മൂന്ന് പതിറ്റാണ്ടിലേറെക്കാലം തന്റെ അനന്യമായ അഭിനയസിദ്ധികൊണ്ട് മലയാളികളുടെ മനസ്സിനെ കീഴടക്കുകയും അവിസ്മരണീയമായ ഒട്ടേറെ അഭിനയ മുഹൂര്‍ത്തങ്ങള്‍ അവരില്‍ അവശേഷിപ്പിച്ചുകൊണ്ട് വിടപറയുകയും ചെയ്ത ഭരത് മുരളി ഓര്‍മയായിട്ട് ആഗസ്റ്റ് ആറാം തീയതി ഏഴു വര്‍ഷം തികയുന്നു. ഒരു വ്യക്തി, സമൂഹമനസ്സില്‍ അനശ്വരസ്മൃതിയായി നിലകൊള്ളണമെങ്കില്‍ അയാളുടെ വ്യക്തിമഹത്വവും പകര്‍ന്നു തന്ന അനുഭവസമ്പത്തും അത്ര കണ്ട് ശക്തവും ദീപ്തവുമായിരിക്കണം. നാടക സിനിമാരംഗത്തെ മുരളിയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും അതിന് ഉത്തമോദാഹരണമാണ്.
അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് അദ്ദേഹത്തെ നരേന്ദ്രപ്രസാദിന്റെ ‘നാട്യഗൃഹ’ത്തിലെത്തിച്ചത്. അവിടെനിന്നും അഭിനയത്തിന്റെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി മുരളി ചെന്നെത്തിയത് പരന്ന വായനയിലാണ്. അത്യപൂര്‍വമായ അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ചവയ്ക്കാന്‍ കഴിയുന്ന നാടകങ്ങള്‍ തേടിപ്പോവുക, സവിശേഷസ്വഭാവമുള്ള കഥാപാത്രങ്ങളെ കണ്ടെത്തുക, അവരോട് താദാത്മീകരിക്കാനുള്ള കഠിനയത്നങ്ങള്‍ നടത്തുക ഇവയൊക്കെ ഒരു ശീലമാക്കി മാറ്റിയിരുന്നു അദ്ദേഹം. അങ്ങനെയാണ് ആദ്യഘട്ടത്തില്‍ ‘നല്ല നാടകങ്ങള്‍ കൊണ്ടു വന്നാല്‍ അഭിനയിക്കാമെന്ന’ നരേന്ദ്രപ്രസാദിന്റെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്നതും, എഡ്വേര്‍ഡ് ആല്‍ബിയുടെ ‘സൂ സ്റ്റോറി’ ‘മൃഗശാലക്കഥ’ എന്ന പേരില്‍ മൊഴിമാറ്റം ചെയ്യുന്നതും, ആ നാടകത്തിലെ ജറി എന്ന കഥാപാത്രമായി ഒട്ടേറെ വേദികളില്‍ നിറഞ്ഞുനിന്നതും. സി.എന്‍. ശ്രീകണ്ഠന്‍നായരുടെ ‘ലങ്കാലക്ഷ്മി’യിലെ രാവണനെ മലയാളികള്‍ വായിച്ചറിഞ്ഞിരുന്നു. എന്നാല്‍ അതില്‍നിന്നു ഭിന്നമായി മലയാളികള്‍ അതുവരെ കണ്ടിട്ടില്ലാത്ത ഒരു രാവണനു രംഗാവിഷ്കാരം നല്കാന് മുരളി തയ്യാറായി. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ ഉജ്വല മുഹൂര്‍ത്തമായി ആസ്വാദകലോകം ഒന്നടങ്കം അംഗീകരിക്കുകയും അദ്ദേഹം സ്വയം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്ന ഒന്നാണ് രാവണവേഷം. ഭാരതീയനടനകലാപാരമ്പര്യവും കൂത്ത്, കൂടിയാട്ടം തുടങ്ങിയ കലാരൂപങ്ങളില്‍നിന്ന് സ്വാംശീകരിച്ച സവിശേഷമായ അഭിനയശൈലിയും സമന്വയിപ്പിച്ച് ഏകപാത്രാവിഷ്കാരത്തിലൂടെയാണ് അത് സാദ്ധ്യമാക്കിയത്. പകര്‍ന്നാട്ട ശൈലിയുപയോഗിച്ച് രാവണന്റെയും നികുംഭന്റെയും രൂപഭാവപ്പകര്ച്ചകള് അനായാസം വേദിയിലെത്തിക്കാന്വേണ്ടി നടന്റെ ശബ്ദശരീര വിന്യാസങ്ങളെ യോഗ/ധ്യാന പ്രക്രിയകളിലൂടെ സ്വായത്തമാക്കിയിരുന്നു. സിനിമയിലായാലും നാടകത്തിലായാലും ഓരോ കഥാപാത്രത്തെ അവതരിപ്പിക്കും മുമ്പ് ഊണും ഉറക്കവുമില്ലാതെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നുവത്രെ!
