ഒരു കഥാകൃത്തിന് അഭിപ്രായ സ്വാതന്ത്ര്യം വേണോ?
ജീവിതകാലമത്രയും അഭിപ്രായമേയില്ലെന്ന് ശഠിച്ചുകഴിയുന്ന
വരുണ്ടാകാം. റഷ്യൻ എഴുത്തുകാരനായ ബുൾഗാകോവ പറ
ഞ്ഞതുപോലെ, സ്വാതന്ത്ര്യം വേണ്ടെങ്കിൽ മത്സ്യത്തിനു
വെള്ളം വേണ്ടെന്ന് പറയുന്നതുപോലെ അസംബന്ധമായി
രിക്കും ഇത്. എഴുത്തുകാരന് സ്വാതന്ത്ര്യം വേണമെന്ന് എല്ലാവരും
തലകുലുക്കി സമ്മതിക്കും. എന്താണ് ഈ സ്വാതന്ത്ര്യ
മെന്ന് അറിഞ്ഞാലല്ലേ അത് എത്രത്തോളം വേണമെന്ന് പറയാനൊക്കൂ.
സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞ് സുരക്ഷിതമായിരിക്കുന്നവരുണ്ട്.
ഭീരുവിന്റെ യൂണിഫോമിട്ട സ്വതന്ത്ര
ചിന്താഗതിക്കാർ ദുശ്ശകുനമാണ്.
കടലാസെടുത്ത് എന്തെങ്കിലും കുത്തിക്കുറിക്കുന്നതിനുള്ള
സമയം അനുവദിക്കുന്നതാണോ സ്വാതന്ത്ര്യം? തൊഴിൽ
ചെയ്യുമ്പോൾ ഭീരുവിനെപ്പോലെ തല പൂഴ്ത്തിയിരുന്നിട്ട്, വിരമിച്ചശേഷം
ചന്ദ്രഹാസമിളക്കാൻ വരുന്നതാണോ സ്വാതന്ത്ര്യം?
ഒരാൾക്ക് സമ്പത്തും സുഹൃദ്ബന്ധങ്ങളും മാധ്യമപരി
ചരണവും പ്രസാധക ഔദാര്യവും എല്ലാം കിട്ടിയപ്പോൾ,
ഇതെല്ലാം സ്വാതന്ത്ര്യമാണെന്ന് തെറ്റിദ്ധരിച്ചവരുണ്ട്. കഥാകൃ
ത്ത് എന്ന നിലയിൽ പത്രത്തിലെ ജോലി സ്വാതന്ത്ര്യമാണെന്ന്
ചിന്തിക്കുന്നവരുണ്ട്. ഇക്കൂട്ടരുടെ സ്വാതന്ത്ര്യമെന്താണെന്ന്
വച്ചാൽ, തങ്ങളെ വിമർശിച്ചവരെ ഒതുക്കുക എന്നതാണ്.
സ്വന്തം പടം അച്ചടിച്ച് കാണുന്നത് സ്വാതന്ത്ര്യമൊന്നുമല്ല;
നല്ല ഭക്ഷണവും ഫോട്ടോ അടിക്കലും ആ നിലയിലൊന്നുമല്ല.
പിന്നെന്താണ് സ്വാതന്ത്ര്യം?
ഇന്ന് അവാർഡുകൾ വാങ്ങിക്കൂട്ടുന്നവരും അക്കാദമികളുടെ
അരുമസന്താനങ്ങളുമൊക്കെ ബ്രോയിലർ ഐറ്റമാണ്.
ഈ കോഴികൾ കൂവില്ല; ഒന്ന് ഇണചേരുകപോലുമില്ല. തലയിൽ
എന്തോ വലിയ ഭാരമുണ്ടെന്ന് തോന്നിക്കാം. അത് ചിന്ത
യുടെ ഭാരമാണെന്ന് തെറ്റിദ്ധരിക്കാതിരുന്നാൽ മതി. അത് ഭാരത്തെക്കുറിച്ചുള്ള
ചിന്തയുമല്ല. ശരീരത്തിന് അനങ്ങാൻ വയ്യാ
ത്തതുകൊണ്ടാണ്. ഭാരം കൂടാനുള്ള മരുന്ന് കുത്തിവച്ചതുകൊണ്ടുള്ള
കുഴപ്പമാണ്. എല്ലാവരുടെയും ഓമനയായി, കമ്മി
റ്റികളിലും അവാർഡുകളിലും വളർത്തുകോഴികളെപ്പോലെ,
കിടന്നിടത്തുതന്നെ തീറ്റ കൊടുത്തതിന് അനങ്ങാൻ വയ്യാതായിപ്പോയവർക്ക്
പ്രതിഷേധം എന്താണെന്ന് അറിയുമോ?
സ്വാതന്ത്ര്യം എന്നത് ഈ അരുമയാകലല്ല, അവനവന്റെ
ചിന്തയിൽ നിന്നുകൊണ്ടുള്ള വളർച്ചയും അതിന്മേൽ മറ്റുള്ള
വർ കത്തിവയ്ക്കുന്നത് തിരിച്ചറിഞ്ഞുകൊണ്ടുള്ള ചെറുത്തുനി
ല്പും, ചിലപ്പോൾ എതിരിടലുമാണ്.
അരുമകൾക്ക് മാധ്യമങ്ങളും സർക്കാരും പറഞ്ഞു കൊടു
ക്കുന്ന വിഷയങ്ങളേ എഴുതാൻ അറിയാവൂ. യു.പി. ജയരാജ്
‘ബിഹാർ’ എന്നൊരു കഥയെഴുതിയിട്ടുണ്ട്. കൊച്ചമ്മ
സംസ്‌കാരത്തെയും കൊച്ചമ്മ ബുദ്ധിജീവികളെയും കളിയാ
ക്കിക്കൊണ്ട് ജയരാജ് എഴുതിയ ‘ഓക്കിനാവയിലെ പതിവ്രതകൾ’
എന്ന കഥ വായിച്ചു നോക്കൂ. അല്പമെങ്കിലും വൈകാരികതയോ
സംവേദനശീലമോ ഉണ്ടെങ്കിൽ ആ കഥ വായി
ച്ചാൽ മതി. വെറുതെ പതിവ്രതകളും മാംസപിണ്ഡങ്ങളുമാകുക
എന്ന മത്സരത്തിലേർപ്പെടുന്നവരുണ്ട്. അവനവന്റെ
അഭിപ്രായത്തിനോ, സ്വാതന്ത്ര്യത്തിനോ വേണ്ടി ഒന്നും
ചെയ്യാനറിയാത്ത പതിവ്രതകളെ ഫെമിനിസ്റ്റ് എഴുത്തുകാ
ർക്ക് എന്തു ചെയ്യണമെന്നറിയില്ല. പകരം ഇവിടെ മാന്യ
ന്മാരും അച്ഛനും മകളും തമ്മിലുള്ള ലൈംഗികബന്ധം എഴുതിയ
സ്വയം മനുഷ്യാധമത്വത്തിലേക്ക് ആഴ്ന്നുകൊണ്ടിരിക്കുകയാണ്.
