അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ സമൂഹത്തിൽ ഇപ്പോൾ വർദ്ധിച്ചുവരികയാണ്. അതോടൊപ്പംതന്നെ ഭക്തിയും. ഇന്ത്യ കാവിയുടെ പുതപ്പണിയുമ്പോൾ ഇതിനോടൊക്കെയുള്ള ആവേശവും കൂടിവരുന്നു. എല്ലാം ഭാരതീയമാണെന്നും ശാസ്ര്തത്തിലൂന്നിയ പല കണ്ടുപിടിത്തങ്ങൾ പോലും ഭാരതത്തിന്റെ ഭൂതകാലമഹിമയുടെ ബാക്കിപത്രമാണെന്നും പ്രചരിപ്പിച്ച് ആത്മീയതയും ദേശീയതയും കൂട്ടിക്കുഴച്ച് വിനാശകരമായ ഒരു വേദാധിപത്യ സംസ്കാരം ഉണ്ടാക്കിയെടുക്കാനാണ് ചിലർ ശ്രമിക്കുന്നത്. ജ്യോത്സ്യവും വാസ്തുവുമെല്ലാം ഗ്രാന്റ് നൽകി പാഠ്യക്രമത്തിൽ കടത്തി പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ബാല്യകാലത്തിൽതന്നെ കുട്ടികളിൽ കടത്തിവിടുന്നത് ഈ ചിന്താധാരയാണ്. അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ വേരുറയ്ക്കാൻ ഇത് വളരെയധികം സഹായിക്കുന്നു.
യുക്തിവാദത്തിന്റെ തളർച്ചയാണ് വിശ്വാസത്തിന്റെ വളർച്ചയ്ക്ക് കളമൊരുക്കിയ മറ്റൊരു പ്രധാന സംഭവം. എഴുപതുകളിലെ യുക്തിവാദികളിൽ ചിലർ അടിയുറച്ച കമ്മ്യൂണിസ്റ്റുകളായപ്പോൾ മറ്റുള്ളവർ പുതിയ വിഭാഗമുണ്ടാക്കി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾക്കുള്ളിൽ യുക്തിവാദികൾക്കുപോലും അത് അപരിമിതമായ ഒരു ശബ്ദമായി തോന്നിത്തുടങ്ങി. ഫലത്തിൽ പോട്ടയിലേക്കും അമൃതാനന്ദമയിമഠങ്ങളിലേക്കുമുള്ള തിരക്ക് വർദ്ധിച്ചു. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ പോലും തികഞ്ഞ ഭക്തരായി മാറിയപ്പോൾ, അതെല്ലാം കളർചിത്രങ്ങൾ സഹിതം മാധ്യമങ്ങളിൽ നിറഞ്ഞുനിന്നപ്പോൾ സാധാരണക്കാർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. മതത്തെ പ്രീണിപ്പിക്കാൻ രാഷ്ട്രീയക്കാരും മത്സരിച്ചുതുടങ്ങിയതോടെ എല്ലാവരും അവഗണിക്കുന്ന ഒന്നായി യുക്തിവാദം.
ഈയവസരത്തിലാണ് സൈബർ സ്പേസിലെ യുക്തിവാദം ശ്രദ്ധയർഹിക്കുന്നത്. വളരെ അയഞ്ഞ, സംഘടനാസംവിധാനങ്ങളെ ആശ്രയിക്കാത്ത സ്വതന്ത്ര കൂട്ടായ്മകൾ.
ഫ്രീ തിങ്കേഴ്സ് പോലുള്ള ഫേസ്ബുക്ക് യുക്തിവാദ ഗ്രൂപ്പിൽ ലക്ഷക്കണക്കിന് അംഗങ്ങൾ ഉണ്ടാകുന്നു. ഇവരാകട്ടെ ഇനി അന്ധവിശ്വാസങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള നമ്മുടെ മുൻനിര.