പണ്ടു പണ്ട്…
രണ്ടു പാതകൾ,
കണ്ടുമുട്ടിയപ്പോൾ…
യാത്രകളേറി…
പുതിയ കടകളുണ്ടായി,
വാഹനങ്ങൾ പെരുകി,
കുന്നിറങ്ങിവന്നൊരു
ചെമ്മൺപാത
കൂട്ടുപാതയുണ്ടാക്കി.
രാമേട്ടന്റെ ശീട്ടിത്തുണിക്കട
മഹിമ ടെക്‌സ്റ്റൈൽസായി
ഔസേപ്പച്ചന്റെ ചായക്കട
ഡേയ്‌സി കോഫി ഹൗസും,
സെയ്താലിയുടെ ബാർബർ ഷോപ്പ്,
അമർ ജെന്റ്‌സ് പാർലറുമായി.
പിന്നീടാണ്
വഴിമുടക്കികളും
മൊഴിയടക്കികളും
അപകടങ്ങളും
അഴിച്ചുപണികളുമുണ്ടായതത്രേ..
പലതരം കൊടികളും,
ആപ്പീസുകളും,
അടിപിടികളുമുണ്ടായതത്രേ…
നെഞ്ചിടിപ്പ് താങ്ങാനാവാതെ
പിരിഞ്ഞുപോകാനിരുന്ന
നാളിലാണ്…
ആകാശത്തിലേക്കും
ഭൂമിക്കടിയിലേക്കും
പാതകളെ
ആരോ വലിച്ചുകൊണ്ടുപോയത്…
ഒരുനാൾ
പുഴവക്കത്തു വച്ച്
വീണ്ടും കണ്ടുമുട്ടിയപ്പോൾ
വലിയ പാത പറഞ്ഞു.
എത്ര നാഴികകളായി…
തമ്മിൽ കാണാതെ…!
രാവും പകലും
നെഞ്ചിൻകൂട് തകരുന്ന ജീവിതം…
ചുട്ടുപൊള്ളുന്ന ശരീരം!
കുഞ്ഞുപാത നെടുവീർപ്പിട്ടു.
മുഷിഞ്ഞ മേലുടുപ്പഴിച്ചു വച്ച്
ഒരു രാത്രി
പുഴയിൽ ചാടിയ പാതകൾ
പുലർച്ചെ, പുഴയ്ക്കക്കരെ…
രണ്ടു ചെമ്മൺപാതകളായി…
ദൂരെ… ദൂരെ…
പൊടിഞ്ഞ മണ്ണിലൂടെ…
ഇടിയുന്ന കുന്നിലേക്കോടിക്കയറി..