പത്രങ്ങൾ പറയുന്ന കണക്കുകൾ അതേപടി
വിഴുങ്ങി കഥകളെഴുതാൻ പോകാമോ? പത്രങ്ങൾക്ക് കഥകൾ
കിട്ടുന്നത് എങ്ങനെയാണെന്ന് അറിയാമോ? പോലീസുകാരിൽ
നിന്ന്. ഇവിടെ എന്ത് നടക്കുന്നു എന്നറിയാൻ മാധ്യ
മങ്ങൾ പോലീസിനെ വിളിക്കുന്നു. പോലീസ് അവരുടെ താൽ
പര്യം സംരക്ഷിക്കാൻ കള്ളക്കഥകൾ പറഞ്ഞുകൊടുക്കുന്നു.
ഒരു പെൺകുട്ടി തനിക്കിഷ്ടപ്പെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോയാൽ,
പരാതിക്കാരുണ്ടാവുമെന്ന് തീർച്ചയാണ്. പരാതിക്കാരുടെ
പണം വാങ്ങിയ ശേഷം പോലീസ്, കാമുകനെ കസ്റ്റഡി
യിലെടുത്ത് പീഡനക്കുറ്റം ചുമത്തുന്ന എത്രയോ സംഭവങ്ങ
ളുണ്ടായി! പെൺകുട്ടിയെ നിശ്ശബ്ദയാക്കാൻ ഇവർക്ക് പല
തന്ത്രങ്ങളുമുണ്ട്. ഇതൊന്നും മാധ്യമങ്ങൾ തിരക്കാറില്ല.
സ്വാതന്ത്ര്യത്തിന്റെ അർത്ഥം
ജയരാജിന് എഴുത്തുകാരന്റെ സ്വാതന്ത്ര്യം എന്താണെന്ന്
അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം പൊള്ളി
ക്കുന്ന കഥകളെഴുതിയത്. വി.പി. ശിവകുമാറിന്റെ ‘പന്ത്രണ്ടാം
മണിക്കൂർ’ എന്ന കഥ ഈ സ്വാതന്ത്ര്യപ്രഖ്യാപനമാണ്.
മതങ്ങളും രാഷ്ട്രീയപാർട്ടികളും വ്യാഖ്യാനിച്ചും കണക്കുകൂ
ട്ടിയും വച്ചിരിക്കുന്ന ജീവിതത്തിന്റെ ചതിക്കുഴികളിലല്ല കഥാകൃത്ത്
സ്വാതന്ത്ര്യം തേടേണ്ടത്; അതിനു വെളിയിലാണ്.
സോഷ്യലിസ്റ്റ് റിയലിസം എന്ന സ്വപ്നത്തെ മുന്നിൽ കണ്ട് കഥയെഴുതിയവരുണ്ട്.
അത് നല്ല ലക്ഷ്യമായിരുന്നു. തകഴിയും
ദേവും മറ്റും സാമൂഹികമായ തുല്യതയ്ക്കും മനുഷ്യന്റെ അന്ത
സ്സിനും വേണ്ടി എഴുതി. അവർ തങ്ങളുടെ ചുറ്റിനുമുള്ള ലോക
ത്തുനിന്ന് മാറിനിന്ന് എഴുതാൻ തയ്യാറായില്ല. ഒരാൾക്ക്
വേണമെങ്കിൽ രക്ഷപ്പെടാനാവുന്ന വിധം സാങ്കല്പിക തുരങ്ക
മുണ്ടാക്കാൻ എഴുത്തുകാരന് കഴിയുന്നതാണ്. മറ്റാരും
കാണാത്ത ഒരു ഇടനാഴിയായിരിക്കും, അത്. അവിടെ സ്വപ്ന
ങ്ങളും ചിന്തകളുമായി ഒതുങ്ങി ജീവിക്കാം. നാം ജീവിക്കുന്ന
ലോകം കട്ട പിടിച്ച വിദ്വേഷത്തിന്റെയും മതമാത്സര്യങ്ങളുടെയും
പുകച്ചുരുളുകൾ ഉയർത്തുമ്പോൾ, എഴുത്തുകാർക്ക്
സ്വന്തം തുരങ്കമുണ്ടാക്കി മാറിനിൽക്കാൻ കഴിയുമോ? കേരള
ത്തിന്റെ അറുപതുകളും എഴുപതുകളും ഓർക്കുന്നവരുണ്ടോ?
എന്തൊരു ദാരിദ്ര്യവും പങ്കപ്പാടും ദു:ഖവുമായിരുന്നു അന്ന്.
ഞാനൊക്കെ സ്‌കൂളിൽ പോയിരുന്ന കാലമായിരുന്നു. ഇന്ന
ത്തെപ്പോലെ, അന്ന് സ്‌കൂളുകളിൽ ഉച്ചഭക്ഷണമില്ലായിരുന്നു.
പകരം ഗോതമ്പു പുഴുങ്ങിയ ഉപ്പുമാവായിരുന്നു തന്നത്. അത്
വട്ടയിലയിൽ വാങ്ങി കഴിക്കുമ്പോൾ ഒരിന്ത്യൻ ബാലൻ അനുഭവിക്കേണ്ട
സകല നിർവൃതിയും ഞാനറിഞ്ഞു. കല്ലുപെൻ
സിൽ, നിക്കർ, ഷർട്ട്, നോട്ടുബുക്ക് ഇവയൊക്കെ വാങ്ങാൻ
എന്റെ മാതാപിതാക്കൾ മാത്രമല്ല വിഷമിച്ചത്. ആകെ രണ്ടു
ജോടി വസ്ര്തങ്ങളേയുള്ളൂ. അതുതന്നെ വീണ്ടും വീണ്ടും ധരിക്ക
ണം. ഈ ദുരവസ്ഥ നിലനിൽക്കുമ്പോൾ, ഇതിനെതിരെ
പൊരുതുന്ന രാഷ്ട്രീയക്കാരുണ്ടായിരുന്നു. വായനശാലകൾ
കേന്ദ്രീകരിച്ച് ഒരു ആദർശാത്മക ലോകത്തിന്റെ നിർമാണം
നടക്കുന്നുണ്ടായിരുന്നു. ഇതൊന്നും കാണാതെയാണ്
നമ്മുടെ ആധുനിക സാഹിത്യം ആത്മസ്ഥൂലതയിലേക്കും ദുര
ന്തഫലിതത്തിലേക്കും വേരൂന്നിയത്. ചിലർ ദൽഹിയിലെ
കഞ്ചാവ് വലിയാണ് മുഖ്യപ്രമേയമാക്കിയത്. ചരസു വലിച്ച്
മുടിഞ്ഞാൽ മതിയോ യുവത്വം?
ചിലർ ഫാന്റസി കൊണ്ട്, ഓടി രക്ഷപ്പെടാൻ നോക്കി.
എന്നാൽ ഈ ചരസ്സിന്റെ പുരാണം കെട്ടഴിച്ചവരാരും ചരസ്
വലിച്ചില്ല. അവർക്ക് അതൊക്കെ ഭയമായിരുന്നു. സ്വന്തമായി
അനുഭവമില്ലാതെ, എല്ലാ വഴിതെറ്റലുകളും തങ്ങളുടേതാണെന്ന്
അവർ വാദിച്ചുകൊണ്ടിരുന്നു.
മലയാളത്തിൽ ശരിയായ അർത്ഥത്തിലുള്ള ആധുനികത
വന്നിട്ടില്ല. ചിലർ ക്രൂരഫലിതത്തെ ആലേഖനം ചെയ്തു.
