പ്രസിദ്ധരുടെ പ്രസിദ്ധമായ കൃതികൾ കാലത്തെ അതിജീവി
ക്കുന്നതിന് തെളിവായി അവയുടെ നാല്പതും അമ്പതും വർഷ
ങ്ങൾ ആഘോഷിക്കപ്പെടുന്നതിന്റെ പത്രവാർത്തകൾ കാണുമ്പോൾ
ഞാൻ ഒരു നോവലിന്റെ ജീവിതം ഓർത്തെടുക്കാൻ ശ്രമി
ക്കുന്നു. നാല്പത്തിനാലു വർഷവും നാലു പതിപ്പുകളും പിന്നിട്ട ഒരു
കൃതിയുടെ ഓർമകൾ എന്നെ ആഹ്ലാദിപ്പിക്കുകയും അലോസരപ്പെടുത്തുകയും
ചെയ്യുന്നു. പ്രസ്തുത കൃതിയെ ഉത്തമമെന്നോ
അസാധാരണമെന്നോ ദാർശനികമെന്നോ ഒന്നുംതന്നെ വിശേഷി
പ്പിക്കാനാവില്ല. അതിറങ്ങിയ കാലത്ത് കുറെയേറെ വായനക്കാരുടെ
പ്രശംസ പിടിച്ചുപറ്റി എന്നതു മാത്രമാണ് പ്രത്യേകത. പലരും
അതിനെ മനോഹരമെന്നും 68-ലെ ശ്രദ്ധേയമായ കൃതിയെന്നും
ബോംബെയുടെ നേർക്കു പിടിച്ച കണ്ണാടി എന്നും വിശേഷിപ്പിച്ചു.
ഇതിൽ ഏതാണ് ശരി, ഏതാണ് അതിശയോക്തി എന്നെനിക്കറി
യില്ല. അക്ഷരത്തെറ്റുകൾ കൂടാതെ എഴുതാൻ കഷ്ടിച്ചറിയാവുന്ന
ഒരാളുടെ ആദ്യസാഹസമെന്നേ ആ രചനയെക്കുറിച്ച് പറയാനാവൂ.
സാഹിത്യപാരമ്പര്യമോ, സാഹിത്യകാരന്മാരുമായി അടുപ്പമോ
ഇല്ലാത്ത ഒരാൾക്ക് താൻ എഴുതിക്കൂട്ടിയ പേജുകളുടെ മൂല്യനിർ
ണയം നടത്താൻ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ട് എന്ത്
ചെയ്യണമെന്നറിയാതെ ഏറെനാൾ അതിന്റെ ഭാരം മനസ്സിലേറ്റി
നടന്നു. രാത്രിഷിഫ്റ്റുകളിൽ ഉറക്കമകറ്റാൻ വേണ്ടിയാണ് അയാൾ
ഇരുനൂറു പേജിന്റെ രണ്ട് നോട്ടുപുസ്തകങ്ങൾ എഴുതിനിറച്ചത്.
ഭാഷ അറിയാത്ത അയാളുടെ സഹപ്രവർത്തകൻ ചോദിച്ചു:
”താനെന്താണ് അണ്ടുഗുണ്ടു ഭാഷയിൽ എഴുതിക്കൂട്ടുന്നത്. ആ
നേരം ശ്രീരാമചന്ദ്രന്റെയോ സീതാദേവിയുടെയോ പേരുകൾ ആവ
ർത്തിച്ച് എഴുതിനിറച്ചാൽ പുണ്യം കിട്ടും”.
”ആ പണിയൊക്കെ രാമാനന്ദസാഗർ ചെയ്യുന്നുണ്ടല്ലോ”
എന്നു ഞാൻ ചിരിച്ച് പിന്മാറിയെങ്കിലും അവർ പറഞ്ഞത് ഒരുപക്ഷേ
ശരിയാണെന്ന് ഇപ്പോൾ ഒട്ടും ചിരിവരാതെതന്നെ ഞാൻ
മനസ്സിലാക്കുന്നു.
