“No artist has ethical sympathies. An ethical sympathy in an artist is an
unpardonable mannerism of style”
Oscar Wilde, Preface to The Picture of Dorian Gray Oscar Wilde
“Great literature is written in a sort of foreign language..”
Marcel Proust, By Way of Saint-Beauve Marcel Proust,
“A writer is not a juke box..”
Susan Sontag, The Conscience of Words
”ഒരു യഥാർത്ഥ സ്രഷ്ടാവിനെ തന്റെ ഓരോ സൃഷ്ടിയും പുതു
ക്കിപ്പണിയുന്നു. മറിച്ചുപറഞ്ഞാൽ സ്വന്തം സൃഷ്ടിയാൽ
പുന:സൃഷ്ടിക്കപ്പെടാത്തൊരു വ്യക്തി ഒരു യഥാർത്ഥ സ്രഷ്ടാവല്ല’
”എന്തുകൊണ്ടോ അവരവരുടെ ഉപയോഗശൂന്യമായ പ്രവൃ
ത്തികളെച്ചൊല്ലി ഗർവിഷ്ഠരാകാനുള്ള ചങ്കൂറ്റം പൊതുവെ മനുഷ്യ
ർക്കില്ല. ഇത് ഒരു വിരോധാഭാസമാണ്. കാരണം, ആത്യന്തികമായി
മനുഷ്യനെ മൃഗത്തിൽനിന്നു വേർതിരിക്കുന്ന ഏറ്റവും പ്രധാനമായ
ഘടകം ജീവശാസ്ര്തപരമായ നിലനില്പിന് ഒരുതരത്തിലും
പ്രയോജനകരമല്ലാത്ത, ഉപയോഗശൂന്യമായ, കാര്യങ്ങളിൽനിന്ന്
നമുക്കു കെട്ടിപ്പടുക്കാൻ കഴിയുന്ന അർത്ഥസമുച്ചയങ്ങളാണ്.
പ്രായോഗികതയ്ക്ക് അപ്പുറത്തുള്ള അന്വേഷണ പരീക്ഷണങ്ങ
ളിലെ സാഹസികതയും വിഭ്രാന്തിയുമാണ്. ഇത് തിരിച്ചറിയാത്ത
തുകൊണ്ട്, തിരിച്ചറിഞ്ഞാൽപ്പോലും കണ്ടില്ലെന്നു നടിക്കുന്നതുകൊണ്ട്,
മനുഷ്യൻ ഒരു അപഹാസ്യപ്രത്യക്ഷതയാകുന്നു”.
മേതിൽ രാധാകൃഷ്ണൻ, ദൈവം മനുഷ്യൻ യന്ത്രം.
മേതിലിന്റെ ഈ നിരീക്ഷണത്തെ മേതിൽ എന്ന എഴുത്തുകാരനിലേക്കും
നീട്ടാവുന്നതാണ്. മലയാളസാഹിത്യത്തിൽ 70-കൾ
മുതൽ സജീവമായി നിലനിൽക്കുമ്പോഴും അതിന്റെ രൂപത്തെയും
ഉള്ളടക്കത്തെയും കുറിച്ചുള്ള മുഖ്യധാരാബേജാറുകളോടും നിർബ
ന്ധങ്ങളോടും അതിന്റെയൊക്കെ മദ്ധ്യത്തിലും അരികിലും സമാ
ന്തരവുമൊക്കെയായുള്ള പലപല നില്പുകളോടും നിലപാടുകളോടും
മേതിലിയൻ എഴുത്ത് ഒരുപോലെ ദൂരം പുലർത്തി. മറ്റുള്ള
വരെല്ലാംതന്നെ പലതരത്തിലുള്ള ഭാണ്ഡങ്ങൾ പേറിയിരുന്നു
(പലപ്പോഴും വളരെ അഭിമാനത്തോടെതന്നെ): ചിലർ അന്ന
ന്നത്തെ രുചിശീലങ്ങളെ തൃപ്തിപ്പെടുത്താൻ (സൂസൻ സൊണ്ടാഗിന്റെ
ഭാഷയിൽ ‘ജൂക് ബോക്‌സ്’ എഴുത്തുകാർ), ചിലർ ‘പുതി
യ’ ഭാവുകത്വത്തിനൊപ്പത്തിനൊപ്പം ബദ്ധപ്പെടാൻ, മറ്റു ചിലർ
പല പ്രത്യയശാസ്ര്ത-ദാർശനിക യമനിയമങ്ങളെ പ്രീണിപ്പിക്കാൻ,
ഉല്പതിഷ്ണുക്കളെന്ന് സ്വയം പ്രഖ്യാപിക്കാൻ… അത്തരം എല്ലാവിധ
‘ലക്ഷ്യബോധ’ങ്ങളോടും പ്രയോജനങ്ങളോടുമുള്ള വിപ്രതി
പത്തി മേതിലിൽ പ്രകടമായിരുന്നു.
മേതിലിയൻ എഴുത്ത് വിഹരിച്ചത് ‘ഉപയോഗശൂന്യത’യുടെ
മറ്റൊരു സ്വച്ഛന്ദമണ്ഡലത്തിലായിരുന്നു. അവിടെ ഭാഷതന്നെയായിരുന്നു
ആത്യന്തികമായ മാധ്യമം. അത് പലപല ബാഹ്യരൂപങ്ങൾ
– ചിലപ്പോൾ നോവൽ, കവിത, മറ്റു ചിലപ്പോൾ ചെറുകഥ,
ലേഖനം എന്നിങ്ങനെ – സ്വീകരിച്ചുകൊണ്ടേയിരുന്നപ്പോഴും
വാക്കുകളും രൂപകങ്ങളും പ്രയോഗങ്ങളും കൊണ്ടുള്ള അനന്തമായ
ലീലകളിൽ ഏർപ്പെട്ടുകൊണ്ടേയിരുന്നു. ഈ രീതിയിൽ സാഹിത്യ
ത്തിന്റെ വിവിധ ഉപമാധ്യമങ്ങളിലൂടെ ഇത്ര സുഗമവും ‘സ്വതന്ത്ര’
വുമായ സഞ്ചാരവിസ്താരങ്ങൾ മറ്റൊരു മലയാളസാഹിത്യകാരനും
സാധിച്ചിട്ടില്ല. തന്റെ എഴുത്തിൽ തീവ്രമായ ധ്യാനവും ശ്രദ്ധയും
ആകസ്മികതകളും നിലനിർത്തുവാൻ മേതിലിയൻ എഴുത്ത്
എന്നും നിതാന്ത ജാഗ്രത പുലർത്തി. അത് എക്കാലത്തും
അതിന്റെ സ്വന്തം സ്പന്ദനങ്ങൾ പിന്തുടർന്നു; സർഗാത്മകതയുടെ
നിനച്ചിരിക്കാതെയുള്ള ചില ബഹുരൂപികളായ കുതിപ്പുകളുമായാണ്
അതെന്നും നമ്മിലേക്കു വന്നുകൊണ്ടിരിക്കുന്നത്.
വാക്കുകളെയും വാങ്മയങ്ങളെയും മാധ്യമമാക്കുന്ന, അവയുടെ
വിവിധങ്ങളായ ആവർത്തനങ്ങളിലൂടെയും ചേരുവകളിലൂടെയും
അവയിലെ ധ്വന്യാത്മകതയെ ഉണർത്തുവാനുള്ള ശ്രമം –
വാക്കുമായുള്ള സുരതം – ആദ്യകാല മേതിൽ എഴുത്തിൽ
കാണാം. ആവർത്തിക്കപ്പെടുന്ന വാക്കുകൾ ഒരേസമയം വെറും
ശബ്ദങ്ങളും ഒപ്പം നിഗൂഢമായ ചില ധ്വനികളുണർത്തുന്ന ആഭിചാരപ്രക്രിയയുമാണ്.
ഉദാഹരണത്തിന് സൂര്യവംശത്തിലെ (1970) പതിനൊന്നാം
അദ്ധ്യായം – സർപ്പിലമണ്ഡലം – ആരംഭിക്കുന്നതു
ശ്രദ്ധി(കേൾ)ക്കുക:
അവ്യക്തമണ്ഡലം, തമോമണ്ഡലം, സർപ്പിലമണ്ഡലം,
നെബുല, ഡാർക്ക് നെബുല, സ്‌പൈറൽ നെബുല, അൻഡ്രോമി
ഡയിലെ മഹാനെബുല, ലൈറയിലെ മോതിരനെബുല, ഉർസാ
മേജറിലെ മൂങ്ങനെബുല, റ്റാറസ്സിലെ ഞെണ്ടുനെബുല, താക്കോ
ൽദ്വാരനെബുല, തെക്കെ അമേരിക്കൻ നെബുല, ഡംബെൽ
നെബുല, ഓറിയോൻ മേഖലയ്ക്കരികിലെ മഹാനെബുല,
ഞാനെന്റെ ആകാശത്തിൽ നെബുലകൾ തേടുന്നു.
