അതെ, അച്ഛൻ അവനോട് നഗ്നനാകണമെന്ന് പറഞ്ഞതും
അവൻ ഞെട്ടി ഒരു മുളങ്കോലുപോലെ നിന്നു. അവൻ തരുണനാണ്,
അമ്മ ഭുവി എന്നു വിളിക്കുന്നു, അച്ഛൻ ഭവനെന്നും. യഥാർത്ഥ
പേര് ഭുവൻ.
വേണമെങ്കിൽ അവനെ ഒരു കർഷകന്റെ മകനെന്നും പറയാം.
ഒരു സന്യാസിയുടെ മകനെന്നും പറയാം. അതെ, ശരിയാണ്,
കേൾക്കുമ്പോൾ കുറച്ചൊരു കുഴപ്പംപോലെ തോന്നിയേക്കാം.
എന്നാൽ വാസ്തവത്തിൽ ഒരു കുഴപ്പവുമില്ല. എന്തുകൊണ്ടെന്ന
ല്ലേ, ഭുവന്റെ അച്ഛൻ കൃഷീവലനായിരുന്നു. സന്യാസവും സ്വീകരിച്ചിരുന്നു.
ദു:ഖംകൊണ്ടും വൈരാഗ്യം കൊണ്ടുമാണ് സന്യസിച്ച
ത്.
അല്ല, അച്ഛൻ സന്യാസിയല്ല. ഇന്നും കൃഷിക്കാരൻതന്നെയാണ്.
എല്ലാംകൊണ്ടും അസ്സലൊരു ഗൃഹസ്ഥനായ കർഷകൻ. മുഴുവനും
ലൗകിക ജീവിതം നയിക്കുന്നവൻ. നിലം കൃഷി ചെയ്ത്
ജീവിച്ച് നല്ല ഓടിട്ട പുരയുണ്ടായി. സിമന്റുകൊണ്ടുള്ള മതിലും പുര
മേഞ്ഞ ഓടിന്റെ ചുവപ്പുനിറവും തെളിഞ്ഞുകാണാം. പശുക്കളും
കാളകളും ഉണ്ട്. ഭുവന്റെ അച്ഛനെപ്പോലെ സമ്പന്നനായ ഒരു കർ
ഷകൻ ആ ഗ്രാമത്തിൽ മറ്റൊരാളില്ല. എന്നിട്ടും സന്യാസിയായി
മാറി.
അതെ, എന്താണതിന് കാരണം? ഒരേ സമയത്ത് ഗൃഹസ്ഥനുമാണ്,
സന്യാസിയുമാണ്. വേഷംമാറ്റമാണോ? ങ്ഹാ, അങ്ങിനെയാവാം.
ശരിയായ സന്യാസി ലോകത്തിൽ, യഥാർത്ഥ
വൈരാഗ്യം ജീവിതത്തോട്, എന്തോ ശരിക്ക് മനസിലാക്കാൻ കഴി
യുന്നില്ല. വെറും സാധാരണക്കാരനായി സാധാരണക്കാരുമായി
ഇടപെട്ടു കഴിയാൻ ഈ വേഷമാറ്റം കാരണം കുറേശെ ഭയമുണ്ട്.
ഭുവന്റെ അച്ഛൻ കാണിക്കാൻ സന്യാസിയാണോ? കള്ളസന്യാസിയാണോ?
അല്ല. അങ്ങനെ അല്ലെന്ന് തീർച്ച പറയാം. എന്തിനു വെറുതെ
നുണ പറയുന്നു. വാസ്തവത്തിൽ അയാളൊരു കൗപീനധാരിയായ
സന്യാസി കർഷകനാണ്. കൗപീനം ധരിച്ച് പോത്തുകളെയുംകൊണ്ട്
പണിക്കിറങ്ങുമ്പോൾ എല്ലാവരും സന്യാസി എന്നു വിളി
ക്കുന്നു. അങ്ങിനെയാണ്.
അപ്പോൾ കലപ്പയും കാളകളുമുണ്ട്. കൃഷിനിലമുണ്ട്. ഓടു
മേഞ്ഞ വീടുണ്ട്. ഉണ്ടായിരുന്നില്ലേ? അതൊക്കെയോ?
എല്ലാം ഉണ്ടായിരുന്നു. കൗപീനധാരിയുടെ നേട്ടമാണ്.
സന്യാസി ഭിക്ഷ യാചിക്കുന്നു. ഗൃഹസ്ഥൻ സുഖജീവിതം നയിക്കു
ന്നു. സന്യാസം അയാളുടെ വ്രതമാണ്. അതൊരു തൊഴിലുമാണ്.
കേട്ടില്ലേ പറയുന്നത്. സന്യാസം ഒരു തൊഴിലോ? അതും കൗപീ
നധാരിയായി? സന്യാസത്തിൽ കളവോ?
അല്ല. കളവോ കലർപ്പോ ഒന്നുമല്ല. അതിനും നിയമങ്ങളുണ്ട്.
ഗുരുമന്ത്രം ഉണ്ട്. ദീക്ഷയെടുക്കണം. പരിശീലിക്കണം. സാധന
ആവശ്യമാണ്. ആ സാധന ചെയ്യാൻ പോകുമ്പോഴല്ലേ ഭുവൻ
ഭ്രാന്തു പിടിച്ചപോലെ ആയത്!
പറയൂ. അവന്റെ കഥ പറയൂ. ഭുവന്റെ കഥ.
പറയാം. പറയാം. കേൾക്കൂ. വളരെ സരളവും സാധാരണവുമായ
കഥ.
ഇപ്പോൾ എല്ലാ ഗ്രാമങ്ങളിലും സ്‌കൂൾ ഉണ്ട്. ഭുവനും സ്‌കൂളി
ലേക്ക് പോയി. ഹാഫ് പാന്റ് ധരിച്ച് പോകും. മൂന്നുനാല് ക്ലാസു
വരെ പഠിച്ചു. പിന്നെ സ്‌കൂളിന്റെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കി
യില്ല. ഗ്രാമത്തിന്റെ മകൻ, കൃഷിക്കാരന്റെ മകൻ മണ്ണുമായി
ചേർന്നു ജീവിച്ചു. അച്ഛനും അമ്മയ്ക്കും അതുകൊണ്ട് ഖേദമില്ല. ഭുവനും
ഇല്ല. വിറക് വെട്ടും. അതിനാൽ കൈകൾ തനി വീട്ടിപോലെ
ബലമുള്ളതായി. അവൻ നല്ല കരുത്തുള്ളവനായി. പക്ഷിയെ പിടി
ക്കും. കൊന്ന് ചിറകു കളഞ്ഞ് ചുട്ടു തിന്നും. അങ്ങിനെ
സിംഹത്തിന്റേതുപോലെയുള്ള അരക്കെട്ട്. എല്ലാവിധ ശക്തിയുമുള്ള
എന്നാൽ നീരസനായ ഭുവൻ കൃഷിപ്പണിയും ചെയ്യുന്നു.
വിരിഞ്ഞ മാറുള്ളവനും അതിബലവാനുമായി. ആകാശത്തിലെ
സൂര്യനിൽ കായുന്ന ദേഹം. അതിനാൽ ഇരുട്ടുപോലെ കറുത്ത
നിറം. നദിയിലെ കല്ലിന്മേൽ ഉരച്ചുരച്ച് നല്ല മിനുസമായ മസൃണത.
നല്ലപോലെ പോളിഷ് ചെയ്ത ചർമം പോലെ. മുഖശ്രീയോ,
അതെന്താണെന്നല്ലേ! അമ്മ കൃഷ്ണഭാമിനി മകന്റെ മുഖം
ഏതോ മന്ദിരത്തിലെ ഈശ്വരവിഗ്രഹംപോലെ കൊത്തിയെടു
ത്തപോലെ. കുട്ടിക്കാലം മുഴുവനും മാവിൻചുവട്ടിൽ കളിക്കാറു
ണ്ട്. നല്ല ഉറച്ച രണ്ടു കാലുകൾ. ശരീരത്തിന്റെ മദ്ധ്യഭാഗം അതി
സുന്ദരവും മാവിൻപൂപോലെ തീക്ഷ്ണസുരഭിലവുമായത്.
അതെ. അവനിന്ന് തരുണനാണ്. ഇന്നവൻ വെറും ഒരു ബാലനല്ല.
മത്സ്യം പിടിക്കാൻ പോകുമ്പോൾ കൗപീനമല്ല ഹാഫ് പാന്റ്
ധരിക്കുന്നു. ഇപ്പോൾ ഫുൾ പാന്റും ധരിക്കുന്നുണ്ട്. മേൽഭാഗം
കാലി. വീരത്വം കാണിക്കാൻ പ്രേമത്തോടെ പെൺകുട്ടികളെ
കാണിക്കാൻ ലജ്ജിതനാകുന്നുണ്ടെങ്കിലും അപ്പോഴും ഫുൾ പാന്റ്
ധരിക്കാറുണ്ട്. പുരുഷനായതുകൊണ്ട് മനസിൽ നാണമൊന്നുമി
ല്ല. എങ്കിൽ പിന്നെ എങ്ങിനെ! ശംഖുവിളി, വായ്ക്കുരവ, ഷെഹനായി
എന്നിവ കേൾക്കുമ്പോൾ പ്രത്യേക രസം കലർന്ന ഗംഭീരമായ
ഒരു ലജ്ജ ഉള്ളിലേക്ക് ഒഴുകിവരും. അത് ശരീരമാകെ, തലച്ചോറിലാകെ
അനുഭവപ്പെടും.
അവൻ വളരെ കുറച്ചു മാത്രം സംസാരിക്കുന്ന സ്വഭാവക്കാരനാണ്.
മറ്റു തരുണരായ കൂട്ടുകാരുമായി ധാരാളം സംസാരിക്കും. കല
പ്പയെടുത്ത് പാടത്തേക്കു പോകുന്നതിലേറെ മത്സ്യം പിടിക്കാനാണ്
ഇഷ്ടം. ചൂണ്ട വെള്ളത്തിലേക്കിട്ട് ഇരുന്ന് മത്സ്യങ്ങളുടെ
കളി കാണാം. മത്സ്യങ്ങൾ വെള്ളത്തിൽ കുത്തിമറിഞ്ഞു കളിക്കു
ന്നതു കാണുമ്പോൾ അവന്റെ ശരീരമാകെ പുളകം കൊള്ളും.
ചൂണ്ടയിൽ പെട്ടതിനെ ശ്രദ്ധിച്ച് വലിക്കും. യുവതിയെ യുവാവ്
എങ്ങിനെ ആകർഷിച്ചെടുക്കുമോ അതുപോലെ. അമ്പ് എയ്യുമ്പോഴും
കവണയിൽ കല്ലെറിയുമ്പോഴും ഉന്നം ഒരിക്കലും തെറ്റാറില്ല.
ആകാശത്തിൽ നീലമേഘങ്ങൾ പറന്നുപോകുമ്പോൾ
മേഘത്തെയല്ല പറക്കുന്ന ഹംസത്തിന്റെ ചിറക്, മാറ് അല്ലെങ്കിൽ
ആ ശുഭ്രതയിൽ തീർച്ചയായും തന്റെ അമ്പുകൊണ്ട് മുറിവേല്പി
ക്കും. ചിലപ്പോൾ കവണയിലെ കല്ലുകൊണ്ടുമാവാം.
അവൻ ചിരിക്കാറില്ല. താൻ പിടിച്ച ഇരയുടെ നേരെ ഓടും.
െൈകയിൽ രക്തം പുരണട് പക്ഷി, ഒടിഞ്ഞ ചിറക്. നിർലിപ്തമായ
കഴുത്ത്, അവൻ അത്രയ്ക്ക് നിർദയനല്ല. വാസ്തവത്തിൽ പക്ഷിയെ
കൊല്ലുന്നതുകൊണ്ട് തന്റെ നിർദയതയാണ് നിർദേശിക്കപ്പെടുന്ന
ത്. എന്നാൽ ഒരു വിചാരം, വെള്ളത്തിൽ കൊല്ലാമെങ്കിൽ ആകാശത്തിൽ
എന്തുകൊണ്ട് വയ്യ. കിട്ടിയ ഇരയുംകൊണ്ട് പോയി
തന്റെ കിശോരി സഖി രായിയുടെ കൈയിൽ കൊടുക്കും.
മുഷിഞ്ഞ സാരി വളച്ചു കാട്ടി അതിൽ ഇരയെ സ്വീകരിക്കും. ചിലപ്പോൾ
രാവിലെ, ചിലപ്പോൾ വൈകീട്ട്. ആ കൈകളിൽ ഹിംസ്രതയില്ല.
എന്നാലും മരിച്ച പക്ഷിയെ സ്‌നേഹത്തോടെ കൊടുക്കും.
ഇറച്ചികൊണ്ട് കറി. ഒച്ചുകൊണ്ടുണ്ടാക്കിയ ‘ചപ്പൊടി'(പച്ച
കടുകും ജീരകവും അരച്ചുണ്ടാക്കുന്ന കറി)യും ഉണ്ടാവും.
വായിലെ സ്വാദ് മാറ്റാൻ. ഇതാണവന്റെ ജീവിതരീതി. ഇങ്ങിനെയാണ്
ജീവിതയാപനം. തലമുടിയും താടിമീശയും കാരണം പ്രാകൃതനായി
കാണുന്നു. അത് അച്ഛന്റെ നിർദേശം കാരണം. മുടി
കഴുത്തും ചുമലും മറഞ്ഞുകിടക്കുന്നു. ചീർപ്പ് ഉപയോഗിക്കില്ല. മുടി
യിലേക്ക് കടക്കുകയുമില്ല. തനി ജടാധാരി. മുഖത്തെ രോമങ്ങളും
2013 ഏടഭഴടറസ ബടളളണറ 21 2
നല്ലപോലെ വളർന്നിരിക്കുന്നു. ഇരു കവിളുകളും നിറഞ്ഞുനിൽ
ക്കുന്നു. കാണാൻ എന്തൊരു മായാമയനാണ്. എത്ര നിഷ്പാപനാണ്.
