ഞാൻ കഥാപാത്രം. രവി പുത്തൂരാൻ
എന്ന കഥാകൃത്ത് എഴുതുന്ന
ഏറ്റവും പുതിയ കഥയിലെ പ്രധാന
കഥാപാത്രം. അല്ല… കഥാപാത്രമാ
ണെന്ന് പൂർണമായി ഉറപ്പിച്ചു പറയാൻ
വരട്ടെ.
ഇനിയും കഥാകൃത്തിന് എന്നെ
ശരിക്കും വഴങ്ങിക്കിട്ടിയിട്ടില്ല. അയാ
ൾക്കും എനിക്കും ഇടയിൽ ഇപ്പോഴും
ഒരു മഞ്ഞുമറയുണ്ട്. സർഗാത്മകത
യുടെ ടോർച്ചടിച്ച് ആ മഞ്ഞുമറ ഭേദി
ക്കാൻ അയാൾ ശ്രമിക്കുന്നു എങ്കിലും
അത് എത്രത്തോളം വിജയിക്കുമെന്ന്
ഇനിയും പറയാറായിട്ടില്ല.
കഥാകൃത്തിന് എന്നെ കിട്ടിയതും
എമ്പാടും മഞ്ഞുമറകൾ പടർന്ന് കിട
ക്കുന്ന ഒരു പർവതശിഖരത്തിൽ നിന്നാണ്.
അയാൾ ഒരു ഛായാഗ്രാഹകനു
മൊത്ത് ഏതാനും വിനോദസഞ്ചാര
ഫീച്ചറുകൾ എഴുതാൻ ആ സുഖവാസസങ്കേതത്തിൽ
വന്നതായിരുന്നു. അതി
നിടയിലാണ് റ്റോപ് സ്റ്റേഷൻ എന്നു
വിളിക്കുന്ന അവിടത്തെ ഏറ്റവും ഉയരം
കൂടിയ പ്രദേശത്തു വച്ച് എന്നെ കണ്ട്,
അല്ല, എന്റെ യഥാർത്ഥ ജീവിത പ്രതിനി
ധിയെ കണ്ടത്.
മുനിസ്വാമി. അതാണയാളുടെ പേര്.
എത്ര കാലങ്ങളായി അവിടെ ജീവി
ക്കുന്ന ഒരു വൃദ്ധൻ.
റ്റോപ് സ്റ്റേഷന്റെ ഒരു ചരിവിൽ
പുല്ലും മുളയും കൊണ്ടുള്ള ഒരു കുടിലിൽ
അയാൾ തനിയെ ജീവിക്കുന്നു. റ്റോപ്
സ്റ്റേഷനിൽ എത്തിപ്പെടുന്ന സഞ്ചാരി
കൾക്ക് വഴികാട്ടിയായി കാലയാപനം
നടത്തുന്നു.
കഥാകൃത്ത് എത്തിയ ദിവസം തീരെ
തിരക്കുള്ളതായിരുന്നില്ല. മുനിസ്വാമി
പൂർണമായും അവരുടേത് മാത്രമായി.
പരിചയപ്പെട്ടതും മുനിസ്വാമി ഒരസാധാരണ
ജീവിതത്തിനുടമയാണെന്ന് കഥാകൃത്തിന്
ബോധ്യമായി. പിന്നെ മണി
ക്കൂറുകൾ നീണ്ട സംസാരത്തിനിടയിൽ
മുനിസ്വാമിയുടെ ജീവിതം നിരവധി
അപൂർവതകളോടെ ചുരുൾ നിവർന്നു.
നസീറിന്റെയും എംജിആറിന്റെയും
സിനിമകളിലെ ചില അതിസാഹസിക
രംഗങ്ങളുടെ ഷൂട്ടിങ് റ്റോപ് സ്റ്റേഷനിലെ
അഗാധ ഗർത്തങ്ങളിൽ വച്ച് ചിത്രീകരി
ക്കുമ്പോൾ അതിൽ സഹകരിച്ചിട്ടുള്ള
യാളാണ് മുനിസ്വാ മി. ഒന്നാന്തരം
ആത്മഹത്യാസ്‌പോട്ടെന്ന് പേരെടുത്തി
ട്ടുള്ള റ്റോപ് സ്റ്റേഷനിൽ നിന്ന് കൊക്കയി
ലേക്ക് ചാടി ചാകാൻ ഒരുമ്പെട്ട് വന്ന
പതിനഞ്ചു പേരെ ഇത്രയും കാലത്തിനി
ടയിൽ അയാൾ രക്ഷിച്ചിട്ടുണ്ട്. അവരിൽ
കൂടുതൽ പെൺകുട്ടികളായിരുന്നു.
