അകാരണമായ ഒരസ്വസ്ഥത അലക്സ് മാത്യുവിനെ പൊതിഞ്ഞുനിന്നു. ഇത് ലോകമെമ്പാടുമുള്ള റണ്ണിംഗ്
സ്റ്റാഫിനു മാത്രം അനുഭവപ്പെടുന്ന ഒരു തരം ഉൾതരംഗം ആണ്. അനിവാര്യമായ ദുരന്തത്തിന്റെ പുകപടലങ്ങൾ ഉയർത്തി അത് അവന്റെ മസ്തിഷ്കത്തിൽ മണിക്കൂറുകളോളം ചൂളം വിളിക്കും. അത്തരം ദിവസങ്ങളിൽ അഹിതമായത് സംഭവിക്കുക തന്നെ ചെയ്യും. ഇതിനെ വെറും യാദൃച്ഛികം
എന്ന് വിശേഷിപ്പിക്കാൻ അവരിലെ അവിശ്വാസികൾ പോലും സമ്മതിക്കില്ല.
രാത്രി ഇത്ര വൈകിയിട്ടും നല്ല ചൂട്. പതിവില്ലാത്ത വിധം വിയർക്കുന്നുമുണ്ട്. ഫ്ളാറ്റിലേക്ക് കടക്കും മുൻപേ ബിൽഡിങ്ങിെന്റ ്രഗൗണ്ടിനോട് ചേർന്ന പൂന്തോപ്പിൽ നിലാവിന് പിടി കൊടുക്കാതെ, പ്രേതാത്മാക്കളെ പോലെ സീൽക്കാരം പൊഴിക്കുന്ന അക്കേഷ്യാ മരങ്ങൾക്ക് കീഴെ സിമന്റ് ബഞ്ചിൽ തളർന്നിരുന്നു. ഈ ദിവസവും സുരക്ഷിതമായി പൂർത്തിയാക്കി തന്ന അത്ഭുതത്തിന് ദയാപരനായ ദൈവത്തോട് പലകുറി നന്ദി പറഞ്ഞു.
അയൽവാസിയായ ലോക്കോ പൈലറ്റ് നാരായൺ ഷേണായി തിടുക്കത്തിൽ പടിയിറങ്ങി വരുന്നു. അയാളുടെ വെളുവെളുത്ത മുഖത്ത് കരിമേഘങ്ങൾ ഉരുണ്ടു കളിക്കും പോലെ.
– അറിഞ്ഞില്ലേ..? നമ്മുടെ ചവാൻ സാബ് ആശുപത്രിയിൽ ആണ്. നില വളരെ ഗുരുതരം. ഞാൻ പോയി
അന്വേഷിച്ചു വരാം. നീ വരണ്ട. വീട്ടിൽ ജസ്റ്റീന ഒറ്റയ്ക്കല്ലേ…?
നാരായൺ ഷേണായി പ്രതികാര ബുദ്ധിയോടെ തന്റെ ബൈക്ക് ചവുട്ടി ഉണർത്തി. ഉടുപ്പിെന്റ രണ്ടു കൈകളും തെറുത്തു കയറ്റിക്കൊണ്ട് ഉച്ചത്തിൽ അവന്റെ ആത്മഗതം. – ചവാൻ സാബ് ചത്തു പോട്ടെ. അതാ അയാൾക്കും കുടുംബത്തിനും നല്ലത്…
ദൈവത്തോടുള്ള അമർഷം മുഴുവൻ കണ്ണുകളിലേക്ക് ആവാഹിച്ച് അവൻ ആകാശത്തെ ഏകാതാരകത്തെ
നോക്കി. രക്ഷിക്കണേ എന്ന് തന്നെയാവും പ്രാർത്ഥിച്ചത്. വേഗത്തിൽ ആശുപത്രിയിൽ എത്തണം എന്ന് അയാളുടെ ബൈക്ക് ഇരമ്പിക്കൊണ്ടിരുന്നു. മധുകർ ചവാൻ കടം കൊടുത്ത പണം കൊണ്ടാണല്ലോ ഈ ബൈക്കും വാങ്ങിയത്…
നാലുവർഷം മുൻപാണ് മധുകർ ചവാനെ കണ്ടുമുട്ടുന്നത്. പുതിയ തസ്തികയിൽ ചാർജെടുത്ത ശേഷം ചവാൻ സാബിനെ കാണാത്ത ദിവസങ്ങൾ അപൂർവം. അന്ന്…ലോക്കൽ ട്രെയിനിലെ ഡ്രൈവിംഗ് കാബിനിലേക്ക് കയറ്റം കിട്ടിയ ദിവസം. നെറ്റിയിലേക്ക് വീണുകിടന്ന നീണ്ട ചെമ്പൻ മുടിയിഴകളെ തെല്ലു കുനിഞ്ഞ്, പിന്നോട്ട് മാടിയൊതുക്കി മധുകർ ചവാൻ തൊട്ടു മുന്നിൽ…മേലാസകലം പരസ്യങ്ങൾ പതിച്ച, പന്ത്രണ്ടു ബോഗികൾ ഉള്ള ആ വാഹനത്തിന്റെ ദൈർഘ്യം കണ്ണ് നീട്ടി അളന്നു. നിമിഷങ്ങൾക്കകം ഇതിൽ നാലായിരത്തോളം ക്ഷീണിതരായ മനുഷ്യജീവികളുടെ നിശ്വാസങ്ങൾ നുരഞ്ഞുപതയും. ഓരോ ബോഗിയും റമ്മിയും ഫ്ളാഷും മിന്റി കോട്ടും കളിക്കുന്നവരുടെ ക്ളബ് ഹൗസായി മാറും. ലോക്കൽ ട്രെയിൻ പാതി പ്ളാറ്റ്ഫോമിലേക്ക് എത്തുേമ്പാഴേക്കും മാർവാഡി – ഗുജറാത്തി ഭജന വൃന്ദങ്ങൾ പറന്നു വീണ്
കോർണർ സീറ്റുകൾ പിടിച്ചടക്കും.
ജയ് ജഗദീശ ഹരേ…. അവർ തുടങ്ങിക്കഴിഞ്ഞു. ഡോലക്കും ചപ്ളാങ്കട്ടയുമൊക്കെ ഉണ്ട്. കീർത്തനങ്ങളുടെ
ശബ്ദ-ഘോഷങ്ങൾക്കിടയിലും ഇരുവശങ്ങളിലും ഉള്ള മൾട്ടി കളർ ക്ഷേത്രങ്ങർ കാണുമ്പോൾ അവർ ആവേശപൂർവം ആരവങ്ങൾ ഉതിർക്കും.