ചിലർ കഞ്ചാവ് വലിച്ചു. വേറെ ചിലർ ആത്മീയവിശ്വാസങ
ങ്ങളിലേക്ക് ഊളിയിട്ടു. ഉപനിഷത്തിലെ മന്ത്രങ്ങൾ നിരത്തി
ആധുനികരാവാൻ ശ്രമിച്ചവർപോലുമുണ്ട്.
ആധുനികതയെന്ന് വിവക്ഷിക്കപ്പെട്ട പ്രസ്ഥാനത്തിൽ
എനിക്ക് വിലപ്പെട്ടതായി തോന്നിയ ഘടകം അതിന്റെ ഭാഷാപരമായ
സൗന്ദര്യമാണ്. ഈ ഭാഷാസൗന്ദര്യം യഥാർത്ഥ
ത്തിൽ യൂറോപ്യൻ ആധുനികതയുടേതല്ല. അത് മിസ്റ്റിക്,
എയ്‌സ്‌തെറ്റിക് (ബസലളധഡ, ടണളദണളധഡ) സങ്കല്പങ്ങളെ നവീനമാ
ക്കിയതിന്റെ ഫലമാണ്. യോഗാത്മക സാഹിത്യം ഇന്ത്യയിൽ
ധാരാളമായി കാണാം. എന്നാൽ വസ്തുതയെ യുക്തിയുടെ
ഭാഷയിലൂടെയാണ് അവർ അവതരിപ്പിച്ചിട്ടുള്ളത്. ടാഗോറിനെ
നോക്കൂ. മിസ്റ്റിക് ഭാഷയെന്ന നിലയിൽ അദ്ദേഹം ഉപയോഗിച്ചത്
പരിഷ്‌കൃതവും നവീനവുമായിരുന്നില്ല; മറിച്ച്
അത് വല്ലാതെ അലങ്കൃതമായിരുന്നു; സ്ഥൂലവും വാക്കുകളുടെ
ദുർവ്യയംകൊണ്ട് നീട്ടിവലിച്ചതുമായിരുന്നു. പൗരാണിക
ദൈവികലോകത്തെ സൃഷ്ടിക്കുന്നതിനായുള്ള കാല്പനിക
ആദർശാത്മക ഭാഷയാണത്. എന്നാൽ മലയാള ആധുനി
കതയിൽ കടന്നുവന്ന ഭാഷാപരമായ നവീകരണം ടെന്നിസ
ൺ, എലിയറ്റ്, യേറ്റ്‌സ്, എസ്രാപൗണ്ട് തുടങ്ങിയ കവികളുടെ
ഭാഷാപരമായ സ്‌നിഗ്ദ്ധതയും അതീന്ദ്രീയതയും ചേർന്നുള്ള
തലമാണ്. ഒ.വി. വിജയനും കാക്കനാടനുമാണ് ആ ഭാഷയി
ലൂടെ മറ്റൊരു ആധുനികത സൃഷ്ടിച്ചത്. യൂറോപ്യൻ ആധുനി
കതയിൽ ഭാഷയുടെ മാത്രം എന്ന് വിശേഷിപ്പിക്കാവുന്ന
ആധുനികത പ്രബലമല്ല. കാഫ്കയുടെയോ കമ്യുവിന്റെയോ
ഭാഷ യഥാതഥമാണല്ലോ. ആ യഥാതഥ ഭാഷയ്ക്ക് ഒരു പ്രത്യേ
കതയുണ്ട്. അത് കമ്മ്യൂണിസ്റ്റുകാർ ഉപയോഗിക്കുന്ന യഥാതഥ
ഭാഷയല്ല. അത് കേവലയുക്തിയുടെ നേർരേഖയിലല്ല
സഞ്ചരിക്കുന്നത്. അത് യാഥാർത്ഥ്യത്തെ അവതരിപ്പിക്കുമ്പോഴും,
അതിനുള്ളിലെ അർത്ഥം അജ്ഞാതത്വത്തെപ്പറ്റി
യുള്ള അന്തിമവിധി പുറപ്പെടുവിക്കുന്നില്ല. ഒരാളെ കൊന്നു
എന്ന് മാർക്‌സിസ്റ്റ് എഴുത്തുകാർ പറഞ്ഞാൽ, കൊന്നതായി
തങ്ങൾ അംഗീകരിച്ചെന്നും അധികാരികൾ അത് സ്ഥിരീകരി
ക്കണമെന്നുമാണ് അർത്ഥം. അതേസമയം, കാഫ്ക കൊന്നു
എന്ന് എഴുതുമ്പോൾ, കൊന്നത് ആരാണ്, ആരെയാണ്
കൊന്നത്, അയാൾ യഥാർത്ഥത്തിൽ മരിച്ചോ തുടങ്ങിയ
ചോദ്യങ്ങൾ നമ്മളിൽ ബാക്കിയാവുന്നു. അതായത്, ഭാഷയ്ക്കു
ള്ളിൽ, അതിന്റെ കേവല യുക്തിക്കുള്ളിൽ, മനസ്സിന്റെ അയഥാർത്ഥ
ബോധം നിലനിൽക്കുന്നുണ്ട്. വായിക്കുന്നതിനിടയി
ൽ, നമ്മുടെ മനസ്സിൽ വാക്കുകളുടെ അർത്ഥമല്ല, അതിനപ്പുറത്തുള്ള
ആശങ്കകളും സ്‌നിഗ്ദ്ധതകളുമാണ് പൊങ്ങിവരുന്ന
ത്. അസംതൃപ്തിയുടെ ആന്തരസ്വരം നിലനിർത്തിക്കൊ
ണ്ടാണ് അവർ എഴുതിയത്.
കാലഘട്ടത്തിന്റെ ശബ്ദം
രൂപപരമായ പരീക്ഷണങ്ങളും സൗന്ദര്യാത്മക നിർമിതി
കളും എല്ലാക്കാലത്തും ഉണ്ടാവണം. കാല്പനികതയുടെ
കാലത്തും വാൾട്ട് വിറ്റ്മാൻ കവിതയിൽ വേറൊരു പരീ
ക്ഷണം – ആത്മാവിന്റെയും പ്രകൃതിയുടെയും സംഗമം –
ആരംഭിച്ചിരുന്നല്ലോ. കഥയിൽ ബാഷേവിസ് സിംഗർ,
ഹെമിംഗ്‌വേ തുടങ്ങിയവർ യാഥാർത്ഥ്യത്തിനകത്തുതന്നെ,
അന്തരമായ മറ്റൊന്നാണ് തങ്ങൾക്ക് പ്രിയമെന്ന് തെളിയിച്ചു.
ഹെമിംഗ്‌വേ പറഞ്ഞത്, വികാരത്തെപ്പറ്റി എഴുതുമ്പോൾ,
അത് വെറുതെ വാരിക്കോരി കുത്തിനിറച്ചിട്ട് കാര്യമില്ലെന്നാണ്.
നമ്മളിലുണ്ടാകുന്ന വികാരത്തിന്റെ മൂലം കണ്ടുപിടിക്ക
ണം. അതെങ്ങനെ ഉണ്ടായെനന്നും അതിനു കാരണമെന്താണെന്നും
കണ്ടുപിടിക്കണം. അതാണ് എഴുതേണ്ടത്. ഒരു
പ്രശ്‌നത്തെ വികാരപരമായി സമീപിക്കുന്നവർ, ഇക്കാര്യമാണ്
ശ്രദ്ധിക്കേണ്ടത്. ചരിത്രവസ്തുതകളുടെയുള്ളിലെ വികാരവും
ഇങ്ങനെയാണ് കണ്ടെത്തേണ്ടത്.
