ദൈവം വെള്ളമടിക്കുമോന്നറിയില്ല. പക്ഷെ ‘ദൈവ
ത്തിന്റെ സ്വന്തം നാട്ടി’ൽ മദ്യം മുഖ്യ രാഷ്ട്രീയപ്രമേയമാകുമ്പോൾ
ടിയാനുമില്ലേ ചില പങ്കും ബാദ്ധ്യതയുമൊക്കെ?
ചോദിക്കേണ്ടിവരുന്നു. കേരം തിങ്ങും നാടായ വകയിൽ
ചെത്തും കള്ളും മൂല്യവർദ്ധിത ഉല്പാദനങ്ങളായത് സ്വാഭാവി
കം. അന്നൊന്നും ഒരു ദൈവിക മാഫിയയും ഗാന്ധിയൻ
റാക്കറ്റും സോദ്ദേശ്യസാഹിത്യം കൊണ്ട് എടങ്ങേറുണ്ടാക്കിയി
ട്ടില്ല. അല്ലെങ്കിൽപ്പിന്നെ, ലോക്കൽ വൈദ്യശാസ്ര്തത്തിന്റെ
മൂലഗ്രന്ഥം (അഷ്ടാംഗഹൃദയം) ഒരദ്ധ്യായംതന്നെ ‘മദ്യവർഗ’
ത്തിനായി ഉഴിഞ്ഞുവയ്ക്കുമോ? ‘ദ്രവദ്രവ്യവിജ്ഞാനീയ’
ത്തിലെ തുറന്ന വാറ്റു കണ്ടാൽ എ.കെ. ആന്റണി തലയിൽ
മുണ്ടിട്ട് ഷാപ്പിൽ പോയിത്തുടങ്ങും. ടിയാന്റെ കരിയറിസ്റ്റ്
രാഷ്ട്രീയത്തിലെ ഒരേയൊരു സാമൂഹിക സംഭാവനയായ
ചാരായനിരോധനത്തിന് അഷ്ടാംഗഹൃദയകാരന്റെ കാലേകൂ
ട്ടിയുള്ള ശാസ്ര്തീയ കൊഞ്ഞനം ഇങ്ങനെ:
ഗുരുവാം സുര, ശോഷാർശോ ഗ്രഹണ്യുദര വാതഹൃത്
ഗുല്മഘ്ന്യ, സുക്സ്തന്യമേദ സ്നിഗ്ദ്ധതാ കഫമൂത്രകൃത്
എന്നുവച്ചാൽ, ശരീരശോഷണം, മൂലക്കുരു, ഗ്രഹണി, ഉദരദീനങ്ങൾ,
വാതം ഇത്യാദി ശമിപ്പിക്കാനുള്ള സിദ്ധൗഷധമാണ്
സുര എന്ന വീര്യമുള്ള മദ്യം. അരിപ്പൊടി വാറ്റിയുണ്ടാ
ക്കുന്ന ഈ സുരയാണ് ശ്രീമാൻ ചാരായം. ഈത്തപ്പഴത്തിൽ
നിന്ന് വാരുണി, കരിമ്പിൽ നിന്ന് സീഥു, ശർക്കരയിൽ നിന്ന്
ഗൗഡ, മുന്തിരിങ്ങയിൽ നിന്ന് മാർദ്വീകം, തേനിൽ നിന്ന് മധ്വാസവം
എന്നുവേണ്ട താന്നിക്കുരുവിൽ നിന്ന് വൈഭീതകി വരെ
ഒരുമാതിരപ്പെട്ട ഫലമൂലാദികളുടെ ഔദ്യോഗിക വാറ്റുപുസ്തകമാണ്
അഷ്ടാംഗഹൃദയത്തിന്റെ അഞ്ചാമദ്ധ്യായം.
വൈദ്യം വിട്ട് വിശ്വാസത്തിലേക്ക് വരാം. പറഞ്ഞുവന്നാ
ൽ, നമ്മുടെ തനതു ദൈവങ്ങളൊക്കെ എണ്ണം പറഞ്ഞ കുടി
യന്മാരാണ്. പ്രശസ്ത ഉദാഹരണം മുത്തപ്പൻ, പറശ്ശിനിക്കടവ്
പി.ഒ. സുരാസുരന്മാരുടെ സുരപാനം തൊട്ട് കാശി വിശ്വനാഥന്റെ
ഭാംഗടി വരെയുള്ള ഐതിഹ്യമാലയുടെ പേറ്റന്റ് വട
ക്കുള്ള ആര്യപ്പുംഗന്മാരുടെ കക്ഷത്തുതന്നെയിരിക്കട്ടെ.
തെക്കു ദ്രാവിഡത്തിലോ?
എസ്എൻഡിപിയും നടേശഗുരുവും മാത്രമല്ല, ഹിന്ദുമതവും
ചാതുർവർണ്യവും പിന്നെ ജെസ്യൂട്ട് പാതിരിമാർ ഇറ
ക്കുമതി ചെയ്ത മതംമാറ്റവുമൊക്കെ വരുന്നതിനു മുമ്പ് നമ്മുടെ
നാട് ഐന്തിണയായിരുന്നു. ഭൂപ്രകൃതിയുടെ മൗലികഭേദമനുസരിച്ചുള്ള
അഞ്ചിടങ്ങൾ. കുന്നും മലയും നിറഞ്ഞിടം കുറി
ഞ്ഞി, മഴയില്ലാതെ വരണ്ടുകിടക്കുന്നിടം പാല, കുറ്റിക്കാടും
മേച്ചിലിടങ്ങളും നിറഞ്ഞത് മുല്ല, പുഴയും തോടും വയലുമു
ള്ളത് മരുതം, തീരപ്രദേശം നെയ്തൽ. ഈ ദേശങ്ങളിൽ തനതായി
ചെയ്യാവുന്ന പണിയും ജീവിതവും വച്ചുള്ള ‘ജാതി’കളാണുണ്ടായിരുന്നത്.
