കാക്കയുടെ ഏപ്രിൽ-ജൂൺ ലക്കത്തിൽ ‘തിയേറ്റർ’ വിഭാഗ
ത്തിൽ പവിത്രൻ കണ്ണപുരം എഴുതിയ ലേഖനമാണ് ഈ കുറിപ്പിന്
ആധാരം.
ഒരുപാട് കാലത്തിനുശേഷം മുംബയ് നഗരത്തിൽ മലയാളനാടകത്തിന്
പുതുജീവൻ തിരിച്ചുകിട്ടുന്ന ലക്ഷണമാണ് എന്നു
തോന്നുന്നു. ഭേദപ്പെട്ട ഏതെങ്കിലും പുതിയ നാടകം അരങ്ങത്ത്
അവതരിപ്പിക്കപ്പെട്ടു എന്നതുകൊണ്ടല്ല, നാടകം ചർച്ച ചെയ്യപ്പെ
ടേണ്ട ഒരു വിഷയമാണ് എന്ന ബോദ്ധ്യമെങ്കിലും പൊതുവെ ഉരു
ത്തിരിയുന്നു എന്നു തോന്നുന്നതുകൊണ്ട്. കാക്കയിലെ ഈ
ലേഖനംതന്നെ അതിനു തെളിവാണല്ലോ. കാക്കയ്ക്കും പവി
ത്രനും അഭിനന്ദനങ്ങൾ.
സൂര്യ നാടകോത്സവത്തിൽ പങ്കെടുക്കാൻ സാധിക്കാതെ
പോയതുകൊണ്ട് അവയുടെ വിലയിരുത്തലിലെ ഗുണദോഷ
വിചിന്തനത്തിലേക്ക് ഞാൻ കടക്കുന്നില്ല. ലേഖനത്തിലെ ഒരു
വാചകം പക്ഷെ എന്നെ ശരിക്കും ഞെട്ടിച്ചു എന്നുതന്നെ പറയണം.
”ഓരോ നാടകത്തിലെയും കഥാപാത്രങ്ങൾക്ക് അനുയോജ്യ
രായ കലാകാരന്മാരെ കണ്ടെത്തുന്നതിനു പകരം ട്രൂപ്പിലുള്ള നട
ന്മാർക്കു ചേർന്ന കഥാപാത്രങ്ങളുള്ള നാടകം അവതരിപ്പിക്കാനായി
തെരഞ്ഞെടുത്താൽ പണം മുടക്കുന്ന നാടകമുതലാളിക്ക്
അത് ലാഭകരമായിത്തീർന്നേക്കാം”. അല്ലപിന്നെ! ഈ നാടകാവതരണം
എന്ന ഏർപ്പാടുതന്നെ മുതലാളിയെ നന്നാക്കാനുള്ള ഒരു
ഉപാധിയല്ലെ സർ. അതിനിടയിൽ നല്ല നാടകം, അവതരിപ്പിച്ചു
കാണാൻ ആഗ്രഹമുള്ള നാടകം, മൈ ഫൂട്ട്. ഈ നാടകാവതരണ
രഹസ്യം മനസിലാക്കാതെ പോയ എന്നെപ്പോലുള്ള നാടകപ്രവ
ർത്തകർ ഗുണം പിടിക്കാതെ പോയതിന്റെ രഹസ്യം ഇപ്പോൾ
വ്യക്തം. പവിത്രനെ പോലുള്ള നാടകപ്രേമികൾ ഹൃദയത്തോടു
ചേർത്തുവച്ച ബോംബെയിലെ സാമ്പ്രദായിക നാടകവേദി
ഗുണവും മണവുമില്ലാത്ത ഒരു സംഭവമായിപ്പോയത് എന്തുകൊ
ണ്ടാണ് എന്നതിന്റെ ഉത്തരവും ഇതിൽ എവിടെയൊക്കെയോ
ഉണ്ടാവണം.
അതൊക്കെ പക്ഷെ ഓരോരുത്തരുടെ അഭിരുചിക്കൊത്തു
സംഭവിക്കേണ്ട കാര്യങ്ങൾ. എനിക്കതിൽ എന്തു കാര്യം. ചരിത്രം
പക്ഷെ അങ്ങനെയാവരുതല്ലോ. അത് ആരുടെ അഭിരുചിക്കനുസരിച്ചും
വളച്ചൊടിക്കാനും തമസ്‌കരിക്കാനും ഉള്ളതല്ലല്ലോ.
ഞാൻ ബോംബെയിൽ എത്തുന്നത് 1969-ൽ. സാഹിത്യവേദി
യിലും ബോംബെ മലയാള നാടകരംഗത്തും സക്രിയനാകുന്നത്
1971-ൽ. പവിത്രനും ഏകദശം ഈ കാലത്തുതന്നെയാകും
ബോംബെയിൽ നാടകപ്രവർത്തനങ്ങളിൽ വ്യാപൃതനാകുന്നത്
എന്നു ഞാൻ ഊഹിക്കുന്നു. ഒരുപക്ഷെ മുഖ്യധാരാ നാടകപ്രവർ
ത്തനവും അഭിനയവും പാട്ടെഴുത്തും ഒക്കെയായി തിരക്കിലായി
രുന്ന പവിത്രന് അക്കാലത്ത് മാർജിനലൈസ്ഡ് എന്നു പറയാവുന്ന
വ്യത്യസ്ത നാടകശ്രമങ്ങൾ ശ്രദ്ധിക്കാൻ സാധിച്ചിരിക്കയില്ല.
പിന്നെ ആശ്രയിക്കാവുന്നത് അഭിമുഖങ്ങളെയാണ്. പവിത്രൻ
അത് സമൃദ്ധമായി ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹംതന്നെ പറഞ്ഞു.
പക്ഷെ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ ചരിത്രം പുന:സൃഷ്ടി
ക്കാൻ ശ്രമിച്ചാൽ പറ്റാവുന്ന ഒരമളിയുണ്ട്; അഭിമുഖപ്പെടുന്ന
വ്യക്തി എത്ര പ്രശസ്തനോ പ്രശസ്തയോ ആവട്ടെ, ചരിത്രത്തിൽ
ഇടംതേടണമെന്ന് അവർ ആഗ്രഹിക്കുന്ന കാര്യങ്ങളേ പറയൂ.
ഞാനും അനന്തൻ ചേട്ടനും കൂടിയാണ് (ഈ അനന്തനും ഞാഞ്ഞൂളാകാം)
ബോംബെ നാടകവേദി താങ്ങിപ്പിടിച്ചിരുന്നത് എന്ന മട്ടി
ലുള്ള ഡയലോഗുകൾ കേട്ട് അന്തം വിട്ട് തരിച്ചിരിക്കുന്ന അഭിമുഖ
ക്കാരന്റെ ഗതി അധോഗതിതന്നെ.
എഴുപതുകളിൽ ബോംബെയിലെ ഏറ്റവും അറിയപ്പെടുന്ന
നാടകകാരൻ കുരിയാക്കോസ് ആയിരുന്നു. അദ്ദേഹത്തിന്റെ ‘കു
മ്പസാരം’, ‘കുടുംബദ്രോഹികൾ’ എന്നു തുടങ്ങുന്ന പല നാടക
ങ്ങളും വൻവിജയമായിരുന്നു. എന്റെ നാട്ടിൻപുറത്ത് വായനശാലാവാർഷികത്തിന്
ഞങ്ങൾ അവതരിപ്പിച്ച ‘വ്യത്യസ്ത നാടകം’
കുമ്പസാരം ആയിരുന്നു എന്ന് ഞാനോർക്കുന്നു. സി.എൽ. ജോസ്
നാടകങ്ങളിൽനിന്നുള്ള ഒരു വ്യതിയാനം. ബോംബെ കേരളീയ
സമാജത്തിനും പ്രതിഭാ തിയേറ്റേഴ്‌സിനും വേണ്ടി സ്വന്തം നാടക
ങ്ങൾ സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്ന കുരിയാക്കോസിനെ
ഞാൻ ഓർക്കുന്നു. ബോംബെ സാഹിത്യവേദി വഴി കുരിയാക്കോസ്
എന്റെ അടുത്ത സുഹൃത്തായിരുന്നു. കുരിയാക്കോസ്
ചെയ്ത നാടകത്തിൽ ഒരു ചെറുവേഷവും ഞാൻ ചെയ്തിട്ടുണ്ട്. എഴുപതുകളിൽ
കുരിയാക്കോസിന്റെ ‘കുപ്പിക്കല്ലുകൾ’ എന്ന നാടകസമാഹാരത്തിനാണ്
കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച
ത്. ഇതൊന്നും പക്ഷെ ബോംബെ നാടകവേദിയിലെ തിരക്കിൽ
ആമഗ്നനായ പവിത്രൻ അറിഞ്ഞിരിക്കില്ല. അതുപക്ഷെ കുരിയാക്കോസിന്റെ
തെറ്റായി കാണാമോ എന്നറിയില്ല.