നോട്ടുപുസ്തകങ്ങൾ നിറഞ്ഞപ്പോൾ, എഴുതിയത് വീണ്ടും
വീണ്ടും വായിച്ച് വെട്ടും തിരുത്തും നടത്തിയപ്പോൾ അതിന്റെ
അന്തസ്സാരശൂന്യതയും നിരർത്ഥകതയും ഓർത്ത് അതൊക്കെ
ചുട്ടെരിക്കാൻവരെ തയ്യാറായി. അന്തിമമായി എല്ലാം ഒരു പിടി
ചാരമാകുമെന്ന അലംഘനീയത ഓർത്തപ്പോൾ എന്റെ എല്ലാ
ഭൗതികാവശിഷ്ടങ്ങളും, ചിന്തകളും വിചാരങ്ങളും ആലോചനകളും
മൗഢ്യങ്ങളും ക്രൂരതകളും വ്യസനങ്ങളും ഉൾപ്പെടെ അതിൽ
പെടുമല്ലോ എന്ന് സമാധാനിച്ച് ഉരച്ച തീപ്പെട്ടിക്കൊള്ളി ഞാൻ
ഊതിക്കെടുത്തി.
ഭസ്മമാവുന്നതിൽനിന്നും രക്ഷപ്പെട്ട രണ്ടു നോട്ടുബുക്കുകളുടെ
ഭാരം എനിക്ക് താങ്ങാവുന്നതിലധികം. അവസാനം എല്ലാം
ഫുൾസ്‌കാപ് കടലാസിലേക്ക് പകർത്തിയെഴുതി. ആർക്ക്
അയയ്ക്കണം എന്ന സന്ദിഗ്ദ്ധതയിൽ കുറെ ദിവസങ്ങൾ. സാഹി
ത്യത്തിലെ ആഢ്യത്വം അവകാശപ്പെട്ടിരുന്ന പ്രസിദ്ധീകരണങ്ങളെ
ഞാൻ ഒഴിവാക്കി. മ്ലേച്ഛന്മാർക്കും പുറമ്പോക്കിൽ കഴിയുന്നവ
ർക്കും അവരുടെ അകത്തളങ്ങളിലേക്ക് പ്രവേശനമില്ല.
അന്ന് ജനയുഗം വാരിക പ്രസിദ്ധമായ പല ബംഗാളിനോവലുകളും
തുടർച്ചയായി പ്രസിദ്ധീകരിച്ച് വായനക്കാരുടെ പ്രീതിയാർജി
ച്ചിരുന്നു. യശ്പാലിന്റെ ‘നിറം പിടിപ്പിച്ച നുണകൾ’, ബിമൽമിത്രയുടെ
‘വിലയ്ക്ക് വാങ്ങാം’, ജരാസന്ധന്റെ ചില നോവലുകൾ മുതലായവ
(എം.എൻ. സത്യാർത്ഥി തർജമ ചെയ്തത്) വായിക്കാൻ
ഞാനും കാത്തിരുന്നിട്ടുണ്ട്. ജനയുഗത്തിന്റെ പത്രാധിപർ സാഹി
ത്യകാരനും അഭിനേതാവും രാഷ്ട്രീയപ്രവർത്തകനുമായ കാമ്പി
ശ്ശേരി കരുണാകരനായിരുന്നു. അദ്ദേഹത്തിന്റെ പത്രാധിപത്യ
ത്തിൽ ജനയുഗം ഉയരങ്ങളിലേക്ക് കുതിച്ചുകൊണ്ടിരുന്ന കാലം.
ഞാൻ പടച്ചുണ്ടാക്കിയ സാധനം ജനയുഗത്തിന് അയച്ചുകൊടു
ത്താലോ എന്നൊരാലോചന മനസ്സിൽ മിന്നിമറഞ്ഞു. ഉടനെതന്നെ
ഞെട്ടി പിന്മാറി. ജനയുഗം എന്ന പ്രസിദ്ധമായ വാരിക
എന്നെപ്പോലെ തീരെ അപ്രശസ്തനായ ഒരാളുടെ ചവറ് പ്രസിദ്ധീ
കരിക്കുമോ? ഇല്ല എന്ന് മനസ്സ് വളരെ ഉറക്കെ പറഞ്ഞു. ആ ആഗ്രഹവും
അസ്തമിച്ചു. കുറെനാളത്തേക്ക് ഞാൻ നിർമോഹിയായി
ജീവിച്ചു. എന്നാൽ മനുഷ്യമനസ്സിന് അങ്ങനെ അടങ്ങിയിരിക്കാനാവുമോ?
അത് പിന്നെയും മോഹപ്പച്ചകളിൽ മേഞ്ഞുതുടങ്ങി.
പിന്നെ ആലോചനകളെ മാറ്റിനിർത്തി കടലാസുകൾ ചേർത്ത്
തുന്നിക്കെട്ടി, ഒരു പേരുമിട്ട് ജനയുഗം പത്രാധിപർക്ക് അയച്ചുകൊടുത്തു.
