വാരിയെടുത്ത ജീവിതം ബാഗിൽ തിരുകി ഞങ്ങൾ
രണ്ടിടത്തു നിന്നും യാത്രയായി. സ്ഥിരയാത്രയുടെ തേഞ്ഞ
പാതയിൽനിന്നും പുതുപാത സ്വീകരിക്കാമെന്നുറച്ചു.
ദുർഘടമാർഗങ്ങൾ ലക്ഷ്യത്തെ
മനോഹരമാക്കിത്തരുമെന്നുറപ്പുണ്ടായിരുന്നു. രണ്ടു
ജീവിതങ്ങളിൽനിന്നുള്ള ഞങ്ങളുടെ യാത്രതന്നെ
സാഹസികമായിരുന്നു. ഒന്നിച്ചാണോ അല്ലയോ എന്നൊരു
മാതിരി മുഖഭാവവുമായി ഞങ്ങൾ യാത്രികരായി.
മുള്ളിയിലേക്കുള്ള പാലം മഴയിൽ
മാഞ്ഞുപോയിട്ടുണ്ടാവുമെന്നും ഒറ്റയാൻ
ഇറങ്ങിയിട്ടുണ്ടെന്നുമുള്ള മർമരങ്ങൾ പലയിടത്തുനിന്നും
പൊടിപ്പും തൊങ്ങലുമായി ഞങ്ങൾ കേട്ടു. കാടുമായി
ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇക്കഥകൾ ദിനചര്യകൾപോലെ
ആളുകൾ പറഞ്ഞുകൊണ്ടിരിക്കും. പക്ഷെ അതിലേക്ക് ഞങ്ങൾ
ചെവിയുയർത്തിയില്ല.
അട്ടപ്പാടിയിൽ ആരെയും പേടിക്കേണ്ടതില്ല. അവിടെ
അശുദ്ധമാക്കപ്പെടാത്ത കുറെ മനുഷ്യരുണ്ട്. അതുംപോരാഞ്ഞ്
ഞങ്ങൾ പ്രണയത്തിന്റെ ഉച്ചകോടിയിലായിരുന്നു.
ജീപ്പ് വിട്ട ഞങ്ങൾ പുഴയിലേക്കൊന്നിറങ്ങി. അവിടെനിന്നും
നനഞ്ഞ പെണ്ണുങ്ങൾ വഴിയൊതുങ്ങി നിന്നു. പാറയിലിരുന്ന്
ഞങ്ങൾ കാൽ നനയ്ക്കുന്നു, നട്ടുച്ച കൊള്ളുന്നു.
ഒന്നു രണ്ടു മലകളെ വട്ടം ചുറ്റി മുള്ളി കവലയിലെത്തി.
ചായപ്പീടികയും ചില്ലറക്കടയും കുറെ അനാഥക്കുഞ്ഞുങ്ങളും
കുരിശുചുമക്കാൻ പണിതുയർത്തതിയ ഒരു പള്ളിയും.
അതാണ് മുള്ളിക്കവല.
ഇന്നാട്ടുകാരുടെ സിറ്റി.
കവലയെ കടന്നാൽ അതിർത്തിയാണ്.
കപ്പടാമീശക്കാരൻ ഫോറസ്റ്റ് ഗാർഡിന്റെ കാടൻ നോട്ടത്തെ
മറികടന്ന് ഞങ്ങൾ തമിഴ് പേശും നാട്ടിൽ കാൽവച്ചു.
ഈ യാത്ര അവളുടെ നിർമിതിയാണ്.
എനിക്ക് മൗനത്തിരിലിക്കണം, കുടുംബത്തിൽ ചിതറിപ്പോയ
ശബ്ദം വീണ്ടെടുക്കണം.
അവൾ വാക്കുകൊണ്ട് ശില്പം കൊത്തി. പ്രണയത്തിന്റെ
സൗഭാഗ്യങ്ങൾ ഇതാണ്. വാക്കുകൾക്ക് ശില്പത്തിന്റെ ഭംഗിയും
സംഗീതത്തിന്റെ പശ്ചാത്തലവും.
ചിത്രകാരിയും കൂടിയാണ് അവൾ.
എവിടെപ്പോകും? ഞാൻ ഒരു ദിശ ആവശ്യപ്പെട്ടു.
ഉറച്ച മനസ്സിൽ അവൾ പറഞ്ഞു: ഫേൺഹിൽ.
അതെന്താ ഫേൺഹിൽ?
കാലം അവിടെ ഘനരൂപത്തിൽ തൂങ്ങിക്കിടക്കുന്നു,
വവ്വാലുകൾപോലെ.
പൊട്ടിമുളയ്ക്കാത്ത വിത്തിന്റെ നിദ്രാനിമിഷംപോലെ എനിക്ക്
കഴിയണം, വേരില്ലാതെ.
കുണ്ടിലും കുഴിയിലും വളവിലും തിരിവിലും പെട്ട്
ജീപ്പുലയുമ്പോൾ എന്നിലേക്ക് ചാഞ്ഞ് ചെവികടിച്ച് അവൾ
പറഞ്ഞു.
നിന്റെപോലെയല്ല എന്റെ ശരീരം, തുളുമ്പുന്നു.
കുറച്ചുനേരം ഇറങ്ങിനടന്നാലോ?
വേണ്ട, തണുപ്പില് ഉരുമ്മിനടന്നാല് തുളുമ്പുന്നത്
നീയായിരിക്കും.
ഞങ്ങളുടെ ചിരിയിൽ തമിഴത്തികൾ കണ്ണുമിഴിച്ചു.
ഊട്ടിയിലെത്തുമ്പോൾ തണുപ്പിെന്റ ഉത്തുംഗം.
സമയം പന്ത്രണ്ടുമണിയോടടുപ്പിച്ച്.
