ജലം ഏറ്റവും ദുർലഭമായ പ്രകൃതിവിഭവമായിത്തീരുമെന്ന് മനുഷ്യൻ മനസിലാക്കിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. സാധാരണ മനുഷ്യന്റെ ദൈനംദിന ജീവിതത്തെത്തന്നെ അട്ടിമറിക്കുന്ന ജലദൗർലഭ്യം ഒരു വലിയ സമസ്യയായി ലോകരാഷ്ട്രങ്ങളിലാകമാനം ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിൽ ഇതിനായി കാര്യമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലയെന്നതാണ് ഖേദകരമായ വസ്തുത. രാജ്യത്തെ എല്ലാ പൗരന്മാർക്കും ശുദ്ധജലമെത്തിക്കുന്നതിനായി വെള്ളത്തിന്റെ പാരിസ്ഥിതികമായ വശങ്ങൾ പഠിച്ച് തീരുമാനങ്ങളെടുക്കാൻ നമ്മൾ അമാന്തിക്കുന്നു.
ജലം ഒരു ഉല്പന്നമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. നഗരങ്ങളിൽ, ചെറുഗ്രാമങ്ങളിൽ പോലും കുപ്പിവെള്ളം ഇപ്പോൾ സർവസാധാരണമായിക്കഴിഞ്ഞു.
വമ്പൻ കോർപറേറ്റുകൾ ഈ രംഗത്തുള്ള തങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്ലാവർക്കും അവകാശപ്പെട്ട ഈ പ്രകൃതിവിഭവം പൊതുജനത്തിന്റെ അശ്രദ്ധ മൂലം ചിലർക്ക് ലാഭം കൊയ്യാനുള്ള ഒരു ഉല്പന്നമായി മാറുന്നത് പരിതാപകരമാണ്.
ജലസുരക്ഷ ഭരണഘടന പ്രകാരം ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. എന്നാൽ സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മ ജലവിതരണ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ജലസംരക്ഷണത്തിലെ അലംഭാവം ഭാവിയിൽ കുപ്പിവെള്ളത്തെ മാത്രം ആശ്രയിക്കേണ്ടിവരുന്ന ഒരവസ്ഥയിലേക്കാണ് നമ്മളെ നയിക്കുന്നത്. ശുദ്ധജലസ്രോതസ്സുകളായ നദികളും പുഴകളും തടാകങ്ങളുമൊക്കെ മലീമസമാക്കുന്നത് തടയാൻ, അതിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കാൻ കാര്യമായ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഗെയ്റ്റ്വെ ലിറ്റ് ഫെസ്റ്റ്
കാക്ക, പാഷൻ ഫോർ കമ്മ്യൂണിക്കേഷനുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഗെയ്റ്റ്വെ ലിറ്റ് ഫെസ്റ്റിന്റെ രണ്ടാം എഡിഷൻ മുംബൈയിൽ നരിമാൻ പോയിന്റിലുള്ള ടാറ്റ തിയേറ്റർ കോംപ്ലക്സിൽ ഫെബ്രുവരി 20, 21 തീയതികളിൽ അരങ്ങേറുകയാണ്. ഇന്ത്യയിലെ 13 ഭാഷകളിൽ നിന്നായി അമ്പതോളം സാഹിത്യ-സാംസ്കാരിക നായകർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ ആനുകാലിക പ്രസക്തിയുള്ള ഒട്ടനവധി വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇന്ത്യയിൽ ഇദംപ്രഥമമായാണ് പ്രാദേശിക ഭാഷകൾക്കായി ഈ ഫെസ്റ്റിവൽ കഴിഞ്ഞവർഷം സംഘടിപ്പിക്കപ്പെട്ടത്. ഇതോടനുബ
ന്ധിച്ച് മുംബൈയിലെ പ്രമുഖ കോളേജുകളും സ്കൂളുകളുമായി ചേർന്ന് നടത്തുന്ന സാഹിത്യമത്സരങ്ങൾ, സംവാദങ്ങൾ എന്നിവ ഇതിനോടകംതന്നെ യുവജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
ദേശീയതലത്തിൽ പ്രാദേശികഭാഷകൾ പ്രതിസന്ധി നേരിടുന്നുവെന്ന നിരീക്ഷണമായിരുന്നു ഫെസ്റ്റിവലിനു തുടക്കമായത്. ആദ്യ എഡിഷനിൽ അടൂർ ഗോപാലകൃഷ്ണൻ, സച്ചിദാനന്ദൻ, സിതാൻഷു യഷസ് ചന്ദ്ര, സുബോദ് സർക്കാർ, ഗോവിന്ദ് നിഹലാനി, മകരന്ദ് സാത്തേ, ഹേമന്ദ് ദിവട്ടെ, രാധാകൃഷ്ണൻ എം.ജി., ലക്ഷ്മൺ ഗെയ്ക്വാദ്, ജയന്ത് പവാർ, ബെന്യാമിൻ, വി.ആർ. സുധീഷ്, ബാബു കുഴിമറ്റം തുടങ്ങി അമ്പതോളം എഴുത്തുകാർ പങ്കെടുത്തിരുന്നു. മുംബൈയിലെ വിവിധ ഭാഷക്കാരായ സാഹിത്യപ്രേമികൾക്ക് തങ്ങളുടെ ആരാധനാപാത്രങ്ങളായ എഴുത്തുകാരുമായി നേരിട്ടു സംവദിക്കാനുള്ള ഒരു വേദിയാണ് കാക്ക ഈ മഹാനഗരത്തിൽ ഒരുക്കിയിരിക്കുന്നത്.