അതോടെ മനസ്സിലെ ഭാരം ഇറങ്ങി. ഞാൻ ചെയ്ത
ദുഷ്‌കൃത്യം മറന്നു. മാസങ്ങൾക്കുശേഷം ഞാൻ കുളിച്ചുകൊണ്ട്
നിൽക്കുമ്പോൾ സഹമുറിയനും കാർടൂണിസ്റ്റുമായ ഗംഗൻ വാതി
ലിൽ തുടരെ മുട്ടിവിളിച്ചു. കാര്യമറിയാതെ നനവോടെ പുറത്തുവന്ന
എന്റെ പകച്ച മുഖത്ത് നോക്കി ഗംഗൻ പറഞ്ഞു: ”ബാൽക്കീ,
തന്റെ നോവൽ ജനയുഗം പ്രസിദ്ധീകരിക്കുന്നു”.
അയാൾ ജനയുഗത്തിൽനിന്നും വന്ന കാമ്പിശ്ശേരിയുടെ കത്ത്
എനിക്കു നീട്ടി.
‘നോവൽ ജനയുഗം വാരികയിൽ പ്രസിദ്ധീകരിക്കുവാൻ പത്രാധിപസമിതി
ഐകകണ്‌ഠ്യേന തീരുമാനിച്ചിരിക്കുന്നു’.
വിശ്വാസം വരാതെ, ആ കത്ത് എത്രതവണ വായിച്ചു എന്നെ
നിക്കറിയില്ല. ഇപ്പോൾ അത് ബാലിശമായിരുന്നു എന്ന് തോന്നു
ന്നുവെങ്കിലും അന്നത്തെ എന്റെ മാനസികനില അതായിരുന്നു.
നോവൽ പ്രസിദ്ധീകരിക്കുമ്പോൾ വായനക്കാരിൽനിന്നു
ലഭിച്ച സ്വീകരണം എന്റെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തായി
രുന്നു. പ്രശസ്തരും അപ്രശസ്തരും നോവലിനെ ഒരുപോലെ പ്രകീർ
ത്തിച്ചു. അതൊക്കെ എടുത്തെഴുതി പഴയ പെരുമകളിൽ ഊറ്റം
കൊള്ളാൻ താൽപര്യമില്ല. നോവലിനെക്കുറിച്ച് നല്ല വാക്കുകൾ
പറഞ്ഞവരുടെ കൂട്ടത്തിൽ പ്രൊ. എസ്. ഗുപ്തൻനായരും എ.പി.പി.
നമ്പൂതിരിയും സി.വി. ഗോവിന്ദനും ഉൾപ്പെടുന്നു എന്നുമാത്രം
സൂചിപ്പിക്കട്ടെ.
‘
നഗരത്തിന്റെ മുഖം’ എന്ന ആദ്യനോവലിനെ വെളിച്ചത്തുകൊണ്ടുവന്നത്
കാമ്പിശ്ശേരി കരുണാകരൻ എന്ന മഹാനായ
പത്രാധിപരാണ് (നോവൽ 1967 ജൂലൈ 2 മുതൽ ഡിസംബർ 10
വരെയുള്ള ജനയുഗം വാരികകളിലാണ് പ്രസിദ്ധീകരിച്ചത്).
എനിക്ക് അദ്ദേഹത്തെയോ അദ്ദേഹത്തിന് എന്നെയോ അറിയി
ല്ലായിരുന്നു. ഒരു നിയോഗംപോലെ ആ നോവൽ അദ്ദേഹത്തിന്റെ
കണ്ണിൽ പെട്ടില്ലായിരുന്നെങ്കിൽ അതിന്റെ ഗതി എന്തായിരിക്കുമെന്ന്
എനിക്ക് ഊഹിക്കാനാവില്ല. ഒരുപക്ഷേ മറ്റേതെങ്കിലും
പത്രാധിപരുടെ ചവറ്റുകൊട്ടയിൽ അത് ചെന്നെത്തിയേനെ. ഇനി
നാട്ടിൽ വരുമ്പോൾ ജനയുഗത്തിൽ വരണമെന്ന് പത്രാധിപർ പല
കത്തുകളിലും എഴുതാറുണ്ടായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം
അത് ധിക്കരിക്കാൻ വയ്യാത്ത ആജ്ഞയായിരുന്നു.
കാമ്പിശ്ശേരി കരുണാകരൻ എന്റെ കാണപ്പെട്ട ദൈവമായിരുന്നു.