നാടകാന്വേഷണവും നാടകാഭിനയവും തിരുവനന്തപുരത്തെ നാടകപ്രവര്ത്തകരോടുള്ള കൂട്ടായ്മയും ആണ് അദ്ദേഹത്തെ സിനിമാരംഗത്തെത്തിച്ചത്. 1979ല്‍ ഭരത്ഗോപിയുടെ ‘ഞാറ്റടി’ എന്ന ചിത്രത്തിലൂടെ അതിനു തുടക്കം കുറിച്ചെങ്കിലും നിര്‍ഭാഗ്യവശാല്‍ ആ ചിത്രം വെളിച്ചം കണ്ടില്ല. പിന്നീട് അഭിനയിച്ച ചിദംബരം (അരവിന്ദന്) മീനമാസത്തിലെ സൂര്യന് (ലെനിന് രാജേന്ദ്രന്), പഞ്ചാഗ്നി (ഹരിഹരന്) തുടങ്ങിയ സിനിമകളിലൂടെ വെളിത്തിരയിലെ തന്റെ സാന്നിദ്ധ്യം അദ്ദേഹം ഉറപ്പിക്കുകയായിരുന്നു.
നാടകത്തോടുള്ള അഭിനിവേശത്തോടൊപ്പം കവിതയോടുള്ള കമ്പവും കടമ്മനിട്ടയുമായുള്ള സഹവാസവും പില്ക്കാലത്ത് ആശാന് കവിതയെ ഇഴകീറി പരിശോധിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. ഒരു അഭിനേതാവിന്റെ കണ്ണിലൂടെ ആശാന് കവിതകളെ നിരീക്ഷിച്ച് വ്യാഖ്യാനിക്കുന്ന കൃതിയാണ് ‘അഭിനേതാവും ആശാന്‍കവിതയും’. അഭിനയവേളയില്‍ നടനുപയോഗിക്കുന്ന മിഴി മൊഴി, മെയ്യനക്കം ഇവയുടെ പ്രയോഗം ആശാന്റെ കഥാപാത്രങ്ങളില്‍ എങ്ങനെ വിന്യസിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂക്ഷ്മമായ അന്വേഷണമാണ് ഈ കൃതിയുടെ ഭൂമിക. ആശാന്‍കൃതികളിലെ നാടകീയ ശോഭയെപ്പറ്റി പല നിരൂപകരും വര്‍ണിച്ചിട്ടുണ്ടെങ്കിലും അത് ഒരു നടന്റെ കണ്ണിലൂടെ ആവിഷ്കരിക്കപ്പെടുന്നത് ആദ്യമാണ്. കഥാപാത്രങ്ങളുടെ അന്ത:സംഘര്‍ഷങ്ങളെ സ്വാഭാവികമായി ആസ്വാദകനിലേക്ക് സംക്രമിപ്പിക്കുന്ന പ്രക്രിയയായിരുന്നു ആശാന് ചെയ്തതെങ്കില്‍ അത് എന്തായിരുന്നു, എങ്ങനെയായിരുന്നു എന്ന് ആസ്വാദകനെ ബോദ്ധ്യപ്പെടുത്തുകയാണ് മുരളി ചെയ്തത്.
