പാരിസ്ഥിതിക പ്രതിസന്ധികളുടെ തിരിച്ചടികള്‍ ഏറ്റവും രൂക്ഷമായ ഒരു കാലമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ എല്ലാവര്ക്കും ഏറ്റവും എളുപ്പം പ്രഭാഷണത്തിനും പ്രസംഗത്തിനും പറ്റിയ ഒരു വിഷയമായി അത് മാറിയിട്ടുണ്ട്. ആര്‍ക്കും എടുത്തു പെരുമാറാവുന്നതും വികാരപരമായി സംസാരിക്കാവുന്നതുമായ ഒരു വിഷയം. പ്രതിസന്ധികള്‍ ഉണ്ട് എന്നും അതീവ രൂക്ഷമാണെന്നും ആര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇനിയെങ്കിലും ഇതിന്റെ പരിഹാരത്തെക്കുറിച്ച് ചിന്തിക്കുകയും ബദലുകള്‍ കണ്ടെത്തുകയുമാണ് ആവശ്യം. ബദല്‍ചിന്തകളും കണ്ടെത്തലുകളും പരീക്ഷണങ്ങളും ജീവന്റെയും ജീവിതത്തിന്റെയും സമസ്ത മേഖലകളിലും കടന്നുവരുന്നത് ഇങ്ങനെയാണ്. പരിസ്ഥിതിസാഹിത്യം എന്നൊരു എഴുത്തുരീതി നിലനില്‍ക്കുന്ന ഭൂമിയുടെ ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠകളുടെ പങ്കുവയ്പായിരുന്നു. ആ മുന്നറിയിപ്പുകള്‍ ഉള്‍ക്കൊള്ളാനും വായനക്കാരനിലേക്ക് എത്തിക്കാനും സാമ്പ്രദായിക വിമര്‍ശനവും അതിന്റെ രീതികളും പോരാ എന്ന അറിവില്‍ നിന്നാണ് പാരിസ്ഥിതിക വിമര്‍ശനം എന്ന പുതിയ സരണി ഉണ്ടാവുന്നത്. മലയാളസാഹിത്യത്തില്‍ അത് അവതരിപ്പിച്ച വിമര്‍ശകര്‍ അതിന്റെ നാനാമുഖങ്ങള്‍ പഠിക്കാനോ അവതരിപ്പിക്കാനോ തയ്യാറായില്ല. പകരം വളരെ ലളിതമായ യുക്തികൊണ്ട് തങ്ങള്‍ക്ക് താല്പര്യമുള്ള ചില എഴുത്തുകാരെയും അവരുടെ കൃതികളെയും ആ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ വായിച്ചെടുത്തു. ഇത് പലപ്പോഴും കാല്പനിക ഭാഷയുടെ അതിഭാവുകത്വത്തില്‍ നിന്ന് മുക്തവുമായിരുന്നില്ല. ഇത്തരമൊരു ഭൂമികയിലേക്കാണ് ജി. മധുസൂദനന് കഥയും പരിസ്ഥിതിയും എന്ന ഗ്രന്ഥവുമായി കടന്നുവന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. പാരിസ്ഥിതിക വിമര്‍ശനത്തിന്റെ അനേകം മേഖലകളും കൈവഴികളും അങ്ങനെ അദ്ദേഹം മലയാളി വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ‘ഭാവനയുടെ ജലസ്ഥലികള്‍’ എന്ന പുതിയ ഗ്രന്ഥത്തിലും മധുസൂദനന് ചെയ്യുന്നത് പാരിസ്ഥിതിക പ്രതിസന്ധികളിലൂടെ, പാരിസ്ഥിതിക കലയിലൂടെ ശമനത്തിന്റെയും ബദലുകളുടെയും പുതിയ ലോകങ്ങള്‍ പരിചയപ്പെടുത്തുകയാണ്.