ഇതേകാലത്ത് വ്യത്യസ്തമായ ഒരു നാടക സംസ്‌കാരവുമായി
ബോംബെയിൽ ജീവിച്ച ഒരു നാടകപ്രതിഭ നമുക്കുണ്ടായിരുന്നു –
നാണപ്പൻ. അറുപതുകളിൽ നാണപ്പൻ എഴുതി അവതരിപ്പിച്ച
‘ക്ഷേത്രം’ ബോംബെമലയാളിക്ക് വേറിട്ട ഒരനുഭവമായിരുന്നു. ആ
നാടകത്തിന്റെ ഇരുപത്തഞ്ചാം വർഷം ആഘോഷിക്കെ, നാണ
പ്പൻ അവതരിപ്പിച്ച ആ നാടകം കാണാനുള്ള ഭാഗ്യം എനിക്കു
ണ്ടായി. ശബ്ദാഭിനയത്തിന്റെ അനന്ത സാദ്ധ്യതകൾ അറിഞ്ഞ്
അനുഭവിപ്പിച്ചിരുന്ന ആ നിഷേധിയും തന്റേടിയുമായ നാടകാചാര്യനെ
കൂപമണ്ഡൂകങ്ങളായ അന്നത്തെ ബോംബെ സാമ്പ്രദായിക
നാടക ഉസ്താദുകൾ അകറ്റിനിർത്തി എന്നത് സ്വാഭാവികം. പക്ഷെ
കേരള സംഗീത നാടക അക്കാദമി അദ്ദേഹത്തെ അവാർഡു
നൽകി ആദരിച്ചു എന്നതും ചരിത്രം. അഭിമുഖങ്ങളോ, കഷ്ടപ്പെട്ടു
സമാഹരിച്ച നാടക നോട്ടീസുകളോ ഈ വിവരം പവിത്രന് കൊടു
ത്തിരിക്കില്ല. നാണപ്പേട്ടന്റെ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നെങ്കിൽ
ബോംബെ മലയാള നാടകവേദിയുടെ കഥ മറ്റൊന്നാവുമായിരു
ന്നു. പക്ഷെ ചരിത്രത്തിന് അതിന്റെ വഴികളാണല്ലോ.
ബോംബെയിലെ വ്യത്യസ്തമായ നാടകപ്രവർത്തനത്തിന്റെ
അടുത്ത പർവം ആരംഭിക്കുന്നത് കുരിയാക്കോസ് തമാശയായി
നടത്തിയ ഒരു വെല്ലുവിളിയിലൂടെയാണ്. ഒരു നാടകാവതരണാന
ന്തര ചർച്ചയാണ് വേദി. ചെയ്യുന്ന നാടകങ്ങളുടെ പരിമിതികളെ
ക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന കുരിയാക്കോസ് അന്ന് മലയാളത്തിലെ
നല്ല നാടകങ്ങളുടെ അഭാവത്തെക്കുറിച്ച് വാചാലനായി.
സംഭവം പൊതുവെ സത്യമാണെന്ന് എനിക്കും അറിയാം. പക്ഷെ
സി.ജെ. തോമസിന്റെ ‘1127-ൽ ക്രൈം 28’ വായിച്ച് ത്രിൽ അടിച്ചുനിന്നിരുന്ന
ഞാൻ ആ നാടകം എന്തേ ചെയ്യാത്തത് എന്ന് ചോദി
ച്ചു. ആത്മാർത്ഥമായ വിനയത്തോടെ കുരിയാക്കോസ് പ്രതികരി
ച്ചത് ഇന്നും ഞാൻ ഓർക്കുന്നു. ”ആ നാടകം ചെയ്യാനുള്ള വിഭവമോ
വിവരമോ എനിക്കില്ല. ബോംബെ മലയാളികളുടെ ഇടയിൽ
നെടുങ്ങാടിസാറിന് അതു കഴിഞ്ഞേക്കും. പക്ഷെ ഒരു മലയാളിസംരംഭത്തിനും
അദ്ദേഹം കൂട്ടുനിൽക്കില്ല”. ”വേണു ചെറു
പ്പമല്ലെ; ശ്രമിച്ചുനോക്ക്”. ആ കുത്ത് എനിക്ക് ശരിക്കും ഏറ്റു., ചെറു
2013 നഴഫസ ബടളളണറ 5 2
പ്പത്തിന്റെ ധാർഷ്ട്യത്തിൽ ഞാൻ ആ വെല്ലുവിളി ഏറ്റെടുത്തു. ഒരു
കൊല്ലത്തിനുള്ളിൽ ‘ക്രൈം’ ഞാൻ അവതരിപ്പിച്ചു കാണിക്കും
എന്ന് ഭള്ളും പറഞ്ഞു.
അപ്പോഴേക്കും സാഹിത്യവേദി വഴി പരിചയപ്പെട്ട ടി.എം. പുരുഷോത്തമൻ
നെടുങ്ങാടി എന്റെ ആരാധനാപാത്രമായി മാറിക്കഴി
ഞ്ഞിരുന്നു. ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമയുടെ സ്ഥാപകനായ
സാക്ഷാൽ അൽക്കാസിയുടെ ശിഷ്യൻ, ബഹുഭാഷാപണ്ഡിതൻ,
ശാസ്ര്തീയസംഗീതത്തിൽ അപാരജ്ഞാനി, കഥകളി കൂടിയാട്ടം മറ്റു
ക്ലാസിക്കൽ നൃത്തരൂപങ്ങൾ എന്നിവയിലുള്ള അഗാധമായ അറി
വ്, നാടകത്തെയും സാഹിത്യത്തെയും കുറിച്ച് കൃത്യമായ അറിവും
വ്യത്യസ്തമായ ധാരണകളും, കോഴിക്കോട് നാടായിരുന്ന കാലത്ത്
നാടകരംഗത്തെ വ്യത്യസ്ത പ്രതിഭയായിരുന്ന പ്രൊഫ. ശിവദാസമേനോന്റെ
ശിഷ്യത്വം (ശിവദാസമേനോന്റെ രണ്ടു നാടക ശിഷ്യന്മാരാണ്
ബോംബെയിൽ ഉണ്ടായിരുന്നത്. നെടുങ്ങാടി മാഷും,
അടുത്ത് നമുക്ക് നഷ്ടപ്പെട്ട പ്രസിദ്ധ പത്രപ്രവർത്തകൻ പി.കെ.
രവീന്ദ്രനാഥും. അവരുടെ അക്കാലത്തെ അഭിനയ ജീവിതത്തെ
പ്പറ്റി രവിയേട്ടൻ എഴുതിയ ലേഖനം എന്റെ ശേഖരത്തിലുണ്ട്).
ഏതായാലും എഴുപതുകളിലെ ബോംബെമലയാളികളുടെ ഇടയിലെ
ഏറ്റവും ദീപ്തമായ സാന്നിദ്ധ്യമായിരുന്നു നെടുങ്ങാടി മാഷ്.