മുനിസ്വാമിയുടെ ഭാര്യ വളരെ ചെറു
പ്പത്തിൽ മരിച്ചു. ഒരേയൊരു മകൾ ഉണ്ടായിരുന്നത്
പതിനഞ്ച് വയസ്സായപ്പോൾ
കഠിനജ്വരം വന്ന് മരിച്ചു.
മകൾ വേളാങ്കണ്ണി മാതാവിന്റെ
വലിയ ഭക്തയായിരുന്നു. പണ്ടെങ്ങോ
ഏതോ സഞ്ചാരി കൊടുത്തിട്ടുപോയ
മാതാവിന്റെ ഒരു രൂപക്കൂട് അവൾ വീടി
നടുത്തുള്ള ഒരു വയസ്സൻ മരത്തിന്റെ തറയിൽ
ഉറപ്പിച്ച് അതിനു മുമ്പിൽ നിത്യവും
മെഴുകുതിരി കൊളുത്തുമായിരുന്നു.
മകൾ മരിച്ചുകഴിഞ്ഞപ്പോൾ മുനിസ്വാമി
ആ പതിവ് ഏറ്റെടുത്തു. മുനിസ്വാമിക്ക്
മാതാവിൽ പ്രത്യേകിച്ച ് വിശ്വാസമൊ
ന്നുമില്ലെങ്കിലും മകളുടെ സ്മരണയിൽ
ആ കർമം ചെയ്യുന്നു.
ഇത്രയുമൊക്കെ കേട്ടുകഴിഞ്ഞ
പ്പോൾ വായനക്കാരാ, നിങ്ങൾക്കും
തോന്നുന്നില്ലേ മുനിസ്വാമിയും അയാളുടെ
ജീവിതപരിസ രങ്ങളും ഒരസാധാരണ
കഥയുടെ പലകകളാണെന്ന്.
അപ്പോൾ പിന്നെ ഒരു കഥ യുടെ
വിത്തിന് സദാ ഇന്ദ്രിയങ്ങൾ തുറന്നു
പിടിച്ചു നടക്കുന്ന ഒരു പ്രഫഷണൽ
കഥാകൃത്തിന്റെ കാര്യം പറയാനുമില്ല
ല്ലോ.
അങ്ങനെ സംസാരിച്ചുകൊണ്ടിരി
ക്കുമ്പോൾതന്നെ രവി പുത്തൂരാന്റെ മന
സ്സിൽ ഞാൻ പിറവി കൊള്ളുകയായിരു
ന്നു.
കുഴമഞ്ഞിന്റെ മൂടാപ്പിനടിയിൽ
അഗാധമായ വാ പിളർത്തിനിൽക്കുന്ന
കൊക്കകൾ. ഏതാനും ചെറുമരങ്ങൾ
മാത്രം വളരുന്ന റ്റോപ് സ്റ്റേഷന്റെ ചരി
വിലെ കുടിൽ. കാലങ്ങളെ അതിജീവി
ക്കുന്ന വിരാട് പുരുഷനായി റ്റോപ്
സ്റ്റേഷന്റെ കാവൽക്കാരൻ, വൃദ്ധൻ മുനി
സ്വാമി.
ചീറിയടിക്കുന്ന കോടക്കാറ്റിലും
നിത്യവും സന്ധ്യയിൽ മാതാവിന്റെ രൂപ
ത്തിനു മുമ്പിൽ മെഴുകുതിരി കൊളു
ത്തുന്ന കന്യകയായ മകൾ. പിന്നൊരു
പ്രണയവഞ്ചനയിൽപ്പെട്ട അപമാനം
താങ്ങാനാകാതെ അവൾ കൊക്കയിൽ
ചാടി ജീവിതമവസാനിപ്പിച്ചു.
അവളുടെ ഓർമയിൽ, പിന്നെ റ്റോപ്
സ്റ്റേഷനിൽ ജീവിതമവസാനിപ്പിക്കാൻ
വരുന്ന എല്ലാ പെൺകുട്ടികളുടെയും
കാവൽമാലാ ഖ യായി മുനിസ്വാ മി.
വേണ്ടിവന്നാൽ എംജിആറിനെയും
നസീറിനെയും പോലെ സാഹസിക
നായി പെൺകുട്ടികളെ മരണത്തിന്റെ
തുഞ്ചത്ത് നിന്ന് ജീവിതത്തിൽ സമതല
ത്തിലേക്ക് കൈ പിടിച്ച് കയറ്റുന്നവൻ.