ഇരുപത്തിയെട്ട് അദ്ധ്യായങ്ങളുള്ള ഈ പുസ്തകത്തില്‍ ണപരിസ്ഥിതി സാഹിത്യശാഖയില്‍ എത്രയോ അധികം കൃതികളെ എഴുത്തുകാരന് പരിചയപ്പെടുത്തുന്നു. സര്‍ഗാത്മക സാഹിത്യകൃതികളായാലും വൈജ്ഞാനിക സാഹിത്യകൃതികളായാലും തന്റെ അനുവാചകര്‍ക്ക് അവ അപരിചിതങ്ങളാണ് എന്ന ബോദ്ധ്യത്താല്‍ വളരെ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. പാശ്ചാത്യസാഹിത്യത്തില്‍ പരിസ്ഥിതിസാഹിത്യവും നിരൂപണവും വളര്ന്നുപടര്ന്നുപന്തലിച്ചതോര്ത്ത് നാം അത്ഭുതപ്പെടുന്നു. സാഹിത്യത്തിന്റെ നൂതനലോകങ്ങള്‍ എന്ന ഒന്നാം അദ്ധ്യായത്തില്‍ പാരിസ്ഥിതിക വിമര്‍ശനത്തിന്റെ പ്രസക്തിയെപ്പറ്റി ഊന്നിപ്പറയുന്നു. ശുദ്ധകലാവാദത്തിന്റെ വഴികള്‍ അവസാനിക്കുകയും ജീവിതമെന്നാല്‍ മനുഷ്യവികാരങ്ങളുടെ കേളീനടനമാണെന്ന നീത്ഷേയുടെ വാദം കാലഹരണപ്പെടുകയും ചെയ്ത കാലത്ത് സര്‍ഗകര്‍മം ശാസ്ര്തവും സാങ്കേതികവിദ്യകളും സമ്പദ്ശാസ്ര്തവും മുതലാളിത്ത ശക്തികളും ചേര്‍ന്ന് ദ്രുതഗതിയില്‍ പരിണാമവിധേയമാക്കുന്ന കാലത്തിന്റെ സൃഷ്ടിയാണ്. അതുകൊണ്ട് അവയെ വിശകലനം ചെയ്യാനും വിലയിരുത്താനും നൂതന വിമര്‍ശന വഴികളും ആവശ്യമാണ്. ഇത്തരം സങ്കീര്‍ണതകള്‍ ഉള്‍ക്കൊള്ളുന്ന കൃതികളെ വിലയിരുത്താന്‍ ബഹുവിഷയബന്ധം ആവശ്യമായതുകൊണ്ടുതന്നെ ജ്ഞാനത്തിന്റെ ഒരു വലിയ കുടക്കീഴ് എന്ന നിലയില്‍ പരിസ്ഥിതി വിമര്‍ശനത്തെ സ്വീകരിക്കുന്നു എന്നു പറയുന്നതോടൊപ്പം വായന മരിച്ചു എന്ന അട്ടഹാസങ്ങള്‍ക്കും ഇത്തരം ഒരു ഗ്രന്ഥത്തിന് എന്തു പ്രസക്തി എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ക്കും തക്കതായ മറുപടിയും നല്കുന്നു. വായനയെയും ജീവിതത്തെയും സാഹിത്യത്തെയും വളരെ ഗൗരവത്തോടെ കാണുന്ന ഒരു ന്യൂനപക്ഷമുള്ളതിനാല് ഇത് എഴുതപ്പെടുന്നു. സാഹിത്യവിമര്‍ശനം ചിന്തയുടെയും സൗന്ദര്യബോധത്തിന്റെയും ഭാഷയുടെയും ഗാംഭീര്യം നിലനിര്‍ത്തുന്ന കാലത്തോളം വായനാസമൂഹം അതിനെ പിന്തുണയ്ക്കും എന്ന ശുഭാപ്തിവിശ്വാസം പങ്കുവയ്ക്കുന്നു. ഈ വിശ്വാസമാണ് ഈ പുസ്തകത്തിന്റെ വ്യത്യസ്തതയ്ക്കടിസ്ഥാനം. ഒന്നാം അദ്ധ്യായത്തില്‍തന്നെ പാരിസ്ഥിതിക വിമര്‍ശനത്തിന്റെ ചരിത്രം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്. ആ ചരിത്രവും അങ്ങനെ വെറുതെ പറഞ്ഞുപോവുകയല്ല. ഓരോ ഘടകത്തെയും വിശദമായി പരിചയപ്പെടുത്തുകയും അവയോട് ബന്ധപ്പെട്ട സാഹിത്യകൃതികളെ പരാമര്‍ശിക്കുകയും ചെയ്യുന്നതോടൊപ്പം സ്വന്തം അഭിപ്രായവും നിരീക്ഷണങ്ങളും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു. നവഭൗതികവാദത്തെ കാര്യകാരണസഹിതം വികലഭൗതികവാദം എന്ന് തള്ളിക്കളയുന്നതും ഇക്കോ ഫെമിനിസ്റ്റ് വിമര്ശനത്തെപ്പറ്റി പറയുമ്പോള്‍ മലയാളത്തില്‍ ഇക്കോഫെമിനിസ്റ്റ് വിമര്‍ശനം ഒരു മുരടിപ്പിലാണ് എന്ന് അഭിപ്രായപ്പെടുന്നതും ഉദാഹരണങ്ങളാണ്. പാരിസ്ഥിതിക വിമര്‍ശനത്തിന്റെ വളര്‍ച്ചയും വ്യാപനവും വൈവിധ്യവും കേരളത്തിന്റെ സാമൂഹ്യ സാഹചര്യത്തില്‍ എങ്ങനെ പ്രായോഗികമാക്കാം എന്നതിന് അനേകം ഉദാഹരണങ്ങള്‍ ഈ കൃതിയില്‍ ഉടനീളം മധുസൂദനന് ചൂണ്ടിക്കാണിക്കുന്നു.
