(സിംഹള – തമിഴ് സംഘർഷമായി പൊതുവേ മനസ്സിലാക്കപ്പെട്ട ശ്രീലങ്കൻ ആഭ്യന്തര യുദ്ധമുഖം അത്യന്തം ഹീനമായ മറ്റൊരു നരമേധത്തിന്റെയും വംശ വെറിയുടെയും കൂടി കഥ ഉൾക്കൊള്ളുന്നുണ്ട്. സംഘർഷത്തിന്റെ ആദ്യ നാളുകളിൽ വിശ്വസിച്ചു കൂടെ നിന്ന മുസ്ലിം ജനസാമാന്യത്തിനു നേരെ ഈലം സൈന്യം അരങ്ങേറിയ വംശഹത്യയിൽ കുറഞ്ഞ ഒന്നുമല്ലാത്ത ആ അത്യാചാരങ്ങളുടെ പരിണതിയോടൊപ്പം മുസ്ലിം മൗലികതയുടെ സ്ത്രീ വിരുദ്ധത എങ്ങനെയാണ് സമുദായത്തിലെ ഉണരുന്ന സ്ത്രീത്വത്തെ ജീവനോടെ അടക്കിയത് എന്നതു കൂടി ഫിക്ഷന്റെ കേന്ദ്രവിഷയമാക്കുന്ന നോവൽ എന്ന നിലയിൽ ഏറെ പ്രസക്തമാണ് ശർമിള സയ്യിദിന്റെ ‘ഉമ്മത്ത്’ എന്ന നോവൽ).
കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുണ്ടായിട്ടുള്ള യുദ്ധഭൂമികളിൽ സ്ത്രീജീവിതം നേരിടേണ്ടി വന്നിട്ടുള്ള ഭീകര ദുരിതങ്ങൾക്ക് ഗാസയും കൊസോവോയും കാശ്മീരും കുർദിസ്ഥാനും ശ്രീലങ്കയും മ്യാന്മറും എല്ലാം വേണ്ടുവോളം സാക്ഷ്യം
വഹിച്ചിട്ടുണ്ട്. ചുരുക്കം ചിലയിടങ്ങളിൽ സായുധസംഘർഷങ്ങളിൽ ഇരയെന്നതിനപ്പുറം കർതൃത്വവും അവർക്കുണ്ടായിട്ടുണ്ടെന്നത് പക്ഷെ ആ ഇരവത്കരണത്തെ ഒട്ടും ലഘൂകരിച്ചിട്ടില്ല എന്ന് മാത്രമല്ല; അതവരുടെ സഹനത്തെ ഇരട്ടിയാക്കുകയേ ചെ
യ്തിട്ടുള്ളൂ. ഫലസ്തീൻ പോരാളികളും സ്ത്രീകളെ പോരാളികളോ ആത്മഹത്യാ ബോംബർമാരോ ആയി ധാരാളം ഉപയോഗിച്ചിട്ടുണ്ടെങ്കിലും തമിഴ് ഈലം പോരാട്ടത്തിലാണ് സ്ത്രീ സൈനികരെ വൻതോതിൽ ഉപയോഗിക്കപ്പെട്ടത്. യുദ്ധമുന്നണികളിൽ ബാല സൈനികരായോ വനിതാ ഗറില്ലകളായോ പ്രവർത്തിക്കേണ്ടി വന്നവർക്ക് യുദ്ധാനന്തരവും ആയുസ്സ് ബാക്കിയുണ്ടെങ്കിൽ പൊതുസമൂഹത്തിലേക്കുള്ള തിരിച്ചു വരവ് പ്രായേണ അസാധ്യമായിത്തന്നെയിരുന്നു. അവർ ഒന്നുകിൽ കൊലയാളികളായി കരുതപ്പെട്ടു, അല്ലെങ്കിൽ നടക്കും ഭൂതങ്ങളായി അകറ്റി നിർത്തപ്പെട്ടു, അതുമല്ലെങ്കിൽ മനസ്സിനേറ്റ മുറിവുകളുടെ ഭാരം സമൂഹവുമായി ഇനിയൊരു സമരസപ്പെടൽ അവർക്ക് സ്വയം അസാധ്യമായി. ശ്രീലങ്കൻ കലാപങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീജീവിതങ്ങൾ നേരിടേണ്ടി വന്ന സംഘർഷങ്ങൾ ശക്തമായ രീതിയിൽ ഫിക്ഷനിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും അവയിൽ പലതും സിംഹള ഭൂരിപക്ഷ പ്രതിനിധാനമായ ദേശീയ സൈന്യവും
തമിഴ് വംശജരുടെ പ്രതിനിധാനമായ ഈലവും തമ്മിലുള്ള പോരാട്ടത്തിന്റെ ദുരന്തവും 2009-ലെ അന്തിമ പരിഹാരമായിരുന്ന ആ വംശഹത്യയിലേക്ക് നയിച്ച സംഘർഷങ്ങളുമാണ് ആഖ്യാന കേന്ദ്രമാക്കിയത്.