വാസവദത്തയുടെയും സീതയുടെയും അന്തരംഗചിന്തകള്, വ്യഥകള്‍ എന്നിവ അവരുടെതന്നെ ഇന്ദ്രിയവ്യാപാരങ്ങളിലൂടെ എങ്ങനെ വായിച്ചെടുക്കാമെന്ന ഒരഭിനേതാവിന്റെ സൂക്ഷ്മമായ അന്വേഷണമാണ് അദ്ദേഹം നടത്തുന്നത്. അതുപോലെ പാശ്ചാത്യ നാടകങ്ങളെക്കുറിച്ചും നാടകസിദ്ധാന്തങ്ങളെക്കുറിച്ചും ആഴത്തിലുള്ള പഠനമാണ് ‘വഴികള്‍ വഴികാട്ടികള്‍’. ‘അഭിനയത്തിന്റെ രസതന്ത്രം’ ഒരു അഭിനേതാവിന്റെ വീക്ഷണമാണ്. ‘വായനയിലും ആസ്വാദനത്തിലും മാത്രം ഒതുങ്ങാതെ തന്റെ സര്‍ഗശേഷിയെ മറ്റുള്ളവര്‍ക്കു കൂടി പകര്‍ന്നുകൊടുക്കാനുള്ള അദ്ദേഹത്തിന്റെ താല്പര്യമാണ് ഇത്തരം കൃതികളുടെ സൃഷ്ടിയുടെ ലക്ഷ്യമെന്ന് നരേന്ദ്രപ്രസാദ് സൂചിപ്പിക്കുന്നുണ്ട്.
ഒരു ഗ്രാമീണന്റെ ജീവിതയാത്രയുടെ സത്യസന്ധമായ ആവിഷ്കാരമാണ് മുരളി മുതല്‍ മുരളി വരെ എന്ന കൃതി. ഇത് മുരളിയെന്ന കുട്ടി എങ്ങനെ ഭരത് മുരളിയായെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. എന്നാല്‍ ഒരു നടന്റെ ജീവിതാഭിലാഷമായിരുന്ന ഒരു ഗ്രന്ഥം നാട്യശാസ്ത്രത്തിന്റെ വേറിട്ടൊരു ഭാഷ്യം പൂര്‍ത്തിയാക്കാനും പ്രസിദ്ധീകരിക്കാനുമുള്ള അവസരം ലഭിക്കാതെ പോയ നിര്‍ഭാഗ്യവാനാണ് അദ്ദേഹം. ഏഴ് അദ്ധ്യായങ്ങളിലായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് പറയപ്പെടുന്ന ഈ കൃതി കേരളത്തിലെ മറ്റേതൊരു നാടകാചാര്യനില്നിന്നും ലഭിക്കാത്ത അപൂര്‍വവും വിലപ്പെട്ടതുമായ ഗ്രന്ഥമാണത്രെ! നെടുനാളത്തെ നിതാന്തപരിശ്രമത്തിലൂടെ ഈ മേഖലയില്‍ ജ്ഞാനിയായിക്കഴിഞ്ഞിരുന്ന മുരളിയുടെ ഗ്രന്ഥത്തിന്റെ ആദ്യ അദ്ധ്യായം ‘കേളി’ മാസികയിലൂടെ പുറത്തുവന്നിട്ടുണ്ട് (2009 ആഗസ്റ്റ്സെപ്തംബര്‍).
