നിറയെ മരങ്ങളും ചുറ്റും കരിങ്കൽ ഭിത്തിയുമുള്ള വിശാലമായ തൊടിയിൽ ഗൂഢസ്മിതം പൊഴിച്ച് സായ്പിന്റെ ബംഗ്ലാവ്. ഉൾവശം കണ്ടിട്ടുള്ള അപൂർവം ചിലരിലൊരാളാണ് പ്രൊപ്രൈറ്റർ രാമകൃഷ്ണൻ. ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അത് സായ്പിന്റെ
ബംഗ്ലാവാണെന്ന് അയാൾ. അന്തോണി സായ്പ് എന്നറിയപ്പെടുന്ന പാലയൂർ ചീരോത്ത് കിഴക്കേതിൽ ആന്റണി ഇരുപതു കൊല്ലങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച വീട്. സായ്പും കുടുംബവും ഏതാണ്ടത്രയും വർഷങ്ങളായി സ്റ്റേറ്റ്‌സിലാണ്. ബംഗ്ലാവിൽ നിന്നും
കഷ്ടിച്ച് മുപ്പതടിയകലെ ഗെയ്റ്റിനരുകിലുള്ള ഔട്ട് ഹൗസിൽ ഗൂർഖയായ കരൺ ബഹാദൂർ.
മുപ്പതാം വയസ്സിൽ ബംഗ്ലാവിന്റെ കാവൽക്കാരനായെത്തി. ഇപ്പോൾ അൻപത്. ഈ കാലംകൊണ്ട് ആൾ മലയാളിയായി. സന്ധ്യയോടെ യൂണിഫോമഴിച്ച് ലുങ്കിയും ബനിയനുമണിയും.വേഷമേതായാലും അരയിൽ ബെൽറ്റും കത്തിയുമുണ്ടാകും. ആ
കത്തിയുടെ ബലത്തിലാണ് ബംഗ്ലാവിൽ ശയ്യാവലംബരായ ലോനപ്പനും ഭാര്യ താണ്ടമ്മയും കഴിയുന്നത്. സായ്പിന്റെ മാതാപിതാക്കൾ. അവരാകട്ടെ, അന്ത്യനിദ്രകൊള്ളും മുമ്പ് മകനെയും കുടുംബത്തേയും സ്‌കൈപ്പിലും വാട്‌സാപ്പിലുമല്ലാതെ ഒന്നു കാണാൻ കൊതിച്ച് കിടക്കുന്നു.
ഗെയിറ്റിനു മുന്നിലെ സ്ട്രീറ്റ് ലൈറ്റിന്റെ ചുവടെ നിന്ന് അതുവഴി പോകുന്ന നാട്ടുകാരോട് കരൺബഹാദൂർ കുശലം പറയും. നാട്ടുകാരയാളെ കരൺഭായ് എന്ന് വിളിച്ചു. അയാളുടെ അടുത്ത ചങ്ങാതിയായ ബ്ലേക്‌ബെൽറ്റ് രമണൻ ഇടയ്ക്ക് വരും. ഒൻപതു കഴിഞ്ഞാൽ നിരത്തും പരിസരവും വിജനമാകും. ബംഗ്ലാവുപോലും ഉറങ്ങിയിരിക്കും. മകന്റെ പ്രായമുള്ള രമണനെ ഉത്തമസുഹൃത്തായാണ് അയാൾ കണ്ടത്. മദ്യക്കുപ്പിയുമായല്ലാതെ ഒരിക്കലും വന്നിട്ടില്ല. വരുന്ന ദിവസം മുൻകൂട്ടി വിളിച്ചുപറയും. ഔട്ട് ഹൗസിൽ ഗ്ലാസും വെള്ളവും തൊട്ടുകൂട്ടാൻ അന്നത്തെ അത്താഴവും ഒരുക്കി കാത്തിരിക്കും.
ദേശത്തെ പ്രധാന കാമുകനായ ബ്ലേക്‌ബെൽറ്റ് രമണന് കാമുകിമാർ നിരവധി. അവിവാഹിതരും ഭർതൃമതികളും വിധവകളുമൊക്കെ അതിലുണ്ട്. നാട്ടിലെ ഭർത്താക്കന്മാർക്കും ആങ്ങളമാർക്കും തന്നെ പേടിയാണെന്ന അഹങ്കാരവുമുണ്ട്. പുറംമോടി കണ്ടാണ് പല പെണ്ണുങ്ങളും അവന്റെയൊരു പ്രണയാഭ്യർത്ഥനയിൽ അലിഞ്ഞുചേരാൻ മോഹിച്ചത്. സുന്ദരൻ. അഭ്യാസി. സിക്‌സ് പേക്ക് ബോഡി. വിദ്യാഭ്യാസമില്ലെങ്കിലും മറ്റെത്രയോ മാഹാത്മ്യങ്ങൾ!
