സാര്‍വദേശീയ സാന്നിദ്ധ്യമുള്ള കലാരൂപമാണ് നാടകം. ലോകത്തെവിടെയും ഈ കലാരൂപത്തിന് ആസ്വാദകരുമുണ്ട്. പക്ഷെ അതാതിടങ്ങളിലെ സാംസ്‌കാരിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് നാടകത്തിന്റ രൂപപരവും ഭാവപരവുമായ മാറ്റങ്ങള്‍ പ്രകടമാണ്. ഒരു നാടിന്റെ സാംസ്‌കാരിക അടിത്തറയുടെ പ്രൗഢിയും പാരമ്പര്യവും അതാതിടത്തെ കലാരൂപങ്ങളില്‍ പ്രകടമാകും. നവയുഗ സങ്കേതങ്ങളുടെ കടന്നുകയറ്റം മറ്റേതൊരു മേഖലയെയും പോലെ കലാരംഗത്തും വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സാങ്കേതിക വിദ്യയിലും കലാമൂല്യത്തിലും അര്‍ത്ഥവ്യാപ്തിയിലും ഇത് പ്രകടമാണ്. ആസ്വാദനത്തിനും വിലയിരുത്തലുകള്‍ക്കും പഠനങ്ങള്‍ക്കും ഇതരയിടങ്ങളിലെ നാടകങ്ങള്‍ കൂടി നാം കാണേണ്ടിയിരിക്കുന്നു. ഈ സാഹചര്യത്തിലാണ് അന്താരാഷ്ട്ര നാടകോത്സവത്തിന് പ്രസക്തിയേറുന്നത്. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ പ്രതിവര്‍ഷം നടത്തി വരുന്ന നാടകോത്സവമാണ് ഭാരത് രംഗ് മഹോത്സവ്. രാജ്യത്തിന്റെ തലസ്ഥാനത്ത് മാത്രം ഒതുങ്ങിയിരുന്ന ഈ നാടകമേളയ്ക്ക് ഈ വര്‍ഷം സംസ്ഥാന പി.ആര്‍.ഡി. യുടെ സഹകരണത്തോടെ കേരളത്തിന്റെ തലസ്ഥാനമായ അനന്തപുരിയില്‍ കൂടി വേദിയൊരുങ്ങി.
ഭാഷാപരവും ഘടനാപരവും ചര്‍ച്ച ചെയ്ത വിഷയപരവുമായി വ്യതിരിക്തമായിരുന്നു ടാഗോര്‍ തിയേറ്ററില്‍ അരങ്ങേറിയ ആറ് നാടകങ്ങളും. അന്തര്‍നാടകങ്ങളാലും സമ്പന്നമായിരുന്നു ഇവയോരോന്നും. ഭൂതകാല അനാചാരങ്ങളും ചരിത്ര വസ്തുതകളും വര്‍ത്തമാനകാല പ്രതിസന്ധികളും അതുയര്‍ത്തുന്ന ആശങ്കകളും പ്രവചനാതീത ഭാവിയുമെല്ലാം വേദിയില്‍ മിന്നിമറഞ്ഞു. വിചിത്രമായ നാടകീയാനുഭവങ്ങള്‍ ആസ്വാദകനിലെത്തിച്ചു. പ്രേക്ഷക ചിന്തയെ വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കുവാന്‍ പ്രാപ്തമായ നിലയില്‍ നാടകീയ നിമിഷങ്ങളെ വളര്‍ത്തുവാന്‍ സംവിധായകര്‍ക്ക് സാധിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ നിന്നുള്ള ഡിയര്‍ ചില്‍ഡ്രന്‍ സിന്‍സിയര്‍ലി, മൈസൂറില്‍ നിന്നുള്ള മരണയക എന്നീ നാടകങ്ങള്‍ പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. ലോകനാടക രംഗത്ത് നടക്കുന്ന പരീക്ഷണങ്ങളും അതിന്റെ ഗുണ-ദോഷങ്ങളും നിരീക്ഷണവിധേയമാക്കുവാന്‍ ഉതകുന്ന തരത്തിലുള്ളതായിരുന്നു പ്ലേകള്‍. വേഷവിതാനങ്ങള്‍ക്കും വെളിച്ച-ശ്രവ്യ വിസ്മയങ്ങള്‍ക്കുമപ്പുറം സൈക്കോളജിക്കല്‍ രീതികള്‍ വരെ നാടകത്തില്‍ അന്തര്‍ലീനമാക്കുന്നു. വാചികഭാഷയ്ക്കും വേഷവിതാനങ്ങള്‍ക്കുമപ്പുറം രംഗഭാഷയ്ക്കാണ് നാടകത്തില്‍ പ്രസക്തി. അതിനാലാണ് നാടകം ഭാഷാതീതമാകുന്നത്. രംഗഭാഷയിലൂടെയുള്ള സംവേദനമാണ് രാജ്യാന്തര തലത്തില്‍ നാടകത്തിന്റെ ആസ്വാദനം ഉറപ്പ് വരുത്തുന്നതും.
