(അറബ് ബുക്കർ എന്നറിയപ്പെടുന്ന International Prize for Arabic Fiction (IPAF) നേടിയ ആദ്യ വനിതാ നോവലിസ്റ്റ് റജാ ആലമിന്റെ പുരസ്കൃത കൃതിയായ ‘ദി ഡോവ്സ് നെക്ലേസ്’
എന്ന ഇതിഹാസ മാനമുള്ള ബൃഹദ് നോവലിനെ കുറിച്ച്. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ ശ്രദ്ധയൂന്നുന്ന ‘ഗേൾസ് ഓഫ് റിയാദ്’ (റജാ അൽ സനീഅ) പോലുള്ള കൃതികളിൽ നിന്ന് വ്യത്യസ്തമായി വിവിധ സാമൂഹിക അടരുകളിൽ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് നോവൽ മുന്നോട്ടു വയ്ക്കുന്നത്)
”മക്ക ന്യുയോർക്ക് ആണ്, പാരീസ് ആണ്, മക്ക അതിനു സമാനമായ മറ്റേതു നഗരവും പോലെയാണ്… മക്ക ഒന്നാമതായി ഒരു കോസ്മോപോളിറ്റൻ സമൂഹമാണ്. ‘ദി ഡോവ്സ് നെക്ലേസ്’എഴുതിയപ്പോൾ… അതിൽ ആ മലനിരകളിൽ അടക്കപ്പെട്ട എഴുപതു പ്രവാചകരെ മുഴുവൻ ഒരുമിച്ചു കൂട്ടാൻ ഞാൻ ശ്രമിച്ചു. ആദാമിനേയും ഹവ്വയെയും നോഹയെയും ഒരുമിച്ചു കൂട്ടണമായിരുന്നു എനിക്ക്… ആർക്കുവേണ്ടിയാണെഴുതുന്നത് എന്നെനിക്കറിയില്ല, ഒരു പക്ഷെ മക്കയ്ക്ക് വേണ്ടിയായിരിക്കാം ഞാൻ എഴുതുന്നത്. ഒരു പക്ഷെ മക്കയായിരിക്കാം എന്നിലൂടെ എഴുതുന്നത്. എഴുതുമ്പോൾ ഞാൻഗ്ല മുഴുവനായും എന്നിലൂടെ ചലിക്കുന്ന ആ സ്വരങ്ങളുടെ നിയന്ത്രണത്തിലായിരിക്കും. എന്റെ സ്വരത്തിലൂടെ സംസാരിക്കാൻ ശ്രമിക്കുന്ന ഈ നഗരത്തിന്റെ… എഴുതുക എന്നത് എനിക്ക് നിലനിൽക്കുന്നതിനുള്ള ഒരു കാരണമാണ്. ഞാൻ എഴുതുന്നു, അതുകൊണ്ട് ഞാനുണ്ട്”.
നാഗിബ് മെഹ്ഫൂസ് സാഹിത്യ നോബൽ നേടിയതോടെ മുമ്പില്ലാത്ത വിധം ലോക ശ്രദ്ധയാകർഷിച്ച അറബ് നോവൽ സാഹിത്യത്തിന് 2007-ൽ അബുദാബി ആസ്ഥാനമാക്കി സ്ഥാപിതമായ അറബ് ബുക്കർ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര പുരസ്കാരം (International Prize for Arabic Fiction) വൻ കുതിപ്പാണ് നൽകിയത്. അറബ് ഭാഷയിൽ എഴുതപ്പെട്ട കിടയറ്റ കൃതി
കൾ ഇന്ന് ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും ആസ്വാദക ലോകത്തെ വിസ്മയിപ്പിക്കുകയും ചെയ്യുന്നു. ആദ്യമായി, 2011-ൽ, ഒരു വനിതയായ റജാ ആലമിന്റെ ‘ദി ഡോവ്സ് നെക്ലേസ്’, മൊറോക്കൻ നോവലിസ്റ്റ് മുഹമ്മദ് അചാറിയുടെ ‘ദി ആർച്ച് ആൻഡ് ദി ബട്ടർഫ്ലൈ’ എന്നീ കൃതികൾക്കായി പുരസ്കാരം പങ്കുവയ്ക്കുമ്പോൾ അത് മെറിറ്റിലേറെ ഒരു ഇരട്ട പരിഭവം തീർക്കലാണ് എന്ന് വിമർശിച്ചവർ ഉണ്ടായിരുന്നു – പുരസ്കാരത്തിന്റെ അധികൃതരിൽ ആരോപിക്കപ്പെട്ട സ്ത്രീ എഴുത്തുകാരോടും മാഗ്രെബ് ദേശങ്ങളിൽ നിന്നുള്ള എഴുത്തുകാരോടും ഉണ്ടെന്നു പറയപ്പെട്ട വിവേചനമായിരുന്നു അവ. എന്നാൽ ഈ
രണ്ടു ആരോപണങ്ങൾക്കും മറുപടി ലഭിക്കാൻ വായനക്കാർ ഉജ്ജ്വലമായ ഈ രണ്ടു പുസ്തകങ്ങളും വായിക്കുകയേ വേണ്ടൂ.
അഫ്ഘാൻ പ്രതിസന്ധിയുടെയും ഭീകരതാ വിരുദ്ധ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ സാമൂഹിക രാഷ്ട്രീയ മാനങ്ങളുള്ള കുടുംബ ദുരന്തത്തിന്റെ കഥ പറയുന്ന അചാറിയുടെ പുസ്തകത്തേക്കാൾ ഏറെ വിവാദങ്ങൾക്കും ഫത്വകൾക്കും സ്വാഭാവികമായും
ഇടനൽകിയത് റജാ ആലമിന്റെ കൃതി തന്നെയായതു സ്വാഭാവികം. സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ ശ്രദ്ധയൂന്നുന്ന ‘ഗേൾസ് ഓഫ് റിയാദ്’ (റജാ അൽ സനീഅ) പോലുള്ള കൃതികളിൽ നിന്ന് വ്യത്യസ്തമായി വിവിധ സാമൂഹിക അടരുകളിൽ വ്യാപരിക്കുന്ന ആഖ്യാന തലങ്ങളാണ് ‘ദി ഡോവ്സ് നെക്ലേസ്’ മുന്നോട്ടുവയ്ക്കുന്നത്.