അനുഭവങ്ങൾക്കൊപ്പം ആശയങ്ങൾക്കും പ്രാധാന്യം
കൊടുത്ത ഫ്രഞ്ച് എഴുത്തുകാരൻ അൽബോർ കമ്യു ഭൗതിക
യാഥാർത്ഥ്യത്തെ ഒഴിവാക്കരുതെന്ന നിലപാടാണ് സ്വീകരി
ച്ചത്. ഫാന്റസി തനിക്ക്, അതുകൊണ്ടുതന്നെ ഇണങ്ങുകയി
ല്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കാഫ്കയുടെ ലോകം ഫാന്റസിയിൽ അധിഷ്ഠിതമാണെന്ന്
ചൂണ്ടിക്കാട്ടിയ കമ്യൂ അതിനെ നിരാകരിച്ചുകൊണ്ട്
ഇങ്ങനെ പ്രസ്താവിച്ചു: എ ളദധഭപ ളദടള ശദടള റണയണഫല ബണ ട ഫധളളഫണ
ധഭ ഒടതപട ധല ളദണ തടഭളടലളധഡ ണഫണബണഭള. ൗദണ ടറളധലള’ല ഴഭധവണറലണ
ലദമഴഫഢ ണഷഡഫഴഢണ ഭമളദധഭഥ. ആഴള ഒടതപട’ല ഴഭധവണറലണ ണഷഡഫഴഢണല
യറടഡളധഡടഫഫസ ളദണ ശദമഫണ ശമറഫഢ. എത്ര വ്യക്തമാണ് ഈ ദർശനം.
ഭ്രമകല്പനകളുടെ പേരിൽ വാസ്തവിക ലോകത്തെ കാണാതിരിക്കുന്നതിനോട്
യോജിപ്പില്ലെന്നാണ് കമ്യുവിന്റെ പക്ഷം.
എഴുത്തുകാരൻ തന്റെ കാലത്തെ കാണാതിരിക്കരുത്. ഈ
ഐന്ദ്രിയമായ ലോകം, ഒരുപക്ഷേ, യഥാർത്ഥമല്ലായിരി
ക്കാം. വൈദിക വിചാരമായ ‘മായ’ ആയിരിക്കാം. പക്ഷേ,
നമുക്ക് സൗന്ദര്യമുണ്ടാക്കാൻ വേറെ മാർഗമില്ല.
എന്താണ് ഒരു സർഗാത്മക കലാകാരന്റെ ചോദ്യം എന്ന
തിന് കമ്യൂ നൽകുന്ന ഉത്തരം ഇതാണ്. ൗമ ഢണയധഡള ളദണ യടലലധമഭല
മത ദധല ഢടസ – ഈ കാലത്തിന്റെ വികാരങ്ങൾ
ആവിഷ്‌കരിക്കുക. അങ്ങനെയുള്ള വികാരം, വ്യക്തിപരം
മാത്രമല്ല, സാമൂഹികവും രാഷ്ട്രീയവുമാണ്. അത്, പക്ഷേ,
പത്രങ്ങൾ നിർദേശിക്കുന്ന പാർട്ടി ഗ്രൂപ്പ് വഴക്കുകളല്ല.
അതിനും അപ്പുറത്തുള്ള യാഥാർത്ഥ്യങ്ങൾ മനസിലാക്കാൻ
പാകത്തിൽ കഥാകൃത്ത് ബുദ്ധിയുള്ളവനാകണം. കാണു
ന്നത് പെട്ടെന്ന് വിശ്വസിക്കുകയും അതിനോട് പ്രതികരിക്കുകയും
ചെയ്യുന്നത് അബദ്ധമായിരിക്കും. ഒരു സാമൂഹിക
യാഥാർത്ഥ്യത്തിന്റെ അടിയിലുള്ള യഥാർത്ഥ വസ്തുത എന്താണെന്ന്
ആരായണം. കാല്പനിക പ്രേമവും കാണാമറയത്തുള്ള
പരിഭവം പറച്ചിലുമാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിൽ ശരാശരി
മലയാളി പങ്കുവച്ചത്. അവനെ പല രീതിയിൽ കണ്ടെ
ത്തേണ്ടതുണ്ട്. ജാതിവിവേചനം, രാഷ്ട്രീയസംഘർഷങ്ങൾ,
കൊലപാതകങ്ങൾ, പാർട്ടികളിലെ ഛിദ്രവാസനകൾ, അതി
ജീവനം, പോലീസ് ലോക്കപ്പ് മരണങ്ങൾ, അങ്ങനെ എത്രയെത്ര
മുഹൂർത്തങ്ങൾ വേണ്ടത്ര ഉൾക്കാഴ്ചയില്ലാതെ എഴുതപ്പെട്ടു!
പതിമൂന്ന് കഥകൾ
നാടുവാഴികളുടെയും ജനാധിപത്യമേലാളന്മാരുടെയും മർ
ദനോപകരണമാണ് പോലീസ്. അവരെ സന്മാർഗവാദികളായാണ്
മാധ്യമലോകം വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. ലോക്ക
പ്പിൽ ഒരു കൊല നടന്നാൽ മാത്രമേ വാർത്തയാകൂ. അതുവരെയുള്ള
ഏത് അനീതിയും മാന്യമാണ്. ക്രൂരമായ മർദന
ങ്ങളെ മലയാളിയുടെ മാധ്യമസംസ്‌കാരത്തിന്റെ സ്വീകരണമുറിയിലേക്കാണ്
ആനയിക്കുന്നത്.
കഥാകൃത്ത് ജീവിച്ച കാലത്തോട് പ്രതികരിച്ച സംഭവങ്ങ
ളുണ്ട്. നല്ല രചനകൾ, ആ രീതിയിൽ വന്നിട്ടുണ്ട്. അങ്ങനെയുള്ള
രചനകളിൽ പെട്ടെന്ന് മനസിൽ വരുന്ന പതിമൂന്നെണ്ണം
ഇവിടെ കുറിക്കുന്നു.
1) ശബ്ദിക്കുന്ന കലപ്പ – പൊൻകുന്നം വർക്കി
2) ആൾവാർ തിരുനഗറിലെ പന്നികൾ – കാക്കനാടൻ
3) പതിവ്രത – തകഴി
4) ഒരു മനുഷ്യൻ – ബഷീർ
5) നട്ടെല്ലികളുടെ ജീവിതം – പട്ടത്തുവിള കരുണാകരൻ
6) ചെങ്ങന്നൂർ വണ്ടി – ഒ.വി. വിജയൻ
7) ഭാരതമാതാവ് – വി.പി. ശിവകുമാർ
8) ഓക്കിനാവയിലെ പതിവ്രതകൾ – യു.പി. ജയരാജ്
9) കുഞ്ഞാപ്പുവിന്റെ ദു:സ്വപ്നങ്ങൾ – എം. സുകുമാരൻ
10) ഒരു രാത്രിക്ക് ഒരു പകൽ – അശോകൻ ചരുവിൽ
11) സ്‌കൂട്ടർ – സാറാജോസഫ്
12) കാണി – എൻ.എസ്. മാധവൻ
13) ഇതാ ഇവിടെ വരെയുടെ പരസ്യവണ്ടി പുറപ്പെടുന്നു –
സക്കറിയ
ഈ കഥകളെ ഒരു പ്രതേ്യക വർഗത്തിൽ പെടുത്താൻ
എനിക്കു കഴിയും. ഇവിടെ ശോകം സമ്പൂർണമായി വ്യക്തി
പരമല്ല; എന്നാൽ വ്യക്തി ഈ രചനകളിലുണ്ട്. ഒരു കഥാകൃ
ത്ത്, തന്റെ കാലഘട്ടത്തിൽ എങ്ങനെ ജീവിച്ചു എന്ന് വ്യക്ത
മാക്കുന്നതാണ് ഈ രചനകൾ.