ഞാൻ മുമ്പൊരിടത്ത് പറഞ്ഞതുപോലെ, അന്നത്തെ കോഴിക്കോടിന്
എന്തായിരുന്നോ എൻ.വി. കൃഷ്ണവാരിയർ, മദിരാശിക്ക്
എന്തായിരുന്നോ എം. ഗോവിന്ദൻ, അതായിരുന്നു അന്നത്തെ
ബോംബെയ്ക്ക് ടി.എം.പി.
ഏതുസമയത്തും എന്തു സംശയവുമായി അദ്ദേഹത്തിന്റെ കലീ
നവീട്ടിൽ കേറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പത്‌നി സരസ്വതി നേത്യാർ അറിയപ്പെടുന്ന ഒരു
കഥകളി നർത്തകി ആയിരുന്നു. നഗരത്തിൽ അന്ന് അരങ്ങേറിയി
രുന്ന പല കഥകളി ബാലെകളിലെയും കേന്ദ്രകഥാപാത്രം അവരായിരുന്നു.
ഭാരമേറിയ കഥകളി കിരീടം വച്ചുള്ള നൃത്തം ആരോഗ്യത്തെ
ബാധിക്കാൻ തുടങ്ങിയപ്പോൾ അവർ അരങ്ങിൽനിന്ന്
പിന്മാറുകയായിരുന്നു. അവരുടെ മൂത്തമകൾ താമരയെ കണക്കു
പഠിപ്പിക്കുന്ന ദൗത്യവും അന്നെനിക്കുണ്ടായിരുന്നു. താമരയ്ക്ക്
കണക്കൊക്കെ പറഞ്ഞുകൊടുത്ത് ഇരിക്കുമ്പോഴേക്കും മഹീന്ദ്ര
ആന്റ് മഹീന്ദ്രയിലെ വളരെ ഉയർന്ന തസ്തികയിൽ ജോലി ചെയ്തി
രുന്ന നെടുങ്ങാടി മാഷ് വീട്ടിലെത്തും. പിന്നെ നാട്യശാസ്ര്തം, കഥകളി,
സ്റ്റാനിസ്ലാവ്കി, ഗ്രോട്ടോവ്‌സ്‌കി, ബ്രഹ്ത് അങ്ങനെ ചർച്ച
കൾ നീണ്ടുപോകും. രാത്രി വളരെ വൈകുന്നതുവരെ അദ്ദേഹം
പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചുകഴിഞ്ഞ ആ കാലമായിരുന്നു എന്റെ
ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എന്ന് ഞാൻ ഇന്ന്
തിരിച്ചറിയുന്നു.
ഏതായാലും അടുത്ത ദിവസംതന്നെ മാഷെ പോയി കണ്ടു.
കലീനയിലെ വീട്ടിലെ സ്വീകരണ മുറിയിൽ വിരിച്ച തടുക്കുപായയിൽ
നിവർന്നിരിക്കുന്ന മാഷോട് ഞാൻ അല്പം പരിഭ്രമത്തോടെ
കാര്യം പറഞ്ഞു. ഒരു ചെറുചിരിയോടെ എല്ലാം മൂളിക്കേട്ട മാഷ്
ചോദിച്ചു: ”വേണുവിന് തിരക്കില്ലല്ലോ, ഊണുകഴിഞ്ഞ് പോയാൽ
പോരേ”.
പിന്നെ പതിവുപോലെ നഗരത്തിൽ അരങ്ങേറാൻ പോകുന്ന
പ്രധാന അന്യഭാഷാനാടകങ്ങൾ, അതിൽ അവശ്യം കാണേണ്ടവ,
പ്രധാന സിനിമകൾ, മറ്റു പരിപാടികൾ, അടുത്ത സാഹിത്യവേദി
ചർച്ച അങ്ങനെ നീണ്ടു. ഇതിനിടയിൽ മാഷ് പറഞ്ഞു: ”വേണു
പറഞ്ഞ കാര്യം നമുക്ക് ചെയ്യാം. റിഹേഴ്‌സലിന്റെ എല്ലാ കാര്യവും,
നടന്മാർ ഉൾപ്പെടെ വേണു ഏൽക്കണം. ആലോചിച്ചുനോക്കൂ”.
എന്താലോചിക്കാൻ, ഞാൻ ഉടനെ സമ്മതിച്ചു. ”എന്നാൽ വേണു
തയ്യാറാകുമ്പോൾ പറയൂ. ഒരു കാര്യം കൂടി. റിഹേഴ്‌സൽ തുടങ്ങു
ന്നതിനു മുമ്പ് നമുക്ക് ഒരു വർക്‌ഷോപ്പ് വേണം. നടന്മാരെ നാടകം
പഠിപ്പിക്കാൻ. അത് ഒരു ഹിന്ദി നാടകമാകാം. സാധിച്ചാൽ അത്
ചെയ്യുകയുമാവാം. ധരം വീർ ഭാരതിയുടെ ‘അന്ധായുഗ്’. അടുത്തി
ടെ സത്യദേവ് ദുബെ അത് ചെയ്തിരുന്നു. ഗംഭീരം”. മാഷ് ‘അന്ധായുഗി’ന്റെ
കോപ്പിയും തന്നാണ് എന്ന പറഞ്ഞുവിട്ടത്.
ബോംബെയിൽ ആരംഭിച്ച ശാസ്ര്തസാഹിത്യപരിഷത്തിന്റെ
(മലയാളം) പത്താംവാർഷികം ഗംഭീരമായി ആഘോഷിക്കണം
എന്നു തീരുമാനിച്ചിരുന്ന സമയമായിരുന്നു. കലാ സാംസ്‌കാരിക
പരിപാടികളുടെ മുഴുവൻ ചുമതലയും എനിക്കായിരുന്നു. വാർഷി
കത്തിലെ കലാപരിപാടിയിൽ ഈ ഹിന്ദിനാടകം എന്തുകൊണ്ടായിക്കൂടാ
എന്നായി എന്റെ ചിന്ത. കഴിയുന്നതും വേഗം ഒരു
കമ്മിറ്റി മീറ്റിംഗ് വിളിച്ച് ഞാൻ വിഷയം അവതരിപ്പിച്ചു. ഡോ.
എം.പി. പരമേശ്വരൻ, ഡോ. എ.പി.എസ്. രമണി, എ.കെ. ഗോവി
ന്ദൻ, ഡോ. എ.പി. ജയരാമൻ, ഡോ. ശേഷയ്യങ്കാർ, ഡോ. ടി.എസ്.
മുരളീധരൻ എന്നു തുടങ്ങുന്ന കമ്മിറ്റിയംഗങ്ങൾ പൂർണസമ്മതം.