മങ്ങിയ പ്രകാശത്തിന്റെ മേഘങ്ങൾ
വെളിച്ചത്തിന്റെ നന്നൂൽക്കുടത്തിനുള്ളിൽ ഉരുകുന്ന നക്ഷത്ര
ഭ്രൂണം. വിഷമാകൃതികൾ. രൂപരേഖകൾ. വാതകവും ശുദ്ധധൂളിയും
നിറഞ്ഞ മനോഷ്ണമിയന്ന ബലൂണുകൾ. നക്ഷത്രത്തിന്റെ ഇതളുകളിൽ
അലിയുന്ന, ശൂന്യതയേക്കാൾ നേരിയ എട്ടുകാലിവലക
ൾ, നക്ഷത്രത്തിന്റെ വെള്ളാരങ്കല്ലുകൾ ആഴങ്ങളിലൊളിക്കുന്ന
വിൺഗംഗയിലെ കറുത്ത നീലയോളങ്ങൾ.
എന്റെ നെബുലയേത്?
ഞാനേത് നെബുല?
സർപ്പില നെബുല! അതെ, എന്നെ ചുഴലുന്ന വിൺഗംഗയെ
പോലും സർപ്പിലമാക്കുന്ന നെബുല.
ഉള്ളിലെ പ്രാണമർമത്തിൽ മുള പൊട്ടി വായുവിൽ പടർന്നു
പുളയുന്ന രണ്ടു സർപ്പില സ്പർശിനികൾ.
ഉള്ളിലെ ഊർജകേന്ദ്രത്തിൽനിന്ന് ഋണധനങ്ങളായി പിരിഞ്ഞ്
പുളഞ്ഞ് പൊട്ടിച്ചീറുന്ന രണ്ടു മിന്നിൽപിണരുകൾ.
ഉള്ളിലെ അഗ്നിഭ്രൂണമുടഞ്ഞ് പടം വിടർത്തിപ്പറക്കുന്ന രണ്ടു
സർപ്പജ്വാലകൾ. ഉള്ളിൽനിന്ന് സർപ്പിലമായ രണ്ടു ചാട്ടവാറുകൾ,
ഉറുമികൾ ചീറിപ്പുളഞ്ഞ്, വൃത്തങ്ങളായി, വിറച്ചുതുള്ളുന്ന പാർശ്വ
രേഖകളായി എന്റെ ഹൃദയത്തിൽ, സുഷുംനയിൽ… (പേജ് 114).
സൂര്യവംശത്തിന്റെ അദ്ധ്യായങ്ങളുടെ പേരുകൾതന്നെ വാക്കുകളിലുള്ള
ഒരു കളിയാണ്: രാശിചക്രം, ഭ്രമണപഥം, ഗ്രീഷ്മാകാശം,
സമയമാപനം, മേഘരൂപം, വാൽനക്ഷത്രം, നക്ഷത്രസ്പന്ദം,
കർക്കടകവൃത്തം, വൃതികേന്ദ്രം, നതികോണം, സർപ്പിലമണ്ഡലം,
തമോഗോളം, ക്രാന്തിവൃത്തം, മകുടം, രാഹുകാലം.
പെൻഗ്വിൻ എന്ന സമാഹാരത്തിലെ ‘സൂര്യചന്ദ്രജാലകജാലം’
കേൾക്കുക:
(സൂര്യൻ, ചന്ദ്രൻ, ജാലകം എന്നീ രൂപകങ്ങളെക്കുറിച്ച് അശാസ്ര്തീയമായ
ചില ചിന്തകൾ)
2012 മഡളമഠണറ ബടളളണറ 12 2
സൂര്യനെ കാണാറുണ്ടോ
നിന്റെ ജാലകത്തിലെൻ
ചന്ദ്രനെ കാണാറുണ്ടോ
നിന്റെ ജാലകത്തിലെൻ
സൂര്യജാലകത്തിൽ നിൻ
സൂര്യനെ കാണാറുണ്ടോ
ചന്ദ്രജാലകത്തിലെൻ
ചന്ദ്രനെ കാണാറുണ്ടോ
ചന്ദ്രനിൽ കാണാറുണ്ടോ
നിന്റെ ജാലകം നിന്റെ
സൂര്യനിൽ കാണാറുണ്ടോ
നിന്റെ ജാലകം നിന്റെ
ജാലകം കാണാറുണ്ടോ
ജാലകത്തിലെ സൂര്യ
ജാലകത്തിനെ സൂര്യ
ജാലകത്തിലെൻ ചന്ദ്ര
ജാലകം കാണാറുണ്ടോ… (പേജ് 23)
”ആകത്തുകകളിലേ നിങ്ങൾക്കു കഴിയൂ അർത്ഥങ്ങളറിയാൻ
അംശങ്ങളുടെയും ശിഷ്ടങ്ങളുടെയും കവി ഞാൻ;
സൂക്ഷ്മങ്ങളുടെയും വിശദാംശങ്ങളുടെയും കവി ഞാൻ;
മൂലകങ്ങളുടെയും വിന്യാസങ്ങളുടെയും കവി ഞാൻ;
അർത്ഥങ്ങളിലേ നിങ്ങൾക്കു കഴിയൂ നിലനില്പറിയാൻ;
അർത്ഥങ്ങളെ അതിജീവിക്കുന്നവൻ ഞാൻ
(മരണം എല്ലാ അർത്ഥങ്ങളും എടുത്തുകളയുന്നു –
ഒരു സിഗരറ്റിന്റെയോ ഒരു കോപ്പ ചായയുടെയോ ചെറിയ
ചെറിയ അർത്ഥങ്ങൾപോലും)
അർത്ഥങ്ങളിലൂടെ നിങ്ങൾ മരണത്തിന്റെ പാളയത്തിലെത്തി,
അർത്ഥങ്ങളിലൂടെ നിങ്ങൾ ഭൂമിയുടെ യത്‌നങ്ങളെ ഒറ്റിക്കൊടു
ത്തു,
അർത്ഥങ്ങൾ തേടിയാണ് ദൈവവും മരിച്ചത് –
പ്രപഞ്ചം ദൈവത്തിന്റെ ഫോസിലാകുന്നു, അതല്ലെങ്കിൽ
അർത്ഥം മടുത്തപ്പോൾ അവൻ പ്രപഞ്ചമായി മാറി;
ഞാൻ ദൈവത്തെയും മനുഷ്യന്റെ അർത്ഥങ്ങളെയും
അതിജിവിക്കുന്നു;
എന്തെന്നാൽ, ഞാനൊരു തുമ്പിച്ചിറകിന്റെയും
ഞണ്ടിൻതോടിന്റെയും പാമ്പുറയുടെയും
ചിലന്തിവലയുടെയും കവിയാകുന്നു;
പ്രപഞ്ചത്തിന്റെ വല ശൂന്യമായിരിക്കുന്നു,
ഭൂമിയുടെ സ്വതന്ത്രമായ പറക്കൽ എനിക്കു കാണാം;
അർത്ഥത്തിന്റെ കൂലി മരണമാകുന്നു –
വെയിലിനെക്കീറുന്നൊരു ചിറകിൽ,
വെള്ളത്തെയുടയ്ക്കുന്നൊരു ചെകിളയിൽ,
എല്ലാം കവളും മരിച്ചിരിക്കുന്നു-
എനിക്കാവുമോ ഈ ചരമക്കുറിപ്പെഴുതാൻ?
ഇതോ ഒരു തിരിച്ചുവരവിന്റെ ദൗത്യം?”