ഈലം യുദ്ധത്തിലെ പെൺപോരാളികൾ
മൂന്നു യുവതികളുടെ ഇഴകോർക്കുന്ന ജീവിതങ്ങളിലൂടെ ശ്രീലങ്കൻ-തമിഴ് സംഘർഷങ്ങളുടെ അവസാന ദശകങ്ങളും ആ അന്തിമ ഉന്മൂലനത്തിന്റെ തുടർന്നുള്ള നാളുകളും വരെ നീളുന്ന ഇതിവൃത്ത ധാരയാണ് നോവലിനുള്ളത്. സിംഹള ഭൂരിപക്ഷ ഭരണത്തിൽ തമിഴ് ജനത നേരിടേണ്ടി വന്ന കൊടിയ വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ ഈലം പ്രസ്ഥാനം അതിന്റെ പ്രഖ്യാപിത നയത്തിൽ നിന്ന് ബഹുദൂരം അകന്നു പോകുകയും ആരുടെ സംരക്ഷണമാണോ ലക്ഷ്യമായി പ്രഖ്യാപിച്ചത് അവരുടെ ജീവിതം പതിന്മടങ്ങ് ദുസ്സഹമാക്കും വിധം ഹിംസാത്മകമായി തീരുകയും ചെയ്തത് ചരിത്രം. യുദ്ധത്തിൽ തങ്ങളുടെ സർവസ്വവും ജീവനും അർപ്പിച്ചവർക്കുണ്ടായ അനുഭവങ്ങൾ നോവലിൽ വിവരിക്കുന്നുണ്ട്:
”മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന യുദ്ധത്തിൽ കുറെ പേർ മഹത്തായ മരണം വരിച്ചു; ചിലർ ആത്മഹത്യാ ബോംബർമാരായി, തങ്ങളുടെ പ്രവൃത്തി നൂറുകണക്കിന് മരണങ്ങളിൽ കലാശിക്കുന്നതിനെ കുറിച്ച് ചിന്തിക്കാതിരിക്കാൻ പഠിപ്പിക്കപ്പെട്ട നിലയിൽ, തങ്ങളുടെ ഉടലിന്റെ മധ്യഭാഗത്ത് കെട്ടിവച്ച ബോംബുമായി, ഒരു ബസ്സിലോ അല്ലെങ്കിൽ ഏതെങ്കിലും പൊതു സ്ഥലത്തോ ഉള്ള ഒരു സിംഹള ഓഫീസറുടെ വധത്തിനു വേണ്ടി, സ്വയം ആഹൂതി ചെയ്തു; ചിലർ യുദ്ധത്തിന്റെ അന്ത്യഘട്ടങ്ങളിൽ ചാരന്മാരായി മറുപക്ഷം ചേർന്നു, ചിലരെ ശ്രീലങ്കൻ സൈന്യം കടത്തിക്കൊണ്ടു പോയി, പിന്നീട് അവരെ കുറിച്ച് ആരുമൊന്നും കേട്ടതേയില്ല; ചിലർ കീഴടങ്ങി പീഡന വിധേയരാകുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്തു; ബാക്കിയായ ചുരുക്കം ചിലർക്കാണ് ഒരു പുതു ജീവിതത്തിന് ഈ അവസരം നൽകപ്പെട്ടത്”.
ഈ പരിണാമത്തിന്റെ കണ്ണാടിയായി നോവലിൽ കടന്നു കഥാപാത്രമായ തെയ്വെനായി എന്ന യുവതി സാധാരണ കർഷക കുടുംബത്തിലെ അംഗമാണ്. ശ്രീലങ്കൻ സൈന്യത്തിന്റെ കൊടിയ തമിഴ് വിരുദ്ധ അക്രമത്തിന്റെ രണ്ടു സന്ദർഭങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നതാണ് അവളെ എൽ ടി ടി ഇ യിൽ എത്തിക്കുക. 2003-ൽ ഗൂഢമായ തന്ത്രത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച കപട സന്ധിയുടെ കാലത്ത് ഗറില്ലാ സൈനികാംഗങ്ങൾക്ക് ഈലം നൽകിയ അവധിക്ക് വീട്ടിലേക്ക് മടങ്ങുകയും യുദ്ധം പുനരാരംഭിച്ചപ്പോൾ അതിനോടകം തന്റെ മനസ്സിൽ ഈലത്തിന്റെ പ്രവർത്തനത്തെ കുറിച്ചു ഉടലെടുത്തിരുന്ന അസംതൃപ്തികളുടെ പശ്ചാത്തലത്തിൽ പിന്നീട് തിരികെ പോകാതെ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്തവൾ. സമൂഹത്തിലേക്കു വീണ്ടും ഇണങ്ങിച്ചേരുക, നിലനില്പിന് ഒരു മാർഗം കണ്ടെത്തുക എന്നതൊക്കെയാണ് തെയ്വെനായി നേരിടുന്ന വെല്ലുവിളികൾ.