നെടുങ്ങാടി സാർ നമുക്കു വേണ്ടി ഒരു ഹിന്ദിനാടകം അരങ്ങേറ്റുമെങ്കിൽ
അതല്ലേ അഭികാമ്യം, പരിഷത് വാർഷികത്തിന് ഒരു സാർ
വദേശീയമുഖം. പിന്നെ എല്ലാം എളുപ്പമായിരുന്നു. അണുശക്തിനഗർ
സ്‌കൂളിൽ റിഹേഴ്‌സൽ നടത്താനുള്ള അനുവാദം സംഘടിപ്പി
ച്ചു. പിന്നെ നടന്മാരെ കണ്ടുപിടിക്കലായി. പരിഷത് വാർഷികം
1976 മാർച്ച് 27, 28 എന്ന് തീരുമാനിച്ചിരുന്നു. ഇതെല്ലാം നടക്കുന്നത്
1975 സെപ്തംബറിൽ. ഞാൻ മാഷെ കണ്ടു വിവരം പറഞ്ഞു;
ധാരാളം സമയമുണ്ടല്ലോ എന്ന ധാരണയോടെ. മാഷുടെ പ്രതികരണം
എന്നെ ഞെട്ടിച്ചു: ”ഇനി ആറുമാസമല്ലേ ഉള്ളൂ. പറ്റിയാൽ
നമുക്ക് റിഹേഴ്‌സൽ അടുത്തയാഴ്ചതന്നെ തുടങ്ങാം”. ശരി എന്നു
പറഞ്ഞിറങ്ങിയെങ്കിലും എനിക്കാതെ അങ്കലാപ്പായിരുന്നു. ഞങ്ങ
ളുടെ നാട്ടിൻപുറത്ത് ഏതു ഗംഭീരൻ നാടകം അരങ്ങേറുമ്പോഴും
നടന്മാരുടെ തീരുമാനമായാൽ, കാശുള്ള നടന്മാർ നാടകത്തിന്റെ
കോപ്പി (അങ്ങനെ അധികം പേർ ഉണ്ടാവാറില്ല) വില കൊടുത്തു
വാങ്ങും. ബാക്കി നടന്മാർക്ക് അവരുടെ ഭാഗം പകർത്തിയെഴുതി
ക്കൊടുക്കും. എല്ലാവരും സ്വന്തം ഡയലോഗുകൾ മനപ്പാഠമാക്കി
എന്ന് ഏറ്റുപറയുമ്പോൾ റിഹേഴ്‌സൽ തുടങ്ങും. നാടകം അവതരിപ്പിക്കുന്ന
സംഘടന (സാധാരണ സ്ഥലം വായനശാല) പണം
കൊടുത്തു വാങ്ങിയ നാടകത്തിന്റെ നാലോ അഞ്ചോ പ്രതികൾ
യഥാക്രമം സംവിധായകൻ, പ്രോംപ്റ്റർമാർ എന്നിവരുടെ
സ്വകാര്യ സ്വത്തായിരിക്കും. സത്യത്തിൽ ഡയലോഗുകളൊക്കെ
ഗൗരവമായി പഠിക്കുന്നത് ഈ രണ്ടുകൂട്ടരുമാണ്. പിന്നെ
റിഹേഴ്‌സൽ. ഒരു നടനും ഡയലോഗുകൾ ഓർത്തുപറഞ്ഞ അനുഭവം
എനിക്കില്ല. നാടകത്തിന്റെ കോപ്പിയുമായി ഓടിപ്പാഞ്ഞു നട
ക്കുന്ന സംവിധായകൻ പേർത്തും പേർത്തും വായിച്ചു കൊടു
ക്കുന്ന സംഭാഷണങ്ങൾ ആളുതെറ്റാതെ നടന്മാർ പറയാൻ തുട
ങ്ങുമ്പോൾ റിഹേഴ്‌സൽ ക്യാമ്പ് ഉഷാറാകും; പിന്നെ ഇപ്പണി
പ്രോംപ്റ്റർമാർ ഏറ്റെടുക്കും. സംവിധായകൻ ഒഴിച്ചുള്ള അക്ഷരാഭ്യാസമുള്ള
കമ്മിറ്റിമെംബർമാരാണ് പ്രോംപ്റ്റർമാർ, അഭിനയിക്കാ
ത്തവർ മാത്രം. സംവിധായകൻ നേരത്തെ പോയി പ്രൊഫഷണൽ
നടികൾക്ക് സംഭാഷണത്തിന്റെ കോപ്പി കൊടുത്തിരിക്കും.
സത്യത്തിൽ പണം വാങ്ങി നാടകത്തിൽ അഭിനയിക്കാൻ വരുന്ന
പ്രൊഫഷണൽ നടിമാരെ ഏർപ്പാടാക്കാൻ മാത്രം കെല്പുള്ള ഭാരവാഹിയാണ്
സംവിധായകനായി വേഷമിടുന്നത്; കമ്മിറ്റിയിലെ
ഒരു താരം. പ്രൊഫഷണൽ നടിമാർ കൂടിയാൽ രണ്ടാഴ്ച
റിഹേഴ്‌സലിനു വരും. അതും അമ്മയെയൊക്കെ കൂട്ടി ആർഭാടമായി.
സംഘാടകരിൽ ആരെങ്കിലും പോയി ബസ്സിൽ സംഘത്തെ
കൂട്ടിക്കൊണ്ടുവരും. നടിമാർ വരുന്ന ദിവസം പശ്ചാത്തല സംഗീ
തക്കാർ ഉപകരണങ്ങളുമായി വന്നിരിക്കും. ഈ ഏർപ്പാടിനെ
2013 നഴഫസ ബടളളണറ 5 3
ഞങ്ങൾ ‘ഫുൾ റിഹേഴ്‌സൽ’ എന്നു വിളിക്കും. ഇതിന്റെ എണ്ണം
പരമാവധി കുറയ്ക്കണം. സംഘടനയുടെ ബലം-പണം. അതുതന്നെ
വിഷയം. ഊണ്, ചായ, ബസുകൂലി. എന്റെ നാടകസംഘ
ത്തിലെ ഏറ്റവും പ്രബലൻ ഒരു ടാക്‌സി ഡ്രൈവർ ആയിരുന്നു;
റിഹേഴ്‌സൽ എത്ര നീണ്ടാലും നടിമാരെ വീട്ടിലെത്തിക്കാൻ
കെല്പുള്ള ധീരൻ, ഗോപാലേട്ടൻ പ്രധാന നടനായത് അഭിനയമി
കവു കൊണ്ടു മാത്രമായിരുന്നില്ല. ആ അനുഭവ സമ്പത്തിന്റെ അടി
സ്ഥാനത്തിൽ മാഷുടെ പ്രസ്താവന എനിക്കുൾക്കൊള്ളാനേ ആയി
ല്ല. മാഷുടെ റിഹേഴ്‌സൽ തുടങ്ങിയപ്പോഴാണ് കാര്യം പിടികിട്ടുന്ന
ത്. ആദ്യത്തെ രണ്ടാഴ്ച വെറും നാടകവായന. അന്ധായുഗ് മഹാഭാരതത്തെ
അടിസ്ഥാനമാക്കിയുള്ള ഒരു രംഗസൃഷ്ടിയാണ് –
എല്ലാവരും തോൽക്കുന്ന ഒരു മഹായുദ്ധത്തിന്റെ വിശ്ലേഷണം.
പല ദിവസങ്ങളിലും നാടകവായന രണ്ടോ മൂന്നോ വരിക്കപ്പുറം
പോവില്ല. നെടുങ്ങാടിമാഷുടെ വാചാലമായ വിശദീകരണം – നർ
ത്തകരുടെ പ്രസക്തി, കഥാഗായകൻ എന്ന സൂത്രധാരന്റെ ധർമം
അങ്ങനെ. പത്തുദിവസം കഴിഞ്ഞപ്പോഴേക്കും നാടകം സംഭാഷണങ്ങൾക്കപ്പുറമുള്ള
ഒരു വികാരമായി ഓരോ നടനും ഉൾക്കൊ
ള്ളാൻ തുടങ്ങി. കഥാപാത്രമായുള്ള ശരിയായ പരകായപ്രവേശം.
നാടകാവതരണത്തിന്റെ മുഴുവൻ ചുമതലയും എനിക്കായിരുന്നു.
നാടകം അവതരിപ്പിക്കാൻ ഒരു സംഘടന ഉണ്ടാക്കി – ‘കൂത്തുമാടം’.