ശാസ്ര്തമായാലും കലയായാലും എന്തിനെപ്പറ്റി പറയുമ്പോഴും ഇതെല്ലാം ഭാരതീയമായിരുന്നു എന്ന വാദവും പറച്ചിലും ഇന്ന് വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. പരിസ്ഥിതിസാഹിത്യത്തെ സംബന്ധിച്ചാവുമ്പോള്‍ ഈ അവകാശവാദം വര്‍ദ്ധിക്കുകയും ചെയ്യും. സാമൂഹ്യവും പാരിസ്ഥിതികവുമായ സമീപനങ്ങളിലൂടെയും അവയുടെ സമന്വയത്തിലൂടെയും വിമര്‍ശനത്തെ സമീപിക്കുന്ന ഒരു നവനിരൂപകന് പൗരാണിക ഭാരതീയ കാവ്യശാസ്ര്തത്തില് നിന്ന് ഏറെയൊന്നും പഠിക്കാനില്ലെന്ന് സോദാഹരണം വ്യക്തമാക്കുന്ന ഗ്രന്ഥകാരന് മനുഷ്യന്റെ ആനന്ദമാണ് കലയുടെ ലക്ഷ്യം എന്നു വാദിച്ച ആനന്ദവര്‍ദ്ധനന്റെയും മറ്റും സിദ്ധാന്തങ്ങള്‍ക്ക് ബദലായി ദ്രാവിഡന് അഭിമാനത്തോടെ എടുത്തുകാണിക്കാവുന്ന തനത് സൗന്ദര്യശാസ്ര്തമഫായി തിണ സങ്കല്പത്തെ മുന്നോട്ടുവയ്ക്കുകയും പാരിസ്ഥിതിക വിമര്‍ശനത്തിന്റെ ആദ്യകാല രൂപമായി അതിനെ കണക്കാക്കുകയും ചെയ്യുന്നു.
സാഹിത്യകൃതികളെ വിശകലനം ചെയ്യുമ്പോള്‍ ആദ്യം പഠിക്കുന്നത് ഒ.വി. വിജയന്റെ ‘മധുരം ഗായതി’ എന്ന നോവലാണ്. മലയാളസാഹിത്യത്തില്‍ വിമര്‍ശനത്തിന്റെ ഒരു വാക്കുകൊണ്ടുപോലും ഒ.വി. വിജയന്റെ കൃതികളെപ്പറ്റി ആരെങ്കിലും എന്തെങ്കിലും പറഞ്ഞുപോയാല്‍ ആരാധകവൃന്ദം അവരെ കൊത്തിക്കീറും. വ്യക്തവും ദൃഢവുമായ യുക്തികളിലൂടെയും വാദങ്ങളിലൂടെയും ജി. മധുസൂദനന് ‘മധുരം ഗായതി’ എപ്രകാരം ഒരു പാരിസ്ഥിതിക നോവലല്ല എന്ന് വായിച്ചെടുക്കുന്നു. കൃതിയുടെ പാഠത്തിന്റെയും ദാര്‍ശനിക പശ്ചാത്തലത്തിന്റെയും വെളിച്ചത്തില്‍ ഒരു പുനര്‍വായനയുടെ ശ്രമമാണ് തന്റേതെന്ന് സമ്മതിക്കുകയും ചെയ്യുന്നു. പരിസ്ഥിതിവിരുദ്ധമായ അവസ്ഥകള്‍ നോവലില്‍ എങ്ങനെയെല്ലാം കടന്നുവരുന്നു എന്നതിനെ വ്യക്തമായി ഈ ലേഖനം അടയാളപ്പെടുത്തുന്നുണ്ട്. പരിണാമസിദ്ധാന്തത്തെ പോലും സൃഷ്ടിയെക്കുറിച്ചുള്ള ഹൈന്ദവസങ്കല്പങ്ങളുടെ സ്വാധീനത്തില്‍ ഒ.വി. വിജയന് നിരാകരിക്കുന്നത് പരിസ്ഥിതിവിരുദ്ധതയായി ഗ്രന്ഥകാരന് ചൂണ്ടിക്കാണിക്കുന്നു. അത്തരം നിരവധി സന്ദര്‍ഭങ്ങള്‍ നോവലില്‍ നിന്ന് കണ്ടെത്തുകയും ചെയ്യുന്നു. ഒ.