ഈ ലക്കം കാക്ക തികച്ചും ‘ആം ചെയർ’ ജേർണലിസമാണ്. അതായത് ഇപ്പോൾ നമ്മുടെ പത്രക്കാരെല്ലാം ചെയ്യുന്ന ‘തടി’ കേടാവാതെയുള്ള പത്രപ്രവർത്തനം. നമുക്ക് ഗഡ്ചിരോളിയിലും ബസ്തറിലും എന്തു സംഭവിക്കുന്നു എന്നറിയണ്ട; കാശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ‘ഭീകരവാദി’യുടെ സാധാരണ കുടുംബ പശ്ചാത്തലമോ അവന്റെ പെങ്ങൾക്ക് നേരിട്ട അപമാനമോ അറിയണ്ട, മിസോറാമിൽ 12 വർഷമായി സമരം ചെയ്യുന്ന ഇറോം ഷർമിളയുടെ കാര്യങ്ങളോ ഇപ്പോഴും, ഒരു മലയാളി പ്രതിരോധമന്ത്രിയായിട്ടും, പിൻവലിക്കാത്ത നിയമ കുരുക്കുകളോ അറിയണ്ട; നമുക്കിവിടെ സരിതമാരും ശാലുമാരുമുണ്ട്. നമ്മുടെ മാധ്യമങ്ങൾക്ക് പി.ജെ. കുര്യനും
ഇപ്പോൾ ജോസ് തെറ്റയിലുമുണ്ട്. മലയാളിയെ മൂഢസ്വർഗത്തിൽ സദാചാരത്തിന്റെ തണലിൽ കെട്ടിയിടുന്ന മാധ്യമങ്ങൾ. കണ്ണു തുറന്ന് ചുറ്റും നോക്കാൻ എല്ലാവർക്കും പേടിയാണ്. കാരണം, എല്ലാവരും കണ്ണു തുറക്കുമ്പോൾ കാണുന്നത് ഭരണത്തിന്റെ അപ്പക്കഷണങ്ങളാണ്.
ഗഡ്ചിരോളിയിലേക്ക് ഒരു യാത്ര പരിപാടിയിട്ടപ്പോൾ അടുത്ത സുഹൃത്തുക്കളായ ഉന്നതതല പോലീസ് ഉദ്യോഗസ്ഥർ പോലും പറഞ്ഞത് ആ യാത്ര മാറ്റിവയ്ക്കാനാണ്. പ്രത്യേകിച്ചും ബസ്തറിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ. ഒരു പോലീസ് തിരിച്ചറിയൽ കാർഡ് കൊണ്ട് പരിഹരിക്കാവുന്നതല്ല ഗഡ്ചിരോളിയിലേക്കുള്ള യാത്ര. അവിടെ ഐ.ബി. ഉണ്ട്, സി.ബി.ഐ. ഉണ്ട്, ഇതൊന്നുമല്ലാത്ത സ്‌പെഷ്യൽ ഫോഴ്‌സ് ഉണ്ട്. ഇവയെല്ലാം മറികടന്ന് ഗഡ്ചിരോളിയിലെത്താൻ ആർക്കാണ് ധൈര്യം? ഇത് വായിക്കുമ്പോൾ നമുക്കു തോന്നും ഗഡ്ചിരോളി അഫ്ഗാനിസ്ഥാനിലോ ഇറാക്കിലോ ആണെന്ന്. മഹാരാഷ്ട്രയിൽ ഞങ്ങൾ സ്ഥിരതാമസമാക്കിയ മുംബയിൽനിന്ന് വെറും
900 കിലോമീറ്റർ ദൂരെയുള്ള സ്ഥലം! ഇവിടെയെത്താൻ പാസ്‌പോർട്ടും വിസയുമൊന്നും വേണ്ട. പക്ഷെ, വീട്ടിൽ പറഞ്ഞിട്ട് പോകണമെന്നു മാത്രം.