രമണൻ ശരീരങ്ങളെ പ്രണയിച്ചു. ഓരോ കാമുകിയും ശരീരം മാത്രം. കരൺഭായിയുമായുള്ള ചങ്ങാത്തത്തിന് പ്രത്യേക ലക്ഷ്യമുണ്ട്. മദ്യപിക്കാൻ ഇടം മാത്രമല്ല; ചില വരവിൽ റോയൽ എൻഫിൽഡിന്റെ പുറകിൽ സ്ത്രീയുണ്ടാകും. ആ രാത്രി കരൺഭായ് മുറി ഒഴിഞ്ഞുകൊടുക്കും.
ഈ ചങ്ങാത്തമാരംഭിച്ചിട്ട് ഒരു വർഷമായി. ദീർഘകാലമായി ആ വീടിനോട് പുലർത്തിയ വിശ്വാസ്യതയാണ് താൻ തകർത്തതെന്ന് കരൺ ബഹാദൂർ പിറ്റേന്ന് കുറ്റബോധപ്പെടും. പക്ഷേ, മൊബൈലിലേയ്ക്ക് ഒരു വിളി വന്നാൽ ഒക്കെ മറന്ന് വീണ്ടും മദ്യാസക്തനാകും. ഭാഗ്യത്തിന് ആരും അതൊന്നും അറിഞ്ഞില്ല. സാബിന്റെ മാതാപിതാക്കളും വേലക്കാരിയും ഹോം നഴ്‌സുമെല്ലാം എട്ടുമണിയോടെ ഉറങ്ങും. അതിനുമുമ്പ് കരൺ തന്റെ അത്താഴം വാങ്ങിവയ്ക്കും. പ്രാതലും ഉച്ചഭക്ഷണവും ചായയുമെല്ലാം യഥാസമയം ബംഗ്ലാവിൽ ചെന്ന് വാങ്ങണം. അകത്തുള്ളവരെ പുറത്തുകാണുക അപൂർവം. പുറമെ നിന്നുനോക്കിയാൽ ആൾതാമസമുണ്ടെന്ന് ആരും പറയില്ല.
അങ്ങനെയൊരിക്കൽ, ഒരു ഈറൻ പ്രഭാതത്തിൽ ബംഗ്ലാവിന്റെ മട്ടുപ്പാവിൽ ഒരു മാലാഖ നിൽക്കുന്ന അതിമനോഹരമായ കാഴ്ചയ്ക്ക് ‘പത്രം ഗോപാലൻ’ സാക്ഷിയായി. സൈക്കിൾ സൈഡാക്കി ഇടം കാലാൽ നിലം തൊട്ട് ഗോപാലൻ വാ പൊളിച്ചു.
എത്ര സുന്ദരമായ കണി! പിങ്ക് നിറമുള്ള മുറിക്കയ്യൻ ബനിയനും നിക്കറുമാണ് മാലാഖയുടെ വേഷം. കൈവരിക്കിടയിലൂടെ കാണുന്ന തുടകളിൽ തട്ടി കണ്ണഞ്ചി. ചെമ്പൻ മുടി പുലർക്കാറ്റിൽ പാറി. ഹോ, ഒരു വെള്ളക്കാരി മാലാഖതന്നെ…
ബംഗ്ലാവിനോടു ചേർന്നുനിന്ന മരത്തിൽ നിറയെ ചുവന്ന പൂക്കൾ വിരിഞ്ഞിരിക്കുന്നു. അതിനു ചുവടെ ഒരു വെളുത്ത കാർ. ബംഗ്ലാവിന്റെ വാതിലുകളും ജനലുകളും തുറന്നിരിക്കുന്നു. പുത്തൻ തിരശ്ശീലകൾ ചാർത്തിയിരിക്കുന്നു. ഇതൊക്കെ കണ്ട് ഗോപാലന് അത്ഭുതമായി. ഒറ്റരാത്രികൊണ്ട് ഇത്രയും മാറ്റമോ? സായ്പും കുടുംബവും വന്നു എന്ന നിഗമനത്തിലെത്തി. ഗെയ്റ്റിനപ്പുറം കരൺഭായ്. സൈക്കിൾ അങ്ങോട്ട് ചവിട്ടി.