എറണാകുളത്തിനപ്പുറത്തെ ലോകം കണ്ടിട്ടില്ലാത്ത എനിക്ക്
കൊല്ലം കേട്ടുകേൾവി മാത്രം; ‘കൊച്ചി കണ്ടവന് അച്ചി വേണ്ട,
കൊല്ലം കണ്ടവന് ഇല്ലം വേണ്ട’ എന്നും മറ്റും…
ട്രാൻസ്‌പോർട്ട് ബസ്സുകൾ മാറിക്കയറി ചിന്നക്കടയിൽ ചെന്നി
റങ്ങുമ്പോൾ ക്ലോക്ക് ടവറും നഗരവെളിച്ചങ്ങളും കൺമിഴിച്ച് അപരിചിതനായ
എന്നെ നോക്കി. എനിക്ക് കടപ്പാക്കടയിലെ ജനയുഗം
ഓഫീസിലാണ് ചെന്നുപറ്റേണ്ടത് എന്നുപറഞ്ഞപ്പോൾ മാർഗനി
ർദേശം നൽകാൻ പലരും മുന്നോട്ടുവന്നു. ജനയുഗത്തിനും കമ്മ്യൂണിസ്റ്റ്
പാർട്ടിക്കും സാധാരണ ജനങ്ങൾക്കിടയിലുള്ള മതിപ്പ് എനി
ക്കൂഹിക്കാനായി. കടപ്പാക്കടയിലേക്കുള്ള ബസ് എന്നെ കൃത്യ
മായി ജനയുഗം ഓഫീസിനു മുന്നിൽ കൊണ്ടിറക്കി. സന്ധ്യയായി
രുന്നെങ്കിലും പലരും ഓഫീസിലിരുന്ന് ജോലിചെയ്യുന്നുണ്ടായിരു
ന്നു. വാതിൽക്കൽ സംശയിച്ചുനിന്ന എന്നെ കണ്ട് നല്ല ഉയരത്തി
ലുള്ള ഒരാൾ പുറത്തേക്കു വന്നു. ഞാൻ ബോംബെയിൽനിന്നാണെന്നു
പറഞ്ഞപ്പോൾ വിതുര ബേബി എന്ന ആ മനുഷ്യൻ
ഞാനാരാണെന്ന് ഊഹിച്ചു.
”വാ, ചീഫിന്റെ അടുത്തേക്ക് പോകാം” എന്നുപറഞ്ഞ് മുഖ്യ
പത്രാധിപരുടെ മുമ്പിൽ കൊണ്ടുപോയി. അവിടെ ധാടിയും
മോടിയും ഒന്നുമില്ലാതെ സാക്ഷാൽ കാമ്പിശ്ശേരി കരുണാകരൻ.
കറുത്ത് മെലിഞ്ഞ് നീണ്ട രൂപം. കഷണ്ടിക്ക് അതിരിടുന്ന നരച്ച
കുറ്റിരോമങ്ങൾ. പോലീസ്‌വേട്ടയും ജയിൽജീവിതവും നാടകാഭി
നയവും കൂടി തളർത്തിയ ശരീരം. അദ്ദേഹം ഒരു ശ്വാസകോശത്തി
ന്മേലാണ് ജീവിക്കുന്നത് എന്ന് ഞാൻ കേട്ടിരുന്നു. വളരെ താഴ്ന്ന
ശബ്ദത്തിൽ സംസാരിക്കുന്നതും ഞാൻ സംസാരിക്കുമ്പോൾ
ചെവിക്കു മീതെ കൈക്കുമ്പിൾ വയ്ക്കുന്നതും അദ്ദേഹത്തിന്റെ
പ്രത്യേകതയായി ഞാൻ ശ്രദ്ധിച്ചു. മേശപ്പുറം നിറയെ പത്രങ്ങളും
വാരികകളും മാസികകളും കയ്യെഴുത്തുപ്രതികളും. സ്‌നേഹോദാരനായി
അദ്ദേഹം സംസാരിച്ചു. ജോലി, കുടുംബം മുതലായ വിവര
ങ്ങൾ ചോദിച്ചറിഞ്ഞു. നോവലിനെക്കുറിച്ച് നല്ല അഭിപ്രായം പറ
ഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായത്തിന്റെ വെളിച്ചത്തിലാവാം
പിന്നീട് ചിത്രകാർത്തികയ്ക്കു വേണ്ടി വൈക്കം ചന്ദ്രശേഖരൻ
നായരും കുങ്കുമത്തിനുവേണ്ടി കൃഷ്ണസ്വാമി റെഡ്ഡ്യാരും നോവലുകൾ
ആവശ്യപ്പെട്ടതെന്ന് ഞാൻ ഊഹിച്ചു. കുങ്കുമത്തിൽ കുതിര
എന്ന നോവലും ചിത്രകാർത്തികയിൽ അപഭംഗം എന്ന
നോവലും പ്രസിദ്ധീകരിക്കുകയുണ്ടായി.