ജയ് മാതാദി…
ഗൺപതി പപ്പാ മോറിയാ…
ജയ് പാണ്ഡുരംഗ്…
ജയ് ബജ് രംഗ് ബലി കീ…
തങ്ങളുടെ ഈ ഭജൻ മണ്ഡലിയാണ് സമസ്ത യാത്രികരുടെയും സുരക്ഷാകവചം എന്നവർക്ക് പൂർണ ബോ
ദ്ധ്യമുണ്ട്. സീറ്റുകൾക്ക് മദ്ധ്യേ അകപ്പെട്ട് വിലങ്ങുവളയങ്ങളിൽ ഊയലാടി എട്ടായി മടക്കിയ പത്രം വായിക്കുന്നവർക്കും ‘ഷിർദിവാലാ സായിബാബാ’ എന്ന് നീട്ടിപ്പാടി നാണയങ്ങൾ ശേഖരിക്കുന്ന അന്ധഗായകനും ഈ ജയ് വിളികൾ കേൾക്കുമ്പോൾ അടുത്ത സ്റ്റേഷൻ ഏതെന്നു കൃത്യമായി മനസിലാക്കും. അവർ തിരക്കിലൂടെ മെല്ലെ പുറത്തേക്ക് തുഴഞ്ഞു തുടങ്ങും. ലോക്കൽ ട്രെയിനുകളിലെ ഈ ഭൂലോകങ്ങൾക്ക് മാത്രം കാലങ്ങളായി വലിയ മാറ്റമില്ല…സെൽ ഫോണും ലാപ്പും ടാബും വന്നതൊഴിച്ചാൽ…
മുൻപൊക്കെ ‘ഞാൻ’ സ്റ്റേഷനിൽ എത്തുന്നു. ‘ഞാൻ’ കയറുന്നു. എന്റെ ലക്ഷ്യത്തിൽ ഇറങ്ങുന്നു. അതിനപ്പുറം ചിന്തിച്ചിട്ടില്ല. മഞ്ഞിലും മഴയിലും കൊടുംചൂടിലും വണ്ടിയുടെ രണ്ടറ്റത്തിരുന്നു രണ്ടു മനുഷ്യർ നൽകി വന്നിരുന്ന സേവനങ്ങളെ കുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ല. കൂട്ടിക്കെട്ടിയ ബസ്സുകൾ പോലെയുള്ള ഈ വണ്ടിയുടെ ഡ്രൈവിംഗ് കാബിലെ കാര്യക്കാരനായി തീരുമെന്നും കരുതിയിരുന്നില്ല. പ്രമോഷൻ കിട്ടി എന്ന് മാത്രമേ നാട്ടിലുള്ള അമ്മച്ചിയെ അറിയിച്ചിട്ടുള്ളൂ. രണ്ടും
മൂന്നും മിനിട്ടിന്റെ ഇടവേളകളിൽ ആയിരത്തിയെണ്ണൂറിലധികം വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടുന്ന ട്രാക്കുകളിലൂടെ ഇലക്ട്രിക് ട്രയിനിലെ മോട്ടർമാൻ വേഷത്തിലാണ് ജീവിതയാത്രയെന്നറിഞ്ഞാൽ അമ്മച്ചി തലചുറ്റി വീഴും.പിന്നെ അവർ പരുമല തിരുമേനിയെ വിളിച്ചു കരഞ്ഞു തുടങ്ങും…
”അലക്സ്… ഒൺലി ഫൈവ് മിനിട്സ് ലെഫ്റ്റ്…” ചവാൻ ഓർമിപ്പിച്ചു, ചിന്തകളെ പിരിച്ചു വിട്ട് കാബിനിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ മധുകർ ചവാൻ വലംകൈ ഉയർത്തി.
– നില്ക്കൂ… നീ ആരാധിക്കുന്ന നിന്റെ ദൈവത്തെ നന്നായി പ്രാർത്ഥിക്കുക. പിന്നെ വലതുകാൽ വച്ചു കയറുക. ഓർക്കുക. നിന്റെ പ്രാർത്ഥനകൾ നിെന്റ യാത്രികർക്ക് കൂടി വേണ്ടി ആകണം.
കണ്ണടച്ച് നെഞ്ചിൽ കുരിശു വരച്ചു. കൈ ചെറുതായി വിറയ്ക്കുന്നുണ്ട്. ഇത്രയേറെ മനുഷ്യ ജീവികളെയും വഹിച്ചു കൊണ്ട് രണ്ടുമണിക്കൂറോളം ഒറ്റയ്ക്ക്… സദാ അപ്രിയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന എഴുപത് വാഗണുകൾ ഉള്ള ചരക്കുവണ്ടിയുമായി പറക്കുമ്പോൾപോലും തോന്നാതിരുന്ന അകച്ചൂട്…
– അലക്സ്… നിന്റെ ട്രെയിനിംഗ് പിര്യേഡിലെ
പെർഫോമൻസൊക്കെ ഞാൻ കണ്ടതാണ്. നിനക്കിനി
പ്രത്യേകിച്ച് ഉപദേശങ്ങളൊന്നും വേണ്ട. എങ്കിലും എെന്റ
ഇത്രയും കാലത്തെ പ്രവൃത്തിപരിചയത്തിൽ നിന്നും ചിലത്
പറയാം. മഹാനഗരത്തിലെ മോട്ടോർമാൻ പണി നമ്മുടെ
ജീവസന്ധാരണത്തിനുള്ള ഒരുപാധി മാത്രമല്ല. അതൊരു
വലിയ സേവനം കൂടിയാണ്. ദിവസേന പതിനായിരങ്ങളെ
ലക്ഷ്യത്തിൽ എത്തിക്കാൻ ദൈവം നല്കുന്ന ഒരു വലിയ
നിയോഗം. നിെന്റ കൈപ്പിഴ കൊണ്ട് ഒരാൾക്കും അപകടം
പിണയാതെ നോക്കണം. നിെന്റ കണ്ണും ചെവിയും മൂക്കും
മസ്തിഷ്കവും രണ്ടായി പകുത്തുവയ്ക്കണം. ഒരു കണ്ണ്
എപ്പോഴും നിെന്റ മുന്നിലും അതിന്റെ ഇരുവശങ്ങളിലും ഉള്ള
ട്രാക്കുകളിൽ മാത്രം ആകണം. ഹോട്ട് ആക്സിൽ പോലെയുള്ള
ചില കുഴപ്പങ്ങളെ കുറിച്ച് നമുക്ക് സൂചന ലഭിക്കുന്നത്
ഗന്ധം വഴി ആണല്ലോ. അസാധാരണ ശബ്ദങ്ങളിലും ശ്രദ്ധ
വേണം. ഇന്ദ്രിയങ്ങളുടെ മറുപാതി ബാഹ്യമായ ശബ്ദ-വർ
ണ-ഗന്ധങ്ങൾക്ക് വിട്ടുകൊടുക്കുക.
മധുകർ ചവാൻ സുരക്ഷിത യാത്ര ആശംസിച്ച് വലംകൈയുടെ
അമ്മ വിരൽ ഉയർത്തി. അയാളുടെ അസാധാരണ
വലുപ്പമുള്ള വിവാഹ മോതിരവും റാഡോ വാച്ചും
വെട്ടിത്തിളങ്ങി. ഈ വിരൽതുമ്പിലൂടെയാണ് അസംഖ്യം
മോട്ടോർമാന്മാരുടെ ഉള്ളിലേക്ക് അയാൾ ആത്മവിശ്വാസ
ത്തിന്റെ ഊർജം കടത്തിവിടുന്നത്.
*
ബാഗിൽ നിന്നും റിവേഴ്സലും ചാവിയും പുറത്തെടുത്തു.
കാബിനുള്ളിലെ ഉപകരണങ്ങളുടെ എല്ലാം ക്ഷമത ഉറപ്പു
വരുത്തി. വലംകൈ ഡെഡ്മാൻസ് ഹാന്റിലിൽ ഉറപ്പിച്ചു. ട
ർമിനസിൽ നിന്നും ട്രെയിൻ ഇഴഞ്ഞിറങ്ങി. പ്ളാറ്റ്ഫോം
പിന്നിടുമ്പോൾ അമ്മച്ചി വെള്ളച്ചട്ടയിട്ടു നെഞ്ചിൽ കുരിശു
വരച്ച് നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു ഉള്ളിൽ.
‘…മോനെ…സൂക്ഷിച്ച്…’ അമ്മച്ചി ഭീതിയോടെ ഉരുവിടും
പോലെ.
ചിന്തകൾക്ക് ബ്രേക്കിട്ടു. വാഹനം മാത്രമല്ല ചിന്തകളെയും
നിയന്ത്രിക്കാൻ പഠിക്കണം. യൂണിറ്റ് കാർ ഷെഡിൽ
പ്രാക്ടിക്കൽ നടക്കുേമ്പാഴും ഒരു ദിവസം ഗസ്റ്റ് ലക്ചറിനായി
ചവാൻ സാബ് വന്നിരുന്നു. വെറും ഒരു മണിക്കൂറേ
ട്രെയിനികൾക്കൊപ്പം ചിലവഴിച്ചുള്ളൂ. സാങ്കേതിക പരി
ജ്ഞാനം വിളമ്പുക എന്നതായിരുന്നില്ല ഒരിക്കലും
ചവാൻജിയുടെ മുൻഗണന.