നല്ലൊരു വാഗ്മിയെന്ന നിലയില്‍ അദ്ദേഹം മലയാളികള്‍ക്ക് സുപരിചിതനായിരിക്കില്ല. എന്നാല്‍ വായനയുടെയും അഭിനയത്തിന്റെയും വിശാലമായ ലോകത്തുനിന്നും ആറ്റിക്കുറുക്കിയെടുക്കുന്ന അറിവുകളെ ശാസ്ത്രീമായി, ലളിതമായി, അനസ്യൂതമായി ശബ്ദഗാംഭീര്യത്തോടെ അവതരിപ്പിക്കാനുള്ള ഒരു സിദ്ധികൂടി അദ്ദേഹത്തിനുണ്ടായിരുന്നു (ഇംഗ്ലീഷും മലയാളവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവും). അവിടെ പ്രത്യയശാസ്ത്രവും മന:ശാസ്ത്രവും പാരമ്പര്യബോധവും എല്ലാം കൈകോര്‍ക്കുന്നതായി കാണാം. ഇഷ്ടപ്പെട്ട കവിതകള്‍ മന:പാഠമാക്കാനും അത് സംസ്കൃതശ്ലോകമായാലും, ആശാന്റെയോ കടമ്മനിട്ടയുടെയോ കവിതയായാലും താളബോധത്തോടെ ഉറക്കെ ചൊല്ലാനും ഇടയ്ക്കിടെ കേള്‍വിക്കാരന്റെ ഓര്‍മശക്തി പരീക്ഷിക്കുന്ന കുസൃതി കാട്ടാനും ഉള്ള വ്യഗ്രത അദ്ദേഹത്തോട് അടുത്തിടപെട്ടിട്ടുള്ളവര്ക്ക് വിസ്മരിക്കാനാകില്ല.
അഭിനവഗുപ്തന്റെ സൗന്ദര്യദര്‍ശനം തേടിപ്പോവുകയും തന്റേതായ സൗന്ദര്യശാസ്ത്രസങ്കല്പങ്ങള് മലയാളികള്‍ക്ക് പകര്ന്നുകൊടുക്കാനാഗ്രഹിക്കുകയും ചെയ്ത (അപ്രകാശിത ഗ്രന്ഥത്തിലെ) ഭരത് മുരളി കേരളസംഗീതനാടക അക്കാദമി ചെയര്‍മാനായിരിക്കെ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഒരു സൗന്ദര്യശാസ്ത്ര ചര്‍ച്ചാവേദിക്ക് പ്രാരംഭം കുറിക്കാനും മറന്നില്ല. വ്യത്യസ്തമേഖലകളിലെ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള പ്രഗത്ഭമതികളെ കൊണ്ടുവന്ന് പുതിയ പുതിയ വിഷയങ്ങള്‍ അവതരിപ്പിക്കാനും കലാകാരന്മാര്ക്ക് ചര്‍ച്ചകള്‍ നടത്താനും അവസരം ഉണ്ടാക്കുക എന്ന വലിയ സ്വപ്നത്തിന്റെ ലക്ഷ്യസാക്ഷാത്കാരത്തിനായി അദ്ദേഹം ഏറെ പണിപ്പെട്ടു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ ന്യൂറോസയന്റിസ്റ്റുകളിലൊരാളായ ഡോ. വി.എസ്. രാമചന്ദ്രനെക്കൊണ്ടുതന്നെ അതിന്റെ ഉദ്ഘാടനം നടത്തിച്ചു. ”ഒരു കലാകാരന് വാസനാബലമോ അഭ്യാസബലമോ മാത്രം പോര, കലയുടെ സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള ജ്ഞാനംകൂടി ഉണ്ടായാലേ അത് പുസ്തകമാകൂ” എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. തിരിച്ചറിഞ്ഞിരുന്നു. അഭിനയകലയുടെ സൗന്ദര്യശാസ്ര്തപരമായ ജ്ഞാനം കൂടി വേണമെന്ന ഈ ഉറച്ച വിശ്വാസമാണ് നാടകകലാകാരന്മാര്ക്കുവേണ്ടി ഇത്തരത്തിലൊരു സംരംഭത്തിന് തുടക്കം കുറിക്കാന്‍ മുരളിയെ പ്രേരിപ്പിച്ചത്.
