ദാഹാർത്തനായ കടൽപക്ഷി
തലയോട്ടികൾക്കു മീതെ
വിശ്രമിച്ചുകൊണ്ട്
ഉപ്പുതീർന്ന ഭൂമിയുടെ
തെളിഞ്ഞുവന്ന
വാരിയെല്ലുകളിലേക്ക്
മിഴി തളരുംവണ്ണംനോക്കി
ഇങ്ങനെ പ്രാർത്ഥിച്ചു
ദൈവമേ
ഒരു ഇലയുടുപ്പിന്റെപ്പോലും
ഭാരമില്ലാതെ
ഒലിച്ചുപോയ പച്ചപ്പുകളെ
തൂവൽകൊണ്ട് തലോടി
സ്ഫടികംപോലെ
തിളങ്ങുന്ന കൈകൾകൊണ്ട്
ഭൂമിയുടെ വേരുകളെ
മുറുകെപിടിച്ചാലും
വരൂ
ഇനി നമുക്ക്
ഈ വഴിയിറമ്പിലൂടെ നടക്കാം.
പാതയോരത്ത് നിറയെ കടകൾ
ആകാശം മുട്ടെ കടകൾ
കടകളിൽ നിറയെ കുപ്പികൾ
കുപ്പികൾക്കുമേൽ നദികളുടെ പേരുകൾ
നദി ഇപ്പോൾ കുപ്പികളിലാണ്.
നദി ഉണ്ടായിരുന്നിടത്ത്
വീടുകൾ
വീടുകളിൽ ഓർമ മാത്രം പാർക്കുന്നു
ആർക്കും വേണ്ടാതായ ഓർമകൾ
രാത്രിയിൽ അവ
ഭൂമിക്കടിയിൽ നിന്ന്
പതുങ്ങി വന്ന്
ഓരോ മുറിയിലും വിശ്രമിക്കുന്നു.
ടിവിയുടെ പിറകിൽ
കംപ്യൂട്ടറിന്റെ അരികിൽ
ചുളിവു വീഴാത്ത കിടക്കവിരിയിൽ
അടുക്കിവച്ചിരിക്കുന്ന
പാത്രങ്ങൾക്കിടയിൽ
എല്ലായിടവും പതിവുപോലെ
എന്ന്
അത് അറിയുന്നു.
ഇനിയും തനിക്ക്
‘ഓർമ’ എന്ന പേരു വേണമോ എന്ന്
കണ്ണാടിയിൽ നോക്കുന്നു.
എങ്ങനെയാണ്
ഉറങ്ങാൻ കഴിയുന്നത്?
സ്വപ്നങ്ങളിൽനിന്ന്
നക്ഷത്രങ്ങൾ
കളവുപോയിരിക്കുന്നു.
ഇനി ഞാൻ പറയുന്ന
സ്വപ്നങ്ങൾ വേണം
നീ കാണേണ്ടത് എന്ന്
നിദ്രയ്ക്കുമേൽ റിമോട്ട് നിർദേശങ്ങൾ.
മലകൾ
അവയുടെ ജീവപുസ്തകം
മറിച്ചു നോക്കുന്നു
മൺമറഞ്ഞുപോയ മരങ്ങൾ
പർവതങ്ങളോട്
പറഞ്ഞതെന്തെന്ന്
ഓർമിച്ചെടുക്കുന്നു.
ഓരോ പർവതത്തിന്റെയുള്ളിലും
മരങ്ങളുടെ മായാത്ത പാടുണ്ട്.
അരുവിയുണ്ടായിരുന്നിടം
പക്ഷികളുണ്ടായിരുന്നിടം
പൂക്കളുണ്ടായിരുന്നിടം
എന്ന്
അത് വ്യാകുലപ്പെടുന്നു.
ജീവപുസ്തകത്തിൽനിന്ന്
ഓരോ ചിത്രങ്ങളും
മറഞ്ഞുപോകുന്നു.