ഡ്രൈവിംഗ് സീറ്റിന്റെ മുന്നിൽ ഇങ്ക്വിലാബ് വിളിക്കുന്ന
കൈ പോലുള്ള ഉപകരണത്തിൽ കയ്യമർത്തി മധുകർ ചവാ
ൻ വിശദീകരിച്ചു.
– നിങ്ങൾക്കറിയാം ഇതാണ് ഡെഡ് മാൻസ് ഹാൻഡിൽ.
വേഗത നിയന്ത്രണം മാത്രമല്ല ഇവെന്റ പണി. നിങ്ങളെയും
യാത്രികരെയും ട്രാക്കിന് കുറുക്കു ചാടുന്നവരെയുമൊക്കെ
രക്ഷിക്കാൻ കഴിവുള്ള ഒരു ഡിവൈൻ ഉപകരണം. ഇതിനു
മേൽ നിങ്ങൾ അമർത്തി വയ്ക്കുന്ന കൈ സ്വതന്ത്രമായാൽ
മതി വണ്ടി സഡൻ ബ്രേക്കിട്ടു നില്ക്കും.
കണ്ണുകൾ ആകാശത്തേക്കെറിഞ്ഞ് ഒരു പുരോഹിതന്റെ
മൃദുസ്വരത്തിൽ ചവാൻജി മന്ത്രിച്ചു.
– നിന്റെ ദൈവത്തിന്റെ കയ്യിലുമുണ്ട് ഇതുപോലൊരു
ഡെഡ്മാൻസ് ഹാൻഡിൽ. ഒരു നിമിഷം അവനൊന്നു
കയ്യുയർത്തിയാൽ മതി, നിെന്റ ഓട്ടവും നിലയ്ക്കും. അജ്ഞാതനായ
നിന്റെ സിദ്ധിയിലും നന്മയിലും വിശ്വസിച്ചാണ്
എണ്ണമറ്റ മനുഷ്യജീവികൾ നിെന്റ വാഹനത്തിൽ കയറുന്നത്.
അവരില്ലെങ്കിൽ നീയില്ല. അവർ ഓരോരുത്തരും ഓരോ
കുടുംബത്തിന്റെ അന്നം തേടി അലയുന്നവർ ആണ്.
ഇത്രയേറെ ജീവിതങ്ങളെ ഉള്ളംകയ്യിലിട്ടു പറക്കുന്ന മറ്റൊരു
തൊഴിലുമില്ല ഈ ലോകത്ത്…
മധുകർ ചവാൻ പറഞ്ഞത് പോലെ ഇന്ദ്രിയങ്ങളുടെ നേർ
പാതി തൊഴിലിൽ ശ്രദ്ധിക്കുന്നുണ്ട്. ട്രെയിൻ പ്ളാറ്റ് ഫോം
പിന്നിട്ട് ആദ്യ വളവു തിരിഞ്ഞതും മുന്നിൽ ചിതറിക്കിടക്കുന്ന
ട്രാക്കുകളിൽ നിരവധി വർണ നക്ഷത്രങ്ങൾ. അവ മഞ്ഞയും
പച്ചയും ചുവപ്പും പ്രസരിപ്പിക്കുന്നു. അതിൽ തനിക്കുള്ള
സിഗ്നൽ ഏതെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു.
ചരക്കു വണ്ടികൾക്ക് ടെർിനസിലെ സബർബൻ പ്രവിശ്യകളിലേക്ക്
പ്രവേശനം ഇല്ലാത്തത് കൊണ്ട് കൂടിയാണ് മുൻപ്
ഒരിക്കലും ഈ പാതയിലൂടെ മുൻ സീറ്റിലിരുന്നു സഞ്ചരിക്കാ
ൻ കഴിയാതെ പോയത്.
ഈ സിഗ്നലുകൾ നഗരവാസികളുടെ ക്ഷിപ്രപ്രസാദിയും
ക്ഷിപ്രകോപിയുമായ സാക്ഷാൽ ഗൺപതി ബപ്പയെ
പോലെയാണ്. അതുകൊണ്ടാണ് ഒരു മോട്ടോർമാൻ ഈ
സിഗ്നലുകളെ ആദരിക്കുന്നതും അതിലേറെ ഭയപ്പെടുന്നതും.
അവയാണ് അവന്റെ മാർഗദശികൾ. പല സഹപ്രവർത്തകരെയും
തൊഴിൽരഹിതരാക്കിയതും ഈ സിഗ്നലുകൾ തന്നെ.
കൗതുകത്തോടെ ഓർത്തു. അനുവാദം കൂടാതെ അക
ത്തു കടന്ന കുറ്റത്തിന് തൂക്കുകയർ വിധിക്കുന്ന നിയമമാണ്
ഇവിടെ. ഒരു അപകട സിഗ്നലിെന്റ ചുവപ്പ് കണ്ണിനെ
അവഗണിച്ച് തെല്ലു മുന്നോട്ടു നീങ്ങിയാൽ മതി. വണ്ടി സ്വയം
ബ്രേക്കിട്ടു നില്ക്കും. അതാണ് സുരക്ഷാസംവിധാനം. യാത്രിക
ർ ഇതൊന്നും അറിഞ്ഞെന്നു പോലും വരില്ല. എന്നാൽ
മോട്ടോർമാന് തൊഴിൽ നഷ്ടമാകും എന്നത് ഏറെക്കുറെ
ഉറപ്പിക്കാം. എന്തെന്നാൽ ഈ പിഴവും മേജർ ആക്സിഡന്റ്
തന്നെയെന്നാണ് അധികൃതഭാഷ്യം.
– ബിന്ദാസ് ചലോ…
തൊട്ടടുത്തു നിന്ന് മധുകർ ചവാൻ പ്രോത്സാഹിപ്പിക്കു
ന്നതുപോലെ. വേഗത കൂട്ടി. ആദ്യത്തെ ട്രിപ്പിനു രാത്രിവണ്ടി
തിരഞ്ഞെടുത്തതും ചവാൻജിയുടെ നിർദേശപ്രകാരം തന്നെ.
ഇരുളിൽ സിഗ്നലുകൾ കൂടുതൽ തെളിഞ്ഞു കാണാം. ട്രാക്ക്
മുറിച്ച് കടക്കുന്നവരുടെ എണ്ണവും കുറവായിരിക്കും. പാതി
ദൂരമെത്തി. സിഗ്നൽ കാത്ത് കിടക്കുമ്പോൾ ഇന്റർകോമിലൂടെ
ഗാർഡ് എം.എൻ. റാവുവിന്റെ ശബ്ദം.
– വെരി സ്മൂത്ത് ഡ്രൈവിംഗ്… നിന്റെ ആദ്യ ട്രിപ്പ് ആണെന്ന്
തോന്നുന്നതേ ഇല്ല.
റാവുവിന് ഇൻചാർജിെന്റ ഭാവമൊന്നുമില്ല. സൗമ്യൻ.
എന്നാൽ ജോലിയുടെ കാര്യത്തിൽ തികച്ചും കർക്കശക്കാരൻ.
ഒടടപപട മഡളമഠണറ 2014 ഛടളളണറ 02 7
തുടക്കക്കാർക്കെല്ലാം റാവുവിന്റെ നിയന്ത്രണത്തിൽ ജോലി
ചെയ്യാനാണ് ഇഷ്ടം. ആദ്യ ദിവസത്തെ സമ്മർദത്തിൽ നിന്ന്
മോചിതനായി സൈൻ ഓഫ് ചെയ്യുേമ്പാൾ റാവുവിെന്റ
ക്ഷണം. ഇന്ന് ഡിന്നർ ഒരുമിച്ചാകാം. ഫ്ളാറ്റിൽ ജസ്റ്റീന
കാത്തിരിക്കും എന്ന് ക്ഷമാപണത്തോടെ അറിയിക്കുമ്പോൾ
അയാളുടെ മുഖത്ത് ഒരു ചിരി കൂർത്തു വിടർന്നപ്പോൾ,
ഇത്രയും കൂടി പറയാതിരിക്കാൻ കഴിഞ്ഞില്ല.