ഇരുപതിൽ കൂടുതൽ കഥാപാത്രങ്ങളുള്ള നാടകത്തിന് നട
ന്മാരെ തേടുന്നത് ഒരു ജോലിതന്നെയായിരുന്നു. ദിവാകരൻ, സുശീ
ലൻ, പ്രവീൺകുമാർ, രാമൻ, ടി.എസ്. നായർ. എന്നും പ്രതികളെ
ഞാൻ ഹാജരാക്കും. മാഷ് ആരെയും മടക്കിയില്ല. മലയാളത്തിന്റെ
മധുരം കളയാതെ പറഞ്ഞ ഹിന്ദി ഫലത്തിൽ മലയാളം മട്ടായി;
റിഹേഴ്‌സൽ സ്ഥിരമായി കാണാൻ വന്നിരുന്ന കമലാചന്ദ്രകാന്തും
അനന്ത പൈയുമൊക്കെ (അമർ ചിത്രകഥാ സീരിസിന്റെ സൃഷ്ടാവ്)
ഹിന്ദി ഉച്ചാരണത്തിലെ ഈ അപാകം ചൂണ്ടിക്കാണിച്ചെങ്കിലും
മാഷ്‌ക്ക് ഒരു കുലുക്കവുമുണ്ടായില്ല; താൻ നാടകം ചെയ്യുന്നത് വട
ക്കന്റെ ഹിന്ദിയിലല്ല മറിച്ച് ദേശീയഭാഷയായ ഹിന്ദിയിലാണ്
എന്നായിരുന്നു മാഷുടെ വിശദീകരണം. മലയാളം വടിവുള്ള ഹിന്ദി
കേട്ട് ഞങ്ങൾ ചിലർ ചിരിച്ചെങ്കിലും മാഷുടെ മുഖത്ത് ഒരു ഭാവവും
വരില്ല. കവിഞ്ഞ ക്ഷമയോടെ ഭാഷ നേരെയാക്കാൻ അദ്ദേഹം
ശ്രമിച്ചുകൊണ്ടേയിരുന്നു. ധൃതരാഷ്ട്രർ നായരുടെ ഹിന്ദിയായി
രുന്നു ഏറ്റവും പരിതാപകരം. ഒരു ഘട്ടത്തിൽ അദ്ദേഹത്തെ
മാറ്റുന്ന കാര്യം ഞാൻ സൂചിപ്പിച്ചു. മാഷ് പക്ഷെ അക്ഷോഭ്യനായി
രുന്നു. ”ഇൗ നാടകം അരങ്ങേറുന്നുണ്ടെങ്കിൽ ധൃതരാഷ്ട്രർ
എൻ.എസ്. നായർതന്നെയായിരിക്കും” അദ്ദേഹം പറഞ്ഞു.
ഗാന്ധാരിയുടെ വേഷം ചെയ്യാൻ പ്രാപ്തയായ ഒരു വനിതയെ
കണ്ടെത്തൽ പക്ഷെ എളുപ്പമായിരുന്നില്ല. എ.കെ. ഗോവിന്ദൻ
തന്റെ മൂത്ത സഹോദരി ലീലാമണി രാധാകൃഷ്ണനെ
റിഹേഴ്‌സൽ കാണാൻ ഗോരിഗോണിൽനിന്ന് കൊണ്ടുവന്നു.
സംഗീതാദ്ധ്യാപികയായ ലീലാമണിക്ക് മാഷെയും ഞങ്ങളുടെ
അച്ചടക്കവും ബോധിച്ചു. അങ്ങനെ ഒരു രാജ്ഞിയുടെ ആജ്ഞാശക്തിയും
അംഗവടിവുമുള്ള ലീലാമണി ഗാന്ധാരിയായി. ഞാൻ
പ്രഹരിയുടെ ചെറുറോൾ കൈകാര്യം ചെയ്തു; രാത്രി വൈകി
റിഹേഴ്‌സൽ കഴിഞ്ഞ് പിരിയുമ്പോൾ മാഷ് എന്നെ കാറിൽ
ഘാട്‌കോപറിൽ വിടും. ഫെബ്രുവരി ആയപ്പോഴേക്കും നടന്മാർക്ക്
നല്ല ആത്മധൈര്യമായി. മാർച്ച് 28-ന് നാടകം അരങ്ങേറി. അണുശക്തിനഗറിലെ
ജൂനിയർ കോളേജിൽ പല തട്ടുകളിലായി ഒരുപാട്
സ്‌പോട്‌ലൈറ്റുകളുടെ പ്രകാശസംയോജനത്തിൽ ചെയ്ത അന്ധായുഗ്
ഒരു ദൃശ്യവിസ്മയംതന്നെയായിരുന്നു. ഗുരു കൃഷ്ണപ്പണി
ക്കരും വാസുപ്പണിക്കരും കൂടി ചെണ്ടയും മദ്ദളവും തിമിലയും ഉപയോഗിച്ച്
ഒരുക്കിയ ശബ്ദവിസ്മയം (ചെണ്ടയിൽ വാസുപ്പണിക്കർ
തീർത്ത കുരുക്ഷേത്രത്തിൽ കുതിരക്കുളമ്പടിയും കുതിരകളുടെ
ചിനക്കവും ഒന്നു കണ്ണടച്ചു ധ്യാനിച്ചാൽ ഇന്നും എനിക്കു കേൾ
ക്കാം). മഗൻലാൽ ഡ്രസ്‌വാലയുടെ വേഷവൈവിധ്യം, മെർക്കോ
ഗോപിയുടെ ലൈറ്റും സെറ്റും ശബ്ദവും സൃഷ്ടിച്ച മായാപ്രപഞ്ചം.
അന്ധായുഗ് കാണാൻ ഭാഗ്യമുണ്ടായ പഴമക്കാർ ഇന്നും ഗൃഹാതുരത്വത്തോടെ
ആ അവതരണം ഓർക്കുന്നു. ഭീമമായ നിർമാണ
ചെലവ് ഒരിക്കൽ കൂടി നാടകം അരങ്ങേറ്റുന്നതിൽനിന്ന് ഞങ്ങളെ
പിന്തിരിപ്പിച്ചു. വർഷങ്ങൾക്കുശേഷം മണിപ്പൂരി നാടകാചാര്യൻ
രതൻ തിയ്യം അന്ധായുഗ് അരങ്ങേറ്റുന്നതു കണ്ടപ്പോൾ എനിക്കു
ബോദ്ധ്യമായി – നെടുങ്ങാടി മാഷ് അന്നു ചെയ്ത അന്ധായുഗ് ഒട്ടും
മോശമായിരുന്നില്ല. ഏതായാലും എഴുപതുകളിൽ ഒരു ഓൾ മലയാളി
സംഘം ഹിന്ദിയിൽ അവതരിപ്പിച്ച തികച്ചും വ്യത്യസ്തമായ
നാടകമായിരുന്നു അന്ധായുഗ്.
മാഷ് പണ്ടേ സമ്മതിച്ചിരുന്നപോലെ അടുത്ത ഊഴം ‘1127-ൽ
ക്രൈം 28’-നുതന്നെ കേരളത്തിൽപോലും അധികമാരും ചെയ്യാൻ
ധൈര്യം കാണിക്കാതിരുന്ന സി.ജെ. തോമസിന്റെ വിവാദനാടകം
അരങ്ങേറ്റുക എന്ന ചരിത്രദൗത്യം നെടുങ്ങാടിമാഷുടെ നേതൃത്വ
ത്തിൽ ‘കൂത്തുമാടം’ ഏറ്റെടുത്തു. അന്ധായുഗിന്റെ വിജയത്തിനുശേഷം
നടന്മാരെ കണ്ടെത്തുക എളുപ്പമായിരുന്നു. നാടകത്തിലെ
ഗുരുവാകാൻ നിയോഗം എനിക്കായിരുന്നു. വി.ടി. വാസുദേവൻ
ശിഷ്യനായി. അഷ്ടമൂർത്തി കോടതി ഗുമസ്തൻ, ദിവാകരൻ പത്രറിപ്പോർട്ടർ,
അന്ധായുഗിലെ സഞ്ജയൻ പ്രവീൺ, സുശീലൻ –
അങ്ങനെ ഇത്തവണ റിഹേഴ്‌സൽ ലളിതമായിരുന്നു. ഡോ. മധുസൂദനൻ
നായർ ജഡ്ജി, അദ്ദേഹത്തിന്റെ ഭാര്യ രാധ ആർപ്പൂക്ക,
കമലാചന്ദ്രകാന്ത് മരിച്ച മത്തായിയുടെ ഭാര്യ, അങ്ങനെപോയി
താരനിര. മലയാളം ശീലമില്ലാത്ത കമല റിഹേഴ്‌സൽ കുറച്ചായപ്പോഴേക്കും
മണിമണിപോലെ മലയാളം ‘പേശാൻ’ തുടങ്ങി. മഴ
മാറി ഓണത്തിനുശേഷം 76 സെപ്തംബറിൽ ‘ക്രൈം’ അണുശക്തി
നഗറിൽ അരങ്ങേറി. കുരിയാക്കോസ്, എ.കെ. നായർ, ബാബുരാ
ജ്, നാണപ്പൻ, അച്യുതൻ, ചന്ദ്രൻ നായർ, കുറുപ്പുമാഷ് –
അന്നത്തെ ബോംബെ നാടകവേദിയിലെ പ്രഗത്ഭന്മാരൊക്കെ
അണുശക്തിനഗറിലെ അരങ്ങേറ്റം കാണാനെത്തി. വെളിച്ചവും
സെറ്റും ശബ്ദവും മെർക്കോ ഗോപി. സ്റ്റേജ് പ്രോപ്പർടീസ് ഞങ്ങൾ
ഉണ്ടാക്കി. അണുശക്തിനഗർ സ്‌കൂളിൽ പല തട്ടുകളും പീഠങ്ങളുമായി
ഒരുക്കിയ വേദിയിൽ നിയന്ത്രിത വെളിച്ചത്തിൽ അരങ്ങേ
റിയ നാടകം ഒരു വൻവിജയമായിരുന്നു. ബോംബെ മലയാളി എഴുപതുകളിൽ
കണ്ട ആദ്യത്തെ വ്യത്യസ്ത മലയാള നാടകമായിരുന്നു
‘ക്രൈം’. ഈ ചരിത്രസത്യമാണ് പവിത്രൻ തമസ്‌കരിച്ചത്.