ഉദാഹരണമായി, കുറിഞ്ഞി പ്രദേശത്ത്
താമസിച്ചിരുന്നവർ കുറവർ. അവരുടെ ദൈവം ചേയോൻ
(ചുവന്നവൻ). ടിയാന്റെ ആയുധം മലയിൽ അദ്ധ്വാനിക്കുന്ന
കുറവന്റെ പണിയായുധമായ വേൽ. അങ്ങനെ ചേയോന്
വേലൻ എന്ന ബ്രാൻഡ്നെയിമുണ്ടായി. അവരുടെ ഉത്സവമാണ്
വേലൻ വെറിയാട്ട്. ആടിനെ കുരുതി കൊടുത്ത് ചോറും
മട്ടനും മദ്യവും വേലന് (മുരുകൻ) അർപ്പിക്കും. ജനത
ഒന്നാകെ അതു തിന്നും, കുടിക്കും, ആടും, പാടും. മറ്റു നാലു
തിണകളിലും സമാനമായ ജീവിതരീതികളും ആഘോഷ
ങ്ങളും നടക്കും. എല്ലാത്തിലും അതാതിടത്തെ ഫലമൂലാദി
കളും ധാന്യവും വാറ്റിയുള്ള മദ്യത്തിന്റെ തുറന്ന വിനിമയം.
ബാറും ബെവ്കോയും വഴി ‘ലഭ്യത’ കൂടിയതുകൊണ്ടല്ല,
ഐന്തിണകൾ കുടിക്കുകയും ആടിപ്പാടുകയും ചെയ്തത്.
ആണും പെണ്ണും കുടിക്കും, അതവരുടെ നിത്യജീവിതത്തിന്റെ
ഭാഗമായിരുന്നു. സുഗതകുമാരിയല്ലാത്തുകൊണ്ട് അതൊക്കെ
സോദ്ദേശ്യസാഹിത്യം കലർത്താതെ ഔവ്വയാർ പാടിനടക്കുകയും
സംഘകാല കൃതികളിൽ നിറഞ്ഞു വിളയുകയും ചെയ്തു.
ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിൽ മദ്യവും മദ്യോപഭോഗവും
മനുഷ്യജീവിതത്തിന്റെ ലളിതസാധാരണ ചേരുവകളിലൊ
ന്നായിരുന്നു, എക്കാലവും. ആധുനിക കേരളപ്പിറവിയോടെ
സംഭവിച്ച കലശലായ മാറ്റം, മദ്യം ഇവിടെ ഏറ്റവും മികച്ച
വ്യവസായവും ചുളുവിൽ ആദായം കൊയ്യാവുന്ന കച്ചോടവുമായി
എന്നതാണ്. ടി ചക്കരക്കുടത്തിന് വേണ്ടിയുള്ള പിടിവലിയാണ്
തുടർന്നുള്ള അര നൂറ്റാണ്ടിൽ രംഗം പിടിച്ചത്. ഒടുവിൽ
കള്ളവാറ്റും വ്യാജമദ്യവും മദ്യദുരന്തങ്ങളുമൊക്കെയായി
അങ്കം വികസിച്ചപ്പോൾ ഭരണകൂടം ലാക്കു കണ്ടു – ചക്കരക്കുടത്തിന്റെ
കുത്തക കവർന്ന് ഓസിന് ഖജാന നിറയ്ക്കുക!
സുതാര്യമായ ഈ ഹിപ്പോക്രസി കേവലം സാമ്പത്തിക
മാനേജ്മെന്റിന്റെ നിൽക്കക്കള്ളിയില്ലായ്മയിൽ നിന്ന് ഉത്ഭ
വിച്ച പ്രായോഗികാവശ്യം മാത്രമായിരുന്നില്ല. ശരാശരി മലയാളിയുടെ
പല ഗുഹ്യരോഗങ്ങളിലൊന്നാണീ വേഷംകെട്ട്.
ശരിയഛായ നേർവിപരീതമായാലും പുറമേയ്ക്കുള്ള പ്രതിഛായയ്ക്ക്
ഗ്ലാനി തട്ടുന്നത് സഹിക്കാനാവില്ല, സ്നോബറിയുടെ
സ്വന്തം പൗരന്. ടി സൂക്കേടിന്റെ ബമ്പർ സീസണിലാണ് കേരളമിപ്പോൾ.
ആളോഹരി വെള്ളമടിയിൽ കൈവരിച്ച ദേശീയ ഒന്നാംറാ
ങ്കിനെ ചൊല്ലി വ്യാകുലമാതാക്കളാവുന്നതിൽ ശുദ്ധ ഗാന്ധി
യന്മാർ തൊട്ട് മുഴുക്കുടിയന്മാർ വരെ മത്സരിക്കും. മാറിമാറി
വരുന്ന ഭരണകക്ഷികൾ ഈ പന്തുവരാളിക്ക് പക്കമേളമിടുകയും
ചെയ്യും. അതേസമയം, ആളോഹരി മദ്യനികുതിവരുമാനത്തിന്മേലുള്ള
ഒന്നാംറാങ്കിനെപ്പറ്റി കമാന്നു മിണ്ടില്ല.
പെട്രോൾ നികുതിയും ഗൾഫ്കാശുമൊഴിച്ച് കള്ളല്ലാതെ
കൊള്ളാവുന്ന വരുമാനമാർഗമൊന്നും നാളിതുവരെ കണ്ടെ
ത്താൻ കഴിയാത്ത സ്വന്തം പോക്കണംകേട് ഏത് രാഷ്ട്രീയപുംഗവനാണ്
സമ്മതിച്ചുതരിക? മഴയുടെയും പുഴയുടെയും പറുദീസയായിടത്ത്
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കേന്ദ്ര
ത്തിനു മുന്നിൽ പിച്ചച്ചട്ടി പിടിക്കുന്ന പതിവിന് ഷഷ്ടിപൂർത്തി
കഴിഞ്ഞു. തൊട്ടുപിന്നാലെ പിടിക്കും, വരൾച്ചാദുരിതാശ്വാസ
ത്തിന്റെ ചട്ടി. പ്രകൃതിജന്യമായ ജലസമൃദ്ധിയെ കൊഞ്ഞനംകുത്തി
ഉത്തരോത്തരം പുരോഗമിക്കുന്ന കറന്റ്ക്ഷാമത്തിനും
ഇതേ പ്രായം. എന്നിട്ട്, ഇടത്തും വലത്തും ശൂന്യതയിലുമൊക്കെ
വിഹരിക്കുന്ന ഏത് ഭരണവിദ്വാനുണ്ട്, കാലണയുടെ
ജാള്യം?