– ജസ്റ്റീന എന്റെ അനുജത്തി ആണ്…
ഫ്ളാറ്റിൽ എത്തുമ്പോൾ ജസ്റ്റീന തീൻ മേശയ്ക്കു മുന്നി
ൽ നിന്നും ഓടി വന്ന് കെട്ടിപ്പുണർന്നു. എത്ര പെട്ടെന്നാണ്
അവൾ ആ പഴയ എട്ടു വയസ്സുകാരിയിലേക്ക് പടിയിറങ്ങുന്ന
ത്. തിളയ്ക്കുന്ന യുദ്ധഭൂമിയിൽ നിന്നും മടങ്ങി വന്ന പട്ടാളക്കാരനെ
കാണുന്ന ഒരമ്മയുടെ ഭാവമായിരുന്നു അവളുടെ
കണ്ണിൽ…
– ജോയ്ച്ചാ… പുതിയ ജോലിയൊക്കെ എങ്ങനെ…?
– കുഴപ്പമില്ല കുഞ്ഞുമോളെ… ചരക്കു വണ്ടിയേക്കാൾ
ഭേദം…
പോക്കിനും വരവിനുമൊക്കെ ഒരു കൃത്യത ഉണ്ടല്ലോ…
അവൾക്ക് അതത്ര ബോധിച്ച മട്ടില്ല. ഇനി മുതൽ
വർഷത്തിൽ മുന്നൂറ്റി അറുപത്തഞ്ച് ദിവസവും ജോലി
ചെയ്യണം. വീക്ക്ലി റെസ്റ്റ് പോലുമില്ലാത്ത ജോലി.
ഡോർവേയുടെ ഇരുവശത്തും തൂങ്ങിക്കിടക്കുന്നവർ. ഉള്ളിൽ
ഒരായിരം വിലങ്ങുവളയങ്ങളിൽ ചാഞ്ചക്കം മറിഞ്ഞ്
ഊയലാടുന്നവർ. മേൽക്കൂരയിൽ യാത്ര ചെയ്യുന്നവർ. അവ
ർ ഇതൊക്കെ എന്നും കാണുന്നതല്ലേ?
സമയസരണിയുടെ ഘടികാര നിർദിഷ്ടതയിലൂടെയുള്ള
ഈ ജീവിതം തുടങ്ങിയിട്ട്, വർഷം മൂന്നു കഴിഞ്ഞു. ഇക്കൊല്ലം
കൂടി കഴിഞ്ഞാൽ അവളുടെ പി.ജി. കഴിയും. പിന്നെ
ആലോചനകൾ തുടങ്ങണം. പഠനത്തിൽ അവൾ എന്നും
മുന്നിലായിരുന്നു. കൂട്ടുകാരൊക്കെ ഹൗസ് സർജൻസിയും
കഴിഞ്ഞ് ഡോക്ടർ വേഷം അണിയുമ്പോഴേക്കും എന്റെ
ഡിഗ്രിയും എം.ബി.എ യും കഴിയും. അതായിരുന്നു അവളുടെ
നിലപാട്. സിവിൽ സർവീസിലാണ് അവളുടെ കണ്ണ്.
രാത്രി സോഫയിൽ ഇരുന്ന് പത്രത്താളുകൾ മറിക്കുമ്പോ
ൾ, പതിവുപോലെ അവൾ വന്നു മടിയിൽ തല വച്ച് കിടന്നു.
അപ്പോൾ അവളുടെ അന്നത്തെ വാർത്തകൾ മുഴുവൻ മൂളി
കേട്ടുകൊണ്ടിരിക്കണം.
– ഗായത്രീ ബേന്റെ മകൻ അർജുൻ മെൽബണിൽ നിന്നു
വന്നിട്ടുണ്ട്……
അടുത്ത ഫ്ളാറ്റിലെ ഗായത്രി ബെന്റെ ഭർത്താവ്
രത്നവ്യാപാരിയാണ്. ആകെക്കൂടി ഒരു രഹസ്യപ്പോലീസുകാരന്റെ
ഭാവം. യന്ത്രമനുഷ്യരെ അനുസ്മരിപ്പിക്കുന്ന
ചലനങ്ങൾ. അതിരാവിലെ വീട് വിട്ടാൽ, പാതിരയ്ക്കേ
മടങ്ങിയെത്തൂ. രണ്ടു മക്കളും – അർജുനും ആശീഷും –
മെൽബോണിൽ ആണ്. ഗായത്രി ബെൻ ഒരമ്മയുടെ സ്നേഹം
അവർക്കു പിശുക്കില്ലാതെ നല്കുന്നുണ്ട്. രാവിലെ പോകുമ്പോൾ,
പയ്യൻസ് ബാൽക്കണിയിൽ നില്ക്കുന്നത്
ശ്രദ്ധിച്ചിരുന്നു. സ്ലീവ്ലെസ് ടി ഷർട്ടും കുട്ടിനിക്കറും. വലിയ
ഹെഡ് ഫോൺ ചെവിയിൽ തിരുകി. പോരെങ്കിൽ അവന്
ഒട്ടും ഇണങ്ങാത്ത ഊശാംതാടിയും തലയ്ക്കു പിന്നിൽ വെളു
ത്ത കൊതുകുതിരി പോലെ ഒരു ഡിസൈനും. സന്ധ്യയ്ക്ക്
പ്ളാറ്റ്ഫോമിനോട് ചേർന്നുള്ള മൈതാനത്ത് ചേരിയിലെ
കുട്ടികൾക്കൊപ്പം ഓടിക്കളിച്ചിരുന്നതും ഇവൻ തന്നെ
ആകണം.
– ജോയ്ച്ചനെ കാണാൻ നാളെ അവൻ വരും.
– നീയവനെ ബ്രിഹന്ദള എന്ന് വിളിച്ചോ…
രണ്ടു പേരും ചിരിച്ചില്ല. അവൾ ഗൗരവം ഉപേക്ഷിക്കാതെ
ഇത്രയും മാത്രം പറഞ്ഞു…
– അർജുൻ ഈസ് എ വെരി ബ്രില്ല്യന്റ് ഗൈ… അവന്റെ
സബ്ജക്റ്റ് സോഷ്യൽ വർക്ക് ആണ്. നഗരപ്രാന്തങ്ങളിലെ
ചേരിപ്രദേശങ്ങളിലെ ജീവിതമാണ് അവന്റെ ഗവേഷണ
വിഷയം അവരുടെ സംസ്കാരം… മനശാസ്ര്തം… അവൻ
വല്ലാത്ത ത്രില്ലി ആണ്. എപ്പോഴും അവർക്കൊപ്പം തന്നെ…
ഒട്ടും താൽപര്യം തോന്നിയില്ല. ഉള്ളുനിറയെ മധുകർ
ചവാന്റെ ചെത്തി മിനുക്കിയ ബ്ളാക്ക് ആൻഡ് വൈറ്റ്
താടിയും തെളിഞ്ഞ കണ്ണുകളും. നാരായൺ ഷേണായ്
ഇനിയും മടങ്ങി വന്നിട്ടില്ല. ഒരുവേള ചവാൻ സാബ്…….
ഷേണായിയുടെ ബൈക്ക് പതിവിലേറെ ഒച്ച ഉയർത്തി
ക്കൊണ്ട് കടന്നു വന്നു. വലിച്ചെറിയും പോലെ ബൈക്ക്
സ്റ്റാന്റിലിട്ട് പഴയകാല സിനിമയിലെ വില്ലനെ പോലെ
അവൻ ചീറി അടുത്തു.
– എന്തിനാടാ ഈ തന്തയ്ക്കു പിറക്കാത്തവന്റെ പണി
കാണിച്ചത് ? കൊല്ലാമായിരുന്നില്ലെ നിനക്ക്?