അതിന്റെ പിൻബലം ഏത് അഭിമുഖമായാലും അത് അക്ഷന്തവ്യ
മായ ഗുരുനിന്ദയാണ്. ഈ നാടകത്തിന്റെ പൂർണമായ നിർമാണ
ചുമതല എനിക്കായിരുന്നു. കാണികൾ, ഹാൾ, പണം അങ്ങനെ.
ഈ നാടകം ബോംബെ ഐ.ഐ.ടി. അടക്കം പല സ്ഥലത്തും
അരങ്ങേറ്റാൻ എനിക്കായി. മലയാളിയുടെ നിത്യശാപമായ മൂപ്പി
ളമത്തർക്കം അപ്പോഴേക്കും കൂത്തുമാടത്തെയും ഗ്രസിച്ചുകഴിഞ്ഞി
രുന്നു. സ്വയംഭൂക്കൾ എന്നു സ്വയം വിശ്വസിച്ച മഹാനടന്മാരുടെ
ചക്കളത്തിപ്പോരാട്ടം കണ്ടുമടുത്ത് ഇനിയും ഈ നാടകം അവതരിപ്പിക്കേണ്ട
എന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു.
കുരിയാക്കോസ്, എ.കെ. നായർ, അഴകേശൻ എന്നിവരുടെ
നേതൃത്വത്തിൽ ‘നാടകവേദി’ എന്ന സംഘടന ബോംബെയിൽ
നിലനിന്നിരുന്നു. ക്രൈമിന്റെ വിജയം വ്യത്യസ്തമായി എന്തെങ്കിലും
ചെയ്യുക എന്ന അവരുടെ പ്രഖ്യാപിത ലക്ഷ്യത്തിന് വഴിമരുന്നായി.
ഒരു നീണ്ട കാലയളവിനുശേഷം വളരെ ആകർഷകമായ സമ്മാനങ്ങളോടെ
ഒരു ഏകാങ്ക നാടകമത്സരം അവർ ബോംബെയിൽ
പ്രഖ്യാപിച്ചു. ഞാനും ദിവാകരനും കൂടി ‘പുറപ്പാട്’ എന്ന സംഘ
2013 നഴഫസ ബടളളണറ 5 4
ടന രൂപീകരിച്ച് ആ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചു. അതി
നുവേണ്ടി ദിവാകരൻ ‘ലഗേജ്’ എന്ന ഒരു ലഘുനാടകം എഴുതി.
എന്റെ വീട്ടിൽ ഞങ്ങൾ രണ്ടുപേരും കൂടിയിരുന്ന് വായിച്ചു തിരുത്തി
നാടകം അന്നുതന്നെ മത്സരത്തിനു സമർപ്പിച്ചു. ലഗേജിന്റെ സംവി
ധാനം ഞാനായിരുന്നു. ഷണ്മുഖാനന്ദ ഹാളിൽ നടന്ന മത്സര
ത്തിൽ അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട ആറു നാടക
ങ്ങളിൽ മൂന്നെണ്ണം തികച്ചും വ്യത്യസ്തവും പുതിയതുമായിരുന്നു.
ഞങ്ങളുടെ ‘ലഗേജ്’, ഡോ. ഹരികുമാർ എഴുതി അവതരിപ്പിച്ച ‘ആ
ൾക്കൂട്ടത്തിൽ ഈ ഞാൻ’, എസ്. ശങ്കരനാരായണന്റെ ‘എപ്പിലോഗ്’.
മത്സരത്തിൽ അവതരണത്തിനുള്ള ഒന്നാംസമ്മാനം എപ്പി
ലോഗ് നേടി. സംവിധാനത്തിനുള്ള ഒന്നാംസമ്മാനം, അവതരണ
ത്തിന് രണ്ടാംസമ്മാനം, നടനും നടിക്കുമുള്ള ഒന്നാംസമ്മാനം
എന്നിവ ലഗേജ് നേടി. ഞങ്ങൾ ഇദപര്യന്തം അവതരിപ്പിച്ച
ഏറ്റവും വിജയിച്ച നാടകമായിരുന്നു ‘ലഗേജ്’. ബോംബെയിൽ ഉടനീളം
മൂന്നുമാസത്തിനുള്ളിൽ ഈ നാടകം ഇരുപതോളം അരങ്ങുകളിൽ
അവതരിപ്പിച്ചു. വേറെ നാടകം ചെയ്യുന്ന തിരക്കിൽ ഞങ്ങ
ൾതന്നെ ലഗേജിന്റെ അവതരണം നിർത്തിവയ്ക്കുകയായിരുന്നു.
തുടർന്ന് ദിവാകരൻ എഴുതിയ ‘മോർഗ്’, ‘മുക്കുവനും ഭൂതവും’
എന്നീ നാടകങ്ങൾ നെടുങ്ങാടി മാഷ് സംവിധാനം ചെയ്ത് അവതരിപ്പിച്ചു.
അടുത്തതായി ഞങ്ങൾ ചെയ്ത നാടകം ശങ്കരനാരായണന്റെ
‘അനുബന്ധം’ ആയിരുന്നു എന്നാണോർമ. നെടുങ്ങാടി
മാഷ് മുഖ്യവേഷം അഭിനയിച്ച ഈ നാടകവും സംവിധാനം
ചെയ്തത് ഞാനായിരുന്നു. ഛബിൽദാസ് സ്‌കൂളിൽ ഒരു മലയാളി
സംഘടന അവതരിപ്പിച്ച ആദ്യനാടകം മോർഗ് ആയിരുന്നു. തുട
ർന്ന് എല്ലാ നാടകങ്ങളും അവിടെതന്നെ. ഒരു പുതിയ നടിയെയും
‘അനുബന്ധ’ത്തിന് ഞങ്ങൾ കണ്ടുപിടിച്ചു. ശ്രീദേവി നമ്പൂതിരി.
മറ്റൊരു പ്രധാന നടൻ ഗംഗാധരൻ ആയിരുന്നു. ഇപ്പോൾ അഡ്വർ
ടൈസിംഗ് രംഗത്തെ ഏറ്റവും ശ്രദ്ധേയനായ താടിക്കാരൻ ഗംഗാധരൻ.
അനുബന്ധവും വൻവിജയമായിരുന്നു. അടുത്തത് ദിവാകരൻ
എഴുതി ഡോ. കെ.എൻ. സുശീലൻ സംവിധാനം ചെയ്ത ‘മൃത്യു
ഞ്ജയം’. ഇത് പ്രതിഭാ തിയേറ്ററിന്റെ മത്സരത്തിലാണ് ആദ്യം അവതരിപ്പിച്ചത്,
മാട്ടുംഗ വിശ്വേശ്വരയ്യ ഹാളിൽ; പുറപ്പാടിന്റെ ബാനറിൽ
എന്റെ നേതൃത്വത്തിൽ. കൊടുങ്ങല്ലൂർകാരൻ ഉണ്ണിരാജയും
ദിവാകരനും ചേർന്നഭിനയിച്ച ഈ നാടകവും അവതരണം, സംവി
ധാനം, അഭിനയം എന്നിവയിൽ ഒന്നാംസമ്മാനം നേടി. അടുത്ത
വർഷത്തെ പ്രതിഭാ മത്സരത്തിൽ അവതരിപ്പിച്ചത് ദിവാകരൻ
എഴുതി മാനസി സംവിധാനം ചെയ്ത മൂന്നു ചുമരുകളുള്ള മുറി, അഭി
നേതാക്കൾ മാനസിയും ദിവാകരനും, നിർമാണം പുറപ്പാടിന്റെ
ബാനറിൽ ഞാൻതന്നെ. എല്ലാ സമ്മാനങ്ങളും പതിവുപോലെ
ഞങ്ങൾക്ക്. അതോടെ ഇനി മത്സരങ്ങളിൽ പങ്കെടുക്കേണ്ടതില്ല
എന്ന തീരുമാനവും ഞങ്ങൾ എടുത്തു. നാടകരംഗത്ത് അക്കാലത്ത്
മുന്നോട്ടു വന്നുകൊണ്ടിരുന്ന ചെറുപ്പക്കാരുടെ ഉത്സാഹം
നശിപ്പിക്കാനേ ഞങ്ങളുടെ പങ്കെടുക്കൽ സഹായിക്കൂ എന്ന തിരി
ച്ചറിവായിരുന്നു കാരണം.
കൂത്തുമാടം, പുറപ്പാട്, കളരി എന്നീ സംഘടനാപേരുകളിൽ
(കുറെക്കൂടി വിപുലമായ അടിത്തറ വേണം എന്നു കരുതി നട
ത്തിയ പേരുമാറ്റം) 1976 മുതൽ 1986 വരെ നെടുങ്ങാടിയും ശിഷ്യ
ന്മാരും മുംബയിൽ അവതരിപ്പിച്ച ചില നാടകങ്ങളുടെ ലിസ്റ്റ് – നാടകം,
രചന, സംവിധാനം എന്ന ക്രമത്തിൽ.
1. അന്ധായുഗ് *
– ധരംവീർ ഭാരതി – ടി.എം.പി. നെടുങ്ങാടി
2. 1127-ൽ ക്രൈം 28 – സി.ജെ. തോമസ് – ടി.എം.പി. നെടുങ്ങാടി
3. ലഗേജ് *
– പി.എ. ദിവാകരൻ – ഡോ. എ. വേണുഗോപാലൻ
4. മോർഗ് – പി.എ. ദിവാകരൻ – ടി.എം.പി. നെടുങ്ങാടി
5. മുക്കുവനും ഭൂതവും – പി.എ. ദിവാകരൻ – ടി.എം.പി. നെടുങ്ങാടി
6. അനുബന്ധം – എസ്. ശങ്കരനാരായണൻ – ഡോ. എ. വേണുഗോപാലൻ
7. മൂന്നു ചുവരുകളുള്ള മുറി – പി.എ. ദിവാകരൻ – മാനസി
8. തിരിച്ചുവരവ് – പി.എ. ദിവാകരൻ – പി.എ. ദിവാകരൻ
9. പഴയ കഥയും പുതിയ രംഗവും – പി.എ. ദിവാകരൻ – കെ.വി.
പ്രകാശ്
10. ഇന്റർവ്യൂ – പി.എ. ദിവാകരൻ – പി.എ. ദിവാകരൻ
11. മൃത്യുഞ്ജയം – പി.എ. ദിവാകരൻ – ഡോ. കെ.എൻ. സുശീലൻ
12. സംഭവാമി യുഗേ യുഗേ – പി.എ. ദിവാകരൻ – പി.എ. ദിവാകരൻ
13. വാടകവീട് – അസീസ് – ഡോ. എ. വേണുഗോപാലൻ
14. റിഹേഴ്‌സൽ – പി.എ. ദിവാകരൻ – ഡോ. ഹരികുമാർ
* മലയാളത്തിലും ഹിന്ദിയിലും
ഒന്നും അരയും ഒക്കെ നാടകങ്ങൾ ചെയ്തവരുടെ പേര് കൃത്യ
മായി ഓർത്തുപറയുന്ന പവിത്രന് നെടുങ്ങാടിയും വേണുഗോപാലനുമൊക്കെ
അസ്പൃശ്യരായതിന്റെ രഹസ്യം എനിക്ക് മനസിലായില്ല.
തമസ്‌കരണിയുടെ കളിതന്നെ.
ഛബിൽദാസ് ഹാളിനെപ്പറ്റി രണ്ടു വാക്ക്. മറാഠി നാടകവേദി
യുടെ ആധുനീകരണത്തിന്റെ പ്രധാന വേദിയാണ് ഛബിൽദാസ്.
ബഹുരൂപി എന്ന സംഘടന സ്ഥിരമായി പാട്ടത്തിനെടുത്തതാണ്
ഹാൾ. രണ്ടാംനിലയിൽ 250 പേർക്ക് ഇരിക്കാവുന്ന ഹാൾ.
ഹാളിന്റെ പകുതിയും അരങ്ങാണ്. ഫ്രന്റ് കർട്ടൻ ഏർപ്പാടില്ല.
ബേക്ക് ഡ്രോപ്പുകളും വിങ്ങുകളും, കറുത്ത തുണികൊണ്ടു മൂടിയ
പലതരം പെട്ടികളും പ്ലാറ്റ്‌ഫോമുകളും സുലഭം. മൈക്രോഫോൺ
എന്ന ഏർപ്പാടില്ല. രംഗത്ത് എവിടെനിന്ന് എത്ര പതുക്കെ പറ
ഞ്ഞാലും ഹാളിൽ എവിടെയും കേൾക്കും. നടന് ശബ്ദം എറിയാനുള്ള
ശിക്ഷണം ഉണ്ടാവണമെന്നു മാത്രം. ഏതുതരം ലൈറ്റുകളും
അവിടെ സുലഭം. ചുരുങ്ങിയ വാടക. സീതാരാം കുംഭാർ എന്ന രംഗസജ്ജീകരണ
സഹായി എത്ര വിശദമായ സെറ്റും രണ്ടു മണിക്കൂറിൽ
ഒരുക്കും. നാടകസംഘങ്ങൾ സ്വയംപര്യാപ്തങ്ങളാകണം എന്ന
നിർബന്ധം നെടുങ്ങാടി മാഷ്‌ക്ക് ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി
സുശീലൻ ഗാന്ധിയുടെ ശിക്ഷണത്തിൽ മേക്കപ്പ് പഠിച്ചു.
സ്വന്തം ഉത്സാഹത്തിൽ ഞാൻ പ്രകാശസംയോജനം പഠിച്ചു. പുറ
പ്പാടും കളരിയും ചെയ്ത എല്ലാ നാടകത്തിന്റെയും ലൈറ്റിംഗ് ഞാൻ
ചെയ്തു. ഏതായാലും ഈ മറാഠിസംഘം ഞങ്ങൾക്കു തന്ന സ്വീകരണം
അത്ഭുതകരമായിരുന്നു. അവരുടെ ഏത് നാട്യസംഘത്തിനും
കിട്ടുന്ന സൗകര്യങ്ങൾ അതേ ചെലവിൽ ഞങ്ങൾക്കും തരും.
ടിക്കറ്റു വച്ച് നാടകം കളിക്കാം. ടിക്കറ്റിന് എട്ടു രൂപയിൽ കൂടരുത്.
