റഫ് ചെയ്ത ശരീരംപോലെ
വളരാത്ത ചരിത്രം.
നിലച്ച് പോയ നേരം.
ഓർക്കുന്തോറും സുഖമാവുന്ന നോവുകൾ.
കണ്ണാടി ഇല്ലാതിരുന്ന കാലത്ത് ജനിച്ച
നമ്മൾ
കണ്ണാടി ആയി മാറും.
അലിയാത്ത പൊട്ടാത്ത
തന്റെ മുഖം മാത്രം കാട്ടുന്ന
ലോകത്തെ നുണക്കൂമ്പാരമാക്കുന്ന
*കളവംകോട്ടല്ലാത്ത ഒരു കണ്ണാടി.
*ശ്രീനാരായണഗുരുവിന്റെ കണ്ണാടിപ്രതിഷ്ഠ.