ഈ ഉളുപ്പില്ലായ്മ അഭംഗുരം പുലർത്തിപ്പോരുന്നതിനിടെയാണ്
ഓർക്കാപ്പുറത്ത് മദ്യം കയറി തലയ്ക്കു പിടിക്കുന്നത്
യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം, അതു വാറ്റിയെടുക്കപ്പെട്ട
വിധം, ചേരുവകൾ, വഴി, അനന്തരം ഹാംഗോവർ
പ്രശ്നങ്ങൾ. മാസം എട്ടായിട്ടും പുകിലടങ്ങുന്നില്ല.
സുധീരന്റെ മഹാത്മാ പ്രതിഛായയും ഉമ്മൻചാണ്ടിയുടെ
ചാണക്യവിരുതും തമ്മിലുള്ള അങ്കംവെട്ടിന്റെ പാർശ്വഫലമായി
ഈ പുകിലിനെ വിലയിരുത്തുന്നവരുണ്ട്. അതിൽ
ചില്ലറ നേരില്ലാതില്ല. ഫലിതത്തിന് മത്തുപിടിക്കുന്നതും
അവിടെത്തന്നെയാണ്. അതാണു നേരെങ്കിൽ, രാഷ്ട്രീയപ്രേരിതമാെയ
ഒരബദ്ധമായിരുന്നോ ഇപ്പോൾ ഖാദിപ്പട തൊട്ട്
മെത്രാൻപടയും മാധ്യമപ്പടയും വരെ ഓശാന പാടുന്ന മദ്യനയം?
അപ്പോൾ, ഈ പ്രകടനവും മേല്പറഞ്ഞ പ്രതിഛായാ
സൂക്കേടിന്റെ പിത്തലാട്ടം മാത്രമാവുന്നില്ലേ? അങ്ങനെ പച്ച
നേര് ഉറക്കെപ്പറയാൻ ആരും തയ്യാറല്ല. വിഷയം മദ്യമായതുതന്നെയാണ്
കാരണം. സകലർക്കും നടിക്കണം, മദ്യവിരുദ്ധ
തയുടെ അപ്പോസ്തല റോൾ. ഈ ദ്രാവകപ്രമേയത്തിന്മേൽ
ഇത്രകണ്ട് ഒത്തുപൊരുത്തമുള്ളവരാണ് മലയാളികളെങ്കിൽ,
വെള്ളമടി ഇവിടെ ഒരു ദേശീയപ്രശ്നമാകുമായിരുന്നോ? അടി
സ്ഥാന മനോഭാവത്തിലെ ഈ കാപട്യം മദ്യവിരുദ്ധ ആഘോഷവാണിയുടെ
നടപ്പുചര്യകളിൽ ഓരോന്നിലും നിഴലിടുന്നത്
വെറുതെയല്ല.
ബാർ കേസുകെട്ടിൽ തുടങ്ങാം. ഇക്കഴിഞ്ഞ ലോക്സഭാ
തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ലൈസൻസ് പുതുക്കലിന്റെ
പതിവു തീയതി കയറിവന്നിടത്താണ് പുകിലിന്റെ തുടക്കം.
പഴയൊരു കോടതി ഇണ്ടാസ് വച്ച്, നിലവാരക്കഥ പറഞ്ഞ്
418 എണ്ണത്തിന് ലൈസൻസ് പുതുക്കിക്കൊടുത്തില്ല. ഇപ്പറയുന്ന
418 എന്ന കണക്കിലാണ് പിൽക്കാല ഗുസ്തിയുടെ മർമം
കിടക്കുന്നത്. യാതൊരു വസ്തുനിഷ്ഠ നിലവാര മാനദണ്ഡമോ
പരിശോധനയോ കൂടാതെ പൂട്ടിയ ഈ ബാറുകളിൽ മഹാഭൂരിപക്ഷവും
ഈഴവരുടേതായതും കച്ചോടം തുടർന്ന 320
എണ്ണത്തിൽ മഹാഭൂരിപക്ഷവും ക്രിസ്ത്യാനികളുടേതായതുമാണ്
കഥാതന്തു. അങ്ങനെയൊരു വർഗീയ മാനദണ്ഡം
എങ്ങനെ ആവിർഭവിച്ചു എന്ന് ഇപ്പോഴും വ്യക്തമല്ല. മറ്റു പല
കച്ചോടത്തിലുമെന്നപോലെ കള്ളുകച്ചോടത്തിലും കേരളീയ
നസ്രാണികൾക്ക് മേൽത്തരം നിലവാരം നൈസർഗികമായി
വന്നുഭവിച്ചതാണെന്ന് പറയാനാവില്ല. കാരണം, പൂട്ടാത്ത
ബാറുകളിൽ പലതിനും പൊതുകക്കൂസ് നിലവാരം പ്രകടമാണ്.
പൂട്ടിക്കിട്ടിയത് തുറക്കാതിരിക്കാൻ മെത്രാൻപടയിറങ്ങി
യതാണ് വർഗീയ ആംഗിൾ സൃഷ്ടിച്ചത്. അതെന്തായാലും
തെരഞ്ഞെടുപ്പിനുശേഷം വി.എം. സുധീരനും മന്മഥൻ
സാറിന്റെ ആർട്സ് ആന്റ് സ്പോർട്സ് ക്ലബുകാരും രംഗത്തി
റങ്ങിയതോടെ ബാർവിരോധത്തിന് ഉശിരേറി. അതിൽ
തൂങ്ങി കോൺഗ്രസുകാർ രണ്ടു ടീമായി. പ്രായോഗികവാദി
കളും ധാർമികവാദികളും എന്നൊരു വൈരുദ്ധ്യാത്മക പ്രതി
ഭാസംതന്നെ ഉടലെടുത്തു. ഇതു കേട്ടാൽ തോന്നും ധാർമി
കത എന്നത് പ്രായോഗികത തീരെ ഏശാത്ത ഉരുപ്പടിയാണെ
ന്ന്!
