സൗഹൃദങ്ങൾ പലപ്പോഴും
നിഴലുകൾ പോലെയാണ്…
ഏതു വെളിച്ചത്തിലും ഒപ്പം നടക്കും!
നമ്മെ ചിരിപ്പിച്ച്
ഇടയ്ക്ക് കണ്ണുപൊത്തിക്കളിച്ച്
പുടവത്തുമ്പു പിടിച്ചു വലിച്ചു കുസൃതി കാട്ടി
ചാഞ്ഞും ചരിഞ്ഞും ചേർന്നും
വെളിച്ചം പങ്കിട്ടെടുത്ത്
ഒപ്പമുണ്ടാകും…
എന്നാൽ
എങ്ങാനുമൊരു മഴക്കാറു കണ്ടാൽ,
അർക്കനക്കരെ എത്താറായെന്നു കണ്ടാൽ
ഒരു വാക്കു പോലും ഉരിയാടാതെ
ഒരു ശേഷിപ്പും ബാക്കിവയ്ക്കാതെ
ഇരുളിൽ നമ്മെ തനിച്ചാക്കി പോയ്മറയും
പിന്നെയും
വെളിച്ചമെത്തുമ്പോൾ തിരികെ വരാനായി
നമ്മിലെ വെളിച്ചം മാത്രം പങ്കിട്ടെടുക്കാനായി.