ഏതോ
മ്യൂസിയങ്ങളുടെ ചുവരിൽ
അവ വിശ്രമിക്കുന്നു.
ജീവസ്സറ്റ കണ്ണുകൾ
ചരിത്രത്തിൽനിന്ന്
ഇറങ്ങി നടക്കുന്നു.
അവയിൽനിന്ന്
കറകൾ ഇറ്റുവീഴുന്നു.
ആർത്തനാദങ്ങളോടെ
അവയുടെ കാതുകൾ
തകർന്നു പോയിരിക്കുന്നു.
നടക്കാൻ
കാലുകളില്ലാതെ
ഉലഞ്ഞുപോകുന്നു.
ഇത്രയും നല്ല ഭൂമി
അവർക്ക് നൽകിയതെന്തിനെന്ന്
ചെകുത്താൻ
ദൈവത്തെ പരിഹസിക്കുന്നു!
അതാ,
പർവതങ്ങൾ പോലെ
കീർത്തനങ്ങൾ ഉയരുന്നു.
അനന്തതയുടെ നക്ഷത്രങ്ങൾ
തീ ചിതറുന്നു.
നിരാലംബമായ പ്രാർത്ഥനകൾ
തെരുവിലൂടെ അലയുന്നു.
മുറിവുകളിൽനിന്ന്
നദികൾ രൂപപ്പെടുന്നു.
സമുദ്രത്തിനടിയിൽ
നങ്കൂരമിട്ട
നാവികന്റെ നിദ്രയിലേക്ക്
കപ്പലുകൾ ഇടിച്ചുകയറുന്നു.
തകർന്ന കെട്ടിടങ്ങൾക്കിടയിൽനിന്ന്
മരവിച്ച നിലവിളികൾക്കിടയിൽനിന്ന്
മുറിഞ്ഞ കണ്ണുകളിൽനിന്ന്
ഒരു പളുങ്കുനീർക്കണം
ചോരപുരണ്ട പാവക്കുട്ടിയുടെ മേൽ
വീണു ചിതറുന്നു.
നീ എന്തുകൊണ്ടാണ്
നിന്റെ കാത്
ഭൂമിയുടെ ഹൃദയത്തോട്
ചേർത്തു വയ്ക്കാത്തത്?
ഇടയ്ക്കെങ്കിലും
നിന്റെ ചോരച്ച ചുണ്ടുകൾ
അതിന്റെ
വരണ്ട കവിളിലോ
നെറ്റിയിലോ
ഒരു ചുംബനമെങ്കിലും നൽകാത്തതെന്ത്?
വൃക്ഷങ്ങളെ
മുറിച്ചു കളയുന്നതിൻ മുൻപ്
അവ
ഭൂമിയെ അള്ളിപ്പിടിച്ചിരിക്കുന്നത്
ശ്രദ്ധിക്കാത്തതെന്ത്?
വേനലിന്റേയും
മഴയുടേയും
നിയമങ്ങൾ
ഒരുപോലെയാണ്.
നദിയുടെ അടിത്തട്ടിൽ
കണ്ണുനീർ ഒളിച്ചിരിക്കുന്നു.
വളരെ ദൂരത്തു നിന്നാണ്
അവൻ വരുന്നത്.
പാദം നോക്കി
ഒരാളുടെ ജീവിതമളക്കാം.
അവന്റെ കാൽപടങ്ങളിൽ
ഭൂപടം വരച്ചു ചേർത്തിരുന്നു.
ഉപഗ്രഹ ചിത്രങ്ങളിലെ
മനോഹാരിത
അതിനുണ്ടായിരുന്നില്ല.