മന:ശാസ്ത്രപരമായ സമീപനങ്ങളിലൂടെ പ്രേക്ഷകന്റെ ശ്രദ്ധ 1 മണിക്കൂര്‍ 20 മിനിട്ട് തന്നിലേക്ക് മാത്രം കേന്ദ്രീകരിപ്പിക്കുവാന്‍ ഏകപാത്ര കഥാകാരിക്ക് സാധിക്കുന്നത് വലിയകാര്യമാണ്. ആസ്‌ട്രേലിയന്‍ നാടകമായ സ്റ്റോറീസ് ഐ വാണ്ട് ടു ടെല്‍ യു ഇന്‍ പേഴ്‌സണ്‍ എന്ന നാടകത്തിലൂടെയാണ് വ്യത്യസ്തമായ അവതരണ രീതിയും പ്രേക്ഷകന് മുന്നിലെത്തിയത്. ആന്‍ ലൂയിസ് സാര്‍ക്‌സിന്റെ സംവിധാനത്തില്‍ ലില്ലി കാട്‌സാണ് വേദിയിലെ വിസ്മയമായത്. ലില്ലി കാട്‌സ് തന്നെ രചിച്ചതാണ് നാടകം. ഹാസ്യത്തിന്റെ മേമ്പൊടിയില്‍ ഗൗരവമുള്ള കഥ ആയാസങ്ങളില്ലാതെ പ്രേക്ഷകനോട് പറഞ്ഞു. മഞ്ഞും വേനലും ആഗോള സാമ്പത്തിക മാന്ദ്യവും ഓസ്‌ട്രേലിയയിലെയും യൂറോപ്പിലെയും നഗരങ്ങളുമെല്ലാം വെളിച്ചവിതാനത്തിന്റെ പിന്തുണയില്‍ അവതരിപ്പിക്കപ്പെട്ടു. ശ്രീലങ്കയിലെയും റുവാണ്ടയിലെയും ജനജീവിതം നേരിടുന്ന ദുരിതങ്ങളുടെ ചിത്രീകരണമാണ് ശ്രീലങ്കന്‍ പ്ലേ ആയ ഡിയര്‍ ചില്‍ഡ്രന്‍ സിന്‍സിയര്‍ലിയില്‍ നിന്നുണ്ടായത്. രംഗഭാഷയുടെ പൂര്‍ണത കൈവരിച്ചതായിരുന്നു നാടകം. സന്തോഷകരമായ ജനജീവിതത്തിലേക്ക് കടന്നുവരുന്ന അധിനിവേശം അവരെ ഭിന്നിപ്പിക്കുകയും അവന്റെ നിയമങ്ങള്‍ അടിച്ചേല്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് സൃഷ്ടിക്കപ്പെടുന്ന അരാജകത്വ അവസ്ഥകള്‍. ഒരു ജനത അനുഭവിച്ച വംശീയ വിദ്വേഷത്തിന്റെയും നരഹത്യയുടേയും ഇരുണ്ട കാലം. ഭാഷയ്ക്കും സംസ്‌കാരത്തിനും മേലുള്ള സിംഹള കടന്നു കയറ്റം. കൊട്ടിഘോഷിക്കപ്പെടുന്ന ശ്രീലങ്കന്‍ സ്വാതന്ത്ര്യം എന്നത് ഒരു സങ്കല്പം മാത്രമായി അവശേഷിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം. എല്ലാം നാട്യഭാഷയിലൂടെ സംവേദനക്ഷമമാക്കി. അസാധാരണമായ മെയ്‌വഴക്കമുള്ള ഒരു സംഘം അഭിനേതാക്കളും ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ ആഴവും പരപ്പും പ്രസക്തിയും വിനിയോഗിച്ച വിനിമയ രീതിയും നാടകത്തെ മികവുറ്റതാക്കി. ഒഡീഷയിലെ കാന്‍മാസ് ഗ്രൂപ്പ് അവതരിപ്പിച്ച നാടകമാണ് ഗിന്വാ. കൈലാഷ് പാണിഗ്രാഹി സംവിധാനം ചെയ്ത നാടകം ആദിവാസി സമൂഹം നേരിട്ടിരുന്ന പ്രശ്‌നങ്ങളെ വരച്ചുകാട്ടി. അരനൂറ്റാണ്ട് മുമ്പത്തെ ഒഡീഷയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതാവസ്ഥയും സംസ്‌കാരവും പ്രേക്ഷകനിലെത്തിക്കുവാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഒഡിയ സാഹിത്യത്തിലെ ആധുനികതയ്ക്ക് തുടക്കമിട്ട കൃതിയെ കേന്ദ്രീകരിച്ചാണ് നാടകമൊരുക്കിയിരിക്കുന്നത്. രംഗസജ്ജീകരണത്തിലെ ആസൂത്രണം വ്യത്യസ്തമായിരുന്നു.
രംഗോപകരണങ്ങളുടെ പുന:ക്രമീകരണത്തിലൂടെയാണ് സ്ഥലകാലങ്ങള്‍ സൃഷ്ടിച്ചത്. സാധാരണ നാടക സങ്കല്പങ്ങള്‍ക്കനുസരിച്ചുള്ള നാടകമായിരുന്നു ബംഗ്ലാദേശില്‍ നിന്നുള്ള ആമിനാ സുന്ദരി. മൂന്നര നൂറ്റാണ്ട് മുമ്പുള്ള നാടോടിക്കഥയെ ആസ്പദമാക്കിയാണ് പ്ലേ ഒരുക്കിയിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്കിപ്പുറവും പെണ്ണവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ലെന്ന് ഈ പ്ലേ സാധൂകരിക്കുന്നു. താളാത്മക സംഗീതമാണ് ഈ നാടകത്തിന്റെ മുതല്‍ക്കൂട്ട്. ബംഗാളിഭാഷയിലെ നാടകം സംവിധാനം ചെയ്തിരിക്കുന്നത് ശ്രീ റൊക്കിയാ റാലിക് ബേബിയാണ്. കര്‍ണാടകയില്‍ നിന്നുമെത്തിയ പ്ലേയായിരുന്നു മൈസൂര്‍ സങ്കല്പയുടെ മരണയക. ഹുളുഗപ്പ കട്ടിമണി സംവിധാനം ചെയ്ത നാടകം അവതരണ രീതിയിലൂടെയും കഥയിലൂടെയും പ്രേക്ഷക ശ്രദ്ധ നേടി. ജയില്‍ വാസികളെ അഭിനേതാക്കളാക്കിയാണ് നാടകം അവതരിപ്പിച്ചത്. ഇതിനായി പ്രത്യേകം പരിശീലനം ഇവര്‍ക്ക് നല്‍കിയിരുന്നു. മേളയിലെത്തിയ ഏക മലയാളനാടകം തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ അലൂമ്‌നി റപ്രറ്ററിയുടെ കുഴിവെട്ടുന്നവരോട് എന്ന രംഗാവതരണമായിരുന്നു. നരിപ്പെറ്റ രാജു സംവിധാനം ചെയ്ത നാടകം വര്‍ത്തമാനകാല വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു. ബ്യൂറോക്രസിയും അഴിമതിയും ഏത് കാര്യത്തിലെയും കച്ചവട മനോഭാവവും വിഷയീഭവിച്ചു. അര്‍ത്ഥതലങ്ങളാല്‍ സമ്പന്നമായ രംഗാവതരണം ആഴത്തിലുള്ള ചിന്തയ്ക്ക് പ്രേരകമാണ്. വ്യത്യസ്തങ്ങളായ നാടക സങ്കല്പങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളിലുള്ളത്. ഇവയുടെ സമ്മേളന സ്ഥലിയായി അന്താരാഷ്ട്ര നാടകോത്സവം മാറുകയായിരുന്നു.