വെടിനിർത്തലിന്റെ പുകമറ സൃഷ്ടിച്ച്, അതേ സമയം രഹസ്യമായി പാകിസ്ഥാന്റെയും ചൈനയുടെയും സൈനിക സഹകരണം നേടിയെടുത്ത ശ്രീലങ്കൻ സൈന്യത്തോടൊപ്പം, തമിഴ് ജനത രക്ഷകരായി കണ്ടിരുന്ന ഇന്ത്യയും കൂട്ടുകൂടിയത് ഈലം പോരാളികളെ ജീവന്മരണ യുദ്ധത്തിലേക്ക് എത്തിക്കുകയായിരുന്നു. മറ്റൊരു കേന്ദ്ര കഥാപാത്രവും നോവലിലെ ദു:ഖപുത്രിയുമായ യോഗയാവട്ടെ, മൂന്നു പെൺമക്കൾ ഉള്ള ദരിദ്ര കുടുംബത്തിന്റെ ഗതികേടുകളിൽ ജീവിതം കൈമോശം വന്നു പോകുന്നവളാണ്. സൈന്യം ഏതു നിമിഷവും എത്താമെന്ന അവസ്ഥയിൽ പ്രായപൂർത്തിയായ മൂത്ത മകളുടെയും തീരെ കുഞ്ഞായ ഇളയ മകളുടെയും സംരക്ഷണം ഉറപ്പു വരുത്താനുള്ള വ്യഗ്രതയിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി അന്യ വീട്ടിൽ വേലക്കാരിയായി പോകേണ്ടി വന്നവൾ. ബാലവേലയിലെ ഗാർഹിക പീഡനത്തിന്റെ തികഞ്ഞ മാതൃകയായ അനുഭവങ്ങളിൽ മനം മടുത്ത് ജീവിതം അവസാനിപ്പിക്കാനുള്ള വഴിയായാണ് അവൾ ഒളിച്ചോടി പതിമൂന്നാം വയസ്സിൽ തമിഴ് പുലിയായിത്തീരുക. എന്നാൽ അവിടെ നിനച്ചിരിക്കാത്ത പ്രണയം പോലും അവളുടെ അനാഥത്വത്തിലേക്ക് ജീവിതാശയായിത്തീരുന്നു. അനിവാര്യമായ ദുരന്തത്തിൽ അത് ഒടുങ്ങുകയും ചെയ്യുന്നു.
2009-ലെ അന്തിമ യുദ്ധത്തിനു ശേഷം അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ തമിഴ് പുലികളോട് മാന്യമായാണ് പെരുമാറിയത് എന്ന നാട്യം നിലനിർത്തുന്നതിന്റെ ഭാഗമായി വിട്ടയയ്ക്കപ്പെടുന്ന ചുരുക്കം വികലാംഗരിൽ ഉൾപ്പെടുന്നതിലൂടെ യോഗ വീട്ടിൽ തിരികെയെത്തുക സമ്പൂർണ നിരാസത്തിലേക്കാണ്. വത്സല അക്കയ്ക്ക് അവളെന്നും ചതുർത്ഥിയായിരുന്നു; ഏട്ടത്തിയെ ആശ്രയിച്ചു കഴിയുന്ന അമ്മയ്ക്കും. അനിയത്തി കല മാത്രം അവളുടെ ദൈന്യം മനസ്സിലാക്കുന്നുവെങ്കിലും അവളുടെ വിവാഹം തീരുമാനിക്കപ്പെടുന്നതോടെ വികലാംഗയും മുൻ തമിഴ് പുലിയുമായ അപശകുന ജന്മത്തെ ഒഴിവാക്കിക്കിട്ടാൻ ചേച്ചിയും അമ്മയും കോപ്പ് കൂട്ടുന്നു. സ്നേഹമയിയായ അനിയത്തിയുടെ സഹായത്തോടെ അവൾക്ക് അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗം തുറന്നു കിട്ടുന്നുവെങ്കിലും ദുരന്തം വിധിക്കപ്പെട്ട ഒരു കഥാപാത്രമായി നോവലിസ്റ്റ് യോഗയെ കണ്ടെടുക്കുന്നത് ഹൃദയ ദ്രവീകരണവും ആത്യന്തിക വിശദീകരണങ്ങൾ ഇല്ലാത്തതുമായ ഒരന്ത്യത്തിലേക്ക് അവളെ വലിച്ചിഴയ്ക്കുന്നു.
പോരാട്ടത്തിന്റെ മുസ്ലിം വിരുദ്ധത
എന്നാൽ, ജനസംഖ്യയിൽ തമിഴ് വംശജരോളം വരില്ലെങ്കിലും ഗണ്യമായ ഒരു വിഭാഗംതന്നെയായിരുന്ന മുസ്ലിം ജനത അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങൾ ബഹുമുഖമായിരുന്നു. കലാപത്തിന്റെ ആദ്യ നാളുകളിൽ ഈലം പോരാളികളോടൊപ്പം നിലയുറപ്പിച്ച മുസ്ലിം വിഭാഗം അതിക്രൂരമായി ഒറ്റിക്കൊടുക്കപ്പെപ്പെട്ടു. സിംഹള ഭൂരിപക്ഷ സൈന്യം തമിഴരോട് എന്ത് ചെയ്തുവോ അത് തമിഴ് സൈന്യം മുസ്ലിം ന്യൂനപക്ഷത്തോട് ചെയ്തു; അതിന്റെ എല്ലാ ഭീകരതയിലും നെറികേടിലും. അവരുടെ ഫലഭൂയിഷ്ഠമായ മണ്ണും സർവസ്വവും തട്ടിയെടുക്കപ്പെടുകയും അവർ കിടപ്പാടം നഷ്ടപ്പെട്ട അഭയാർത്ഥികൾ ആയിത്തീരുകയും ചെയ്തു. അവരുടെ സ്ത്രീകളുടെ മാനം ഒരു യുദ്ധലക്ഷ്യമായിത്തീർന്നു.