വെളിവാക്കപ്പെടാവുന്നതിലുമേറെ
വിവശതയും വേദനയും
അരികുകളിൽ പടർന്നിരുന്നു
കണ്ണുകളുടെ നിലവറയ്ക്കുള്ളിൽ
കണ്ണുനീരിനെ അവൻ പൂട്ടിവച്ചിരുന്നു
ഋതുക്കൾക്ക് നൽകാവുന്നതിലേറെ
തളർച്ചയും ആലസ്യവും
അവന്റെ ചുമലുകളെ തളർത്തിയിരുന്നു
ഒറ്റപ്പെട്ട ഭൂഖണ്ഡങ്ങളിൽനിന്ന്
ഒരു മനുഷ്യനും ഇറങ്ങിവരില്ലെന്ന
തിരിച്ചറിവിൽ
അവൻ
കാൽമുട്ടുകളിൽ മുഖം പൂഴ്ത്തിയിരുന്നു.
ഒരാൾക്ക്
എത്രകാലം
അവനവനിൽ തന്നെ
ഒളിക്കാൻ കഴിയും?
മരിച്ചവരുടെ ചിത്രങ്ങൾകൊണ്ട്
ഭൂമി നിറഞ്ഞു
ആകാശം മറഞ്ഞു.
തെരുവുകളിൽ ഇപ്പോൾ
ഒരാൾ പോലുമില്ല.
ചില്ലു പതിച്ച ജനാലകൾ
വെറുതെ തുറന്നു കിടന്നു.
ചിത്രപ്പണി ചെയ്ത വാതിലുകളും
വിരുന്നുകാരെ പ്രതീക്ഷിച്ചെന്നപോലെ
തുറന്നുതന്നെ കിടന്നു.
നിശ്ശബ്ദതയ്ക്ക് നോവുമെന്നു കരുതി
മരങ്ങൾ
ഇലകളെ ഒന്നനക്കിയതുപോലുമില്ല.
പണിയായുധങ്ങൾ
അനാഥമായിക്കിടന്നു.
മരണത്തിന്റെ ആയുധങ്ങൾ മാത്രം
തെരുവിനും
ചിത്രങ്ങൾക്കും മേലെ
ജീവിതത്തിന്റെ ഭീകരത
ഓർമിപ്പിച്ചു.
വിജനതയിലൂടെ
ഇറങ്ങിനടന്ന ഒരു ചെറുകാറ്റ്
ഇരു കൈകൊണ്ടും
വായ പൊത്തി.
ഭൂമിയിൽ
ശരീരത്തിന് വല്ലാത്ത ഭാരമുണ്ട്.
സ്വപ്നങ്ങൾക്കും ഭാരമുണ്ട്.
ചരൽപ്പാതയിലൂടെ
സ്വപ്നങ്ങളെ വലിച്ചുകയറ്റുന്നതും
ലിഫ്റ്റിന്റെ കുളിർമയിൽ
സ്വപ്നങ്ങളെ ഉയർത്തുന്നതും
ഒരേ പോലെയാണ്.
മനുഷ്യൻ മാത്രം എങ്ങും മാറുന്നില്ല.
കണ്ണുകളേ,
നിലവിളിക്കുന്ന ജലാശയങ്ങളേ
തീരത്ത് ഒരാൾ തളർന്നുറങ്ങുന്നുണ്ട്.
അയാൾക്ക് വേരുകളോ
ഇലത്തഴപ്പോ ഇല്ല.
കണ്ണുകൾ ഉള്ളതുകൊണ്ടുമാത്രം
അവ അടച്ചുവച്ചിരിക്കുന്നു.
അയാൾ ഉറങ്ങുകയാണെന്ന്
അതിനാൽ ഉറപ്പുവരുത്തുന്നു.
പീലികളിൽ പറ്റിയിരിക്കുന്ന
മണൽത്തരികളാൽ
മണ്ണിനെ ചുംബിച്ചിരുന്നുവെന്നു
മനസ്സിലാകുന്നു.
2013 നഴഫസ ബടളളണറ 1 3
അയാളുടെ കണ്ണുകളിൽനിന്ന്
മത്സ്യങ്ങൾ ഉത്ഭവിക്കുന്നു.
