എന്റെ നീളന്‍ മുടികളില്‍
നനഞ്ഞെന്ന്
നീ,
പറയുമ്പോഴൊക്കെ
മഴത്തുള്ളിയുടെ
കണ്ണാടിത്തൊലിക്കുള്ളില്
ഹാ…
നിന്റെ,
സ്ഫടിക കണ്ണുകള്‍…
പച്ച പായലുകളിലെ
കുഞ്ഞന്‍ തലപ്പൊക്കങ്ങളെ നോക്കി
തളിര്പ്പുകളെന്ന്…
തളിര്പ്പുകളെന്ന്..
നീ,
പിറുപിറുത്തപ്പോഴൊക്കെ
മണ്ണില്‍ പതിഞ്ഞ്
പിറ്റേന്നൊരു മഴയത്ത്
നെഞ്ചു പിളര്‍ന്നൊരു
കൂണാവാനുള്ള
എന്റെ,
തുടിപ്പുകള്‍…
മത്തു പിടിച്ചിട്ടുള്ളത്
പച്ച മണ്ണിന്റെ
തുളയ്ക്കുന്ന,
ഗന്ധത്തിനോടെന്ന്…
തമ്മില്‍ ഇടകലരുമ്പോള്‍
പൊന്തുന്നത്
പുതുമഴയിലെ
മണ്ണിന്റെ മണമെന്ന്…
ഒരു പാതിരാ മഴയത്ത്
മുലക്കണ്ണുകളില്‍ നിന്നും
ഊര്‍ന്നു വീഴുന്ന
മഴയെ കുറിച്ച്
ഉള്ളംകയ്യില്‍
അതു പടര്‍ത്തിയേക്കാവുന്ന
ദോലനങ്ങളെ കുറിച്ച്,
നീ
കവിത പോലുമെഴുതി
നീ മരമായപ്പോള്‍
ഋതു ആവാതെ വയ്യെന്നായി
ഋതുക്കളില്‍,
വര്‍ഷവും വസന്തവുമായി…
ഒരേ മഴയാല്‍
നനഞ്ഞ്
കാറ്റില്‍ ഇല പോലെയും
ജലത്തില്‍ പൂക്കള്‍ പോലെയും
നീ
ഞാന്‍
നമ്മള്…
മുറ്റത്ത് ചെരിഞ്ഞ്
പെയ്യുന്നുണ്ടൊരു മഴ….
കുതിരുന്നുണ്ട്
നമ്മുടെയാ
പഴയ പ്രണയം
ചുമര് ചിത്രങ്ങളില്‍ നിന്നെന്ന പോലെ
ഒലിക്കുന്നുണ്ട്
പച്ചയും മഞ്ഞയും
ചുവപ്പുമായി
നിറങ്ങള്‍
നമ്മള്…