”കരൺഭായ്, അവരൊക്കെ എത്തി, അല്ലേ?”
”ഇല്ല ഗോപാൽജി, സാബ് അടുത്ത മാസമേ എത്തൂ. വന്നത് സാബിന്റെ മൂന്നാമത്തെ മകൾ മഗ്ദലേന. ഇന്നലെ എത്തിയതേയുള്ളൂ… മഴ കാണാൻ വന്നതാത്രെ”.
”നാളെ മുതൽ പത്രം ഇട്ടോട്ടെ?”
”മേം സാബിന് മലയാളം വായിക്കാനറിയില്ലെന്ന് തോന്നുന്നു”.
”എന്റടുത്ത് ഇംഗ്ലീഷ് പത്രങ്ങളും ഉണ്ടല്ലോ ഭായ്”.
”ചോദിച്ചിട്ട് നാളെ പറയാം ഗോപാൽജീ…”
സ്വല്പനേരം കൂടി കുശലം തുടരാനും മാലാഖയുടെ തുടകൾ ഒളികണ്ണിട്ട് നോക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ല; ഇരുപതോളം വീടുകൾ ബാക്കിയാണ്. ബെഡ്‌കോഫി കുടിക്കാതെ, മലവിസർജനത്തിനു പോകാതെ പത്രമേറ്റുവാങ്ങാൻ അക്ഷമരായി നിൽക്കുന്ന പല മുഖങ്ങളും കണ്ണിൽ തെളിഞ്ഞു. ഇത് അരിപ്രശ്‌നം. മറ്റേത് ഒരു മുഷ്ടിമൈഥുനത്തിൽ തീർക്കാവുന്നതേയുള്ളൂ. അവശേഷിച്ച വീടുകൾക്കു നേരെയും പത്രമെറിഞ്ഞുതീർത്ത്
അരമണിക്കൂറിനകം ഗോപാലൻ ജംഗ്ഷനിൽ എത്തി. സൈക്കിൾ സ്റ്റാന്റിലിട്ട് ഹോട്ടൽ പാരഡൈസിലേക്ക് കയറി. കൗണ്ടറിലിരിക്കുന്ന പ്രൊപ്രൈറ്റർ രാമകൃഷ്ണന്റെ അടുത്തേക്കാണ് നേരെ ചെന്നത്.
”അല്ല കൃഷ്‌ണേട്ടാ, സായ്പ് നിങ്ങളെ ദോസ്താന്നു പറഞ്ഞിട്ട് മൂപ്പരെ മോളുവന്ന കാര്യം അറിഞ്ഞില്ലേ?”
”നേരോ, ആരും പറഞ്ഞില്ല. നീ കണ്ടോ ഗോപാലാ?”
”കണ്ടോന്നാ? ഒരു മാലാഖ… വെള്ളക്കാരി മാലാഖ… ചൊകചൊകാന്ന്… എന്തൊരു നിറമാ… തുടയും കാട്ടി ബംഗ്ലാവിന്റെ മട്ടുപ്പാവിലങ്ങനെ നിൽക്ക്വാ…”
വെള്ളച്ചായ കുടിച്ചുകൊണ്ടിരുന്ന ബ്ലേക്‌ബെൽറ്റ് രമണൻ കേട്ടമാത്രയിൽ ഫണം വിടർത്തിയ പാമ്പിനെപ്പോലെ പെട്ടെന്ന് ഇടത്തോട്ട് തലവെട്ടിച്ച്, പത്രം ഗോപാലനെ നോക്കി. പക്ഷേ, ഗോപാലൻ കൂടുതൽ വർണനയ്ക്ക് മുതിർന്നില്ല. നിരാശ മറച്ച് രമണൻ മനസ്സിൽ കുറിച്ചു; ഒന്നു കാണണമല്ലോ… അപ്പോഴതാ വെളുത്ത ഒരു കാർ, പാരഡൈസിനു മുന്നിൽ നിർത്തുന്നു. പാരഡൈസിലെ കത്തുന്ന ആകാംക്ഷകളിലേക്ക് വെള്ള കുർത്തിയും നീല ജീൻസുമണിഞ്ഞ് മഗ്ദലേന എന്ന മാലാഖ ഇറങ്ങുന്നു. ജംഗ്ഷനാകെ കുറച്ചുനേരം പാരഡൈസിനു മുന്നിലേക്ക് ഒതുങ്ങി നിശ്ചലമാകുന്നു. അവൾ അടിവയ്ക്കുന്നതിന്റെ മുഴക്കം കാഴ്ചക്കാരുടെ നെഞ്ചിടിപ്പിൽ മേളിക്കുന്നു. രമണൻ പെട്ടെന്ന് നെഞ്ച് മാക്‌സി
മം വിടർത്തി മുഖത്തൊരു പുഞ്ചിരിയും ഫിറ്റു ചെയ്ത് കവാടത്തിനു സമീപം നിന്നു. ഹൃദ്യമായ പരിമളം അകത്തേക്ക് പ്രവേശിച്ചു. അവൾ ചോദിച്ചു.