പുണ്യ നഗരിയുടെ പരിസരം
”ഈ പുസ്തകത്തെ മൊത്തമായെടുത്താൽ നിങ്ങൾക്ക് തീർച്ചപറയാവുന്ന ഒരേയൊരു കാര്യം എവിടെയാണ് ജഡം കണ്ടെത്തിയത് എന്നത് മാത്രമായിരിക്കും” – റജാ ആലമിന്റെ ‘ദി ഡോവ്സ് നെക്ലേസ്’ എന്ന നോവലിന്റെ ആദ്യവാചകം നമുക്കിങ്ങനെ വായിക്കാം. ആഖ്യാതാവ് ‘പല ശിരസ്സുകളുള്ള പാത’ (The Lane of Many Heads – Abu al Roos) വിശുദ്ധ മക്കയിലെ ദരിദ്രവിഭാഗക്കാർ പാർക്കുന്ന ഇടുങ്ങിയ ഒരു തെരുവാണ്. ‘രണ്ടു വീടുകൾക്കിടയിലെ വിള്ളലിൽ’ കാണപ്പെട്ട നഗ്ന യുവതിയുടെ പ്രേതമാണ് പരാമർശിക്കപ്പെടുന്നത്. എന്നാൽ ഒരു മർഡർ മിസ്റ്ററിയുടെ സുഗമവായന പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആദ്യ വാചകം തന്നെ വായനക്കാരന് മുന്നറിയിപ്പ് നൽകുകയാണ്. വീഴ്ചയിൽ പറ്റിയ പരിക്ക് കാരണം ആളെ തിരിച്ചറിയുക എന്നത് ഏറെ ദുഷ്കരമായിട്ടുണ്ട്; ഒപ്പം എന്തെങ്കിലും വിവരം നൽകാനായേക്കാവുന്ന, കൂടിനിൽക്കുന്നവരുടെ മൗനവും. തുടർന്നു നടക്കുന്ന നടപടികളിൽ വിരലടയാളങ്ങളോ മറ്റു സൂചകങ്ങളോ കണക്കിലെടുക്കപ്പെടാതെ, കുറ്റാന്വേഷണത്തിന്റെ ബാലപാഠങ്ങൾ പോലും പരിഗണിക്കപ്പെടാതെ, സെൽ ഫോണിൽ നിരന്തരം മുഴങ്ങുന്ന
സ്ത്രീ ശബ്ദവുമായി അന്വേഷകൻ അലസ വാചകമടിയിലാണ്.
മുറുമുറുക്കുന്ന ആളുകളെ അയാൾ ഭീഷണിപ്പെടുത്തുന്നുമുണ്ട്: മരിച്ചയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകാനാവുന്നവർ ചുരുങ്ങിയത് ഒരു വർഷക്കാലത്തെക്കെങ്കിലും നിയമക്കുരുക്കിൽ പെട്ടുപോകും. എന്നാൽ ഡിറ്റക്റ്റീവ് നാസർ അത്ര മോശക്കാരനുമല്ല. ”ഒരു പ്രേതത്തിനു മേലുള്ള ഒരു തുള്ളി വിയർപ്പ് മണത്തറിയാൻ കഴിയുന്നവൻ” എന്നും ”വിധിനാളിൽ ട്രംപെറ്റ് മുഴക്കുന്ന പ്രധാന മാലാഖ” എന്നുമൊക്കെ അയാൾ വിവരിക്കപ്പെടുന്നുണ്ട്. ഈ കേസിൽ പക്ഷെ അയാൾ ഇരയുടെ വീട്ടിൽ അന്വേഷണം നടത്തുകയോ മറ്റോ ചെയ്യുന്നില്ല. പകരം തന്റെ ഓഫീസിൽ കാത്തിരിക്കുന്നു, ”ഒരോ ദിനവും ഇതുപോലെ ഡസൻ കണക്കിന് കേസുകൾ വന്നു – ഒന്നുകിൽ കൊലയിൽ മുദ്രവയ്ക്ക
പ്പെട്ടത്, അല്ലെങ്കിൽ ബലാത്കാരത്തിൽ വലിച്ചു തുറക്കപ്പെട്ടത് – എല്ലാം ഒടുവിൽ തണുത്തുപോകും, ‘തിരിച്ചറിയപ്പെടാത്തത് എന്ന് സംശയിക്കപ്പെടുന്നത്’ എന്ന കുറിപ്പോടെ”. ഈ തണുപ്പൻ മട്ടിന്റെ അടിസ്ഥാനം ഒരു ലളിത യുക്തിയാണ്: ‘പല ശിരസ്സുകളുള്ള പാത’ സൗദി അറേബ്യയുടെ ഹൃദയഭൂമിയായ മക്കയിലാണ്; ഇവിടെ ഒരു സ്ത്രീയുടെ മാനം എന്നത് കുടുംബത്തിന്റെ അന്തസ്സുമായി അഭേദ്യ ബന്ധത്തിലാണ്; ഒരാളും ആ ജഡത്തെ തി
രിച്ചറിയില്ല; അങ്ങനെ ഒരയൽക്കാരന്റെ അന്തസ്സിനെ ചവിട്ടി മെതിക്കില്ല. ഇവിടെ ഒരു സ്ത്രീ മാനം കെട്ട നിലയിൽ പെരുമാറുന്നതിനേക്കാൾ – ജീവനോടെയായാലും അല്ലെങ്കിലും നഗ്നയായി കാണപ്പെടുക – ചെറിയ കുറ്റമാണ് ഒരു കൊലപാതകം.