ഏതോ ചരിത്രപുസ്തകത്തിൽനിന്ന് എണീറ്റുവന്ന കഥാപാത്രമാണോ
എന്നു തോന്നും. തന്റെ ആയുസ്സും പ്രാണനും നാടിനുവേണ്ടി
ഉഴിഞ്ഞുവച്ചിരിക്കുന്നു. ദേശദ്രോഹിയെ, ജാതിശത്രുവിനെ
അവൻ കൊല്ലും. തീർച്ച. അമ്പ് എയ്യുന്നതിൽ അത്രയ്ക്ക് സഫലനാണ്
അവൻ. കവണയുടെ ഉന്നത്തിലും ചൂണ്ടയുടെ ലക്ഷ്യ
ത്തിലും അവൻ ഒരേപോലെ പടുവാണ്. കലപ്പയെടുത്ത് വയലിൽ
ഉഴുത് നല്ലപോലെ കൃഷി ചെയ്യും. തന്റെ പുരുഷസത്തയിൽ
അവൻ ഗർവിഷ്ഠനാണ്. ആത്മാഭിമാനത്താൽ എപ്പോഴും ജാഗൃതനാണ്.
പെൺകുട്ടികളുടെ മുഖം കണ്ടാലും ഓർത്താലും അതി
യായ ലജ്ജ അനുഭവപ്പെടും. ഒരിക്കൽ ആ ഒരു ദിവസവും വരുകയില്ലേ,
ഈ ലജ്ജയെ ഭഞ്ജിക്കുന്ന ഒരവസരം! പക്ഷെ അതുകൊണ്ട്
ഒരു പെൺകുട്ടിയെക്കൊണ്ട് എന്താണ് ലാഭം!
ഭയം എന്നത് ഒരിക്കലുമില്ല. പാമ്പായാലും എന്ത് ജന്തുക്കളായാലും
നേരിടാൻ ഒരു ഭയവുമില്ല. ഏതു വിപരീത സാഹചര്യ
ത്തെയും ഭയപ്പെടാറില്ല. ഒരു അച്ഛനെ ഒഴിച്ച്. ആ മനുഷ്യനും
ജടയും താടിമീശയും ഉള്ള ആളാണ്. താടിമീശ നെഞ്ചുവരെ
എത്തുന്നു. അതുംകൊണ്ട് കൃഷിപ്പണി ചെയ്യും. കലപ്പ എടുത്തു
വച്ച് കിടന്നുറങ്ങും. കൗപീനധാരിയായി എല്ലാം ചെയ്യും. ചിലപ്പോൾ
ഒരു ചെറിയ മുണ്ട് ധരിക്കും. നഗ്നനിലത്തിൽ കൃഷി ചെയ്യു
ന്നു. ധാന്യം വിളയിക്കുന്നു. വളക്കൂറുള്ള മണ്ണിനെ ഫലവത്താക്കു
ന്നു. അതാണ് തന്റെ ഏറ്റവും വിലപിടിച്ച ഇച്ഛ എന്നപോലെ.
ഭാര്യയെ ദുഗ്ദ്ധവതിയായി കാണുമ്പോഴും അച്ഛനും മകന്റേതുപോലെ
വിരിഞ്ഞ മാറും ഇടുങ്ങിയ അരക്കെട്ടും നീണ്ട കഴുത്തും
ഉള്ളവനാണ്. പക്ഷെ വയറ് കുറച്ച് കൂടുതലുണ്ട്. കുടവയറ് വന്നി
രിക്കുന്നു. എന്തെല്ലാം ധർമങ്ങൾ പാലിക്കുന്നു. സന്യാസം വരിച്ച
പിതാവ് എന്തെല്ലാം എവിടെനിന്നെല്ലാം നേടുന്നു. ഭുവന്റെ അമ്മ
വേറെയും മൂന്നു പെൺമക്കളുടെ കൂടി അമ്മയാണ്. പ്രൗഢയായ
അമ്മ എത്ര ജോലിചെയ്യുന്നു. മുറ്റമടിക്കുന്നതു കണ്ടാൽ മുറ്റത്ത്
തിരമാലകൾ സൃഷ്ടിക്കുന്നതുപോലെയാണ്. അത്രയ്ക്ക് വരി ഒപ്പിച്ച്.
അച്ഛനും പലതും ചെയ്ത് സഹായിക്കുന്നുണ്ട്. എത്രയിടത്തേ
ക്കാണ് നോക്കി അറിയേണ്ടത്? ജീവിതം നയിക്കാൻ എന്തെല്ലാം
ഉപായങ്ങൾ അറിയണം! നാല് വർഷങ്ങൾ അങ്ങിനെ പതുക്കെ
കടന്നുപോയി. പുണ്യജലത്തിൽ പുണ്യസ്‌നാനം. പുണ്യനദീസംഗമങ്ങളിലേക്ക്
യാത്ര ചെയ്യും. പണമുണ്ടാക്കുന്നതിലും സമ്പാദിക്കു
ന്നതിലും ഭ്രാന്തു പോലെയാണ്.
ഇങ്ങിനെയുള്ള ഒരച്ഛന്റെ അത്രയും കഠോരനായ പുത്രൻ എല്ലാ
ശാസനകളും അനുസരിക്കുന്നു. അതിനാൽ മുടി വെട്ടിയിട്ടില്ല.
മുഖം വടിച്ചിട്ടില്ല.
അച്ഛന്റെ കണ്ണുകൾ ചുവന്നുവരുന്നു. കോപം ഏറിവരുന്നു.
പക്ഷെ മകന്റെ കണ്ണുകൾക്കു മുമ്പിൽ വളരെ ഒതുങ്ങിയ മട്ട്.
വെറും മണ്ണ്. അയാളുടെ പതിനെട്ടാം വയസിലും അച്ഛൻ തന്നെ
തൊടുമ്പോൾ, കൂടെ അതിദൂരത്തേക്ക് കൊണ്ടുപോകുമ്പോൾ
ഭുവന്റെ അച്ഛനും അനുഭവിച്ചിട്ടുണ്ട്. അകലെ വനങ്ങളിലേക്ക്,
ഇരുട്ടിൽ കണ്ണു കാണാൻ കഴിയാത്ത ഗഹനമായ വനത്തിലേക്ക്.
മേലെ ജ്വലിക്കുന്ന നക്ഷത്രങ്ങൾ. അവർ നടക്കും. ഇരുവരുടെ ചുമലിലും
പൂജാസാമഗ്രികൾ. ഇന്ന് പൂജ ചെയ്യണം. ചന്ദ്രനില്ല.
ഇന്നത്തെ തിഥി വളരെ നല്ലതാണ്. അച്ഛൻ ഊഷരഭൂമി കണക്കെ
പറഞ്ഞു.
വെക്ക്.
അവൻ വച്ചു. ഹുക്കയുടെ പുകയില ഇടുന്ന പാത്രം, കുറച്ച്
കഞ്ചാവ്, ഉമ്മത്തിന്റെ ഒരു പൂവ്, കായ, ഒരു ചെറിയ കുപ്പിയിൽ
പശുവിൻപാൽ, അതും പച്ചപ്പാൽ, കൂവളത്തിന്റെ ഇല, ചെറിയ
വിളക്ക്, തിരി, എണ്ണ, കുറച്ചു തേൻ, മധുരപലഹാരം വളരെ കുറ
ച്ച്.
അച്ഛൻ മണ്ണ് കുത്തിയിളക്കി അതുകൊണ്ട് ശിവലിംഗമുണ്ടാ
ക്കി. ഇരുവശത്ത് ഉമ്മത്തിന്റെ പൂവും കായയും വച്ചു. കഞ്ചാവിന്റെ
മണം അവിടെ ഉയർന്നു. ശിവലിംഗത്തിന്റെ ഇരുവശത്തായി
അച്ഛനും മകനും മുഖത്തോടു മുഖമായി നിന്നു. ഇനി
രഹസ്യമന്ത്രം. രഹസ്യമായ പലതും അച്ഛൻ മകനു പറഞ്ഞുകൊടുക്കും.
ഗുഹ്യമന്ത്രം. അവർ ചൊല്ലുന്നതു കേൾക്കാൻ തുടങ്ങി.
അച്ഛൻ പറഞ്ഞു, വലതുകൈകൊണ്ട് ഒരുപിടി മണ്ണ് എടുക്ക്.
മകൻ എടുത്തു.
അച്ഛൻ പറഞ്ഞു, തന്റെ ശരീരത്തിന്റെ നേർക്ക് നോക്കി പൊടി
മണ്ണിന്മേൽ ഊത്.
അവൻ അങ്ങിനെ ചെയ്തു.
– മുഖം കിഴക്കോട്ടു തിരിച്ചുപിടിക്ക്.
കിഴക്കോട്ട് മുഖം തിരിച്ചുപിടിച്ച് മകൻ സൂര്യനെ സ്മരിച്ചു.
– പറയ്.
ശിവശബ്ദം സുമംഗളം
ശിവനാമം സാരം
ശിവഭിന്നം മന്ത്രൌഷധി
മറ്റെന്തുട്
ഹരശബ്ദം പറയുന്നു ഞാൻ.
എന്ന ആർക്കായി വിട്ടു വയ്ക്കുന്നു!
മകൻ ഏറ്റുപറഞ്ഞു.
അച്ഛൻ തുടർന്നു.
– ഇനി വലതുകൈയിലെ പൊടിമണ്ണ് ഇടതുകൈയിലേക്ക്
എടുക്ക്. പറയ്. ആകാശം, ഭൂമി, മരം, വൃക്ഷം, ഇല, ലത ഇവരെല്ലാം
എന്റെ സ്വന്തം സഹോദരരും ബന്ധുക്കളുമാണ്.
ചന്ദ്രസൂര്യന്മാർ ഇരുവശത്ത്. പാതാളത്തിൽ വാസുകി. എല്ലാം
എന്റെ മിത്രങ്ങളാണ്, അതിലേറെയാണ്.
മകൻ ഏറ്റുപറഞ്ഞു.
അച്ഛൻ തുടർന്നു.
– ഇനി നീ മൂന്നു പ്രാവശ്യം ഊതണം. ഊതി ബാക്കിയുള്ള മണ്ണു
മുഴുവനും ദേഹത്തിൽ വിതറണം. വിതറിയോ? എങ്കിൽ പറയ്.
ഊക്കോടെ ഗർജിക്കുന്ന വെറുപ്പിൽ
ശത്രുക്കൾ ഭസ്മമാവട്ടെ വിഷത്തിൽ
കാഞ്ചിയിലെ കാമാക്ഷിദേവി അവിടുത്തെ കരുണ
അഷ്ടാംഗസമേതം ചെയ്യുന്നു ആത്മസമർപ്പണം.
മകൻ ആവർത്തിച്ചുപറഞ്ഞു.
അച്ഛൻ പറഞ്ഞു.
– ഇനി എണീറ്റുനിൽക്ക്.
മകൻ എണീറ്റുനിന്നു. അച്ഛൻ ഉപദേശിച്ചു. പവിത്രമായ
കഞ്ചാവ് എടുത്തു വലിക്ക്.
മകൻ അതിശയിച്ചു. ഇതിനുമുമ്പ് അവൻ വലിച്ചിട്ടുണ്ട്. പതി
വായി ചെയ്യാറുണ്ട്. പക്ഷെ അച്ഛന്റെ മുമ്പിൽ എങ്ങിനെ?
അനുസരിക്കാതെ വയ്യ.
അതു വലിച്ചശേഷം അടുത്ത അദ്ധ്യായത്തിലേക്ക് അച്ഛൻ കട
ന്നു. പറഞ്ഞു.
– ഇനി നഗ്നനാക്.
– എന്ത്? നഗ്‌നനാകണോ അച്ഛാ? അങ്ങിനെയാണോ ഈ
പൂജയുടെ നിയമം?
– വേണം. അതാണ് നിയമം.
അവൻ അതുകേട്ട് തരിച്ചുനിന്നു. വെറും ഒരു മുളവടിപോലെ.
പറഞ്ഞു.
– ഇല്ല ഒരിക്കലുമില്ല.
2013 ഏടഭഴടറസ ബടളളണറ 21 3
അച്ഛൻ എണീറ്റു. തന്റെ മുണ്ടിന്റെ കുത്തഴിച്ചു. മങ്ങിയ വിള
ക്കിന്റെ വെളിച്ചം. നിഴൽ എല്ലായിടത്തും ആടിയുലയുന്നു.
അച്ഛനെ കണ്ടാൽ ഒരു പിശാച് പിടിച്ചപോലെ. അലൗകിക ഭാവം.
മകൻ പിതാവിന്റെ പുരുഷാംഗത്തിൽനിന്ന് കണ്ണെടുത്തു മാറ്റി.
പിതാവ് പറഞ്ഞു.
– ഇത് നോക്ക്. ഇതാണ് ധർമം. എല്ലാം അഴിച്ചുകളയ്. മുക്ത
നാക്, ഭൂമിപോലെ, മണ്ണുപോലെ. എല്ലാ ബന്ധനങ്ങളും അഴിച്ചുകളയ്.
എല്ലാം നീക്ക്.
മകൻ ഉറക്കെ പറഞ്ഞു.
– ഇല്ല. ഒരിക്കലുമില്ല.
അച്ഛൻ ദേഷ്യം വരുന്നുണ്ട്. ഒന്നും പറയാതെ ക്ഷമിച്ചിരുന്ന
ശേഷം പറഞ്ഞു.