ഒരർത്ഥത്തിൽ, തമിഴ് ജനത വലിയ ശത്രുവിൽ നിന്ന് നേരിട്ട ദുരന്തത്തേക്കാൾ ഭീകരമായിരുന്നു മുസ്ലിം ജനതയുടെ വിധി: അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ യുദ്ധനിയമങ്ങളുടെ നാട്യമെങ്കിലും തുടരാൻ നിർബന്ധിതരായിരുന്ന ശ്രീലങ്കൻ സൈന്യം പേരിനെങ്കിലും നിലനിർത്തിയ അഭയാർത്ഥികേന്ദ്രങ്ങൾ തമിഴ് സിവിലിയന്മാർക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ, അത്തരം നിയമങ്ങളുടെ നാട്യമൊന്നും ഈലം വിമത സർക്കാരിന്റെ ബാധ്യതയായിരുന്നില്ലാത്തതുകൊണ്ട് മുസ്ലിം ജനത അക്ഷരാർത്ഥത്തിൽ കാലുകുത്താൻ ഇടമില്ലാത്തവരായിത്തീർന്നു. തമിഴ് ഈലം ആധിപത്യം ഉറപ്പിച്ച വടക്ക് കിഴക്കൻ മേഖലകളിൽ വംശഹത്യയിൽ കുറഞ്ഞ ഒന്നുമായിരുന്നില്ല മുസ്ലിം ജനത തമിഴ് പോരാളികളിൽ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. ശ്രീലങ്കൻ ചരിത്രത്തിൽ ആദ്യമായി ‘വംശീയ ശുദ്ധീകരണം എന്ന ആശയം നടപ്പിലാക്കപ്പെട്ടത്മുസ്ലിം ജനതയ്ക്കെതിരെ എൽ ടി ടി ഇ യുടെ മേധാവിത്തത്തിൽ ആയിരുന്നു’ എന്ന് നോവലിൽ നിരീക്ഷണമുണ്ട്.
”ഈലം അധികൃതരുടെ പൂർണ സമ്മതത്തോടെ അവരോട് അതിക്രമങ്ങൾ നടത്തപ്പെട്ടു. പിഴുതെറിയപ്പെട്ട മുസ്ലിം ജനതയ്ക്ക് പലായനം ചെയ്യാൻ ഇടമുണ്ടായിരുന്നില്ല, അവർക്ക് വേണ്ടി ക്യാമ്പുകൾ പ്രവർത്തിച്ചില്ല. …. വടക്ക് നിന്ന് അനുരാധപുരത്തേക്കും പുട്ടലത്തേ
ക്കും ഉള്ള റോഡുകൾ ആയിരക്കണക്കിന് മുസ്ലിം അഭയാർത്ഥികളെ കൊണ്ട് നിറഞ്ഞു. ഇത് ശ്രീലങ്കൻ ചരിത്രത്തിലെതന്നെ ഏറ്റവും നിരാശാജനകവും മറക്കാനാവാത്തതുമായ ഒരു സന്ദർഭം ആയിരുന്നു”.
മുസ്ലിം ജനതയ്ക്കിടയിലെ സ്ത്രീകളാവട്ടെ ഈ നിലയില്ലാക്കയത്തിനൊപ്പം അടിമുടി പുരുഷകേന്ദ്രിതമായ മതസമൂഹത്തിൽ യാഥാസ്ഥിതിക-മൗലികവാദ കാർക്കശ്യങ്ങളുടെ
അധിക ഭാരം കൂടി ചുമക്കേണ്ടിയും വന്നു. ഈ പരിതോവസ്ഥയെ കൂടി ഫിക്ഷന്റെ കേന്ദ്ര പ്രമേയമാക്കി അവതരിപ്പിക്കുന്ന നോവൽ എന്ന നിലയിൽ ശർമിള സയ്യിദിന്റെ ‘ഉമ്മത്ത്’ ശ്രീലങ്കൻ സംഘർഷം അടയാളപ്പെടുത്തുന്ന കൃതികളിൽ വേറിട്ട് നിൽക്കുന്നു.
തായ്വെനായിക്ക് ബുക്ക് ബൈണ്ടിംഗ് പരിശീലനം നടത്താൻ അവസരം തേടി തവക്കുൽ സമീപിക്കുന്ന മുസ്ലിമായ പ്രസ്സുടമയുടെ പ്രതികരണത്തിലാണ് ഈലം സൈന്യം നടത്തിയ മുസ്ലിം വിരുദ്ധ ഹിംസയുടെ ശക്തമായ ചിത്രം ഏറ്റവും തെളിച്ചത്തോടെ ആവിഷ്കൃതമാകുന്നത്. ഒരു മുൻ തമിഴ് പുലിയെ അപ്രന്റീസ് ആക്കുന്നതുതന്നെ അയാൾക്ക് അചിന്ത്യമാണ്:
”ഇവരാണ് ഒരു കാരണവുമില്ലാതെ നമ്മെ ദ്രോഹിച്ചവർ. അവർ ഉറങ്ങിക്കിടന്ന ഗ്രാമങ്ങളിൽ ഒരു ദാക്ഷിണ്യവുമില്ലാത്ത കൂട്ടാക്കൊല നടത്തി. അവർ മനുഷ്യത്വവിരുദ്ധമായ ക്രൂരതകൾ അരങ്ങേറി. നിസ്സഹായരായ സ്ത്രീകളുടെ യോനികളിലേക്ക് ബയനറ്റുകൾ കുത്തിയിറക്കി അവരെ കീറിപ്പിളർത്തി. ഗർഭിണികളുടെ വയറു കീറി ഭ്രൂണഹത്യ നടത്തി, ഈ സമയത്തെല്ലാം അവർ ഭ്രാന്തമായി അലറിച്ചിരിച്ചു. അവരുടെ തീവ്രവാദവും മൗലികവാദവും പരിധിയില്ലാത്തതായിരുന്നു. മുസ്ലിം ജനസാമാന്യം ഇരയാക്കപ്പെട്ടു. കട്ടാംകുടി പള്ളിയിൽ നിസ്കരിച്ചു കൊണ്ടിരുന്ന പുരുഷന്മാരെ അവർ കൊന്നൊടുക്കി”.