കൊലപതകിയേയോ കൃത്യത്തിനു പിന്നിലെ ഉദ്ദേശ്യത്തെയോ കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം കൊലപാതകത്തിന്റെ അന്ന് രാത്രി കാണാതായ, അയൽവാസികളും കൂട്ടുകാരികളുമായിരുന്ന രണ്ടു യുവതികളിലേക്ക് ഡിറ്റക്റ്റീവ് നാസർ അൽ
ഖഹ്ത്താനിയുടെ ശ്രദ്ധ പതിയുന്നു. അവരിലൊരാളാണോ ഇരയെന്ന് സ്വാഭാവികമായും അയാൾ സംശയിക്കുന്നു. അയൽവാസിയായ വിചിത്ര സ്വഭാവക്കാരൻ യൂസുഫിന്റെ പ്രണയമായിരുന്ന, ‘പല ശിരസ്സുകളുള്ള പാത’യിലെ ‘ടൈം ബോംബ്’ എന്ന് ഒരു കഥാപാത്രം വിവരിക്കുന്ന, വീട് മുഴുവൻ കരികൊണ്ടുള്ള ചിത്രങ്ങൾ വരച്ചുവെച്ച അസ്സയാണോ അത്? അല്ലെങ്കിൽ, കുറ്റാന്വേഷകനു ആണ്ടു മുങ്ങാനും ഒരു വേള ഭ്രമിച്ചു വശാകാനും പാകത്തിൽ, തെറാപ്പിസ്റ്റ് ആയ ജർമൻ കാമുകന് അയച്ചതാവാൻ ഇടയുള്ള പ്രണയാർദ്രമായ ഒട്ടേറെ ഇ-മെയിൽ സന്ദേശങ്ങൾ വിട്ടുവച്ചു അപ്രത്യക്ഷയായ സ്കൂൾ അധ്യാപിക ആയിഷയാണോ അത്? കൃത്യമായി പറയാനാവുക എല്ലാമറിയുന്ന ആഖ്യാതാവായ (omniscent narrator) ‘പല ശിരസ്സുകളുള്ള പാത’യ്ക്ക് തന്നെയാണ്: ”മക്കയ്ക്ക് ഒരിക്കലും ഉറക്കം ഉണരേണ്ടതില്ല, കാരണം അവൾ ഒരിക്കലും ഉറങ്ങുന്നില്ല. അവൾ സ്വപ്നം കാണുന്നതേയുള്ളൂ, പ്രാർത്ഥനകളെയും പ്രദക്ഷിണം വയ്ക്കുന്ന തീർത്ഥാടകരുടെ കാലടി ശബ്ദത്തെയും”. എന്നാൽ മരിച്ചവരെയല്ല, ജീവിച്ചിരിക്കുന്നവരെ പിന്തുടരുന്നതിലാണ് തനിക്കു താത്പര്യമെന്ന് ‘പാത’ ദുരൂഹനാകുന്നു. ”ഞാൻ നിങ്ങളോട് പറഞ്ഞു ഈ കഥ ഒരു ജഡത്തോടെയാണ് തുടങ്ങുകയെന്ന്, എന്നാൽ ഇതെന്റെ കഥയായതു കൊണ്ട് ജഡത്തെ തത്കാലം മാറ്റിവയ്ക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു. ഇനിയും ജീവിച്ചിരിക്കുന്നവരെതന്നെ പിന്തുടരാം എന്നിരിക്കെ, നമുക്കിപ്പോൾ മരിച്ചവരെയോർത്തു വിഷമിക്കാതിരിക്കാം,” ഇത്തരം ഒരു നമ്പാൻ കൊള്ളാത്ത ആഖ്യാതാവിലൂടെയും (unreliable narrator) വേറെയും കഥാപാത്രങ്ങളുടെയും വീക്ഷണകോണുകളിലൂടെയും തുടർന്നുള്ള അഞ്ഞൂറോളം പുറങ്ങളിലായി ഇരയുടെ, ‘പാത’യുടെ, ചുറ്റുവട്ടങ്ങളുടെ, അന്തേവാസികളുടെ, വിശുദ്ധ നഗരത്തിന്റെ, പുണ്യകേന്ദ്രമായ കഅബയുടെ, എന്ന് തുടങ്ങി ആഖ്യാനവുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും എല്ലാത്തിന്റെയും ചരിത്രത്തിലേക്കും നിഗൂഢതകളിലേക്കും ഇരുണ്ട രഹസ്യങ്ങളിലേക്കും ദിനംപ്രതി അറ്റമില്ലാത്ത ചുഴിപോലെ വിശുദ്ധ കഅബയെ ചുറ്റിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ പാപമോചനാർത്ഥികളിലേക്കും നോവൽ ചുഴിഞ്ഞു പോകുന്നു. മക്കയെ ”ഒരു പ്രാവ്, അതിന്റെ കഴുത്തിൽ മനുഷ്യകുലത്തിന്റെ വർണരാജികളെ മുഴുവൻ വെല്ലുന്ന നിറങ്ങളിലുള്ള വരകളുണ്ട്” എന്ന് നോവലിൽ വിവരിക്കുന്നുണ്ട്.
ഹിംസാത്മകമാകുന്ന സ്ത്രീ വിരുദ്ധത
സ്ത്രീവിദ്വേഷം, ഹിംസാത്മകതയുടെ വിശദീകരണമേതുമില്ലാത്ത പുരുഷ വിസ്ഫോടനങ്ങൾ, അടിമുടി മൂടിയ വസ്ത്രങ്ങളിൽ വീർപ്പുമുട്ടുന്ന, രക്ഷാമാർഗ്ഗം തേടുന്ന സ്ത്രീകൾ – ‘പാത’യുടെ
കഥകളിൽ പേർത്തും പേർത്തും ആവർത്തിക്കുന്ന മാതൃകകൾ ഇവയാണ്. വാതിലുകൾക്ക് പിറകിൽ അദൃശ്യരും ശബ്ദമില്ലാത്തവരും ആയി ചരിക്കുന്ന സ്ത്രീകൾ വെറുക്കപ്പെട്ടവരും ചകിതരും വിസ്മൃതരുമാണ്. എന്നാൽ അസ്സ തന്റെ കരികൊണ്ടെഴുതിയ ചിത്രങ്ങളിൽ വിമോചന സ്വപ്നങ്ങൾ വരച്ചുവയ്ക്കുന്നു. പെണ്ണുടലിന്റെ മൂല്യം വിളംബരപ്പെടുത്തുന്നു. ആയിഷയുടെ ഇ-മെയിലുകൾ ആവട്ടെ, ജീവിതേച്ഛയെ വെളിപ്പെടുത്തുകയും ലൈംഗിക ചോദനകളെ മറയില്ലാതെ ആവിഷ്കരിക്കുകയും ചെയ്യുന്നതിലൂടെ പ്രകോപനകരമായിരിക്കുന്നു. ഇ-മെയിലുകളിലൂടെ കടന്നു പോകുന്ന അന്വേഷകൻ ചിന്തിക്കുന്നുണ്ട്: ”അവളെ മരണ ശി
ക്ഷയ്ക്ക് വിധേയയാക്കേണ്ടതുണ്ട്”. ആയിഷ എന്ന പദത്തിന്റെ അർഥം ജീവസ്സുള്ളത് എന്നതാണെന്ന് നോവലിൽ പലവുരു സൂചിതമാകുന്നുമുണ്ട്. ഉടുപുടവയില്ലാതെ കാണപ്പെട്ടതിനു സഹോദരിയെ പിതാവ് തലയ്ക്കടിച്ചു കൊല്ലുന്നത് കാണേണ്ടിവന്ന ബാല്യ സ്മൃതിയുണ്ട് നാസറിന്. പിതാവും മകളും തമ്മിൽ ഉരിയാടുകയുണ്ടായില്ല, ഏതു സാഹചര്യത്തിലാണ് അവൾ ആ രൂപത്തിൽ വീട്ടിലെത്തിയത് എന്ന് ചോദ്യമുണ്ടായില്ല, ഒരു കോഫിപ്പാത്രം കൊണ്ട് മിന്നൽ വേഗത്തിൽ തലയ്ക്കു നൽകപ്പെട്ട പ്രഹരം മാത്രം. കുടുംബ ബന്ധുവായ ഒരു സ്ത്രീ അധികൃതരോട് വസ്തുതകൾ വെളിപ്പെടുത്തിയെങ്കിലും മരണകാരണം ആസ്തമ കൂടി
യത് എന്ന് രേഖപ്പെടുത്തപ്പെട്ടു. പിതാവ് മകളെ കൊന്നതല്ല, അയൽവാസികൾ മകളെ നഗ്നയായി കണ്ടതിന്റെ നാണക്കേടാണ് കുടുംബത്തിന്റെ ബാധ്യതയായതും. ഉമ്മു അൽ സഅദിന്റെ നാലു ആങ്ങളമാർ സ്വത്തു വിഭജനം ഒഴിവാക്കാൻ അവളെ അറയിൽ
പൂട്ടിയിടുകയും ആപ്പിൾ കഷണങ്ങൾ മാത്രം നൽകി കൊല്ലാക്കൊല ചെയ്യുകയും ചെയ്യുന്നു. മരിച്ചുവെന്ന ധാരണയിൽ തെരുവുനായ്ക്കൾക്ക് ഇട്ടുകൊടുക്കുന്ന ഉടലിൽ നിന്ന്, ആങ്ങളമാർ ഒരിക്കലും നോക്കാനിടയില്ലെന്നു ഉറപ്പുള്ള കാലുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച ഉമ്മയുടെ ആഭരണങ്ങളുമായി രക്ഷപ്പെടുന്ന ഉമ്മു അൽ സഅദ് ആയുസ്സിന്റെ ബലം കൊണ്ട് അതിജീവിക്കുന്നു.