ദൈവത്തിന്റെ ഫോസിൽ
നമ്മുടെ സാഹിത്യജീവിതഭാവനകളുടെ സങ്കീർണതാസീമകളെ
– അതിന്റെ രേഖീയതകളെ, യാന്ത്രികയുക്തികളെ, പ്രയോ
ജനവാദങ്ങളെ, ഭാവപരതയെ – നിരന്തരം ലംഘിച്ച എഴുത്തുകാരനാണ്
മേതിൽ. ഒരുവിധ ‘ഭാണ്ഡക്കെട്ടു’കളും താങ്ങാത്തതിന്റെ
സ്വാതന്ത്ര്യവും ലാഘവവുമാണ് മേതിലിയൻ യാത്രകൾക്ക്
അതിന്റെ വേഗതയും അനന്യമായ ഒരുതരം തീവ്രതയുമണയ്ക്കുന്ന
ത്. പ്രയോജനപരതയോടും ക്ലിപ്തമായ ലക്ഷ്യങ്ങളോടുമുള്ള
അതിന്റെ വിമുഖത (അവജ്ഞ) ആ യാത്രകളെ എവിടെയുമെത്തി
ച്ചേരാവുന്ന ഒന്നാക്കി മാറ്റുന്നു. എല്ലാവരും (പലപ്പോഴും ‘ഒരേയൊരു’)
ലക്ഷ്യത്തിലേക്ക് ബദ്ധപ്പെടുമ്പോൾ മേതിൽ ഭാഷയുടെ
നിമ്‌നോന്നതങ്ങളിലൂടെയുള്ള ഈ യാത്രയെതന്നെ തന്റെ
ലക്ഷ്യവും മാധ്യമവുമാക്കി അനുഭവി(പ്പി)ക്കുന്നു. എഴുത്ത് എന്ന
പ്രക്രിയയെതന്നെ ഈ രീതിയിൽ മാറ്റിയ, ഒരുപക്ഷെ മലയാള
ത്തിലെ ആദ്യത്തെ ദലൂസിയൻ എഴുത്തുകാരൻ. അവിടെ നിലനി
ൽക്കുന്ന/നൽകപ്പെട്ടിട്ടുള്ള ഒരു പുറംലോകത്തെ പ്രതിനിധാനങ്ങ
ളിലൂടെ പിടിച്ചെടുക്കുക എന്നതല്ല ദൗത്യം. മറിച്ച് എഴുത്തിലൂടെ
പുതിയ ലോകങ്ങൾ സൃഷ്ടിക്കുക എന്നതാണ്.
“..we should
never have a method, we should allow ourselves to become in relation to what
we are seeking to understand”1. ഇവിടെ കല എന്നത് ഒരു ‘കല’
(പാട്/trace) തന്നെയാണ്. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് ‘പുരോഗമി’ക്കുന്ന
ഒരു രേഖീയാഖ്യായികാനിർമിതിക്കു പകരം ഒന്നി
നെതന്നെ പലതായി അറിയുകയും അത് പലതിലേക്കും ഉന്മുഖമാവുന്നതുമാണ്
മേതിലിയൻ എഴുത്തിന്റെ ജൈവപരത. ഒരു മില്ലി
പീഡിനെപ്പോലെ അനവധി കാലുകൾ ഉപയോഗിച്ചാണ് ഭൂമി
യിലെ അതിന്റെ ‘സഞ്ചാര’ങ്ങൾ. ”എന്റെ മനസ്സിന്റെ എത്ര ശതമാനം
ഭൂമിയുടെതന്നെ ഓർമകളാണെന്ന് ഞാൻ ഒരിക്കലും അറി
യില്ല” (എങ്ങനെയൊരു പഴുതാരയെ കൊല്ലാം?)
സമാധികളും സമാപ്തികളുമാണ് മറ്റെഴുത്തുകാരെ പ്രലോഭിപ്പി
ച്ചത് എങ്കിൽ, മേതിൽ ഉണർച്ചയുടെ ശൈഥില്യത്തെയാണ് പിന്തുടർന്നത്.
ഇവിടെ ആയതും ആയിരിക്കുന്നതിലും പ്രധാനം ആയി
ത്തീർന്നുകൊണ്ടിരിക്കുന്നതിനാണ്; ഭാവിമോഹങ്ങളും ഭൂതഭാരങ്ങ
ളുമെന്നതിനേക്കാൾ ഇവിടെ വർത്തമാനം നിറഞ്ഞുനിൽക്കുന്നു;
വ്യവസ്ഥകളും ഘടനകളുമല്ല; കണ്ണിചേരലുകളും നെറ്റ്‌വർക്കുകളുമാണിവിടെ
നിർണായകം, പരിസമാപ്തികളേക്കാൾ തുറസ്സുകൾ
ക്കും, നീതീകരണത്തിനും സാധൂകരണത്തിനും പകരം ക്രിയാത്മ
കതയ്ക്കും രൂപാന്തരപ്രക്രിയകൾക്കും ഇവിടെ ഇടം ലഭിച്ചു. ”ആശ്ച
ര്യങ്ങളുടെയും കണ്ടെത്തലുകളുടെയും ലോകം അതിരറ്റതെന്നും
അതെപ്പോഴും വളർന്നുകൊണ്ടിരിക്കുന്നുവെന്നും, അവർക്ക്
വേഗം കൂടിയതുകൊണ്ടാണ് പെട്ടെന്ന് അതിന്റെ വക്കത്തെത്തുന്ന
തെന്നും അവർ മനസിലാക്കി (ലൈംഗികതയെക്കുറിച്ച് ഒരു ഉപന്യാസം).
മറ്റുള്ളവർ ഭാഷയുടെ ആത്മവിസ്മൃതിയെ ധ്യാനിച്ചപ്പോൾ,
താൻ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ഇത്രയും തീക്ഷ്ണവും
നിരന്തരവുമായ ആത്മബോധം തന്റെ എഴുത്തിൽതന്നെ പ്രകടി
പ്പിച്ച (അക്ഷരാർത്ഥത്തിൽ) മറ്റൊരു എഴുത്തുകാരനുണ്ടാവില്ല: ”
പ്രതീകങ്ങളുടെ ദുഷ്പ്രഭുത്വത്തെ ചെറുത്തുനിന്നില്ലെങ്കിൽ
ഏറ്റവും സ്പർശ്യമായ ചില അനുഭവങ്ങൾ ഉപന്യാസപ്രായത്തി
ലാകും. ഇതാണ് എഴുത്തുകാരന്റെ നരകം. അയാളുടെ മനസിൽ
പാമ്പു പാമ്പും കോണി കോണിയും മാത്രമാണ്. അവിടെ പ്രതീക
ങ്ങളില്ല, അയഥാർത്ഥബോധങ്ങളില്ല, അസംഖ്യം ഉപരിതലങ്ങ
ളുടെ അടുക്കുകളല്ലാതെ ആഴങ്ങളില്ല” (ലൈംഗികതയെക്കുറിച്ച്
ഒരു ഉപന്യാസം).
ഇവിടെ മാധ്യമംതന്നെ ഒരുതരം സ്വച്ഛന്ദത നേടുന്നതു കാണാം.
മനുഷ്യനിൽനിന്നും മനുഷ്യയുക്തിയിൽനിന്നും ‘ലക്ഷ്യബോധ’ങ്ങ
ളിൽനിന്നും ശാസ്ര്തഭാവന സ്വാതന്ത്ര്യം നേടുന്നതുപോലെയോ,
സർഗാത്മകതയും മാധ്യമവും തമ്മിലുള്ള നിരന്തരമായ പരസ്പരമുള്ള
അതിർത്തിലംഘനമോ ആണ് ഇവിടെ എഴുത്തായി മാറുന്ന
ത്. മേതിൽ സയൻസ് ഫിക്ഷനെക്കുറിച്ചു പറയുന്നതുപോലെ
എന്തോ ഒന്ന്: ”പിന്നീടുള്ള ഓരോ ദശകത്തിലും പൂർവദശക
ത്തിലെ സയൻസ് ഫിക്ഷൻ പെട്ടെന്ന് ഭൗമിക യാഥാർത്ഥ്യമായാലെന്നവണ്ണം
പുതിയ പുതിയ രീതികളിൽ യന്ത്രങ്ങളുമായി അനുയോജനം
നേടുകയായിരുന്നു നാം. ഇതിന് തികച്ചും പ്രതീക്ഷിതമെങ്കിൽപോലും
ഒരുപക്ഷെ നാം തീരെ പ്രതീക്ഷിച്ചിട്ടില്ലാത്തൊരു
ഭവിഷ്യത്തുണ്ടായിരുന്നു. ലഭ്യവും സാദ്ധ്യവുമായ ഉപകരണങ്ങളും
ഉപാധികളും നമുക്കുപോരെന്ന അവസ്ഥ പോയിട്ട്, അവയ്ക്ക് നാം
പോരെന്ന അവസ്ഥ ഉണ്ടാവൽ. യന്ത്രപരിണാമം മനുഷ്യപരിണാമത്തേക്കാൾ
എത്രയോ മടങ്ങ് ദ്രുതഗതിയിലാവുമ്പോൾ, മനുഷ്യൻ
യന്ത്രത്തിനു വഴിമുടക്കിയാവുന്നു” (ദൈവം മനുഷ്യൻ
യന്ത്രം, പേജ് 66).