എന്നാൽ കഥ യെ ഴുതും മുമ്പേ
രവിക്ക് തന്റെ ഫീച്ച റുകളെഴുതേണ്ടതു
ണ്ടായിരുന്നു. രവിയുടെ ഒരു ഫീച്ചർ പൂർ
ണമായി മുനിസ്വാമിയെ കുറിച്ചുതന്നെ
യായിരുന്നു. പർവതാഗ്രങ്ങളുടെ കാവൽ
ക്കാരൻ ജാഗ്രതയിൽ എന്നായിരുന്നു
ഫീച്ചറിന്റെ പേര്.
ഫീച്ചർ എഴുതിക്കഴിഞ്ഞ ഒരു രാത്രി
യിൽ രവി പുത്തൂരാൻ കഥ എഴുതാൻ
ആരംഭിച്ചു. എന്നാൽ അനായാസം മുനി
സ്വാമിയുടെ ഫീച്ചർ എഴുതിയ രവിക്ക്
എന്റെ കഥ എഴുതാൻ സാധിക്കുന്നില്ല.
എന്താണിതിന്റെ കാരണമെന്ന് എനിക്ക്
മനസ്സിലാകുന്നില്ല. പ്രിയ വായനക്കാരാ,
നിങ്ങൾ താൽപര്യമുണ്ടെങ്കിൽ രവിയെ
നേരിൽ കാണുക.
എഴുത്തുകാരൻ
അതിപ്പോൾ ആറാമത്തെയോ ഏഴാമത്തെയോ
രാത്രിയാണ് ഞാൻ ഈ കഥയുമായി
മല്ലിടുന്നത്.
ഭാര്യയും കുട്ടിയുമെല്ലാം ഉറക്കത്തി
ലാണ്. അഞ്ചാംനിലയിലുള്ള ഫ്‌ളാറ്റിലെ
എന്റെയീകുടുസ്സ് എഴുത്തുമുറിയിലിരുന്ന്
പാതിരാവും കഴിഞ്ഞുള്ള നഗരത്തിന്റെ
ഉറക്കം എനിക്കു കാണാം. അങ്ങിങ്ങ്
വെളിച്ചത്തിന്റെ പൊട്ടുകൾ മാത്രം ആ ഉറ
ക്കത്തിന് കാവൽ നിൽക്കുന്നു.
ഇടയ്ക്കിടെ കഥയെഴുതാനുള്ള ഉണർ
വിൽ ഞാനും രാത്രികളിൽ നഗരത്തിന്റെ
ഉറക്കത്തിൽ ഇങ്ങനെ സാക്ഷിയാകാറു
ണ്ട്. എനിക്കുതന്നെ മനസ്സിലാകാത്ത
ഏതോ ഉൾവിളിയിൽ ഉറക്കത്തെ കുട
ഞ്ഞുമാറ്റാൻ ശ്രമിച്ചുകൊണ്ട്, കടലാസും
പേനയുമായി ഞാൻ ചില കഥാപാത്ര
ങ്ങളെ ആവാഹിച്ചുവരുത്താൻ ശ്രമിക്കു
ന്നു. അതല്ലെങ്കിൽ ചില വിദൂരസ്ഥലങ്ങ
ളിലേക്ക് യാത്ര ചെയ്യാൻ ശ്രമിക്കുന്നു.
ഇക്കഴിഞ്ഞ രാത്രികളിലും ഇപ്പോഴുമെല്ലാം
ഈ നഗരം വിട്ട് കോടക്കാറ്റ് ചീറി
യടിക്കുന്ന, മൂടൽമഞ്ഞിൽ പൂണ്ടു നിൽ
ക്കുന്ന ഒരു സ്ഥലരാശിയിലേക്ക് യാത്ര
ചെയ്യാൻ ഞാൻ ശ്രമിക്കുകയാണ്. മഞ്ഞുപാളികൾക്കപ്പുറം
നിൽക്കുന്ന മുനി
സ്വാമി എന്ന കഥാപാത്രത്തെ അടുത്തറി
യാൻ ശ്രമിക്കുകയാണ്. പക്ഷെ റ്റോപ്
സ്റ്റേഷൻ എന്ന സ്ഥലവും മുനിസ്വാ
മിയും എനിക്ക് എത്തിപ്പെടാനാവാത്ത
ദൂരത്ത് നിൽക്കുകയാണ്. പ്രബലനായ
ഒരു ശത്രു ഞങ്ങളെ പരസ്പരം ബന്ധ
പ്പെടാനാവാതെ അകറ്റിനിർത്തിയിരി
ക്കുകയാണ്. പ്രിയ വായനക്കാരാ നിങ്ങ
ൾക്കറിയുമോ ആരാണീശത്രുവെന്ന്?