വി. വിജയന് എന്ന എഴുത്തുകാരന് ഒരു ഹൈന്ദവ ഫാസിസ്റ്റ് അല്ലായിരുന്നു എന്ന് അടിവരയിടുന്ന ജി. മധുസൂദനന് ഗുരുമുഖത്തുനിന്നും കേട്ടുപഠിച്ച ഹൈന്ദവ ആത്മീയതയെ പരിസ്ഥിതിയുമായി സങ്കലനം ചെയ്തപ്പോഴുണ്ടായ അപകടങ്ങളാണ് മധുരം ഗായതിയിലുണ്ടായത് എന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ആരാധനയുടെ അന്ധത മാറ്റി സ്വതന്ത്രമായി ആ കൃതി വായിച്ചുനോക്കുന്ന ആര്‍ക്കും ഈ വാദം ശരിയാണെന്നും ബോദ്ധ്യമാവും. മധുരം ഗായതി എന്ന നോവലിനെക്കുറിച്ച് താന്‍ വിശദമായി എഴുതിയത് സാഹിത്യത്തിലെ പരിസ്ഥിതിചിന്തകള്‍ എന്ന നിലയില്‍ കടന്നുകയറുന്ന ചതിക്കുഴികള്‍ വ്യക്തമാക്കാനാണെന്നും അദ്ദേഹം പറയുന്നു. പാരമ്പര്യവും സ്വത്വവും സംസ്കാരവും നിരാകരിക്കാതെതന്നെ മതേതരമായ ഒരു സാമൂഹ്യബോധത്തോടെ പരിണമിക്കാം എന്നതിന്റെ ഉദാഹരണമായി കെ.ജി. ശങ്കരപ്പിള്ളയുടെ കവിതാപഠനം നടത്തുകയും ചെയ്യുന്നു.
മലയാള നോവല്‍ സാഹിത്യത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ഒരു നോവലാണ് ‘ആലാഹയുടെ പെണ്മക്കള്’. നാല് വ്യത്യസ്ത സമീപനങ്ങളിലൂടെ ആ കൃതിയെ മധുസൂദനന് പുനര്‍വായിക്കുന്നു. ആധുനിക നോവലില്‍ നഷ്ടമായ യഥാര്‍ത്ഥ സ്ഥലവും സ്ഥലചരിത്രവും ഇവിടെ പുനര്‍നിര്‍മിക്കപ്പെടുന്നു എന്നും കേരളത്തിന്റെ ഒരു പാരിസ്ഥിതിക പുരാവൃത്തം ഈ നോവല്‍ നമുക്ക് നല്‍കുന്നുണ്ടെന്നും രേഖപ്പെടുത്തുന്നു. ഹരിതവിമോചന ദൈവശാസ്ര്തത്തെക്കുറിച്ച് പറയുമ്പോഴാവട്ടെ പരിസ്ഥിതി വിവേകത്തിനായി മതങ്ങളിലേക്ക് തിരിയുന്നതിന്റെ അപാകത ഊന്നിപ്പറയുന്നു. ഫ്രാന്‍സിസ് പുണ്യവാളനെയും ഹിന്ദെഗാര്ദബിംഗഹിലെ പുണ്യവതിയെയും വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്യുന്നു. വന്യത, സ്വത്വം, സാഹിത്യം എന്ന ഏഴാം അദ്ധ്യായത്തില്‍ ഹെന്റി ഡേവിഡ് തേറോയെയാണ് പഠനവിഷയമാക്കുന്നത്. അമേരിക്കന്‍ പരിസ്ഥിതിചിന്തകളില് പുണ്യവാളസ്ഥാനമുള്ള എഴുത്തുകാരനാണ് തോറോ എന്ന് സമ്മതിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെചിന്തയുടെ പരാധീനതകള്‍ മധുസൂദനന് വിവരിക്കുന്നു. അതിലടങ്ങിയ വ്യക്തിവാദവും ഉപരിവര്‍ഗ അതീതാവാദിയുടെ സ്വരമാണെന്ന് വ്യക്തമാക്കുന്നു. ഇവയൊന്നും പക്ഷപാതപരമായ നീക്കമല്ല. മറിച്ച് വ്യക്തമായ ചിന്തകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ സമര്‍ത്ഥിക്കുന്നതാണ്. ഇത്തരം വിശകലനങ്ങളിലും അതിലെ നിഷ്പക്ഷമായ നിലപാടിലുമാണ് ഈ വിമര്ശകന് വ്യത്യസ്തനാവുന്നത്. ആ വ്യത്യസ്തതയാവട്ടെ ലോറന്‍സ് ബൂവല്‍ പറഞ്ഞ പാരിസ്ഥിതിക വിമര്‍ശനം ഒരു വലിയ കുടക്കീഴാവണം എന്ന അടിസ്ഥാനതത്വത്തില്‍ പടുത്തുയര്‍ത്തിയതുമാണ്.
