പ്ലമേനമ്മായിയുടെ മരുമക്കളിൽ
പൈലപ്പനാണ് ഏറ്റവും കേമൻ!
സുമുഖൻ, വെളുത്ത നിറം;
വലിയൊരു കമ്പനിയുടെ മാനേജർ;
ഭാര്യ അഗിനീസും – ആഗ്നസ് എന്നു ശരിപ്പേർ –
മക്കളുമൊത്ത് ഊട്ടിയിൽ താമസം;
മക്കൾ ഗുഡ് ഷെപ്പേഡ് സ്കൂളിൽ പഠിക്കുന്നു.
അമ്മായിയുടെ മറ്റു ചെറുമക്കളെല്ലാം
മലയാളം മീഡിയംകാരാണ്.
പൈലപ്പന് കാറുണ്ട്,
കാറിൽ എപ്പോഴും പഞ്ഞി പോലുള്ള
ഒരു ചെറിയ പട്ടിയുമുണ്ടാവും!
ഇത്രയൊക്കെ മതി എക്കാലത്തും കേമനാകാൻ
എന്നാൽ അയാളെപ്പറ്റി അത്ര നല്ല അഭിപ്രായമല്ല
മറ്റു മരുമക്കൾക്കുള്ളത്!
വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ,
കമ്പനിയുടെ പ്രചരണാർത്ഥം ലഭിക്കുന്ന
വിവിധ തരം സമ്മാനങ്ങൾ
പൈലപ്പൻ ഭാര്യവീട്ടിലേക്കു കൊണ്ടുവരും:
കമ്പനിയുടെ പേരെഴുതിയ റൂൾ പെൻസിൽ,
പോളിത്തീൻ കവർ, സ്റ്റിക്കർ, ബലൂൺ തുടങ്ങിയവ.
കുട്ടികൾക്കൊക്കെ അതു കൊടുക്കും;
അവരെയും കൂട്ടി കാറിൽ
നാട്ടുമ്പുറം കാണാൻ പോകും;
വഴിക്ക് എവിടെയെങ്കിലും ‘ഹാൾട്ട്’ ഉണ്ടാവും.
പൈലപ്പൻ പുറത്തിറങ്ങി എവിടേക്കോ പോകും,
ഞങ്ങൾ കാറിൽത്തന്നെയിരിക്കും.
കുറെക്കഴിഞ്ഞ് മടങ്ങിവരുമ്പോൾ
പൈലപ്പന് സ്നേഹം കൂടും, മുഖം ചുവക്കും,
വെറുതെ ചിരിക്കും, പാട്ടു പാടും,
അങ്ങനെ പാട്ടും കൂത്തുമായി തിരിച്ചെത്തുമ്പോൾ
മുറ്റത്തു കാത്തുനിൽക്കുകയായിരുന്ന
അഗിനീസിന്റെ മുഖവും ചുവക്കും, വീർക്കും;
അവർ വെട്ടിത്തിരിഞ്ഞ് അടുക്കളയിലേക്ക്
ഒരു നടത്തം വച്ചു കൊടുക്കും!
അപ്പോൾ പൈലപ്പൻ ഇളിഭ്യനായി നിൽക്കും.
ഇളിഭ്യനായി നിൽക്കുന്ന അയാളിൽ
ഒരു നല്ല മനുഷ്യനുണ്ട്.