– ഇനി ഒരു രഹസ്യം പറയട്ടെ. അതിഗൂഢമായ കാര്യം!
അമ്പെയ്ത് പിടിച്ച് താറാവിനെ കൊണ്ടുകൊടുക്കുന്ന പെൺകു
ട്ടിയുടെ കെട്ടഴിക്കരുത്.
ഭുവന്റെ മുഖം താഴ്ന്നു. ആകാശം നിശബ്ദം. അച്ഛൻ പറഞ്ഞു.
– അങ്ങോട്ട് നോക്ക്. നക്ഷത്രങ്ങൾ പ്രകാശിക്കുന്നു. നദി ഒഴുകുന്നു.
ഒരു ബന്ധനവും ഒന്നിനുമില്ല. എല്ലാം മുക്തം. സ്വതന്ത്രവും
വിശാലവും. അതാണ് ജീവിതത്തിന്റയും കഥ. ഈ ജീവിത
ത്തിന്റെ അർത്ഥവും അതുതന്നെ. ഞാനും നിന്നോടതാണ് പറയു
ന്നത്. നീ ഇന്ന് സമ്പൂർണ പുരുഷനാണ്. മുക്തപുരുഷനാക്.
ഭുവന്റെ പുറം കടിക്കുന്നു. ജടയിൽ പേനുകൾക്ക് പ്രസവവേദന.
ചൊറിഞ്ഞു. നഖത്തിൽ പെട്ട ജീവിയെ മറ്റൊരു നഖത്തിന്മേൽ
വച്ച് അമർത്തി കൊന്നു. ജീവിതത്തിന്റെ ഗൂഢകഥ. രഹസ്യം.
ആരോപടും പറയാൻ പാടില്ലാത്ത കാര്യം! അച്ഛൻ പറഞ്ഞു.
– നോക്ക് ഈ ജടക്കൂട്, വടിക്കാത്ത താടി. ചില പൂജാവിധികളുണ്ട്.
നിന്നെ അത് പഠിപ്പിച്ചുതരാം. ഇത്രയും കാലം നിന്റെ മുടി
യിൽ ക്ഷുരകകത്തി തൊടുവിച്ചിട്ടില്ല. എന്തുകൊണ്ട് എന്നറി
യാമോ നിനക്ക്?
ചെവികൾ കേൾക്കാൻ വെമ്പി. എന്തുകൊണ്ട്?
എന്തുകൊണ്ട്. നത്തുകൾ പറന്നുപോയി. ലക്ഷ്മി(ലക്ഷ്മീദേവി
യുടെ വാഹനമാണ് നത്ത് എന്നു വിശ്വാസം)യെ അറിയിക്കാൻ
പോയതാവാം. ഇവിടെ അച്ഛനും മകനും തമ്മിൽ നടക്കുന്ന സംഭാഷണം
അറിയിക്കാനാവും പറന്നുപോയത്. സൃഗാലന്മാരും ഓടി
പ്പോയി. പാമ്പുകൾ മാളങ്ങൾ തേടി ഇഴഞ്ഞുപോയി. അവയും
ഈ രഹസ്യകഥ കേൾക്കാൻ ഉത്സാഹത്തോടെ കാത്തു. മിന്നാമി
നുങ്ങുകൾ ജ്വലിക്കുന്നു, മങ്ങുന്നു, വീണ്ടും വെളിച്ചം പരത്തുന്നു.
അവ അല്പമായാലും ഈ അന്ധകാരത്തിൽ വെളിച്ചം വീശാൻ
ആഗ്രഹിക്കുന്നു. ഇരുട്ടിൽ ആയിരമായിരം ചന്ദ്രന്റെ കണങ്ങൾ
വീണതുപോലെ.
അച്ഛൻ പറഞ്ഞു.
– ഈ വ്രതം, ഈ ജീവിതം നയിച്ചുകഴിഞ്ഞാൽ കുറച്ചുകാലത്തെ
സന്യാസവ്രതം. ഏഴു ദിവസം, പതിനാലു ദിവസം, ഇരുപത്തൊന്നു
ദിവസം. ഏറിയാൽ ഒരു മാസം. എത്ര പുണ്യമാണ്
നേടുവാൻ കഴിയുക! എന്തെല്ലാം നേടാം. ആദ്യമായി കൗപീനം
ധരിക്കുക. അങ്ങിനെ പോയി പുണ്യജലത്തിൽ മുങ്ങിനിവരുക.
ദേവി ലക്ഷ്മി എല്ലാ കലവറയും തുറന്നുതരും. നീ സന്യാസി ആയി
ക്കഴിഞ്ഞു. ഒന്നിലും ഒരാഗ്രഹവുമില്ല. ഒന്നിനോടും ഒരാകർഷണവുമില്ല.
ദാനം ചെയ്ത് പുണ്യം നേടുന്നവരെ ഒരിക്കലും വഞ്ചിക്കരുത്.
ദാനം മേടിക്കാം. നീ നഗ്നസന്യാസി ആയിരിക്കുന്നു. അങ്ങിനെ
പുണ്യലോഭത്തിൽ എവിടെയും ഇടപഴകുന്നതിന് വിരോധമില്ല.
ഒരിക്കലും ദു:ഖമില്ല. താനെന്ന ബോധമില്ല. നീ ഇനി നീയല്ല.
ലജ്ജയും മോഹങ്ങളും ത്യജിച്ച് ആ കരുണാമയനിൽ നീ നിന്റെ
ചിത്തം അർപ്പിച്ചുകഴിഞ്ഞു.
താൻ നമനീയനല്ല. അതിനാൽ എതിർത്തു. നല്ല ഉറച്ച ശരീ
രവും ബലവത്തായ കന്ധവും. പറഞ്ഞു.
– ഭിക്ഷ എടുക്കയോ? ദാനം മേടിക്കയോ? ഈ രഹസ്യം പറയാനാണോ
എന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത്?
– ഭിക്ഷയല്ല. ദാനം. നീ നഗ്നശരീരനാണ്. എന്തിനാണ് ഭിക്ഷ
എടുക്കുന്നത്? ദാനം സ്വീകരിക്കണം. പുണ്യാർജനം ആഗ്രഹിക്കു
ന്നവരെ സഹായിക്കണം. പുണ്യതീർത്ഥത്തിൽ പുണ്യസ്‌നാന
ത്തിനായി എത്രയോ പേർ വരുന്നു. എത്ര പാവങ്ങളും അന്ധരും
വരുന്നു. ആ പുണ്യസ്‌നാനത്താൽ ശത്രു ഇല്ലാതാകുന്നു. വന്ധ്യകൾ
ഗർഭിണികളാകുന്നു. രോഗികൾ സുഖം നേടുന്നു. കുട്ടികൾ മരി
ക്കുന്ന അമ്മമാർക്ക് സന്താനലാഭമുണ്ടാകുന്നു. മനുഷ്യർക്ക്
സൗഭാഗ്യം ലഭിക്കുന്നു. എല്ലാം സ്‌നാനം കൊണ്ടും ദാനംകൊണ്ടും
ലഭ്യമാകുന്നു. ഗംഗാസ്‌നാനത്താൽ കലുഷനാശം വരുന്നു. ഗംഗ
കലുഷനാശിനിയാണ്. ദാനം ലഭിക്കുന്നവർ ഈശ്വരപുത്രന്മാരാണ്.
എല്ലാ സന്യാസിമാരും അങ്ങിനെയാണ്. എത്രത്തോളം മുക്ത
നാകുന്നുവോ അത്രയും പുണ്യം ദാനം ചെയ്യാനാവും. അതിനാൽ
നീ നഗ്നനാക്. ഇന്ന് നിന്റെ പവിത്രദീക്ഷാദിവസമാണ്. നഗ്നനായശേഷം
ആദ്യം പറഞ്ഞ മന്ത്രങ്ങൾ മൂന്നുതവണ പറയണം.
കയ്യിൽ മണ്ണുപൊടി എടുത്ത് ശരീരമാകെ തേയ്ക്കുക. ചെയ്യ്.
തേയ്ക്ക്.
ഭുവൻ നിന്നു വിറയ്ക്കുകയാണ്. ചിന്തിച്ചു. കൗപീനം ധരിക്കണം.
അതഴിച്ചുകളയണം. അതും ഉത്സവസ്ഥലത്ത്. അസംഖ്യം ജനങ്ങ
ളുടെ തിരക്കുള്ള സ്ഥലം. സ്ര്തീപുരുഷന്മാർ മുമ്പിൽ.
തന്റെ രണ്ട കൈകൾകൊണ്ട് മുഖം മറച്ചു.
തീവ്രസ്വരത്തിൽ പറഞ്ഞു.
– എനിക്കാവില്ല. എന്നെക്കൊണ്ടാവില്ല. എനിക്കിതൊന്നും
ചെയ്യാൻ സാധിക്കില്ല. എനിക്ക് പുണ്യമൊന്നും വേണ്ട. ഞാൻ
കൃഷി ചെയ്ത് ജീവിച്ചോളാം. എനിക്കതാണിഷ്ടം.
അച്ഛൻ ക്രുദ്ധനായി, പറഞ്ഞു.
– ഈ വ്രതം പാലിച്ചില്ലെങ്കിൽ അമംഗളമാണ്. ആരോഗ്യത്തിന്
ഹാനി സംഭവിക്കും. കൃഷി നശിക്കും. വീട് കത്തും. രോഗം പിടി
കൂടും. നീ നോക്കിക്കോ, നീ കാരണം എല്ലാം നശിക്കും. നഷ്ടപ്പെ
ടും.
ഭുവനും കോപം കയറി. എതിർത്തു. കണ്ണുകൾ സൃഗാലന്റേതുപോലെ
ജ്വലിച്ചു. പറഞ്ഞു, എന്തൊരു കഷ്ടമാണ്! എല്ലാം നീക്ക
ണമെന്നോ! എന്തിന്? നഗ്നനാകാൻ എന്താണിനി ബാക്കിയുള്ള
ത്? മേൽഭാഗം മുഴുവനും നഗ്നമല്ലേ? വിദ്യാഭ്യാസമില്ല. ചികിത്സ
യില്ല. ഒരു ഭാവിയുമില്ല. നഗ്‌നത മാത്രം മറച്ചുവച്ചതും എടുത്തുനീ
ക്കണമെന്നോ? ആവില്ല. എനിക്ക് സന്യാസം സ്വീകരിക്കാനാവി
ല്ല. പുണ്യകാര്യങ്ങൾക്ക് സഹായം ചെയ്യില്ല. നഗ്നരായി വരുന്നതാരാണ്?
ഇത് മനുഷ്യർ ചെയ്യുന്ന കാര്യമാണോ?
അച്ഛൻ കൂടുതൽ കോപത്തോടെ ഗർജിച്ചു.
– മനുഷ്യരല്ലെങ്കിൽ മറ്റാരാണ് ചെയ്യുന്നത്? നഗ്നരായി കളിച്ച്
എത്രപേർ പണമുണ്ടാക്കുന്നു. ഉണ്ടാക്കുന്നില്ലേ?
അതെ, നഗ്നത എന്നാൽ ആധുനിക സഭ്യതയുടെ ഒരു പുതിയ
രൂപമായിരിക്കുന്നു. അധികം കാണുന്നത് സ്ര്തീകളാണ്. ആദികാലം
മുതൽക്കേ ഈ പഥത്തിൽ എത്രയെത്ര പേർ ഇറങ്ങിയതാണ്.
ഈ ആയ പഥത്തിൽ കൂടി നഗരങ്ങൾ പലതും കാണാം. നഗ്നഭൂമി
ആകുമെങ്കിൽ ആകട്ടെ. ഒരു കഷണം ത്രികോണത്തിലോ
ചതുഷ്‌കോണിലോ ഉള്ള കൗപീനം പറന്നുപോകുന്നതിനൊപ്പം
അതേപോലെ പറന്നെത്തും. ധൂർത്തരായ ദല്ലാളന്മാർ. കുറുക്ക
ന്റെയും ശകുനങ്ങളുടെയും കണ്ണുകൾ വച്ച് ആർത്തിയുള്ള മുഖവുമായി
അവരെത്തും. വാസ്തുവ്യവസായികൾ എത്തും. ഇഷ്ടിക,
മണൽ, സിമന്റ്, കുമ്മായം എന്നിവ എത്തിച്ചേരും. ഹർമ്യങ്ങൾ ഉയ
2013 ഏടഭഴടറസ ബടളളണറ 21 4
രും. അഞ്ചു നില, ഏഴു നില എന്നിവ. ഒരുപക്ഷേ അതേ വേഗ
ത്തിൽ തകർന്നും വീണേക്കാം. എല്ലാവരും അടിയിൽ പെട്ടെന്നു
വരും. എല്ലാവരും പഠിപ്പുള്ളവർ!
ഇരുട്ടിൽനിന്ന് മകൻ അലറി.
– കൃഷിനാശം! ആരോഗ്യഹാനി! ഞാൻ വിശ്വസിക്കുന്നില്ല.
ഞാനതൊന്നും മാനിക്കുന്നില്ല.
അച്ഛനും അതേ സ്വരത്തിൽ മറുപടി പറഞ്ഞു. അന്ധകാര
ത്തിൽ എല്ലാം വിറയ്ക്കുകയാണ്. ഇരുട്ടുപോലും. ചെറുവിളക്ക് കെട്ടുകഴിഞ്ഞു.
മിന്നാമിനുങ്ങുകൾ ഇലകൾക്കു കീഴെ അഭയം തേടി.
രാത്രിപക്ഷികൾ എല്ലാം ചെവിടോർത്തു കേൾക്കുകയാണ്.