ഈ സൗജന്യങ്ങൾ അനുഭവിച്ചുകൊണ്ട് കൊല്ലത്തിൽ എട്ടും
പത്തും നാടകാവതരണങ്ങൾ ഛബിൽദാസിൽ സംഘടിപ്പിച്ചു.
എല്ലാ ഉത്തരവാദിത്വങ്ങളും പണത്തിന്റേത് അടക്കം സ്വയം ഏറ്റെ
ടുത്തുകൊണ്ട്. നാടകം ഒരു സമഗ്രകലയാണ് എന്ന തിരിച്ചറിവിൽ
നാട്ടിൽ നിന്ന് ഞാനും ടി.എസ്. മുരളീധരനും ചേർന്ന് കഥകളികലാകാരന്മാരെ
കൊണ്ടുവന്ന് സ്വന്തം ചെലവിൽ വീട്ടിൽ താമസി
പ്പിച്ച് ഒന്നര മാസം നീണ്ടുനിന്ന കഥകളി ആസ്വാദന ക്ലാസുകൾ നട
ത്തി; മാണി മാധവ ചാക്യാരും സംഘവും ബോംബെയിൽ എത്തി
യപ്പോൾ ഞങ്ങൾ രണ്ടുപേരും ചേർന്ന് അവരെ സ്വീകരിച്ച്
താമസം ഏർപ്പാടാക്കി. ഒരാഴ്ചത്തെ ക്ലാസുകളും കൂടിയാട്ട അവതരണങ്ങളും
നടത്തി. ആദ്യമായി ഒരു മറാഠിസംഘത്തെ ക്ഷണി
ച്ചുവരുത്തി മലയാളി ആസ്വാദകർക്കു വേണ്ടി അവരുടെ ‘ജൂലൂസ്’
എന്ന നാടകം അരങ്ങേറ്റി എന്ന കേമത്തവും എനിക്കുണ്ട്. ഇതി
നിടയിൽ പുറത്തുള്ള പല സംഘടനകൾക്കുവേണ്ടിയും ഞാൻ
നാടകങ്ങൾ സംവിധാനം ചെയ്തിരുന്നു. കോളേജുകളുടെ ക്ഷണപ്ര
2013 നഴഫസ ബടളളണറ 5 5
കാരം വിദ്യാർത്ഥികളുടെ നാടകങ്ങൾ സംവിധാനം ചെയ്യുന്നത്
എന്നും ഏറ്റവും സന്തോഷമുള്ള അനുഭവമായിരുന്നു. നാട്ടിലെ
സ്‌കൂൾ ഓഫ് ഡ്രാമയിൽനിന്ന് വി.കെ. പ്രകാശ്, ബാലചന്ദ്രൻ,
മാനവേന്ദ്രൻ തുടങ്ങിയ നടന്മാരെ കൊണ്ടുവന്ന് നാടകക്കളരികൾ
നടത്തി. ജോസ് ചിറമ്മൽ രണ്ടുമാസം ഞങ്ങളുടെ കൂടെ താമസിച്ച്
വർക്‌ഷോപ്പ് നടത്തി. അതിൽനിന്നുരുത്തിരിഞ്ഞ നാടകമാണ്
‘ഭോമ’. ‘ലഗേജി’ന്റെയും ‘മൃത്യുഞ്ജയ’ത്തിന്റെയും ഹിന്ദി തർജമകൾ
തയ്യാറാക്കി അവ ദേശീയ നാടകമത്സരങ്ങളിൽ അവതരിപ്പിച്ച്
സമ്മാനങ്ങൾ നേടി. ഛബിൽദാസ് ഹാളിൽ കാവാലത്തിനെയും
ജി. ശങ്കരപ്പിള്ളയെയും ഇരുത്തി ഒരു ചർച്ചയൊരുക്കാൻ കഴി
ഞ്ഞതും എന്റെ നേട്ടമായി ഞാൻ കാണുന്നു.
പവിത്രൻ പേരെടുത്തു പറയുന്ന എല്ലാവരും വ്യത്യസ്ത മലയാള
നാടകത്തിനുവേണ്ടി പ്രവർത്തിച്ചവരാണ്. ആദ്യകാല മലയാള
നാടകങ്ങൾ നാട്ടിൽ അരങ്ങേറ്റി വിജയിച്ച നാടകങ്ങളുടെ യഥാതഥ
അനുകരണങ്ങളായിരുന്നു. ബോംബെയിൽ കാണാൻ കിട്ടുന്ന
മറ്റു ഭാഷാനാടകങ്ങൾ കാണാത്തതുകൊണ്ടാണ് ഇങ്ങനെ ഭവി
ക്കുന്നത് എന്നു ഞാൻ വിലപിച്ചിരുന്നു. മറാഠിനാടകം കണ്ടിട്ടും
വിശേഷമൊന്നുമില്ലെന്ന് വിനോദിന്റെ ‘അവിനാശ്’ കണ്ടപ്പോൾ
ബോദ്ധ്യമായി. ഞാൻ അരങ്ങത്തു കണ്ടത് 100 ശതമാനവും ഹിന്ദി
യിൽ കണ്ട അവിനാശിന്റെ ട്രൂ കോപ്പി ആയിരുന്നു. അതേ സ്റ്റേജ്,
അതേ സെറ്റ്, അതേ ചലനങ്ങൾ. സത്യദേവ് ദുബെയുടെ
ശിഷ്യനും മലയാളനാടകത്തിന് ഒന്നും തരാൻ ഉണ്ടായിരുന്നില്ല.
1985-ൽ ഔദ്യോഗിക ജോലിയുടെ ഭാഗമായി ഞാൻ ജനീവയിൽ
പോയി. 9 മാസം കഴിഞ്ഞ് തിരിച്ചുവരുമ്പോഴേക്കും ഞങ്ങ
ളുടെ കളരിയൊക്കെ അവസാനിച്ചുകഴിഞ്ഞിരുന്നു. ഞാൻ
ഇല്ലാത്ത കാലത്ത് ഒരു നാടകംപോലും നടത്താൻ പവിത്രൻ
പേരെടുത്തു പറയുന്ന നാടകശിങ്കങ്ങൾക്കൊന്നും കഴിഞ്ഞില്ല.
വീണ്ടും ട്രൂപ്പുകളൊക്കെ തട്ടിക്കൂട്ടി ചില നാടകങ്ങൾ ചെയ്തു, നാട്ടി
ലേക്ക് പോകുന്ന നെടുങ്ങാടി സാറിന് യാത്രയയപ്പു നൽകി. അതി
ന്റെകൂടെ നാടകങ്ങളും ഒരുക്കി. 1989-ൽ ഞാൻ വീണ്ടും ജർമനി
യിൽ പോയി. 90-ൽ തിരിച്ചുവരുമ്പോഴേക്കും ഒന്നും ബാക്കി ഉണ്ടായിരുന്നില്ല.
ചക്കളത്തിപ്പോരിന്റെ പാരമ്യത്തിൽ സംഘം പൂർണമായും
വിഘടിച്ചുപോയിരുന്നു. വീണ്ടുമൊരിക്കൽ ശ്രമിക്കാനുള്ള
സ്ഥൈര്യം ഇല്ലാത്തതുകൊണ്ട് നാടകം ചെയ്യുന്ന ചെറുപ്പക്കാരെ
സഹായിച്ചു കഴിയുന്നു. ഗുരുനിന്ദ കണ്ടതിലുള്ള അവജ്ഞ
കൊണ്ടു മാത്രമാണ് ഇതു കുറിച്ചത്. ആരെയും ആക്ഷേപിക്കാനോ
വേദനിപ്പിക്കാനോ അല്ല. ഗുരുനിന്ദ മഹാപാപമാണെന്നു വിശ്വസി
ക്കുന്ന ഒരു പഴഞ്ചനാണ് ഞാൻ. പിന്നെ ആരെങ്കിലുമൊക്കെ
സത്യം വിളിച്ചു പറഞ്ഞില്ലെങ്കിൽ നുണകൾ ചരിത്രസത്യങ്ങളായി
വാഴ്ത്തപ്പെടും എന്ന ഭീതിയും.