അന്നുതന്നെ ജനയുഗം വാരികയിൽ ശാസ്ര്തകൗതുകം എന്ന
പംക്തി കൈകാര്യം ചെയ്തിരുന്ന ഇഗ്‌നേഷ്യസ് കാക്കനാടൻ, കവി
യായ കിഴുത്താനി അരവിന്ദൻ, വാരികയിൽ ചിത്രീകരണം നിർവഹിച്ചിരുന്ന
ആർടിസ്റ്റ് ഗോപാലൻ, ആര്യാട് ഗോപി മുതലായവരെ
പരിചയപ്പെട്ടു എന്നാണോർമ. എന്തായാലും അന്നുമുതൽ ജനയുഗം
പ്രസിദ്ധീകരണം നിലയ്ക്കുംവരെ ഞാൻ ആ കുടുംബത്തിലെ
ഒരംഗമായിരുന്നു.
കാമ്പിശ്ശേരി ബേബിയോട് എന്റെ താമസസൗകര്യവും മറ്റും
ശരിപ്പെടുത്താൻ പറഞ്ഞു. പിറ്റേദിവസം യാത്രപറഞ്ഞിറങ്ങുമ്പോൾ
അദ്ദേഹം എന്നോട് രണ്ടു കാര്യങ്ങൾ ചെയ്യാമെന്ന ഉറപ്പു
വാങ്ങി. ഒന്ന്, നാട്ടിൽ ചെല്ലുമ്പോൾ ജനയുഗത്തിൽ നിശ്ചയമായും
വരണം. രണ്ട്, ജനയുഗം ഓണം വിശേഷാൽപ്രതിയിലേക്ക്
എല്ലാ കൊല്ലവും ഒരു കഥ അയയ്ക്കണം. കാമ്പിശ്ശേരിയുടെ മരണം
വരെ ഞാനെന്റെ വാക്കു പാലിച്ചു. നഗരത്തിന്റെ മുഖത്തിന്റെ
ആദ്യപതിപ്പ് ജനയുഗംതന്നെ പ്രസിദ്ധീകരിച്ച് എൻ.ബി.എസ്.
വിതരണം ചെയ്യുകയായിരുന്നു. ആ പുസ്തകത്തിൽ കാമ്പിശ്ശേരി
യുടെ ഒരു മുഖക്കുറിപ്പും ചേർത്തിരുന്നു. അദ്ദേഹത്തോടുള്ള എന്റെ
ആദരവിന്റെ സൂചന. സാധാരണ ഞാൻ എന്റെ പുസ്തകങ്ങളിൽ
മറ്റാരുടെയും കയ്യൊപ്പ് ചാർത്താറില്ല. അവ നല്ലതാണെങ്കിലും
കൊള്ളരുതാത്തതാണെങ്കിലും ശുപാർശകളും ഭംഗിവാക്കുകളും
കൂടാതെ നിലനിന്നാൽ മതി. തുടർന്ന്, ഓരോതവണ കേരളം സന്ദ
ർശിക്കുമ്പോഴും ഒരു മഹൽസന്നിധിയിലേക്കുള്ള തീർത്ഥയാത്രപോലെ
ഞാൻ ജനയുഗം ഓഫീസിൽ പോയി കാമ്പിശ്ശേരിയെ
കണ്ടു. എന്നു ചെല്ലുമ്പോഴും ജനയുഗത്തിന് അടുത്ത നോവൽ
എപ്പോൾ എന്ന ചോദ്യമുണ്ടാവും. പിന്നീട് എന്റെ നാലു നോവലുകൾ
(മൃഗതൃഷ്ണ, കയ്പ്, ഫർണസ്, സഞ്ചയനം) ജനയുഗം
വാരികയിലാണ് വെളിച്ചം കണ്ടത്.