– എല്ലാം നശിക്കട്ടെ എന്നോ? അതാണോ വിചാരം? ഇത്
വംശാനുക്രമമായി ചെയ്തുവരുന്ന വ്രതമാണ്. എന്റെ അച്ഛന്റെ,
അച്ഛന്റെ അച്ഛൻ, അല്ല, അദ്ദേഹത്തിന്റെയും അച്ഛൻ ആദ്യമായി
തുടങ്ങിവച്ചതാണ്. അതിനെ മാനിക്കുകതന്നെ വേണം. ഞാൻ
മാനിക്കുന്നുണ്ട്. നീ എന്താ വേറെ തന്തയുടെ മകനാണോ?
– മാനിച്ചേ തീരൂ? ഇല്ലെങ്കിലോ? എന്തു ചെയ്യും?
ഭുവൻ ആ ഇരുട്ടിൽ കൂടി ഓടി. ഹാഫ് പാന്റ് കൈയിൽ ചുരുട്ടി
യെടുത്തു. കാറ്റിൽ പറന്നുപോയാലോ. പക്ഷെ ശാപം പുറകെ
കൂടി. പാപം! ഭയം! പാപത്തിന്റെ മുഖം! എല്ലാം അമംഗളകരം.
നേരം വെളുക്കുമ്പോഴേക്കും മൂന്നു സഹോദരിമാരും ഛർദിച്ചു ഛർ
ദിച്ച് ക്ഷീണിച്ചുകിടക്കുന്നു. അതിന്റെ പുറകെ ആരോഗ്യമുള്ള
തന്റെ അമ്മ. ഛർദിക്കലും വയറുവേദനയും കൊണ്ട് കിടന്ന് പുളയുകയാണ്.
നിലം കപ്പി കിടന്ന് വേദനിച്ച് കരയുന്നു.
ഭുവൻ അതിരാവിലെതന്നെ എല്ലാം കണ്ടു. ഇത് അഭിശാപമാണോ?
അപ്പോൾ ഇവിടെ അമംഗളം ആരംഭിച്ചുകഴിഞ്ഞോ?
ഏതോ ഒരു അഭിപുരുഷന്റെ ജീവിതവിധാനം! അതിനെ മാനിച്ചി
ല്ലെങ്കിൽ പാപം! അന്നും ഇങ്ങിനെ ആയിരുന്നോ? ലോഭമോഹ
ബന്ധനങ്ങളിൽ നിന്ന് മുക്തി കാമ്യമായതാണ്. അതൊരു ആയ
പഥമല്ല, വ്യവസായത്തിന്റെ മായയുമല്ല. ഭൂമിയിൽ യുഗങ്ങളായി
പുണ്യകർമങ്ങൾ ക്ഷയിച്ചുവരുന്നു. ലൗകിക ജീവിതത്തിൽനിന്ന്
പാപത്തെ വേറിട്ടെടുത്ത് നഗ്നമായി കഴുകി എടുക്കുക. ഇതാണ്
നഗ്നത കൊണ്ടുള്ള യഥാർത്ഥ അർത്ഥവും ഉദ്ദേശ്യവും. ഈ
വൃത്തി ആവർത്തിച്ചാവർത്തിച്ച് ആ ഉദ്ദേശ്യത്തിനെ വിരോധി
ക്കാൻ ആഗ്രഹിച്ചു. ഇത്തരം ത്യാഗത്തിന്റെ പുറകിൽ അഥവാ
അടിയിൽ ഭോഗലിപ്‌സ ഉണ്ടായിരുന്നു. ലോഭം! പാപചക്രം തിരി
യാൻ തുടങ്ങുന്നതിന്റെ ഫലം. അയ്യയ്യോ എന്റെ അമ്മ! എന്റെ
അമ്മയ്ക്ക് എന്തു സംഭവിച്ചു.
അച്ഛൻ കരിമ്പ് വെട്ടിക്കൊണ്ടിരിക്കയാണ്. മുറ്റത്തെ നിലത്തി
രുന്ന് ചെയ്യുന്നു. പറഞ്ഞു,
– അമംഗളംതന്നെ. അമംഗളം. വംശം ഇനി നിന്റെ കൈയിലാണ്.
നീ വ്രതം പാലിക്കില്ലെന്ന് സ്വീകരിക്കുകയാണ്. അതിന്റെ
പാപഫലം കാണ്. നിന്റെ പാപം കാരണം നിന്റെ മാതാപിതാ
ക്കളും സോദരികളും ഒന്നൊന്നായി പോകും. അതേ മകനേ, ഇനി
രക്തം ഛർദിക്കാൻ തുടങ്ങും. പിന്നെ പ്രാണനും പോകും.
– ഇല്ല, ഇല്ല. അമ്മയെ രക്ഷിക്കൂ, അച്ഛാ! അനുജത്തിമാരെ
സുഖപ്പെടുത്തൂ. എന്ത് മരുന്ന് കൊടുക്കണം? നഗരത്തിലേക്ക്
പോകട്ടെ? ഡോക്ടറെ കൊണ്ടുവരട്ടേ? അച്ഛാ, പറയൂ?
– ഞാനാര്? നീ ആര്? ഡോക്ടർ വന്ന് എന്തു ചെയ്യും? ദൈവ
ങ്ങളെ പ്രീതിപ്പെടുത്ത്. മഹാകാലന് വേണ്ടതു ചെയ്യ്. പറയ്, നീ
പുണ്യസ്‌നാനം ചെയ്യാൻ പോകുമെന്ന് പറയ്. അതെ, പറയ്. നീ
എല്ലാ നിയമവും പാലിക്കുമെന്നു പറയ്. നഗ്നനാകാം, സന്യാസം
സ്വീകരിക്കാം എന്നെല്ലാം പറയ്.
– ചെയ്യാം! പുണ്യസ്‌നാനം ചെയ്യാൻ പോകാം. എല്ലാ നിയമവും
ഞാൻ പാലിക്കാം. അതെ… ഞാൻ, ഞാൻ, ഞാൻ…
പറയാനും കഴിയുന്നില്ല. ഭയപ്പെട്ടു. അച്ഛൻ തൃപ്തനായി. ശാന്ത
നായി. ഭുവൻ അമ്മയുടെ തലയ്ക്കരികിൽ ചെന്നു വിളിച്ചു.
– അമ്മേ! കുറച്ച് സുഖം തോന്നുന്നുണ്ടോ?
അമ്മ മകനെ മാറോട് ചേർത്തുപിടിച്ച് പറഞ്ഞു.
– ഉവ്വ് മോനെ. അടുത്തേക്കു വാ. അച്ഛൻ പറയുന്നതിനെ അനുസരിക്കാതിരിക്കരുത്.
അദ്ദേഹം പുണ്യവാനാണ്. ഈ ഗ്രാമത്തിൽ
നിന്റെ അച്ഛനെപ്പോലെ ആരുണ്ട്? ഈ കയ്യാല, ഈ ഓടിട്ട പുര,
ധനധാന്യങ്ങൾ, വിത്തുകൾ, നിലം, രണ്ടു കാള… എല്ലാം ആ ഒരാളുടെ
പുണ്യംകൊണ്ടാണ്. മറ്റു വീട്ടിലെ പെൺകുട്ടികൾക്ക് നാണം
മറയ്ക്കാൻപോലും ഇല്ല. എനിക്ക് ആ ഭയമില്ല. നിന്റെ അനിയത്തി
മാരും വലുതായി. നാരിയായാൽ ദേഹം മറയ്ക്കാതെ നിർത്തുന്നത്
ശരിയല്ല. അശുഭമാണ്. അച്ഛന്റെ വാക്കു കേട്ടു നടക്ക്. നിനക്കും
എല്ലാം സമൃദ്ധമായി ലഭിക്കും.
മകൻ അസുഖമായി കിടക്കുന്ന അമ്മയുടെ മാറിൽ മുഖം ചേർ
ത്തു. കണ്ണുകളിൽ ജലം നിറഞ്ഞു. എന്നാലും ഒന്നും പറയില്ല.
എന്തൊരു ദു:ഖവും മനോവേദനയുമാണ്. നഗ്നനാകാൻ ഭയം.
ഈ ലജ്ജയും അസഹ്യമായ വേദനയും ആരോടു പറയും. അമ്മ
യോട് പറയില്ല. ഇതെല്ലാം പുരുഷന്റെ ചുമതലയാണ്. വീടിന്റെ
മാനം കാക്കാൻ, വീട്ടിലുള്ളവരുടെ നാണം മറയ്ക്കാൻ, വീട്ടിൽ
വേണ്ടത്ര ഭക്ഷണമുണ്ടാക്കാൻ ഒരു പുരുഷന് എത്രയെത്ര
ലജ്ജയും അപമാനവും സഹിക്കേണ്ടിവരുന്നു. എത്രയധികം! ഈ
നഗ്നനാകൽ എല്ലാറ്റിലുമേറെ. ആര് കേൾക്കും തന്റെ കഥ! എല്ലാ
പുരുഷന്മാരും ഇതേപോലെ. എത്ര വലിയ യാതന! എന്തൊരു
ജീവിതയാപനം!
അടുത്ത ദിവസം രാവിലെ അച്ഛനും മകനും പുറപ്പെട്ടു. ഒരു
കിണ്ണത്തിൽ പൊരിയും അവിലും രുദ്രാക്ഷമാലയും എടുത്തു.
പുതപ്പു കൊണ്ട് പുതച്ച് അവന്റെ അച്ഛൻ. നഗ്നനാകാൻ വേണ്ടി
പോകുന്ന മകൻ പാന്റ് ധരിച്ചു. ഇവൻ സന്യാസം വരിക്കാൻ
പോകയാണ്. അവർ തീവണ്ടിയിൽ കയറി.
ഇത് തീവണ്ടിയാണോ, അതോ അറവുശാലയോ? തിക്കും
തിരക്കും, ഉന്തും തള്ളും. മനുഷ്യർ മനുഷ്യരുടെ മേൽ. എള്ളിട്ടാൽ
താഴെ വീഴില്ല. എല്ലാ സ്റ്റേഷനിൽനിന്നും ആളുകൾ കയറുന്നു. കയറിക്കൊണ്ടിരിക്കുന്നു.
ആരും ഇറങ്ങുന്നില്ല. ബെഞ്ചിന്മേൽ മാത്രമല്ല
അതിനു താഴെയും നടക്കുന്ന വഴിയിലും നിലത്തെല്ലായി
ടത്തും എല്ലാം ജനങ്ങൾ. ഒരാളുടെ ശ്വാസം മറ്റൊരാളുടെ ചുമലിലും
പുറത്തും തട്ടുന്നു. എല്ലാവരും പുണ്യം നടാൻ പോകുകയാണത്രെ!
എന്താണിവരറിയുന്നത്, ആവോ? പുണ്യകർമങ്ങൾക്കും
ഇത്ര തിരക്കുണ്ടാകുമോ? ലോകത്തിൽ പാപം എല്ലായിടത്തും
നൃത്തം വച്ചുകൊണ്ടിരിക്കുന്നു. ഹും… ങ്ഹാ…
അവൻ ഒന്നും പറയാതെ ഇരുന്നു. ഭുവന്റെ ദേഹത്ത് അച്ഛന്റെ
ദേഹഭാരം. രണ്ടുപേരും പുതപ്പുകൊണ്ട് പുതച്ചിട്ടുണ്ട്. മുണ്ട് ഉടു
ത്തിരിക്കുന്നു. ഇങ്ങിനെ സന്യാസം എടുക്കേണ്ട കാര്യമില്ല. ഇവർ
രണ്ടുപേർക്കും ഭാഗ്യത്തിന് ബെഞ്ചിന്മേൽ സ്ഥലം കിട്ടി. ഭാഗ്യവാ
ൻതന്നെ. പുണ്യവാൻ. ഭുവന് ഉറക്കം വന്നു. ഒന്നു തൂങ്ങി. ഉടനെ
ഞെട്ടിയുണർന്നു നോക്കുമ്പോൾ തിരക്കിനിടയിൽ സന്യാസി
മാരും ഉണ്ട്. അവർ വസ്ര്തം ധരിച്ചിരിക്കുന്നു. കഴുത്തിൽ വലിയ മാലകൾ.
മുഖം നിർവികാരം. മനുഷ്യരുടെ വിയർപ്പിന്റെ മണം വായുവിൽ
കനത്തുനിൽക്കുന്നു. സകല നാട്ടിൽനിന്നും ആളുകൾ
ഇതിൽ കയറിയിട്ടുണ്ട്. വടക്കു മുതൽ തെക്കു വരെ. കിഴക്കുനിന്ന്
പടിഞ്ഞാറുവരെയും. ഛത്തിസ്ഗഡിലെ മനുഷ്യന്റെ ചുമലിലേക്ക്
ഗുജറാത്തിയും കച്ചിലെ മനുഷ്യനും ചാരിനിൽക്കുന്നു. ബീഹാറി
കളും കാറുതാപുരിയിലെ മനുഷ്യരും കേരളീയരും എല്ലാം ചേർന്നി
രിക്കുന്നു. ബംഗാളിയുടെ അരികിൽ ഒഡിയക്കാരൻ. പുണ്യം തേടി
വണ്ടി ഓടുന്നു. കുലുങ്ങി ഓടുന്നു. ജനാലയിൽ കൂടി നോക്കാൻ
ഒരു നിവൃത്തിയുമില്ല. ജനാല അടഞ്ഞുകിടക്കുന്നു. തണുത്ത കാറ്റ്
വീശുന്നതുകൊണ്ടാവാം, വൃദ്ധരുടെ ശരീരം വിറയ്ക്കുന്നുണ്ട്. കുട്ടിക
2013 ഏടഭഴടറസ ബടളളണറ 21 5
ൾക്ക് തണുപ്പു കാരണം മൂക്കടയുന്നു. അവർ വിഷമിക്കുന്നു.