‘വന്യതയിലെ ശില്പങ്ങള്’ എന്ന അദ്ധ്യായത്തില്‍ കലയ്ക്കും ഇക്കോളജിക്കും ഇടയില്‍ പാലങ്ങള്‍ സൃഷ്ടിക്കുന്ന ആന്‍ഡി ഗോള്‍ഡ് സ്വര്‍ത്തി, ക്രിസ് ഡ്യൂറി, പീറ്റര്‍ റന്ഡാര് എന്നിവരെ പരിചയപ്പെടുത്തുകയും ശില്പകല എങ്ങനെ പാരിസ്ഥിതികതയില്‍ അടിസ്ഥാനപ്പെടുന്നു എന്ന് വിവരിക്കുകയും ചെയ്യുന്നു. ഈ ലേഖനങ്ങളിലെല്ലാം മധുസൂദനന് ഊന്നിപ്പറയുന്ന ഒരു കാര്യം പരിസ്ഥിതി ആവിഷ്കാരങ്ങള്‍ എന്ന നിലയില്‍ പ്രാചീനതയിലേക്കുള്ള മടങ്ങിപ്പോവലിനോട് അദ്ദേഹത്തിനുള്ള എതിര്‍പ്പാണ്. എന്തല്ല എന്നു പറയുന്നതുപോലെ പ്രധാനമാണല്ലോ എന്താണെന്ന് പഠിപ്പിക്കുന്നത്. പരിസ്ഥിതി നിരൂപണം പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്ക് ഇത് ഏറ്റവും സഹായകരമായൊരു ഗ്രന്ഥമാണ്. വിശദമായ ഗ്രന്ഥസൂചിയിലൂടെ ഒരു പഠിതാവിന് മുന്നോട്ടുപോവാനുള്ള സകല സാദ്ധ്യതകളും ഗ്രന്ഥകാരന് തുറന്നിടുന്നു. പാശ്ചാത്യ സാഹിത്യത്തില്‍ ഉണ്ടായതെന്ന് ഇന്റര്‍നെറ്റില്‍ കാണുന്ന ഒന്നര പുസ്തകത്തിന്റെ പിന്‍ബലത്തില്‍ മഹാഗ്രന്ഥങ്ങള് ചമയ്ക്കപ്പെടുന്ന ഇക്കാലത്ത് ഈ വിമര്ശകന് വ്യത്യസ്തനാവുന്നു. തന്റെ വായനക്കാര്‍ക്കായി വായനയുടെയും പഠനത്തിന്റെയും അനന്തസാദ്ധ്യതകള്‍ കാണിച്ചുതരുന്നു. എല്ലാവരും ലോകത്തിന്റെ ഇന്നത്തെ താളം തെറ്റിയ പോക്കിനെപ്പറ്റി വിലപിക്കുമ്പോള്‍ ‘കടന്നുകയറ്റവും വിനാശവുമായി മാറുന്ന ഇന്നത്തെ വികസനം ഭാവിയില്‍ പുനര്‍നിര്‍മിതിയായി പുനര്‍നിര്‍ണയിക്കപ്പെടും’ എന്ന ശുഭാപ്തിവിശ്വാസം ജി. മധുസൂദനന് എന്ന നിരൂപകന് കാത്തുസൂക്ഷിക്കുന്നു. അതാണ് അദ്ദേഹത്തിന്റെ നിരൂപണത്തിന്റെ അടിസ്ഥാനവും ജീവിതദര്‍ശനവും.