”രാമകൃഷ്ണൻ നായർ?”
മസിൽപെരുപ്പം വിടാതെ സ്ലോമോഷനിൽ ക്യാഷ് കൗണ്ടറിനുനേരെ രമണന്റെ ചൂണ്ടുവിരൽ ചലിച്ചു. കൗണ്ടറിനുമുകളിലെ നെയിം ബോർഡിൽ പ്രൊപ്രൈറ്റർ കെ. രാമകൃഷ്ണൻ എന്ന് മഗ്ദലേന വായിച്ചു. അവൾ പുഞ്ചിരിയോടെ ചോദിച്ചു.
”ഞാൻ മഗ്ദലേന. അങ്കിളിന് എന്നെ മനസ്സിലായോ?’ രാമകൃഷ്ണൻ എണീറ്റ് ആഹ്ലാദത്തോടെ പറഞ്ഞു.
”ഇതെന്റെ അന്തോണിയുടെ മോളല്ലേ… ഒരേ ബെഞ്ചിലിരുന്ന് പഠിച്ചതാ ഞാനും മോളെ പപ്പയും…”
”പപ്പ ചില കാര്യങ്ങൾ പറയാനേല്പിച്ചിട്ടുണ്ട്. എപ്പഴാ അങ്ക്‌ളിനൊന്ന് വീട്ടിലേക്ക് വരാൻ പറ്റുക?”
”മോള് പൊയ്‌ക്കോ, ഞാൻ വൈകുന്നേരം വരാം”.
അവൾ പ്രൊപ്രൈറ്ററുടെ കൈപിടിച്ചു കുലുക്കി യാത്ര പറഞ്ഞു. അപ്പോൾ പത്രം ഗോപാലൻ അരുകിലേക്ക് വന്ന് ബഹുമാനത്തോടെ നിന്നു.
”മാഡം, ഞാൻ പത്രം ഗോപാലൻ. ഇവിടുത്തെ ന്യൂസ് പേപ്പർ ഏജന്റാണ്. ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്‌സ്പ്രസ് … എല്ലാ പത്രങ്ങളുമുണ്ട്. വീട്ടിൽ പത്രമിട്ടോട്ടെ?”
”നാളെ മുതൽ മൂന്നും തന്നോളൂ…”
”താങ്ക്‌സ് മാഡം…”
അവൾ ഗോപോലനെയും ഹസ്തദാനം ചെയ്തു. ആ സ്പർശനത്താൽ ഗോപാലന് രോമാഞ്ചമുണ്ടായി. അതെല്ലാം കണ്ട് രമണൻ ദഹിച്ചു. വല്ലാതെ ദാഹിച്ചു. ആ മാലാഖയുടെ കയ്യിലൊന്ന് തൊടാൻ… രമണൻ സ്വയം പരിചയപ്പെടുത്തി.
”ഞാൻ ബ്ലേക്‌ബെൽറ്റ് രമണൻ. കരാട്ടെ ഇൻസ്ട്രക്റ്റർ…”
അവൾ കൈപൊക്കി ഹായ് പറഞ്ഞ് പടിയിറങ്ങി കാറോടിച്ചു പോയി.