അവ സമുദ്രത്തിലേക്ക്
ഭൂമിയുടെ രഹസ്യങ്ങളെ
കൈമാറുന്നു.
പീലിയോ പോളയോ ഇല്ലാത്ത
മിഴികൾ കൊണ്ട്
അവ ജീവിതത്തെ തുറിച്ചുനോക്കുന്നു.
ദൈവത്തിന്റെ വിധി
ഇപ്പോൾ ഭൂമിയുടേയും വിധിയാണ്.
സ്വയം ഒടുങ്ങിക്കൊണ്ട്
ഇല്ലായ്മയുടെ മേൽ
ഉണ്ടായിരുന്ന പൂക്കാലങ്ങളുടെ
വിശുദ്ധബലിയെക്കുറിച്ച്
ഓർമിപ്പിക്കുക എന്നതാണത്.
സംഹാര പുഷ്പങ്ങളുടെ
ഇതളുകളെ
കാലാകാലങ്ങളായി എണ്ണിത്തിട്ടപ്പെടുത്തുക
എന്നുമാണത്.
മനുഷ്യനിൽനിന്ന്
ദൈവത്തിലേക്കുള്ള പാലം
തകർന്നുപോയിരിക്കുന്നു.
ചതുപ്പുനിലങ്ങളിൽ
ചവിട്ടിനിന്നുകൊണ്ട്
പർവതങ്ങളുടെ
മുകളറ്റങ്ങളെക്കുറിച്ച്
വെറുതെ അഹങ്കരിക്കുന്നു.
തീർന്നുപോയ വഴികളോട്
തുറക്കുക എന്ന് അലറുന്നു.
മരണത്തിന്റെ പൂക്കാട് തുന്നിച്ചേർത്ത
കുപ്പായമണിഞ്ഞുകൊണ്ട്
ഇരുട്ടിനോട്
വെളുക്കെ ചിരിച്ചു കാട്ടുന്നു.
അവസാനത്തെ മനുഷ്യൻ
ഇന്നലെയേ മരിച്ചുപോയി
ഇനി
ഉടലുകൾ ഇതുവഴി സഞ്ചരിക്കും.
തിന്നുകയും ഛർദിക്കുകയും ചെയ്യും
ഉച്ചിഷ്ടങ്ങളെ നിന്നിലേക്ക് വലിച്ചെറിയും
നദികളിൽ വിഷം കലക്കും
ധാന്യമണികളെ കത്തിച്ചുകളയും
ആയുധങ്ങളെ വിശ്വസിക്കും.
അടഞ്ഞ വാതിലിന് മുന്നിൽ
വിശന്നു യാചിക്കുന്ന മൃദുലതകളുടെ നേർക്ക്
നായ്ക്കളെ തുറന്നുവിടും.
ഉടലുകളുടെ അധികാരങ്ങൾ
ഭൂമിയുടെ സ്വരങ്ങളെ കേൾക്കുകയില്ല.
ചിതറിപ്പോയ
ശിശുവിന്റെ ജഡം
കുന്നിമണികൾ പോലെ
വഴിയിറമ്പിൽ കിടക്കുന്നു.
തളർന്നിരിക്കുന്ന കഴുകനോട്
മനുഷ്യന് മാത്രമുള്ളതെന്താണെന്ന്
പിളർന്നു മാറിക്കിടന്ന
കുഞ്ഞു ചുണ്ട് ചോദിക്കുന്നു.
സ്വപ്നങ്ങളുടെ രക്തസാക്ഷികൾ
ആകാശത്തിന്റെ അതിരുകളിൽ നിന്ന്
കടൽപ്പക്ഷിയുടെ പ്രാർത്ഥനയിലേക്ക്
കൈകൾ നീട്ടുന്നു.
ഭൂമിക്ക് എല്ലാമറിയാം