ഭാഷയുടെ അതിരുകളിലോ അറ്റങ്ങളിലോ ആണ് മേതിലിയൻ
എഴുത്ത് വിഹരിക്കുന്നത്. ഭാഷതന്നെയാണ് ഇവിടെ ഊടും
പാവും ഉടലും പടുതിയും:
”ദൈവത്തിന്റെ ഹോശന്നയെ വ്യഞ്ജനം പ്രതി, സ്വരം പ്രതി,
വള്ളിപുള്ളി വിസർഗങ്ങൾ വിടാതെ ഒരു ധാന്യമണിയിൽ മുദ്രണം
ചെയ്യൂ, ഇനിയും വിരലുകളും നാറുകളും ഇല്ലാതിരിക്കാൻ വേണ്ടി,
ലിപികളും ചിഹ്നങ്ങളും മുളപൊട്ടാതിരിക്കാൻ വേണ്ടി,
എ.ഡിയുടെ അവസാനത്തെ അമൃതമായ ഗോതമ്പുമണിയിൽ
ലേഖനം ചെയ്യൂ. യമപാശത്തിൽ തൂങ്ങി മരണത്തിനും മരണ
ത്തിനും ഇടയിൽ ഊഞ്ഞാലാടുന്ന
അക്ഷരമാല, ആൽഫ… ഒമേഗ
ഉല്പത്തിപുസ്തകം വേരിൽ
നോക്കുകുത്തി വാക്ക്
വൃക്ഷങ്ങൾ മലർത്തുന്ന പുസ്തകങ്ങളിൽ ഒരു തേജസ്സിന്റെ
ഭാഷ
….
കാലം കഷണ്ടി കയറിയ ക്രീഡാഗൃഹങ്ങളിൽനിന്ന്, റൊട്ടി
യുടെ മന്ദിരങ്ങളിൽനിന്ന്
മനുഷ്യനിലും മേഘത്തിലും ആകൃതിയുടെ സ്വരം രേഖപ്പെടു
ത്തുന്ന: പനിനീർപ്പൂവിലും
ഹിമസൂചിയിലും മുഴങ്ങുന്ന കയ്യക്ഷരം, വിരലടയാളം രേഖപ്പെ
ടുത്തുന്നു.
ഈ ക്രിസ്മസ് വാറോലയിൽ, ഡിലാൻ, ഈ ഡിസംബർ
മഞ്ഞിന്റെ
വെളിപാടു പുസ്തകത്തിൽ അവസാനത്തെ ചന്ദ്രകിരണ
ത്തിന്റെ നാരായംകൊണ്ട്
വചനത്തിനൊരു വിരാമം കുറിക്കുന്നൊരു ഹത്യയ്‌ക്കൊരു
വിരാമം കുറിക്കാം.
ഛന്ദസ്സിന്റെ നഗരത്തെ നിലം പരിശാക്കാം.
ചോദ്യചിഹ്നങ്ങളുടെ ശ്വാസത്തിന്നുപോലും നികുതി ചുമ
ത്താം.
കാലത്തിന്റെ മുലക്കണ്ണുകളിൽ അവസാനത്തെ ശൈശവ
ത്തിന്റെ വിരലടയാളം വച്ച്
ചുരക്കുന്ന സംഗീതത്തിന്ന് ഗ്രന്ഥികളിൽ തടവുശിക്ഷ
വിധിക്കാം
വാക്കുകൾക്ക് ചവറ്റുകൊട്ടയിൽ പ്രവാസവും വിധിക്കാം.
മഷിയുടെ അഞ്ജനം പുരണ്ട നമ്മുടെ വിരലുകൾക്ക് കരയാൻ
കണ്ണീരില്ല; കണ്ണീരിന്ന്,
നഖങ്ങളുടെ കൂർത്ത ഭീഷണിക്കു മുന്നിൽ കണ്ണുകളുമില്ല
വേരുകളുടെ പുരാവസ്തുഗവേഷണത്തിനിടയിൽ ഇലയുടെ
ഞരമ്പുകളിൽ
ഉല്പത്തിപുസ്തകം വായിക്കാം
മെഴുതിരികളുടെ സാർഥവാഹകസംഘത്തിന്നിടയിൽ ഒരു
തുടുത്ത വാക്കിന്റെ നാവായി നഷ്ടപ്പെടാം.
ആമേൻ!
(ഒരു ഡിസംബർ കൊളാഷ് – കവികൾക്ക് ക്രിസ്മസ് കത്തുക
ൾ)
ശാസ്ര്തവും സംഗീതവും സിനിമയുമാണ് മേതിലിയൻ എഴു
ത്തിന്റെ ഊർജസ്രോതസുകൾ. ശാസ്ര്തത്തെപോലെ അത്
അക്ഷീണം പരതുന്നു, എന്തിനെയും അതിന്റെ പരീക്ഷണശാലയാ
ക്കുന്നു. ഒന്നിനെയും ‘സത്യ’മായിക്കണ്ട് അവിടെത്തന്നെ നിൽ
ക്കാതെ ചരിച്ചുകൊണ്ടേയിരിക്കുന്നു. സിനിമയെപോലെ അത്
കാഴ്ചയെ നിരന്തരം ജംഗമവും ചടുലവും ബഹുകോണുകളുള്ളതുമാക്കി
സൂക്ഷിക്കുന്നു. സംഗീതത്തെപ്പോലെ അത് വാക്കുകളുടെ,
സ്വരങ്ങളുടെ, രൂപകങ്ങളുടെ, ശബ്ദങ്ങളുടെ, പ്രയോഗങ്ങളുടെ രാഗവിസ്താരങ്ങളിൽ
മുഴുകുന്നു.
ആദ്യകാലകൃതികളായ പെൻഗ്വിൻ (1973) ‘സോൾ’ ഗായികയായ
മഹാലിയാ ജാക്‌സന് സമർപ്പിച്ചിരിക്കുന്ന ചരമക്കുറിപ്പ് (മരണഗിത്താർ)
ജാസ് സംഗീതവും മലയാളഭാഷയും തമ്മിലുള്ള ഒരു
കെട്ടുപിണയലാണ്.
മരണമീ ജല-
നിമിഷപാർത്ഥവ-
പരമ്പരയുടെ
നിരുക്തിഭംഗത്തിൽ
സ്വകീയമാം മുത്തു-
തുരുത്തുപോൽ തടം
പതഞ്ഞപ്പോ,ളതിൻ
ലയപ്രലോഭന-
നിരന്തരങ്ങളി-
ലുഭരജീവിയാ-
യടിഞ്ഞുകേറിയെൻ
മഹലിയാ ജാക്‌സൻ!
സ്ഥലം മുടിച്ചവൾ
ജലം വെടിഞ്ഞവൾ
സ്ഥലജലഭ്രമ-
നിയതവിഷ്‌കംഭ-
സ്സ്വരിതസന്ധ്യയിൽ
പൃഥക്ത്വത്തിൽ ചന്ദ്ര-
ക്കലയെ ജിഹ്വയിൽ
പുഴുവെയെന്നപോൽ-
ക്കുതൂഹലാൽക്കോർത്തു
വഴങ്ങലിൽ സ്ഥല-
പ്രലോഭനാന്ധ്യത്തിൻ
വരം തകർത്തവൾ
മഹലിയാ ജാക്‌സൻ!
മേതിലിന്റെ എഴുത്തിൽ – ഗദ്യമായാലും പദ്യമായാലും കഥയായാലും
– ജാസ് സംഗീതംപോലെയുള്ള മറ്റൊരു സാന്നിദ്ധ്യമാണ്
സിനിമ. സിനിമയുടെ കാഴ്ചയും നോട്ടവും (ഉദ്)വേഗവും അവയ്ക്കു
ണ്ട്. അവിടെ ജമ്പ് കട്ടുകളും സ്‌പെഷ്യൽ ഇഫക്ടുകളും ഡിസോ
ൾവുകളും ശബ്ദ-നിറബോധവുമെല്ലാം ഒരു സിനിമയിലെന്നപോലെ
ആഖ്യാനശരീരമായി പ്രവർത്തിക്കുന്നു. ഒരു ടെലിഫോട്ടോ
ലെൻസിലൂടെ സൂക്ഷ്മജീവികളെ നിരീക്ഷിക്കുന്ന ഒരു ശാസ്ര്തജ്ഞ
നെയും അവിടെ എപ്പോഴും കാണാം.