പേരക്കുട്ടി സ്‌കൂൾ വിട്ട് വന്നപ്പോൾ കട നോക്കാനേല്പിച്ച് തന്റെ സൈക്കിളിൽ രാമകൃഷ്ണൻ ബംഗ്ലാവിലേക്ക് പോയി. അന്തോണിയുടെ വെള്ളാറക്കരയിലുള്ള പന്ത്രണ്ടേക്കർ ഭൂമി വില്പന നടത്തണം. അതാണാവശ്യം. അന്തോണിയുമായി ഫോണിൽ സംസാരിച്ചു. പഴയ ചങ്ങാതിയാണെങ്കിലും ബ്രോക്കറേജ് നാട്ടുനടപ്പാണെന്ന് പ്രൊപ്രൈറ്റർ മനസ്സിൽ കരുതി. നല്ലൊരു കോളൊത്ത സന്തോഷവും വിദേശസർബത്തിന്റെ സ്വാദുമായി മടങ്ങി. രമണൻ പലകുറി ആ ദേവകന്യകയെ കണ്ടുമുട്ടി. ഹായ് ശബ്ദത്തിനും മന്ദഹാസത്തിനുമപ്പുറത്തേക്ക് സൗഹൃദം വളരാൻ ആവതും മെനക്കെട്ടു. എന്നാലെപ്പോഴും പരൽമീൻ പോലെ അവളൊഴിഞ്ഞുപോയി.
അന്ന് പത്രം ഗോപാലൻ കണ്ട മട്ടുപ്പാവിലെ കാഴ്ച കാണാൻ ഈറൻ പ്രഭാതങ്ങളിൽ റോയൽ എൻഫീൽഡ് അതുവഴി വൃഥാ കടന്നുപോയി. ഇന്നലെ വൈകുന്നേരം രമണൻ ബംഗ്ലാവിനു മുന്നിലൂടെ പോകവെ മഗ്ദലേന പോക്കുവെയിലിൽ തിളങ്ങി മുറ്റത്ത് നടക്കുന്നത് കണ്ടു. ഷോട്‌സും ഇറുകിയ ബനിയനുമിട്ട്… കാഴ്ച കണ്ട് രമണൻ തിളച്ചു. വണ്ടി ഗെയ്റ്റിനരുകിൽ പാർക്ക് ചെയ്തു. കരൺ ഭായിയോട് കുശലം പറഞ്ഞ്, ഇടങ്കണ്ണിട്ടു നോക്കുമ്പോൾ അവൾ
ഗെയ്റ്റിനരുകിലേക്ക് വരുന്നു. വലിയ മാറിടം. രമണൻ ഉറ്റുനോക്കി. അവൾ ഹായ് പറഞ്ഞ് പരിചയം പുതുക്കി. ഇവിടെയെന്താ എന്ന് ചോദിച്ചു. കരൺഭായിയെ കണ്ട് നിന്നതാണെന്ന് പറഞ്ഞു.അവൾ മന്ദഹസിച്ച് തിരിച്ചു പോയി. പിൻകാഴ്ചയും രമണനെ വേവിച്ചു.
”കാലവർഷം വൈകുമോ രമണൻഭായ്?”
അനുഭൂതിയുടെ ഏതോ ലോകത്തായിരുന്ന രമണൻ ചോദ്യം കേട്ടില്ല. മാലാഖ വന്നപ്പോഴുണ്ടായ സുഗന്ധം അപ്പോഴും വലിച്ചെടുക്കുകയാണ്. മനോഹരമായ മുടി. വശീകരിക്കുന്ന മിഴികൾ. പനിനീരിന്റെ തളിരില നിറമുള്ള ചുണ്ടുകൾ. വയലറ്റ് ബനിയൻ.
വലിയ മാറിടം… ആ കാഴ്ച മാഞ്ഞില്ല.
രമണന്റെ ഉറക്കവും സ്വസ്ഥതയും പോയിരിക്കുന്നു. ആ ദേവകന്യകയെ കൈകളാൽ കോരിയെടുത്ത് അരക്കെട്ടിലൊരു ചുംബനം! ലോകത്താരും അത് ചെയ്തുപോകും. ബലമായിട്ടെങ്കിലും താനത് ചെയ്യും. ഉറപ്പ്… അവളുടെ കിടപ്പറവാതിലിന്റെ താക്കോൽ പഴുതിലൂടെ ഒരുറുമ്പായി അകത്തുകടന്ന്, പൂമെത്തയിലൂടെ അരിച്ച് രാവുടുപ്പിനകത്ത് ഒറ്റ കടി. മധുരമായ നീറ്റലോടെ ഞെട്ടിയുണരുമ്പോൾ മുന്നിൽ നില്പുണ്ടാകും; ദേഹസന്നദ്ധനായി. എങ്ങനെ ഉറുമ്പാകുമെന്ന ദുർവിചാരം രമണനിൽ കലശലായി.
