ബംഗാളിൽനിന്ന് ഒരു വാർത്തയുമില്ല – ബുദ്ധിജീവികളുടെ ഒരു
തലമുറയെ കേരളത്തിൽ വിപ്ലവ പ്രസ്ഥാനത്തിലേക്ക് ത്വരിപ്പിച്ച
‘ബംഗാൾ’ എന്ന കവിത തുടങ്ങുന്നതിങ്ങനെ. ‘പാട്ടുകൊണ്ട് ചൂട്ടു
കെട്ടി രാജാക്കന്മാരുടെ മുഖത്ത് കുത്തുമെന്ന് വ്യാമോഹിച്ച പഴയ
‘ക്ഷുബ്ധ യൗവനങ്ങളിൽ’ ചിലരെങ്കിലും ഈ വരികൾ വായിച്ച
വരിലുണ്ടാകും. അവർ ഉന്നയിക്കാവുന്ന സ്വാഭാവിക ചോദ്യമിതാണ്.
കേരളത്തിൽനിന്ന് ഒരു വാർത്തയുമില്ലല്ലോ.
കേരളത്തിൽനിന്ന് വാർത്തയില്ലാതെയല്ല. ആ ‘വാർത്തകളല്ലാത്ത
വാർത്തകൾ’ പക്ഷേ മാധ്യമങ്ങളും പോലീസും രാഷ്ട്രീയ
ക്കാരും ചേർന്നുണ്ടാക്കുന്നതാണ്. അവരാണിപ്പോൾ തീവ്രവാദ
ത്തിന്റെ ഗുണഭോക്താക്കൾ. മാധ്യമങ്ങൾക്ക് ഓരോ അര മണി
ക്കൂറു കൂടുമ്പോഴും ‘ബ്രേക്കിങ് ന്യൂസുകൾ’ വേണം. ‘ഓപ്പറേഷൻ
തണ്ടറി’ന്റെ പേരിലുള്ള ആനുകൂല്യവും സൗകര്യങ്ങളും സൗജ
ന്യവും സ്വാതന്ത്ര്യവും കൊതിപ്പിക്കുന്നു പോലീസിനെ. രാഷ്ട്രീയ
ക്കാരുടെ പേടിസ്വപ്നങ്ങളിലും മാവോയിസ്റ്റുകളുണ്ട്. തങ്ങളുടെ
പരാജയങ്ങൾക്ക് പേരു ചൊല്ലി മറയൊരുക്കാൻ തീവ്രവാദികൾ
വേണമല്ലോ. ഇവരെല്ലാം ചേർന്ന് സൃഷ്ടിക്കുന്ന വ്യാജ ഹീറോയി
സമാണ് കേരളത്തിലെ ഇപ്പോഴത്തെ അണ്ടർഗ്രൗണ്ട് ഹീറോ
രൂപേഷിന്റേത്. ഒരു നോവലെഴുതുകയും രണ്ട് പ്രസാധകർ അത്
പ്രസിദ്ധീകരിക്കാൻ കടിപിടി കൂടുകയും ചെയ്യുന്നതുകൊണ്ടുമാത്രം
ഒരു മാവോയിസ്റ്റ് നേതാവ് സൃഷ്ടിക്കപ്പെടുമോ?
കേരളത്തിൽ നക്‌സലൈറ്റുകൾക്കും മാവോയിസ്റ്റുകൾക്കും
മൂന്നു കാലങ്ങൾ ഉണ്ട്. വർഗീസും കുന്നിക്കൽ കുടുംബവും മുണ്ടൂർ
രാവുണ്ണിയും എ. വാസുവും ഫിലിപ്പ് എം. പ്രസാദും വെള്ളത്തൂവൽ
സ്റ്റീഫനും അടങ്ങുന്ന ആക്ടിവിസ്റ്റുകളുടെ ഒന്നാംകാലം. കെ.
വേണുവും കെ.എൻ. രാമചന്ദ്രനും ടി.എൻ. ജോയിയും പി.കെ.
ദാമോദരനും ഭാസുരേന്ദ്രബാബുവും ജയകുമാറും പി.സി. ഉണ്ണിചെ
ക്കനും അടങ്ങുന്ന ബുദ്ധിജീവികളുടെ രണ്ടാംകാലം. കവിയൂർ
ബാലനും ബി. രാജീവനും പി.എം. ആന്റണിയും കെ.ടി. കുഞ്ഞി
ക്കണ്ണനും ഈ ലേഖകനും അടങ്ങുന്ന ആക്ടിവിസ്റ്റുകളുടെ മൂന്നാംകാലം.