സിനിമയെ ദലൂസ് വിശേഷിപ്പിക്കുക മനുഷ്യനയനങ്ങളിൽ
നിന്ന് മോചിപ്പിക്കപ്പെട്ട നോട്ടത്തിന്റെ പുതിയതും സ്വഛവുമായ
സങ്കേതം എന്നാണ്. മേതിലിന്റെ നോട്ടവും അത്തരത്തിലുള്ള
ഒന്നാണ്; മനുഷ്യകേന്ദ്രിതമായ ബോധത്തിൽനിന്ന് മോചിതമായ
ഈ നോട്ടത്തിന്റെ സ്ഥലകാലബോധം തികച്ചും വ്യത്യസ്തമായ
ഒന്നാണ്. അവിടെ ഈ പ്രതലങ്ങളിലൂടെയെല്ലാമുള്ള സഞ്ചാര
വിസ്താരങ്ങൾ സ്വച്ഛന്ദമായ ഒന്നാണ് – അവിടുത്തെ അനിവാര്യത
കളും ആഭിമുഖ്യങ്ങളും മറ്റൊരു സമയകാല സ്‌കെയിലിലാണ് അരങ്ങേറുന്നത്.
ഒരു സൂക്ഷ്മജീവിയും യന്ത്രവും മനുഷ്യനും ആ ലോക
ത്തിൽ ഒരുപോലെയാണ്. സിനിമയിലെന്നപോലെ ഇവിടെയും
കാലം പ്രകൃതിയിലെ ജൈവാനുഭവം എന്നപോലെ എത്ര വേണമെങ്കിലും
വലിഞ്ഞുനീളാവുന്നതും ചുരുളാവുന്നതുമായ ഒന്നാണ്:
”ഏതായാലും ആത്യന്തിക എഞ്ചിനീയർ പ്രകൃതിതന്നെയാണ്.
ഇതിനു കാരണം പ്രകൃതി പണിതെടുത്ത മാതൃകകളുടെ അപാര
വൈജാത്യം മാത്രമല്ല. കൂടുതൽ പ്രാധാന്യമർഹിക്കുന്നൊരു പരി
ഗണനയുണ്ട്. ആപേക്ഷികമായി നമ്മുടെ കയ്യിൽ വളരെ കഷ്ടിയായൊരു
വിഭവം പ്രകൃതിക്ക് യഥേഷ്ടമുണ്ട്: സമയം… ലക്ഷക്കണ
ക്കിന് ഐൻെസ്റ്റെൻമാരുടെ പുരുഷായുസുകൾകൊണ്ട് ചൂതാടാനുള്ളത്രയും
കാലം പ്രകൃതിക്കുണ്ട്. ഒരു പൂമ്പാറ്റച്ചിറകിലെ ഒരൊറ്റ
കുത്തിന്റെ നിറമോ സ്ഥാനമോ നിർണയിക്കാനും മാറ്റാനും കോടി
ക്കണക്കിന് വർഷങ്ങൾ ചിലവിടാൻ പ്രകൃതിക്കു കഴിയും” (പേജ്
24-25).
ഇത്തരം സ്ഥലകാലബോധത്തിന്റേതാണ് മേതിലിയൻ
ആകാശം. ഇവിടെ മനുഷ്യജീവിതവും അനുഭവങ്ങളും പരിണാമം
പോലെത്തന്നെ യാദൃച്ഛികതകളുടെ ഒരു ശൃംഖലകൂടിയാണ്. ജീവി
തം ഇവിടെ ജീവനെ പിന്തുടരുന്നു. ”പരിണാമം എത്രദൂരം കൈനീ
ട്ടിയപ്പോഴാണ് നമ്മുടെ വിരലുകളിൽ അത് തടഞ്ഞത്!” (പേജ് 35).
മേതിലിന്റെ എഴുത്ത് പ്രകൃതിയിൽ സംഭവിക്കുന്ന ഒരു ജൈവപ്രക്രിയയെപ്പോലെ
പല തലങ്ങളിൽ ഒരേസമയം പ്രവർത്തി
ക്കുന്ന ഒന്നാണ്. വാക്കുകളുടെ തിരഞ്ഞെടുപ്പിൽ അടുക്കലിൽ,
പ്രയോഗവിശേഷണങ്ങളിൽ, വ്യാകരണാതിർത്തിലംഘനങ്ങളി
ൽ, ആശയസംഘാതങ്ങളിൽ ആഖ്യാനനിർമിതിയിൽ എല്ലാംതന്നെ
ഇത്തരം ജൈവപരമായ പൊട്ടിത്തെറികൾ വഴിപിരിയലുകൾ
കാണാം. ”ഇതെല്ലാം എനിക്കെന്തിന്? എനിക്ക് ഒരിലയുടെ
ആത്മവിശ്വാസം മതി. ഒരു ഉറുമ്പിന്റെ വിവേകവും” (ആൽഫ്രഡ്
ഹിച്ച്‌കോക്കിന്റെ പ്രേമഗാനം). എന്തെന്നാൽ മനുഷ്യകേന്ദ്രിതമല്ല
മേതിലിയൻ ഭാവനാലോകം: ഇവിടെ സകലമാന ജീവജാല
ങ്ങളും സൂക്ഷ്മസ്ഥൂലശരീരികളും ജഡവസ്തുക്കളും യന്ത്രങ്ങളും
സമതയോടെ വർത്തിക്കുന്നു. മനുഷ്യന്റെ കാലികയുക്തിക
ൾക്കോ കാലഗണനകൾക്കോ ഇവിടെ പ്രസക്തിയില്ല.
‘ലോകം’ മനുഷ്യനു പുറത്ത്, പ്രതിനിധാനത്തിലൂടെ പിടിച്ചെ
ടുക്കാവുന്ന ദൂരത്തിലും തഞ്ചത്തിലും ഉള്ള ഒന്നല്ല ഇവിടെ. മറിച്ച്
അത് ജീവിതത്തിൽനിന്നും ചിന്തയിൽനിന്നും വേർപെടുത്താനാവാതെ
അവയിലൂടെ നിരന്തരം നിർമിക്കപ്പെടുന്ന ഇതൾ വിടർ
ത്തുന്ന ഒന്നാണ്. പ്രതിനിധാനമെന്നതിനേക്കാളധികം കണ്ടെത്ത
ലുകളെയാണ് മേതിലിയൻ എഴുത്തു വഴി പിന്തുടരുന്നത്. പൊതുഭാഷയുടെ
തേയ്’മാന’ങ്ങളല്ല അവ തേടുന്നതും ആവിഷ്‌കരണ
മാധ്യമമാക്കുന്നതും, മറിച്ച് സൂക്ഷ്മവും അതീവ സാന്ദ്രവുമായ ഒരു
‘സ്വകാര്യ’ഭാഷയും ലോകവുമാണ് ഇവിടെ നിർമിക്കപ്പെടുന്നത്.
ഒരുവശത്ത് അതിസൂക്ഷ്മവും പ്രവചനാതീതവുമായ അനുഭവങ്ങൾ,
കാഴ്ചകൾ, ജീവസ്പന്ദങ്ങൾ. മറുവശത്ത് ഇവയെ എല്ലാ
റ്റിനെയും ചൂഴ്ന്നു നിൽക്കാൻ ശ്രമിക്കുന്ന ബൗദ്ധികതയും തത്വവി
ചാരങ്ങളും സ്ഥൂലപാറ്റേണുകളും. മേതിലിന്റെ ആഖ്യാനങ്ങളിലെ
‘നാടകീയത’ പലപ്പോഴും ഇവയ്ക്കിടയിൽ വലിഞ്ഞുമുറുകുന്ന ഒന്നാണ്.
അത് ഒരേസമയം ജീവിതത്തിന്റെ സൂക്ഷ്മാംശങ്ങളിൽ –
തോന്നൽ, കാഴ്ച, സ്പർശം, ഗന്ധം, കേൾവി, രുചി അങ്ങിനെ
എല്ലാവിധ ഇന്ദ്രിയവിഷയങ്ങളുടെയും അനുനിമിഷം ത്രസിച്ചുകൊണ്ടിരിക്കുന്ന
അനിയന്ത്രിതവും മോചനമില്ലാത്തതുമായ
ചലനം; അവയെക്കുറിച്ചുള്ള നീണ്ട ധ്യാനങ്ങൾ, ഒന്നിൽനിന്നു
മറ്റൊന്നിലേക്ക് കോർത്തുകോർത്തു മുന്നേറുന്ന ആശയ/വാക്/
ബിംബ പംക്തികൾ – ഇവ വലവിരിച്ചു ‘പിടിച്ചെടു’ക്കുന്ന,
എന്നാൽ അതേ വലക്കണ്ണികളിലൂടെ ഉടൻതന്നെ ചോരുന്ന ‘യാഥാർത്ഥ്യം’
എന്ന ഭാഷയിലൂടെ വിടരുന്ന ആഖ്യാനം… പിന്നെയും
അടുത്ത വലവീശൽ…
ഭാഷാപ്രയോഗത്തിലും ആശയ/ബിംബങ്ങളിലും ഈ
വല(യ) നിർമാണം, വലവീശൽ, കാണാം. കണ്ണികളിലെ ഈ
ശൂന്യതയിലൂടെ, ആ ശൂന്യതയിൽതന്നെ പാകിയ കണ്ണികളിലൂടെ
ഇവിടെ ഭാഷ ഒഴുകുന്നു – ഭാഷയുടെതന്നെ അതിരുകളിലേക്ക്,
മനസിലാക്കലിന്റെ, ആവലിന്റെ, ആയിത്തീരലിന്റെ
സന്ദിഗ്ധതയെ ബഹുലതയെ, പ്രവചനാതീതത്വത്തെ നിരന്തരം
സന്നിഹിതമാക്കിക്കൊണ്ട്… ഇവിടെ ആയിത്തീരൽ എന്നതാണ്
മുഖ്യം. ആ ഒഴുക്കിൽ ഗതാനുഗതികവും സുരക്ഷിതവുമായ പരികല്പനകൾ
– യുക്തി, സ്വത്വം, മനുഷ്യൻ തുടങ്ങിയ വിഷയികൾ/
സത്തകൾ എന്നിവ – കരയിലടിയുന്നു…
ജീവന്റെതന്നെ (ജീവിതത്തിന്റെ മാത്രമല്ല) വിസ്‌ഫോടകാത്മ
കമായ ആയിത്തീരലാണ് അതിന്റെ വിവിധങ്ങളായ ആകസ്മികതകളും
ഒപ്പം പാറ്റേണുകളുമോടെ ഇവിടെ ആവിഷ്‌കരിക്കപ്പെടു
ന്നത്.