പലപ്പോഴും മഗ്ദലേനയെ കണ്ടുമുട്ടി. അവൾ തന്നെ പ്രലോഭിപ്പിക്കുന്നുണ്ടെന്ന് രണണന് തോന്നിത്തുടങ്ങി. കണ്ടാൽ വശ്യമായി പുഞ്ചിരിക്കുകയും ചിലപ്പോൾ സംസാരിക്കുകയും ചെയ്യുന്നു. തന്റെ ആൺതാപം അവൾ കൊതിക്കുന്നുണ്ട്.
ജൂൺമഴ പെയ്തുതിമർക്കുന്ന ഒരു രാത്രിയിൽ റെയിൻകോട്ടിട്ട് രമണൻ പുറപ്പെട്ടു. പത്തുമണി കഴിഞ്ഞിട്ടുണ്ട്. കരൺ ബഹാദൂർ സെറ്ററും പുതച്ച് മഴ നോക്കി ഔട്ട് ഹൗസിന്റെ വരാന്തയിൽ കാത്തിരുന്നു. ഈ പെരും മഴയത്ത് കുറച്ച് മദ്യം അകത്തു ചെല്ലുന്നതിന്റെ മാന്ത്രികസുഖമോർത്ത്, കൊച്ചു മേംസാബ് ബംഗ്ലാവിലുണ്ടായിരുന്നിട്ടും കാത്തിരുന്നു.
പെട്ടെന്ന് വണ്ടിയുടെ വെളിച്ചം കണ്ടു. കുടയെടുത്ത് ഇറങ്ങി. ആരുടേയും കണ്ണിൽപ്പെടാത്ത
വിധം അപ്പുറത്ത് വണ്ടി പാർക്ക് ചെയ്ത് കയ്യിലൊരു പൊളിത്തീൻ കവറുമായി രമണൻ ഗെയ്റ്റിനു മുന്നിലെത്തി. കരൺഭായ് ഗെയ്റ്റ് തുറന്നു. വരാന്തയിൽ കയറി റെയിൻകോട്ടഴിച്ച് തിണ്ണയിലിട്ടു. രണ്ടുപേരും മുറിയിൽ ഇരുന്നു. കവർ തുറന്ന് രമണൻ രണ്ട് ഹാഫ് ബോട്ടിലുകൾ പുറത്തെടുത്തു. നിറയെ ഉള്ളത് മൂടി തുറന്ന് മണപ്പിച്ച ശേഷം കരൺഭായിക്ക് നൽകിയിട്ട് പറഞ്ഞു.
”ഇത് കരൺഭായിക്ക്… എനിക്ക് നാലുപെഗ്ഗ് ജോണി വാക്കറുണ്ട്. ഒരു ചങ്ങാതി വന്നപ്പോൾ തന്നതാ”.
റം മുഴുവൻ തനിക്കു കിട്ടിയ സന്തോഷത്തോടെ അയാൾ ചിരിച്ചു. മേം സാബ് വന്നതിനാൽ അത്താഴമൊക്കെ കേമമാണെന്നു പറഞ്ഞ് പാത്രങ്ങൾ തുറന്ന് മുന്നിൽ നിരത്തി. ഒന്ന്… രണ്ട്… മൂന്ന്… റം ഗ്ലാസിലൊഴിച്ച് കരൺഭായ് ആർത്തിയോടെ കുടിക്കാൻ തുടങ്ങി.
കരൺഭായ് ഉടനെ ഉറക്കത്തിന്റെ കൊടുമുടി താണ്ടുമെന്ന് രമണന് നിശ്ചയമുണ്ട്.
മഴ കുറഞ്ഞും കൂടിയും നിന്നു. നാലാമത്തെ ഗ്ലാസ് മുഴുമിപ്പിക്കും മുമ്പ് കരൺ ബഹാദൂർ ഉറക്കത്തിലേക്ക് വീണു. കൂർക്കംവലിയുടെ അരോചകമായ ശബ്ദപശ്ചാത്തലത്തിൽ രമണൻ വരാന്തയിലേക്ക് വന്ന് ചുറ്റുപാടും വീക്ഷിച്ചു. ആരുമില്ല. എന്തോ പറഞ്ഞ് ചിരിച്ചപ്പോൾ കരൺഭായ് പേടിയോടെ മുകളിലേക്ക് ചൂണ്ടിക്കാട്ടിയ മുറിക്കു നേരെ പ്രണയപൂർവം ഒരു നോട്ടമെറിഞ്ഞു. മദ്യം കത്തിയപ്പോൾ പൗരുഷവും തന്റേടവും ത്രസിച്ചു. മൊബൈലിൽ പകർത്താൻ പാകത്തിൽ എന്തെങ്കിലും കിട്ടുമെന്ന വലിയ പ്രതീക്ഷ. എങ്ങനെ മുകളിലെത്തുമെന്ന പരന്ന നോട്ടങ്ങൾ. മുറ്റത്തെ മരത്തിന്റെ ഒരു ചില്ല മട്ടുപ്പാവിനെ മുട്ടിനിൽക്കുന്ന കാഴ്ച.