രാത്രിയുടെ ഏകാന്തതയിൽ കഥ
എഴുതാനിരിക്കുമ്പോൾ എന്നെ ഭയപ്പെ
ടുത്തുന്ന ശത്രു…. ഭാഷ… അതെ ഭാഷ,
വാക്കു ക ൾ… അതു ത ന്നെ യാണ്
എന്റെയും ഏറ്റവും വലിയ ശത്രു.
നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാവും,
ഭാഷ എങ്ങനെ എന്നെപ്പോലൊരാളുടെ
ശത്രുവാകുന്നുവെന്ന്. പറയാം.
പകലത്രയും ഞാൻ ഭാഷയെ നിർ
ഭയം ഉപയോഗിക്കും. വാർത്തകൾക്കും
ഫീച്ചറുകൾക്കുമായി പലപ്പോഴും പരുക്ക
നായ വഴികളിലൂടെ കെട്ടിവലിക്കുന്നു.
ഫീച്ചറുകളുടെയും വാർത്തകളുടെയും
യ ാ ന്ത്രി ക മ ാ യ ഫ ല ്രപ ാ പ ്ത ിക്ക്
വേണ്ടിയുള്ള ഈ പരക്കംപാച്ചിലിനിടയിൽ
ശരീരം മുറിഞ്ഞ് അർത്ഥത്തിന്റെ
രക്തം വാർന്നൊഴുകുന്ന വാക്കുകളെ
ഞാൻ ശ്രദ്ധിക്കുന്നതേയില്ല. എന്നാൽ
അതേ വാക്കുകളെ രാത്രിയുടെ സൗമ്യ
മായ ഏകാന്തതയിൽ ഞാൻ കഥയുടെ
സൗന്ദര്യലഹരി ഉണർത്താൻ വിളിക്കു
ന്നു. പകലത്രയും തന്റെ ഭാര്യയോട് അതി
ക്രൂരമായി പെരുമാറുന്ന ഒരാൾ രാത്രി
യിൽ അവളുടെ മൃദുലതകളെ ഏകപ
ക്ഷീയമായി കണ്ടെത്താൻ ശ്രമിക്കുന്ന
ഒരുവനെപ്പോലെ.
അത്തരം ഒരു ഭാര്യയെ പോലെ
തന്നെ രാത്രി യിൽ ഭാഷയ്ക്ക് എന്റെ
മുന്നിൽ തികഞ്ഞ മരവിപ്പാണ്. ഒരു
പക്ഷെ ഒരു ബാങ്കു ദ്യോ ഗസ്ഥനോ
ഡോക്ടർക്കോ അല്ലെ ങ്കിൽ ഭാഷ
ഇങ്ങനെ ധൂർത്തമായി ഉപയോഗിക്കേ
ണ്ടതില്ലാത്ത മറ്റേതൊരു ജോലിക്കാ
രനോ അദ്ധ്വാനത്തിന്റെ വിരസതകളിൽ
നിന്ന് മുക്തമായി എഴുതാനിരിക്കുക
എന്നത് കാമുകിയുമായുള്ള ഒരു സ്വച്ഛസല്ലാപംപോലെയാകും.
രാത്രിയിൽ ഭാഷ
അവർക്ക് മുമ്പിൽ പുളകിതഗാത്രിക
ളായി നിൽക്കുമായിരിക്കും.
എന്റെ മുന്നിലാകട്ടെ ഭാഷ ഇനിയെന്തെങ്കിലും
പുതുമയുടെ കോരിത്തരിപ്പ്
ഉണർത്താനാവാത്ത വിധം എല്ലാ
സ്വകാര്യതയും നഷ്ടപ്പെട്ടാണ് രാത്രിയി
ലെത്തുന്നത്.
എനിക്കു മുമ്പിലിപ്പോൾ ഉള്ളത്
റ്റോപ് സ്റ്റേഷനും മുനിസ്വാമിയും. എങ്ങ
നെയും ഞാനന്ന് മനസ്സിൽ കോറിയിട്ട
മുനിസ്വാമിയെ ആ മഞ്ഞുമറയ്ക്കപ്പുറത്തുനിന്ന്
കണ്ടെത്തുക.