എന്നാൽ, ഒരു വിഭാഗം തീവ്രവാദികളുടെ പ്രവൃത്തിക്കു തമിഴ് ജനതയെ ഒന്നടങ്കം ഉത്തരവാദിയായി കാണുന്നത് ശരിയല്ലെന്ന വിവേകമാണ് തവക്കുൽ ഉയർത്തിപ്പിടിക്കുക.
”നമുക്ക് യാഥാർത്ഥ്യ ബോധമുണ്ടായേ പറ്റൂ. ഈലം പ്രസ്ഥാനത്തിന്റെ തുടക്കത്തിൽ മുസ്ലിം യുവത അതിൽ ചേർന്ന് പോരാളികളായി എന്നത് നമുക്ക് നിഷേധിക്കാനാവില്ല. പ്രസ്ഥാനം നടത്തിയ അക്രമങ്ങൾ അത് മാനസികമായി രോഗബാധിതമായിരുന്നപ്പോൾ സംഭവിച്ചതായി നാം കണക്കാക്കണം. അത്തരം തെറ്റായ പ്രവൃത്തികളുടെ പേരിൽ ഒരു സമൂഹം മറ്റൊന്നിനെ വെറുക്കാൻ തുടങ്ങുകയും പ്രതികാരം ആഗ്രഹിക്കുകയും ചെയ്യുമ്പോൾ അത് സമൂഹത്തിന്റെ പുരോഗമനേച്ഛയുടെ അസ്തിവാരത്തെതന്നെ നശിപ്പിക്കും”. ഉഹ്ദ് യുദ്ധത്തിൽ പ്രവാചകന്റെ ഇളയച്ഛനായ ഹംസയുടെ കരൾ ചവച്ചരച്ച ഹിന്ദിന് പ്രവാചകൻ മാപ്പു കൊടുത്ത കാര്യം അവൾ അയാളെ ഓർമിപ്പിക്കുന്നു. തവക്കുലിന്റെ ദർശനം വംശീയതയുടെ അതിരുകൾ മാത്രമല്ല ഭേദിക്കുന്നത്. സമാന സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നുള്ള നോവലുകളിലും ഇതേതരം തിരിച്ചറിവുകൾ ഉള്ള കഥാപാത്രങ്ങളെ കണ്ടെത്താനാവും.
ഫലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ലബനീസ് നോവലിസ്റ്റ് എല്യാസ് ഖൗറിയുടെ ‘സൂര്യകവാടം’ എന്ന നോവലിലെ മുഖ്യ കഥാപാത്രമായ നാഹില തന്നെ ക്രൂരപീഡനത്തിനു വിധേയയാക്കുന്ന ഇസ്രായേലി അധികൃതരെ ഓർ
മിപ്പിക്കുന്നുണ്ട്: നിങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്നതുകൊണ്ട് നിങ്ങൾ ഞങ്ങളേക്കാൾ മികച്ചവരാണ് എന്നർത്ഥമില്ല. ഫലസ്തീനിയാണ് ഇന്നത്തെ ജൂതൻ. ഇന്നത്തെ ജൂതനോട് അന്നത്തെ പീഡിതൻ എന്ത് ചെയ്യും എന്ന് നമുക്കിനി കാണാം. റുവാണ്ടൻ
വംശഹത്യയുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഏറ്റവും ശ്രദ്ധേയമായ നോവലായ സെനഗലീസ് എഴുത്തുകാരൻ ബുബാക്കർ ബോറിസ് ഡിയോപ്പിന്റെ ‘മുറംബി: ദി ബുക്ക് ഓഫ് ബോൺസ്’ എന്ന കൃതിയിലെ വയോധികനായ സെമിയോൻ ഹബിനേസയെന്ന കഥാപാത്രം ഓർമിപ്പിക്കുന്നുണ്ട്: പീഡിപ്പിക്കപ്പെട്ടവർക്ക് അവരുടെ അനുഭവം ഒരു പ്രത്യേക ശ്രേഷ്ഠതയും നൽകുന്നില്ല. അവർ അവരെ പീഡിപ്പിച്ചവരേക്കാൾ ഉന്നതരുമല്ല.
”ഒരു ദേശത്തിന് രക്തച്ചൊരിച്ചിൽ മതിയാക്കാനുള്ള ഒരു സമയം വരാനുണ്ട്. ആ
നിമിഷം എത്തിക്കഴിഞ്ഞു എന്ന് നിങ്ങളിൽ ഓരോരുത്തരും മനസ്സിലാക്കിയേ തീരൂ. നിങ്ങളിൽ ആരെങ്കിലും അതിനു വേണ്ടത്ര ശക്തരല്ലെങ്കിൽ അയാൾ ഒരു മൃഗത്തേക്കാൾ കൊള്ളാവുന്നവനല്ല”.