എം. സുകുമാരനും കടമ്മനിട്ടയും മുതൽ ബാലചന്ദ്രൻ
ചുള്ളിക്കാട് വരെ മലയാളത്തിലെ ഏറ്റവും മികച്ച കവികളും കഥാകൃത്തുക്കളും
ചിത്രകാരന്മാരും നാടകക്കാരും ഇതോടൊപ്പം സർ
ഗാത്മകമായി സക്രിയമായിരുന്ന രണ്ടാം ചുവന്ന ദശകം. ഈ
കാലങ്ങളെ വിദൂരമായെങ്കിലും ഓർമിപ്പിക്കുന്ന എന്തെങ്കിലും
വാർത്തകൾ, ഛത്തിസ്ഗഡിലും ഝാർഖണ്ഡിലും ബിഹാറിലും
ഒഡീസയിലും മഹാരാഷ്ട്രയിലും ബംഗാളിലും ആന്ധ്രയിലും
നിന്നുള്ള വാർത്തകൾക്കിടയിൽ കേരളത്തിൽനിന്നില്ലല്ലോ.
അതെ, ഇത്തവണ കേരളത്തിൽനിന്ന് വാർത്തകളൊന്നുമില്ല.
അതെന്തേ, ജാരനുപോലും കാമമില്ലാത്ത കാലമോ കേരളത്തിൽ?
മാവോയിസ്റ്റുകളില്ലാതാകുന്നതിനർത്ഥം കേരളത്തിൽ പ്രശ്‌ന
ങ്ങളില്ലെന്നാണോ? പ്രതികരണങ്ങളും പ്രതിരോധങ്ങളുമില്ലെന്നാണോ?
വടക്ക് കാസർഗോഡു മുതൽ തെക്ക് വിളപ്പിൽശാല വരെ
അടയാളപ്പെടുത്തുന്നത് സമൂർത്തമായ പ്രശ്‌നങ്ങളുടെയും അവരുയർത്തുന്ന
ചെറുത്തുനില്പുകളുടെയും പേരിലാണല്ലോ. മുത്ത
ങ്ങയും ചെങ്ങറയും ലാലൂരും ഞെളിയൻപറമ്പും പ്ലാച്ചിമടയും മൂല
മ്പിള്ളിയും അരിപ്പയും അതിരപ്പള്ളിയും മറ്റും പ്രതിനിധീകരിക്കു
ന്നത് പൊരുതുന്ന കേരളത്തെതന്നെയല്ലേ? ഈ സ്വയോത്ഭവ
സമരങ്ങളെയെല്ലാം ഏറ്റെടുത്ത് തെരുവായ തെരുവുകളിലെല്ലാം
‘ഞങ്ങളില്ലാതെ മറ്റെന്ത് കേരളം’ എന്ന് ഇരമ്പുന്ന സോളിഡാരി
റ്റിയെയും കാണുന്നില്ലേ? സോറി, ‘മാവോയിസ്റ്റുകൾക്ക് പ്രവേശനമില്ല’
എന്ന ബോർഡുയർത്തി പുതിയൊരു സബാൾടേൺ കേരളമുയരുമ്പോൾ
കേരളത്തിനു പുറത്തുള്ളവർ, ഏതെങ്കിലും വിധ
ത്തിൽ ക്ഷുബ്ധ യൗവനത്തിന്റെ ദശകത്തോട് അനുഭാവം രേഖപ്പെടുത്തിയിട്ടുള്ളവരും
മൂക്കത്ത് വിരൽ വച്ചുപോകുന്നു: എന്തുപറ്റി
കേരളത്തിന്? എന്തുപറ്റി മാവോയിസ്റ്റുകൾക്ക്?
അടിയോരുടെ പെരുമൻ എന്നായിരുന്നല്ലോ സ്വന്തം ജീവൻ
തന്നെ കൊടുത്ത് കേരളത്തിൽ നക്‌സലിസത്തിന് അടിത്തറയിട്ട
എ. വർഗീസ് അറിയപ്പെട്ടിരുന്നത്. അടിയോർക്കെന്തിനു പെരുമ
ൻ, സ്വന്തം ഗർഭപാത്രത്തിൽനിന്ന് അവരവരുടെ സ്വന്തം ജാനുവിനെ
സൃഷ്ടിക്കുമ്പോൾ! വർഗീസ് രക്തസാക്ഷിദിനമായ ഫെബ്രുവരി
പതിനെട്ടിൽനിന്ന് ജോഗിയുടെ രക്തസാക്ഷിദിനമായ
ഫെബ്രുവരി പത്തൊൻപതിലേക്കുള്ള ദൂരം ഇരുപത്തിനാലു മണി
ക്കൂറിന്റേതല്ല. താൻ തൊഴിലാളിവർഗത്തിന്റെ ദത്തുപുത്രനാണെന്ന്
ഇ.എം.എസ്. അവകാശപ്പെട്ടിരുന്നല്ലോ. മധ്യവർഗ
ത്തിന്റെ അവകാശവാദമാണത്. ആ ആദർശവാദത്തിലുള്ള അവി
ശ്വാസം രേഖപ്പെടുത്തുകയായിരുന്നു ഫെബ്രുവരി പത്തൊൻപത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ / കേരളത്തിന്റെ വികസന പ്രവർ
ത്തനങ്ങളുടെ വിഹിതം കിട്ടാത്തവരോ ആ പ്രവർത്തനങ്ങൾ ഇരകളാക്കിയവരോ
ആണിപ്പോൾ കേരളത്തിലെ വിപ്ലവവർഗം.