ഇവിടെ അവർ ഒളിച്ചോടുന്നില്ല. സമൂഹത്തിൽ അന്ധത
പടരുമ്പോൾ, താൻ ഒരു സാക്ഷിയാണെന്ന് കഥാകൃത്ത് വിളി
ച്ചുപറയുന്നു. ഈ സാക്ഷിത്വം വിലപ്പെട്ടതാണ്. ഏതൊരു ദുര
ന്തകാലത്തും സ്വന്തം സ്വപ്നങ്ങളും ദു:ഖങ്ങളുമായി ഒഴിഞ്ഞോടുന്നവരെ
കണ്ടേക്കാം. എന്നാൽ താൻ അതിന്റെ ഭാഗമാണെന്ന്
ചിന്തിക്കുകയാണ് ഏറ്റവും വിലപ്പെട്ട കാര്യം.
എഴുത്തുകാരന് വൈകാരിക ബന്ധമുള്ള ചില മേഖലകൾ
കാണും. അതാണ് വേണ്ടത്. അതിൽ നിന്ന് സൗന്ദര്യം സൃഷ്ടി
ച്ചാൽ മതി. അതിനായി ചോദനത്തെ മാത്രം ആശ്രയിച്ചാൽ
പോരാ. ഒരു വസ്തുതയുടെ മൂലസ്രോതസ് ആരായപ്പെടണം.
മാധവിക്കുട്ടിയുടെ ‘സോനാഗാച്ചി’, വൈകാരികാനുഭൂതി
യുടെ ഉറവിടം തേടിപ്പോയ രചനയാണ്. നന്നായി ജീവിക്കുന്ന
ഒരു ഗൃഹനാഥൻ തന്റെ നല്ല ഭാര്യയെ പോരാഞ്ഞിട്ട്, ഒരു
രാത്രിയിൽ ഇറങ്ങി വേശ്യാലയത്തിലേക്ക് പോകുകയാണ്.
അവിടമാണ് അയാളെ ആശ്വസിപ്പിച്ചത്. ഇത് സ്ഥിരമായി
സംഭവിക്കുന്നതല്ല. എന്നാൽ കുടുംബജീവിതത്തിന്റെ അല
ക്കിത്തേച്ച വസ്ര്തത്തിനുള്ളിൽ, മുഷിഞ്ഞ ഒരു ഹൃദയവുമായാണ്
അയാൾ ജീവിച്ചത് എന്ന പച്ചയായ യാഥാർത്ഥ്യത്തെ
കഥാകാരി വലിച്ചുകീറി തുറന്നുകാട്ടുന്നു. ഇങ്ങനെയുള്ള
അസാധാരണ ത്വരകൾ മിക്കവരിലുമുണ്ടാകും. കുടുംബജീവി
തത്തിനുള്ളിൽ ലൈംഗികത തൂങ്ങിമരിച്ചിട്ടുണ്ടാകും.
സെക്‌സിന്റെ ലഹരിയിൽ നിന്ന് മാത്രം പ്രാണൻ വലിച്ചെടു
ക്കാനാഗ്രഹിക്കുന്നവർ, ഇത്തരം സന്ദർഭങ്ങളിൽ പഴകിപ്പൊളിഞ്ഞ
ഒരു പെട്ടിപോലെ തങ്ങളുടെ മനസിനെ ഗോവണി
യുടെ ചുവട്ടിലോ, അലക്കാനിട്ടിരിക്കുന്ന തുണികളുടെ
കൂടെയോ വലിച്ചെറിയുകയാണ് പതിവ്. അങ്ങനെയൊരാളെ
കഥാകാരി ഫോക്കസ് ചെയ്യുകയാണ്. ഭാര്യയെ ഉപേക്ഷിച്ച്
മറ്റ് സ്ര്തീകളെ തേടിപ്പോകുന്ന ധാരാളം പേരുണ്ടാകാം. അവരി
ലൊരാളായി ചിത്രീകരിച്ചാൽ, അത് വികാരത്തിന്റെ വെറും
ആഖ്യാനം മാത്രമാവും. കഥാകാരി ഈ കടമ്പ കടന്ന്,
ഇങ്ങനെ മറ്റ് ഗതിരങ്ങൾ തേടുന്ന ആൺകാമങ്ങളുടെ രഹസ്യ
മെന്താണെന്നും അവരുടെ അസന്തുഷ്ടിയുടെ അർത്ഥമെന്താണെന്നും
ആലോചിക്കുന്നു. ആ ആൺകാമത്തെ തന്റേതാക്കി
മാറ്റാൻ കഥാകാരിക്ക് കഴിയുന്നിടത്താണ് വിജയം. ഇതിന്
വിചാരപരവും വികാരപരവുമായ ക്ലേശം ആവശ്യമാണ്.
അച്ഛൻ മകളെ കാമപൂർത്തിക്കായി സമീപിക്കുന്നത്
ഭാവന ചെയ്യുന്നതും കഥയാക്കി എഴുതുന്നതും അധമപ്രവൃ
ത്തിയാണ്. മലയാളകഥയുടെ ലാവണ്യാംശത്തെ വ്യഭിചരി
ക്കുന്നവർക്ക് മാത്രമേ ഇതുപോലുള്ള കഥകൾ എഴുതാൻ കഴിയൂ.
നമ്മുടെ ചില എഴുത്തുകാർ ക്രൈസ്തവജീവിതാനുഭൂതിയെ
നന്നായി ആവിഷ്‌കരിച്ചിട്ടുണ്ട്. അവരെ ആ നിലയിൽ വിലയിരുത്താൻ
പലർക്കും കഴിയുന്നില്ല. നല്ല പത്രാധിപരുണ്ടായി
രുന്നെങ്കിൽ, അതൊക്കെ ചർച്ച ചെയ്യപ്പെടുമായിരുന്നു. പാറ
പ്പുറത്ത്, അയ്യനേത്ത് മുതൽ ബാബു കുഴിമറ്റം, ഏബ്രഹാം
മാത്യു, വി.ജെ. ജെയിംസ് തുടങ്ങിയവർ വരെയുള്ളവർ
ക്രൈസ്തവീയതയെ വ്യക്തിഗതമായ അനുഭവം എന്ന നിലയിൽ
വ്യാഖ്യാനിച്ചിട്ടുണ്ട്. കേരളത്തിന്റെ അനുഭവമണ്ഡലം
എന്നത് ഇങ്ങനെയാണ് ഉണ്ടാകുന്നത്. അവരുടെ ആരാധനയും
കുടുംബങ്ങളിലെ മതഭാവനയും എഴുത്തിൽ പ്രതിഫലിക്കുകയാണ്.