അസ്സയും ആയിഷയും തമ്മിലുള്ള രാഗ ദ്വേഷ ബന്ധങ്ങളുടെ കെട്ടുപാടുകൾ നോവലിലെ ഏറ്റവും മനോഹരമായ ധാരയാണെങ്കിലും, മുഖ്യ ആഖ്യാതാവായ ‘പല ശിരസ്സുകളുള്ള പാത’യെ പോലെത്തന്നെ അനേകം കൈവഴികളും അത്രമേൽ വഴിത്തെറ്റുകളും ഇതിവൃത്ത ഘടനയെ സങ്കീർണമാക്കുന്നതുകൊണ്ട് ഏകാഗ്രതയുടെ ഒരു പ്രതീതി പോലും വായനക്കാർക്ക് വഴികാട്ടുന്നില്ല. ”തുർക്കി മദാമ്മമാരുടെ, അനാഥരുടെ, ഓട തൂപ്പുകാരുടെ,
ഇളക്കിമാറ്റാവുന്നതോ അല്ലാത്തതോ ആയ കാലുകളുള്ള ബൊമ്മളുടെ, പൂർവികരെ കുറിച്ചോ അഴുകിയ മാംസത്തെ കുറിച്ചോ ഉള്ള വാർത്താ പത്ര ലേഖനങ്ങളുടെ, മൂടുപടമിട്ട സത്വങ്ങളുടെയോ സ്വപ്നാടകരുടെയോ കഥകളുടെ, ഉന്മാദത്തിന്റെ വക്കിലുള്ള കഥാപാത്രങ്ങളുടെ അതിപ്രസരം മൂലം നാസറിന് പോലും ‘ഏതാണ് യഥാർത്ഥം, ഏതാണ് മിഥ്യ എന്ന് പറയാനാവാത്ത’ അവസ്ഥയായിരുന്നു – അത് പലപ്പോഴും കുഴഞ്ഞുപോകുന്നു. ഒരു നിഗൂഢ ഏലസ്സും നഷ്ടപ്പെട്ട താക്കോലും സുതാര്യമല്ലാത്ത റിയൽ എസ്റ്റേറ്റ് ഇടപാടുകളും കൂടി ഇതോടൊക്കെ ചേർന്ന് വരുമ്പോൾ വിശദാംശങ്ങളുടെ സമ്പന്നത സംവേദനത്തിന് അമിതഭാരമാകാതെ വയ്യ” എന്ന് നിരീക്ഷിക്കപ്പെട്ടത് കൃത്യമാണ്.
എന്നാൽ ഇത്തരം തീക്ഷ്ണമായ കഥകൾ അവയുടെ സാകല്യത്തിൽ പകർന്നു നൽകുന്ന അനുഭവ മണ്ഡലം തന്നെയാണ് വിശുദ്ധ നഗരത്തിന്റെ കാണാപ്പുറങ്ങളുടെ, വിശേഷിച്ചും പെൺസഹന പർവങ്ങളുടെ അറിയപ്പെടാത്ത ലോകത്തിലേക്കുള്ള നിഴലും വെളിച്ചവുമാകുന്നത്. ഒരു ചലചിത്രകാരന്റെ/കാരിയുടെ കൈയിലെ ആ ‘അനിർവചിത ഘടകത്തെ പോലെ
അവയോരോന്നും പ്രത്യേകത്തിൽ കണ്ണിചേരാൻ മടിക്കുമ്പോൾ സാമാന്യത്തിൽ തീവ്രമായി പരസ്പരം സംവദിക്കുന്നു. ഇരയുടെ വസ്തുനിഷ്ഠ വിവരങ്ങൾ, കാണാതായ ആയിഷയുടെ പാലായനം, കുറ്റാന്വേഷകന്റെ ആത്യന്തിക കണ്ടെത്തലുകൾ തുടങ്ങിയവയൊക്കെ നോവലിന്റെ ആദ്യ വാചകത്തെ അക്ഷരാർത്ഥത്തിൽ സ്ഥിരീകരിക്കുന്നുണ്ട്. അതേസമയം, ഇതിവൃത്ത ധാരകളിലെ ഈ അത്യാധിക്യം ആധുനിക ഇസ്ലാം നേരിടുന്ന സംഘർഷങ്ങൾ, വിശേഷിച്ചും സ്ത്രീയുടെ അവസ്ഥയെന്ന കേന്ദ്ര പ്രമേയം, നിരീക്ഷിക്കുന്നതിൽ നോവലിസ്റ്റിന്റെ ശ്രദ്ധയെ ബാധിക്കുന്നില്ല. പുറമേക്കാർക്ക് ഉള്ളതിലുമേറെ വിലക്കുകൾ നേരിടേണ്ടി വരുന്ന, ഖുറാനും അനുബന്ധ മത ഗ്രന്ഥങ്ങളും ഒഴിച്ചുള്ള പുസ്തകങ്ങൾ പോലും വിലക്കപ്പെട്ട അവസ്ഥ, നെയിൽ പോളിഷോ മുത്തുമാലയോ ഉപയോഗിക്കാനാവാത്ത അലങ്കാര നിഷേധങ്ങൾ, പുരുഷ രക്ഷാധികാരിയോടൊപ്പമല്ലാതെ യാത്രാനുമതിയില്ലായ്ക, പാസ്പോർട്ട് പോലുള്ള ഔദ്യോഗിക കാര്യങ്ങൾക്കൊഴിച്ചു പർദയിൽ പോലും ഫോട്ടോ എടുക്കാനുള്ള വിലക്ക് – എല്ലാം ചേർന്ന്
സ്ത്രീയെ തനിക്കുതന്നെയും ഒരു പ്രേത സാന്നിധ്യമാക്കി തീർക്കുന്നു.