മനസും ശരീരവും മരവിച്ച് നിശ്ചലം ആകുന്നു. ഉള്ളിൽ
എവിടെയോ ഒരു കറുത്ത തിര മാത്രം ആർത്തട്ടഹസിക്കുന്നു
ണ്ട്. അവൻ നിന്ന് തിളയ്ക്കുകയാണ്..
– ഒന്നും മനസിലായില്ല…അല്ലെ? നിന്റെ വണ്ടി ആണ്
ചവാൻ സാബിെന്റ ഉടലിലൂടെ കയറി ഇറങ്ങിയത്. കൃത്യം
ഇരുപത് മുപ്പത്തൊന്നിന്… വെറും മൂന്നു മണിക്കൂർ മുൻപ്…
പൊടുന്നനെ ഷേണായി തണുത്തു ചുരുങ്ങി.
– സോറി… അലക്സ്… പെട്ടെന്നുണ്ടായ ക്ഷോഭം കൊണ്ട്
പറഞ്ഞുപോയതാ… നമ്മൾ ആരും അറിഞ്ഞുകൊണ്ട്
ഇങ്ങനെയൊന്നും ചെയ്യില്ല… എന്നാൽ ഇത് സത്യമാണ്.
നീയായിരുന്നു ആ നിർഭാഗ്യവണ്ടിയുടെ അമരക്കാരൻ.
ഒരു പ്രേതകഥ പോലെ അവൻ വിശദീകരിച്ചു. പ്രവീൺ ശ
ർമയോടൊപ്പം ഡ്രൈവിംഗ് കാബിനിൽ ഇരുന്ന് യാത്ര
ചെയ്യുകയായിരുന്നു ചവാൻ. തൊട്ടു പിന്നിലുള്ള
ബോഗിയുടെ ചുവട്ടിൽ നിന്നും തുടർച്ചയായി എന്തോ
അസാധാരണ ശബ്ദം കേട്ടു. അടുത്ത സ്റ്റേഷനിൽ വണ്ടി
നിത്തി അഞ്ച് സെല്ലുകളുള്ള ടോർച്ചുമായി അവൻ
പുറത്തിറങ്ങാൻ തുടങ്ങവേ ചവാൻജി വലംകയ്യുയർത്തി
തടഞ്ഞു. മധുകർ ചവാൻ തന്നെ ട്രാക്കിൽ ഇറങ്ങി വണ്ടിയുടെ
ബ്രേക്ക് ബ്ളോക്കുകൾ പരിശോധിക്കുക ആയിരുന്നു. കൃത്യം
കഴിഞ്ഞ് പിന്നിലേക്ക് കാൽ വഴുതി വീണതും അടുത്ത
ട്രാക്കിലൂടെ ചീറിപ്പാഞ്ഞു വന്ന ഫാസ്റ്റ് ട്രെയിൻ അയാളുടെ
വലംതോളിലൂടെ കയറിയിറങ്ങി കടന്നു പോയി. ലഗേജ്
കംപാർട്മെന്റിലെ യാത്രക്കാരുടെ നിലവിളി കേട്ട് പ്രവീൺ
ഓടിയെത്തി. ബോധം മറയാൻ പോകുന്നതിന്റെ സൂചനയായി
കണ്ണുകൾ ഗോളാകൃതിയിൽ ചലിക്കവേ, ആജ്ഞാ
രൂപത്തിൽ ചവാൻ പ്രവീണിനോട് പറഞ്ഞു.
– നീ പോ… നിന്റെ വണ്ടി വൈകിക്കൂടാ. ഇത് സ്റ്റേഷൻ
സെക്ഷനാണ്. എന്റെ കാര്യം ഇവിടുത്തെ സ്റ്റേഷൻ മാസ്റ്റർ
നോക്കിക്കൊള്ളും.
മുമ്പും ചവാൻ സാബ് പറയുമായിരുന്നു. ഓരോ
വണ്ടിയിലും ഓപ്പറേഷൻ തീയെറ്ററിലേക്ക് പോകുന്ന ഒരു
ഡോക്ടറുണ്ടാകാം. മരണാസന്നയായ ഒരമ്മയുടെ മകനുണ്ടാകാം.
രണ്ടു കൈകളും അടിവയറിനോട് ചേർത്ത് പിടിച്ചിരി
ക്കുന്ന അസ്വസ്ഥയായ ഒരു നിറഗർഭിണി ഉണ്ടാകാം.
അതുകൊണ്ട് സമയം പാലിക്കപ്പെടുക തന്നെ വേണം…
ഓരോ ട്രെയിനും സ്റ്റേഷനിലൂടെ കടന്നു പോകുന്ന സമയം
കൃത്യമായി കൺട്രോൾ ഓഫീസിൽ അറിയാം. ഷേണായി
പറഞ്ഞത് ശരിയാകാം. നിർത്താത്ത സ്റ്റേഷനുകളുടെ
പ്ളാറ്റ്ഫോം വശത്ത് കൂടുതൽ ശ്രദ്ധ വേണം എന്ന്
പഠിപ്പിച്ചത് ചവാൻ സാബ് തന്നെയാണ്. അതിനിടെ
മറുവശത്ത് അവസാന നിമിഷം നിലംപതിച്ച മനുഷ്യരൂപത്തെ
കണ്ടിരുന്നില്ല…
എങ്കിലും സ്വയം മാപ്പ് നല്കാൻ കഴിയുന്നില്ല.
ബാത്ത്റൂമിൽ ഷവർ തുറന്നിട്ട് കണ്ണടച്ച് നിന്നു. ഒരു
ദൈവത്തോടും പ്രാർത്ഥിക്കാതെ. ഗതകാല ദൃശ്യങ്ങൾ ഉള്ളി
ൽ ഇരമ്പിപ്പാഞ്ഞുകൊണ്ടിരുന്നു. ഈ തസ്തികയിൽ വന്ന്
തൊട്ടടുത്ത ദിവസം തന്നെ ആദ്യത്തെ അനുഭവം. വണ്ടി
ചുരം കടന്നു നീണ്ട ചൂളം വിളിയോടെ വളവു തിരിയുകയായി
രുന്നു. ട്രാക്കിനരികിലൂടെ ഒക്കത്ത് പിഞ്ചുകുഞ്ഞുമായി നടന്ന
സ്ര്തീയുടെ പിടി വിട്ട് ഒരു പത്തു വയസ്സുകാരി ട്രാക്കിലൂടെ
മറുവശത്തേക്ക് ചാടുന്നു. ഹാൻഡിലിൽ നിന്ന് പിടിവിട്ടു.
ആന കരിമ്പ് ഒടിക്കുംപോലെ ഒരു ശബ്ദം കേട്ടിരുന്നു. വണ്ടി
ഉലഞ്ഞു നിന്നു. തിരിഞ്ഞ് നോക്കുമ്പോൾ, വീൽചക്രങ്ങൾ
ക്കിടയിൽനിന്ന് ആ അമ്മ മകളുടെ കൈ പുറത്തേക്ക്
വലിക്കുന്നു. ഇറുന്നു മാറിയ കൈയുമായി അവൾ ബോധം
കേട്ട് പിന്നോട്ട് മറിയുന്നു.
അവധിയെടുത്ത് പല ദിനങ്ങൾ ഊണും ഉറക്കവും
ഇല്ലാതെ ഫ്ളാറ്റിൽ ചുരുണ്ട് കൂടി. ജസ്റ്റീനയോട് ഒന്നും
പറഞ്ഞില്ല.
കുമ്പസാര കൂട്ടിനപ്പുറം നിന്ന് പിതാവിനോട് പറഞ്ഞു.
– ഞാൻ ഒരു പിഞ്ചു കുഞ്ഞിനെ കൊന്നച്ചോ…
എല്ലാം വിശദമായി കേട്ട് ഫാദർ പ്രതിവചിച്ചു.