വിവര്‍ത്തനത്തിന്റെ മേഖലയിലും അദ്ദേഹത്തിന്റെ സംഭാവനയുണ്ട്. അഭിനയത്തോടുള്ള കമ്പം മൂലം തുടങ്ങിവെച്ച സൂ സ്റ്റോറി (എഡ്വേര്‍ഡ് ആല്‍ബി)യെ കൂടാതെ പുകയില ഉപയോഗത്തിന്റെ മാരകഫലങ്ങള് (ആന്റന്‍ ചെക്കോവ്), കടല്‍ക്കാക്കകള്‍ (സ്ട്രിന്ബഗ്) എന്നിവ കൂടി വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സാഹിത്യപാഠത്തേക്കാള് രംഗപാഠത്തിന് ഊന്നല്‍ നല്കുന്ന പാശ്ചാത്യനാടകങ്ങള് വിവര്‍ത്തനം ചെയ്യുക അത്ര എളുപ്പമല്ല. മലയാളത്തിന്റെയും മലയാളിയുടെയും സംസ്കാരവുമായി ഇഴുകിച്ചേരുന്നവിധം ലളിതസുന്ദരപദങ്ങള് ഉപയോഗിച്ചുള്ള വിവര്‍ത്തനശൈലിയാണ് അദ്ദേഹം സ്വീകരിച്ചത്.
ഗ്രാണീനായ ഒരു പച്ചമനുഷ്യന്റെ എല്ലാ സവിശേഷ സ്വഭാവവും അദ്ദേഹത്തില്‍ ഒന്നിച്ചിരുന്നു. അതുകൊണ്ടുതന്നെ ജീവിതവേളയില്‍ പലപ്പോഴും പലരോടും വഴക്കടിക്കേണ്ടിവന്നിട്ടുണ്ടെന്നും അതിന്റെ പേരില്‍ പല സിനിമകളില്‍നിന്നും പിന്മാറേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. അതിന്റെ കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കുന്നതിങ്ങനെയാണ്: ”കഥാപാത്രങ്ങളേയും സിനിമയേയും കുറിച്ച് എനിക്ക് വ്യക്തമായ അഭിപ്രായങ്ങള്‍ ഉള്ളതുകൊണ്ടാണ് കഥാപാത്രത്തെക്കുറിച്ച് ആദ്യം പറഞ്ഞതാവില്ല അഭിനയിക്കാന്‍ ചെല്ലുമ്പോള്‍”. കഥാപാത്രത്തെക്കുറിച്ച് അദ്ദേഹത്തിന് മുന്‍കൂട്ടി അറിയണം. അഭിനയിക്കുമ്പോള്‍ ഏകാഗ്രത വേണം. അങ്ങനെയുള്ള സ്വഭാവം ചിലര്‍ക്ക് പിടിക്കുന്നില്ല. അദ്ദേഹത്തിന്റെ സ്വഭാവസവിശേഷതകള്‍ വേണ്ടവിധത്തില്‍ ഉള്‍ക്കൊണ്ട സംവിധായകര്‍ വളരെ കുറവാണ്. ”സത്യന്, സിബി, കമല്‍, വേണുനാഗവള്ളി, ലോഹി തുടങ്ങിയവരുടെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു സിനിമയിലാണെന്ന് തോന്നാറില്ല” (മുരളി മുതല്‍ മുരളിവരെ) എന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഇവിടെ സംഗതമാണ്.
ഇങ്ങനെ ഒട്ടേറെ സവിശേഷമായ വ്യക്തിത്വത്തിനുടമയായതിനാലാവാം അദ്ദേഹത്തിനു പകരം വയ്ക്കാന്‍ ആരുമില്ലെന്ന് ആസ്വാദകലോകം വിധിയെഴുതിയത്. മുരളിക്ക് പകരം മുരളി മാത്രം എന്നും. അദ്ദേഹത്തിന്റെ ദീപ്തമായ ഓര്മകള്ക്കുള്ള തിലോദകമാണിത്.