സ്റ്റേഷനുകൾ വരുമ്പോൾ ജനാല തുറക്കുന്നുണ്ട്. തണുപ്പിനൊപ്പം
പുറത്തെ ശബ്ദവും കടന്നുവരുന്നു. ചായ, ചായ,ചായ. മുട്ടയും
റൊട്ടിയും കുളിമുണ്ടും എല്ലാം വിൽക്കുന്നുണ്ട്. വിചിത്രമായ ശബ്ദ
ങ്ങൾ. എന്തെല്ലാം വ്യാപാരങ്ങൾ. ഭുവൻ എല്ലാം കണ്ടു. ഈ ഭുവനത്തിൽ
എന്തെല്ലാം!
വണ്ടി വിട്ടതും എല്ലാം പഴയപോലെ. ജനാല അടയ്ക്കാനുള്ള
വിളിതെളികൾ. വയസായവരുടെ കൃശാംഗങ്ങൾക്ക് തണുപ്പു
സഹിക്കാനാവുന്നില്ല. അവർ വിറയ്ക്കുന്നു.
പുണ്യസ്ഥലം വരെ ജീവനോടെ എത്തിയെങ്കിൽ! ഹേ ഭഗവാ
ൻ, പിന്നെ മരിച്ചാലും വിരോധമില്ല. കൈയിൽ ഒന്നും ഇല്ലാതെ
പോകാമായിരുന്നു. ഇത്തവണ എന്തെങ്കിലും കുറച്ച് കൊണ്ടുപോകണം.
അങ്ങോട്ടു പോകുക. ആ മഹാക്ഷേത്രത്തിലേക്ക് പോകുക.
ഇത്രയും നാൾ എന്തു ചെയ്തു, വൃദ്ധാ? ഒന്നും ശേഖരിക്കാനായില്ലേ?
എന്തു ചെയ്യാം. ശേഖരിച്ചാലുടനെ അവസാനിച്ചു. എല്ലാം
ശൂന്യം. ഒരു നല്ല കാര്യം ചെയ്താൽ ഉടനെ അസൂയ, ലോഭം, കാമം,
ആർത്തി എല്ലാം അലട്ടുകതന്നെ. അപ്പോൾ വെറും അരിക്കുന്ന
പുഴുവിനേക്കാൾ അധമനാകുന്നു. ഇത്തവണ പുണ്യസ്‌നാനം
സാധിച്ചാൽ പിന്നെ ഒരു ചിന്തയുമില്ല. നിശ്ചിന്തനായി. പോകുമ്പോൾ
പുണ്യാത്മാവായി പോകണം. സ്വർഗത്തിൽ നല്ലപോലെ
ഊന്നി ഇരിക്കണം. ഈ ലോകത്തിലെ ജീവിതം വൃഥാവിലായി.
ഒരു വിലയുമില്ലാത്തതായി. എന്തൊരു ഉന്തും തിരക്കും.
എന്തെല്ലാം പിടിച്ചുവലി. ഛേ! ഒരുവൻ മൂക്കു ചീറ്റി കൈകൊണ്ട്
മൂക്കട്ട മറ്റൊരുവന്റെ പുറത്ത് തേച്ചു. അവന് ചർമരോഗം. വൃദ്ധൻ
നല്ലപോലെ ഉറപ്പിച്ചിരിക്കയാണ്. മുട്ടു മടക്കി, അനങ്ങാതെ. കാല്
വലിക്കുന്നുണ്ട്. വായിൽ പല്ലില്ല. തുറന്ന വായിൽനിന്ന് ഏത്തായി
ഒഴുകുന്നു. വൃദ്ധന്റെ കാലുകൾ പതുക്കെ വലിച്ച് നീട്ടിക്കൊടുത്തു.
യുവാക്കളായ മക്കൾ കൂടെയുണ്ട്. അവരാണത് ചെയ്തത്. അപ്പോഴേക്കും
മൂത്രം മുട്ടി. ഇവിടെത്തന്നെ ചെയ്‌തോളാൻ മക്കൾ. വൃദ്ധൻ
കാലുവേദനകൊണ്ട് ഉറക്കെ ഒച്ചവച്ചു. മുറിയിലെ നിലത്ത് സൂചി
കുത്താൻ പഴുതില്ലാത്ത തിരക്കാണ്. ഒരാളുടെ ദേഹത്തു
തൊടാതെ ഇരിക്കാൻ ശ്രദ്ധിക്കുമ്പോൾ മറ്റൊരാളുടെ മടിയിൽ
കാലു കൊള്ളും. തൊടുന്നതെങ്ങനെ, സ്ര്തീജനങ്ങളാണ്. കാലി
ന്മേൽ ഒന്ന് ഉഴിയാൻ ശ്രമിച്ചതും വണ്ടി നിന്നു. വേഗതയോടൊപ്പം
ചെന്നു വീണത് ഒരു സ്ര്തീയുടെ മടിയിൽ. ആരും ആരെയും ദുഷിച്ച്
പറയുന്നില്ല. സംഭവിക്കുന്നത് സംഭവിക്കും. ചിലപ്പോൾ ഒന്നോ
രണ്ടോ പറഞ്ഞെന്നുവരാം. എല്ലാവരും പുണ്യം നേടാനുള്ള മോഹവുമായി
പോകുന്നവരല്ലേ? പുണം കിട്ടാൻ പോകയാണ്.
വണ്ടി ഏതോ സ്റ്റേഷനിൽ നിന്നു. ഏതു ജില്ല, ഏതു ഗ്രാമം,
ആവോ? കൂട്ടംകൂട്ടമായി ആളുകൾ തള്ളിക്കയറി. ഒരാൾ രണ്ടു
പെൺമക്കളെ തുണിക്കെട്ടുപോലെ അകത്തേക്ക് തള്ളിയിട്ടു.
ഓരോരുത്തർ അന്യരുടെ ചുമലിൽ, പുറത്ത്. പെൺകുട്ടികളുടെ
ഭാണ്ഡം ചെന്നുവീണത് കുളിമുറിയുടെ കതകിനു മുന്നിൽ. അവർ
അവിടെതന്നെ ഇരുന്നു. എങ്ങിനെയെങ്കിലും പോകണം, പോകണ.
പോയേ തീരൂ. പലവിധത്തിലുള്ള ശബ്ദങ്ങൾ ഉയരുന്നു. കതകിനരികിൽ
ഒരു ട്രോളി വന്നുനിന്നു. ഈ തിരക്കിലേക്ക് ഇനി കൂടുതൽ
സാമാനങ്ങളും കയറ്റാൻ പോകയാണോ? അല്ല. അല്ല. ഒരു
വൃദ്ധ. കുഞ്ഞിക്കൂടിയ ശരീരം. തൊണ്ണൂറ്റിയെട്ട് വയസായി. അന
ക്കമൊന്നുമില്ല. ചുണ്ടുമാത്രം അനങ്ങുന്നുണ്ട്. സംസാരിക്കാൻ കഴി
യും. എന്നെ ഒന്നു കൊണ്ടുപോകൂ മക്കളേ. ഈ ജന്മത്തിൽ ഇനി
സാധിക്കില്ല. എന്നുതൊട്ട് ആഗ്രഹിക്കുന്നതാണ്. കാലെങ്കിലും
ഒന്നു കഴുകാൻ കഴിഞ്ഞാൽ. ദേഹം മുക്കാനായാൽ…
വണ്ടിക്കകത്ത് വണ്ടിയുടെ ചലനത്തിനൊപ്പം വൃദ്ധയെന്ന
ഭാണ്ഡക്കെട്ടും എത്തി. നിലത്ത് കിടന്നു. കണ്ണിൽ തിമിരം, ഒന്നും
തെളിഞ്ഞുകാണുവാൻ കഴിയില്ല. തലമുടി ചെറുതാക്കി വെട്ടിയി
രിക്കുന്നു. പുതിയ ടീച്ചറെ പോലെ. ശരീരം ഒരുവിധം വസ്ര്തംകൊണ്ട്
മറച്ചിട്ടുണ്ട്. വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. ആടി ആടി,
ജുക്ക് ജുക്ക് എന്നൊച്ച വച്ച്, ഇടയ്ക്ക് ചൂളം വിളിച്ചും. ആടുന്നതി
നൊപ്പം ഓരോരുത്തരും അടുത്തുള്ളവരെ തഴുകുന്നു. അവരുടെ
മേൽ വീഴുന്നു.
ആ പെൺകുട്ടി. കൈയിന്മേൽ നിറമുള്ള കുപ്പിവളകൾ. തലമുടിയിൽ
റിബൺ. ഉറക്കംതന്നെയാണ്. ഭയം കാരണം ഭുവന്റെ
ഹൃദയം വിറയ്ക്കുന്നു. ഇത്തരം വളകൾ, ഈ റിബൺ. എന്നിട്ട് ഉറ
ങ്ങുകയോ? ഓർത്തു, നാട്ടിൽ വച്ചു പോന്ന കവണയും മറ്റും. എത്ര
നാൾ ഇനി! വേഗം തിരിച്ചുവരുമല്ലോ. വരില്ലേ? എല്ലാവരും ഒരു
കുഴപ്പവും കൂടാതെ? ഇല്ല, പോകുന്നതുപോലെ തിരിച്ചുവരില്ല.
വ്രതം പാലിച്ച് തിരിച്ചുവരും. അതായത് മിക്കവാറും മറ്റൊരു മനുഷ്യനായി
തിരിച്ചെത്തും. ഹേ, ഭഗവാൻ! അഥവാ സന്യാസി
ആകാൻ തന്നെ മനസിൽ ആഗ്രഹം വന്നാലോ? വൈരാഗ്യം
തന്നെ കീഴടക്കിയാലോ? മനസ്! മനസ്സേ, നീ യമുനയിൽ മുങ്ങി
യല്ലോ, മനസ്സെന്ന യമുനയിൽ. ഇനി തിരിച്ചുകിട്ടുമോ? കിട്ടുമോ
അതിനി? വണ്ടിച്ചക്രത്തിന്റെ ശബ്ദം ചെവിയിൽ വ്യക്തമായി
കേൾക്കുന്നു. എന്തിനീ വിഷമം. മനസ് എന്തിന് വിഷമിക്കുന്നു.
ഉറങ്ങ്. ഭുവൻ കണ്ണുകളടച്ചു. കണ്ണു തുറന്നു. ഈ നീണ്ട യാത്രയിൽ
ഒന്നും ചെയ്യാനില്ല. വിധി മനുഷ്യനെ എങ്ങിനെ എവിടേക്കെല്ലാം
എത്തിക്കുന്നു! ആരെ എങ്ങിനെയെല്ലാം വയ്ക്കുന്നു! സ്റ്റേഷനിൽ
എപ്പോഴാണാവോ ഒന്നു നിൽക്കുക. നിന്നാൽ വീണ്ടും കയറിക്കൂടൽ.
വീണ്ടും തിക്കിത്തിരക്ക്. എല്ലാവരുടെ മുഖവും കാലന്റെ ഭാവം
പോലെ. ഭുവൻ നോക്കിക്കൊണ്ടിരുന്നു. എല്ലാവരും എത്ര ദരിദ്ര
ർ. എത്രയധികം ജനങ്ങൾ. സ്ര്തീപുരുഷന്മാർ എത്രയെത്ര. ഇവർ
എന്ത് ആഗ്രഹിച്ചാണ് പോകുന്നത്? എന്തിന് പോകുന്നു? ഇത്രയധികം
കഷ്ടപ്പെട്ട്, ഇത്ര ദൂരത്തേക്ക് എന്തിന്? ഇവരും സന്യാസി
മാരാകുമോ? കൗപീനം വെള്ളത്തിലൊഴുക്കിക്കളയുമോ? കഷ്ടം!
കഷ്ടം! നീ എന്താ വിചാരിച്ചുകൊണ്ടിരിക്കുന്നത്, ഭുവൻ! പെൺകു
ട്ടികളും ഉണ്ടല്ലോ, അല്ലേ?
കുളിമുറിയുടെ മുന്നിൽ കമിഴ്ന്നുകിടക്കുന്ന ഭാണ്ഡക്കെട്ടുകൾ
എണീറ്റിരുന്നു. ഒരു പൊതി തുറന്ന് അവിൽ വാരി തിന്നുന്നു. വിശ
ക്കുന്നുണ്ടാകും. വിശക്കാതിരിക്കുമോ? എത്ര പുണ്യം തേടാൻ ഇറ
ങ്ങിത്തിരിച്ചാലും വിശപ്പിന് ഒരു മാറ്റവുമില്ല. സാധുസന്യാസിമാ
ർക്കും വിശപ്പുണ്ട്. ചവാൻ കിടക്കുന്ന ആ വൃദ്ധയ്ക്കും വിശക്കുന്നു
ണ്ടാകും. ശരീരം ഉപേക്ഷിക്കുന്നതുവരെ ശരീരത്തിന്റെ ആവശ്യ
ങ്ങൾ മാനിക്കാതെ വഴിയുണ്ടോ? ഒരു സന്യാസി തന്റെ സഞ്ചിയി
ൽനിന്ന് എന്തോ എടുത്ത് വായിലിട്ടു ചവച്ചു. കുഞ്ഞ് കരയുന്നു.
അതിന് പാലു കുടിക്കണം. അമ്മ അതിനായി തുണി മാറ്റി. മുമ്പിൽ
ഭുവൻ. ഭുവന് വിഷമം. നീ യുവാവായി ഭുവൻ. സ്ര്തീകളുടെ നേരെ
ആകർഷണം തോന്നുന്നു. ഭുവന് കണ്ണെടുക്കാൻ കഴിയുന്നില്ല.