ഇതൊക്കെയാണെങ്കിലും, മുസ്ലിം തമിഴ് ജനതകൾക്കിടയിലെ പരസ്പര വിശ്വാസമില്ലായ്മ ഒന്നോ രണ്ടോ തലമുറകൾ കൊണ്ട് ഇല്ലാതാവുമോ എന്ന് അവൾക്കുറപ്പില്ല. ദുരന്തവിധികൾ പേറുന്നവയെങ്കിലും പ്രണയം ജീവിതാസക്തിയുടെ, യുദ്ധത്തിനും വിഭജനങ്ങൾക്കുമപ്പുറം പോകുന്ന വികാരമായാണ് തെയ്വെനായിയെയും യോഗയേയും തേടിയെത്തുക. പ്രസ്ഥാനത്തിന്റെ ഉന്നത ഉത്തരവാദിത്തങ്ങളുമായി അപ്രത്യക്ഷനാകുന്ന സതൂരിയൻ നൽകുന്ന കരുത്താണ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ യോഗയെ പ്രചോദിപ്പിക്കുന്നതെങ്കിൽ ചമിന്ദയോട് തോന്നുന്ന അനുരാഗം തന്റെ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുതന്നെയായ സിംഹള-തമിഴ് വിലക്കുകളെ തന്നെ അപ്രസക്തമാക്കുന്നത് നിസ്സഹായതയോടെ തെയ്വെനായി മനസ്സിലാക്കുന്നുണ്ട്.
സമുദായത്തിന്റെ സ്ത്രീവിരുദ്ധ മുഖങ്ങൾ
ഗറില്ലാ പ്രവർത്തനത്തിന്റെ ഭാഗമായി വികലാംഗരായിത്തീരുന്ന യോഗയെയും തെയ്വെനായിയെയും പോലുള്ളവരുടെ ജീ
വിതങ്ങളെ പ്രസന്നമായ രീതിയിൽ മാറ്റിയെടുക്കുക ബാത്തിക്കലോവ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകയും യുദ്ധ ഇരകളായ സ്ത്രീകളുടെ പുനരധിവാസ പ്രവർത്തനങ്ങളിൽ മുഴുസമയ സന്നദ്ധ സേവികയുമായ തവക്കുൽ എന്ന സമ്പന്ന മുസ്ലിം യുവതിയാണ്. എൽ ടി ടി ഇ – മുസ്ലിം ബന്ധത്തിന്റെ സങ്കീർണതകളും യാഥാസ്ഥിതിക – മൗലിക വാദ മുസ്ലിം സമൂഹത്തിലെ സ്വാതന്ത്ര്യ ബോധമുള്ള പെൺകുട്ടി നേരിടേണ്ടി
വരുന്ന ജീവിത പ്രതിസന്ധികളും തീക്ഷ്ണമായി അവതരിപ്പിക്കാൻ നോവലിസ്റ്റ് കണ്ടെടുക്കുന്ന ആത്മാംശമുള്ള പാത്രസൃഷ്ടിയാണ് തവക്കുൽ. അവൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ ബഹുമുഖമാണ്. ഉന്നത ജീവിത ബോധ്യങ്ങളുള്ള വാപ്പയും ഉമ്മയും മൂന്ന് അനിയത്തിമാരും പിന്തുണയുമായി കൂടെയുണ്ടെങ്കിലും ആസിഡ് ആക്രമണം പോലുള്ള കൊടിയ ഭീഷണികളും വീടിനു നേരെ നേരിട്ടുള്ള ആക്രമണങ്ങളും പോലുള്ള സംഭവ
ങ്ങൾ ഉണ്ടാകുന്നതോടെ അവരും പതറിപ്പോകുന്നുണ്ട്. പ്രണയപൂർവം പിന്തുടർന്നു വന്ന കാമുകൻ വിവാഹാലോചനയുടെ ഘട്ടത്തിൽ തികഞ്ഞ പുരുഷ മേധാവിത്ത കാർക്കശ്യങ്ങൾ നിബന്ധനയായി വയ്ക്കുന്നതും വിവാഹം മുടങ്ങുന്നത് ഉമ്മയുടെ പ്രതീക്ഷകൾ തകർക്കുന്നതും അവളെ മഥിക്കുന്നുണ്ട്.
ഒരു ഘട്ടത്തിൽ എല്ലാ സാമൂഹ്യ പ്രവർത്തനങ്ങളും അവസാനിപ്പിച്ചു വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ സ്വയം കുഴിച്ചുമൂടാൻ തവക്കുൽ തയ്യാറാകുന്നതിനു പിന്നിൽ മതതീവ്രവാദികളുടെ ഭീഷണി മാത്രമല്ല എന്നതും ശ്രദ്ധേയമാണ്. അവളുടെ പ്രവർത്തനങ്ങളെ വലിയ വായിൽ പ്രകീർത്തിച്ചു വന്ന സഹ ആക്റ്റിവിസ്റ്റുകൾ സന്ദിഗ്ധ ഘട്ടത്തിൽ പുരുഷ മേധാവിത്ത നിലപാടിലേക്ക് കൂറുമാറുകയും കൈമലർത്തുകയും ചെയ്യുന്നതും ഞെട്ടലോടെയാണ് അവൾ തിരിച്ചറിയുക. എൻ ജി ഒ മേധാവികൾ ചിട്ടയോടെയുള്ള അവളുടെ റിപ്പോർട്ടിനെ കുറിച്ച് പ്രശംസിച്ചതിൽ അസൂയ മൂ
