ആരും കാണാതെയാണത്രെ?
സമയം രാത്രി, കുറ്റാക്കൂരിരുട്ട്.
മോഷണമാരോപിച്ചെത്തിയ ആരവങ്ങൾ കേട്ടു
നോക്കെത്താ നിലകൾക്ക് മുകളിൽ നിന്ന്
പിടിവള്ളി നഷ്ടപ്പെട്ട് താഴേക്ക്…
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
കരഞ്ഞിട്ട് കാര്യമില്ലെന്ന്
ചീവീടുകൾക്കറിയാവുന്നതിനാൽ
മഴഞരക്കങ്ങളേക്കാൾ ഉച്ചത്തിൽ
വളർന്ന നിശ്ശബ്ദത അവിടെ ഒറ്റപ്പെട്ടു.
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
ചോദ്യം ചെയ്യലിനൊടുവിൽ
അസാന്മാർഗിക കുറ്റം തെളിഞ്ഞു
ആരവങ്ങൾ പണ്ടേ സദാചാരവാദികളാണ്
അതെ, സംശയിക്കേണ്ട
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
ചിറകടികേട്ടു കൊണ്ടാണ് മഴ പെയ്യുന്നത്,
കാറ്റ് ചിരിക്കുന്നു,
ദാഹം മാത്രം ഒറ്റപ്പെട്ടലയുന്നു
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
കണ്ണിൽ നിന്നും വീണ്ടും മഴ പെയ്യുന്നുണ്ട്,
നെഞ്ചിനുള്ളിൽ ചിറകടിക്കുന്നുണ്ട്,
പക്ഷെ, മഴ കൊതിച്ചവരുടെ ദാഹം
വഴിയേതെന്നറിയാതെ,
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
ഇന്നേ ദിവസം രാജ്യദ്രോഹക്കുറ്റം പ്രവചിച്ച
യോഗിവര്യനും സ്ഥലത്തെത്തി
മഴകൾക്കറിയുമോ, അതിരുകൾ?
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
ശേഷി നഷ്ടപ്പെട്ട അവയവത്തിന്റെ
വെറുമൊരു ഉദാഹരണപ്രക്രിയ
മാത്രമാകുന്നു, ദഹനം
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
താഴെ വീണു വിറയ്ക്കുന്ന ഉയിരിനെ
ചുരുട്ടിത്തെറുത്ത്, പുകച്ചു വലിച്ച്
വിശന്നലയുന്ന ഗർഭപാത്രങ്ങളിലൊന്നിൽ
പരിചയപ്പെട്ട് കൊതി തീർക്കാനായ്
ചിലർ അവിടെ നിന്നകന്നു
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
പിടിവള്ളി നഷ്ടപ്പെട്ട് താഴേക്ക്‌പെയ്തു
വീണ മഴയുടെ
അവസാന ശ്വാസത്തിലും
തൊണ്ട നനയ്ക്കാനൊരു ദാഹം
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
വിരലുകൾ ചേർത്ത് കുമ്പിൾ കുത്തി
ന്യായം പറയാനെത്തിയവരും കോരിക്കുടിച്ചു,
ദാഹരഹിതരുടെ കൂട്ടത്തിലും ഒറ്റപ്പെടാതെ മഴ
ഇവിടെയിന്ന് ഒരേയൊരു സമയം
സമയം രാത്രി, കുറ്റാക്കൂരിരുട്ട്…
പക്ഷെ, നോക്കെത്താനിലകൾക്ക് മുകളിലൂടെ
പോകാതിരിക്കാൻ മഴമേഘങ്ങൾക്കാകുമോ?
മഴ നനയാനുള്ളതാണ്,
സമയം, അസമയത്തോടു സമം.