ദേഹം വലിഞ്ഞുപോകുന്നു. കുഞ്ഞ് വലിച്ചുകുടിക്കാൻ തുടങ്ങി.
താനും ഒരു ശിശുവായിരുന്നെങ്കിൽ എന്ന് ഭുവന് മോഹം. ഭുവൻ
സന്യാസി! സന്യസിക്കാൻ പോകുന്ന ഭുവൻ! കൗപീനം നദീജല
ത്തിലൊഴുക്കാൻ പോകയാണ് നീ. നഗ്നനാകണം. ശരീരത്തിലെ
എല്ലാ ദുഷ്ട ചെകുത്താന്മാരും ഓടിപ്പോകട്ടെ. എല്ലാം കളഞ്ഞുകുളിച്ച്
ശുദ്ധമാകട്ടെ. വെയിൽ വരട്ടെ. എല്ലാം വെയിലിൽ ഇല്ലാതാവട്ടെ.
തീവണ്ടി അവസാനം നിന്നു. അവസാനത്തെ സ്റ്റേഷനിൽ
എത്തി. ഇനി പോകില്ല. ഇനി അതിന് കഴിവില്ല. എഞ്ചിൻ ദീർഘമായി
ഒരു ശ്വാസം വിട്ടു. ഇശ്ശ്ശ് ഫിസ്…
ആളുകൾ ഓടാൻ തുടങ്ങി. കൂട്ടംകൂട്ടമായി ധൃതിയിൽ ഓടി.
ഓരോരുത്തരും അവരുടെ തമ്പുകളിലേക്ക്. അവരുടെ രക്ഷ തേടി.
പെൺകുട്ടികളും ആണുങ്ങളും സ്ര്തീകളും എല്ലാം. വൃദ്ധരും കുട്ടി
കളും ഓടി. അവരുടെ സാമാനങ്ങളും ഭാണ്ഡങ്ങളും അവരോടൊ
പ്പം. വൃദ്ധയെ കെട്ടിപ്പിടിച്ചുകൊണ്ട് മകൻ. വയസ്സു ചെന്ന അച്ഛനെ
2013 ഏടഭഴടറസ ബടളളണറ 21 6
ചുമലിലേറ്റി പോകുന്നു മകൻ. എല്ല് വിറയ്ക്കുന്ന തണുത്ത കാറ്റ്. നല്ല
തണുപ്പുള്ള പുണ്യജലം. പല്ല് കൂട്ടിയടിക്കുന്നു. എപ്പോഴും വരുകയി
ല്ലല്ലോ. ഒരിക്കൽ സാധിച്ചാലായില്ലേ? ഈശ്വരാ. അതിന് അനുഗ്രഹിക്കണേ!
ഈശ്വരാ, അത് നേടുംവരെ കാത്തുരക്ഷിക്കണേ,
ജീവിക്കാൻ അനുവദിക്കണേ!
ഭുവന്റെ കാലുകൾക്കും ജീവൻ കിട്ടി. ലോകം കാണാനുള്ള
ഉത്സാഹം! തീവണ്ടിയും ഒന്നാണോ? ഓരോ ദിവസവും എത്ര
വണ്ടികൾ വരുന്നു. എത്ര പേർ ഇറങ്ങുന്നു! എത്ര യാത്രക്കാർ!
ഭുവന്റെ സന്യാസഗ്രഹണ സമയം അടുത്തുവരുന്നു. അച്ഛൻ കൈ
പിടിച്ചിട്ടുണ്ട്. ഒരു ദിവസം വിട്ടുകളയും. ഈ ലോകത്തിൽ പിന്നെ
അവനും ഒറ്റയ്ക്കാവും. ഈ തിരക്കിൽ ഏകനാവും. കൃഷി ചെയ്യണം.
തനിച്ച്. പക്ഷിയെ പിടിക്കലും ഒറ്റയ്ക്ക്. ഒറ്റയ്ക്കുപോയി മത്സ്യം പിടിക്ക
ണം. സന്യാസത്തിലും അതേപോലെ ഒറ്റയാനാവുമോ?
നീണ്ട വിസ്തൃതമായ ഷെഡ്ഡ്. കയ്യാലപോലെ. അസംഖ്യം തമ്പുകൾ.
മരസാമാനങ്ങൾ വേണ്ടത്. ജനങ്ങൾ ലഹള കൂട്ടുന്നു. ജലകല്ലോലത്തിന്റെ
ശബ്ദം മനുഷ്യശബ്ദത്തിൽ അലിഞ്ഞുപോകുന്നു.
എല്ലാവരുടെും ഒരേയൊരു ലക്ഷ്യം. ശേഖരിക്കണം ചിലർക്ക്
പുണ്യം. ചിലർക്ക് പണം. എല്ലാവരും ഒരൊറ്റ ജാതി. ഒരു പ്രാണ
ൻ. എല്ലാവരും ഒരുമിച്ചാണിവിടെ. ഹരിശബ്ദം ഉയർന്നു. ആകാശം
വരെ ഉയരുന്ന ശബ്ദം. പ്രതിദ്ധ്വനിച്ച് ആകാശത്തെ പിളർക്കുന്നതുപോലെയുള്ള
ശബ്ദം. മറ്റു ചിലർ അമ്മേ, ജഗദംബേ, കാഞ്ചീ,
കൃപാലിനീ എന്നും വിളിക്കുന്നു. ഭുവന്റെ അരികിൽ കൂടി ഒരു
സന്യാസി നടന്നുപോയി. കഴുത്തിലും കൈത്തണ്ടയിലും രുദ്രാ
ക്ഷം. ചുവന്ന കണ്ണുകൾ. കെട്ടിവച്ച ജടയിൽ പാമ്പ്. ദേഹം
നിറയെ രോമം. പുറകിൽ പുറം തൊട്ട് ഉപ്പൂറ്റി വരെ. മാറു മുതൽ
കാലടി വരെ. എല്ലാം ചേർന്ന് ഒരു ഭയങ്കര രൂപം. കൈയിൽ ത്രിശൂലം.
നഗ്നനായ സന്യാസി നടന്നുപോകുന്നു. ഭുവൻ വിചാരിച്ചു,
തണുക്കുന്നില്ലേ? ബാബാ, സന്യാസിബാബാ, നാളെ മുതൽ ഈ
തണുപ്പ് എന്റേതുമാണ്.
ഹ്യോം! ഹ്യോം! സ്ര്തീപുരുഷന്മാർ കാൽക്കൽ വീഴുന്നു. കാലു
തൊട്ട് നെറുകയിൽ വയ്ക്കുന്നു. സന്യാസിയുടെ ഹുങ്കാരം. ഐ!
ഹ്യോം ഫട്ട്! ഹ്യോം ഫട്ട്! ജനങ്ങൾ ഭയപ്പെട്ടു. വഴി ഒഴിഞ്ഞു
കൊടുത്തു. കാശ് ഇട്ടു കൊടുത്തു. എടുത്തോളൂ. എന്തെല്ലാം
പാപം ചെയ്തിട്ടുണ്ടോ, അതെല്ലാം ഇവിടെ കഴുകിക്കളയണം.
നിങ്ങൾ എത്ര പുണ്യവാനാണ്. ഞങ്ങളുടെ ഈ കാലത്തെ അല
ക്കുകാരൻ. എല്ലാം നല്ലപോലെ കഴുകി വെളുപ്പിച്ചു തരൂ.
വൃത്തിയാി ഇവിടെനിന്ന് പോകാനാഗ്രഹിക്കുന്നു. ഭഗവാന്റെ കതകിനു
മുന്നിലേക്ക് പോകേണ്ടതല്ലേ. പിന്നേക്കു പിന്നാലെ പണം
വീഴുന്നു. എല്ലാം കനത്ത നാണ്യങ്ങൾ. ബാബ സന്യാസി ദിഗംബരനാണ്.
പണത്തിനോട് അവഹേളനം. നടന്നുനീങ്ങുന്നു.
ഭുവന്റെ കൈ അച്ഛന്റെ കൈയിൽ അമർന്നിരിക്കുന്നു. നോക്ക്!
എങ്ങിനെ സന്യാസി ആയെന്നു നോക്ക്. നഗ്നനായി നടന്നുപോയി.
എത്ര പണമാണ് വീഴുന്നതെന്ന് കണ്ടുവോ? ഒന്നും എടുക്കു
ന്നില്ല. നീ എടുക്കണം. എല്ലാം കാലിന്നടിയിലേക്ക് നീക്കിയെടുക്ക
ണം. ഞാൻ പറയുന്നതുപോലെ ഇരുന്നോളണം. പണം വന്നുകൊ
ണ്ടിരിക്കും. നിർത്താനാവില്ല. എല്ലാം പുണ്യത്തിന്റെ പണമാണ്.
– തണുക്കുന്നു, അച്ഛാ!
– മിണ്ടരുത്. തണുപ്പ് എന്നൊന്നും പറയരുത്. ഹുക്കയിൽ നിന്ന്
രണ്ടു വലി വലിച്ചാൽ പിന്നെ എന്തു തണുപ്പ്! ഭോലാനാഥൻ,
മഹേശ്വരൻ, അദ്ദേഹത്തിന്റെ പേരു വിളിച്ച് സഹിക്ക്. സഹിക്കാനുള്ള
കഴിവ് നമുക്കു വേണം. ആ ധർമം പാലിക്കണം.
– ലജ്ജ തോന്നുന്നു അച്ഛാ, എത്ര പെൺകുട്ടികൾ!
സന്യാസി അച്ഛൻ മകന്റെ തലയിൽ ഊക്കിലൊന്ന് വച്ചുകൊടുത്തു.
മരം കോച്ചുന്ന തണുപ്പ്. പല്ലുകൾ കിടുകിടാ വിറയ്ക്കുന്നു.
അച്ഛൻ പറഞ്ഞു,
– നീ പെൺപിള്ളേരെ നോക്കുകയാണോ? അവരുടെ മകനാണ്
നീ. ഞാൻ നിന്റെ അച്ഛനായിട്ട് നാണം തോന്നുന്നില്ല. നിനക്കെന്തു
നാണമാണെടാ? ഈ പുണ്യസ്ഥലത്ത്, ഈ പുണ്യമായ
കടവിൽ ലജ്ജയേക്കാൾ വലിയ പാപം വേറെ ഉണ്ടോടാ? ഈ
സ്ര്തീകളും, നീ നോക്കിക്കോ, എല്ലാം വലിച്ചെറിയും. വെള്ളത്തിൽ
താഴും. എത്ര പുണ്യവും ഭാഗ്യവും വേണം ഇവിടെ വരാനൊരവസരം
കിട്ടാൻ! നാലു വർഷത്തിനകം നീ നോക്കിക്കോ, മനുഷ്യൻ
എങ്ങിനെ ദൈവമാകുന്നു എന്നു കാണാം. ആ ജലത്തിൽ മുങ്ങി
എങ്ങിനെ സ്വർണം വാരിയെടുക്കും എന്നു കാണാം.
ഭയം, തണുപ്പ്, വിശപ്പ്, ക്ഷീണം ഇവയെല്ലാം കാരണം ഭുവൻ
ചുരുണ്ടുകൂടി. തേടി തേടി ഈ സന്യാസിയുടെ താമസസ്ഥലത്തെ
ത്തി. താഴ്ന്ന ജാതിക്കാരനായ സന്യാസി. ഇവരിൽ അധികം
പേരും ഗൃഹസ്ഥന്മാരായ സന്യാസിമാരാണ്. നാലുവർഷക്കാലം
ഇവിടെ പുണ്യസമാഗമത്തിൽ പങ്കെടുത്തവർ. നാളെ പുണ്യതി
ഥി. ആദ്യസ്‌നാനം. നാളെ മുതൽ എല്ലാവരും നഗ്നരാകും. ഗ്രാമ
ത്തിൽ ഉള്ളതെല്ലാം, ഉള്ളവരെയെല്ലാം വിട്ടുപോന്നതിനാൽ ഉദാസീനന്മാരാണ്.
എന്നാലും ഇതും ചീത്തയല്ലല്ലോ. തണുപ്പ് കുറച്ച്
കുറഞ്ഞെങ്കിൽ. എന്നാലും അതു സഹിച്ചാലും പണം കുറച്ച
ല്ലല്ലോ കിട്ടുക. ഒരു വർഷത്തെ വിളവിൽ നിന്ന് ഇത്ര കിട്ടുകയില്ല.
ഇത്തിരി നഗ്നനാകണം മോനേ. ശിവന്റെ ആസ്ഥാനത്ത് ഈ
നാടൻ സന്യാസിമാർ അതിയായി പ്രാർത്ഥിക്കുന്നു. പിന്നെ,
എല്ലാം ശരിയാവും. ഒരു ചിന്തയും വേണ്ട. പക്ഷേ ഒരു കാര്യം ഓർ
ക്കണം. കൊല്ലങ്ങളായി സന്യാസിമാരായ ഇവിടത്തെ സന്യാസി
മാർ ഗൃഹസ്ഥരായ സന്യാസിമാരെ വെറുക്കുന്നു. കോപിച്ചും
വെറുത്തും അവരെ ഓടിക്കാൻ ശ്രമിക്കാറുണ്ട്. വെറുപ്പിന്റെ
തുപ്പൽ കൊണ്ട് അവരുടെ മേൽ തുപ്പാനും മടിക്കാറില്ല.
ഇവരെ വളരെക്കാലത്തിനുശേഷമാണ് കാണുന്നത്. അവരോട്
ചോദിച്ചു.
– ഈ നാലു കൊല്ലം എങ്ങിനെ ആയിരുന്നു?
– ഗംഗാദേവിയുടെ കൃപ. ഒരുവിധം കഴിഞ്ഞു. മകനുണ്ടായി.