ആദിവാസികൾ, ദളിതർ, ഗ്രാമീണർ, കൃഷിക്കാർ, സ്ര്തീകൾ, ന്യൂനപക്ഷങ്ങൾ,
പാരിസ്ഥിതിക അഭയാർത്ഥികൾ, വികസനത്തിന്റെ
ഇരകൾ… ഈ സ്വത്വ രാഷ്ട്രീയത്തെ, സൂക്ഷ്മ രാഷ്ട്രീയത്തെ നേരി
ടാൻ മാത്രം മാവോയിസ്റ്റുകൾ സ്വയം സജ്ജമാക്കിയിട്ടില്ല.
അതുകൊണ്ട് കേരളത്തിലെങ്കിലും മാവോയിസം (നക്‌സലേ
റ്റുകളുടെ സൈദ്ധാന്തിക രേഖകളിൽ മാർക്‌സിസം-ലെനിനി
സം-മാവോ ചിന്തയല്ലാതെ മാവോയിസവും മാവോയിസ്റ്റുകളുമില്ല
എന്നാണ് എന്റെ പരിമിതമായ രാഷ്ട്രീയ ജ്ഞാനം)
എക്‌സ്‌പൈറി ഡേറ്റ് കഴിഞ്ഞ സിദ്ധാന്തവും പ്രയോഗവുമാണ്.
ആഗോളവത്കരണകാലത്ത് അതിനൊരു പ്രസക്തിയുമില്ല,
പുതിയ കാലത്തെയും ലോകത്തെയും അഭിമുഖീകരിക്കാൻ
അതിനെ പ്രാപ്തമാക്കാത്തിടത്തോളം കാലം. സജീവമായൊരു
പ്രതിപക്ഷവും തുറന്ന മാധ്യമങ്ങളും സർവോപരി നവസാമൂഹ്യ
പ്രസ്ഥാനങ്ങളും സക്രിമയാക്കുന്ന ഒരു സമൂഹവും ജനതയുമാണ്
മലയാളികളുടേത്. വി.എസ്. അച്യുതാനന്ദനും വി.എം. സുധീ
രനും വരെയെങ്കിലും സാദ്ധ്യമാകുന്ന മുഖ്യധാരാ രാഷ്ട്രീയമാണ്
നമ്മുടേത്. അതിരു കടക്കുന്നോ എന്നല്ലാതെ നിഷ്‌ക്രിയം എന്ന്
ആക്ഷേപത്തിനിടയില്ലാത്ത മാധ്യമ സാന്നിദ്ധ്യവും മലയാള
ത്തിലുണ്ട്. ഇരകൾ സ്വന്തം കാലുകളിൽ നിവർന്നുനിന്ന് സംസാരിക്കാൻ
തുടങ്ങിയിരിക്കുന്നു എന്നതും അഭിപ്രായവ്യത്യാസമി
ല്ലാത്ത കാര്യമാണല്ലോ. ഇടയ്ക്ക് തലയിൽ മുണ്ടിട്ട് മാത്രം തെരുവി
ലിറങ്ങാൻ കഴിഞ്ഞിരുന്ന ശാസ്ര്തപരിഷത്ത് പോലും തിരിച്ചുവരാൻ
ശ്രമിക്കുന്ന കാലമാണിത്. ആവശ്യമുണ്ട്, മറ്റൊരു കേരളം!
അരുന്ധതീറോയിയെപ്പോലുള്ളവരുടെ രാഷ്ട്രീയ ഹണിമൂൺ
ശൃംഗാരങ്ങൾക്ക് മാർക്കറ്റില്ലാത്ത സമൂഹമായിപ്പോയി മലയാളി
കളുടേത്. മാവോയിസ്റ്റുകൾ കേരളത്തോട് ക്ഷമിക്കട്ടെ.