പരമ്പരാഗതമായ പള്ളിജീവിതത്തിന്റെ അവശിഷ്ടങ്ങളും
എഴുത്തുകാരനെന്ന നിലയിൽ ഒഴിവാക്കാനാവി
ല്ല. കേരളത്തിലെ ക്രൈസ്തവരുടെ, ദൈവികമായ ആരാധനയുടെ
അനുഭൂതിയിൽ അലിയാൻ ക്രൈസ്തവനായി ജീവിക്കേ
ണ്ടതില്ല; സഹൃദയനായാൽ മതി. ഒരു ക്രിസ്ത്യാനി മരിക്കുമ്പോ
ൾ, അച്ചന്മാരും കന്യാസ്ര്തീകളും വന്ന് മൃതദേഹത്തിനരികിൽ
നിന്ന് ഈണത്തിൽ ദൈവവചനം പാടുന്നത് കേൾക്കുമ്പോഴൊക്കെ
എന്നിൽ അഗാധമായ ക്രൈസ്തവാനുഭൂതിയുണ്ടാകാറുണ്ട്.
ഈ സംസ്‌കാരത്തെ രചനാപരമായ നവീനതയി
ലേക്ക് വിളക്കിച്ചേർക്കേണ്ട ചുമതലയാണ് എഴുത്തുകാരൻ
ഏറ്റെടുക്കേണ്ടത്.
കഥയും ഫേസ്ബുക്കും
മലയാളകഥയിൽ ഇപ്പോൾ പല ധാരകളുണ്ട്. ഇന്ത്യയ്ക്ക്
വെളിയിൽ താമസിച്ച് എഴുതുന്ന സൈനുദ്ദീൻ ഖുറേഷി,
ഫാസിൽ തുടങ്ങിയവരുടെ ഒരു ധാര കാണാം. കേരളത്തിനു
പുറത്ത് താമസിച്ച് ഗൗരവമായ സാഹിത്യരചനകളിൽ ഏർ
പ്പെടാൻ ഉത്സുകരാവുന്ന വി. ജയദേവ്, സി.പി. കൃഷ്ണകുമാ
ർ, സുരേഷ് വർമ തുടങ്ങിയവരെ ഓർക്കുകയാണ്. കേരളത്തി
നുള്ളിൽ സമകാലീന ജീവിതത്തിന്റെ വസ്തുതാപരമായ വിവരങ്ങൾ
അന്വേഷിക്കുകയും അർത്ഥവത്തായ രചനകളിൽ
എത്തിച്ചേരുകയും ചെയ്യുന്ന സോക്രട്ടീസ് കെ. വാലത്ത്,
വി.എച്ച്. നിഷാദ്, സി. അനൂപ്, മനോജ് ജാതവേതര്, എസ്.
ഹരീഷ്, ഇന്ദുചൂഡൻ കിഴക്കേടം തുടങ്ങിയവരെ ഓർക്കുകയാണ്.
ഒരു പ്രസ്ഥാനമെന്നൊന്നും വിളിക്കാൻ ഇന്നത്തെ കഥകൾ
അശക്തമാണ്. കഥകൾ പലതുണ്ടെങ്കിലും, അവയെ
ഏകോപിപ്പിക്കുന്ന ദർശനം വളർച്ച പ്രാപിച്ചിട്ടില്ല. ജീവിതമാണ്
അത് നിശ്ചയിക്കുന്നത്. ഈ സംസ്‌കാരത്തോട് വൈകാരികമായും
ബുദ്ധിപരമായും പ്രതിപ്രവർത്തിക്കൻ കഴിയണം.
നവമാധ്യമങ്ങളുടെ കാലമായതുകൊണ്ട് ഫേസ്ബുക്ക്,
മൊബൈൽ ഫോൺ എന്നീ പുത്തൻ സങ്കേതങ്ങൾ ഉപയോഗിച്ച്
കഥയെഴുതിയതുകൊണ്ട് രക്ഷയില്ല. ഈ നവമാധ്യമങ്ങ
ൾ, യഥാർത്ഥത്തിൽ എന്താണ് നമ്മോട് ചെയ്യുന്നതെന്ന്
ആരായണം. അതിനൊരു തത്ത്വചിന്ത ആവശ്യമാണ്.
ഇന്ന് ഫേസ്ബുക്കിൽ ചെന്നാൽ ധാരാളം പേരെ സുഹൃ
ത്തുക്കളായി കിട്ടും. നേരിട്ട് കാണാതെതന്നെ ഒരു സൗഹൃദ
തരംഗം ഉണ്ടാക്കാം. വിശേഷങ്ങൾ പങ്കുവയ്ക്കാം. പക്ഷേ,
അതിന്റെ അവസാനം? ഒരു കമിതാവിനെയോ, മനസിന്
ആശ്രയമെന്ന് കരുതാവുന്ന സുഹൃത്തിനെയോ ആവശ്യ
മില്ലാത്ത കാലമാണിത്. കാരണം ഒരാളോട് സത്യസന്ധത
പുലർത്തി ജീവിക്കുന്നത് ഭാരമായി തോന്നാം. അത് അസ്വാതന്ത്ര്യവുമാകാം.
അതിൽ പോയി തല വച്ചിട്ട് കാര്യമില്ലെന്ന്
ചിന്തിക്കുന്നവരുണ്ട്. ഒരാളോട് അല്പം സ്‌നേഹം സൂക്ഷിക്കാൻ
കഴിയാത്തവർ, ഇന്ന് ഫേസ്ബുക്കിലേക്ക് ആവേശത്തോടെ
വന്ന് നൂറുകണക്കിന് സുഹൃത്തുക്കളെ നേടുന്നു. ഇവർക്ക്
കാമുകനെന്തിന്? കാമുകിയെന്തിന്? ഈ മാറ്റം, ആന്തരികമായി
ഒരു പരിവർത്തനമുണ്ടാക്കുന്നു. ഇതിന്റെ അനിവാര്യ
മായ ഫലം എന്താണ്? ഒരു പെണ്ണിന്റെ ഫോട്ടോ പോസ്റ്റ്
ചെയ്താൽ ആയിരത്തിലേറെ പേർ അതിൽ തങ്ങളുടെ ഇഷ്ടം
രേഖപ്പെടുത്തുകയാണ്! ഈ ഇഷ്ടം ഒരു ചാകരയാണ്. കിട്ടുമ്പോഴേ
കിട്ടൂ. നമ്മൾ വെറും ഈയാംപാറ്റകൾ.
എന്തിനാണ് സെൽഫിയെ വിമർശിക്കുന്നത്? ഫേസ്ബു
ക്ക് സെൽഫി സംസ്‌കാരമാണ് മുന്നോട്ടുവയ്ക്കുന്നത്. എഴുത്തുകാർ
എന്തിനാണ് സ്വന്തം ഫോട്ടോയെടുത്ത് ഫേസ്ബുക്കിൽ
ഇടുന്നതെന്ന ഒരു വിഡ്ഢിച്ചോദ്യം കുറച്ചുനാൾ മുമ്പ് കേട്ടു.
ഉത്തരം ഇത്രയേയുള്ളൂ. ഫേസ്ബുക്കിന്റെ സംസ്‌കാരമാണത്.