സത്യത്തിൽ, കേരളത്തിലെ മദ്യക്കച്ചോടത്തിന്റെ വെറും
24 ശതമാനം മാത്രമാണ് ബാറുകൾ വഴി നടന്നിരുന്നത്. 76
ശതമാനത്തിന്റെ വ്യാപാരി മാത്രമല്ല ജനായത്ത സർക്കാർ.
ഇപ്പറയുന്ന ബാർ വഴിയുള്ള വില്പനയുടെ 25 ശതമാനം കാശും
ലക്ഷങ്ങളുടെ ലൈസൻസ് ഫീ വേറെയും വസൂലാക്കുകയും
സംസ്ഥാനത്തെ മൊത്തം മദ്യഇറക്കുമതിയുടെ കുത്തക കയ്യ
ടക്കിവച്ചിരിക്കുകയും ചെയ്യുന്ന മഹാത്മാവാണ് ഭരണകൂടം.
അതിന് പറഞ്ഞുപോരുന്ന സ്ഥിരം ന്യായങ്ങളിൽ പിടിച്ചാണ്
മേപ്പടി പ്രായോഗികതാവാദികളുടെ കച്ചേരി. ഒന്ന്, പ്രതിവ
ർഷം 8500-9000 കോടി രൂപയാണ് സർക്കാരിന്റെ മദ്യനികുതി
വരുമാനം. രണ്ട്, ഐ.ടി., ടൂറിസം മേഖലകൾക്ക് മദ്യസ്വാതന്ത്ര്യം
അനിവാര്യമാണ്. കേരളത്തിന് പേരിനെങ്കിലും പറയാവുന്ന
രണ്ടു വ്യവസായ മേഖലകളാണിവ. മൂന്ന്, മദ്യനി
രോധനം നാട്ടിൽ ദുരന്തങ്ങളുണ്ടാക്കും എന്നൊരു ഭവിഷ്യത്
പ്രവചനവും. ഇത്രയുമാണ് പ്രായോഗികതയുടെ പ്രകടനവശമെങ്കിലും
അന്തര്യാമി വേറെ വഴിക്കാണ്. (1) കള്ളുകച്ചോട
ക്കാരിൽ നിന്ന് ഇലക്ഷൻ കാലത്തും അല്ലാത്തപ്പോഴും
കിട്ടന്ന സുഗമമായ കിഴി. (2) ഇതിൽ പലർക്കും സ്വന്തമായി
അബ്കാരി ബിസിനസിലുള്ള നിക്ഷേപവും ബിനാമി ഇടപാടുകളും
(3) ഗോപ്യമായ സ്വന്തം കുടിയും ബന്ധപ്പെട്ട ചുറ്റിക്ക
ളികളും (തൃപ്പുണിത്തുറക്കാരോട് തിരക്കിയാൽ കൊടികെട്ടിയ
ഒരു ഗാന്ധിയൻ മന്ത്രിയുടെ ലോക്കൽ ബിനാമി വിശേഷം
വിസ്തരിച്ചു കേൾക്കാം).
ഈ വക പ്രശ്നങ്ങൾ ഇതേ തോതിൽ ഇല്ലാത്തവരാണ്
ധാർമിക മല്ലന്മാർ. എങ്കിലും, ഏത് വിഷയത്തിലും മത്തു പിടി
ച്ചാൽ കളി ബൂമറാംഗ് ചെയ്യും. അവിടാണ് ധർമിഷ്ഠരുടെ
കള്ളവാറ്റ്. ഉദാഹരണമായി നമ്മുടെ മെത്രാൻപട. മുന്തിരി
വാറ്റാൻ കേരളത്തിൽ 14 ഡിസ്റ്റിലറികളുള്ള ലൈസൻസികളാണ്
ഈ വിശുദ്ധപടയിലുള്ളത്. കർത്താവിന്റെ ചോരയും
മാംസവും വിശ്വാസികൾക്ക് വീഞ്ഞും അപ്പവുമായി കൊടു
ക്കുന്നു പരമ്പരാഗത ആചാരത്തിന്റെ വകുപ്പിലാണ് ഈ വാറ്റ
വകാശം. ‘മദ്യനിരോധിത’ കേരളത്തിന് തറക്കല്ലിടുന്ന പക്ഷം
മെത്രാന്മാരുടെ വീഞ്ഞും നിരോധിക്കണമെന്ന് വെള്ളാപ്പള്ളി
പറഞ്ഞപ്പോൾ ലോകാവസാനം വരെ വീഞ്ഞു വാറ്റുമെന്ന്
പറഞ്ഞ് ചാടിയിറങ്ങിയ വൈദിക ശ്രേഷ്ഠന്മാരെ ഓർക്കുക.
ക്രിസോസ്റ്റം തിരുമേനി മാത്രമാണ് സംഗതി പുന:പരിശോധി
ക്കണമെന്നു പറഞ്ഞത്. അപ്പോഴും വാളുവച്ചു പുരോഹിതവ
ർഗം. അവിടെയാണ് ഈ ധാർമിക കള്ളവാറ്റിലെ പിള്ളവാതം.
യഹൂദി പാരമ്പര്യത്തിലെ പാപപരിഹാരക്രിയകളിൽ
നിന്നാണ് ഈ വാറ്റിന്റെ രംഗപ്രവേശം. പ്രാചീനകാലത്ത്
ദൈവപ്രീതിക്കായി മനുഷ്യക്കുരുതി നടത്തിവന്ന പാരമ്പര്യം
തിരുത്തിക്കൊണ്ടാണ് പ്രതീകാത്മക ബലികളുടെ വരവ്. ”വീ
ട്ടാനുള്ള കടമാണ് പാപം” എന്ന വിശ്വാസാശയത്തിന്റെ
സൂക്ഷ്മാവിഷ്കാരം നടത്തുന്നത് സാക്ഷാൽ യേശുവാണ്.