വിളവും മോശമായില്ല.
– മകളുടെ വിവാഹക്കാര്യം…
– ചെയ്തുകൊടുത്തു. നല്ലവനാണ്. സൂര്യകാന്തി കൃഷിയാണ്.
ഞാൻ പുണ്യസ്‌നാനത്തിനു പോരുകയാണെന്നു പറഞ്ഞപ്പോൾ
കുറച്ചു കാശ് കൈയിൽ വച്ചു തന്നു.
– അപ്പോൾ പുണ്യവാൻതന്നെ.
ഭുവനെ അവർ കണ്ടു. ചോദിച്ചു.
– നിന്റെ മകനല്ലേ?
– അതെ. എന്റെ മകൻതന്നെ.
– നല്ലവനാണല്ലോ. കാണട്ടെ മോനേ!
ഭുവന്റെ അരക്കെട്ടിൽ ഒരു പിടുത്തം. കൃഷ്ണനിറമാണെങ്കി
ലെന്താ, കൃഷ്ണസദൃശനാണ്.
അവന്റെ മുഖം വാടി. അച്ഛനെപോലെ ഈ ഗൃഹസ്ഥ സന്യാസിമാർ
ഭുവനെ അടുത്തേക്കു പിടിച്ചു. നവാഗതൻ. വളരെ നല്ല
ത്. സ്വന്തം ആളുതന്നെ. ഒരാൾ പറഞ്ഞു.
– മോനെ. നീ പാന്റ് ധരിച്ചിരിക്കുന്നുവല്ലോ. ചെല്ല്. കൈയും
കാലും മുഖവും കഴുകി വാ. ഇന്ന് ഇനി കുളിക്കണ്ട. നാളെ പുണ്യ
കുളിയാണ്. ഇന്ന് ശുദ്ധനായി മുണ്ട് ഉടുക്ക്.
ഭുവന് ലജ്ജ. വിശക്കുന്നുണ്ട്. കിച്ചഡി(അരിയും പരിപ്പും പച്ച
ക്കറിയും ഒന്നിച്ചു വേവിച്ചുണ്ടാക്കുന്നത്)യുടെ മണം മൂക്കിലേക്കെ
ത്തി. വിശപ്പ് വർദ്ധിച്ചു. ഭയം തോന്നുന്നുണ്ട്. ഒപ്പം നാണവും.
വിശപ്പ് വിടുന്നില്ല. ഭുവൻ മുണ്ട് കൈയിലെടുത്തു. ഒരുവൻ കൂടെ
ചെന്നു. കൈകൊണ്ട് രിശ്‌നം പരിശോധിച്ചു. വളരെ നല്ലതെന്ന്
2013 ഏടഭഴടറസ ബടളളണറ 21 7
അഭിപ്രായപ്പെട്ടു.
ഭുവന് ആ സ്പർശത്തോടൊപ്പം രോമാഞ്ചമുണ്ടായി. ചെവിയി
ൽനിന്ന് പുക പോകുന്നപോലെ. ശരീരത്തിനും മനസിനും അപമാനബോധം.
എന്നാലും ഒന്നും പറഞ്ഞില്ല. അച്ഛനെ ഭയപ്പെടുന്ന
തുകൊണ്ട്. ഒന്നും പറയാൻ കഴിയാതെ വിഡ്ഢിയെപോലെ
നോക്കിനിന്നു. ഇവരെല്ലാവരും നഗ്നരാകും. നാളെ മുതൽ നഗ്ന
സന്യാസിമാരുടെ കൂട്ടമാണ്. ജിതശൈത്യം! ജിതലജ്ജ! ജിതകാമം!
ഭുവന്റെ ചെവിയുടെ കടയ്ക്കൽ അതിയായ ചൂട് അനുഭവപ്പെട്ടു.
നീണ്ട ഷെഡ്ഡിൽ വൈക്കോലു കൊണ്ടുള്ള ഇരിപ്പിടങ്ങളിൽ
സന്യാസിമാർ ഇരിക്കുന്നു. ഒരു സന്യാസിയുടെ മുമ്പിൽ ഭുവൻ
വന്നു. അപ്പോൾ ഗംഗയിൽ ചെറുവിളക്കുകൾ ഒഴുകിക്കൊണ്ടിരു
ന്നു. സ്വപ്നങ്ങൾ ഒഴുകിപ്പോകുന്നപോലെ. വെള്ളത്തിനു മുകളിൽ
ആ വിളക്കുകൾ കെടാതെ ഒഴുകി. തണുപ്പിൽ തീ. കാറ്റില്ല. വാസനകളുടെ
പ്രദീപങ്ങളെ കെടുത്താൻ ആർക്ക് സാധിക്കും. വിറച്ചുവിറച്ചുകൊണ്ട്
അവ ഒഴുകിക്കൊണ്ടിരുന്നു.
സന്യാസി ഒരു മഹാജൻ. ഭുവനെത്തന്നെ നോക്കുന്നു. ഭുവൻ
വെറും പ്രതിമപോലെ.
സ്വയം ഭാസ്‌കരനായി നിന്നു. സന്യാസി ചോദിച്ചു.
– എന്തെങ്കിലും ഇതിനു മുമ്പ് ചെയ്ത് പഠിച്ചിട്ടുണ്ടോ?
– ഇല്ലല്ലോ ഭഗവൻ!
ഭുവന്റെ അച്ഛൻ തലതാഴ്ത്തിനിൽക്കുന്നു. അതിദു:ഖിതനെപോലെ.
സ്വയം വലിയൊരു പാപിയെന്നപോലെ.
– ദീക്ഷ എടുത്തിട്ടുണ്ടോ?
– ഉവ്വ്. എന്നാൽ മുഴുവനായിട്ടില്ല.
– എന്തുകൊണ്ട്?
– അത്… ലജ്ജ കാരണം.
– ലജ്ജയോ? ഹ…ഹ…ഹ… ശരി. ഇന്നു രാത്രി കമ്പിളി പുതച്ച്
കിടക്കുക. കമ്പിളിയുടെ കീഴെ വസ്ര്തം ധരിച്ചു കിട്കകണം. നാളെ
പ്രഭാതത്തിൽ ഇതേ വസ്ര്തങ്ങളോടെ ഗംഗാസ്‌നാനം ചെയ്യണം.
വസ്ര്തങ്ങളെല്ലാം ഉപേക്ഷിച്ച് കാവിവസ്ര്തം ധരിക്കുക. ഒരു ദിവസം
കൗപീനം ധരിക്കണം. മറ്റന്നാൾ അവയെല്ലാം ത്യജിക്കണം.
എല്ലാം ഓർമവച്ചിരിക്കണം.
ഭുവൻ രണ്ടു കൈയും നെറ്റിയിൽ വച്ചു.
– ഹേ ഭഗവൻ! ഒരു ദിവസമെങ്കിൽ അങ്ങിനെതന്നെ, ഒരു ദിവസം.
അടുത്ത ദിവസം പ്രാത:സന്ധ്യ. പരമ പുണ്യമായ തിഥി. ആകാശത്ത്
നീലനിറം കലർന്ന അന്ധകാരം. സൂര്യൻ ഇനിയും ഉദിച്ചിട്ടി
ല്ല. സ്വച്ഛ നദീജലത്തിൽ ഒരു പ്രകാശവും ഇല്ല. കെട്ടിയ പാല
ത്തിനു കീഴെ നദി ഒഴുകിപ്പോകുന്നു. എല്ല് കട്ടയാവുന്ന ജലത്തിൽ
എല്ലാ രോഗങ്ങളുടെയും മരണം. ശോകത്തിന്റെ മരണം. ലൗകിക
മോഹങ്ങളെല്ലാം ഈ ജലത്തിൽ സമ്പൂർണമായി സഫലമാകു
ന്നു. ഓരോരുത്തരായി നഗ്നസന്യാസികൾ ഇറങ്ങിവരുന്നു. ഭുവൻ
മാത്രം മുണ്ടുടുത്തിട്ടുണ്ട്. കൈയിൽ കാവിനിറത്തിലുള്ള കൗപീ
നം. മുണ്ട് ഒഴുകിപ്പോകും. കൗപീനം ധരിക്കും. എന്തൊരു തണുപ്പ്!
എല്ല് കല്ലാകുന്നു. കഞ്ചാവ് വലി കഴിഞ്ഞു. എന്നിട്ടും തണുപ്പ്.
ഗൃഹസ്ഥനായ സന്യാസി ഭുവനുവേണ്ടി പറഞ്ഞു. നല്ല ഉറച്ച സ്വര
ത്തിൽതന്നെ പറഞ്ഞു.
– നിമ്‌നഗാ സംഗമം ഗത്വാ ജപേദഷ്ട സഹസ്രകം
സപ്തമാഹാവസാനേഷു പൂജാം കുത്യാ ദനുത്തമാം.
എല്ലാവരും ഒരുമിച്ചു പറഞ്ഞു.
– ഓം ഹോം ക്രും ക്രും ക്രും ക്രും കടു കടു ഓം.
ഭുവന് ഒന്നും മനസിലായില്ല. എന്നാലും പറഞ്ഞു. ഈവക
ഉച്ചാരണം കൊണ്ട് ദേഹം ചൂടായി. അതുതന്നെ ലാഭം. നദീതീരത്തെത്തിയതും
കുറേശെ വെളിച്ചം ആകാശത്ത് കണ്ടു. നദീജലം
സ്വച്ഛം. ഇന്ന് ഭുവന്റെ വസ്ര്തത്യാഗം. നാളെ മുതൽ ലജ്ജ. ഇന്ന് ഒരു
തുണ്ടം കാവിനിറത്തിലുള്ള കൗപീനത്തിന്റെ ഭാഗ്യം. ഭുവനു ചുറ്റും
അവിടെയുള്ള സന്യാസിമാർ. എന്നാൽ അത്ര കൂടിനിൽക്കുന്നുമി
ല്ല. മുഖം എല്ലാവരുടെയും നിർവികാരം. കൗപീനം ധരിക്കുന്നതുവരെ
ഒരേ നോട്ടം. ഭുവൻ അച്ഛന്റെ നേർക്കു നോക്കി. അച്ഛൻ
അപ്പോൾ അച്ഛനല്ല. അച്ഛനെന്ന പരിചയംതന്നെ ഇല്ല. നഗ്നതയോടൊപ്പം
എല്ലാം ഇല്ലാതായപോലെ. ഭുവൻ നോക്കിക്കൊണ്ടുതന്നെ
നിന്നു. തണുത്തു തണുത്ത് എല്ലാ അനുഭൂതിയും നശിച്ചു.
ദേഹം ജഡമായപോലെ. സൂര്യൻ ചുവന്നുതുടങ്ങി. പുണ്യാതുരരായ
മനുഷ്യർ നദീജലത്തിൽ മുങ്ങി. പുണ്യാതുരരായ സ്ര്തീകളും
കരയിൽനിന്ന് കെട്ടിപ്പടുത്തിരിക്കുന്ന തടിച്ച ചങ്ങല പിടിച്ച് ഇറ
ങ്ങി മുങ്ങുന്നു. വിറച്ചുവിറച്ചുകൊണ്ട് നനഞ്ഞ വസ്ര്തങ്ങൾ ഒന്നൊ
ന്നായി അഴിച്ചുനീക്കുന്നു. വെളുത്തവർ, മഞ്ഞനിറമുള്ളവർ, കറു
ത്തവർ. അവരുടെ ചോലിയും അഴിച്ചു. എല്ലാം ഭുവന് കാണാം.
നാരീദേഹം കണ്ട് ഭുവന്റെ സന്യാസത്തിനു മുമ്പുള്ള ശരീരം ചൂടുകയറി.
എത്രയോ കൗപീനധാരികളും നദിയിൽ ഇറങ്ങി മുങ്ങുന്നു.
ഉപയോഗിച്ച കൗപീനം അഴിച്ചുകളഞ്ഞ് പുതിയത് ധരിക്കുന്നു.
സൂര്യൻ ഉദിക്കുന്നു. എവിടെയോ വെളിച്ചം. വിറയ്ക്കുന്ന തണുപ്പിനെ
നീക്കാൻ തക്ക ചൂടില്ല. എല്ലാ സ്ര്തീകളും ഒന്നിച്ചുപറയുന്നു.
– എനിക്കും എനിക്കും എനിക്കും.
എന്തിനാണെന്നോ? സന്യാസിയുടെ ത്യാഗവ്രതം പുണ്യകർ
മം. അവരുടെ കൗപീനത്തിലാണ് ഗൃഹസ്ഥകളായ സ്ര്തീകൾക്ക്
മംഗളം. ആരും വസ്ര്തം ധരിച്ചിട്ടില്ല. വലിയ തിരക്ക്. ആകെ ഉന്തും
തള്ളും. ഉടനെ ഏതാനും കറുകറുത്ത ബാലന്മാർ വെള്ളത്തി
ലേക്ക് എടുത്തുചാടി. ഇങ്ങിനെ ചാടുന്നത് അവരുടെ തൊഴിലാണ്.
ഒഴുക്കിൽ നീന്തിയും മുങ്ങിയും ഒഴുകിപ്പോകുന്ന കൗപീനങ്ങൾ
പെറുക്കിവരും. സന്യാസിമാർ ത്യജിച്ചവ. ഗൃഹസ്ഥരുടെ പുണ്യം.
സ്ര്തീകൾ പണം കൊടുക്കുന്നു. പുണ്യം വാങ്ങുന്നു. മേടിച്ച് തലയിൽ
തൊടുവിക്കുന്നു. നെഞ്ചത്ത് തൊടുവിക്കുന്നു. ഈശ്വരനാമം പറയുന്നു.
ഈശ്വരാ! എത്ര പുണ്യമാണ് നേടിയത് എന്ന് വിളിച്ചുപറയുന്നു.