പക്ഷേ, ദൈവമേ എന്റെ കൈയി
ലിനി വാക്കുകളൊന്നും ബാക്കിയു
ണ്ടെന്ന് തോന്നുന്നില്ല. മുനിസ്വാമിയുടെ
ഫീച്ചറിന് ജീവൻ പകരാൻ ഞാൻ വാക്കുകൾ
ധൂർത്തമായി ഉപയോഗിച്ചുവല്ലോ.
പ്രിയപ്പെട്ട വാക്കുകളേ, പകലത്രയും
നിങ്ങളുടെ നേരെ ഞാൻ നടത്തിയ ക്രൂരത
ക ളെല്ലാം മറക്കും വിധം ഞാൻ
നിങ്ങളെ മൃദുവായി തഴുകി, തഴുകി
നിങ്ങളുടെ സൗന്ദര്യലഹരികളെ തൊട്ടുണർത്താം.
നിങ്ങളുടെ സിരകളിൽ
ഞാൻ സംഗീതത്തിന്റെ രക്തം ഒഴുക്കാം.
ഹൃദയത്തിൽ അർത്ഥങ്ങളുടെ ഇടിമിന്ന
ലുകൾ പുളയിപ്പിക്കാം. പ്രിയപ്പെട്ട
വാക്കുകളേ, വരൂ… വരൂ…
വാക്കുകൾ
വായനക്കാരെ, നിങ്ങളോട് അധികമൊന്നും
പറയാനില്ല. നിങ്ങൾക്ക് ഇതി
നോടകം പ്രശ്‌ന ങ്ങൾ മനസ്സിലായിക്കാ
ണുമല്ലോ. സത്യത്തിൽ ഞങ്ങൾക്ക് എഴു
ത്തുകാരനോട് സഹതാപമാണുള്ളത്.
അയാളെ സഹായിക്കണമെന്നുണ്ട്.
അയാൾ അനുഭവിക്കുന്ന ബുദ്ധിമുട്ടും
അറിയാം.
പക്ഷെ, ഞങ്ങൾ നിസ്സഹായരാണ്.
ഞങ്ങൾ വാക്കുകൾക്ക് ഞങ്ങളാൽ
തന്നെ ഒന്നും ചെയ്യാനാവില്ലല്ലോ. പകലിന്റെ
ആരവം മാറി രാവിന്റെ സൗമ്യനി
ശ്ശബ്ദത കടന്നുവരുന്നുവെന്ന് കരുതി
മാത്രം ഞങ്ങൾക്ക് സർഗരതിയുടെ
ഉന്മാദം അനുഭവിക്കാനാവില്ലല്ലോ.
എന്നാൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ
യാണെങ്കിലും എപ്പോഴോ ചില നേരങ്ങ
ളിൽ എഴുത്തുകാരനും ഞങ്ങളും തമ്മി
ലുള്ള ശത്രുത ഇല്ലാ താ കാ റുണ്ട്.
അത്തരം വേളയിൽ കഥാകൃത്തിന്
ഞങ്ങളുടെ നിഗൂഢ സൗന്ദര്യബിന്ദുക്ക
ളിൽ സ്പർശിക്കാനായെന്ന് വരാം.
ഞങ്ങളെ ഉത്തേജിപ്പിക്കാനായെന്നു
വരാം. അത് എപ്പോൾ സംഭവിക്കുന്നുവെന്ന്
പറയാനാവില്ല എന്നുമാത്രം.
ഈ കഥ ഇങ്ങനെ തീരുന്നു.
പണ്ടൊരു രാത്രിയിൽ രവി പുത്തൂരാനും
വാക്കുകളും തമ്മിൽ കാമുകീകാമുകന്മാരായി.
വാക്കുകൾ അന്നേരം
തങ്ങളുടെ ഉടയാടകൾ നീക്കി അവരുടെ
നിഗൂഢ അർത്ഥതലങ്ങളുടെ നഗ്‌നസൗ
ന്ദര്യം അയാളെ കാട്ടിക്കൊടുത്തു. രവി
പുത്തൂരാന്റെ മുനിസ്വാമിയെക്കുറിച്ചുള്ള
കഥ പൂർത്തിയായി.
ആ കഥ ഇങ്ങനെ തുടങ്ങുന്നു…
മുനിസ്വാമിയെ ആരും പൂർണമായി
കണ്ടിരുന്നില്ല. അയാൾ എപ്പോഴും കുഴമ
ഞ്ഞിലായിരുന്നു…