ദൈവത്തിനുള്ളതങ്ങ് കൊടുത്താൽ മനുഷ്യന്റെ പാപക്കടം
വീടിത്തീരുന്നു എന്ന ആശയത്തിന്മേൽ യേശു വച്ച കഞ്ഞി
യാണ് ഗിരിപ്രഭാഷണം. ഭരണാധിപന്റെ പാപം വീട്ടാൻ
കോലാടിനെ അറുക്കുക, പുരോഹിതന്റേതിന് കാളക്കുട്ടി,
സാധാരണ പൗരന്റേതിന് പെണ്ണാട്, ദരിദ്രവാസിയാണെങ്കിൽ
രണ്ട് പ്രാവിൻ കുഞ്ഞുങ്ങൾ… (ലേവിയർ 3-9) ഇങ്ങനെ
പോകുന്ന പ്രതീകബലി ശുദ്ധ ഭോഷ്കാണെന്ന് യേശു ചൂണ്ടി
ക്കാട്ടി. ബിനാമി വഴി വീട്ടാനുള്ളതല്ല പാപക്കടമെന്നും ശുദ്ധ
സ്നേഹവും കൃപയും വഴി സ്വയം വിമലീകരണം നടത്തു
ഒടടപപട മഡളമഠണറ 2014 ഛടളളണറ 17 5
കയാണതിന്റെ പരിഹാരമെന്നും ടിയാൻ പറഞ്ഞപ്പോൾ യഥാ
ർത്ഥത്തിൽ സംഭവിക്കുന്നത് പ്രതീകങ്ങളുടെതന്നെ കാതലായ
പരിവർത്തനമാണ്. ടി ഗിരിപ്രഭാഷണം കുഞ്ഞാടുകൾ
അനുസരിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കഥ. ഇതേമാതിരി,
‘അവന്റെ ചോരയും മാംസവും’ എന്നതിന് പ്രതീകമായി
വീഞ്ഞും അപ്പവും തിന്നാൻ യേശു ആരോടും ആവശ്യ
പ്പെട്ടിട്ടില്ല. യഹൂദരുടെ പാസോവർ ചടങ്ങ്, പേറ്റന്റില്ലാതെ
ആവാഹിച്ചുണ്ടാക്കിയ തിരുവത്താഴച്ചടങ്ങിൽ പൗലോസും
ആദിസഭാപിതാക്കളുമാണ് ടി പ്രതീകം തിരുകിവച്ചത്.
അങ്ങനെ വീഞ്ഞുസേവ 2000 കൊല്ലമായി തുടരുന്നു. മനുഷ്യ
ക്കുരുതിയിൽ നിന്ന് വീഞ്ഞു വരേക്ക് പ്രതീകവത്കരണ
ത്തിന്റെ പരിണാമങ്ങൾ വഴി മെച്ചപ്പെടാമെങ്കിൽ വീഞ്ഞ്
എന്ന വാറ്റുപരിപാടിയും നിസ്സാരമായി പരിഷ്കരിക്കാവുന്ന
തല്ലേയുള്ളൂ? കുർബാനയ്ക്ക് വീഴ്ത്താൻ പകരം പാലോ പച്ചവെ
ള്ളമോ ആയാൽ ആകാശം ഇടിഞ്ഞുവീഴുമോ? ഇനി, ചോര
ച്ചുവപ്പുതന്നെ പ്രതീകത്തിനും വേണമെന്നാണെങ്കിൽ, പച്ച
വെള്ളത്തിൽ കുങ്കുമപ്പൂ ചേർക്കാം, അതുമല്ലെങ്കിൽ ശുദ്ധ
മുന്തിരിച്ചാറുതന്നെയാകാം.
അമ്മാതിരി വിവേകപരിണാമത്തിന് തയ്യാറല്ലെന്നു വാശി
പിടിക്കുന്നവർക്ക് മറ്റുള്ളവർ വാട്ടീസടിക്കരുതെന്ന് കല്പിക്കാൻ
എന്താണു യോഗ്യത – ധാർമികമായും ടെക്നിക്കലായും?
ടെക്നിക്കൽ പ്രശ്നം ഒട്ടുമേ പ്രതീകാത്മകമല്ലതാനും. അതായത്,
ബിയറിൽ ആറു ശതമാനവും കള്ളിൽ 8.1 ശതമാനവും
ആൽക്കഹോൾ നിരക്കുള്ളപ്പോൾ വീഞ്ഞിലേത് ക്ലീൻ 16 ശതമാനമാണ്.
പള്ളിമേടയിൽ വാറ്റുന്ന വീഞ്ഞിൽ ഇത്രയും വീര്യ
മില്ലെന്ന വാചകമടി ”ഞാൻ മീൻകഷണം തൊട്ടില്ല, ചാറു
നക്കിയതേയുള്ളൂ” എന്ന് പണ്ടൊരു പോറ്റി പറഞ്ഞപോലൊയിട്ടുണ്ട്.
ധർമനാട്യത്തിലെ അടുത്ത കള്ളവാറ്റ്, രാഷ്ട്രീയ ഗുസ്തി
യിൽ അബദ്ധവശാൽ മഹാത്മാവായിപ്പോയ മുഖ്യമന്ത്രി വകയാണ്.
പൂട്ടിയ ബാറുകൾ തുറക്കാതിരിക്കാൻ ചാണ്ടിക്ക് പഴുതൊന്നുമുണ്ടായിരുന്നില്ല.
പോരെങ്കിൽ നിലവാര മാനദണ്ഡം
കല്പിക്കാനും പരിശോധന നടത്താനും ഖോടതി ഇടപെട്ടുകഴിഞ്ഞിരുന്നു.
