ചതുരവടിവുള്ള
അക്ഷരങ്ങൾ മായ്ച്ച്
വ്യാകരണങ്ങളുടെ
മുള്ളുവേലികൾ ഭേദിച്ച്
നിന്ന നില്പിൽ ലൂസിഫർ
ഭൂമിയിലേക്കിറങ്ങിവന്നു.
അവനിപ്പോൾ
മാലാഖയുടെ മുഖം.
സ്വപ്നങ്ങളുടെ
അൾത്താരയിൽനിന്ന്
അവൻ വലം കൈ
വെളിച്ചനേർക്കു കാട്ടി.
കറുപ്പുനിറ
കൈ രേഖകളിൽ
അവളുടെ അധര രേഖകൾ
ചുവന്നു തെളിഞ്ഞു.
അവന്റെ
കറുത്ത കുപ്പായത്തിനുള്ളിൽനിന്ന്
അതേവരെ ഉണ്ടായിരുന്നിട്ടില്ലാത്ത
ഹൃദയം ഹരിത കാഴ്ചകളിലേക്ക് മുളച്ചു.
ലൂസിഫർ ഇപ്പോൾ
മോഡേൺ സ്വപ്നങ്ങൾ കാണുന്നു
പ്രണയിനിയുടെ ബിക്കിനിക്കുള്ളിൽ
നോട്ടം കൊരുക്കുന്നു
തീപിടിച്ച മുഖച്ചുവരുകളുടെ
ഇരുളിടങ്ങളിൽ
ഫെയർ ആന്റ് ലവ്‌ലി പൊത്തുന്നു
ഉടലഴികളുടെ പ്രതലമിനുസത്തിനു
ബ്യൂട്ടിപാർലർ തേടുന്നു
സിക്‌സ്ത് പായ്ക്കും
സ്‌പോക്കൻ ഇംഗ്ലീഷും
ബാങ്കിന് വിറ്റ
വിരലടയാളവും വേറെ!
ഒരുവളെ പ്രണയിക്കുന്നതിന്
ഒരുപാട് കഷ്ടപ്പെടേണ്ടതുണ്ട്
ദൈവവഴിയുടെ കുമ്പസാരക്കൂട്ടിൽ
അവൻ
എല്ലാം ഒളിപ്പിച്ചുവച്ച്
ആപ്പിൾ തിന്ന്
ദൈവത്തെയും പ്രലോഭിപ്പിച്ചു
സിംകാർഡ്
മാറുന്നതുപോലെയാണ്
പ്രണയമെന്ന അനുഭവവെട്ടം
ഹൃദയം കല്ലാക്കി മാറ്റിയ
ദൈവവും മറച്ചുവച്ചു
ലൂസിഫർ ചിരിച്ചു
നരകം
കിടുങ്ങിയില്ല
ഭൂമിയും
അവളും…..