ആദ്യ രാത്രിയിൽ മുഖമില്ലാതെ ബന്ധപ്പെടേണ്ടി വരുന്ന അസ്സയുടെ ചിത്രം നോവലിലുണ്ട്: ”തന്റെ അബായ ഊർന്നുപോയത് അവൾക്കു പ്രശ്നമായിരുന്നില്ല, എന്നാൽ അവൾ തന്റെ മുഖാവരണത്തിൽ മുറുകെ പിടിച്ചു. അയാൾ മുഖമില്ലാത്ത ഒരു ഉണ്മയോട് ലൈംഗിക ബന്ധം നടത്തുകയായിരുന്നു. അയാൾക്കതിന്റെ ആകൃതിയെ സങ്കല്പിക്കാനേ കഴിഞ്ഞില്ല – ഒരു എട്ടു വയസ്സുകാരിയെന്ന നിലയിലെ അസ്സയുടെ രൂപത്തെ മാത്രമല്ലാതെ,അന്നാണ് അയാൾ ഒടുവിൽ അവളുടെ മുഖം കണ്ടിരുന്നത്”.
ആഖ്യാന സ്വരങ്ങളിലെ വ്യക്തിമുദ്രകൾ
നോവൽ ഉപയോഗപ്പെടുത്തുന്ന വ്യത്യസ്ത ആഖ്യാന സ്വരങ്ങൾ ശൈലീപരമായും ഭിന്നമാണ് എന്ന് വ്യക്തമാണ്. അസ്സയോടുള്ള ആജീവനാന്ത പ്രണയമാണ് യൂസുഫിന്റെ പെരുമാറ്റങ്ങളി
ലെ വൈചിത്ര്യങ്ങളെ നിർവചിക്കുന്നതെങ്കിൽ അയാളുടെ ഡയറിക്കുറിപ്പുകളിലെ ഭാഷ ഒരു ദുരന്ത പ്രണയത്തിനും ഉന്മാദത്തിനും ചേരും വിധം കാവ്യാത്മകവും സ്വപ്ന ബിംബങ്ങൾ നിറഞ്ഞതുമാണ്. ”എന്റെ തൂലികാനാമം യൂസുഫ് ഇബ്ൻ അനാഖ്, കടലാഴങ്ങളിൽ നിന്ന് മത്സ്യങ്ങളെ പറിച്ചെടുത്ത് സൂര്യന്റെ കണ്ണിൽ അവയെ ഉണക്കി വറുത്തെടുക്കുന്നവൻ, എന്റെ ശിരസ്സിൽ നിന്ന് ഞാനയയ്ക്കുന്ന സാർത്ഥവാഹക സംഘങ്ങൾക്ക് എന്റെ പാദങ്ങളിലെത്താൻ ദിവസങ്ങളെടുക്കും, അവിടെ അവ കണ്ടെത്തും,… ഞാനാണ് നോഹയുടെ പ്രളയത്തെ അതിജീവിച്ച ആ ഒരാൾ. അതെന്റെ അരക്കെട്ടു വരെ പോലും വന്നിരുന്നില്ല. ഞാനാണ് കാലങ്ങളിലൂടെ സഞ്ചരിക്കുകയും ഇസ്രയേല്യരെ മരുഭൂവിൽ കണ്ടെത്തുകയും ചെയ്തയാൾ, ഒരു മലയുടെ വലിപ്പമുള്ള ശിലയെ ഉയർത്തിയവൻ, അവരെ സംരക്ഷിക്കാൻ മോശെ ദൈവത്തോട്
പ്രാർത്ഥിച്ചില്ലായിരുന്നെങ്കിൽ അതവരെ ചതച്ചരച്ചേനെ. ആ ശിലയ്ക്ക് ഒറ്റ നിമിഷം കൊണ്ട് തുള സൃഷ്ടിക്കപ്പെടുകയും അതെന്റെ കഴുത്തിൽ ഒരു വലയം പോലെ വീഴുകയും ചെയ്തു”. തെരുവിന്റെ ആഖ്യാനത്തിൽ മാജിക്കൽ റിയലിസത്തിന്റെയും നോയിറിഷ് പരുക്കൻ ശൈലിയുടെയും (hard-boiled) മിശ്രണം പ്രകടമാണെന്നും മുറകാമി, ബോലാനോ, ഉംബെർട്ടോ എക്കോ, ബോർഹെസ്, പോൾ ആസ്റ്റർ തുടങ്ങിയവരുടെ സ്വാധീനം റജായുടെ ശൈലിയിലുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഇസ്ലാമിക് മിത്തോളജിയിലും സംസ്കൃതിയിലും വേരുകളുള്ള പ്രതീകാത്മകത പാശ്ചാത്യ വായനക്കാർക്ക് അത്ര സുപരിചിതമായി അനുഭവപ്പെടാനിടയില്ല എന്ന നിരീക്ഷണവും ഉണ്ട്: ”…ഏറെ സ്വപ്നങ്ങളോടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് ഞാൻ പ്രലോഭിപ്പിച്ചു വരുത്തിയ ആളുകൾ.. അവരുടെ കുടുംബങ്ങളെയും കുഞ്ഞുങ്ങളെയും വിട്ടു പോരുകയും ഇവിടെ ഈച്ചകളെ പോലെ ആർക്കുകയും ചെയ്യുന്നു… (അവർ) എന്റെ രക്തം ഊറ്റിക്കുടിക്കുമ്പോൾ ഞാൻ അവരുടെ ജീവനെയും സ്വപ്നങ്ങളെയും വിഴുങ്ങുന്നു, ഞാൻ ദുഷ്ടനായ ഒരു കിഴവനാണ്. ഞാനവരുടെ യുവത്വം സ്വന്തമാക്കുകയും എന്റെ അഴുകിയ ജീർണത പകരം നൽകുകയും ചെയ്യുന്നു”. ആയിഷയുടെ ഇ-മെയിൽ ആഖ്യാന ഭാഗങ്ങളിൽ റജാ ആലമിന്റെ ശൈലി അങ്ങേയറ്റത്തെ ലൈംഗിക രഹസ്യാത്മകതയും വിവേചനവും നിലനിൽക്കുന്ന സമൂഹത്തിന്റെ സ്വാഭാവിക ചോദനകളുടെ ബഹിർസ്ഫുരണം പോലെ ഏറെ ആസക്തിദ്യോതകമായ (ലണഭലഴടഫ) ഭാഷയിലാണ്.