ശിഷ്ടമുള്ള ഏകവഴി പുതിയ മദ്യനയമുണ്ടാക്ക
ലാണ്. അപ്പോൾപോലും ബാർ നിരോധനമൊന്നും ചാണ്ടി
യുടെ അജണ്ടയിലുണ്ടായിരുന്നില്ല. കുഗ്രാമങ്ങളിൽ പോലും
ടൂറിസം വികസനത്തിന്റെ മറയിൽ കെട്ടിപ്പൊക്കിയിട്ടുള്ള 3, 4
സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് കൊടുത്ത് കിഴി
പെരുപ്പിക്കുക എന്ന ഹിഡൻ അജണ്ട ഒരു ഭാഗത്ത്. (കാൽ
കോടി രൂപ ലൈസൻസ് ഫീസിനത്തിൽ പൊതു ഖജാനയ്ക്കും
മുക്കാൽ കോടി രൂപ കമ്മീഷൻ ഇനത്തിൽ പാർട്ടിക്കും ഒപ്പി
ച്ചെടുക്കുന്ന പുതിയ വഴി). വാശി പിടിച്ചു നിൽക്കുന്ന മെത്രാൻ
പടയെ പിണക്കാതിരിക്കാൻ കോടതിയുടെ മറ പിടിക്കുക
എന്ന അടവ് മറ്റൊരു ഭാഗത്ത്. ചാണ്ടിയെ സംബന്ധിച്ച് കണ
ക്കുകൂട്ടൽ ലളിതമായിരുന്നു. കോടതി കല്പിക്കുന്ന മുറയ്ക്ക്
പൂട്ടിയ 418ൽ നിലവാരമുള്ള കുറെയെണ്ണം തുറന്നുകൊടുത്ത്
ബാർലോബിക്കു മുന്നിൽ നല്ലപിള്ള ചമയുക. ലൈസൻസിന്
3 സ്റ്റാർ മാനദണ്ഡം കല്പിക്കുന്ന പുതിയ മദ്യനിയമമിറക്കി,
മേല്പറഞ്ഞ പുത്തൻ ബാർമോഹികളിൽ നിന്ന് പണം വസൂലാക്കുക.
അങ്ങനെ മൊത്തത്തിൽ ബാറുകളുടെ എണ്ണം പഴയതിലും
കൂട്ടാതെ നിർത്തിക്കൊണ്ട് ഖജാനവരുമാനം വർദ്ധി
പ്പിക്കുക, ബാറെണ്ണം കുറച്ചെന്നു പറഞ്ഞ് വോട്ടുകമ്പോള
ത്തിൽ ഗാന്ധിയൻ പ്രതിഛായ നിലനിർത്തുക. ഈ മനോരാ
ജ്യത്തിനു കിട്ടിയ പ്രഹരമായിരുന്നു സുധീരനെ മുൻനിറുത്തി
യുള്ള ധാർമികവാദികൾക്ക് കിട്ടിയ മാധ്യമപ്രീതിയും അതുവഴി
മസിലു വച്ച സാക്ഷാൽ സുധീരനും. മുസ്ലിംലീഗിനെ കൂട്ടുപിടിച്ച്
സുധീരനും സംഘവും മുഖ്യമന്ത്രിക്ക് ബാർവിരുദ്ധ
കല്പന കൊടുക്കുമെന്ന നിലയായപ്പോൾ ചാണ്ടിക്കു മുന്നിൽ
രണ്ടുവഴികളേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ കീഴടങ്ങി, 418
ബാറുകളും സ്ഥിരമായി പൂട്ടുക. അല്ലെങ്കിൽ മുന്നണി തീരുമാനത്തെ
അനുസരിക്കാതിരിക്കുക. ഇതിൽ ആദ്യത്തേതിന്
രണ്ടു ഭവിഷ്യത്തുകളുണ്ട്. ഒന്ന്, ഗ്രൂപ്പുരാഷ്ട്രീയത്തിൽ പണ്ടേ
തന്നെ പരമശത്രുവായ സുധീരനു മുന്നിൽ തോൽക്കുകയും
ടിയാൻ അങ്ങനെ കൂടുതൽ ശക്തനാവുകയും ചെയ്യും. രണ്ട്,
ബാർവ്യവസായത്തിൽ കോടതിയിൽ നിന്ന് മുഖ്യമന്ത്രി പല
പുതിയ കുത്തും ചവുട്ടും ഏൽക്കേണ്ടിവരും. ഇനി രണ്ടാമത്തെ
ഓപ്ഷനായാലോ, ഫലം ഗുരുതരമാവും. മുന്നണി
തീരുമാനം അനുസരിക്കാത്ത മുഖ്യനെ മാറ്റാൻ കോൺഗ്രസിനും
മുന്നണിക്കും തീരുമാനിക്കാം. വിശേഷിച്ചും ‘ജനപ്രീ
തി’കരമായ വിഷയത്തിൽ ഇടഞ്ഞുനിൽക്കുന്നയാളെ
ചുമന്നു മാറ്റാൻ വലിയ പ്രയാസമുണ്ടാവില്ല. ഇത്തരത്തിൽ
കസേര കളഞ്ഞുകുളിക്കാൻ വേറെ ആളെ നോക്കണം. അങ്ങ
നെയാണ് ബാർനിരോധനം എന്ന പുതിയ നമ്പറുമായി
ചാണ്ടി മേല്പറഞ്ഞ കൂട്ടരെയും ഭവിഷ്യത്തുകളെയും ഒറ്റയടിക്ക്
വെള്ളത്തിലാക്കിയത്. ഇത് ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയക്കാരന്റെ
കുറുനരി വിജയമായി വാഴ്ത്താമെങ്കിലും ഇവിടെത്ത
ന്നെയാണ് ഇത്തരം കള്ളവാറ്റുകളുടെ ബൂമറാംഗ്.
ബാർനിരോധനം മൂലം പണി പോകുന്ന തൊഴിലാളികളെ
പുനരധിവസിപ്പിക്കാനുള്ള ഫണ്ട് ചാണ്ടി ഉണ്ടാക്കുന്നത്
എങ്ങനെയെന്ന ബാലപാഠം നോക്കുക. തുടർന്നും കുടിക്കുന്ന
വർക്കു മേൽ ചുമത്തുന്ന 5% സെസ് വഴി. എന്നുവച്ചാൽ, കേരളീയർ
ഭംഗിയായി കുടി തുടരണം, അതിനുവേണ്ടി സർക്കാർ
കച്ചോടം ഉറപ്പുവരുത്തണം. വർഷം 10% വച്ച് ബെവറേജസ്
പീടികകൾ പൂട്ടുമെന്ന സോദ്ദേശ്യസാഹിത്യത്തിലാണ്
അടുത്ത കള്ളവാറ്റ്. ഈ കണക്കുവച്ച് നിലവിലെ പീടികകളെല്ലാം
ഷട്ടറിട്ടു തീരാൻ 36 കൊല്ലമെടുക്കും. എന്നുവച്ചാൽ,
പുതുപ്പള്ളി കുഞ്ഞൂഞ്ഞിന്റെ 108-ാം ബർത്ഡേയ്ക്ക് കേരള
സർക്കാർ കുടി നിർത്തി പുണ്യാളനാകും! മദ്യനയം എന്നത്
നിയമമല്ലെന്നും, മാറിവരുന്ന സർക്കാരുകൾക്ക് സൗകര്യം
പോലെ മാറ്റാമെന്നുമുള്ള നാട്ടുനടപ്പ് അറിയാത്തയാളല്ല
ചാണ്ടി. (1967 വരെ മദ്യനിരോധനമുണ്ടായിരുന്ന തിരുവനന്ത
പുരം ജില്ലയിൽ പിറ്റേക്കൊല്ലം അത് റദ്ദാക്കിയത് കേരളത്തി
ന്റെ സ്വന്തം ചരിത്രം).