”പരിണാമം എത്രദൂരം കൈനീട്ടിയപ്പോഴാണ് നമ്മുടെ വിരലുകളിൽ
അത് തടഞ്ഞത്!”
ജീവശാസ്ര്തം ആണ് മേതിലിന്റെ മറ്റൊരു പ്രധാന ഭൂമിക. അത്
മനുഷ്യന്റെ കാലഗണനയ്ക്കും യുക്തിവ്യവഹാരങ്ങൾക്കും ഭാവനാശേഷിക്കും
എത്തിപ്പെടാനാവാത്ത വേഗത്തിലും രൂപത്തിലുമാണ്
വിടരുന്നതും പടരുന്നതും. കാലാതീതമായ ഈ യുക്തിരാഹിത്യത്തിന്റെയും
ഒപ്പം പാറ്റേണുകളുടെയും ബൃഹദ് പശ്ചാത്തല
ത്തിലാണ് മേതിലിയൻ കഥാപാത്രങ്ങളുടെ ജീവിത/ചിന്താവ്യാപാരങ്ങൾ.
അവിടെ ക്ഷണികതയും ഒന്നിൽനിന്നു മറ്റൊന്നിലേ
ക്കുള്ള നിരന്തരമായ വഴുതലും നീക്കങ്ങളുമാണുള്ളത്. ഒരു പിതൃരൂപത്തിനോ
നിയമത്തിനോ വിധേയത്വം പുലർത്താത്ത ഈ
പ്രക്രിയ നിരന്തരമായ ആയിത്തീരലാണ്. അതുകൊണ്ടുതന്നെ
മറ്റൊരു ഭാഷയ്‌ക്കേ അതിനെ സംവേദനം ചെയ്യാനാകൂ; ഭാഷയുടെ
അതിർത്തികളിലാണ് അത് തപ്പുന്നത്: ”വിവരിക്കാൻ പുതിയ
പുതിയ വാക്കുകൾ വേണം. പുതിയ പുതിയ അർത്ഥങ്ങളും സൗന്ദ
ര്യങ്ങളുമുള്ള പുതിയ പുതിയ വാക്കുകൾ. കർക്കടക മഴയത്ത് മേശ
പ്പുറത്ത് തുറന്നുകിടന്ന് നിറവും വീര്യവും നഷ്ടപ്പെട്ട സിഗരറ്റുകൾ
പോലെയുള്ള വാക്കുകൾകൊണ്ട് എന്തു പ്രയോജനം?” (സൂര്യവംശം).
ഒരുപക്ഷേ മനുഷ്യനെ ശരീരത്തിൽനിന്നും വേറിട്ടു സ്വതന്ത്ര
മായ നോട്ടമായതിനാലായിരിക്കണം മേതിലിയൻ എഴുത്തുകളിൽ
സിനിമ നിരന്തരം കടന്നുവരുന്നതും. കെട്ടഴിച്ചുവിടപ്പെട്ട ഈ
നോട്ടം/കാഴ്ചയാണ് ബഹുതലങ്ങളിലും കോണുകളിലും
നിന്നുള്ള എഴുത്തിലെ മേതിലിയൻ ക്യൂബിസം സാദ്ധ്യമാക്കുന്നത്.
സിനിമയിൽനിന്നുള്ള ഉദാഹരണങ്ങളുടെ ആവർത്തനം മാത്രമല്ല
(ഇത്രയധികം സിനിമകൾ ഉദാഹരിക്കുന്ന മറ്റൊരു സാഹിത്യ
കാരൻ മലയാളസാഹിത്യത്തിലില്ല) ഈ സിനിമാറ്റിക് നോട്ടം, ഉപരിതലങ്ങളോടും
എല്ലാത്തരം ചലനങ്ങളോടുമുള്ള കൗതുകം/
ഭ്രമം/കമ്പം മേതിൽ എഴുത്തിന് എക്കാലത്തുമുണ്ട്. അതുകൊണ്ടുതന്നെ
മേതിൽ എഴുത്തിൽ മൊണ്ടാഷും മീസ് എൻ സീനുമുണ്ട്.
മറ്റെല്ലാവരും ലളിതവും പൊളമിക്കലുമായ ധഭളണഫഫണഡളഴടഫ ബമഭളടഥണ
രീതികൾ ഉപയോഗിച്ചപ്പോൾ മേതിൽ എന്ന ഈ ഐൻസ്റ്റൈൻ
ആരാധകൻ – വിവിധതരം മൊണ്ടാഷ് സങ്കേതങ്ങൾ (മത ലഡടഫണ,
വമഫഴബണ, ബടലല, ളമഭണ, ധഭളണഭലധളസ, ഢണയളദ, ഢഴറടളധമഭ…) തന്റെ എഴു
ത്തിൽ കൊണ്ടുവന്നു. മേതിലിന്റെതന്നെ വാക്കുകളിൽ ”ഒരു
പൊട്ടക്കലാകാരന്റെ സങ്കല്പങ്ങളും ആശയങ്ങളും നഗ്നമായി പിറ
ക്കുന്നു. പിന്നീടവൻ അവയെ ഉടുപ്പിടുവിച്ച് പുറത്തിറക്കാൻ
വാക്കും കല്ലും ചായവും തേടിയിറങ്ങുന്നു. ചുരുക്കത്തിൽ മുൻപേ
ഉണ്ടായിരുന്ന ഒന്നിനെ മാദ്ധ്യമത്തിലേക്ക് വിവർത്തനം ചെയ്യൽ.
ഇതു സൃഷ്ടിയല്ല, വെറും വിവർത്തനമാണ്. ഇത്തരം ചിന്തകൾ
ഫോർമലിസമാണെങ്കിൽ എന്റെ ഫോർമലിസം ഞാൻ പഠിച്ചത്
സെർഗി എം. ഐസൻസ്റ്റൈൻ എന്ന റഷ്യക്കാരനിൽനിന്നാണ്.
എന്റെ കവിത വായിക്കും മുൻപ് ഐസൻസ്റ്റൈൻ വായിക്കുക.
കാരണം എന്റെ രൂപകങ്ങൾ മൊണ്ടാഷുകളും എന്റെ കൃതികൾ
മൊണ്ടാഷുകളുടെ ഘോഷയാത്രകളുമായിരുന്നു” (ആത്മഭാഷണ
ങ്ങൾ, പാഠഭേദം 84). ആഖ്യാനത്തിന്റെ ഒഴുക്കിനും ചടുലതയ്ക്കും
സഞ്ചാരവിസ്താരങ്ങൾക്കും ഈ സംയോജന സന്നിവേശ സങ്കേ
തങ്ങൾ നിരന്തരം പ്രയോഗിക്കപ്പെടുന്നതു ‘കാണാം’.
അതുപോലെതന്നെയാണ് മീസ് എൻ സൈനിന്റെ – രംഗസ
ജ്ജീകരണത്തിന്റെയും സംവിധാനത്തിന്റെയും – കാര്യത്തിലും.
ഇവിടെ അതിസൂക്ഷ്മമായ ശ്രദ്ധയും വിശദാംശ പെരുക്കങ്ങളും
പശ്ചാത്തല ശബ്ദ/സംഗീതത്തിലുള്ള സൂചനകളും കാണാം.