ബാലന്മാർ കാശ് മേടിച്ച് വീണ്ടും നദിയിലേക്ക് ചാടുന്നു.
വെള്ളത്തിലേക്ക് എറിയുന്ന പണവും അവർ പിടിക്കുന്നു. കൗപീ
നങ്ങളും. ദാ പോകുന്നു, ദാ ഒഴുകുന്നു, പിടിക്ക്… പിടിക്ക്. കൗപീ
നത്തിനായി ആൺപിള്ളേരുടെ പിടിവലി. ഒരു കൗപീനത്തിന്റെ
രണ്ടു തലയ്ക്കൽ ഓരോരുത്തർ. ഞാനാണ്, ഞാനാണ് ആദ്യം പിടി
ച്ചതെന്ന തർക്കം. ആരാണാദ്യം പുണ്യത്തെ കൈക്കലാക്കുക.
തമ്മിൽതല്ലരുത് കുട്ടികളേ എന്ന് വലിയവരും സന്യാസിമാരും.
കൗപീനമാഗ്രഹിച്ചു നിൽക്കുന്നവർ ധാരാളം. അത്രയ്ക്ക് കൗപീന
ങ്ങൾ കിട്ടാനില്ല.
ഭുവൻ എല്ലാം കാണുന്നുണ്ട്. ഈ ബാലന്മാരോടൊപ്പം
ആഹാരം വല്ലതും കിട്ടാനായി ഒപ്പം ഊളിയിടുന്നു. വലിയ വലിയ
കറുത്ത പക്ഷികൾ. അവയും നിപുണരാണ്. എന്തു പക്ഷിയാണി
തെന്ന് അറിയില്ല. എന്നാലും വെള്ളത്തിലേക്ക് മുങ്ങുന്നു. ഉയരു
ന്നു. ആരാണുയർന്നു വന്നത്? പക്ഷിയോ ബാലനോ? കൈയിൽ
കൗപീനവുമായി പയ്യന്മാരോ, കൊക്കിൽ മത്സ്യവുമായി പക്ഷി
യോ? ഹൊ! തന്റ കൈയിൽ ഇതിനു പറ്റിയ കവണയുണ്ടായിരുന്നെങ്കിൽ
തീർച്ചയായും തനിക്ക് ഒരു പക്ഷിയെ എങ്കിലും പിടി
ക്കാൻ കഴിഞ്ഞേനേ.
തൊട്ടടുത്തുനിന്ന് ഒരു പെൺകുട്ടി തന്റെ മേൽഭാഗത്തെ വസ്ര്തം
അഴിച്ചു. ചുണ്ടുകൾ എന്തോ മന്ത്രിക്കുന്നു. ഇഷ്ടദേവതയെ വിളി
ക്കുകയാണ്. പുണ്യസ്‌നാനത്തിനുശേഷം അങ്ങിനെ ചെയ്യുന്നു.
ഭുവൻ അവളെ നോക്കി. ഭുവന്റെ ശരീരം അവശമായി വന്നു.
ബാലകന്മാർ, പക്ഷികൾ, പുണ്യം, ജലം, എല്ലാം ഓർത്തു. ഉടനെ
പുതുവസ്ര്തഖണ്ഡവുമായി വെള്ളത്തിലേക്കിറങ്ങി.
2013 ഏടഭഴടറസ ബടളളണറ 21 8
ഹൊ! ദേഹത്തിൽ കൂർത്ത ശരം കൊണ്ടതുപോലെ. അത്രയ്ക്കും
തണുപ്പ് വെള്ളത്തിന്. എന്തൊരു തണുപ്പ്! മഞ്ഞിൻകട്ടതന്നെ. ഭയ
ങ്കര ഒഴുക്കും.
ഭുവൻ ചങ്ങല കടന്നുപിടിച്ചു. കൈ വിട്ടു പോയാൽ താനൊഴുകിപ്പോകുമെന്ന്
തീർച്ച. ജീവിതത്തിലെന്നപോലെ, കാലു തെറ്റി
യാൽ വീഴുമല്ലോ. ഒഴുക്ക് ഭുവനെ വെട്ടിച്ച് ഒഴുകിപ്പോകുന്നു. പല്ല്
കൂട്ടിപ്പിടിച്ചു. പുണ്യമല്ല, മരണത്തിന്റെ ദർശനമാണ് ഭുവന് ഉണ്ടായത്.
സൂര്യൻ നല്ലപോലെ ഉയർന്നു. ധാരാളം വെയിൽ. നാരങ്ങനി
റത്തിലുള്ള പുതപ്പുകൊണ്ട് പുതച്ച് നിൽക്കുന്നപോലെ സൂര്യനെ
കാണാം. ഭുവന്റെ സ്‌നാനം അവസാനിച്ചുതുടങ്ങി. സന്യാസിമാർ
ചുറ്റും നിൽക്കുന്നു. എന്ത് തണുപ്പ്! അര വരെ വെള്ളത്തിൽ ഭുവൻ
വിറച്ചുകൊണ്ടു നിൽക്കുന്നു. ഉടുത്തിരുന്ന മുണ്ട് ഒഴുക്കിക്കളഞ്ഞു.
ഇപ്പോൾ തത്കാലത്തേക്ക് വെള്ളംകൊണ്ട് നാണം മറയ്ക്കാം. ഒരു
കൈകൊണ്ട് ചങ്ങല പടിച്ച് മറുകൈ കൊണ്ട് കൗപീനം ധരിക്കു
ന്നു. എല്ലിനകത്ത് തണുപ്പ് കടന്ന വേദന. എല്ലാം തരിച്ചുപോയപോലെ.
പോകട്ടെ! പുണ്യമല്ലേ വലുത്. പാപമെല്ലാം ഒഴിഞ്ഞുപോകട്ടെ!
ഒരു തുണ്ടം വസ്ര്തം ധരിച്ച ഭുവൻ കയറിവന്നു. വെള്ളം കാലടികളിന്മേൽ
വന്നലയ്ക്കുന്നു. വെള്ളം അതിന്റെ ഊക്കനുസരിച്ച് പിടി
ച്ചുവലിക്കുന്നു. കാലസ്രോതത്തെക്കുറിച്ച് അഭ്യസ്തനല്ലാത്ത ഭുവൻ
തന്നെ നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ശരീരത്തിൽനിന്ന്
ആ ചെറിയ തുണ്ടം വസ്ര്തവും അഴിച്ചുനീക്കപ്പെട്ടു. ബാലന്മാർ എടു
ത്തുചാടുന്നു. ഭുവന്റെ കാലടികൾ അനങ്ങുന്നില്ല. വെള്ളത്തിൽ
നിന്ന് എങ്ങിനെ കയറിവരും! തണുപ്പ്, വേദന, ദ്വിധ, ലജ്ജ,
എല്ലാം കാരണം മുഖം ചുരുങ്ങി. പെൺകുട്ടികളും സ്ര്തീകളും ഉറക്കെ
വിളിച്ചുപറയുന്നു – അതെനിക്ക്, അതെനിക്കു താ എന്ന്.
അപ്പോൾ പരിത്യജിച്ച കൗപീനം. എത്രമാത്രം പുണ്യം നിറഞ്ഞ
താണത്! ബാലന്മാർ പക്ഷികളെപ്പോലെതന്നെ അതിവേഗ
ത്തിൽ മുങ്ങിമറഞ്ഞു. എല്ലാം അവർ പിടിച്ചുകൊണ്ടുവരുകയും
ചെയ്തു. ഭുവൻ സന്യാസിക്ക് തണുപ്പ് സഹിക്കാൻ വയ്യാതായി.
വെള്ളത്തിൽനിന്നും കയറിവന്നു. മുഴുവൻ നഗ്നനായി, ഓരോ
അടി വച്ച് കയറിവന്നു. മുഖം താഴ്ത്തിപ്പിടിച്ചിരിക്കുന്നു. നഗ്നതയിൽ
ലജ്ജിച്ചുകൊണ്ട്. തുറന്ന ആകാശത്തിനു കീഴിൽ. ഉദയസൂര്യന്റെ
താഴെ. അവൻ നിൽക്കുകയാണ്. വിറയ്ക്കുന്നുണ്ട്. ലജ്ജ
കൊണ്ടും തണുപ്പുകൊണ്ടും. മനസിൽ പറയുന്നു, എന്റെ ഈശ്വ
രാ! ഈവിധം എന്റെ വസ്ര്തങ്ങൾ പറിച്ചെടുത്തല്ലോ! ഭുവൻ കണ്ണുകളടച്ചു.
ഇരുകൈകളും തലയ്ക്കു മീതെ കൂപ്പിപ്പിടിച്ചു. സൂര്യനെ
നമസ്‌കരിക്കുന്നപോലെ. സ്വയം സൂര്യന് നിവേദനം ചെയ്യുംപോലെ.
വാസ്തവത്തിൽ ഭുവന് കരച്ചിലാണ് വരുന്നത്. പക്ഷെ അത്
മറച്ചുപിടിച്ചു.
തണുത്ത കാലടികളിൽ ചൂടനുഭവപ്പെട്ടു. തേക്കിൻകഷണംപോലെയുള്ള
ഭുജങ്ങൾ, ഇടുങ്ങിയ അരക്കെട്ട്, മാവിൻതലപ്പു
പോലെയുള്ള ഊരുക്കൾ, മാമ്പൂ പോലെയുള്ള യൗനഘടന.
എല്ലാം അസാധാരണമായ ത്യാഗദീപ്തമായതായി തോന്നി. അസാധാരണമായ
പുരുഷശരീരം. ജലസ്പർശത്താൽ മിന്നുന്ന കറുപ്പുനിറം.
കരിമ്പാമ്പിന്റേതുപോലെ മസൃണമായ ശരീരം. എല്ലാം വിറ
യ്ക്കുകയാണ്. എന്നാലും നിവർന്നുതന്നെ നിൽക്കുന്നു. അടഞ്ഞ
ഗംഭീര നയനങ്ങൾ ഇനിയും ഉണരാതിരിക്കുന്നു. ദൈവംപോലെയാണവൻ.
ദൈവാത്മാവാണ് അവന്റേത്. അവനെ കണ്ട നാരീ
ജനങ്ങൾ അടുത്തേക്ക് ഓടിവന്നു. എല്ലാവരും സദ്യോജാതനായ
ഈ ദേവതയുടെ മുന്നിൽ കമിഴ്ന്നടിച്ചുവീണു. പ്രണമിക്കുന്ന ഭംഗി
യിൽ മുട്ടുകുത്തി തല താഴ്ത്തി ഇരുന്നു. വസ്ര്തധാരണമെന്നതി
ലേക്ക് ദൃഷ്ടിതന്നെയില്ല. ലജ്ജ, ശൈത്യം എന്നിവയൊന്നും ബാധകമായില്ല.
എല്ലാവരും ഈ ദേവതയുടെ മുന്നിൽ വീണ് കരഞ്ഞു.
നഗ്നനായ ഭുവന്റെ കണ്ണുകളിൽ അതിയായ വിസ്മയം. താനി
പ്പോൾ താനല്ല എന്ന തോന്നൽ. തലേദിവസത്തെ സന്യാസി
നനഞ്ഞ ശരീരത്തോടെ നിൽക്കുന്നുണ്ട്. ആ സന്യാസിക്ക്
ഇപ്പോഴും ലജ്ജ തോന്നുന്നുണ്ട്. സൂര്യൻ എല്ലായിടത്തും സർവത്യാഗിയായ
സന്യാസിയെ വെയിലിൽ പൊതിയാൻ വന്നതാണ്.
പക്ഷേ ഇതെന്ത് അപൂർവമായ വൈരഭാവം! ആർക്കുവേണ്ടി
പുണ്യകുംഭം നിറയെ വെളിച്ചം! ഈ നഗ്നസന്യാസിക്കുവേണ്ടി?
അതോ അർദ്ധനഗ്നരായ നാരീജനങ്ങൾക്കോ? ആരാണ് സന്യാസി,
ആര്?
ഈ തണുപ്പിലും ഭുവൻ വിയർത്തു. ശരീരത്തിന്മേൽ ഗംഗാജ
ലവും വിയർപ്പും കലരുന്നു. നോക്കാൻ കഴിയുന്നില്ല. പുരുഷാംഗം
കുണ്ഠിതം. മുടിയിൽ വെയിൽ വീഴുന്നു. മുഖത്തെ താടിമീശയിന്മേ
ലും. ശരീരത്തിന്മേൽ വെയിൽ പതിഞ്ഞ് സ്വേദകണങ്ങൾ വെയി
ലിൽ അലിഞ്ഞുചേരുന്നു. വിയർപ്പുതുള്ളിയിന്മേൽ വെയിൽ പതി
യുമ്പോൾ ശരീരമാകെ രത്‌നം പതിച്ചപോലെ. ലജ്ജ കാരണം
അത്യന്തം വേദന അനുഭവപ്പെടുന്നുണ്ട്. സ്ര്തീകൾ പ്രണാമം അവസാനിപ്പിച്ച്
അർദ്ധനഗ്ന ശരീരവുമായി ശിവന്റെ അടയാളം വച്ചിടത്തേക്കു
ചെന്ന് വഴിപാടുകൾ ചെയ്തു. നാണ്യങ്ങൾകൊണ്ട് കാലടികൾ
പൊതിഞ്ഞു. ഭുവന്റെ കൈകൾ മേലോട്ടുയർന്നു. ഈശ്വ
രൻ തരളനായ സന്യാസിയായിത്തീർന്നപോലെ. സന്യാസം
സ്വീകരിച്ച് അന്തരീക്ഷത്തിലേക്ക് തന്നെ സമർപ്പിക്കുംപോലെ.