ഫലിതം കാടു കയറാൻ ആഴ്ച ഒന്നുപോലുമെടുത്തില്ല.
ബാർനിരോധനം പ്രാബല്യത്തിലാവും മുമ്പുതന്നെ മദ്യനി
കുതി കൂട്ടുന്നു. കൂട്ടിയ നികുതിക്കാരിൽ നിന്ന് 300 കോടി മുമ്പേ
റായി എടുത്ത് സർക്കാർ ഓണം കൊണ്ടാടുന്നു! രണ്ടാഴ്ച കഴി
ഞ്ഞില്ല, മറ്റൊരു 300 കോടി ബെവറേജസ് കോർപറേഷനിൽ
നിന്ന് അഡ്വാൻസ് എടുത്ത് സർക്കാരിന്റെ നിത്യച്ചെലവു നട
ത്തുന്നു. എന്നുവച്ചാൽ വെള്ളമടി കുറച്ച് നാടിനെ രക്ഷിക്കു
മെന്നു ഘോഷിക്കുന്നവർ തന്നെ കുടിയന്മാരുടെ ഭാവി കുടി
മനസിലുറപ്പിച്ച്, ആ ഭാവനാദ്രവ്യത്തിൽ നിന്ന് മുമ്പേർ വീതം
കവർന്നെടുത്ത് ചെലവു നടത്തുന്നു! ഇതിനെ ഹിപ്പോക്രസി
എന്നു വിളിച്ച് ആ വാക്കിന്റെ ലെക്കു കെടുത്താരിക്കാനെ
ങ്കിലും നമുക്കു ശ്രമിക്കാം. എല്ലാംകഴിഞ്ഞ്, ബജറ്റിനു പുറത്ത്
നിയമസഭയെ ഇസ്പേഡാക്കി അതാ വരുന്നു, മറ്റൊരു 2600
കോടിയുടെ നികുതികല്പന. വെള്ളക്കരം തൊട്ട് ഭൂമിയിടപാടു
വരെ പല ഭംഗിവാക്കുകളും പറഞ്ഞാണീ നികുതിഭാവനയെ
ങ്കിലും അടിസ്ഥാനപരമായി ഈ കാശുപിടുങ്ങലിന്റെ കാതൽ
കള്ളുതന്നെയാണ് – 1300 കോടി ഉറപ്പായി കിട്ടാനുള്ള ഏകവി
ഭവം.
ഇതാണ് തികച്ചും വ്യക്തിപരമായ സ്വാർത്ഥങ്ങളുടെ പേരി
ലുള്ള എടുത്തുചാട്ടത്തിന്റെ ഫലിതാത്മകത. ചിലർ വിവേകപൂർവം
ചിന്തിച്ചിട്ട് ചാടും. ചിലർ ചാടിക്കഴിഞ്ഞിട്ട് ചിന്തിക്കും.
ഇതിൽ രണ്ടാമത്തെ ചാട്ടമാണ് ചാണ്ടിപ്പട നടത്തിയിരുന്നത്.
അതിന്റെ പ്രത്യക്ഷ തെളിവാണ് പുതിയ മദ്യനയത്തിന്റെ
ക്രെഡിറ്റിനായുള്ള ചക്കളത്തിപ്പോര്. വിഷയം മദ്യമായതുകൊണ്ട്
മറുത്തൊന്നും പറയാൻ പൊതുപ്രതിഛായാപ്പേടി
മൂലം ഒരുത്തനും തുനിയില്ലെന്ന തിണ്ണമിടുക്കിൽ ഒരു സമൂഹത്തെ
ഒന്നടങ്കം ഇസ്പേഡാക്കുന്ന കള്ളവാറ്റല്ലേ നടക്കുന്ന
ത്? കള്ളിനും അതേക്കുറിച്ച സകലമാന സദാചാരവെടികൾ
ക്കുമപ്പുറം ഇതിലൊരു മർമപ്രധാന മനുഷ്യാവകാശപ്രശ്നമു
ണ്ട്.
വെറും 250 കൊല്ലമേ ആയിട്ടുള്ളൂ, എല്ലാത്തരം ഭരണകൂട
ങ്ങളിൽനിന്നും പൗരാവലി സ്വാതന്ത്ര്യാവകാശങ്ങൾ തിരിച്ചുപിടിക്കാൻ
തുടങ്ങിയിട്ട്. എന്നുവച്ചാൽ, ഭരണഘടനാപരമായി
പൗരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വ്യവസ്ഥ
ചെയ്യാൻ തുടങ്ങിയിട്ട്. ഇപ്പോഴും ആ പ്രക്രിയ എങ്ങും പൂർണമായിട്ടില്ലതാനും.
എന്നിരിക്കെ, കഷ്ടപ്പെട്ട് കരഗതമാക്കിയ
അവകാശ സ്വാതന്ത്ര്യങ്ങൾ ഭരണകൂടത്തിന് തിരികെ ഏല്പി
ച്ചുകൊടുക്കുന്ന ആപൽക്കരമായ വിഡ്ഢിത്തത്തിന് പൗരൻ
മുതിർന്നാലോ? വിശേഷിച്ചും, സ്വേച്ഛാധിപത്യം തൊട്ട് ജനാധിപത്യം
വരെ പല മേലങ്കിയിട്ടുള്ള എല്ലാത്തരം ഭരണകൂട
ങ്ങളും പല പുകമറന്യായങ്ങൾ വച്ച് പൗരാവകാശങ്ങൾ
തിരികെ കവരാൻ മത്സരിക്കുന്ന ഇക്കാലത്ത്?