ചെരുപ്പ് ഔട്ട്ഹൗസിന്റെ വരാന്തയിൽ അഴിച്ചുവച്ചു. റെയിൻ കോട്ടിട്ട് മഴയിലേക്കിറങ്ങി. നനഞ്ഞൊലിക്കുന്ന മരത്തിലേക്ക് വഴുപ്പിനെ അതിജീവിച്ച് സാഹസികമായി കയറി. പതുക്കെ കൈവരിയിൽ പിടിച്ചു. ജീവിതത്തിലാദ്യമായി സായ്പിന്റെ ബംഗ്ലാവി
നെ തൊട്ടു. പ്രൊപ്രൈറ്ററുടെ ഭാഷയിൽ ഭൂമിയിലെ സ്വർഗം! റെയിൻകോട്ട് കൈവരിയിലിട്ടു. ബർമൂഡയും ടീഷേർട്ടുമാണ് വേഷം.തൂവാലകൊണ്ട് മുഖം തുടച്ചു. ചീർപ്പെടുത്ത് മുടിയൊതുക്കി. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ പൂശിയ പെർഫ്യൂമിന്റെ ഗന്ധം ടീഷേർട്ടിൽ തങ്ങിനിന്നു. തന്റേടത്തിന്റെ മൂർദ്ധന്യത്തിൽ ലഹരി സൂര്യനായി കത്തി.
മട്ടുപ്പാവിൽ നിന്നും മുറിയിലേക്കുള്ള വാതിൽ ചാരിയിട്ടേയുള്ളൂ. മാലാഖ ഉറങ്ങിയിട്ടില്ല. വിടവിലൂടെ നോക്കി. എഴുത്തുമേശയിലെ പാൽവെളിച്ചത്തിൽ പുസ്തകം വായിച്ചിരിക്കുന്ന മാലാഖയുടെ പിൻഭാഗം കാണാം. ഭംഗിയുള്ള നിശാവസ്ത്രമാണ് അവളണിഞ്ഞിരിക്കുന്നത്. ഒളിഞ്ഞു നിന്ന് മൊബൈലിൽ പകർത്തുക എന്ന ലക്ഷ്യം ചടുലവേഗത്തിൽ വഴിമാറി. ബ്ലേക്‌ബെൽറ്റ് രമണൻ അകത്തുകയറി. അരികിലെത്തിയത് അവളറിഞ്ഞില്ല. മാലാഖയുടെ ഗന്ധമുരുകുന്ന മുറി അവനെ കാമാതുരനാക്കി.
പുറകിലൂടെ പിടിക്കാനായി കൈകൾ നീട്ടിയതും ഒരു പിസ്റ്റൾ ചൂണ്ടിക്കൊണ്ട് അവൾ ചാടിയെണീറ്റതും ഒന്നിച്ചായിരുന്നു. കോപത്താൽ ചുവന്ന മുഖം കണ്ട്, കയ്യിലെ പിസ്റ്റൾ കണ്ട് പേടിച്ചരണ്ട രമണൻ വെടിവയ്ക്കരുതെന്ന യാചനയോടെ ഇരുകൈകളുമുയർത്തി… വെറും ആനപ്പിണ്ഡമായ നിമിഷം.
പിസ്റ്റൾമുനയിൽ രമണനെ ഇരുത്തുകയും മറ്റൊരു കസേര വലിച്ചിട്ട് അഭിമുഖമായി ഇരിക്കുകയും ചെയ്തു മഗ്ദലേന.
”അനങ്ങിയാൽ ഞാൻ ഷൂട്ട് ചെയ്യും…” അവൾ മുന്നറിയിപ്പു നൽകി.