ഓരോ മാധ്യമത്തിനും അതിന്റെ സംസ്‌കാരമുണ്ട്. ഇന്ന്
ഒരു വാരികയ്ക്ക് കഥ അയച്ചാൽ, അച്ഛൻ മകളെ ഭോഗിക്കു
ന്നതോ, ഒരുത്തൻ തന്റെ വേശ്യയെയും കൊണ്ട് പബ്ലിക് കക്കൂസിൽ
കയറുന്നതോ വിവരിച്ചിട്ടില്ലെങ്കിൽ അത് അച്ചടിച്ചുവരില്ല.
അത് അച്ചടിസംസ്‌കാരമാണ്. പത്രാധിപർ തന്റെ ഇഷ്ട
ക്കാരുടെ ഫോട്ടോ അടിക്കുകയും മറ്റുള്ളവരെ ചരിത്രത്തിന്റെ
കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന കാലമൊക്കെപ്പോയി.
ഇന്ന് ഏത് എഴുത്തുകാരനും സ്വന്തമായി കഥ
പ്രസിദ്ധീകരിക്കാം. അതിനായി ഇന്റർനെറ്റുണ്ട്. ഓരോ
വ്യക്തിയും മാധ്യമമാണ്. ഏത് പുസ്തകവും പ്രസിദ്ധീകരിക്കാൻ
ആമസോൺ പോലുള്ള ശൃംഖലകളുണ്ട്.
ഇതെല്ലാം പുതിയ യാഥാർത്ഥ്യങ്ങളാണ്. ഇതിനെല്ലാം
പിറകിൽ ഒരു തത്ത്വചിന്തയുണ്ട്. മനുഷ്യാനുഭവം വിലയ്ക്ക്
വാങ്ങാമെന്നതും ഓർമകൾ ഇല്ലാതാവുന്നു എന്നതുമാണ്
ഇതിന്റെ അന്തർധാരകൾ. നാമെങ്ങോട്ടാണ് നീങ്ങുന്നതെന്ന
കാതലായ ചോദ്യം ചെറുകഥാകൃത്ത് അഭിമുഖീകരിക്കേണ്ടതു
ണ്ട്. ഗബ്രിയേൽ ഗാർസിയ മാർകേസിന്റേ ‘ബൽതാസാർസ്,
മാർവലസ് ആഫ്റ്റർസൂൺ’ എന്ന കഥയിലെ നായകനായ
ബൽതാസാർ നന്നായി പക്ഷിക്കൂടുകൾ ഉണ്ടാക്കും. ഒരു
ദിവസം ധനികനായ ഒരുവന്റെ മകൻ തനിക്ക് സാമാന്യം
വലിയ ഒരു കൂടു വേണമെന്ന് പറഞ്ഞ് ബൽതാസാറിനെ സമീ
പിച്ചു. അയാൾ കൂട് ഉണ്ടാക്കുകയും ചെയ്തു. പലരും ആ കൂട്
വേണമെന്ന് ആഗ്രഹിച്ചു. ഒടുവിൽ അയാൾ ആ കൂടുമായി
ധനികന്റെ വീട്ടിലെത്തിയപ്പോൾ നിരാശയാണുണ്ടായത്.
ധനികൻ കൂടിന് പണം കൊടുക്കില്ല. തന്റെ മകൻ പറയുന്നതു
കേട്ട് എന്തിന് കൂട് നിർമിച്ചു എന്നാണ് അയാൾ ചോദിക്കുന്ന
ത്. നല്ല വില കിട്ടുമായിരുന്ന ആ കൂട്, ധനികന്റെ മകന് ദാനമായി
കൊടുത്തിട്ട് തിരിച്ചുപോരുകയാണ് ബൽതാസാർ.
പക്ഷേ അയാൾ ആ കൂട് വെറുതെ കൊടുത്തതാണെന്ന
കാര്യം മറച്ചുവയ്ക്കുന്നു. നല്ല വില കിട്ടിയെന്ന്, അയാൾ സുഹൃ
ത്തുക്കളെ അറിയിക്കുന്നു. അത് തെളിയിക്കാനായി ബൽതാസാർ
എല്ലാവർക്കും ബിയർ വാങ്ങി കൊടുക്കുകയാണ്. വാച്ച്
പണയം വയ്‌ക്കേണ്ടിവരുന്നു. കയ്യിലുള്ള കാശെല്ലാം തീർന്ന്,
അന്ന് രാത്രി അയാൾ രണ്ട് വേശ്യകളോടൊപ്പം ഉറങ്ങുകയാണ്.
ഒടുവിൽ, ബോധമറ്റ് തെരുവിലും. ഈ കഥ ഒരു കലാകാരന്റെ
എല്ലാകാലത്തെയും ദുരന്തം ഏറ്റുപറയുകയാണ്. എത്ര
നല്ല രചന ചെയ്തുവെന്നതല്ല പ്രധാനം. അതൊന്നും ഇവിടെ
ആർക്കും വേണ്ട. അത് നല്ല നിലയിൽ വിൽക്കാൻ കഴി
ഞ്ഞാൽ ജീവിക്കാനാവും. എന്നാൽ അത് വില തന്ന്
വാങ്ങാൻ ആരുമില്ല. എല്ലാവർക്കും അത് സ്വന്തമാക്കണമെ
ന്നുണ്ട്. വില തരാമെന്ന് പറയുന്നവർ പോലും കാലുമാറുകയാണ്.
സ്വന്തം രചനയെപ്പറ്റി കളവു പറഞ്ഞ് മറ്റുള്ളവരെ
സന്തോഷിപ്പിക്കേണ്ട ഗതികേടിലാണ് അയാൾ. മറ്റുള്ളവർ
അയാളെ അംഗീകരിക്കാൻ ആ വേലയ്ക്ക് തയ്യാറായേ പറ്റൂ.
ഇതിൽ കലാകാരന് എന്താണ് ആനന്ദിക്കാനുള്ളത്? അവന്
ഒരിക്കലും സന്തോഷവും അംഗീകാരവും കിട്ടുകയില്ല. അവൻ
എല്ലായ്‌പോഴും, മറ്റുള്ളവർക്കു വേണ്ടി ഒരു വേഷം ആടേണ്ടി
വരും. സ്വന്തം വാസ്തവികത എന്നത് ഒരിക്കലും അവന്റെ തുറു
പ്പുചീട്ടല്ല. കാരണം അവൻ രചിക്കുന്നത്, അവനെ അറിയാ
ത്തവരുടെയിടയിലാണ് എത്തിച്ചേരുന്നത്.
ആന്തരജീവിതം
ഒരു കഥാകൃത്ത് ഇന്നത്തെ ജീവിതത്തെ പരിശോധി
ക്കാൻ നിർബന്ധിതനാകണം. എന്നാൽ അത് സ്വന്തം മനോവൈകൃതങ്ങളുടെ
പിന്നാലെയുള്ള യാത്രയാകരുത്. സി.വി.