”അയാളുടെ മന്ത്രണങ്ങൾ എനിക്കങ്ങു മനസ്സിലാകുന്നില്ല. പുരുഷന്മാർ നിന്റെ ചുണ്ടുകളെ ചുംബിക്കുന്നത് സ്വപ്നം കണ്ടേക്കാം,എന്നാൽ ഈ പാദങ്ങൾക്കപ്പുറം ഒന്നിനെയും സ്വപ്നം കാണാൻ എനിക്ക് ധൈര്യമില്ല. എന്റെ മുഖത്തിനു മേൽ കഴുകിക്കൊണ്ട് എന്റെ ചുണ്ടുകൾക്ക് മുകളിൽ പായുന്ന നിന്റെ പാദം”. ”ഇയാളുടെ അതീവ ഗതികേട് ആസ്വദിച്ചു പോകുന്നതിനു ദൈവം എന്നെ ശിക്ഷിക്കുമെന്ന ഭയത്തിൽ ഞാൻ ഞെട്ടിത്തരിക്കുന്നു. എന്റെ പാദത്തിനു മുകളിലേക്ക് ഒന്നിനെയും കാമിക്കാൻ ധൈര്യപ്പെടാത്ത ഇതേ മനുഷ്യന്റെ”. ഒരേ സമയം തങ്ങളുടെ ലൈംഗിക ചോദനകളിൽ അഭിരമിച്ചു പോകുക, ഒപ്പം പരമ്പരാഗത മൂല്യ വിചാരം
ഉല്പാദിപ്പിക്കുന്ന കുറ്റബോധത്തിന്റെ പിടിയിൽ പെട്ട് പോകുകയും ചെയ്യുക കുറിപ്പുകളിൽ നാസറിന് അനുഭവപ്പെടുന്ന ഈ ‘വിശുദ്ധ കന്യക/ വേശ്യ’ സംത്രാസം (Madonna/whore complex)
വിശുദ്ധ നഗരിയിൽ നിന്ന് വിലക്കപ്പെട്ട ഉടൽ ചോദനകളിലേക്കും തിരിച്ചും ഇടറിനീങ്ങുന്ന മനോനിലയെ വെളിപ്പെടുത്തുന്നു.
നോവലിന്റെ പശ്ചാത്തലം സമകാലികമാണെങ്കിലും ഉടനീളം മായികമായ ആ ബൈസന്റൈൻ അന്തരീക്ഷ പരിസരം നിലനിർത്തിയിട്ടുണ്ട് എന്നും കാതറിൻ ഹാൾസ്, ആദം താലിബ് എന്നിവർ ചേർന്ന് നടത്തിയ സൂക്ഷ്മ ഇംഗ്ലീഷ് വിവർത്തനം അത് നഷ്ടപ്പെടുത്തിയിട്ടില്ലെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മുഖ്യ ആഖ്യാതാവ് നേരത്തെ സൂചിപ്പിച്ച പോലെ ഒരു തെരുവാണെങ്കിലും കഥ മുന്നോട്ടു പോകുമ്പോൾ ഈ ആഖ്യാനസ്വരം ദുർബലമാകുന്നത് പുതി
യ അംബരചുംബികളുടെയും ആർഭാട ഹോട്ടലുകളുടെയും നിർമിതിക്കായി വീടുകളും കടകളും ഇടിച്ചു നിരത്തിത്തുടങ്ങുന്നതോടെയാണ്. പുതിയ നിർമാണക്കമ്പനികളുടെ പ്രലോഭനങ്ങളിൽ വീണുപോകുന്ന നാസർ തന്റെ വ്യക്തിപരമായ സത്യസന്ധതയോടൊപ്പം പ്രൊഫഷനൽ ആർജവം കൂടിയാണ് അടിയറ വയ്ക്കുന്നത് എന്നും ഇത് മക്ക നഗരത്തിന്റെയും കുറെ കൂടി വലിയ അർത്ഥത്തിൽ ഇസ്ലാമിക സമൂഹത്തിന്റെതന്നെയും അപചയത്തിന്റെ
ദൃഷ്ടാന്ത കഥയാണെന്നും ലോറി ഫെദേഴ്സ് കൂട്ടിച്ചേർക്കുന്നു.
ആധുനികവത്കരണം പരമ്പരാഗത മൂല്യങ്ങളെ അട്ടിമറിക്കുന്നതിനെ ചോദ്യം ചെയ്യുമ്പോൾതന്നെ, പുതുലോക വീക്ഷണങ്ങളെ ഉൾകൊള്ളേണ്ടതിന്റെ ആവശ്യകതയേയും നോവൽ മുന്നോട്ടു
വയ്ക്കുന്നു. മധ്യകാലത്തിൽ കുരുങ്ങിപ്പോയ ഒരു നഗരമൊന്നുമല്ല മക്കയെന്നും അങ്ങോട്ടേയ്ക്ക് ആധുനികതയുടെ വെളിവുകൾ എത്തിയിട്ടുണ്ട് എന്നുമുള്ള ആദ്യ സൂചകങ്ങളായി നോവലിൽ കാണാവുന്നത് ഇമാം ദാവൂദിന്റെ മകനും സ്റ്റിൽ ഫോട്ടോഗ്രാഫറുമായ മുവാസ് യൂസുഫിനെ കാണിക്കുന്ന ഫോട്ടോഗ്രാഫുകളിലാണ്. കാലങ്ങളിലൂടെ നഗരം കടന്നു പോയ പരിണാമങ്ങളും, ആത്മീയ ഭാവങ്ങൾ പിറകോട്ടും പരിഷ്കൃതിയുടെ ചിഹ്നങ്ങൾ മുന്നിലേക്കും വരുന്ന പുതിയ കാലവുമെല്ലാം അവയിൽ വ്യക്തമാണ്. പഴയ പരമ്പരാഗത വൈവിധ്യങ്ങൾ ഏകതാനമായ കൊമേഴ്സ്യൽ കെട്ടിടങ്ങൾക്കും ഗ്ലാസിനും സ്റ്റീലിനും വഴിമാറിയത് നോവലിൽ
ഗൃഹാതുരതയോടെ നിരീക്ഷിക്കപ്പെടുന്നുണ്ട്.