ത്ത സഹപ്രവർത്തകർ അത് കിടപ്പറ പങ്കിട്ടതിന്റെ വിലയാണെന്നു പരിഹസിക്കുന്നത് നാട്ടിൽ സദാചാര വാദികളുടെ അതേ നിലവാരത്തിലാണ് എന്നത് പുരുഷാധിപത്യ ലിംഗ-ലൈംഗിക മുൻവിധികളിൽ നിന്ന് അവർ പോലും മുക്തരല്ല എന്ന് കാണിക്കുന്നുണ്ട്. സംഭവം തവക്കുലിനെ തളർത്തുന്നുണ്ടെങ്കിലും തന്റെ സ്വതേ അപകടകരമായ അവസ്ഥയിൽ ആരുടേയും പുതിയ ശത്രുത നേടിയെടുക്കരുത് എന്ന ഉദ്ദേശ്യത്തോടെ അവർക്കെതിരെ നടപടിയെടുക്കരുതെന്ന് അവൾ അപേക്ഷിക്കുന്നുണ്ട്. എന്നാൽ, അത് തന്റെ വ്യക്തിത്വത്തിന് കൂടി എതിരെയുള്ള ആരോപണമാണെന്ന നിലപാടിൽ മേധാവി ബന്ധപ്പെട്ട രണ്ടു പേരെ പിരിച്ചു വിടുന്നതും അവർ തുടർന്ന് നടത്തുന്ന പ്രതികാര നടപടി
കളുമാണ് സുവാഷ് എന്ന ആക്റ്റിവിസ്റ്റ് സുഹൃത്തിന്റെ സഹായത്തോടെ നേപ്പാളിലേക്ക് നാട് വിടേണ്ട സാഹചര്യത്തിലേക്ക് തവക്കുലിനെ എത്തിക്കുക; വിലയായി സ്നേഹമയിയായ വാപ്പയുടെ രക്തസാക്ഷിത്വത്തിലേക്കും. ഇസ്ലാമിക പൂർവ ജാഹിലിയ്യാ കാലഘട്ടത്തിൽ പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടുമായിരുന്നെങ്കിൽ ഇന്ന് ഭ്രൂണഹത്യ ക്രിമിനൽ കുറ്റമായിരിക്കെ, മുസ്ലിം സമൂഹം അദൃശ്യമായ ചങ്ങലകൾ കൊണ്ട് ജീവിതകാലം മുഴുവൻ അവളെ വരിഞ്ഞുമുറുക്കുകയാണ് എന്ന് തവക്കുൽ കണ്ടെത്തുന്നുണ്ട്. ”ഇവരെ പോലുള്ള ഇടുങ്ങിയ മനസ്സുള്ള അല്പന്മാരായ സ്ത്രീ വിദ്വേഷികൾ സ്ത്രീയെ ഒരു വിലകുറഞ്ഞ വസ്തുവായി കണക്കാക്കി. ലൈംഗിക താത്പര്യങ്ങളില്ലാതെ ഒരു പുരുഷന് ഒരു സ്ത്രീയുടെ നേട്ടങ്ങളെ അഭിനന്ദിക്കാനാവില്ല എന്ന് അവർ വിചാരിച്ചു”.
തെയ്വെനായിയെയും യോഗയേയും പോലെ പലർക്കും ജീവിതത്തിലേക്ക് തിരികെ വരാനുള്ള വഴികാട്ടിയാവുന്ന പെൺകൊടിയുടെ നിസ്സഹായമായ അവസ്ഥ നോവൽ മുന്നോട്ടു വയ്ക്കുന്ന ചോദ്യത്തിന്റെ മർമമാണ്. ഉദ്ദേശ്യശുദ്ധിയും ത്യാഗമനോഭാവവും മാത്രം മതിയാവില്ല ഒരു പെൺകുട്ടിക്ക് സമൂഹത്തിൽ സ്വതന്ത്ര ജീവിയായി ജീവിക്കാനും പ്രവർത്തിക്കാനും. സമൂഹം ഓരോ വളവിലും ഓരോ തിരിവിലും അവളെ വേട്ടയാടുകതന്നെ ചെയ്യും. സിംഹളീസ് സൈന്യം നടമാടിയ അത്യാചാരങ്ങളെയും
തമിഴ് വിരുദ്ധ വംശ ഹത്യയെയും അതിനു ബദലായി എൽ ടി ടി ഇ നടത്തിയ ചെറുത്തുനില്പും തത്ഫലമായ ഹിംസാത്മകതയും അനാവരണം ചെയ്യപ്പെടുമ്പോഴും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ യുദ്ധമേഖലയിലെ സ്ത്രീജീവിതത്തിന്റെ പ്രതിസന്ധികൾ, തീർന്നാലും തീരാത്ത വേട്ടയാടലായി അതവരുടെ ജീവിതങ്ങളെ
ഉഴുതുമറിച്ചതെങ്ങനെ എന്നീ കഥകൾ പറയപ്പെടേണ്ടതുണ്ടെന്ന ബോധ്യമാണ് യുവ നോവലിസ്റ്റിനെ പുസ്തക രചനയിലേക്കെത്തിച്ചതെന്ന് അവർതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരു ഫെമിനിസ്റ്റ് പ്രതിഷേധ രചന എന്നതിനപ്പുറം എൽ ടി ടി ഇ യുടെ നൈതിക പാപ്പരത്തവും ഇസ്ലാമിന്റെ സ്ത്രീവിരുദ്ധതയും
അതിസൂക്ഷ്മമായി ആവിഷ്കരിക്കുന്ന ഒന്നായി പുസ്തകം മാറുന്നുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത് കൃത്യമാണ്.