– സാരമില്ല കുഞ്ഞാടെ. നീ പശ്ചാത്തപിക്കുക.
പരിസരം മറന്നു പൊട്ടിത്തെറിച്ചു പോയി. അറിഞ്ഞുകൊണ്ട്
തെറ്റു ചെയ്യാത്തവൻ എന്തിന് പശ്ചാത്തപിക്കണം?
അടുത്ത ദിവസം ചാവാന്റെ സന്ദർശനം.
– അലക്സ് നീണ്ട ഇരുപത് വർഷക്കാലം നിന്റെ ഇതേ
തൊഴിൽ ചെയ്തവൻ ആണ് ഞാൻ. നിന്റെ സ്ഥാനത്ത് ഞാൻ
ആയിരുന്നെങ്കിലും അവളെ രക്ഷിക്കാൻ ആകുമായിരുന്നില്ല.
കണ്ണുകൾ കാഴ്ചയ്ക്ക് വേണ്ടി മാത്രം ഉള്ളവയല്ല. ചിലത്
കാണാതിരിക്കാൻ കൂടി ആണ്. മറവിയെ ധ്യാനിച്ച് പ്രത്യക്ഷ
മാക്കാനും നമുക്ക് കഴിയണം.
ഇതൊക്കെ പറയുന്ന ചവാൻ സാബിനും ഒരു വിചിത്ര
ശീലം ഉണ്ടായിരുന്നത്രേ. ട്രാക്കിലൂടെ അലയുന്ന തെരുവ്
നായ്ക്കളെ മന:പൂർവമായി തന്നെ ഇടിച്ചു തെറിപ്പിക്കുമായിരു
ന്നു. അവയുടെ നരക ജന്മത്തിന് അറുതി വരുത്തുന്നത് പുണ്യ
കർമം ആണ് എന്നാണ് ചവാൻജിയുടെ വിശ്വാസം. ആ
കൊച്ചു പെൺകുട്ടിയിൽ തുടങ്ങി നാളിത് വരെ പന്ത്രണ്ടു
പേർക്കാണ് മുക്തി നല്കിയത്. ചവാൻജിയുടെ ജീവനും നൂൽ
പാലത്തിൽ ആണ്…
ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിലേക്ക് ഓടിക്കയറി കൈ
മാടി വിളിച്ച വൃദ്ധൻ. കെട്ടിപ്പുണർന്ന് ചുട്ടുപഴുത്ത ട്രാക്കിനെ
തലയണ ആക്കി കിടന്ന യുവകമിതാക്കൾ. അന്ത്യ
നിമിഷത്തിൽ പാളത്തിൽ നിന്നും നിരങ്ങി നീങ്ങാൻ
കഠിനയത്നം ചെയ്ത അർദ്ധനഗ്നയായ ഹിജഡ. ഏറിയ കൂറും
ആത്മഹത്യകൾ. പക്ഷെ നിയമത്തെ തെല്ലും ഭയക്കേണ്ടതി
ല്ല. എന്തെന്നാൽ പാളങ്ങളിൽ ജീവിതം സമർപ്പിക്കുന്നവർക്ക്
ഒരൊറ്റ പേരെയുള്ളൂ. ട്രസ് പാസർ. നിയമം, അതിക്രമിച്ചു
കടക്കുന്നവർക്കുള്ളതല്ല.
കൊലക്കുറ്റത്തിന് ഒരു ശിക്ഷയും ലഭിക്കാത്ത രണ്ടേ രണ്ടു
വിഭാഗമേയുള്ളൂ. റെയിൽവണ്ടി ഓടിക്കുന്നവരും ആരാച്ചാര
ന്മാരും. ഇരുവരുടെയും ഇരകൾ അവരുടെ ശത്രുക്കളല്ല എന്ന്
മാത്രമല്ല പരിചിതർ ആകണം എന്ന് പോലുമില്ല. എന്നാൽ
അവരുടെ ആത്മാക്കൾ ചുണ്ടെലിയുടെ രൂപം ധരിച്ച് ഉള്ളിൽ
കടന്ന് ശിഷ്ടകാലം മുഴുവൻ ഹൃദയം കരണ്ടുകൊണ്ടിരിക്കും.
അതാണ് അവർക്കുള്ള ജാമ്യവും പരോളുമില്ലാത്ത
ജീവപര്യന്തം.
കഴിഞ്ഞ നാല് ദിവസങ്ങളായി മദ്യശാലയിലെ സ്ഥിരം
വിരുന്നുകാരൻ ആകാൻ കാരണക്കാരി ജസ്റ്റീനയുടെ
പ്രായത്തിലുള്ള ഒരു പെൺകുട്ടി ആണ്. പാഴ്സിക് വളവ്
തിരിഞ്ഞു പായുേമ്പാൾ, പെൺകുട്ടി വലിയ മൊബൈൽ
ഫോൺ ചെവിയിൽ തിരുകി അഭിമുഖമായി കളിചിരിയോടെ
പ്രത്യക്ഷപ്പെടുന്നു. ബഫർ ബീം മെസിയുടെ ഗോൾ പോലെ
അവളെ അന്തരീക്ഷത്തിലൂടെ പറത്തുന്നു. പാളങ്ങളുടെ
ഗോൾ പോസ്റ്റിൽ തട്ടി തലയും കണ്ണടയും ചിതറി മറ്റൊരു
രൂപം സ്വീകരിച്ച് അവൾ ബാലസ്റ്റ് കൂമ്പാരത്തിന്റെ മീതെ…
ബന്ധുക്കൾക്ക് വിവരം നൽകാനായി അവളുടെ സെൽ
ഫോൺ സഹായിച്ചേക്കാം. അപ്പോഴും ആ ഫോണിൽ
നിന്നും പ്രണയം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. മനസ്സിൽ തുളു
മ്പി നില്ക്കുന്ന അവളുടെ അവസാന രൂപത്തെ അതിജീവിക്കാ
ൻ, അടുത്ത ദിവസത്തെ വാർത്തയോടൊപ്പം വന്ന അവളുടെ
നിറചിരിയുള്ള മുഖം എത്രയോ നേരം നോക്കിയിരുന്നു.
കഴിയുന്നില്ല, ബീഭത്സരൂപം മനസ് കൈവിടുന്നില്ല.
ഭീതിദമായ ഓർമകളെ കൊന്നൊടുക്കാൻ മദ്യത്തിനും
ശക്തിയില്ല.
വാതിൽ തുറന്ന് ജസ്റ്റീന പ്രസരിപ്പോടെ വാർത്തകൾ
തുടങ്ങി…
– അർജുൻ ഇതുവരെ ഇവിടെ ജോയിച്ചനെ കാത്തിരിക്കുകയായിരുന്നു.
– ആ പിശാചിന്റെ കാര്യം ഇവിടെ മിണ്ടിപ്പോകരുത്…
അവൾ അന്ധാളിപ്പോടെ ഒരു മൂർച്ചയുള്ള നോട്ടം
സമ്മാനിച്ചു. കണ്ണ് നനഞ്ഞിട്ടും അവളുടെ ശബ്ദം ഉയർന്നു.
– എന്തായാലും… ഞങ്ങൾ സ്നേഹത്തിലാണ്.
ബെഡ് റൂമിലെത്തി കതകടച്ചു. വേദ പുസ്തകം പകുത്തു
മുന്നിൽ വച്ചു.
ഞാൻ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ… ഒരാൺകുട്ടി
പിറന്നു എന്ന് സന്തോഷപ്പെട്ട രാത്രി ശപിക്കപ്പെടട്ടെ. അമ്മ
എന്തിന് എന്നെ മടിയിൽ കിടത്തി ഓമനിച്ചു? എന്തിനെന്നെ
പാലൂട്ടി വളർത്തി? ഞാൻ നിദ്ര ഉണർന്ന് ശാന്തി അനുഭവിക്കുമായിരുന്നല്ലോ.