ശ്രീരാമന്റെ വാസ്തുഹാര, ക്ഷുരസ്യധാര എന്നീ കഥകൾ ആവേശകരമായി
വായിച്ച കാര്യം ഞാനോർക്കുകയാണ്. ബംഗാൾ
പശ്ചാത്തലമുള്ള വാസ്തുഹാരയുടെ ഭാഷ ഉത്കൃഷ്ടമായ ഒരു
മനസിൽ നിന്നേ വരുകയുള്ളൂ. മേതിൽ രാധാകൃഷ്ണന്റെ
‘എങ്ങനെയൊരു പഴുതാരയെ കൊല്ലാം’, തോമസ് ജോസഫിന്റെ
‘ചിത്രശലഭങ്ങളുടെ കപ്പൽ’, ഇ.വി. ശ്രീധരന്റെ ‘തിര്വ
നന്തോരം’ തുടങ്ങിയ കഥകൾ ഇപ്പോഴും മനസിൽ നിൽക്കുകയാണ്.
ഒരാന്തരജീവിതമാണ് ഇത്തരം കഥകളുടെ പിറവിക്ക് കാരണമാകുന്നത്.
കഥാകൃത്ത്, ചിലപ്പോൾ മത്സ്യത്തൊഴിലാളിയോ
സർക്കാർ ഗുമസ്തനോ ആയിരിക്കാം. പക്ഷേ, അവന്റെ
യുള്ളിലെ കഥ പറയുന്ന വ്യക്തി മറ്റൊരു ജീവിതമാണ് നയി
ക്കുന്നത്. വ്യക്തി എന്ന നിലയിൽ കുടുംബത്തോടോ സമൂഹത്തോടോ
പുലർത്തുന്ന ബന്ധം വളരെ സ്പഷ്ടവും ഋജുവുമാണ്.
ഇതിനിടയിലാണ് കഥാകൃത്തിന്റെ സവിശേഷമായ
ആന്തരജീവിതത്തിന്റെ ഭ്രമങ്ങളും ആകുലതകളും തല നീട്ടു
ന്നത്. കഥാകൃത്തായി ഒരാൾ ജീവിക്കുന്നത് അവിടെയാണ്.
പൊതുബോധത്തിന്റെ ഗതാനുഗതികത്വത്തിൽ നിന്ന് എത്രമാത്രം
മാറി ഉള്ളിൽ തനിയെ ജീവിക്കാൻ കഴിയുന്നു എന്ന
താണ് എല്ലാകാലത്തെയും മികച്ച കഥാകൃത്ത് നേരിടുന്ന
വെല്ലുവിളി. ഇത് ഒളിച്ചോട്ടമല്ല. ടോൾസ്റ്റോയി മതവിശ്വാസി
കളുടെയും സാധാരണക്കാരുടെയും ഇടയിൽ ജീവിച്ചപ്പോഴും
തന്നെ വേട്ടയാടിയ ദുരന്തബോധത്തെപ്പറ്റിയാണ് അദ്ദേഹം
ചിന്തിച്ചത്. അതിലാണ് അദ്ദേഹം ജീവിച്ചത്. അങ്ങനെ,
സ്വാഭാവികമായി ഒടുവിൽ ടോൾസ്റ്റോയി തന്റെ ആന്തരികജീ
വിതത്തിന്റെ ഇരയായിത്തീർന്നു.
കഥാകാരനെന്ന നിലയിൽ ടോൾസ്റ്റോയി ഒരു സാധാരണ
റഷ്യൻ പൗരന്റെ അസ്തിത്വത്തിന് അപ്പുറമുള്ള ആന്തരാവസ്ഥ
അനുഭവിച്ചു. ഇത് സൃഷ്ടിപരമായ വേദനയാണ്. എത്ര
പേരുടെ കൂടെയിരുന്നാലും ഈ ആന്തരിക ജീവിതം മുമ്പിൽ
വന്ന് കണ്ണാടി പോലെ നമ്മെ പ്രതിഫലിപ്പിച്ചുകൊണ്ടിരിക്കും.
ഒരിക്കൽ കോഴിക്കോട്ടു വച്ച് എം.ടിയെ കലാകൗമുദിക്ക്
വേണ്ടി ഇന്റർവ്യൂ ചെയ്തപ്പോൾ താൻ ‘കുടിയൊഴിക്കൽ’ എത്രതവണ
വായിച്ചുവെന്ന് ഓർമയില്ലെന്ന് അദ്ദേഹം പറ
ഞ്ഞതോർക്കുന്നു. എന്തിനാണ് ഈ വായനയെന്ന് പുതിയ
തലമുറ മനസിലാക്കണം. നാം സ്വന്തം മനസിനുള്ളിൽ അസ
ന്തുഷ്ടരാവുന്നത്, ലോകത്തിന്റെ സന്ദേശം ‘ആവോളം നുകരുന്നതിനാണ്.
വ്യക്തിപരമായി തോന്നുന്ന അപര്യാപ്തത
ലോകവീക്ഷണത്തിലേക്കുള്ള ചവിട്ടുപടിയാണ്.
എൻ. മോഹനന്റെ ‘പൂജയ്‌ക്കെടുക്കാത്ത പൂക്കൾ’ എന്ന കഥയെപ്പറ്റി
ഞാൻ എഴുതിയ ലേഖനം ‘അഹംബോധത്തിന്റെ
സർഗാത്മകത’ (കേരള സാഹിത്യ അക്കാദമി) എന്ന കൃതി
യിൽ ചേർത്തിട്ടുണ്ട്. വിഷാദാത്മകത്വത്തെ സുന്ദരമായ അനുഭൂതിയാക്കാൻ
അദ്ദേഹത്തിനറിയാമായിരുന്നു. ടി. പത്മനാഭന്റെ
‘ഗൗരി’ക്ക് ഈ പ്രത്യേകതയുണ്ട്. ഒരിക്കൽ കണ്ണൂരിൽ
ഒരു സ്വകാര്യ ബസിൽ യാത്ര ചെയ്യവെ, ടി. പത്മനാഭൻ
എന്നോട് പറഞ്ഞത്, ഗൗരി തന്റെ അനുഭവമാണെന്ന് ഒരു
പത്രാധിപർ സ്വയം സാക്ഷ്യപ്പെടുത്തിയെന്നാണ്. ‘ഗൗരി’ പല
ർക്കും സ്വന്തം കഥയാണെന്നു തോന്നുന്നത് കഥയുടെ വിജ
യമാണ്. എസ്.വി. വേണുഗോപൻ നായർ, എസ്. ഭാസുരച
ന്ദ്രൻ, ജോസ് പനച്ചിപ്പുറം, പി.എ. ദിവാകരൻ, മാനസി
തുടങ്ങി വൈയക്തികമായി യാതൊരു പ്രസ്ഥാനത്തിലുമല്ലാതെ
എഴുതുന്നവർ ഉൾക്കാമ്പുള്ള രചനകൾ സംഭാവന
ചെയ്തിട്ടുണ്ട്. അരികുകളിൽ നിന്നെന്ന പോലെ, ഭാവനയുടെ
ചതുരംഗ കള്ളികളിൽ നിന്ന് സൗന്ദര്യം സൃഷ്ടിക്കുകയാണ്
ഈ എഴുത്തുകാർ. ഇങ്ങനെയുള്ള വ്യത്യസ്ത ധാരകളെ ഒരു ചരടിൽ
എന്ന പോലെ കോർക്കാൻ പറ്റിയ ദർശനം, ചിലപ്പോൾ
ഉണ്ടായെന്നുവരില്ല. അത് കാലമാണ് തരുന്നത്; അതിനാവശ്യം
ജീവിതാനുഭവങ്ങളുടെ വിശാലതയും വിപുലീകരണവുമാണ്.