ഭീകരപ്രവർത്തനം എന്ന കപടമറ വച്ച്, ടാഡയും
പോട്ടയും തൊട്ട് യുഎപിഎ വരെ കറ തീർന്ന കരിനിയമങ്ങൾ
വഴി ഈ സ്വാതന്ത്ര്യധ്വംസനം നടത്തിയത് നമ്മുടെ ‘സ്വന്തം’
ഭരണകൂടമാണ്. അഖില ലോക സഖാക്കൾ കിരീടം വച്ച
പ്പോൾ മതം നിരോധിച്ചതിന് ന്യായം പറഞ്ഞത്, സംഗതി മയ
ക്കുമരുന്നും സാമൂഹ്യവിരുദ്ധവുമാണെന്നാണ്. ഈശോമിശി
ഹായുടെ പള്ളി ചെങ്കോൽ പിടിച്ച കാലത്ത്, ഭൂമി ഉരുണ്ടതാണെന്നും
സൂര്യനെ ചുറ്റുന്ന ഒരു ചെറുഗോളം മാത്രമാണെന്നും
കണ്ടെത്തിയവനെ (ബ്രൂണോ) ചുട്ടെരിച്ചു. അതിന് തെളിവു
ണ്ടാക്കിയവനെ (ഗലീലിയോ) മുട്ടിന്മേൽ നിർത്തി ഏത്തമിടീ
ച്ചു. പശു ദേവമൃഗമാണെന്ന പ്രഖ്യാപിത ലൈനിൽ നാളെ
നരേന്ദ്ര മോഡി ഗോവധം നിരോധിച്ചാൽ, അതിനും ജയ് വിളി
ക്കാൻ ഭൂരിപക്ഷമുണ്ടാകും. കാരണം, ‘സമൂഹനന്മ’യുടെ
കോറസിൽ കയറി നല്ലപിള്ള ചമയാനും സ്വന്തം വിശ്വാസ
ങ്ങൾ ബലമായി പതിച്ച് മറ്റുള്ളവരെ ‘നല്ലപിള്ള’ കളിക്കാനുമുള്ള
കൊതി ഒരു മനുഷ്യപ്രവണതയാണ്. അതാണ് എല്ലാ
ത്തരം ആധിപത്യങ്ങളുടെയും കാതലായ ആന്തരിക ദൗർബല്യം.
ഒരു വസ്തു മനുഷ്യനോ സമൂഹത്തിനോ ആപത്തോ അനാമത്തോ
ആണെന്നു തോന്നിയാൽ അത് വേണ്ടെന്നുവയ്ക്കാനുള്ള
അവകാശം മനുഷ്യർക്കുണ്ട്. കൂടിപ്പോയാൽ
സമൂഹത്തിലെ വിവിധ കൂട്ടായ്മകൾക്ക് ആ തീരുമാനമെടു
ക്കാം. അപ്പോൾപോലും അതിനോട് വിയോജിക്കുന്നവർക്കു
മേൽ അതടിച്ചേല്പിക്കാനുള്ള അവകാശമൊന്നും ആർക്കുമി
ല്ല. സ്വന്തം കുഞ്ഞാടുകളോട് വെള്ളമടിച്ചാൽ മാമ്മോദീസ
തൊട്ട് ശവമടക്കു വരെ പള്ളി നടത്തില്ലെന്നു കല്പിക്കാൻ
ആമ്പിയറില്ലാത്തവരാണ് ജനാധിപത്യസർക്കാരിൽ മദ്യനി
രോധനത്തിന് ലോബിയിംഗ് നടത്തുന്നത്. ഭരണകൂടത്തിന്
പേശി കൂട്ടാൻ പ്രതിഛായകളുടെ കള്ളവാറ്റ് നടത്തുന്നവരും
അതിന് കയ്യടിക്കുന്നവരും, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന
പഴയ കാളിദാസകഥയിലെ വിഡ്ഢിച്ചെക്കന്മാരല്ലേ?
ടിപ്പണി:
മനുഷ്യർ വെള്ളമടിക്കുന്നത് ലഹരി പിടിക്കാനാണ്. എന്നുവച്ചാൽ
ലെക്കു കെടാൻ. അതിനർത്ഥം, ലെക്ക് അഥവാ
നോർമൽ എന്ന അവസ്ഥയ്ക്ക് എന്തോ ചില അസ്വാരസ്യങ്ങളുണ്ടെന്നല്ലേ?
അത് കേവലം ഭൗതികം മാത്രമല്ല ആന്തരികം
കൂടിയാണെന്നതാണ് എല്ലാ മതങ്ങളുടെയും മർമം. അപ്പോ
ൾ, മതം പകരുന്നതും ഈ അസ്വസ്ഥകരമായ ലെക്കിൽ
നിന്നുള്ള മോചനദ്രവ്യമാണ് – മറ്റൊരിനം ലഹരി. മതത്തിലെ
സ്പിരിറ്റും മദ്യത്തിലെ സ്പിരിറ്റും തമ്മിൽ ഒരു വ്യത്യാസമേയുള്ളൂ.
മദ്യത്തിലേതിന് ഭൗതികമായ തെളിവും തൊട്ടറിയാവുന്ന
ചേരുവയുമുണ്ട്. മതത്തിലേതിന് ഇപ്പറഞ്ഞ രണ്ടുമില്ല.
ദൈവം എന്ന ബ്രാൻഡ്നെയിമിൽ പ്രചരിക്കപ്പെടുന്ന ഈ
സ്പിരിറ്റല്ലേ ഏറ്റവും വലിയ കള്ളവാറ്റ്? അപ്പോൾ നിരോധി
ക്കപ്പെടാൻ ഏറ്റവും യോഗ്യതയുള്ള ഉരുപ്പടിയേതാകുന്നു.