ഒരു സന്ദർഭത്തിൽ ഞാൻ ജനയുഗത്തിൽ ചെന്നപ്പോൾ പ്രമുഖരായ
പല പാർട്ടിസഖാക്കളും അവിടെയുണ്ടായിരുന്നു. സി. ഉണ്ണി
രാജ, എം.എസ്. ദേവദാസ്, തെങ്ങമം ബാലകൃഷ്ണൻ തുടങ്ങി
ചിലർ. കാമ്പിശ്ശേരി എന്നെ അവർക്ക് പരിചയപ്പെടുത്തി. ഞാൻ
അണുശക്തി ഗവേഷണസ്ഥാപനത്തിലാണ് ജോലിചെയ്യുന്നതെ
ന്നറിഞ്ഞപ്പോൾ അതൊരു ദീർഘസംവാദത്തിന് തുടക്കം കുറിച്ചു.
അവരുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി പറയാനുള്ള അറിവ്
എനിക്കുണ്ടായിരുന്നില്ല. എങ്കിലും വളരെ സാർത്ഥകമായ രീതി
യിൽ ഞങ്ങൾക്ക് ആശയങ്ങൾ കൈമാറാൻ കഴിഞ്ഞു എന്നാണോ
ർമ. ഇവരിൽ തെങ്ങമം ബാലകൃഷ്ണനൊഴികെയുള്ളവരെ
കുറിച്ച് എനിക്ക് ഒരു വിവരവുമില്ല.
മറ്റൊരു സന്ദർശനവേളയിലാണ് കഥയുടെ കുലപതിയായ
കാക്കനാടനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞത്. ആ
ദിവസം അവിസ്മരണീയമാക്കിയതിന്റെ എല്ലാ മേന്മയും അദ്ദേഹ
ത്തിന് അവകാശപ്പെട്ടതാണ്. ബേബിച്ചായൻ എന്ന് അടുപ്പമുള്ള
വർ വിളിക്കുന്ന ജോർജ് വർഗീസ് കാക്കനാടൻ ജനയുഗത്തിലി
രുന്നുതന്നെ മാതൃഭൂമിയിലും മറ്റാനുകാലികങ്ങളിലും മനോഹര
കഥകളെഴുതി വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന
ഡോക്ടർ ടി.എൽ. ജോൺസ് (ഇദ്ദേഹം പിന്നീട് എഴുത്തിൽനിന്ന്
പിൻവാങ്ങി ആതുരശുശ്രൂഷയിൽ മാത്രം മുഴുകി എന്നു തോന്നു
ന്നു), എസ്.എൻ. കോളേജ് ലെക്ചറർമാരായ ഹരിദാസ്, ജി.
സോമനാഥൻ മുതലായവരെ വിളിച്ചുവരുത്തി. ജി. സോമനാഥൻ
ജനയുഗത്തിലും മറ്റും കാർടൂണുകൾ വരച്ചിരുന്നു എന്നുകൂടി ഓർ
മിക്കട്ടെ. വിതുര ബേബിയുൾപ്പെടെ ഞങ്ങൾ ആറുപേർ പല മദ്യ
ശാലകളിൽനിന്നും ലഹരി നുണഞ്ഞു. ലഹരിയുടെ നിറവിൽ
കാട്ടാക്കട മൈതാനത്തിൽ കഴിച്ച ഒരു രാത്രി ഇന്നും എന്റെ ജീവി
തത്തിൽ ഉണർന്നിരിക്കുന്നു.
അതിനുശേഷം കാക്കനാടനെ കാണുന്നത് ‘മുംബയ് കാക്ക’
യുടെ ഉദ്ഘാടനത്തിന് 2010 സെപ്തംബർ 12-ന് അദ്ദേഹം മുംബയിൽ
വന്നപ്പോഴാണ്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില
മോശമായിരുന്നതിനാൽ ഞങ്ങൾക്ക് ഒരിടത്ത് ഒത്തുകൂടി സൈ്വരമായി
സംസാരിക്കാൻ കഴിഞ്ഞില്ല. ആ ഖേദം ബാക്കിനിൽക്കുമ്പോഴും
അദ്ദേഹത്തിന്റെ മനസ്സിൽ ഞാനും എന്റെ നോവലും
ജീവിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. എന്റെ ആദ്യനോവലിന്റെ
ജീവിതം ഇനിയും അവസാനിച്ചിട്ടില്ലല്ലോ! ആളുകളെ
വിളിച്ചുകൂട്ടിയുള്ള ആഘോഷങ്ങളേക്കാൾ ചിലരുടെ മനസ്സിലെ
നിശ്ശബ്ദസാന്നിദ്ധ്യമാണെനിക്കിഷ്ടം.