നഷ്ടനഗരങ്ങള പുനരുദ്ധരിച്ച രാജാക്കന്മാരെയും
അവരുടെ ഉപദേഷ്ടാക്കളെയും പോലെ……
ദൈവം നല്കിയ മുൾക്കിരീടത്തിന്റെ വേദനയകറ്റാൻ
അവനും തുണയാകില്ലെന്ന് ഉറപ്പായി. നിലം പതിക്കും മു
ൻപേ ഉയിർത്തെഴുന്നേൽക്കുന്ന മഹാനഗരം. എത്ര
പെട്ടെന്നാണ് ഇവിടെയുള്ള മനുഷ്യർ തങ്ങളുടെ ദുരന്തങ്ങളെ
കെട്ടിപ്പുണരുന്നത്? വെറും മൂന്നു മാസത്തിനുള്ളിൽ മധുകർ
ചവാൻ സ്റ്റേഷൻ മാനേജരുടെ തൊട്ടടുത്ത മുറിയിൽ ഓഫീസ്
സൂപ്രണ്ടിെന്റ കസാലയിൽ ഇരുന്നു പുഞ്ചിരി തൂകുന്നു.
കുറ്റിത്തലമുടിയും ചതഞ്ഞമർന്ന മൂക്കും. താടിരോമങ്ങൾ
അങ്ങിങ്ങ് മാത്രം. അതിസുന്ദരനായിരുന്ന മധുകർ ചവാന്റെ
മുഖം ഇപ്പോൾ ഒരു കാട്ടുചേനയെ അനുസ്മരിപ്പിക്കുന്നു.
അയാളുടെ മുറിഞ്ഞു മാറിയ വലംകൈ ഒരു രാത്രി മുഴുവൻ
പ്രകാശം ചുരത്തിക്കൊണ്ട് പാളങ്ങൾക്ക് മദ്ധ്യേ കിടപ്പായിരു
ന്നത്രെ.
ചവാൻ നിശ്ചലൻ ആയി ഇരിക്കുമ്പോഴും അയാളുടെ
കുപ്പായത്തിന്റെ ഒഴിഞ്ഞ് തൂങ്ങിയ വലംകൈ കാറ്റിൽ
ഇളകുന്നുണ്ട്. മറുകൈ പിടിച്ചു കുറച്ച് നേരം ഒന്നും മിണ്ടാതെ
നിന്നു. അയാളുടെ തള്ളവിരൽ തലകുനിച്ചിരിക്കുന്നു.
പാർക്കിസൺ രോഗിയെ പോലെ വിറകൊള്ളുന്ന മോതിര
വിരൽ ശൂന്യമാണ്. റാഡോ വാച്ചിന് പകരം ഒരു ചുവന്ന
മന്ത്രച്ചരട്.
ആശ്വസിപ്പിക്കുന്ന സ്വരത്തിൽ ചവാൻ പറഞ്ഞു.
– സാരമില്ല. എങ്കിലും ….. അത് നീ ആകാതിരുന്നെങ്കിൽ….
അയാളുടെ കണ്ണിൽ ഒരു തുണ്ട് കനൽ നീറുന്നുണ്ടായിരുന്നോ?
– എന്തായാലും….നീ ജസ്റ്റീനയുടെ ആഗ്രഹം സാധിച്ചു
കൊടുക്കണം. അർജുൻ മിടുക്കനാണ്.
അവളുടെ മുഴുവൻ ലോകവും നീ ആണെന്ന കാര്യവും
മറക്കരുത്.
ചവാൻ സാബ് ഇതൊക്കെ എങ്ങനെ അറിയുന്നു?
അവൾക്കു നല്ല തിരിച്ചറിവുണ്ട്. പഠിത്തമുണ്ട്. ചവാൻജി
പറയുന്നതാണ് ശരി. അവളെ ഇനിയും വേദനിപ്പിച്ചുകൂടാ.
അദ്ധ്യാപകനായ പപ്പയുടെ ഹൃദയം ഒരു മുന്നറിയിപ്പുമി
ല്ലാതെ നിലച്ചു പോയ ആ ദിവസം വരെ അമ്മച്ചി ഭർത്താവിന്
ചുറ്റും കറങ്ങുന്ന ഒരു ഉപഗ്രഹം മാത്രം ആയിരുന്നു. ഒരിക്കലും
പപ്പയുടെ ശബ്ദം ഉയർന്നു കേട്ടിട്ടില്ല. സ്കൂളിൽ നിന്ന് വന്നാൽ
ഇടയ്ക്കിടെ അമ്മച്ചിയെ കണ്ടുകൊണ്ടിരിക്കണം. കുളി കഴിഞ്ഞ്
എത്തുമ്പോൾ അമ്മച്ചിയുടെ മുട്ടോളം എത്തുന്ന മുടി പപ്പ
വാരി ചുംബിക്കുന്നത് പലകുറി കാണാൻ ഇടയായിട്ടുണ്ട്. പപ്പ
പോയതോടെ നനഞ്ഞ മൗനം ധരിച്ച ഒരു യന്ത്രപ്പാവയെ
പോലെ കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്യുകയും വസ്ര്തങ്ങൾ
അലക്കുകയും മാത്രം ചെയ്തു പോന്നു. ബാക്കി സമയം മുഴുവൻ
അവർ ആ ഒഴിഞ്ഞ ചാരുകസാലക്കരികിൽ തൂണും ചാരി
ഇരുന്നു.
സാക്ഷാൽ ബിഷപ്പ് തിരുമേനിയും പള്ളിക്കാരും
അളവില്ലാതെ നിർബന്ധിച്ചപ്പോൾ അമ്മച്ചിക്ക് തല
കുനിക്കേണ്ടി വന്നു. ഡാനിയൽ വള്ളൂർക്കാടൻ എന്ന
നവവരന്റെ മുന്നിൽ. അനവധി റബ്ബർ തോട്ടങ്ങളെയും
ക്വട്ടേഷൻ ടീമുകളെയും സംരക്ഷിച്ചു പോന്നിരുന്ന വള്ളൂ
ർക്കാടൻ പേരുദോഷം കൊണ്ട് ഏവർക്കും പരിചിതനായിരു
ന്നു. എന്നാൽ നാട്ടിലെ സ്ര്തീകൾക്ക് അയാൾ ഒരു
വെല്ലുവിളിയും ഉയർത്തിയിരുന്നില്ല. ഒരു വശത്ത് നിന്ന്
നോക്കിയാൽ കറുത്ത ചുറ്റിക പോലെ തോന്നിക്കുന്ന
അയാളുടെ മേൽമീശയും വെളുത്ത ജൂബയുടെ മുന്നിൽ
തൂങ്ങുന്ന കുരിശുമാലയും മാത്രമേ ഇപ്പോൾ ഓർമയിൽ ഉള്ളു.
അന്ന് വെറും പതിനെട്ടു വയസുകാരനായിരുന്ന ഈ പുത്രന്
എല്ലാറ്റിനും നിശബ്ദ സാക്ഷി ആകാൻ മാത്രമേ കഴിഞ്ഞിരുന്നു
ള്ളൂ.
വിവാഹത്തിന്റെ മൂന്നാംനാൾ അയാൾ ഉറക്കം ഉണരും മു
ൻപേ കുറച്ച് പണവും ആഭരണങ്ങളും സമ്മാനിച്ച് അമ്മച്ചി
മന്ത്രിച്ചു
– ഇവളെയും കൂട്ടി നീ ദൂരെ എവിടെക്കെങ്കിലും പോ…
ഇനി മുതൽ അവൾക്കു നീ മാത്രമേ ഉള്ളു.
അമ്മച്ചിയുടെ മനസ്സിൽ ഒരു ആത്മഹത്യയുടെ ബീജം
ഉണ്ടായിരുന്നോ?
