(1)
പ്രണയം
ഒരു കാടിനെ
പത്ത് മരത്തിനെ
നൂറ് പൂക്കളെ
ആയിരം തേനീച്ചയെ
നാവില്‍ വരയ്ക്കുന്നു
ഒരു തുള്ളിത്തേനിന്റെ തിരുമധുരം.
(2)
പനിനീര്‍പ്പൂവേ…
അടുത്തു നിര്‍ത്തും
ഇറുത്തു നോക്കും
മാലയില്‍ കോര്‍ക്കും
മുടിയില്‍ ചേര്‍ക്കും
മടിയില്‍ വയ്ക്കും
ദളമായ് നീറ്റും
വളമായ് മാറ്റും…
പനിനീര്‍പ്പൂവേ
നിന്നെ
നീയായി നിര്‍ത്താന്‍ വയ്യ!
(3)
ഇരുവര്‍
നീ മണ്ണാങ്കട്ട
ഞാനോ കരിയില
നാം രണ്ടുപേര്‍
കടലിലേക്ക് നമുക്ക് രണ്ട് വഴി
തിരയില്‍ അലിഞ്ഞലിഞ്ഞില്ലാതാവല്‍
നിന്റെ പ്രാര്‍ത്ഥന
എന്റെ നിര്‍വാണമോ
കാറ്റില്‍ പറന്ന് പറന്ന് പറന്ന്….
(4)
കടല്‍
പരിചയമുള്ളതിനാലാവണം
അവള്‍
ചിലര്‍ക്ക് മീന്‍ കൊടുത്തു
ചിലര്‍ക്ക് മുത്ത് കൊടുത്തു
ചിലര്‍ക്ക് ഉപ്പ് കൊടുത്തു
പരിചയമില്ലാത്തതിനാലാവണം
അവള്‍
അയാളുടെ ജീവനെടുത്തു.