എല്ലാത്തരം ഉറപ്പുകളും ഇവിടെ തകരുന്നു; പേരുകളുടെപോലും
സുസ്ഥിരത മേതിലിനെ അസ്വസ്ഥനാക്കുന്നു; നിരന്തരമായ ഒഴു
ക്കിന്റെയും രൂപമാറ്റത്തിന്റെയും ഭാവബഹുലതയുടേയുമായ ഈ
ലോകത്ത് ഉറഞ്ഞുപോയ ഒന്നിനും സ്ഥാനമില്ല. അഹല്യ എന്ന ഉറ
ഞ്ഞുപോയ മോഹത്തെയും അതിനു രാമന്റെ പാദസ്പർശം
കൊണ്ടു ലഭിക്കുന്ന മോക്ഷത്തെയും കുറിച്ചല്ല. മറിച്ച് അതിനുശേഷമുള്ള
അഹല്യയുടെ ജീവിതത്തെക്കുറിച്ചാണ് മേതിൽ ഉത്കണ്ഠ
കൊള്ളുന്നത്….
മേതിലിനെ സംബന്ധിച്ചിടത്തോളം സാഹിത്യം ഒരു ദൃശ്യാനുഭവം
കൂടിയാണ്. എഴുത്ത് കടലാസ് എന്ന സ്ഥലത്തിലൂടെയുള്ള
ഭൗതികസഞ്ചാരം കൂടിയാണ്. വായന എന്ന ദൃശ്യാനുഭവത്തെക്കുറിച്ചുകൂടി
മേതിൽ എഴുത്ത് എപ്പോഴും ജാഗ്രത്താണ്. കടലാസ്
ക്ഷാമകാലത്ത് അച്ചടിക്കപ്പെട്ട തന്റെ ‘ബ്രാ’ എന്ന നോവലിന്
മേതിൽ എഴുതിയ മൂന്നുരയിൽ (ബ്രാ – ഗുജറാൾ കസാലകൾ
പൂർണാ പബ്ലിക്കേഷൻസ് എന്നിവയെക്കുറിച്ച്) പുസ്തകത്തെക്കുറിച്ചുള്ള
സങ്കല്പം വിവരിക്കുന്നുണ്ട്: ”പൂർണാ പബ്ലിക്കേഷൻസിനു
നന്ദി. ഏതു കൃതിയും എഴുത്തുകാരന്റെ മാത്രം സൃഷ്ടിയല്ല. ഗുട്ടൻ
ബർഗിനുശേഷം എഴുത്തുകാരനും അച്ചുനിരത്തുന്നവനും പങ്കെ
ടുക്കുന്ന കൂട്ടായൊരു സൃഷ്ടിയാണ് ഒരു പുസ്തകം… ഓരോ പേജും
ഓരോ ജോൺ കേജിയൻ പേജായതുകൊണ്ട് ഏതു പേജിലും
എപ്പോഴും മറ്റുള്ള ഏതു പേജിന്റെയും തുടർച്ചയായ എന്തോ
ഒന്നുണ്ട് / ‘ഹാപ്പനിങ്ങി’ന്റെ ഈ ദിവസങ്ങളിൽ, അച്ചുനിരത്തുന്ന
വന്റെ മാത്രമല്ല അച്ചടിത്തെറ്റുകളുടെ കൂടി സംഭാവന സ്വീകരിച്ചുകൊണ്ടാണ്
ഒരു പുസ്തകം ശരിക്കും പൂർണമാകുന്നത് / ഗുജ്രാൾ
എന്ന ആൾക്ക് നന്ദി: എഴുത്തുകാരന്റെ ഏറ്റവും സൃഷ്ടിപരമായൊരു
പ്രശ്‌നമായ കടലാസിന്റെ പ്രതിസന്ധിക്കിടയിലും കസാലകൾക്കിടയിലൂടെന്നതുപോലെ
കൂട്ടിമുട്ടാതെ ഒരു ‘ഹാപ്പനിങ്ങി’ന്
കടന്നുവരാം/വലിയ സ്‌പേസുള്ളൊരു മുറിയിൽ രണ്ടോ മൂന്നോ
കസാലകൾ മാത്രം വച്ചാൽ ഒരു ഗുണമുണ്ട്: ഏതു നിമിഷത്തിലും
മുറിയിൽ മറ്റൊരു കസാലയ്‌ക്കോ ആൾക്കോ പ്രസക്തിയും സാദ്ധ്യ
തയും സന്ദർഭവുമുണ്ട്…” (ബ്രായ്ക്കുള്ള മുഖവുര).
വി.എം. ദേവദാസിന്റെ ഡിൽഡോ (2009) എന്ന നോവലിന്റെ
അനവതാരികയിൽ മേതിൽഭാഷ എന്ന വെല്ലുവിളിയെക്കുറിച്ചു
പറയുന്നുണ്ട്: ”രണ്ട്: മനുഷ്യന്റെ ശാരീരികവും മാനസികവുമായ
ചില ആത്യന്തികതകൾ പ്രാപിച്ച ഒരു മഹർഷിക്ക്, അതു സാധിച്ച
ആളാണ് യഥാർത്ഥ മഹർഷി – അയാൾക്ക് വാത്സ്യായനൻ വിവരിച്ച
ഒരൊറ്റ പടുതിപോലും അസാദ്ധ്യമല്ലെന്ന് ഞാൻ വിശ്വസിക്കു
ന്നു. മൂന്ന്: രണ്ടാം കാരണത്തിന്റെ സമാന്തര വ്യാപനങ്ങളിൽ, എഴു
ത്തിന് ഒരു വാത്സ്യായന ദൗത്യമുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു.
പഴയ പാതിരിപ്പടുതി (മിഷനറി പൊസിഷൻ) കീഴ്‌വഴക്കമാക്കിയ
എഴുത്തിനെ, ഭാഷയെ, വാത്സ്യായന നിർവഹണങ്ങളുടെ ആത്യ
ന്തികതയിലേക്ക് തുരത്തുക”.
കഥാപാത്രങ്ങളുടെ ഉള്ളിൽ നിറയുന്ന ശൂന്യതയെ അർത്ഥരാഹിത്യത്തെ,
തള്ളിതികട്ടുന്ന നിരാസത്തെ ഇവിടെ സൗകര്യപൂ
ർവം മറ്റു അതീതങ്ങളിലേക്ക് ആദേശം ചെയ്യുന്നില്ല. ശാസ്ര്തമാണ്
ഒരു ഘടനാസാദ്ധ്യത എങ്കിൽ അതുതന്നെ മേതിലിന് നിരന്തരം
നിവൃതമാകുന്ന, എല്ലാ കണ്ടെത്തലുകളും പുതിയ ചോദ്യങ്ങളിൽ
മാത്രമെത്തുന്ന അവസാനിക്കാത്ത ഒരു അന്വേഷണം മാത്രമാണ്.
ഒരുപക്ഷെ നിരന്തരം പുതിയ തുറസ്സുകളിലേക്ക് ഉന്മുഖമായിരി
ക്കുന്ന ഈ സവിശേഷതതന്നെയായിരിക്കണം ശാസ്ര്തത്തോടുള്ള
മേതിലിയൻ എഴുത്തിന്റെ ആഭിമുഖ്യത്തിനു പിന്നിലുമുള്ളത്.
അതുകൊണ്ടുതന്നെ ആദിമധ്യാന്തങ്ങളുള്ള, അടഞ്ഞു-തീരു
ന്ന, ആഖ്യായികകളോടും ആഖ്യാനരീതികളോടും എക്കാലത്തും
മേതിലെഴുത്ത് വിമുഖമായിരുന്നു. കഥപറച്ചിലായിരുന്നില്ല അത്
ലക്ഷ്യമാക്കിയത്. കഥയെ/സംഭവത്തെ/അനുഭവത്തെ ഒരു ടഫധഠ/
ണഷഡഴലണ ആക്കി എടുത്തുകൊണ്ട് സ്ഥൂലവും സൂക്ഷ്മവുമായ കഥാപാത്രലോകങ്ങളിലൂടെയും
ഇവയെല്ലാം തമ്മിലുള്ള ബന്ധങ്ങൾ
സൃഷ്ടിക്കുന്ന വലകളിലൂടെയും വൈകാരികസന്ധികളിലൂടെയും
ഉള്ള സഞ്ചാരങ്ങളാണവ. ഒന്നുമിട്ടുവയ്ക്കാനുള്ള പാത്രങ്ങളല്ല.
കഥാപാത്രങ്ങളും കഥകളും അവർ അവയിൽതന്നെ സ്വഛവും
കേവലവുമായ, ആയിത്തീരലിലേക്ക് തുറന്നിട്ട മാധ്യമങ്ങളാണ്.