എട്ടു വയസ്സുകാരി ജസ്റ്റീനയ്ക്ക് മഹാനഗരത്തിൽ
കന്യാസ്ര്തീകൾ നടത്തുന്ന ഒരു അനാഥാലയമാണ് അഭയം
നല്കിയത്. ആറ് വർഷക്കാലം അവൾ അവിടെ താമസിച്ചു
പഠിച്ചു. കുറച്ചു കാലം തുച്ഛ ശമ്പളത്തിന് രാത്രി മുഴുവൻ
അവരുടെ വാച്ച്മാൻ ഉദ്യോഗം ചെയ്തു. പകൽ ജയമാരുതി
സർവീസ് സെന്ററിലെ ഹെൽപർ വേഷം. എല്ലാ ഞായറാഴ്ചയും
അടുത്തുള്ള ബൂത്തിൽ നിന്നും അമ്മച്ചിക്ക് ഫോൺ
ചെയ്യും. ഓരോ തവണ വിളിക്കുമ്പോളും അമ്മച്ചിയുടെ
വിഷാദം ചോർന്ന് പൊെയ്ക്കാണ്ടിരുന്നു. അമ്മച്ചി മെല്ലെമെല്ലെ
വള്ളൂർക്കാടനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കണം.
– ഉവ്വ്… ഞാൻ അയാളെ സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു.
ഒരു പൂച്ചയെ വളത്തുമ്പോളും നിരന്തര സമ്പർക്കം കൊണ്ട്
ഉണ്ടാകുന്ന ഒരു തരം അടുപ്പമില്ലേ? അതുപോലെ. പോരെ
ങ്കിൽ അയാൾ ഒരു കാപട്യവുമില്ലാതെ തുറന്ന് പറഞ്ഞ ചില
കാര്യങ്ങളും.
മീശ മുളയ്ക്കുന്ന കാലം മുതൽ അയാൾ അമ്മച്ചിയെ
മോഹിച്ചു തുടങ്ങിയതാണത്രേ. ഒരു നാൾ എല്ലാം കീഴ്മേൽ
മറിയുമെന്നും എന്നെങ്കിലും തെന്റ മനസ് കൊതിച്ചവൾ
ന്റേതാകുമെന്നും അയാൾ അടിയുറച്ചു വിശ്വസിച്ചു. അതിനായി
അയാൾ മുട്ടിപ്പായി പ്രാർത്ഥിച്ചു. വൈകിയാണെങ്കിലും
ദൈവവും ബിഷപ്പ് തിരുമേനിയുമൊക്കെ അയാളുടെ പ്രാർ
ത്ഥന ചെവിക്കൊണ്ടു. ഇന്ന് ഓർക്കുമ്പോൾ അയാളോടും
അല്പം സ്നേഹം തോന്നുന്നു. ഇപ്പോൾ അയാളുടെ ലോകം
അമ്മച്ചിയും റബ്ബർ തോട്ടങ്ങളും മാത്രമായി ഒതുങ്ങിയിരിക്കു
ന്നു. എങ്കിലും ഒഴിവു സമയങ്ങളിലൊക്കെ അമ്മച്ചി പപ്പയുടെ
ചാരുകസേരയ്ക്ക് മുൻപിൽ അഭയം തേടി. അത്തരം
വേളകളിൽ അമ്മച്ചിയുടെ ഏകാന്തതയുടെ ജലസംഭരണി
യിൽ കല്ലെറിയാനോ ആ കസേര പൂമുഖത്ത് നിന്നും നീക്കം
ചെയ്യാനോ അയാൾ ഒരിക്കലും തുനിഞ്ഞിട്ടില്ല.
ജസ്റ്റീനയ്ക്ക് അമ്മയെന്ന വാക്കേ അലർജി ആണ്. ഇന്ന്
അവൾ അമ്മച്ചിയോട് സംസാരിച്ചേ പറ്റൂ. വള്ളൂർക്കാടനോടും
കാര്യം പറയണം. ഇന്ന് അവളുടെ ജീവിതത്തിലെ ഏറ്റവും
പ്രധാനപ്പെട്ട ദിവസമാകണം.
കഴിയും വേഗം ഫ്ളാറ്റിൽ എത്തണം. എന്തായാലും പച്ച
സിഗ്നലുകൾ മുറയ്ക്ക് കിട്ടുന്നുണ്ട്. പകൽ മാഞ്ഞെങ്കിലും
ഇരുളിെന്റ അധിനിവേശം തുടങ്ങുന്നതേ ഉള്ളു. പ്ളാറ്റ്
ഫോമിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടു മുൻപ് ലുക്കിംഗ്
വിൻഡോയിലൂടെ, ആകാശത്തു നിന്നും പൊഴിഞ്ഞു വീഴുന്ന
ഒരു ചുവന്ന പന്ത് കണ്ടു. അത് പാളത്തിന്റെ മദ്ധ്യത്തേക്ക്
പതിക്കും മുൻപേ വെളുത്തു മെലിഞ്ഞ ഒരു പയ്യൻ പറന്നു
വന്ന് ക്യാച്ച് ചെയ്തു. എന്തൊരു കൃത്യത! പക്ഷെ അവെന്റ
ജീവിതം കൈപ്പിടിയിൽ നിന്നും വഴുതിപ്പോയിരിക്കണം.
നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. കണ്ണുകൾ ഇറുകെ പൂട്ടി.
എല്ലുകൾ ഒടിഞ്ഞമരുന്ന ശബ്ദം. പ്ളാറ്റ്ഫോമിലെത്തി.
മനസ്സിൽ ഉരുവിട്ടു. ചില കാഴ്ചകൾ കാണാതിരിക്കാനും
കൂടിയാണ് കണ്ണുകൾ. ഗാർഡിനും സ്റ്റേഷൻ മാനേജർക്കും
വിവരം കൊടുത്തു. സൈൻ ഓഫ് ചെയ്ത് നേരെ സറീനാ
മാളിലേക്ക്.
ജസ്റ്റീനയ്ക്ക് കുറെ ഡ്രസ് മെറ്റീരിയലുകൾ വാങ്ങി.
അവൾക്കു പ്രിയപ്പെട്ട ഗുജറാത്തി മധുരങ്ങൾ വാങ്ങി.
അർജുന്റെ കുസൃതിക്കണ്ണുകൾ ഓർത്തപ്പോൾ അവനു
വേണ്ടി സച്ചിൻ ടെണ്ടുൽക്കറുടെ ചിത്രമുള്ള ഒരു ടി-ഷർട്ടും
തിരഞ്ഞെടുത്തു.
മദ്യശാലയുടെ മുന്നിൽ എത്തിയപ്പോൾ ഒരിക്കൽ കൂടി
കണ്ണുകൾ മുറുകെ അടച്ചു. ഹൗസിംഗ് സൊസൈറ്റിയുടെ
കവാടത്തിൽ കുറച്ചു പേർ കൂടിനില്ക്കുന്നു. കൂടുതലും
അയൽവാസികൾ. സെൽഫോണുകൾ സജീവം ആണെ
ങ്കിലും ആകെ ഒരു മ്ളാനത.
ഒന്നാം നിലയിൽ നിന്നും ഗായത്രി ബെൻ അലമുറയിട്ടു
കരയുന്നു. അതാ… ജസ്റ്റീന മറ്റൊരു മുഖവുമായി
അലറിപ്പാഞ്ഞ് വരുന്നു. കോളറിൽ പിടി മുറുക്കി അവൾ
ആക്രോശിക്കുന്നു.
– കൊന്നുകളഞ്ഞു…. അല്ലെ?
പിന്നെയും അവൾ എന്തൊക്കെയോ പുലമ്പുകയാണ്.
രണ്ടു ചിത്രങ്ങളും ഫ്രീസ് ചെയ്ത് മനക്കോണിൽ ഒതുക്കി.
സഞ്ചിയിൽ നിന്നും തല പുറത്തേക്കിട്ട് ടെണ്ടുൽക്കർ
നിഷ്കളങ്കമായി പുഞ്ചിരി തൂകുന്നു.
ഇപ്പോൾ ഒന്നും കാണുന്നില്ല.
ഒന്നുമൊന്നും കേൾക്കുന്നില്ല.