നമ്മൾ നെഞ്ചേറ്റിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സ്വാധീനമുള്ളതിനേക്കാൾ, അതായത്, ഒരു ലക്ഷം സ്‌ക്വയർ കിലോമീറ്ററിലധികം പ്രദേശം, ഇപ്പോഴും തങ്ങളുടെ വരുതിയിലുള്ള, മാവോയിസ്റ്റ് റിബൽ കമ്മ്യൂണിസ്റ്റ് സംഘടനകൾക്ക് നമ്മൾ എന്തിന്
പ്രാധാന്യം കൊടുക്കുന്നുവെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഒരു ‘റെഡ് കോറിഡോർ’ എങ്ങനെ അവർക്ക് ഉണ്ടാക്കാനായി? ഉണ്ടയില്ലാത്ത തോക്കുമായി ‘ഞങ്ങളിപ്പോഴും ഒളിവിലാണ്’ എന്ന് സ്വയം വീമ്പിളക്കുന്ന കേരളത്തിലെ പുതു നക്‌സലൈറ്റ് നേതാ
ക്കൾക്ക് ഒരിക്കലെങ്കിലും പോലീസിന്റെയോ അധികാരികളുടെയോ പീഡനങ്ങൾ സഹിക്കേണ്ടിവന്നിട്ടുണ്ടോ?
ഗഡ്ചിരോളിയിലും ഛത്തിസ്ഗഡിലുമെന്നല്ല, നമ്മൾ മുൻപ് പ്രസ്താവിച്ച ‘റെഡ് കോറിഡോറി’ലും നമ്മെ എതിരേൽക്കുന്നത് പട്ടിണിയും തൊഴിലില്ലായ്മയും വികസനമില്ലായ്മയുമാണ്. ഒറീസയിൽനിന്നും ബിഹാറിൽനിന്നും കൂലിപ്പണിക്കാരെ ഇറക്കി റബ്ബറു വെട്ടിക്കുന്ന മലയാളിക്ക് മനസിലാവുന്നതല്ല വിശപ്പിന്റെ ഈ തത്വശാസ്ര്തം. ഇരുപതും മുപ്പതും കിലോമീറ്ററുകൾ താണ്ടി, തങ്ങളുടെ കുഞ്ഞുങ്ങളെ വീട്ടിൽ ഒറ്റയ്ക്കാക്കിയിട്ട് സർക്കാരിന്റെ റേഷൻ വാങ്ങാൻ പോകുന്ന ഝാർഖണ്ഡിലെയും ഛത്തിസ്ഗഡിലെയും സാധാരണക്കാരന് ഇത് മനസിലാകും; തങ്ങളുടെ സഹോദരിമാരെ അധികാരഭ്രാന്തന്മാർ ബലാത്കാരം ചെയ്യുന്നത്
കാണേണ്ടിവരുന്ന ഈ വനപ്രദേശങ്ങളിലെ ആദിവാസികൾക്ക് ഇത് മനസിലാവും; പിഞ്ചുകുഞ്ഞുങ്ങളെപോലും രാജ്യദ്രോഹികളെന്ന് മുദ്രകുത്തി കൊല്ലുന്നതിന് ദൃക്‌സാക്ഷികളാകുന്ന അമ്മമാർക്ക് ഇത് മനസിലാകും.
പിന്നെ ചിലർക്കു കൂടി മനസിലാകും; ഹൃദയത്തിൽ ഇപ്പോഴും നന്മ സൂക്ഷിക്കുന്ന സാധാരണക്കാരായ ചില മനുഷ്യർക്ക്. ഇന്ത്യയുടെ മധ്യദേശങ്ങൾ ഇപ്പോഴും പുകയുകയാണ്. ബഹുരാഷ്ട്ര കുത്തകകൾക്ക് തീറെഴുതി കൊടുത്ത പ്രദേശങ്ങളിലെ
ഗോത്രവർഗക്കാർ തങ്ങളുടെ ജീവനാംശത്തിനുവേണ്ടിയാണ് സമരം ചെയ്യുന്നത്. ഈ സമരങ്ങളെ വെറും വിഭാഗീയ ചിന്താഗതിയായി എഴുതിത്തള്ളാതെ ഇവിടെയുള്ള കാതലായ പ്രശ്‌നങ്ങൾ എന്താണെന്ന് പഠിച്ച് നടപടികളെടുത്താൽ മാത്രമേ ഈ പ്രദേശത്ത് നടമാടുന്ന അരുംകൊലകൾക്ക് ഒരന്ത്യമുണ്ടാവുകയുള്ളൂക്ല