ആയിഷ/അസ്സ
ആയിഷയുടെ ലോകം മക്കയിലെ സ്ത്രീജീവിതം സാമ്പ്രദായികമായി അടയാളപ്പെടുത്തുന്ന ഒന്നേയല്ല. ”അവൾ തന്റെ ജീവിതം മുഴുവൻ പുസ്തകങ്ങളുടെ പുറകെയാണ് ചെലവഴിച്ചത്.
… ഭൂമി പോലെ നന്നല്ലെങ്കിൽ, തന്റെ പുരുഷനെ സ്വീകരിക്കാൻ സമ്മതമല്ലെങ്കിൽ ഒരു സ്ത്രീ ഒരു സ്ത്രീയേയല്ല. ആയിഷ നിലമായിരുന്നില്ല… അവൾ പൊടി മാത്രമായിരുന്നു”. തികച്ചും സാമ്പ്രദായികേതരമായ മാർഗങ്ങളിലൂടെയല്ലാതെ ഒരു സ്ത്രീക്കും രക്ഷപ്പെടാനാവാത്ത അടഞ്ഞ ലോകത്ത് അവൾക്കുള്ള വെളിച്ചത്തിന്റെ ഏക നുറുങ്ങ് ഓർമകളിലെ പ്രണയമാണ്. അല്ലെങ്കിൽ
സൈബർ ഇടം നൽകുന്ന ഇ-മെയിൽ വിനിമയ സാധ്യത. കൂടാതെ നോവലിൽ പേർത്തും പേർത്തും ഉദ്ധരിക്കപ്പെടുന്ന ഡി. എച്ച്. ലോറെൻസിന്റെ ‘വിമിൻ ഇൻ ലവ്’ നൽകുന്ന ഭാവനാ ലോകവും. ഒരർത്ഥത്തിൽ നോവലിൽ എല്ലാ കഥാപാത്രങ്ങളും തങ്ങളുടെ കവചിത അസ്തിത്വത്തിന്റെ അതിരുകൾ ഭേദിക്കാനും ആത്മീയവും ഭൗതികവുമായ സ്വാതന്ത്ര്യത്തിന്റെ ലോകങ്ങളിലേക്ക് മുതിരാനും ശ്രമിക്കുന്നവരാണ്. ആയിഷയേയും യൂസുഫിനെയും
പോലുള്ളവരിൽ അതൊരു ബൗദ്ധിക ശ്രമം കൂടിയാവുന്നുമുണ്ട്.
ഒരു ഘട്ടത്തിൽ നാസർ നേരിടുന്ന സംഘർഷം നോവലിൽ വിവരിക്കുന്നത് ഇങ്ങനെയാണ്: ”നാസർ വെല്ലുവിളി നേരിടുകയായിരുന്നു: കലർപ്പുകളിൽ നിന്ന് ആത്മീയ ഡി എൻ ഏ യെ വേർപെടുത്തിയെടുത്ത് അസ്സയെ ആത്മഹത്യയുടെ കറയിൽ നിന്ന് മോചിപ്പിക്കുക, അത് അബു അൽ റൂസിലെ മറ്റേതെങ്കിലും പെൺകുട്ടിയിലേക്ക് കടത്തിവിടുക, അങ്ങനെ ആയിഷയെയും ഒഴിവാക്കാം. അങ്ങനെ ചെയ്യുന്നതിലൂടെ തന്റെ ഹൃദയത്തിൽ കുടിയേറിയ, മുമ്പൊരിക്കലും ഒരു സ്ത്രീയും – അഥവാ ഒരാളും – സംസാരിച്ചിട്ടില്ലാത്ത അടുപ്പത്തോടെ തന്നോട് സംസാരിക്കുന്ന സ്ത്രീയിലേക്ക് ശ്രദ്ധ പതിയാതെ നോക്കുക”. ആയിഷയിൽ നിന്ന് വ്യത്യസ്തമായി നേരിട്ടൊരു ആഖ്യാന സ്വരമായി നാം അസ്സയെ കേൾക്കുന്നതേയില്ല. മറ്റുള്ളവരുടെ സൂചനകളിൽ നിന്ന് നാം അവളെ പുന:സൃഷ്ടിക്കുകയാണ്.
പാത്ര വൈപുല്യം
ഇതിഹാസ മാനമുള്ള ഒരു നോവലിന്റെ സ്വാഭാവിക പ്രകൃതം പോലെ വിചിത്ര ഭാവങ്ങളുള്ള ഒട്ടേറെ കഥാപാത്രങ്ങൾ നോവലിൽ വേറെയുമുണ്ട്. യൂസുഫിനെ കുറിച്ച് ‘പാത’ സൂചിപ്പിക്കുന്നത് അയാളിൽ ചിത്തഭ്രമത്തിന്റെ ലാഞ്ചനയുണ്ട് എന്നാണ്. ആത്മീയവും നിഗൂഢവുമായ പ്രകൃതമുള്ള യൂസുഫ് കഥകളെയും മിത്തുകളെയും ചരിത്രമായി മനസ്സിലാക്കുന്നു. ഒരേ സമയം അധികൃതർക്കും ക്രിമിനൽ കൂട്ടങ്ങൾക്കും അനഭിമതനും അവരാൽ വേട്ടയാടപ്പെടുന്നവനുമാണ് അയാൾ. തന്റെ തോന്നലുകൾ സത്യമാണ് എന്ന് അയാൾ തീരുമാനത്തിലെത്തുക ഉൾചോദനകളെ (gut feelings) അടിസ്ഥാനപ്പെടുത്തിയാണ്. കുട്ടിക്കാലത്ത് തങ്ങൾ താമസമാക്കിയ വീടിന്റെ ഉടമയായിരുന്നു അസ്സയുടെ പിതാവ് ഷെയ്ഖ് മുസാഹിം. അയാളുടെ ഭാര്യ മരിക്കുന്നതോടെ യൂസുഫിന്റെ ഉമ്മ അസ്സയെ മകളെ പോലെ പരിഗണിച്ചു തുടങ്ങുന്നതോടെയാണ് ആ ദുരന്ത പ്രണയം ആരംഭിക്കുന്നതും. ഇതോടൊപ്പം ‘പല ശിരസ്സുകളുള്ള പാത’യുടെ ‘പ്രണയത്തിന്റെ മിനാര’മായ ‘ചരിത്ര കോമാളി’യും (history nerd) ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയവനും, മനോവൈകല്യമുള്ള ദേശത്തിന് വേണ്ടി സ്വയം ശിക്ഷയേറ്റെടുക്കാൻ ശിഹർ ഹോസ്പിറ്റലിലേക്ക് നടന്നു ചെന്ന് ഷോക്ക് ചികിത്സയ്ക്ക് വിധേയനാകുന്നവനുമായ യൂസുഫിന്റെ കുറിപ്പുകളാണ് ‘പാത’യുടെ ആഖ്യാനത്തിന്റെയും ആയിഷയുടെ ഇ-മെയിൽ സന്ദേശങ്ങളുടെയും ഒപ്പം നാസറിനെ നയിക്കുകയും കുഴക്കുകയും ചെയ്യുക. അയാൾ സ്വയം തന്നെ കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയാണോ എന്ന് നാസറിന് സംശയമുണ്ട്. യൂസുഫിന്റേ
