കല്ലിൽ നിന്ന് ഒരു കൽമഴുവുമായ് ഭൂമിയുടെ അടരുകളിലേക്ക് അപ്പം തേടിപ്പോയ അയാൾ, കല്ലുകൾക്കൊപ്പം കവിതയും കൊത്തിയെടുക്കുകയായിരുന്നു; ചെത്തിമിനുക്കാത്ത, പ്രാചീനവും ശിലാദൃഢവുമായ കവിത.
പിന്നെ പിന്നെ കവിത അയാളെ ആഴങ്ങളിലെ മുഴക്കങ്ങളിലേക്കും വേരുകളുടെ നിലവിളികളിലേക്കും കൂട്ടിക്കൊണ്ടുപോയ്.
അയാൾ കണ്ടെടുത്തു, കലപ്പയുടെ പുരാതന ലിപികളാൽ കരിമാടികളും വയൽക്കിളികളും മണ്ണിൽ തീർത്ത കാവ്യങ്ങളുടെ വിണ്ടുണങ്ങിയ വടുക്കൾ, അതിർത്തികളിലേക്ക് പാലായനം ചെയ്തവരുടെ വറ്റിപ്പോയ വാക്കിന്റെ തൊണ്ടുകൾ, ബലികൊടുക്കപ്പെട്ടവന്റെ ചോര തെറിച്ച വഴിയോരത്തെ അനാഥ പുഷ്പങ്ങളുടെ കരിഞ്ഞ സ്വപ്നത്തിന്റെ വിത്തുകൾ….
ഒടുവിലത്തെ കവിതയാകുമ്പോഴേക്കും പൊടിഞ്ഞുപോയ് ഒരു വെട്ടുകല്ലായ് അയാളും!
ജലത്തിൽ നിന്ന് തിരകളോടു കലമ്പി, കൊടുംവെയിലിൽ കടലിനെയാകെ തന്റെ ഒറ്റ വലയിൽ കുരുക്കാൻ അമരത്തു നിൽക്കുമ്പോഴാണ്, ജീവിത കവിതയുടെ അപാരനീലിമ ഉപ്പുകാറ്റായ് വന്ന് അയാളെ തൊട്ടുണർത്തിയത്
ഇരുണ്ട മേഘങ്ങൾക്കും ചീറിയടിക്കുന്ന തിരകൾക്കുമിടയിൽ കവിതയുടെ മിന്നൽക്കൊടിയുമായ് അയാൾ ജീവിതത്തിന്റെ ആഴക്കടലിലേക്ക് തുഴയെറിഞ്ഞു.
ഒടുവിൽ മഹാസങ്കടങ്ങളുടെ കൊടുംചുഴിയിൽ മരണത്തിന്റെ കവിതയായ് വിരിഞ്ഞ് മൂന്നാംനാൾ അഴുകിയ ഒരു ജഡമായ് അയാൾ ഒഴുകിനടന്നു!
കവിത ചിലരെ മാത്രം മൃത്യുപാതകളിലേക്ക് മൗനമായ് ക്ഷണിക്കുന്നു.