ആദർശ ചിത്രവും ദുരന്ത വിധികളും
”മാനുഷിക പ്രവർത്തനങ്ങൾക്ക് വംശീയ, ഭാഷാ സ്വത്വങ്ങളുമായി ബന്ധമൊന്നുമില്ല” എന്ന നിലപാടാണ് തവക്കുലിനുള്ളത്. യുദ്ധം സൃഷ്ടിച്ച ശാരീരികവും മാനസികവുമായ ദുരന്തങ്ങൾ പേറുന്ന സ്ത്രീകളെ അവരുടെ വംശീയ-മത പശ്ചാത്തലങ്ങൾ
പരിഗണിക്കാതെ സഹായിക്കുകയും എൽ ടി ടി ഇ ക്യാമ്പുകളിൽ നിന്ന് അവർ പഠിച്ചെടുത്ത കൈത്തൊഴിലുകൾ പോലുള്ളവയും ഒപ്പം എൻ ജി ഒ സഹായങ്ങളും ഉപയോഗപ്പെടുത്തി അവരെ പുനരധിവസിപ്പിക്കുകയും കൃത്രിമ കാലുകൾ സംഘടിപ്പി
ച്ചു നൽകി സഹായിക്കുകയും ചെയ്യുകയും എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചു പറ്റുകയും ചെയ്യുന്ന തവക്കുലിന്റെ പാത്രസൃഷ്ടിയിൽ അമിതമായ ആദർശവത്കരണം കടന്നുകൂടുന്നതായി ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പ്രശ്നങ്ങളുള്ളവരെല്ലാം
തവക്കുലിൽ ഒരു രക്ഷകയെ കാണുന്നതും അവരുടെ പ്രശ്നങ്ങളൊക്കെ താരതമ്യേന അനായാസകരമായ രീതിയിൽ അവൾക്ക് പരിഹരിക്കാനാവുന്നതും ഏതാണ്ടൊരു ആഗ്രഹചിന്തയുടെ തലത്തിലേക്ക് അതിവൈകാരികമാകുന്നോ എന്ന് തോന്നിപ്പോകുന്ന ഘട്ടങ്ങളുണ്ട്. ചേച്ചിക്ക് വേണ്ടി തവക്കുലിനെ സമീപിക്കുന്ന കലയും തെയ്വെനായിയും അവളെ അങ്ങേയറ്റത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്നു. തവക്കുലിന്റെ കുടുംബത്തിൽ തെയ്വെനായിയും യോഗയും അനുഭവിക്കുന്ന സുരക്ഷിതത്വവും
തുല്യപരിഗണനയും ഇരുവരെയും അത്ഭുതപ്പെടുത്തുന്നുമുണ്ട്.
ഇതേ കുടുംബം ഭാഗമായ മുസ്ലിം സമൂഹം എന്തുകൊണ്ട് തവക്കുലിനെ പോലെ കന്മഷമറ്റ ഒരു യുവതിയെ ഇല്ലാക്കഥകളിലൂടെ വേട്ടയാടുന്നു എന്നത് അവർക്ക് ദുരൂഹമായി തോന്നുന്നുമുണ്ട്. യോഗയുടെ അന്ത്യം ഒരുവേള ഇത്തിരി അതിനാടകീയമായി തോന്നാമെങ്കിലും ആത്മഹത്യാവാഞ്ഛ തുടക്കം മുതലേ അവളിൽ പ്രകടമായിരുന്നു എന്നതും എല്ലാവരുടെ കണ്ണിലും അപശകുനമായിപ്പോയതിന്റെ അപകർഷം അവളിൽ രൂഢമായിരുന്നു
എന്നതും പിതൃതുല്യനായി സ്നേഹിച്ച അമ്മാവൻ തന്റെ ശാരീരിക ദൗർബല്യം മുതലെടുത്ത് നടത്തുന്ന കടന്നുകയറ്റം സൃഷ്ടിക്കുന്ന സമ്പൂർണ മനോബലത്തകർച്ചയുടെ നിമിഷത്തെ ആർക്കും വേണ്ടാത്തതെന്നു അവൾക്ക് തോന്നുന്ന ജീവിതം അവസാനിപ്പിക്കാൻ തെരഞ്ഞെടുക്കുന്നതിനെ അസ്വാഭാവികമല്ലാതാക്കുന്നുണ്ട്. എന്നാൽ ബലാത്കാര വിധേയയാകുന്ന പെൺകുട്ടി സ്വയം പതിതയായിക്കാണുന്നതിലെ സ്ത്രീവിരുദ്ധത കന്യകാത്വത്തെ സംബന്ധിച്ച യാഥാസ്ഥിതിക ബോധ്യങ്ങളുടെ ബാധയായി നോവലിൽ ഇടംപിടിക്കുന്നത് ഒരു പുറകോട്ടു പോക്കല്ലേ എന്നും സന്ദേഹിക്കാം.
നോവലിലെ മറ്റൊരു വിമർശക വിഷയം വിവർത്തനത്തിലെ (ഗീതാ സുബ്രമണ്യൻ) അതിസാഹിത്യപരതയാണ്. പലപ്പോഴും ഇത് സംഭാഷണ ഭാഗങ്ങളിലെ സ്വാഭാവിക വ്യതിരിക്തതകളെ ഇല്ലാതാക്കുകയും കഥാപാത്രങ്ങളിൽ സ്വാഭാവികമായി ഉണ്ടാവേണ്ട ഭാഷണ വൈചിത്ര്യങ്ങളെ ഏകതാനമാക്കിത്തീർക്കുകയും ചെയ്യുന്നുവെന്ന് തമിഴ് മൂലം വായിച്ചിട്ടില്ലാത്തവർക്കും അനുഭവപ്പെടാം.