തിനു സമാനമായ ഒരു തീവ്ര അഭിനിവേശം അസ്സയോടു നിലനിർത്തുന്ന പ്രായം കൂടിയ, പരപീഡന സ്വഭാവമുള്ള (sadistic), ശൂന്യവാദിയായ (nihilistic), തൊഴിൽ കൊണ്ട് ടാക്സി ഡ്രൈവറും സ്വയം പ്രഖ്യാപിത രാജകുമാരനുമായ ഖലീൽ തന്നെ വേട്ടയാടുന്ന ഭൂതകാലത്തിന്റെയും ഒപ്പം നാളുകൾ എണ്ണപ്പെട്ട മാരക രോഗത്തിന്റെയും പിടിയിലാണ് എന്നത് അയാളുടെ വിചിത്ര മനോനിലയെ ഒട്ടൊക്കെ വിശദീകരിക്കുന്നുണ്ട്. ‘ഷണ്ഠന്റെ ആട്’ (ൗദണ
ഋഴഭഴഡദ’ല ഏമടള) എന്ന വിചിത്ര പ്രകൃതൻ, ഇമാമിന്റെ മകൾ സാദിയയെ നിഗൂഢമായി പ്രണയിക്കുന്നു. അവൾ അയാളുടെ ‘സൂറത്തുൽ ബഖറ’യും അവളുടെ ഹൃദയം അയാളുടെ ‘കാവ്യ സിംഹാസന’വും ആയിരുന്നുവെന്ന് ‘പാത’ നിരീക്ഷിക്കുന്നു. തുണിക്കടയിലെ പെൺ ബൊമ്മകളിൽ അപ്രതിരോധ്യമാം വിധം ആസക്തനാണ് അയാൾ. നൂറ്റാണ്ടുകൾ നീണ്ട സ്ത്രീകളോടുള്ള അടിച്ചമർത്തലിനെതിരെ അവ, ആ ബൊമ്മകൾ, ഇപ്പോൾ തിരിച്ചടിക്കുകയായിരുന്നു എന്ന് നോവലിൽ നിരീക്ഷിക്കുന്നുണ്ട്. അസ്സയുടെ പിതാവും മറവിരോഗം ബാധിച്ചു തുടങ്ങുന്ന കടയുടമയുമായ ഷെയ്ഖ് മുസാഹിം കടയിൽ മുട്ടായി വാങ്ങാനെത്തുന്ന പതിനഞ്ചുകാരിയെ വിവാഹം കഴിക്കുന്നു. ആദ്യരാത്രിക്ക് ശേഷം
കടയുടെ സ്റ്റോർ റൂം പൂട്ടി പുറത്തുപോകുന്ന ഷെയ്ഖ് മുസാഹിം, പെൺകുട്ടി അതിനകത്തുണ്ടെന്ന കാര്യം മറന്നുപോകുന്നു. ഭയപ്പാടോടെ കണ്ടതൊക്കെ വാരിവലിച്ചു തിന്നുന്ന കൗമാരക്കാരിയെ നാളുകൾക്ക് ശേഷം തടിച്ചു വീർത്തു കാണപ്പെടുന്നതോടെ അയാൾ അവളെ അവളുടെ വീട്ടിൽ കൊണ്ട് പോയി ഉപേക്ഷിക്കുന്നു. സ്ത്രീ-പുരുഷ വീക്ഷണങ്ങളിലെ വൈജാത്യം ഏറ്റവും പ്രകടമായിക്കാണുന്ന വേറെയും ഒട്ടേറെ മുഹൂർത്തങ്ങൾ നോവലി
ലുണ്ട്.
ഉമ്മുൽ സഅദ് എന്ന ‘ദുർന്നടപ്പുകാരി’ സ്ത്രീയെ കുറിച്ച് ‘പാത’യുടെ നിരീക്ഷണം ഇതിൽ ഒന്നാണ്: ”പുരുഷന്മാർക്കെതിരെയുള്ള ചെറുത്തുനില്പിലെ സ്ഥിരതയുടെ പ്രതീകമായി സ്ത്രീ
കൾ അവരെ കണ്ടു. അതേസമയം പുരുഷന്മാർക്ക് അവളുടെ മെരുങ്ങാത്ത യോനിയെ കുറിച്ചു ഭാവനയിൽ മുഴുകാതിരിക്കാനായില്ല”.
നോവലിന്റെ രണ്ടാം ഭാഗത്തിൽ മാഡ്രിഡിൽ നാം കണ്ടുമുട്ടുന്ന നോറയാകട്ടെ, സ്വാതന്ത്ര്യം, അനുരഞ്ജനം, ഇടം കണ്ടെത്തൽ തുടങ്ങിയ പ്രശ്നങ്ങളെ ആയിഷയ്ക്കോ അസ്സയ്ക്കോ, മ
ക്കയിലെ മറ്റേതെങ്കിലും അറബ് സ്ത്രീക്കോ സമീപിക്കാനാവാത്ത വിധത്തിൽ കൈകാര്യം ചെയ്യുന്നു. ഒരു ഷെയ്ഖിന്റെ ഭാര്യയായി ഏതാണ്ടൊരു ബന്ദിയെ പോലെ കഴിയേണ്ടി വരുന്ന നോറ, അറിഞ്ഞുകൊണ്ടുള്ള കീഴടങ്ങലിലൂടെയാണ് സ്വാതന്ത്ര്യം കണ്ടെത്തുന്നത്. കീഴടങ്ങുക എന്നത് ഒരു തെരഞ്ഞെടുപ്പല്ലാത്ത, ഒരു സ്വാഭാവിക പരിണതി മാത്രമായവർക്ക് അത്തരം ഒരു അനുരഞ്ജനം ചിന്തിക്കേണ്ടതില്ലല്ലോ.