ഡിസംബർ.
ആദ്യം തെളിഞ്ഞ ലോഡ്ജിന്റെ വെളിച്ചത്തിലേക്ക് മഞ്ഞു
വിരിച്ചിട്ട നിലാവിൽ ഞങ്ങൾ നടന്നു.
നായ്ക്കുരവകൾ.
വഴിയോരത്തെ ടെന്റുകൾ അപരിചിതമായ ശബ്ദങ്ങൾ
പുറപ്പെടുവിക്കുന്നു. നിശ്വാസങ്ങൾ കൂട്ടിയുരുമ്മുന്നതിന്റെയോ
ഉരസുന്നതിന്റെയോ ഒക്കെ. ഞങ്ങൾ നിർഭയരാണ്.
മുന്മുറിയിൽ നിരയായി കൂർക്കംവലിച്ചു കിടന്നിരുന്ന
കമ്പിളിക്കെട്ടുകളെ ആയാസത്തോടെ മറികടന്ന് മുറിയിലെത്തി.
തണുപ്പിനെ ഞങ്ങൾ ഒന്നിച്ച് നേരിട്ടു.
ഉണർന്ന് കമ്പിളിയിനിന്നും ആമയെപ്പോലെ തലനീട്ടിയപ്പോ
ൾ മഞ്ഞുപറ്റങ്ങളിലൊന്ന് ഞങ്ങളെ തൊട്ടു. ഏതു
കൊടുംതണുപ്പിനെയും അതിജീവിക്കുന്ന തരത്തിൽ ഉയർന്ന
തായിരുന്നു ഞങ്ങളിൽ ആവേശത്തിന്റെ താപം.
ഫേൺഹില്ലിലേക്കുള്ള നടത്തത്തിൽ ഞങ്ങളോടൊപ്പം
ചേരാൻ കോടയിൽനിന്നും വെയിൽ പതുക്കെ പുറത്തേക്ക്
വന്നു, മടിയൻകുട്ടിയെപ്പോലെ.
വെയിൽ ഞങ്ങളെ പുതിയ ലഹരിയിലേക്ക് ഉയർത്തി.
കഴുതക്കൂട്ടങ്ങൾക്കും അതിെന്റ വിസർജ്യങ്ങൾക്കുമരികെ
നിന്ന് ഞങ്ങൾ ചായ രസിച്ചു.
പതുക്കെ നടന്നാൽ മതി, അവിടെ ചെന്നാൽ നിന്റെ
പ്രേമമൊന്നും നടക്കില്ല.
അതെന്താ?
അതൊരാശ്രമമല്ലെ?
യതിയുടെ ആശ്രമമല്ലെ, സ്‌കോപ്പുണ്ട്.
അതെന്താ?
യതി നല്ലൊരു കാമുകനായിരുന്നു.
ആയിരിക്കാം. പക്ഷെ നിന്നെപ്പോലെയല്ല.
നല്ല ഒതുക്കമുണ്ടായിരുന്നു.
ലോകാവസാനം മുന്നിൽ കാണുന്നതുപോലെയല്ലേ നിന്റെ
ചേഷ്ടകൾ.
മഞ്ഞുവേലിക്കകത്തെ ആശ്രമത്തെ ഇളംവെയിൽ തിളക്കി.
ആശ്രമത്തിലെ മരങ്ങൾ ആകാശത്തിലേക്ക് കുതികൊള്ളും
പോലെ.
മഞ്ഞിൽ ലയിച്ചുനിന്ന ഗുരുവിന്റെ പ്രതിമയെ വെയിൽ
പുറത്തെടുത്ത് തിളക്കി.
ഞങ്ങള് നിശബ്ദരായി.
യതിയൊഴിഞ്ഞ ആശ്രമം വിജനമായിരിക്കുമോ?
യതിയുടെ കുസൃതികൾ കേൾക്കാതെ സസ്യപരിസരങ്ങൾ
നിർമമമായിത്തീർന്നിട്ടുണ്ടാകുമോ?
ആരെയും നിശബ്ദതയിലാഴ്ത്തുന്ന വാക്കുകളുടെ സംഗീതം
ഇപ്പോഴും അവിടെ ഘനീഭവിച്ചുനില്പുണ്ടായിരിക്കുമോ?
തക്കാളിച്ചെടിയിലെ പൂക്കളും കായ്കളും ജിഞ്ജാസയിൽ
നോക്കിനിൽക്കുന്ന ആശ്രമവാസിയെ കണ്ടു, ജപ്പാനിയാണ്.
അവരുടെ ചിരി മറ്റൊരു പൂവായി.
മയക്കത്തിൽനിന്നുണർന്ന ഞാൻ സാധാരണ മനുഷ്യനായി.
പിരിയാൻ സമയമായി.
ഷാളുകൾ പരസ്പരം കൈമാറുമ്പോൾ തണുത്ത കാറ്റ്
ഞങ്ങളെ ഒന്നിച്ചുരുമ്മി.
ഞങ്ങൾ പരിസരത്തെ ബഹുമാനിച്ചു.
തിരിച്ച് കുത്തനെ ഇറങ്ങി. തിരിച്ച് ഒന്നുകൂടി
നോക്കാനാവാത്ത വിധം ഞാൻ തണുപ്പിൽ കൂമ്പിപ്പോയിരുന്നു.
പിന്നീടൊരിക്കലും കാൻവാസിൽ അവൾ ചുവടവയ്ക്കുന്നത്
ഞാൻ കണ്ടില്ല.
എന്റെ വാസസ്ഥലങ്ങളിലെവിടെയൊ അവളുടെ ഗന്ധം
പൊങ്ങുന്ന ഷാൾ ചുരുണ്ടുകിടപ്പുണ്ടാകും.