യാദൃച്ഛികതകളാണ് ഈ പ്രക്രിയയുടെ ഭാഷ:
ഓർക്കാപ്പുറങ്ങളിൽ
പരവതാനികൾ പോലെ
ചുരുളഴിയുന്ന കോണികൾ,
കിടപ്പറയിലേക്ക്
പെട്ടെന്ന് ഒരപരിചിതനെ
കടത്തിവിടുന്ന കണ്ണാടികൾ…
(ആൽഫ്രഡ് ഹിച്‌കോക്കിന്റെ പ്രേമഗാനം)
പരിണാമത്തിന്റെ, ഈ ജൈവ ഒഴുക്കിലെ, നിതാന്തമായ മാറ്റ
ത്തിലെ, ചില കരടുകളാണ് ആഖ്യാനബിന്ദുക്കളായി മാറുന്നത് –
ചിലപ്പോഴത് ഒരു കഥാപാത്രരൂപമാകാം (ചിലപ്പോൾ ‘ഞാൻ’)
അല്ലെങ്കിൽ ഒരു ദൃശ്യം, ബിംബം, സന്ദർഭം, അനുഭവം, സംഭവം,
ഇടം, ഓർമ, ശാസ്ര്തനിരീക്ഷണം… ഒരു കൊലപാതകം, പഴയ
വീട്ടിലെ മച്ച്, വരമ്പിൽ ഒരു കൊറ്റി, ടെലിവിഷന്റെ മുകളിൽ പൂച്ച
ട്ടിയിൽ ഒരു പഴുതാര, നിലവറയിലെ ശവപ്പെട്ടി, ചില കംപ്യൂട്ടർ
ഫയലുകൾ, പരസ്യവാചകങ്ങൾ, കുമിളകളിലൂടെ സംസാരി
ക്കുന്ന മത്സ്യങ്ങൾ, ജിറാഫുകളുടെ നിശാസമ്മേളനം, ലാറസ്
ധ്രുവപ്പക്ഷികൾ, ജനലഴികളിലൂടെ പെട്ടെന്നു കടന്നുവന്ന് ചുവരി
ലൂടെ ഒരു സീബ്രയെ ഓടിക്കുന്ന വെളിച്ചം… പിന്നെ ഇതിനെല്ലാ
2012 മഡളമഠണറ ബടളളണറ 12 6
മിടയിൽ ‘ജീവിക്കാനറിയാത്തതുകൊണ്ട് മരണോപായങ്ങൾ
കണ്ടെത്തിയ ഒരേയൊരു ജീവി’യായ മനുഷ്യൻ.
വേനലിൽ
എന്റെ വരയൻകുതിരയുടെ
പള്ളയിൽനിന്നും
ചതുരംഗക്കരുക്കൾ
ഉരുകിയൊലിക്കുന്നു
(എത്യോപ്യ)
”ഭൂമിയിൽ പലതും മനുഷ്യനും മരണത്തിനുമിടയിൽ
മറയിട്ടുനിൽക്കുന്നു,
എന്നാൽ അവയുടെ സൂചനകൾ നമുക്കെന്നോ നഷ്ടപ്പെട്ടിരി
ക്കുന്നു;
വെളിച്ചത്തിന്റെ എന്തെല്ലാമോ സംജ്ഞകൾ
നമുക്കു നഷ്ടപ്പെട്ടിരിക്കയാൽ
മറ്റൊരു വെയിലും പ്രഭാതവും കൂടി പാഴായിപ്പോകുന്നു;
മഞ്ഞ പടരുന്ന ഈ പ്ലാവിലയിൽ ഒരു ശിശു മരിക്കുന്നു,
(അവനെ രക്ഷിക്കാൻ നമുക്കു കഴിയുമായിരുന്നില്ലല്ലോ,
അവനെയും നമ്മുടെ യൗവനത്തെയും രക്ഷിക്കാൻ
തീർച്ചയായും നമുക്കു കഴിയുമായിരുന്നില്ലല്ലോ)
– (ഇലയും ശിശുവും) ഭൂമിയെയും മരണത്തെയും കുറിച്ച്
മലയാളസാഹിത്യത്തിന്റെ ഭാണ്ഡക്കെട്ടുകളൊന്നും പേറാതെ
എന്നാൽ എന്നും തന്റെ എഴുത്തിലെ വലിവും വടിവും കരുത്തും
തീവ്രതയും സൂക്ഷിച്ച മറ്റൊരു എഴുത്തുകാരനില്ല. ഉള്ളതും നിലനി
ൽക്കുന്നതുമായ ഒരു വായനാസമൂഹത്തെയല്ല മേതിലെഴുത്ത്
തേടിയത്. സ്വച്ഛന്ദമായ ആ എഴുത്തിന് അതിന്റെതന്നെ സ്വന്തം
വായനക്കാരെ സൃഷ്ടിക്കണമായിരുന്നു. മലയാളത്തിൽ അത്തരം
ഒരു വായനാസമൂഹത്തെ മേതിലെഴുത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കു
ന്നു. നവനവോന്മേഷശാലിയായ ഈ ആവാസവ്യവസ്ഥയിൽ
സംഗീതവും സിനിമയും ശാസ്ര്തവിജ്ഞാനീയവും സ്വപ്നദർശന
ങ്ങളും പരിസ്ഥിതിബോധവും (സാഹിത്യവും) എല്ലാം കടന്നുവന്നുകൊണ്ടിരുന്നു.
തുടർച്ചയേക്കാളധികം ഇടർച്ചകളാണ് മേതിലെഴു
ത്തിനെ സവിശേഷമാക്കുന്നത്. വിഷയത്തിലോ ആഖ്യാനരൂപ
ത്തിലോ സാഹിത്യജനുസ്സിലോ ഉള്ള വൈവിധ്യം മാത്രമല്ല അതി
നുള്ളത്, മറിച്ച് മേതിലിന്റെ എഴുത്തുജീവിതത്തിൽതന്നെ ധാരാളം
ഇടർച്ചകൾ ആവർത്തിക്കുന്നതു കാണാം; ഉല്പാദനക്ഷമമായ
ഓരോ കാലഘട്ടത്തിനും ശേഷമുള്ള നീണ്ട ഇടവേളകൾ, ഒരു രാഗവിസ്താരത്തിനുശേഷമെന്നവണ്ണമുള്ള
നിശബ്ദതപോലെ അവ കടന്നുകൊണ്ടേയിരിക്കുന്നു. പ്രകാശനക്ഷമമായ മറ്റൊരു രൂപത്തിനും
പൊട്ടിത്തെറിക്കുമായുള്ള കാത്തിരിപ്പെന്നപോലെ.
ഇപ്പോൾ നമ്മുടെ മൗനത്തിൽ
ഇലയും ശിശുവും സ്വർണത്തിൽ കത്തുന്നു,
ഇന്ധനത്തിന്റെ ഗന്ധം ഉടലിൽ തിരിച്ചെത്തുന്നു-
ഇതാണോ നമ്മുടെ പൂവുകൾക്കുള്ള മറുപടി?
അകാലങ്ങളിലേക്കു നാം തൊടുത്ത വാക്കുകൾ,
ഇല്ലായ്മകളിലേക്ക് നാം തൊടുത്ത പൊരുളുകൾ,
ഇവയൊക്കെയും മാറ്റൊലികൾ പോലെ,
വിശപ്പാർന്ന പക്ഷിക്കൂട്ടങ്ങൾ പോലെ,
നമ്മുടെ ശൈത്യത്തിലേക്ക് തിരിച്ചെത്തുന്നു.
ഹാ, നമുക്കു മറുപടികൾ കിട്ടിത്തുടങ്ങിയിരിക്കുന്നു!
ജീവിയുടെ സൂചനകൾ മറക്കുകയാൽ,
ഭൂമിയുടെ കലാപങ്ങളെ ഒറ്റിക്കൊടുക്കയാൽ
നമ്മുടെ സ്വന്തം മരണങ്ങൾക്കുപോലും
നാം അപരിചിതരായിരിക്കുന്നു;
നമ്മുടെ ഉടലുകളേന്തിയ വ്യോമപേടകങ്ങൾ
ചില ജഡഗോളങ്ങളിലേക്കു തിരിച്ചുപോകും-
എല്ലാറ്റിനും മറുപടി കിട്ടിത്തുടങ്ങിയിരിക്കുന്നു,
ഉണങ്ങിയ വിത്തുകൾക്കും
ഊമകൾക്കുപോലും!
– (ഇലയും ശിശുവും) ഭൂമിയെയും മരണത്തെയും കുറിച്ച്
ഡിസംബർ, 2009.