”ഇല്ല… ഞാനിളകില്ല…” പാവം നിസ്സഹായന്റെ ശബ്ദം.
”എന്തിനിവിടെ വന്നു?”
”കുട്ടിയെ കാണാൻ…”
”കള്ളനെപ്പോലെയോ?”
”വേറെ നിവർത്തിയില്ലാണ്ടാ…”
മഗ്ദലേന തുറിച്ചുനോക്കി.
”കുട്ടിയെ കണ്ടതു മുതൽ ഉറക്കം നഷ്ടമായി”.
”കഷ്ടം… നിന്നോടെനിക്ക് താല്പര്യമില്ലെങ്കിൽ?”
”ഞാൻ സുന്ദരൻ. സിക്‌സ് പേക്ക്. ബ്ലേക്‌ബെൽറ്റ്… പിന്നെന്താ?”
മഗ്ദലേന ചോദിച്ചു.
”നിന്റെ വീട്ടിൽ യൂറോപ്യൻ ക്ലോസറ്റുണ്ടോ?”
”ഇല്ല… അത് സംഘടിപ്പിക്കാം”.
”നിനക്കതിലിരുന്ന് അപ്പിയിടാനറിയ്വോ?”
പരിഹസിക്കുകയാണോ എന്ന് ചോദിച്ച് രമണൻ എണീക്കാനാഞ്ഞപ്പോൾ മഗ്ദലേന പിസ്റ്റൾ നെഞ്ചിൽ കൂടുതലമർത്തി ചോദിച്ചു.
”ഇപ്പോൾ നിനക്കെന്ത് തോന്നുന്നു?”
രമണൻ നിസ്സഹായനായി നിന്നു.
”എനിക്ക് നിന്റെ മുട്ടിനു താഴെ ഷൂട്ട് ചെയ്യാനാണ് തോന്നുന്നത്. എന്നിട്ട് പോലീസിനെ വിളിക്കാൻ…”
”എന്നെ നാറ്റിക്കരുത്… വേണേച്ചാൽ കാലുപിടിക്കാം. എന്നെ വിടണം…”
”ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു. കരൺ ബഹാദൂർ ഗെയ്റ്റ് തുറന്നു തന്നതു മുതൽ എല്ലാം. മട്ടുപ്പാവിന്റെ വാതിൽ കൊളുത്തിടാൻ മറന്നതാണെന്ന് കരുതിയോ? നിന്റെ വരവും കാത്ത് ഇരിക്കുകയായിരുന്നു ഞാൻ…”
”പ്ലീസ്… ഒരു തെറ്റ് പറ്റിയതാണ്…”
കുടിച്ച കള്ളിന്റെ മുഴുവൻ തരിപ്പും വെറും വെള്ളമായി. സ്വല്പനേരം നിശ്ശബ്ദയായ മഗ്ദലേന തുടർന്ന് ചോദിച്ചു.
”എന്റെ കയ്യിൽ ഈ പിസ്റ്റൾ ഇല്ലായിരുന്നെങ്കിൽ നീ എന്തു ചെയ്യുമായിരുന്നു?”
”ബലാത്സംഗം ചെയ്യുമായിരുന്നു”.
”റിയലി? നിനക്കത്രയും തന്റേടമോ? ഒന്നുകാണട്ടെ, നീ പറഞ്ഞ സിക്‌സ് പേക്ക്… ഷർട്ടൂര്…”
രമണൻ ലജ്ജിച്ചു.
”ഛെ, ഊരെടാ… നാണിക്കുന്നോ?”
മഗ്ദലേന പിസ്റ്റൾ രമണന്റെ നെറ്റിയിൽ തൊടുവിച്ചു. വേറെ മാർഗമില്ലാതെ രമണൻ ഷർട്ടൂരി. ഭയത്തിനിടയിലും ശ്വാസം ക്രമീകരിച്ച് നെഞ്ച് വിടർത്തി. രമണന്റെ ആ ശരീരം മഗ്ദലേന നോക്കി. മുഷ്ടിചുരുട്ടി പതുക്കെ മസിലുകളിൽ ഇടിച്ചു.
”ഇതൊരു സിഗരറ്റ് ലൈറ്ററാ മടയാ…”
പിസ്റ്റൾ കൊണ്ട് ഒരു മാൾബറൊ സിഗരറ്റ് കത്തിച്ച് പുക അവന്റെ മുഖത്തേക്കൂതി മഗ്ദലേന പൊട്ടിച്ചിരിച്ചു.